Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 02

കുങ്കുമത്തിനും ഹിന്ദുത്വത്തിനുമിടയിലെ ഭീകരതയുടെ മന്ത്

എ. റശീദുദ്ദീന്‍

ഇന്ത്യയില്‍ ഭീകരത വളര്‍ത്തുന്നവരില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമുണ്ടെന്ന് പേരെടുത്തുപറയാന്‍ തയാറായത് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ അപാരമായ ധൈര്യമായിരുന്നു. ഭീകരാക്രമണ കേസുകളില്‍ കേന്ദ്രസര്‍ക്കാറിന്റെ വിവിധ അന്വേഷണ ഏജന്‍സികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മുതിര്‍ന്ന സംഘ്പരിവാര്‍ നേതാക്കളെ ഷിന്‍ഡെ ഇന്നേവരെ ഒരു ചുക്കും ചെയ്തിട്ടില്ലെങ്കിലും ഒന്നുറക്കെ വിളിച്ചുപറയാനെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞല്ലോയെന്ന് നമുക്ക് ആശ്വസിക്കാം. ഇന്ത്യ നടുങ്ങിയ ബോംബുസ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നതെന്ന് സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും അറിയാവുന്ന സത്യമാണെങ്കിലും ഔദ്യോഗിക തലത്തില്‍ സംഘിനെയും കൊലയാളികളെയും കൂട്ടിയോജിപ്പിക്കാന്‍ പാടില്ല, എന്നല്ല ഇത്തരം ആരോപണങ്ങള്‍ പാകിസ്താന്‍ സംഘടനകളെ കുറിച്ചു മാത്രമേ പറയാവൂ എന്നതായിരുന്നു നടപ്പു തത്ത്വം. ഇന്ത്യന്‍ സംഘടനകളെ കുറിച്ചു പറഞ്ഞാല്‍ അത് പാകിസ്താനിലെ ഭീകരവാദികളെ സഹായിക്കുന്നതിന് തുല്യമാണെന്ന മറ്റൊരു സിദ്ധാന്തവും രാജ്യത്തുണ്ടായിരുന്നു. മണിശങ്കര്‍ അയ്യര്‍ നടത്തിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നത് കയ്‌പേറിയ ഈ യാഥാര്‍ഥ്യത്തെയാണ്. ആഭ്യന്തരമന്ത്രിയുടെ കസേരയിലിരുന്ന് പരമമായ ഈ സത്യം വിളിച്ചുപറയാന്‍ തയാറായതിനായിരുന്നു സുശീല്‍കുമാര്‍ ഷിന്‍ഡെയെ അയ്യര്‍ അഭിനന്ദിച്ചത്. പക്ഷേ കോണ്‍ഗ്രസ് വീണ്ടും നിരാശപ്പെടുത്തി. പാര്‍ട്ടി വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദി ഒടുവില്‍ നടത്തിയ വിശദീകരണമനുസരിച്ച് ഷിന്‍ഡെയുടെത് വെറും നാക്കുപിഴ മാത്രമാണ്. മക്കാ മസ്ജിദ്-സംഝോതാ സ്‌ഫോടനങ്ങളെ കുറിച്ചും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരതയെ കുറിച്ചുമാണ്, അല്ലാതെ ഹിന്ദു ഭീകരത എന്നോ കുങ്കുമ ഭീകരത എന്നോ അല്ല അദ്ദേഹം ഉദ്ദേശിച്ചതെന്നുമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ഔദ്യോഗിക വിശദീകരണം.
