Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 16

ജമാല്‍ ബന്നാ പറ്റം തെറ്റി പറന്ന ചിന്തകന്‍

വി.എ കബീര്‍

പലപ്പോഴും ആകസ്മികതകള്‍ നിറഞ്ഞതാണ് ജീവിതം. ഫെബ്രുവരി ഒന്നാം തീയതി നിര്യാതനായ ഈജിപ്ഷ്യന്‍ ബുദ്ധിജീവി ജമാല്‍ അല്‍ ബന്നായുമായി ഏതാണ്ട് ഒരു ദശകം മുമ്പ് ദോഹയില്‍ വെച്ച് നടന്ന കൂടിക്കാഴ്ച അത്തരം ആകസ്മികതകളിലൊന്നായിരുന്നു.
ജമാല്‍ ബന്നായെ ആദ്യമായി വായിക്കുന്നത് മൂന്ന് ദശകങ്ങള്‍ക്ക് മുമ്പാണ്. പ്രബോധനത്തില്‍ ജോലി ചെയ്തിരുന്ന കാലം. ഓഫീസ് സമയം കഴിഞ്ഞാല്‍ പിന്നെ മിക്ക സമയവും ലൈബ്രറിയിലായിരിക്കും. അത്തരമൊരു ഇടവേളയില്‍ പുസ്തകങ്ങള്‍ തപ്പുന്നതിനിടയിലാണ് 'റൂഹുല്‍ ഇസ്‌ലാം' (ഇസ്‌ലാമിന്റെ ചൈതന്യം) എന്ന ചെറിയൊരു പുസ്തകം കൈയില്‍ തടഞ്ഞത്. ശീര്‍ഷകത്തേക്കാളുപരി ഗ്രന്ഥകാരന്റെ പേരായിരുന്നു ആ പുസ്തകം വായിക്കാനുണ്ടായ പ്രേരകം. ബ്രദര്‍ ഹുഡ് സ്ഥാപകനായ ഹസനുല്‍ ബന്നായുടെ ബന്ധുവായിരിക്കാമെന്ന നിഗമനത്തോടെയാണ് പുസ്തകം വായിക്കാന്‍ തുടങ്ങിയത്. സാമ്പ്രദായിക സമീപനത്തില്‍നിന്ന് ഭിന്നമായ അതിലെ വിഷയ സമീപനം കാരണം ഒറ്റ ഇരിപ്പില്‍ തന്നെ അത് വായിച്ചുതീര്‍ത്തു. സമൂഹത്തെ, വിഷയങ്ങളെ എങ്ങനെ സൃഷ്ടിപരമായി സമീപിക്കണമെന്നതിന്റെ മാര്‍ഗരേഖകളായിരുന്നു ആ കൃതിയുടെ ഒരു പ്രത്യേകത. പ്രത്യക്ഷത്തില്‍ നമ്മള്‍ കാണുന്ന പലതിന്റെയും മറുപുറം അനാവരണം ചെയ്യുന്ന പല പുതിയ വിവരങ്ങളും അതില്‍നിന്ന് മനസ്സിലാക്കാനും കഴിഞ്ഞു. ഉദാഹരണത്തിന് പ്രസിദ്ധ ഈജിപ്ഷ്യന്‍ സിനിമാ സംഗീത വിശാരദനായ മുഹമ്മദ് അബ്ദുല്‍ വഹാബിനെയും, അറബി ഗാനാലാപത്തിന്റെ വിസ്മയമായ ഉമ്മുകുല്‍സൂമിനെയും കുറിച്ചുള്ള ആനുഷംഗിക പരാമര്‍ശങ്ങള്‍. മുഹമ്മദ് അബ്ദുല്‍ വഹാബ് സംഗീത ലോകത്ത് അറിയപ്പെടുന്നതിന് മുമ്പ് അതിമനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നുവത്രെ. ഖുര്‍ആനിലൂടെയാണ് അദ്ദേഹം സംഗീതത്തിന്റെ മാസ്മരിക ലോകത്ത് എത്തിപ്പെടുന്നതും പിന്നീട് സിനിമാ ലോകത്ത് പ്രസിദ്ധി നേടുന്നതും. സംഗീത ലോകത്ത് വെട്ടിത്തിളങ്ങിനില്‍ക്കുമ്പോഴും ഖുര്‍ആനോടുള്ള തന്റെ കടപ്പാട് അദ്ദേഹം വിസ്മരിച്ചിരുന്നില്ല. വെള്ളിത്തിരക്ക് വേണ്ടി പുതിയൊരു രാഗം ചിട്ടപ്പെടുത്തിയാല്‍ അദ്ദേഹമാദ്യം ചെയ്തിരുന്നത്, നന്ദി സൂചകമായി മസ്ജിദില്‍ ചെന്ന് നമസ്‌കാരത്തിനുള്ള ബാങ്ക് വിളിക്കുകയായിരുന്നുവത്രെ.
