തകരുന്ന വ്യാപാര മൂല്യങ്ങളും വളരുന്ന ലാഭക്കൊതിയും
ധനസമ്പാദനത്തിനു ഇസ്‌ലാം അനുശാസിക്കുന്ന ഏറ്റവും ആശാസ്യമായ രീതിയാണ് കച്ചവടം. പ്രവാചകന്മാര്‍ ഇസ്‌ലാമിനെ ജനസമക്ഷം സമര്‍പ്പിച്ചപ്പോള്‍ കച്ചവടത്തെയും സവിശേഷമായി പരിചയപ്പെടുത്തി. കച്ചവടരംഗം വഷളായ ഒരു സാഹചര്യത്തില്‍ അല്ലാഹു ഒരു പ്രവാചകനെ നിയോഗിച്ച് ആ തിന്മകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയുണ്ടായി.
പ്രവാചകന്‍ മദീനയില്‍ ഒരു ഇസ്‌ലാമിക വ്യവസ്ഥിതിക്ക് രൂപം നല്‍കിയപ്പോള്‍ അവിടെ പള്ളിയോടൊപ്പം സ്ഥാപിച്ചത് ഒരു ചന്തയായിരുന്നു. കച്ചവടത്തിലെ ന്യായാന്യായങ്ങളും സദാചാരങ്ങളും ഒരു ഇസ്‌ലാമിക വ്യവസ്ഥിതിക്കുകീഴില്‍ എങ്ങനെയായിരിക്കണം എന്നു പഠിപ്പിക്കാനായിരുന്നു അത്. ചന്തയെന്ന പൊതു വിപണിയിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ വഴിയില്‍ വെച്ച് വിലയ്ക്കു വാങ്ങുന്നത് പ്രവാചകന്‍ നിരോധിച്ചു. പൊതു വിപണിയില്‍ ഉല്‍പന്നത്തിന്റെ ദൗര്‍ലഭ്യം ഇല്ലാതിരിക്കാനും, അതുവഴിയുള്ള വിലക്കയറ്റം തടയാനുമായിരുന്നു ഇതുപോലുള്ള നടപടി. കച്ചവട വസ്തുക്കളുടെ ഗുണനിലവാരം നേരിട്ടു പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ടാക്കി. മാര്‍ക്കറ്റില്‍ എത്തുന്ന വസ്തുക്കള്‍ക്ക് ഇല്ലാത്ത ഗുണങ്ങള്‍ വിളമ്പി വില്‍ക്കുന്നത് നിരോധിച്ചു.
എന്നാല്‍, കളവ് പറഞ്ഞുള്ള കച്ചവടം സമകാലിക സമൂഹം പൂര്‍ണമായും അംഗീകരിച്ചു കഴിഞ്ഞ മട്ടാണ്. കള്ളക്കച്ചവടത്തോടുള്ള അറപ്പും വെറുപ്പും പൂര്‍ണമായി മാറ്റി അതിനെ ഹലാലിന്റെ പട്ടികയിലേക്ക് പുനഃപ്രതിഷ്ഠ നടത്തിയതില്‍ ഒരു പക്ഷേ നമ്മുടെ നാട്ടിലെ സ്വര്‍ണ കച്ചവടക്കാര്‍ക്കായിരിക്കും മുഖ്യ പങ്ക്. സ്വതന്ത്ര വിപണി നിലവാരമുള്ള സ്വര്‍ണത്തെ ഉരുപ്പടികളാക്കി വില്‍പന നടത്തുന്നവരാണ് സ്വര്‍ണ വ്യാപാരികളില്‍ മഹാ ഭൂരിപക്ഷവും. ഒരു പവന്‍ സ്വര്‍ണത്തെ ഉരുപ്പടിയാക്കി വില്‍ക്കുമ്പോള്‍ അതതു ദിവസത്തെ സ്വര്‍ണ വിലയും ഒരു പവന്റെ സ്വര്‍ണ ഉരുപ്പടിയുടെ നിര്‍മാണ കൂലിയും അവര്‍ ഈടാക്കുന്നു. നിര്‍മാണക്കൂലി എന്ന പേരില്‍ സ്വര്‍ണ വിലയുടെ അഞ്ചു ശതമാനം മുതല്‍ പത്തും പന്ത്രണ്ടും ശതമാനം വരെ ഈടാക്കുന്നുണ്ട് സ്വര്‍ണ വ്യാപാരികള്‍. എന്നാല്‍, ഈ ഉരുപ്പടിയുടെ യഥാര്‍ഥ നിര്‍മാണ കൂലി കേവലം മൂന്നോ അതില്‍ താഴെയോ ശതമാനം മാത്രമാണ് എന്നതാണ് വസ്തുത. ആയിരങ്ങളെ കച്ചവടത്തില്‍ പങ്കാളികളാക്കി വര്‍ഷാവര്‍ഷവും മാസാമാസവും ലാഭം എന്ന പേരില്‍ ഷെയറുടമകള്‍ക്ക് നല്‍കിവരുന്നത് ഇസ്‌ലാം നിഷിദ്ധമാക്കിയ 'കളവ് പറഞ്ഞു കച്ചവടം' ചെയ്തുണ്ടാക്കിയ ഈ വരുമാനമല്ലേ? ഇക്കാര്യം സ്വര്‍ണ വില്‍പനക്കാര്‍ പരസ്യപ്പെടുത്തുകയോ കച്ചവടത്തില്‍ പങ്കുചേര്‍ന്നവരോട് പറയുകയോ ചെയ്യുന്നില്ല.
