അതത് ദിവസത്തില്‍ ജീവിക്കുക
അതിവിദൂര ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ട് വ്യാകുലചിത്തനായിരിക്കുക മനുഷ്യന്റെ ദൗര്‍ബല്യമാണ്. ചിന്തകളെ അതിരുകളില്ലാത്ത ലോകത്തേക്ക് അവന്‍ തിരിച്ചുവിടുന്നു. എത്രപെട്ടെന്നാണ് വഴിവിട്ട ആ ചിന്തകളെ ദുഃഖങ്ങളും ഊഹങ്ങളും പിടികൂടുന്നത്. പിന്നീടത് പേടിസ്വപ്നവും ഉത്കണ്ഠയുമായി അവനെ പിന്തുടരുന്നു. എന്തിനാണ് മനുഷ്യന്‍ ഭാവിയെക്കുറിച്ച് ഇങ്ങനെ ഭീതിതനായും വ്യാകുലനായും കഴിയുന്നത്? ഒരോ ദിവസവും അതിന്റെ പൂര്‍ണതയോടെ ജീവിച്ചാല്‍ പോരേ. അതല്ലേ ഏറ്റവും അഭികാമ്യം.
അമേരിക്കന്‍ പണ്ഡിതനും ചിന്തകനുമായ ഡേല്‍ കാര്‍നേഗ് ഈ രംഗത്ത് വിജയം വരിച്ച ചില ആളുകളുടെ അനുഭവങ്ങള്‍ എടുത്തു പറയുന്നുണ്ട്. നാളെയില്‍ ജീവിതത്തെ തളച്ചിടാതെ, ഇന്നില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചവരായിരുന്നു അവര്‍. അതിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ പ്രവര്‍ത്തിച്ചു. ഓരോ ദിവസത്തെയും പ്രശ്‌നങ്ങളെ വേണ്ടപോലെ കൈകാര്യം ചെയ്തു. ആ രീതി പിന്തുടര്‍ന്നപ്പോള്‍ അവരുടെ വര്‍ത്തമാനവും ഭാവിയും ഒരുപോലെ സുരക്ഷിതമായി. അവരുടെ അനുഭവങ്ങളെ ഇങ്ങനെ ചുരുക്കിയെഴുതാം. ''അങ്ങകലെ വിസ്മയിപ്പിക്കുന്ന ലക്ഷ്യത്തിലേക്ക് കണ്ണുംനട്ടിരിക്കുക നമുക്ക് യോജിച്ചതല്ല. നമുക്ക് മുമ്പിലെ സ്പഷ്ടവും വ്യക്തവുമായ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് നമ്മുടെ ബാധ്യത'' (ഇംഗ്ലീഷ് സാഹിത്യകാരന്‍ തോമസ് കാര്‍ലൈന്റെ ഉപദേശമാണിത്).
ഡോ. ഓസ്‌ലറുടെ വാക്കുകള്‍ കൂടി ശ്രദ്ധിക്കൂ. ''ഞങ്ങള്‍ക്കാവശ്യമായ റൊട്ടി ഇന്നു ഞങ്ങള്‍ക്ക് നല്‍കണമേ'' എന്ന യേശുവില്‍ നിന്നുദ്ധരിച്ച പ്രാര്‍ഥന കൊണ്ട് ഒരോ പ്രഭാതവും ആരംഭിക്കാന്‍ യൂനിവേഴ്‌സിറ്റിയിലെ തന്റെ വിദ്യാര്‍ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രാര്‍ഥന അതതു ദിവസത്തെ റൊട്ടിയെക്കുറിച്ചാണെന്നും അവരെ ഉണര്‍ത്തി. തലേദിവസം കിട്ടിയ റൊട്ടിയുടെ ഗുണമേന്മയെക്കുറിച്ച് അദ്ദേഹം ദുഃഖിച്ചില്ല. ദൈവമേ, വരള്‍ച്ച ബാധിച്ചിരിക്കുന്നു. അടുത്ത ഹേമന്ത കാലത്ത് ഞങ്ങള്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ കിട്ടാതിരിക്കുമോ എന്ന് ഭയപ്പെടുകയോ വിലപിക്കുകയോ ചെയ്തില്ല. ജോലി നഷ്ടപ്പെട്ടാല്‍ എനിക്കും സന്താനങ്ങള്‍ക്കും എങ്ങനെ ഭക്ഷണം ലഭിക്കുമെന്ന് പറഞ്ഞ് പരിതപിച്ചില്ല. ഭാവികാലത്ത് ഉണ്ടായേക്കാവുന്ന പ്രയാസങ്ങളെ വര്‍ത്തമാനവുമായി കൂട്ടികുഴക്കാതെ ഇന്നത്തെ റൊട്ടി മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