ഉമ്മുകുല്‍സൂമാകട്ടെ ഗ്രാമത്തില്‍ നബികീര്‍ത്തനങ്ങള്‍ പാടി നടന്നിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു. പില്‍ക്കാലത്താണ് ആ നാദവിസ്മയം കണ്ടെടുക്കപ്പെട്ട് അഭ്രപാളിയിലൂടെയും കാസറ്റുകളിലൂടെയും അറബ് ലോകത്തെങ്ങുമുള്ളവരുടെ കര്‍ണസുധയായി മാറുന്നത്. സിനിമാ ലോകത്ത് വിലസുമ്പോഴും ഖുര്‍ആന്റെ സംഗീതാവിഷ്‌കാരത്തിനും ഇസ്‌ലാമിക ഭക്തിഗാനങ്ങള്‍ക്കും അവര്‍ ശബ്ദം പകരുന്നുണ്ട്.
ഈ കൃതിയില്‍ ഏറെ ആകര്‍ഷകമായി തോന്നിയത് മതപരിത്യാഗിയുടെ വധശിക്ഷയെക്കുറിച്ചുള്ള ക്ലാസിക്കല്‍ ഇസ്‌ലാമിക നിയമമീമാംസകരുടെ വീക്ഷണത്തെ പ്രമാണബദ്ധമായും ബുദ്ധിപരമായും നിരാകരിക്കുന്ന ഗ്രന്ഥകാരന്റെ വിശകലനമാണ്. പ്രബോധനത്തിലെ 'മുജീബി'ന്റെ പംക്തി അക്കാലത്ത് ഈ ലേഖകന്റെ ചുമതലയിലായിരുന്നു. പ്രസ്തുത വിഷയകമായി വന്ന ഒരു ചോദ്യത്തിന് മറുപടി എഴുതവെ ജമാല്‍ ബന്നായുടെ വരികളാണ് സംക്ഷിപ്തമായി ലേഖകന്‍ ഉദ്ധരിച്ചത്.
