Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 16

വരുന്നു 'ഹിജാബ് ഡേ'യും

മൂസക്കുട്ടി വെട്ടിക്കാട്ടിരി

വരുന്നു 'ഹിജാബ് ഡേ'യും
ലോകത്തുടനീളമുള്ള വിവിധ മതസ്ഥരായ അനേകം സ്ത്രീകള്‍ 'ഹിജാബ് ഡേ' കാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 1-ന് 'ഹിജാബ്' ധരിച്ച് ഇസ്ലാമിക വസ്ത്ര രീതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് കൌതുകമുളവാക്കി. ഈ കാമ്പയിനിന്റെ സൂത്രധാര ന്യൂയോര്‍ക്കില്‍ കഴിയുന്ന നസ്മ ഖാന്‍ ആയിരുന്നു. വസ്ത്ര രംഗത്തെ വിവേചനം അവസാനിപ്പിക്കുന്നതിനും മറ്റു വസ്ത്രങ്ങളെപോലെ 'ഹിജാബ്' സ്ത്രീകളുടെ കേവലം ഒരു 'ചോയ്സ്' മാത്രമായി അംഗീകരിക്കപ്പെടുന്നതിനുമാണ് 'ഹിജാബ് ഡേ' ആഹ്വാനമെന്ന് ഇലക്ട്രോണിക് -സോഷ്യല്‍ മീഡിയയില്‍ 'ന്യൂ യോര്‍ക്ക് വുമണ്‍' എന്ന പേരില്‍ പ്രസിദ്ധയായ ഖാന്‍ പറഞ്ഞു. ബി.ബി.സി അടക്കമുള്ള ലോക മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഹിജാബ് സുരക്ഷിതത്വത്തിന്റെ വസ്ത്രമാണ്. അടിച്ചേല്‍പിക്കുന്നതുകൊണ്ട് മാത്രമാണ് മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതെന്നത് തെറ്റായ പ്രചാരണമാണ്. 'ഹിജാബ് ഡേ' കാമ്പയിനില്‍ പങ്കെടുത്ത കാലിഫോര്‍ണിയക്കാരിയായ ഋവെേലൃ ഉമഹല ബി.ബി.സിയോട് പറഞ്ഞു.
നസ്മ ഖാന്റെ ആഹ്വാനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട 'ഹിജാബ് ഡേ' ആഹ്വാനത്തിന് ബ്രിട്ടന്‍, ആസ്ത്രേലിയ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, പാകിസ്താന്‍ തുടങ്ങി അനേകം രാജ്യങ്ങളില്‍നിന്ന് പ്രതികരണം ലഭിച്ചതായും ഖാന്‍ വ്യക്തമാക്കി.

യൂസുഫുല്‍ ഖറദാവി സ്കോളര്‍ ഓഫ് ദി ഇയര്‍ 2012
മുസ്ലിം ലോകത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് 2012-ലെ ഇസ്ലാമിക സേവനത്തിന് ഛിശഹെമാ.ില ന്റെ വായനക്കാരില്‍നിന്നും വോട്ടെടുപ്പിലൂടെ നടത്തിയ തെരഞ്ഞെടുപ്പില്‍ പ്രസിദ്ധ പണ്ഡിതനും ഇന്റര്‍നാഷ്നല്‍ യൂനിയന്‍ ഫോര്‍ മുസ്ലിം സ്കോളേഴ്സ് (ഐ.യു.എം.എസ്) അധ്യക്ഷനുമായ ഡോ. യൂസുഫുല്‍ ഖറദാവി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഖറദാവി തെരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ശൈഖ് നുഅ്മാന്‍ അലി ഖാന്‍ രണ്ടാം സ്ഥാനവും ശൈഖ് യാസിര്‍ ഖാദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ലോക മുസ്ലിം പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന ഡോ. ഖറദാവിയുടെ അഭിപ്രായങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. അമേരിക്കന്‍ സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ് ശൈഖ് നുഅ്മാന്‍ അലി ഖാനും ശൈഖ് യാസിര്‍ ഖാദിയും. അറബി ഭാഷാ രംഗത്ത് മികച്ച സേവനമാണ് ശൈഖ് നുഅ്മാന്‍ അലി ഖാന്‍ നടത്തിവരുന്നത്. അറബി ഭാഷാ പഠനവും ഖുര്‍ആന്റെ ലളിതവും ശാസ്ത്രീയവുമായ ഇംഗ്ളീഷ് വിവര്‍ത്തനവും ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ യമ്യ്യശിമവ.രീാ എന്ന വെബ് പോര്‍ട്ടല്‍ പ്രസിദ്ധമാണ്. കെമിക്കല്‍ എഞ്ചിനീയറായി പഠനം പൂര്‍ത്തിയാക്കി മദീനയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ കീഴില്‍ ഇസ്ലാമിക വിഷയങ്ങളില്‍ അവഗാഹം നേടിയ ശൈഖ് യാസിര്‍ ഖാദി അമേരിക്കന്‍ സമൂഹത്തിന് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതില്‍ വ്യാപൃതനാണ്. ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട almaghrib.org എന്ന വെബ് പോര്‍ട്ടല്‍ അതിലേക്കുള്ള ചൂണ്ടുപലകയാണ്.