അതതു ദിവസത്തില്‍ ജീവിക്കുക എന്ന സന്ദേശമാണ് ഈ വാക്കുകള്‍ നല്‍കുന്നത്. ഈ പ്രവാചക വചനവുമായി ഇതിന് സാദ്യശൃമുണ്ട്. ''തന്റെ പ്രഭാതത്തില്‍ ഒരാളുടെ വഴി നിര്‍ഭയമാണോ, അവന്‍ ആരോഗ്യമുളളവനാണോ, അന്നത്തേക്കുളള ഭക്ഷണം കൈവശമുള്ളവനാണോ, എങ്കില്‍ അവന് ഐഹികലോകം മുഴുവന്‍ കീഴ്‌പ്പെട്ടു'' (തിര്‍മിദി). നിര്‍ഭയത്വം, ആരോഗ്യം, അതതു ദിവസത്തെ ഭക്ഷണം എന്നിവ വലിയൊരു ചാലകശക്തിയാണ്. ഈ അനുഗ്രഹങ്ങള്‍ മഹാ ഭാഗ്യവുമാണ്. നേരായ മാര്‍ഗേണ ചിന്തിക്കാനും പ്രയാസമുക്തവും ഭയരഹിതവും സുഭിക്ഷവുമായ ജീവിതം നയിക്കാനും അതു മനുഷ്യനെ സഹായിക്കും. ഒരുപക്ഷേ ചരിത്രം മുഴുവന്‍ മാറ്റിയെഴുതാന്‍ അവന് കഴിഞ്ഞേക്കാം. സമയമായിട്ടില്ലാത്ത ദുരന്തങ്ങളിലേക്ക് ധൃതികൂട്ടുന്നത് മണ്ടത്തരമാണ്. ദുശ്ശകുനത്തിന്റെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇവയിലധികവും മനുഷ്യന്‍ രൂപപ്പെടുത്തുന്നത്. ഇനി ഒരാള്‍ക്ക് പ്രതീക്ഷിച്ചിരുന്ന കാര്യം യാദൃഛികമായി വന്നുഭവിക്കുകയാണെങ്കില്‍തന്നെ ഭാവിയെ വര്‍ത്തമാനവുമായി കൂട്ടിക്കുഴച്ച് ജീവിതം നാശത്തിലാഴ്ത്തുന്നത് തെറ്റാണ്. അതതു ദിവസത്തെ പരിഗണിച്ച് ജീവിതം മുന്നോട്ട് നയിക്കുകയാണ് വേണ്ടത്.
പ്രഭാതം പൊട്ടിവിടര്‍ന്നാല്‍ ഇബ്‌റാഹീം (അ) പ്രാര്‍ഥിച്ചിരുന്നു. 'അല്ലാഹുവേ, ഇതൊരു പുതിയ സൃഷ്ടി. നിന്നെ അനുസരിക്കുന്നവനായി ഞാന്‍ ആ പ്രഭാതത്തെ ആരംഭിക്കട്ടെ. അതിന്റെ അന്ത്യം പാപമോചനവും നിന്നോടുള്ള തൃപ്തിയുമാക്കേണമേ. അതില്‍ നന്മകള്‍ വര്‍ഷിക്കുകയും എന്നില്‍ നിന്ന് അവ സ്വീകരിക്കുകയും ചെയ്യേണമേ. സമൃദ്ധി നല്‍കേണമേ, അവ ഇരട്ടിപ്പിക്കണേ. എന്റെ തെറ്റുകള്‍ പൊറുത്ത് തരണമേ. നീ ഏറെ പെറുക്കുന്നവനും കാരുണാനിധിയും അത്യുദാരനും ഏറെ വാത്സല്യ നിധിയുമാണ്' (ഇഹ്‌യാഅ്). നബി(സ) പറഞ്ഞു. 'ആരെങ്കിലും പ്രഭാതത്തില്‍ ഈ പ്രാര്‍ഥന നടത്തിയാല്‍ അവന്‍ ആ ദിവസത്തോടുള്ള നന്ദി പ്രകടിപ്പിച്ചിരിക്കുന്നു.'