'റൂഹുല്‍ ഇസ്‌ലാമി'ല്‍ ഗ്രന്ഥകാരന്റെ ഇതര കൃതികളുടെ ശീര്‍ഷകങ്ങളില്‍ ചിലതിന്റെ ലിസ്റ്റുമുണ്ടായിരുന്നു. അവയില്‍ ട്രേഡ് യൂനിയനുകളെക്കുറിച്ചും സമകാലീന ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചുമൊക്കെയുള്ള കൃതികളുമുണ്ടായിരുന്നു. ചില കൃതികളുടെ ബ്രാക്കറ്റില്‍ കണ്ടുകെട്ടപ്പെട്ടു എന്ന വാചകവുമുണ്ട്. അവ എങ്ങനെ ലഭ്യമാക്കും എന്നായി പിന്നീട് ചിന്ത. സിറിയയിലെ 'അല്‍ മക്തബുല്‍ ഇസ്‌ലാമി'യായിരുന്നു റൂഹുല്‍ ഇസ്‌ലാം പ്രസിദ്ധീകരിച്ചിരുന്നത്. സുഹൈര്‍ ശാമീശാണ് അതിന്റെ ഉടമയെന്നും അദ്ദേഹം ഒരു ഇസ്‌ലാമിസ്റ്റ് അനുഭാവിയാണെന്നും അന്ന് മദീന യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്ന അബ്ദുര്‍റഹ്മാന്‍ തറുവായിയുമായി സംസാരിക്കവെ മനസ്സിലായി. കോപ്പികള്‍ക്ക് സുഹൈര്‍ ശാവീശിന് നേരിട്ടെഴുതി നോക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ജമാല്‍ ബന്നാ അതിനകം പറിച്ചുമാറ്റാന്‍ കഴിയാത്തവിധം മനസ്സില്‍ പ്രതിഷ്ഠിതമായി കഴിഞ്ഞിരുന്നു. പിന്നീട് ഐഡിയല്‍ സ്റ്റുഡന്‍സ് ലീഗിന്റെ സ്റ്റേറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന ഡോ. അഹ്മദ് ത്വഹാ (ഇഫ്‌സോ പ്രസിഡന്റായിരുന്ന മുസ്ത്വഫാ ത്വഹാന്റെ സഹോദരന്‍)നോട് ജമാല്‍ ബന്നായെക്കുറിച്ച് അന്വേഷിച്ചെങ്കിലും അങ്ങനെ ഒരാളെ അദ്ദേഹം കേട്ടിട്ടേ ഉണ്ടായിരുന്നില്ല. കാസര്‍കോട് ആലിയ കോളേജ് ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ വന്ന ഖത്തറിലെ 'മഅ്ഹദുദ്ദീനി' അധ്യാപകനായിരുന്ന ശൈഖ് അബ്ദുല്ലത്വീഫിനോട് ചോദിച്ചപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി.
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഒരു ഗ്രന്ഥരചന അക്കാലത്ത് മനസ്സിലുണ്ടായിരുന്ന ഒരാശയമായിരുന്നു. ഇതു സംബന്ധമായി ജമാല്‍ ബന്നായുടെ 'അദ്ദഅ്‌വാതുല്‍ ഇസ്‌ലാമിയ്യ അല്‍ മുആസ്വറ മാലഹാ വമാ അലൈഹാ' എന്ന നിരൂപണ കൃതി പുതിയ വെളിച്ചം നല്‍കാന്‍ സഹായകമാകുമെന്നതിനാല്‍ അതിനോട് പ്രത്യേകം താല്‍പര്യം തോന്നിയിരുന്നു. '86-ല്‍ ഖത്തറിലെത്തിയപ്പോള്‍ അവിടത്തെ പുസ്തക ശാലകളിലും അറബ് പുസ്തകമേളകളിലുമൊക്കെ അദ്ദേഹത്തിന്റെ കൃതികള്‍ അന്വേഷിച്ചു നടന്നുവെങ്കിലും നിരാശയായിരുന്നു ഫലം.
അതിനിടെ ഖത്തറിലെ ഒരു അറബി പത്രത്തില്‍ ജമാല്‍ ബന്നായെക്കുറിച്ചുള്ള ഒരു കുറിപ്പ് കാണാനിടയായി. പുത്തന്‍ ചിന്തകളുടെ ഈജിപ്ഷ്യന്‍ ധിഷണയാണ് ജമാല്‍ ബന്നായെന്നും മുസ്‌ലിം ബ്രദര്‍ഹുഡുകാര്‍ക്കിടയില്‍ അനഭിമതനാണെന്നുമായിരുന്നു ആ കുറിപ്പിന്റെ ചുരുക്കം. അത് വായിച്ചപ്പോള്‍ അദ്ദേഹത്തിലുള്ള താല്‍പര്യം കൂടുകയായിരുന്നു. ബ്രദര്‍ഹുഡിന്റെ ട്രേഡ് യൂനിയന്‍ നേതാവായിരിക്കും എന്നായിരുന്നു അദ്ദേഹത്തെക്കുറിച്ച് ആദ്യം ധരിച്ചിരുന്നത്. ജനീവ ആസ്ഥാനമായി നിലവില്‍ വന്ന ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് കോണ്‍ഫെഡറേഷന്‍ ഓഫ് ലേബറി'ന്റെ സ്ഥാപക പ്രസിഡന്റായിരുന്നു അദ്ദേഹം. അതാണ് അങ്ങനെയൊരു ധാരണ ഉണ്ടാകാന്‍ കാരണം-ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള നടേ പറഞ്ഞ നിരൂപണ ഗ്രന്ഥം ഈ ധാരണയില്‍ സന്ദേഹമുണ്ടാക്കിയിരുന്നുവെങ്കിലും. അദ്ദേഹം ബ്രദര്‍ ഹുഡിന്റെ ഘടനയിലില്ല എന്ന് മാത്രമല്ല, വിമര്‍ശകന്‍ കൂടിയാണെന്ന യാഥാര്‍ഥ്യം പിന്നീടാണറിയുന്നത്.