82 ശതമാനം ഈജിപ്തുകാരും ദേശീയ സംരക്ഷണ മുന്നണിക്കെതിരെന്ന് ബി.ബി.സി സര്‍വേ
ഈജിപ്തില്‍ പ്രസിഡന്റ് മുര്‍സിക്കെതിരെ ബഹളംവെച്ചുകൊണ്ടിരിക്കുന്ന ദേശീയ സംരക്ഷണ മുന്നണി (നാഷ്നല്‍ സാല്‍വേഷന്‍ ഫ്രന്റ്)യുടെ ജനസമ്മതി അറിയാന്‍ ബി.ബി.സി റേഡിയോ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈജിപ്തിലുടനീളം സര്‍വേ നടത്തുകയുണ്ടായി. ലോകമാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ മാത്രമാണ് മുന്‍ അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി തലവന്‍ കൂടിയായ മുഹമ്മദ് അല്‍ബറാദഇ നയിക്കുന്ന മുന്നണിയെന്നാണ് സര്‍വേ നല്‍കുന്ന ഫലം വ്യക്തമാക്കുന്നത്. മുന്നണി നേതാക്കളെക്കുറിച്ചും അതിലെ അംഗങ്ങളെക്കുറിച്ചും പാര്‍ട്ടിയുടെ ജനസമ്മതിയെക്കുറിച്ചുമായിരുന്നു സര്‍വേ ആരാഞ്ഞത്. എന്നാല്‍ 82 ശതമാനം ഈജിപ്തുകാരും മുന്നണിയെയും അതിന്റെ നേതാക്കളെയും അംഗീകരിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്. 

ഫെബ്രുവരി 4 തിങ്കളാഴ്ചയാണ് ബി.ബി.സി സര്‍വേ ഫലം പുറത്തുവിട്ടത്. അല്‍ബറാദഇ നയിക്കുന്ന പാര്‍ട്ടി ഈജിപ്ഷ്യന്‍ ജനതയുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ പ്രാപ്തമല്ലെന്നും, രാജ്യത്ത് കലാപം അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കല്‍ മാത്രമാണ് അതിന്റെ പിന്നിലുള്ളവരുടെ ലക്ഷ്യമെന്നും സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും വ്യക്തമാക്കി. വിദേശ ശക്തികളുടെ താല്‍പര്യങ്ങള്‍ക്കൊത്ത് തുള്ളുന്ന ബറാദഇയും സഹചാരികളും ഈജിപ്തില്‍ കൂടുതല്‍ ഒറ്റപ്പെടുന്നതായാണ് സര്‍വേഫലം നല്‍കുന്ന സൂചന.
അതിനിടെ അല്‍ബറാദഇയും 'കൊള്ളസംഘ'വും നാടുവിടണമെന്നാവശ്യപ്പെട്ട് വിപ്ളവക്കൂട്ടായ്മയുടെ ഭാഗമായ പതിനായിരങ്ങള്‍ ബറാദഇയുടെ വസതി വളഞ്ഞു. ഈജിപ്തിനെ നശിപ്പിക്കാന്‍ ഒരുമ്പെടാതെ ബറാദഇയും സംഘവും നാടുവിടുക എന്ന മുദ്രാവാക്യവുമായാണ് ജനം രോഷപ്രകടനം നടത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വന്‍ 'ഹിറ്റ്' ലഭിച്ചുകൊണ്ടിരിക്കുന്ന കാമ്പയിന്‍ അല്‍ബറാദഇ നയിക്കുന്ന ദേശീയ സംരക്ഷണ മുന്നണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ശാസ്ത്ര ബൌദ്ധിക മണ്ഡലങ്ങളും ഇസ്ലാമും
ശാസ്ത്ര ബൌദ്ധിക മണ്ഡലങ്ങളിലെ വികാസ പരിണാമങ്ങളോടുള്ള ഇസ്ലാമിന്റെ നിലപാടെന്ത് എന്നത് കാലങ്ങളായി ലോക മുസ്ലിം പണ്ഡിതര്‍ ചര്‍ച്ച ചെയ്തുവരുന്ന വിഷയമാണ്. പ്രസ്തുത വിഷയത്തെ ഉത്തരാധുനികതയുടെ തിരുമുറ്റത്തിരുന്ന് സമൂലമായി അപഗ്രഥിച്ച് ലോകപ്രശസ്ത പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി എഴുതിയ ഗവേഷണ ഗ്രന്ഥമാണ് 'ശാസ്ത്ര ബൌദ്ധിക മണ്ഡലങ്ങളും ഇസ്ലാമും.' ഈജിപ്തിലെ ഔഖാഫ് മന്ത്രാലയത്തിനു കീഴിലെ ഇസ്ലാമിക കാര്യ വിഭാഗമാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബൌദ്ധികവും ശാസ്ത്രീയവുമായ വിശകലനങ്ങളെ ഇസ്ലാം എങ്ങനെ കാണുന്നുവെന്ന് അപഗ്രഥിക്കുന്ന ഖറദാവിയുടെ ആദ്യത്തെ ഉദ്യമമാണിതെന്ന് കരുതപ്പെടുന്നു.
'ഇസ്ലാം ബുദ്ധിയെ സ്വതന്ത്രമാക്കുകയും ശാസ്ത്ര വിജ്ഞാനീയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ദീനീ വിജ്ഞാനം, ബുദ്ധിപരവും സിദ്ധിപരവുമായ വേര്‍തിരിവുകള്‍, ഖുര്‍ആനും ഹദീസും പ്രതിപാദിക്കുന്ന വിജ്ഞാനീയങ്ങള്‍, വിജ്ഞാന ശാഖകളുടെ താരതമ്യ പഠനം, ശാസ്ത്രത്തിന്റെ മാനുഷിക മുഖം തുടങ്ങിയവയാണ് ഉള്ളടക്കം.

