Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 02

ബലാത്സംഗത്തിനുള്ള ശിക്ഷ

കെ. അബ്ദുല്ല ഹസന്‍

ഈയിടെ ദല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗം രാജ്യത്തൊട്ടാകെ ചലനം സൃഷ്ടിച്ചിരിക്കുകയാണല്ലോ. ഈ പശ്ചാത്തലത്തില്‍ ശരീഅത്ത് നിയമങ്ങള്‍ വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നു. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്കു ശിക്ഷ കടുത്തതാകണമെന്നും വേണമെങ്കില്‍ ഇസ്‌ലാമിക ശരീഅത്ത് പറയുന്ന ക്രൂരമായ ശിക്ഷാവിധികള്‍ തന്നെ നടപ്പിലാക്കാമെന്നും മുസ്‌ലിംകളല്ലാത്തവര്‍ തന്നെ തുറന്നു പറയുന്നു. യഥാര്‍ഥത്തില്‍ എന്താണ് ഇസ്‌ലാമില്‍ ബലാത്സംഗത്തിനുള്ള ശിക്ഷ? ഇത്തരം നീചവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം എന്ത് മുന്‍കരുതലുകളാണെടുക്കേണ്ടത്? അധാര്‍മികതയും മൂല്യച്യുതിയും തിമിര്‍ത്താടുന്ന നമ്മുടെ നാട്ടില്‍ ശരീഅത്ത് നിയമങ്ങള്‍ കൊണ്ട് തടയാന്‍ കഴിയുന്നതാണോ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍?

ദല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗം രാജ്യത്ത് അസാധാരണമോ അതിശയകരമോ ആദ്യത്തേതോ അവസാനത്തേതോ അല്ല. നാട്ടിലുടനീളം നാഴികക്ക് നാല്‍പതുവട്ടം നടന്നുവരുന്ന സംഭവങ്ങളുടെ സാധാരണമായ ആവര്‍ത്തനം മാത്രം. ദല്‍ഹിയില്‍ എന്തോ കാരണത്താല്‍ കുറച്ചാളുകള്‍ ആര്‍ജവമില്ലാത്ത പോലീസിനും ജീവനില്ലാത്ത നിയമത്തിനുമെതിരില്‍ സംഘടിക്കാന്‍ ഇടവന്നതിനാല്‍ മീഡിയക്ക് അതൊരു വിഷയമായി. അവരുടെ കൈയില്‍ കിട്ടിയപ്പോള്‍ പതിവുപോലെ അല്‍പം എരിവും പുളിയും ചേര്‍ത്തു. അപ്പോഴാണതില്‍ 'ശരീഅത്തിന്റെ ക്രൂരത'യും പൗരസ്ത്യ മതങ്ങളുടെ 'പിന്തിരിപ്പത്തവും' മറ്റും മറ്റും വിഷയമായത്.
ഒരു പാവം പെണ്‍കുട്ടിയെ കുറെ നരാധമന്മാര്‍ ചേര്‍ന്ന് കൂട്ടമായി ബലാത്സംഗം ചെയ്യുകയും അവളുടെ മരണത്തിനു വരെ അത് കാരണമാവുകയും ചെയ്യുന്നത് നിസ്സാരമായ കാര്യമാണെന്ന് ആരും പറയുകയില്ല. തീവണ്ടിയിലും ബസ്സിലും ഒഴിഞ്ഞ വീടുകളിലും മറ്റുമൊക്കെ ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കേരളത്തില്‍തന്നെ ഒരു പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് ഊര്‍ധ്വന്‍ വലിക്കുന്ന ആ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം കഴിഞ്ഞിട്ട് അധികമൊന്നും കാലമായിട്ടില്ല. അത്യന്തം ഹീനവും പൈശാചികവുമായ ഇത്തരം കുത്സിതവൃത്തികള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അത് പരമാവധി കുറക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്നാണ് നാം ആദ്യമായി ചിന്തിക്കേണ്ടത്.