പാകിസ്താനെ സഹായിച്ചു എന്ന സംഘ്പരിവാര്‍ ആരോപണം തന്നെയാണ് കോണ്‍ഗ്രസിനെ പിന്‍കാലില്‍ നിര്‍ത്തിയത്. അതേസമയം ചരിത്രത്തിലെ ദാരുണമായ ചില തമാശകള്‍ ഈ ബഹളത്തിനിടയില്‍ എല്ലാവരും മറന്നുപോവുകയും ചെയ്തു. പാകിസ്താനിലെ ഭീകരര്‍ക്കു പ്രിയപ്പെട്ടവനായി നമ്മുടെ ആഭ്യന്തരമന്ത്രി മാറിയെന്ന് ആര്‍.എസ്.എസ് വക്താവ് റാം മാധവ് പ്രസ്താവനയിറക്കുമ്പോള്‍ സല്‍മാന്‍ ഖുര്‍ഷിദ് വിറളി പിടിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഏത് ഭീകരര്‍ എന്ന് ആര്‍.എസ്.എസ് നേതാവിനോട് തിരികെ ചോദിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഭീകരര്‍ക്കു പ്രിയങ്കരനായി മാറിയ ആദ്യത്തെയാള്‍ എന്തായാലും ഷിന്‍ഡെ ആയിരുന്നില്ല. ജംഇയ്യത്തു ദഅ്‌വ നേതാവ് ഹാഫിസ് സഈദിനെയാണ് റാം മാധവ് ഉദ്ദേശിച്ചതെങ്കില്‍ അദ്ദേഹം മാത്രമല്ലല്ലോ ആ അര്‍ഥത്തില്‍ പാകിസ്താനിലുള്ള ഏക ഭീകരന്‍. ജയ്‌ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിനെ കുറിച്ച് എന്തുപറയാനുണ്ട് ആര്‍.എസ്.എസിനും ബി.ജെ.പിക്കും? ഹാഫിസ് സഈദിന് ഷിന്‍ഡെയോടുള്ളതിനേക്കാള്‍ പ്രിയം മസ്ഊദ് അസ്ഹറിന് ആര്‍.എസ്.എസിന്റെ ഉരുക്കു മനുഷ്യനായ എല്‍.കെ അദ്വാനിയോടാവാനേ തരമുള്ളൂ. ഒരു കാലത്ത് തിഹാര്‍ ജയിലിലായിരുന്ന ഈ മസ്ഊദ് അസ്ഹറിനെ അഹ്മദ് ഉമര്‍ സഈദ് ശെഖ്, മുശ്താഖ് അഹ്മദ് സര്‍ഗര്‍ എന്നീ രണ്ട് കൊടും തീവ്രവാദികള്‍ക്കൊപ്പം മോചിപ്പിച്ച് കാണ്ഡഹാറില്‍ കൊണ്ടുപോയി ഇറക്കിവിട്ടത് ഏത് ആഭ്യന്തരമന്ത്രിയുടെ കാലത്തായിരുന്നു? ഏത് കാബിനറ്റ് മന്ത്രിയാണ് അന്ന് ഈ ഭീകരന്മാരെയും കൊണ്ട് കാണ്ഡഹാറില്‍ വിമാനമിറങ്ങിയത്? ആര്‍.എസ്.എസുമായി ഒരു ബന്ധവുമില്ലാത്ത ആളുകളാണോ ജസ്വന്ത് സിംഗും അദ്വാനിയുമൊക്കെ? ഈ കാപട്യം ചോദ്യം ചെയ്യാന്‍ പക്ഷേ ജനാര്‍ദ്ദന്‍ ദ്വിവേദിമാരെ പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. ഭീകരരെ ജയിലില്‍ നിന്ന് തുറന്നുവിട്ട എന്‍.ഡി.എ ഭരണകൂടത്തോടില്ലാത്ത കൂറ് അവര്‍ക്കെങ്ങനെ മന്‍മോഹന്‍ സിംഗിനോടും സോണിയാ ഗാന്ധിയോടുമുണ്ടാവാന്‍ എന്ന് തിരികെ ചോദ്യമുന്നയിക്കുന്നതിനുപകരം കോണ്‍ഗ്രസ് പിന്നോട്ട് മാറുകയാണ്.