ഈജിപ്ത് മുസ്ലിം ബ്രദര്‍ഹുഡ് നേതാവിനുനേരെ വധശ്രമം
ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബദീഇനു നേരെ വധശ്രമം നടന്നതായി 'അല്‍മിസ്രിയ്യൂന്‍' പത്രം റിപ്പോര്‍ട്ട് ചെയതു. ദക്ഷിണ കൈറോയിലെ ബനൂസുവൈഫിലെ വസതിക്കുനേരെ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി അധികാരത്തില്‍ വന്നശേഷം പാര്‍ട്ടിയുടെ ആസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത് വര്‍ധിച്ചിരുന്നു. ഇസ്ലാമിക പാര്‍ട്ടി അണികളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടത് സാമൂഹിക വിരുദ്ധര്‍ മുതലെടുക്കുന്നതായാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സൂചന.

അമേരിക്കയോട് വിദ്വേഷം വര്‍ധിച്ചുവെന്ന് യു.എസ്.എ ടുഡേ
അമേരിക്ക പിന്തുടര്‍ന്നുവരുന്ന രാഷ്ട്രീയ നിലപാടുകളെ അറബ് വസന്താനന്തര അറബ് ലോകം കൂടുതല്‍ വെറുപ്പോടെയാണ് കാണുന്നതെന്ന് അമേരിക്കന്‍ പത്രമായ യു.എസ്.എ ടുഡേ എഴുതി. അറബ് മുസ്ലിം ലോകത്ത് വിവിധ സംഭവങ്ങളിലായി അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. അമേരിക്കന്‍ നാടുകളിലും യൂറോപ്പിലുമെല്ലാം പ്രവാചകനെ അവഹേളിക്കുന്ന രീതിയില്‍ പുറത്തിറങ്ങിയ വരകളും എഴുത്തുകളും മുസ്ലിം ലോകത്ത് വന്‍ പ്രതികരണങ്ങളാണുണ്ടാക്കിയത്. ഇതെല്ലാം അറബ്ലോകത്തുള്ള സാധാരണ ജനതക്ക് അമേരിക്കന്‍ നിലപാടുകളോട് വിദ്വേഷം വര്‍ധിക്കാന്‍ കാരണമായതായി ഈജിപ്ത്, യമന്‍, ലിബിയ, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന അക്രമണങ്ങള്‍ സൂചിപ്പിച്ച് പത്രം വിലയിരുത്തുന്നു.