നാം പുരോഗതിയുടെ അടയാളമായി പാടിപ്പുകഴ്ത്തുകയും ഇഞ്ചോടിഞ്ച് പിന്തുടരുകയും ചെയ്യുന്ന പാശ്ചാത്യ സംസ്‌കാരത്തിന് ഇതില്‍ കാര്യമായ പങ്കില്ലേ? ലോകത്ത് ഏറ്റവും കൂടുതല്‍ കൂട്ട മാനഭംഗം നടക്കുന്നത് സ്വീഡനിലാണ്. പിന്നെ അമേരിക്ക, ബല്‍ജിയം, ന്യൂസിലാന്റ്, നോര്‍വെ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍. 2004-ലെ ഒരു കണക്കനുസരിച്ച് അമേരിക്കയില്‍ ഓരോ 90 സെക്കന്റിലും ഒരു സ്ത്രീ മാനഭംഗത്തിനിരയാവുന്നുണ്ട്. പൗരസ്ത്യ രാജ്യങ്ങളില്‍ പൊതുവെയും ഇസ്‌ലാമിക രാജ്യങ്ങളില്‍ പ്രത്യേകിച്ചും ഇത്തരം അതിക്രമങ്ങള്‍ ആപേക്ഷികമായി വളരെ കുറവാണ്. എന്താണതിനു കാരണമെന്നത് പഠനവിധേയമാക്കേണ്ടതല്ലേ? വിവാഹബാഹ്യമായ ലൈംഗിക ബന്ധം പരസ്പരം സമ്മതത്തോടെയാണെങ്കില്‍ ഒരു കുറ്റമായിത്തന്നെ പാശ്ചാത്യര്‍ കാണുന്നില്ല. അതിനാല്‍ അത്തരം ബന്ധങ്ങള്‍ക്ക് സൗകര്യപ്രദമാവുന്ന വിധത്തിലാണ് അവരുടെ സാമൂഹിക സംവിധാനം. അശ്ലീലമെന്ന് നമുക്ക് തോന്നുന്ന വസ്ത്രധാരണം, ഇടകലര്‍ന്നതും മറയില്ലാത്തതുമായ കൂട്ടുജീവിതം,സഹവിദ്യാഭ്യാസം, കലയുടെ പേരില്‍ അരങ്ങേറുന്ന ആഭാസങ്ങള്‍, നിരോധങ്ങളും വിലക്കുകളുമില്ലാത്ത ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍, അശ്ലീല പരസ്യങ്ങള്‍ തുടങ്ങിയ പാശ്ചാത്യ സംസ്‌കാരത്തിന്റെ ഉല്‍പന്നങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്കു കാരണമാവുന്നുണ്ടെന്ന കാര്യം ആര്‍ക്കാണ് നിഷേധിക്കാന്‍ സാധിക്കുക. നമ്മുടെ നാടും അവരോടാണ് ചേര്‍ന്നു നില്‍ക്കുന്നത്. ആ സംസ്‌കാരത്തെ അതേപടി പുല്‍കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ദുഷ്ഫലങ്ങളും സ്വാഭാവികമായി നാം ഏറ്റുവാങ്ങേണ്ടിവരും. എന്നാല്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ ഇത്തരം അശ്ലീല പ്രദര്‍ശനം എന്തിന്റെ പേരിലാണെങ്കിലും അനുവദിക്കപ്പെടുകയില്ല. മുഖവും മുന്‍കൈയുമൊഴികെയുള്ള മുഴുവന്‍ ശരീരഭാഗങ്ങളും സൗന്ദര്യവും മറച്ചുകൊണ്ടല്ലാതെ ഒരു മുസ്‌ലിം സ്ത്രീ പുറത്തിറങ്ങുകയില്ല. പൊതുവില്‍ പൗരസ്ത്യ സംസ്‌കാരം തന്നെ അശ്ലീല പ്രകടനങ്ങള്‍ക്കെതിരാണ്.