ബി.ജെ.പിയെ കുറിച്ചും ആര്‍.എസ്.എസിനെ കുറിച്ചും പറയുമ്പോള്‍ നേര്‍ക്കുനേരെ അതിനെ രാജ്യസുരക്ഷയുമായി കൂട്ടിക്കെട്ടുന്ന ഈ ഏര്‍പ്പാട് കാണ്ഡഹാര്‍ സംഭവത്തിനു ശേഷമെങ്കിലും ഇന്ത്യ അവസാനിപ്പിക്കേണ്ടിയിരുന്നു. പക്ഷേ ഇപ്പോഴും സംഘ്പരിവാറിനെ തൊടുമ്പോള്‍ രാജ്യത്തിനാണ് പൊള്ളുന്നത്. ആഭ്യന്തരമന്ത്രിയുടെ കസേരയിലിരുന്ന് ഇതിനേക്കാള്‍ അല്‍പ്പം കനം കുറഞ്ഞ പ്രസ്താവനയിലൂടെ 'കുങ്കുമ ഭീകരത'യെ കുറിച്ചു പറഞ്ഞതു തൊട്ടായിരുന്നു മുന്‍ ആഭ്യന്തരമന്ത്രി ചിദംബരത്തിന് മാധ്യമങ്ങളുടെ അടിയേല്‍ക്കാനാരംഭിച്ചത്. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും ഇപ്പോള്‍ ഷിന്‍ഡെ ചെയ്തതുപോലെ ചിദംബരം നേര്‍ക്കു നേരെ കുറ്റപ്പെടുത്തിയിരുന്നില്ല. എന്നിട്ടും ബി.ജെ.പിയെ പേടിച്ച് ചിദംബരത്തെ കോണ്‍ഗ്രസ് അടക്കിയിരുത്തി. അദ്ദേഹത്തിന് പിന്നീട് കസേര മാറേണ്ടിയും വന്നു, മറ്റുപലതുമാണ് പുറത്തുപറഞ്ഞ കാരണമെങ്കിലും. പക്ഷേ ഒന്നാം യു.പി.എ സര്‍ക്കാറിന്റെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീലിന് കസേര നഷ്ടപ്പെട്ടതിന്റെ ഒറ്റക്കാരണം ഭീകരാക്രമണങ്ങളെ കുറിച്ച സത്യം തെളിയിക്കാന്‍ ഔദ്യോഗിക പദവിയിലിരുന്ന് സമ്മതം മൂളിയതു തന്നെയായിരുന്നു. മഹാരാഷ്ട്രയിലെ മുന്‍ എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കരെക്ക് കേസന്വേഷണവുമായി മുന്നോട്ടു പോകാന്‍ പാട്ടീലായിരുന്നു അനുവാദം നല്‍കിയത്. സ്വന്തം ജീവിതം ബലിയര്‍പ്പിച്ച കര്‍ക്കരെയാണ് സംഘ് ഭീകരതക്ക് ആദ്യത്തെ കടിഞ്ഞാണിട്ടതും ഇന്ത്യയെ എത്രയോ പില്‍ക്കാല ദുരന്തങ്ങളില്‍ നിന്ന് രക്ഷിച്ചതും. അപമാനിതനായി, കഴിവുകെട്ട മന്ത്രിയെന്ന ദുഷ്‌പേര് ഏറ്റുവാങ്ങി സജീവ രാഷ്ട്രീയത്തില്‍ നിന്നും നിഷ്‌ക്രമിക്കേണ്ട ദുരവസ്ഥ പാട്ടീലിനുമുണ്ടായി. പക്ഷേ സമാനമായ സാഹചര്യങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ ചെന്നുപെട്ടപ്പോഴോ? പാര്‍ലമെന്റ് ആക്രമണകാലത്തും കാണ്ഡഹാര്‍ സംഭവകാലത്തും എല്‍.കെ അദ്വാനിയെ താങ്ങിയ അതേ മാധ്യമങ്ങളാണ് പാട്ടീലിനെ പുകച്ചു പുറത്തുചാടിക്കാന്‍ ഒരുമ്പെട്ടിറങ്ങിയതെന്ന കാപട്യമാണ് ബാക്കിയായത്.