ഒരോ ദിവസത്തെയും പുതിയൊരു നിശ്ചയത്തോടും മനസ്സോടും കൂടിയായിരുന്നു അവിടുന്ന് വരവേറ്റിരുന്നത്. പ്രഭാതത്തില്‍ അവിടുന്ന് പ്രാര്‍ഥിച്ചു: 'നമുക്കിതാ പ്രഭാതം വിടര്‍ന്നിരിക്കുന്നു. അതിന്റെ ആധിപത്യം അല്ലാഹുവിനാണ്. അവനാണ് സ്തുതി. അവന് യാതൊരു പങ്കുകാരുമില്ല. അവനല്ലാതെ മറ്റൊരു ഇലാഹുമില്ല. അവനിലേക്കാണ് മടക്കം'. പ്രദോഷത്തിലും ഇതുപോലെ പ്രാര്‍ഥിച്ചിരുന്നു. അല്ലാഹുവിങ്കല്‍ നിന്ന് തനിക്കും കുടുംബത്തിനും ലഭിച്ച രക്ഷയും മനസ്സമാധാനവും നിസ്സാരമായി കാണുന്ന ചിലരുണ്ട്. അവര്‍ അനുഗ്രഹങ്ങളെ പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. സാമ്പത്തിക സുസ്ഥിതിയിലും ഇല്ലായ്മ പെരുപ്പിച്ചു കാണിക്കുന്നു. ഇത് യഥാര്‍ഥ്യത്തെ നിരാകരിക്കലും നിന്ദിക്കലുമാണ്. ഇഹവും പരവും നശിപ്പിക്കലുമാണ്.
ഒരാള്‍ അബ്ദുല്ലാഹിബ്‌നു അംറ്ബ്‌നു ആസിനോട് പറഞ്ഞു: 'ഞാന്‍ നാടും വീടും വിട്ടുവന്ന ദരിദ്ര്യനില്‍പെട്ടുവല്ലോ' അബ്ദുല്ലാഹി ബ്‌നു അംറ് അയാളോട് ചോദിച്ചു: 'താങ്കള്‍ക്ക് അഭയം നല്‍കാന്‍ വല്ല സ്ത്രീയുമുണ്ടോ?' അയാള്‍ പറഞ്ഞു: 'ഉണ്ട്.' വീണ്ടും ചോദിച്ചു: 'താമസിക്കാന്‍ വീടുണ്ടോ?' അയാള്‍ പറഞ്ഞു: 'ഉണ്ട്.' അബ്ദുല്ലാഹി ബ്‌നു അംറ് പറഞ്ഞു: 'താങ്കള്‍ സമ്പന്നരില്‍ പെട്ടവനാണ്. അയാള്‍ തുടര്‍ന്നു: 'എനിക്കൊരു വേലക്കാരനുമുണ്ട്.' അപ്പോള്‍ അബ്ദുല്ലാഹിബ്‌നു അംറ്: 'എന്നാല്‍ താങ്കള്‍ രാജാക്കന്മാരില്‍പെട്ടവനാണ്' (മുസ്‌ലിം). ചിലര്‍ ഉള്ളതില്‍ തൃപ്തിപ്പെടുന്നു. ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും പിറകെ പോകുന്നില്ല. ഇത് ഉന്നതമായ മാനസികാവസ്ഥ. അസ്വസ്ഥതകള്‍ക്കും പ്രയാസങ്ങള്‍ക്കും കാരണമായേക്കാവുന്ന എല്ലാറ്റിനുമെതിരെയുള്ള വിജയത്തിന്റെ രഹസ്യവുമാണിത്്.