ജമാല്‍ ബന്നാ പിന്നെയും കുറേക്കാലം അപ്രാപ്യമായി തന്നെ അവശേഷിച്ചു. ബ്രദര്‍ഹുഡുമായി ബന്ധമുള്ളവരോട് അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കുന്നത് കൊണ്ട് കാര്യമില്ലെന്നും ബോധ്യമായി. ഖത്തര്‍ ടെലി കമ്യൂണിക്കേഷനില്‍ ജോലി ചെയ്തിരുന്ന സി.കെ അബ്ദുര്‍റഹ്മാന്‍ അദ്ദേഹത്തിന്റെ ബോസ് വരിചേര്‍ത്തിരുന്ന അല്‍ ഹയാത്ത്, അല്‍ ശര്‍ഖുല്‍ ഔസത്ത് പത്രങ്ങള്‍ സ്ഥിരമായി എനിക്ക് കൊണ്ടുതരാറുണ്ടായിരുന്നു. സുഊദി പത്രമായ ശര്‍ഖുല്‍ ഔസത്തില്‍നിന്നാണ് തേടിയ വള്ളി ആദ്യമായി കാലില്‍ ചുറ്റിയത്. അതാ കിടക്കുന്നു ജമാല്‍ ബന്നായുടെ ഒരു കോളം അതില്‍. ഏറെ സന്തോഷിപ്പിച്ചത് കോളത്തിന്റെ ഒടുവില്‍ കണ്ട, അദ്ദേഹത്തിന്റെ ഇമെയില്‍ വിലാസമാണ്. ഉടനെ റൂഹുല്‍ ഇസ്‌ലാം വായനയുടെ അനുഭവവും മറ്റും വിസ്തരിച്ചുകൊണ്ട് ഒരു സന്ദേശം അദ്ദേഹത്തിനയച്ചു. അറിയപ്പെടുന്ന പല 'ഇസ്‌ലാമിസ്റ്റു'കളില്‍നിന്നും ഭിന്നമായി അന്നുതന്നെ അദ്ദേഹത്തിന്റെ മറുപടിയും വന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന ഏതെങ്കിലും ഈജിപ്തുകാരന്‍ വശം ഒരു കുറിപ്പെഴുതി അയക്കുകയാണെങ്കില്‍ അയാള്‍ക്ക് വഹിക്കാന്‍ കഴിയുന്നത്ര പുസ്തകങ്ങള്‍ കൊടുത്തയക്കാമെന്ന് ഉദാരപൂര്‍വം അദ്ദേഹം എഴുതി. ഇസ്‌ലാമിക വിജ്ഞാന കോശത്തിനു വേണ്ടി അബ്ദുല്ല അഹ്മറിനെക്കുറിച്ച് ഒരു ശീര്‍ഷകം തയാറാക്കാനാവശ്യമായ വിവരങ്ങള്‍ ആവശ്യപ്പെട്ടതിന് അമേരിക്കന്‍ ഡോളറില്‍ പ്രതിഫലം ആവശ്യപ്പെട്ട ഒരു യമനി പത്രപ്രവര്‍ത്തകനില്‍ നിന്നുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ആ മഹാ മനസ്‌കത ജമാല്‍ ബന്നായുടെ പ്രതിഛായക്ക് ഒന്നുകൂടി തിളക്കം കൂട്ടി. പക്ഷേ, അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പുസ്തകങ്ങള്‍ ചുമന്ന് കൊണ്ടുവരാന്‍ മാത്രം മഹാ മനസ്‌കതയുള്ള ഈജിപ്തുകാരനെ എവിടെന്ന് കിട്ടാന്‍! അദ്ദേഹത്തിന്റെ ചിന്തകള്‍ അടുത്തറിയാനുള്ള ആഗ്രഹം പിന്നെയും അങ്ങനെത്തന്നെ മനസ്സിലവശേഷിച്ചു- അദ്ദേഹത്തിന്റെ കോളത്തിലെ വിഷയങ്ങളോടുള്ള പ്രതികരണം ഇമെയിലിലൂടെ തുടര്‍ന്നുവെങ്കിലും.