സ്വന്തമായി വെബ്‌സൈറ്റും വക്താവുമുള്ള ലശ്കറെ ത്വയ്ബ മുതല്‍ പോലീസുകാരുടെ പ്രസ്താവനകളില്‍ മാത്രം കേട്ടു പരിചയിച്ച ഇന്ത്യന്‍ മുജാഹിദീന്‍ വരെയുള്ളവര്‍ നടത്തിയ ഭീകരാക്രമണ കഥകള്‍ കേട്ടു തഴമ്പിച്ച ഇന്ത്യയിലെ ജനസാമാന്യത്തിന് ഷിന്‍ഡെ ഇപ്പോള്‍ പറഞ്ഞ വിവരം അമ്പരപ്പിക്കുന്നതായിരിക്കാം. ലശ്കര്‍ പറഞ്ഞതും ഇന്ത്യന്‍ മുജാഹിദീന്‍ പറഞ്ഞതുമൊക്കെ പോലീസുകാരുടെ വായ കൊണ്ടാണ് ഇത്രയും കാലം ഇന്ത്യ കേട്ടത്. വളരെ അടുത്ത കാലത്തു മാത്രമാണ് അസിമാനന്ദയെയും ലോകേഷ് ശര്‍മ്മയെയും പോലെ, ചെയ്തവര്‍ നേര്‍ക്കുനേരെ പറയാന്‍ തുടങ്ങുന്നത്. ഈയിടെയായി ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ചിലതില്‍ വലതുപക്ഷ ഭീകരതയെ കുറിച്ച കേസന്വേഷണം നന്നായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ടെങ്കിലും ഭാഷാ ദിനപത്രങ്ങളിലും ഹിന്ദി പത്രങ്ങളിലും ഈ വിവരങ്ങള്‍ അത്രകണ്ട് പ്രത്യക്ഷപ്പെടുന്നില്ല. ഇപ്പോള്‍ പോലും ഷിന്‍ഡെ പറഞ്ഞതു പാതി യാഥാര്‍ഥ്യം മാത്രമേ ആകുന്നുള്ളൂ. ചില മസ്ജിദ് സ്‌ഫോടനങ്ങളും ഒരു സംഝോത സ്‌ഫോടനവും മാത്രമാണ് കുങ്കുമ ഭീകരതയുടെ പെട്ടിയില്‍ ഇപ്പോഴും വരവു വെക്കപ്പെടുന്നത്. ദല്‍ഹി സ്‌ഫോടനങ്ങള്‍, മുംബൈ തീവണ്ടി സ്‌ഫോടനങ്ങള്‍, വാരണാസി, അയോധ്യ സ്‌ഫോടനങ്ങള്‍ മുതലായവയെ കുറിച്ച ദുരൂഹതകള്‍ ഇന്നും ബാക്കിയാണ്. ലശ്കര്‍ പ്രതികളെ കൂട്ടില്‍ നിര്‍ത്തി വിചാരണ നടത്തിയ അര ഡസനോളം കേസുകളില്‍ കോടതി തള്ളിക്കളഞ്ഞവയുമുണ്ട്. പ്രതിയാരെന്ന് ഇനിയും കണ്ടെത്താനുള്ള കേസുകളാണ് അവയെന്ന് ചുരുക്കം. ഖോരക്പൂരിലെ എം.പിയും ഹിന്ദു യുവവാഹിനി നേതാവുമായ യോഗി ആദിത്യനാഥ് മുതല്‍ ആര്‍.എസ്.എസ് കേന്ദ്രകാര്യകാരിണി അംഗം ഇന്ദ്രേഷ് കുമാര്‍ വരെ വിവിധ അന്വേഷണ ഏജന്‍സികളുടെ റഡാറില്‍ പതിഞ്ഞ ധൂമകേതുക്കളാണ്. എല്ലാ സ്‌ഫോടനങ്ങളുടെയും മാതാവായ 2001ലെ പാര്‍ലമെന്റ് ആക്രമണം ഉന്നതങ്ങളിലെ ഒത്താശയോടെ അരങ്ങേറിയ നാടകമായിരുന്നുവെന്ന് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കിയിട്ടും, അതാണ് ബി.ജെ.പി എന്ന സംഘടനയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഏറ്റവും മികച്ച അവസരം എന്ന് വ്യക്തമായിരുന്നിട്ടും വെറുതെ പ്രസ്താവന നടത്തി സമയം പാഴാക്കുകയല്ലേ യു.പി.എ?