അതതു ദിവസത്തില്‍ ജീവിക്കുക എന്നാല്‍ ഭാവി വിസ്മരിക്കണമെന്നോ അതിലേക്കാവശ്യമായ ഒരുക്കങ്ങള്‍ നടത്തേണ്ടന്നോ അല്ല. നാളെയെക്കുറിച്ച് ചിന്തിക്കുകയും അതിനെ ഗൗരവത്തോടെ പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. അത് കാര്യബോധത്തിന്റെയും വിവേകത്തിന്റെയും അടയാളമാണ്. ഭാവിയെ ഗൗരവത്തോടെ വീക്ഷിക്കുന്നതും അതിലേക്കാവശ്യമായ ഒരുക്കങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നതും ആശങ്കയോടും വിറളിപൂണ്ടും അതിനെ പ്രതീക്ഷിച്ചിരിക്കുന്നതും തമ്മില്‍ അന്തരമുണ്ട്. ധൂര്‍ത്ത് തടയുകയും സമ്പാദ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. മനുഷ്യന് ഭാവിയെക്കുറിച്ച നിര്‍ഭയത്വം അത് നല്‍കുന്നു. ആരോഗ്യം രോഗാവസ്ഥയിലേക്കും യുവത്വം വാര്‍ധക്യത്തിലേക്കും സമാധാനം യുദ്ധത്തിലേക്കുമുള്ള ഒരുക്കങ്ങളാണ്. ഒരിക്കല്‍ താബീഈ പ്രമുഖനും സമ്പന്നനുമായ സുഫ്‌യാനു സൗരി മകനോട് പറഞ്ഞു: 'ധനമുണ്ടായിരുന്നില്ലെങ്കില്‍ ഇവര്‍- ബനൂ ഉമയ്യക്കാര്‍ നമ്മെ കെണിയില്‍ പെടുത്തുമായിരുന്നു'. അഥവാ സാമ്പത്തിക ദദ്രത ആ കാലഘട്ടത്തിലെ ഭരണാധികാരികളില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന്. അവരുടെ മുഖസ്തുതി പറയേണ്ട ഗതികേട് അദ്ദേഹത്തിനുണ്ടായില്ല.
അതതു ദിവസത്തെ പരിധിക്കുള്ളില്‍ ജീവിക്കുന്നത് സമാധാനവും സുരക്ഷിത്വവും നല്‍കും. വിജയകരമായ ഭാവിക്ക് അത് അനിവാര്യമാണ്. ഒരോ ദിവസം പിന്നിടുമ്പോള്‍ ആയുസ്സ് കുറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍, നാളെയെ പ്രതീക്ഷിച്ച് അതതു ദിവസത്തെ മനുഷ്യന്‍ വിസ്മരിക്കുന്നു. ആയുസ് കെട്ടടങ്ങുംവരെ അങ്ങനെയങ്ങ് കഴിഞ്ഞുപോകുന്നു. ഒടുവില്‍ യാതൊരു നന്മയും സ്വന്തമാക്കാനാവാതെ യാത്രയാകുന്നു. സ്റ്റീഫന്‍ ലീക്കോ എഴുതി: 'ജീവിതം എത്ര അത്ഭുതകരം! വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന കുട്ടി പറയും, ഞാനിപ്പോള്‍ ബാലനാണ്. പിന്നീടവന്‍ പറയും. യുവാവാണ്. വാര്‍ധക്യം പ്രാപിക്കുമ്പോള്‍ ആയുസ്സിനിടയില്‍ പിന്നിട്ട ഓരോ ഘട്ടങ്ങളിലേക്കും അവന്‍ തിരിഞ്ഞുനോക്കും. അപ്പോഴതാ ശീത കാറ്റ് തന്നെയും കൊണ്ട് അടിച്ചു വീശുന്നതായി അവന് തോന്നുന്നു. ആയുസ്സ് എന്നാല്‍ ഒരോ ദിവസവും ഒരോ മണിക്കൂറും ജീവസുറ്റതാക്കലാണ് യഥാര്‍ഥ ജീവിതമെന്ന പാഠം എല്ലാ അവസരങ്ങളും പാഴാക്കിയശേഷമേ അവന്‍ മനസ്സിലാക്കുന്നുള്ളൂ.'' അല്ലാഹു പറഞ്ഞു: 'അന്ത്യസമയമാകുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്തു പറഞ്ഞുകൊണ്ടിരിക്കും (ഐഹികലോകത്ത്) ഒരു നാഴികയിലധികം കഴിച്ചുകൂട്ടിയിട്ടില്ലെന്ന്' (റൂം 55). 'അന്ത്യദിനം അവര്‍ കാണുന്ന നേരം, ഒരു സായാഹ്നമോ ഒരു പൂര്‍വാഹ്നമോ മാത്രമേ താന്‍ ഭൂമിയില്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂ' (നാസിആത്ത് 46) എന്നാണ് മനുഷ്യന് തോന്നുക.
വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍
[email protected]
Comments