മറുപടികള്‍ ചിലപ്പോള്‍ 'ഇലല്ലിഖാ' (അടുത്ത കൂടിക്കാഴ്ച വരെ) എന്ന വാക്കിലാണ് അദ്ദേഹം അവസാനിപ്പിക്കാറ്. ഔപചാരികതക്കപ്പുറം വിശേഷിച്ച് അര്‍ഥമൊന്നും ആ വാക്കിന് കല്‍പിച്ചിരുന്നില്ല. ജമാല്‍ ബന്നായെ നേരിട്ട് കാണുമെന്ന് സ്വപ്‌നേപി കരുതിയിരുന്നില്ലെങ്കിലും യാദൃഛികത വീണ്ടും ജീവിതത്തില്‍ സംഭവിച്ചു. ജനാധിപത്യത്തെക്കുറിച്ച് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ജമാല്‍ ബന്നാ ദോഹയിലെത്തി. സെമിനാറിനെക്കുറിച്ചുള്ള പത്രറിപ്പോര്‍ട്ടില്‍ നിന്നാണ് അദ്ദേഹം അതില്‍ പങ്കെടുത്ത വിവരം അറിഞ്ഞത്. സെമിനാര്‍ പകല്‍ ജോലി സമയത്തായിരുന്നതിനാല്‍ അതില്‍ ശ്രോതാവായി പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ, വളരെ ശുഷ്‌കമായിരുന്നു സദസ്സെന്നാണ് പത്രങ്ങളില്‍ വായിച്ചത്. മാധ്യമത്തിന്റെ ലേഖകന്‍ കൂടിയായിരുന്ന മുഹമ്മദ് പാറക്കടവ് അപ്പോയിന്റ്‌മെന്റ് ഏര്‍പ്പാടാക്കിയതിന്റെ അടിസ്ഥാനത്തില്‍ പാറക്കടവിന്റെ കൂടെ അന്ന് രാത്രി ഷറാട്ടണ്‍ ഹോട്ടലില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. എണ്‍പത് വയസ് പിന്നിട്ടിരുന്നെങ്കിലും യുവാവിന്റെ പ്രസരിപ്പോടെ വളരെ പ്രസന്നവദനനായാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. സെമിനാറില്‍ സദസ്സിന്റെ ശുഷ്‌കത മനസ്സില്‍ വെച്ച് ഗള്‍ഫില്‍ ജനാധിപത്യത്തിന് എന്തെങ്കിലും പ്രതീക്ഷയുണ്ടോ എന്നായിരുന്നു എന്റെ ആദ്യ ചോദ്യം. ജനത്തിന് താല്‍പര്യമുണ്ടായിട്ട് വേണ്ടേ പ്രതീക്ഷ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹസനുല്‍ ബന്നായെ ക്കുറിച്ചും ഇസ്‌ലാം രാഷ്ട്രമല്ല (ദൗലത്ത്) ഉമ്മത്ത് (സമൂഹം) ആണെന്നുമുള്ള തന്റെ സങ്കല്‍പത്തെക്കുറിച്ചുമെല്ലാം ഹ്രസ്വമായ ആ കൂടിക്കാഴ്ചക്കിടയില്‍ അദ്ദേഹം