സ്വന്തം പ്രസിഡന്റിന്റെ കാര്യത്തില്‍ അഴിമതിയുടെ കറപുരണ്ട് നാണം കെട്ടുനിന്ന ബി.ജെ.പിക്ക് ഗഡ്കരിയില്‍ നിന്ന് രാജ്‌നാഥിലേക്കുള്ള മാറ്റം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ഒരു കാരണം വേണ്ടിയിരുന്നു. അതവര്‍ നന്നായി ഉപയോഗിച്ചു എന്നു മാത്രം. കോണ്‍ഗ്രസിനകത്ത് ഷിന്‍ഡെക്ക് എന്തു സംഭവിക്കുമെന്ന് ഇതെഴുതുന്ന ദിവസത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് പറയാനാവില്ല. ഒരു ദിഗ്‌വിജയ് സിംഗ് മാത്രമാണ് അദ്ദേഹത്തെ ഭാഗികമായെങ്കിലും തുണക്കാനുള്ളത്. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും പാര്‍ട്ടിയുടെ പുതിയ ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയും മിണ്ടിയിട്ടില്ല. ദ്വിവേദിയാവട്ടെ പിന്നില്‍ നിന്ന് കുത്തുകയും ചെയ്തു. കോണ്‍ഗ്രസ് എന്ന മൃദുഹിന്ദുത്വ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും ഇരട്ടത്താപ്പായിരുന്നു ഇത്. പച്ചക്കു മതേതരത്വം പറയുമ്പോള്‍ അകത്തുനിന്നും പുറത്തുനിന്നും ആ പാര്‍ട്ടിയിലുള്ളവര്‍ക്ക് ഒരുപോലെ താപ്പാനകളെ ഭയക്കേണ്ടി വന്നിരുന്നു. പാര്‍ട്ടിക്കകത്തെ പകല്‍ മാന്യന്മാരും ഇന്ത്യന്‍ മാധ്യമങ്ങളും ഒരുപോലെയാണ് ഇത്തരം ഘട്ടങ്ങളില്‍ സംഘ്പരിവാറിനെ സഹായിക്കാനെത്തുന്നത്. അതേ നിലപാട് തന്നെയാണ് ഷിന്‍ഡെയുടെ പ്രസ്താവനക്കു ശേഷവും കാണാനാവുന്നത്. ഉത്തരേന്ത്യന്‍ പത്രങ്ങളെ മാത്രമായി എന്തിനു കുറ്റം പറയണം? ഷിന്‍ഡെയുടെ പ്രസ്താവനയെ മലയാള മനോരമയും മാതൃഭൂമിയും വെബ്‌സൈറ്റില്‍ നിന്നും വിദേശ എഡിഷനുകളില്‍ നിന്നും ആദ്യ ദിവസം ഒഴിവാക്കിയത് ശ്രദ്ധിക്കുക. പിറ്റേ ദിവസം ബി.ജെ.പിയുടെ പ്രതികരണം തലക്കെട്ടായി ലോകം മുഴുവന്‍ അടിച്ചു വീശിയതും ഇതേ മാധ്യമങ്ങള്‍. ഭീകരതയെ കുറിച്ച് തങ്ങള്‍ ഇത്രയും കാലം പടച്ചുണ്ടാക്കിയ കഥകള്‍ പാഴിലാവുന്നതിലെ ദുഃഖം കൊണ്ടായിരിക്കാം! ഇത് അവരുടെ മാത്രം കുറ്റമല്ല. സൂക്ഷ്മമായ വിശകലനത്തില്‍ സുശീല്‍കുമാര്‍ ഷിന്‍ഡെയെ കോണ്‍ഗ്രസ് പോലും പ്രോത്സാഹിപ്പിക്കുകയല്ല ചെയ്തത്. അദ്ദേഹത്തെ പാര്‍ട്ടി പരസ്യമായി തള്ളിപ്പറയുന്നില്ല എന്നു മാത്രം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇത്രക്കു വലിയ ഒരു സത്യം വിളിച്ചുപറയുമ്പോള്‍ അതിനെ കൂട്ടംകൂടി ഏറ്റുപിടിക്കാന്‍ കോണ്‍ഗ്രസ് എന്ന സംഘടന രംഗത്തിറങ്ങിയില്ല എന്നതു തന്നെയാണ് അമ്പരപ്പിക്കുന്ന വസ്തുത. ജനുവരി 24 മുതല്‍ ബി.ജെ.പി നാടൊട്ടുക്ക് പ്രതിഷേധ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് മുസ്‌ലിം ഭീകരതയെ കുറിച്ച പഴയ വര്‍ഗീയ വിഷപ്രചാരണത്തെ ജ്വലിപ്പിക്കാന്‍ രംഗത്തിറങ്ങുകയാണ്. പക്ഷേ മറിച്ചുള്ള വിശദീകരണവുമായി കോണ്‍ഗ്രസിന്റെ വക ഒരു പൊതുയോഗം പോലും ഇന്ത്യാ മഹാരാജ്യത്ത് നടക്കാന്‍ പോകുന്നില്ല.