റിയല്‍ എസ്റ്റേറ്റ് രംഗത്തും കളവും വഞ്ചനയുമൊക്കെ തന്നെയാണ് വ്യാപകമായ മുതല്‍ മുടക്ക്. കളവ് പറഞ്ഞുള്ള കച്ചവടം നേരത്തെ 'ഹലാലാ'ക്കിയ മേഖലയാണ് റിയല്‍ എസ്റ്റേറ്റ് വ്യാപാര മേഖല. ഭൂമിക്കച്ചവടമല്ലേ, അത് കളവ് പറയാതെ നടക്കില്ല-ഇതാണ് ന്യായം. അതിനാല്‍ ഭൂമി കച്ചവടത്തിലെ കൊള്ളരുതായ്മകള്‍ അതിഭീകരമായി വര്‍ധിച്ചുവരുന്നു. വമ്പന്‍ വ്യാപാര സമുച്ചയങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമുണ്ടാക്കി കൃത്രിമ ഉപഭോക്താക്കളെ പ്രതിഷ്ഠിച്ചു വില്‍പനക്ക് ആക്കം കൂട്ടുന്ന രീതി ഇന്ന് സാര്‍വത്രികമാണ്. പൊതുമേഖലാ ബാങ്കുകളുടെയും ചെറുകിട ബാങ്കുകളുടെയും സഹായത്തോടെയാണ് ഈ കൊള്ള വ്യാപകമായി നടക്കുന്നത്. ബാങ്കുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചും പ്രലോഭിപ്പിച്ചും വായ്പയെടുപ്പിച്ച് വാങ്ങിക്കൂട്ടുന്ന ഫ്‌ളാറ്റുകളും വില്ലകളും കഴുത്തില്‍ കുടുങ്ങി മോചനമില്ലാതെ വിലപിക്കുന്ന നിരവധി ഫ്‌ളാറ്റു ഉടമകളും വില്ലാ ഉടമകളും ഇന്ന് കേരളത്തിലുണ്ട്. ലാഭത്തില്‍ വില്‍ക്കാം എന്ന അത്യാഗ്രഹത്തോടെ വില്ലകളും ഫ്‌ളാറ്റുകളും വാങ്ങിക്കൂട്ടുന്ന ഇവര്‍ വഞ്ചിക്കപ്പെടുന്നത് പ്രചാരണങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയുമാണ്.
ആംവേ പോലുള്ള മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ആയിരക്കണക്കിനു കോടികളാണ് കേരളത്തില്‍ നിന്നും മാത്രം തട്ടിയെടുത്തത്. ആംവേ പോലുള്ള കമ്പനികളുടെ പ്രചാരകരായി മതരംഗത്ത് സജീവമായ പണ്ഡിതന്മാര്‍ വരെ ഉണ്ടായിരുന്നു കേരളത്തില്‍ എന്നത് വിചിത്രമാണ്. ഇസ്‌ലാം അനുശാസിച്ച വ്യാപാര രീതിയെ തകിടം മറിച്ചുകൊണ്ട് രംഗത്തുവന്ന ഇത്തരക്കാര്‍ ആംവേ പോലുള്ള കമ്പനികള്‍ക്കെതിരെ വന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. വ്യാപാരം എന്ന ലേബലില്‍ കുടുംബബന്ധങ്ങളെയും സൗഹൃദങ്ങളെയും വരെ വിലയ്ക്കുവാങ്ങിയിരുന്ന മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിംഗ് എന്ന ചൂഷണം എത്രത്തോളം ഇസ്‌ലാമിനന്യമാണ് എന്നു ചിന്തിക്കാന്‍ പലരും തയാറായില്ല.
കച്ചവടം ചെയ്യുക, നാലു കാശുണ്ടാക്കുക ഇതാണ് രീതി. ഈ രീതിക്ക് എന്തു നെറികേടും തൊട്ടു കൂട്ടാം. ഈ അവസ്ഥ മാറേണ്ടതുണ്ട്. കച്ചവടരംഗത്തെ ഇസ്‌ലാമികമായി പരിഷ്‌കരിക്കേണ്ടതുണ്ട്. ഈ രംഗം ശുദ്ധീകരിക്കാന്‍ പണ്ഡിതന്മാര്‍ രംഗത്തുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Comments