സംസാരിച്ചു. ജ്യേഷ്ഠ സഹോദരനായ ഹസനുല്‍ ബന്നായെക്കുറിച്ച് ആദരവോടെയാണ് സംസാരിച്ചത്. ഹസനുല്‍ ബന്നാ പിതാവിനെഴുതിയ കത്തുകള്‍ സമാഹരിച്ച ചെറിയൊരു പുസ്തകം അദ്ദേഹം പാറക്കടവിന് സമ്മാനിച്ചു. ഹസനുല്‍ ബന്നാ ആ കാലഘട്ടത്തിലെ പരിഷ്‌കര്‍ത്താവായിരുന്നുവെന്നും എന്നാല്‍ ബ്രദര്‍ഹുഡിന് അദ്ദേഹത്തിന്റെ കാലത്തില്‍നിന്ന് മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഹസനുല്‍ ബന്നായുടെ കാലത്തും ജമാല്‍ ബന്നാ ബ്രദര്‍ ഹുഡില്‍ അംഗത്വമെടുത്തിരുന്നില്ല. അക്കാലത്ത് ലേബര്‍ പാര്‍ട്ടി(അല്‍ അമല്‍)യിലായിരുന്നു അദ്ദേഹം. ഇളം പ്രായത്തിലായിരുന്ന തന്നെ ജ്യേഷ്ഠന്‍ ബ്രദര്‍ ഹുഡില്‍ ചേരാന്‍ നിര്‍ബന്ധിച്ചിരുന്നില്ലെന്നും സ്വതന്ത്രമായി ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. സമകാലീന ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ എന്റെ താല്‍പര്യം ഞാന്‍ അറിയിച്ചു. അത് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. 'നഹ്‌വ ഫിഖ്ഹിന്‍ ജദീദ്' (പുതിയൊരു നിയമമീമാംസക്ക് വേണ്ടി) എന്ന രണ്ട് കനത്ത വാള്യങ്ങളടക്കമുള്ള ഏതാനും പുസ്തകങ്ങള്‍ അപ്പോള്‍ അദ്ദേഹം സമ്മാനിച്ചു. ഇസ്‌ലാമിക നിയമത്തിന്റെ നവീകരണമല്ല പുതിയൊരു നിയമസംഹിത തന്നെയാണ് തന്റെ ഉദ്ദേശ്യമെന്ന് പരാമൃഷ്ട കൃതിയുടെ ആമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അത്രയധികം പുസ്തകങ്ങള്‍ സൗജന്യമായി വാങ്ങുന്നതില്‍ മനഃപ്രയാസമുണ്ടായിരുന്നു. അതിനാല്‍ 100 ഈജിപ്ഷ്യന്‍ പൗണ്ടിന്റെ ഒരു ഡ്രാഫ്റ്റ് പിന്നീട് അദ്ദേഹത്തിന്റെ വിലാസത്തില്‍ അയച്ചുകൊടുത്തു. ബ്യൂറോക്രസിയുടെ കെട്ടിക്കുടുക്കുകള്‍ കാരണം ഡ്രാഫ്റ്റ് മാറാന്‍ പറ്റിയില്ലെന്നറിയിച്ച് അദ്ദേഹമത് മടക്കി അയക്കുകയാണുണ്ടായത്.