ബ്രിട്ടീഷ് പോലീസുകാരിയെ ഇസ്ലാമിലെത്തിച്ചത് പീഡനത്തിന്റെ ഇര
ഒരു നിയോഗം പോലെയാണ് ബ്രിട്ടീഷ് പോലീസില്‍ സേവനം ചെയ്തുവന്ന 28 കാരിയായ ഖമ്യില ഗലാു ഇസ്ലാമിലെത്തിയത്. അതിന് നിമിത്തമായത് ഒരു ഇരയുടെ പരാതിയും. തന്റെ ഡ്യൂട്ടി സമയത്ത് വര്‍ണവെറിയുമായി ബന്ധപ്പെട്ട പരാതിയുമായെത്തിയ ഒരു മുസ്ലിം വനിതയാണ് ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ജെയിനിന് പ്രേരണയായത്. ഇസ്ലാമിലെ സ്ത്രീയെക്കുറിച്ച് അറപ്പുളവാക്കുന്ന കഥകള്‍ മാത്രം കേട്ടറിഞ്ഞിട്ടുണ്ടായിരുന്ന അവര്‍ ബ്രിട്ടീഷ് മുസ്ലിം സമൂഹത്തെക്കുറിച്ച് പഠിച്ചു. അത്ഭുതകരമായ അന്തരമാണ് കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും തമ്മില്‍ ഉണ്ടായതെന്ന് അവര്‍ പറയുന്നു. എല്ലാം അറിഞ്ഞപ്പോള്‍ താന്‍ ഇസ്ലാമിനെ പ്രണയിക്കാന്‍ തുടങ്ങിയെന്ന് പിന്നീട് ആമിനയെന്ന് പേര് സ്വീകരിച്ച അവര്‍ ജെയ്ന്‍ പറഞ്ഞു. ഇപ്പോള്‍ ഹിജാബ് ധരിച്ച് പോലും ഔദ്യോഗിക കൃത്യം നിര്‍വഹിച്ചുവരുന്ന ഖമ്യില ലോകത്തോട് പറയന്നത്, ഏതു സ്ത്രീക്കും സുരക്ഷിതമായിരിക്കാന്‍ ശരീരം മറയുന്ന വസ്ത്രം ധരിക്കാമെന്നാണ്.

ഭരണത്തില്‍ പങ്കാളികളാകാനില്ലെന്ന് ജോര്‍ദാന്‍ ബ്രദര്‍ഹുഡ്
ജോര്‍ദാനില്‍ രൂപീകരിക്കാന്‍ പോകുന്ന പുതിയ സര്‍ക്കാറില്‍ പങ്കാളികളാകാനില്ലെന്ന് ജോര്‍ദാന്‍ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് ഡോ. ഹമാം സഈദ്. ഭരണ പങ്കാളിത്തം സംഘടന മുറുകെ പിടിക്കുന്ന തത്ത്വങ്ങള്‍ക്കെതിരായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് സ്വാതന്ത്യ്രവും അധികാരവുമില്ലാത്ത ഒരു ഭരണ സംവിധാനത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ല. 'മജ്ലിസ് ശൂറ'യിലധിഷ്ഠിതമാണ് പാര്‍ട്ടിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. എന്നാല്‍, അതിനു കടകവിരുദ്ധമായി നടന്ന ഒരു തെരഞ്ഞെടുപ്പിന്റെ ഭാഗമായി അധികാരത്തില്‍ പങ്കുപറ്റാന്‍ പാര്‍ട്ടിക്കാവില്ലെന്നും ഡോ. ഹമാം സഈദ് പറഞ്ഞു.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുക, ഭരണഘടനാ പരിഷ്കരണം ഏര്‍പ്പെടുത്തുക, തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന് ഭരണം കൈമാറുക, അധികാര വികേന്ദ്രീകരണം നടപ്പാക്കുക, സിവില്‍ കോടതി സ്ഥാപിക്കുക, ജനാധിപത്യ സംവിധാനത്തില്‍ പട്ടാള ഇടപെടല്‍ അവസാനിപ്പിക്കുക, അഴിമതി നിര്‍മാര്‍ജനം കാര്യക്ഷമമാക്കുക തുടങ്ങി നിബന്ധനകള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ബ്രദര്‍ ഹുഡ് മുന്നോട്ടുവെച്ചിരുന്നു. അവ പാലിക്കപ്പെടാത്തിന്റെ പേരില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണുണ്ടായത്.
അതിനിടെ, തെരഞ്ഞെടുപ്പ് പ്രഹസനം നടത്തി സര്‍ക്കാര്‍ തട്ടിക്കൂട്ടാനുള്ള അധികൃതരുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കി അബ്ദുല്‍ ഹാദി അല്‍മജാലി നേതൃത്വം നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ അനുകൂല രാഷ്ട്രീയ സംഘടന പാര്‍ലമെന്റില്‍നിന്ന് പിന്‍വാങ്ങിയതായി അറിയിച്ചു. പാര്‍ട്ടിയെ തകര്‍ക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പിന്‍വാങ്ങല്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 1 - 3 )
എ.വൈ.ആര്‍