ഇസ്‌ലാമിക ഭീകരത എന്ന പദപ്രയോഗം അദ്വാനിയുടെ ഭരണകാലത്ത് നിരുപാധികം ഉപയോഗിച്ച മാധ്യമങ്ങളാണ് ഇന്ന് 'കുങ്കുമഭീകരത' എന്ന വാക്കിനെതിരെ കോലാഹലമുണ്ടാക്കുന്നത്. 'ഇസ്‌ലാമീ ആതംഗവാദ്' എന്ന പ്രയോഗം ഉപയോഗിക്കാത്ത എത്ര നേതാക്കളുണ്ട് ബി.ജെ.പിയില്‍? 'കുങ്കുമം' ഭീകരതയുടെ വിപരീതമാണ് എന്ന സുഷമാ സ്വരാജിന്റെ ട്വിറ്റര്‍ പ്രയോഗവും അത് സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രതീകമാണെന്ന രവിശങ്കര്‍ പ്രസാദിന്റെ അവകാശവാദവും ഏറ്റുപിടിക്കുന്നതിനുമപ്പുറം സ്വന്തം നിലയില്‍ ഒരു മാധ്യമവും കാവി ഭീകരതയെ കുറിച്ച അന്വേഷണം നടത്തുന്നില്ല. 'ഹിന്ദുത്വ ഭീകരത' എന്ന പ്രത്യയശാസ്ത്ര ആഭിമുഖ്യമുള്ള പദപ്രയോഗം ഉപയോഗിക്കാനുള്ള ആംപിയര്‍ അപൂര്‍വം ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കു മാത്രമേ ഉണ്ടായിട്ടുള്ളൂ. ബി.ജെ.പിയുടെ ആ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ താങ്ങി നിര്‍ത്തുകയാണ് മഹാഭൂരിപക്ഷം മാധ്യമങ്ങള്‍ക്കും രാജ്യസുരക്ഷയുടെ അനിവാര്യമായ ബാധ്യതയായി മാറുന്നത്.
ഇന്ത്യന്‍ പൊതുജീവിതത്തിന് കൃത്യമായ രാഷ്ട്രീയബോധം നല്‍കാനാണ് ഷിന്‍ഡെ ആഗ്രഹിക്കുന്നതെങ്കില്‍ ഈ പ്രസംഗം ഒരു തുടക്കം മാത്രമേ ആകുന്നുള്ളൂ. 2014ലെ തെരഞ്ഞെടുപ്പിനെ മൃദുഹിന്ദുത്വവും തീവ്രഹിന്ദുത്വവും തമ്മിലുള്ള പോരാട്ടമായി മാറ്റുകയല്ല ലക്ഷ്യമെങ്കില്‍, ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ മതേതര ഇന്ത്യയും ഹിന്ദുത്വ ഇന്ത്യയും തമ്മിലുളള പോരാട്ടമായാണ് മാറ്റേണ്ടതെങ്കില്‍, സംഘ്പരിവാര്‍ ഭീകരതയെ പ്രത്യയശാസ്ത്രപരമായി നേരിടാന്‍ ഇന്ത്യന്‍ പൊതുസമൂഹത്തെ സജ്ജമാക്കുകയാണ് കോണ്‍ഗ്രസും ഷിന്‍ഡെയും ചെയ്യേണ്ടത്. ഒരുപക്ഷേ ഷിന്‍ഡെക്ക് മറ്റാരെക്കാളും അറിയാനിടയുള്ള നൂറുകണക്കിന് സത്യങ്ങള്‍ കേസന്വേഷകരുടെ ഫയലുകളിലുണ്ട്. അതൊന്നും പുറത്തുപറയാന്‍ ധൈര്യമില്ലാതെ രാജ്യസുരക്ഷയെ കുറിച്ച വലിയ കുറെ സത്യങ്ങള്‍ ഒറ്റ പ്രസ്താവനയിലൊതുക്കി മുങ്ങുകയല്ല ഇനിയെങ്കിലും ആഭ്യന്തരമന്ത്രി ചെയ്യേണ്ടത്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