പില്‍ക്കാലത്ത് കനഡയിലെ സുഹൃത്ത് ടി.കെ ഇബ്‌റാഹീം സാഹിബ് കയ്‌റോ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ജമാല്‍ ബന്നായുടെ വിലാസം അദ്ദേഹത്തിന് കൊടുത്തിരുന്നു. ഇഖ്‌വാന്‍കാരോടായിരുന്നു ഇബ്‌റാഹീം സാഹിബ് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചിരുന്നത്. 'സുബ്ഹാനല്ലാ' എന്നായിരുന്നുവത്രെ അവരുടെ പ്രതികരണം. അതില്‍ അത്ഭുതമില്ല. കാരണം അദ്ദേഹത്തിന്റെ പല നിലപാടുകളും അവര്‍ക്കെന്നല്ല സാധാരണ പണ്ഡിത സമൂഹത്തിനും ദഹിക്കുന്നതായിരുന്നില്ല, വിശിഷ്യാ പര്‍ദ, സുന്നത്ത്, വനിതകളുടെ അവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍. കയ്‌റോവില്‍ ഒരു വിദ്യാര്‍ഥി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ സി. ദാവൂദാണ് അദ്ദേഹത്തെ സന്ദര്‍ശിച്ച് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച പുസ്തകം കൊണ്ടുതന്നത്. പ്രഫ. പി. കോയയും ഒ. അബ്ദുല്ലയും 2000-മധ്യത്തില്‍ ഈജിപ്ത് സന്ദര്‍ശിച്ചപ്പോള്‍ അവര്‍ കൂടിക്കാഴ്ചക്ക് വരുന്ന വിവരം അദ്ദേഹത്തെ അറിയിച്ചിരുന്നു. കയ്‌റോ ഗതാഗതക്കുരുക്കിന്റെ കാടാണെന്നും എത്തിയ ഉടന്‍ ഫോണില്‍ ബന്ധപ്പെടാന്‍ പറയണമെന്നും അറിയിച്ചു അദ്ദേഹം മറുപടി അയച്ചു. അവര്‍ വഴി ബുഖാരി-മുസ്‌ലിം നിരൂപണ ഗ്രന്ഥം അയച്ചെങ്കിലും ഭാരം ഒഴിവാക്കാന്‍ അവര്‍ അത് അവിടെ തന്നെ ഉപേക്ഷിച്ചത് ഇന്നും ഒരു ഖേദമായി അവശേഷിക്കുന്നു.
ലിബറലായിരുന്നെങ്കിലും ഏകാധിപത്യ ഭരണകൂടത്തിനെതിരായിരുന്നു ജമാല്‍ ബന്നാ. കുപ്രസിദ്ധമായ ലിമാന്‍ തുര്‍റ ജയിലില്‍ ബ്രദര്‍ഹുഡുകാരുടെ സഹ തടവുകാരനായിരുന്നു അദ്ദേഹവും. എന്നാല്‍, അറബ് വസന്താനന്തരം 'ശഫാഫ്' മാഗസിനിലെഴുതിയ ഒരു ലേഖനത്തില്‍ സൂസന്‍ മുബാറക്കിന്റെ ചാരിറ്റി സൊസൈററിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന് അദ്ദേഹം എഴുതുകയുണ്ടായി. വിപ്ലവാനന്തരം ഒരു ചോദ്യാവലി അദ്ദേഹത്തിനയച്ചിരുന്നു. പക്ഷേ, പതിവായി സന്ദേശങ്ങള്‍ കൈമാറിയിരുന്ന ഇമെയില്‍ വിലാസത്തില്‍ നിന്ന് എന്തുകൊണ്ടോ അത് മടങ്ങിവരികയാണുണ്ടായത്. ജനുവരിയില്‍ സി.ദാവൂദ് കയ്‌റോ സന്ദര്‍ശിച്ചപ്പോള്‍ ഈ വിവരം അറിയിച്ചുകൊണ്ട് അദ്ദേഹത്തിന് ഒരു കത്ത് കൊടുത്തയച്ചിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അത് അദ്ദേഹത്തിന് എത്തിക്കാന്‍ ദാവൂദിന് സാധിച്ചില്ല. ദാവൂദ് മടങ്ങി എത്തിയപ്പോഴേക്ക് അദ്ദേഹം പരലോകം പ്രാപിക്കുകയും ചെയ്തു.
ദാമ്പത്യത്തിന്റെ കെട്ടുപാടുകളൊന്നുമില്ലാതെ ജീവിച്ച ജമാല്‍ ബന്നാ ജീവിതം മുഴുവന്‍ എഴുത്തിനും ധൈഷണിക വിപ്ലവത്തിനുമാണ് വിനിയോഗിച്ചത്. 93-ാം വയസ്സില്‍ മരിക്കുമ്പോഴും അദ്ദേഹം എഴുതിയിരുന്ന പത്രകോളം മുടക്കുകയുണ്ടായില്ല. 150 പരം കനപ്പെട്ട കൃതികളും ആയിരത്തില്‍ പരം സമാഹരിക്കാത്ത ലേഖനങ്ങളും വിട്ടേച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. പുസ്തകങ്ങള്‍ അദ്ദേഹം സമ്പാദനത്തിനായി ഉപയോഗിച്ചില്ല. ഉയര്‍ന്ന തസ്തികകള്‍ പ്രാപ്യമായിരുന്നെങ്കിലും അതിലൊന്നും ഈ നിഷ്‌കാമ കര്‍മി കണ്ണ് നട്ടില്ല. അന്തരിച്ച തന്റെ സഹോദരി ഫൗസിയ്യയില്‍ നിന്ന് ലഭിച്ച രണ്ടര ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് ഉപയോഗിച്ച് അദ്ദേഹം ഉണ്ടാക്കിയ 'ഫൗസിയ്യ- ജമാല്‍ ബന്നാ ഫൗണ്ടേഷന്‍' ഇന്ത്യയില്‍ നിന്നുള്ള കൈയെഴുത്ത് പ്രതികളും ഏഴ് വാള്യങ്ങളുള്ള 'ഇഖ്‌വാന്റെ അജ്ഞാത രേഖകളും' അടക്കം പതിനായിരക്കണക്കില്‍ ഗ്രന്ഥങ്ങളുള്ള അപൂര്‍വ റഫറന്‍സ് ലൈബ്രറിയാണ്.
സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ വ്യക്തമായ പ്രമാണ(നസ്വ്)വും മാറ്റാമെന്ന അഭിപ്രായം വെച്ചുപുലര്‍ത്തിയ ക്ലാസിക്കല്‍ മുസ്‌ലിം നിയമജ്ഞന്‍ ത്വൂഫിയോടായിരുന്നു യൗവനത്തിന്റെ ഉച്ചാവസ്ഥയില്‍ തനിക്ക് ചായ്‌വെന്നും എന്നാല്‍ പിന്നീട് താനതില്‍നിന്ന് മാറിയെന്നും 'റൂഹുല്‍ ഇസ്‌ലാമി'ല്‍ ജമാല്‍ ബന്നാ എഴുതുന്നുണ്ട്. എന്നാല്‍, ത്വൂഫിയോട് തന്നെയാണ് അദ്ദേഹത്തിന്റെ ചായ്‌വെന്നാണ് പില്‍ക്കാല രചനകള്‍ വായിച്ചപ്പോഴും തോന്നിയത്. തന്റെ നവോത്ഥാന സംരംഭങ്ങള്‍ സംഘടനയോ സ്ഥാപനമോ ഉണ്ടാക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടല്ലെന്നും അതൊരു സ്വതന്ത്ര ദര്‍ശനമാണെന്നും അതില്‍ വിശ്വസിക്കുന്ന ആര്‍ക്കും അതില്‍ പങ്കാളിയാകാമെന്നുമായിരുന്നു ജമാല്‍ ബന്നായുടെ നിലപാട്. സംഘടനകള്‍ക്കതീതമായിരുന്നു പറ്റം തെറ്റി പറന്ന ഈ ചിന്തകന്റെ വ്യക്തിത്വം. കതിര്‍ക്കനമുള്ള അദ്ദേഹത്തിന്റെ കൃതികള്‍ കാലത്തെ അതിവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. എല്ലാ പെരുന്നാളിനും മറക്കാതെ അയച്ചിരുന്ന അദ്ദേഹത്തിന്റെ ആശംസകള്‍ ഇനി വരില്ല. ആ പിതൃ വാത്സല്യത്തിന്റെ നഷ്ടം മനസ്സില്‍ എന്നും നൊമ്പരമായി അവശേഷിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 1 - 3 )
എ.വൈ.ആര്‍