ഇത്തരം അത്യാചാരങ്ങള്‍ക്ക് നാം നല്‍കിവരുന്ന ശിക്ഷയുടെ ലാഘവത്വമാണ് മറ്റൊരു കാര്യം. ഒരു പെണ്‍കുട്ടിയെ നിഷ്ഠുരമായി പീഡിപ്പിച്ചു മാനഭംഗപ്പെടുത്തുകയും അത് കൊലയില്‍ കലാശിക്കുകയും ചെയ്താല്‍ പോലും ഏതാനും വര്‍ഷങ്ങളില്‍ ഒതുങ്ങുന്ന ജയില്‍ശിക്ഷ കൊണ്ട് രക്ഷപ്പെടാം. എന്നാല്‍, സംസ്‌കാരശൂന്യവും നിഷ്ഠുരവുമായ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്‌ലാം കടുത്ത ശിക്ഷ തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. ലൈംഗികമായ കൈയേറ്റങ്ങളെയും മാനഭംഗത്തെയും വ്യഭിചാരമായി കാണുന്നവരാണ് ചില മുസ്‌ലിം പണ്ഡിതന്മാര്‍. ഇമാം അബൂഹനീഫ, സൗരി എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു. കുറ്റവാളി വിവാഹിതനാണെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം അവനെ പരസ്യമായി എറിഞ്ഞുകൊല്ലണമെന്നും അവിവാഹിതനാണെങ്കില്‍ നൂറടി നല്‍കി ഒരു വര്‍ഷം നാടുകടത്തണമെന്നും അവര്‍ പറയുന്നു. ഇരകള്‍ക്ക് ചില പാശ്ചാത്യര്‍ പ്രചരിപ്പിക്കുന്നപോലെ ശിക്ഷയൊന്നും ഇസ്‌ലാം വിധിച്ചിട്ടില്ല. എന്നല്ല, ഇമാം മാലിക്കിന്റെയും മറ്റു പല പണ്ഡിതന്മാരുടെയും വീക്ഷനണത്തില്‍ അതുപോലുള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹ സന്ദര്‍ഭത്തില്‍ സാധാരണ നാട്ടില്‍ ലഭിക്കുന്ന മഹ്ര്‍ (തത്തുല്യ മഹ്ര്‍) കുറ്റവാളിയില്‍നിന്ന് ഈടാക്കി അവര്‍ക്ക് നല്‍കാന്‍ കോടതിക്ക് ബാധ്യതയുണ്ട്. പക്ഷേ, ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ വ്യഭിചാരക്കുറ്റം കോടതിയില്‍ തെളിയിക്കപ്പെടുക ക്ഷിപ്രസാധ്യമല്ല. കുറ്റവാളി സ്വയം തെറ്റ് സമ്മതിക്കുന്നില്ലെങ്കില്‍, സംഭവം നേര്‍ക്കുനേരെ കണ്ണുകൊണ്ട് കണ്ട നാല് ദൃക്‌സാക്ഷികള്‍ വേണം കുറ്റം തെളിയിക്കപ്പെടാന്‍. അത്യപൂര്‍വമായി മാത്രമേ ഇത് സംഭവിക്കാനിടയുള്ളൂ. അല്ലെങ്കില്‍ കുറ്റവാളി അത്രയും അധമനാവണം. മാത്രമല്ല, ഉഭയസമ്മതത്തോടെ നടക്കുന്ന വ്യഭിചാരത്തെപ്പോലെയല്ല ബലാത്സംഗമെന്ന കൈയേറ്റങ്ങള്‍. അതിനാല്‍ ഭീഷണിപ്പെടുത്തിയുള്ള കൈയേറ്റങ്ങളെ നാട്ടില്‍ നാശം വിതക്കുന്ന അക്രമവും തട്ടിക്കൊണ്ട് പോവലും കൊള്ളയുമായിട്ടാണ് (ഹിറാബ്) ഗണിക്കേണ്ടതെന്ന് മക്കയിലെ ഉന്നത പണ്ഡിത സമിതി അഭിപ്രായപ്പെടുന്നു. ഇവിടെ കുറ്റവാളി തെറ്റ് സമ്മതിക്കുന്നില്ലെങ്കില്‍ കുറ്റം തെളിയിക്കാന്‍ രണ്ട് സാക്ഷികളേ വേണ്ടതുള്ളൂ. സാഹചര്യത്തെളിവുകളുണ്ടായാലും മതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റവാളി വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യണമെന്നാണ് വിശുദ്ധ ഖുര്‍ആന്റെ കല്‍പന (അല്‍മാഇദ 33). ഇതില്‍ ഏത് വേണമെന്ന് കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് അപ്പപ്പോള്‍ കോടതിക്ക് തീരുമാനിക്കാം. ഇത്തരം കടുത്ത ശിക്ഷകള്‍ കുറ്റകൃത്യങ്ങളില്‍ കുറവ് വരുത്തുന്ന മുഖ്യ ഘടകമാണെന്ന് പറയേണ്ടതില്ല. അതുകൊണ്ടാണല്ലോ പൊതുവെ ഇസ്‌ലാമിക ശിക്ഷാവിധികളെ ക്രൂരമെന്ന് ആക്ഷേപിക്കുന്നവര്‍ പോലും, അവസരം വരുമ്പോള്‍ പ്രതികള്‍ക്ക് അത്തരം കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. വാസ്തവത്തില്‍ കടുത്ത കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നാണ് എല്ലാവരുടെയും മനസ്സ് പറയുന്നത്
അധാര്‍മികതയും മൂല്യച്യുതിയും നമ്മുടെ നാട്ടില്‍ പാശ്ചാത്യരെ അപേക്ഷിച്ച് അത്ര കൂടുതലൊന്നുമല്ല. പക്ഷേ, പുരോഗതിയുടെ പേരില്‍ അവരെ നാം ചാണിനു ചാണായും മുഴത്തിനു മുഴമായും അനുകരിക്കുമ്പോള്‍ അതിന്റെ നേട്ടങ്ങളോടൊപ്പം (അങ്ങനെ വല്ലതുമുണ്ടെങ്കില്‍) കോട്ടങ്ങളും നാം അനുഭവിച്ചേ മതിയാവൂ.
സാമൂഹിക സംസ്‌കരണത്തിന് ഇസ്‌ലാം ചില ശിക്ഷാ വിധികള്‍ മാത്രം നല്‍കി കുത്തിയിരിക്കുകയല്ല. ശിക്ഷാ വിധികള്‍ അവസാനത്തേതാണ്. നിയമങ്ങള്‍ കൊണ്ട് മാത്രം ഒരു സമൂഹത്തെ ഉദ്ധരിക്കാന്‍ കഴിയുമെന്ന് ഇസ്‌ലാം ധരിക്കുന്നില്ല. ധാര്‍മികമായ ഒരു ചട്ടക്കൂട്ടില്‍ സമൂഹത്തെ ഭദ്രമായി വളര്‍ത്തുന്നതിനാവശ്യമായ മറ്റനേകം നിര്‍ദേശങ്ങള്‍ അതിനു സമര്‍പ്പിക്കാനുണ്ട്. ചരിത്രത്തില്‍ ഒരിക്കല്‍ അത് പ്രായോഗികമായിട്ടുണ്ടെങ്കില്‍ ഇനിയും അത് പ്രായോഗികമാവുകയില്ലെന്ന് പറയാന്‍ ന്യായമൊന്നുമില്ല. ഇപ്പോള്‍ തന്നെ ലോകം അതിനു കാതോര്‍ത്തു തുടങ്ങിയതായാണ് നമുക്ക് കാണാന്‍ കഴിയുന്നത്. [email protected]

പ്രണയിക്കുന്നതിലെന്താണ് തെറ്റ്?
ആണും പെണ്ണും ഇടകലര്‍ന്ന് ജീവിക്കുന്ന സമൂഹത്തിലാണ് നാമുള്ളത്. പഠനവും ജോലിയുമെല്ലാം ഇടകലര്‍ന്ന സംവിധാനമാണ് ഇവിടെ. സ്വാഭാവികമായും പരസ്പരം കണ്ടുമുട്ടുന്ന, ഇടപഴകുന്ന ഒരു ആണിനും പെണ്ണിനുമിടയില്‍ സ്‌നേഹം ജനിക്കുക സ്വാഭാവികം. ഈ സ്‌നേഹത്തെയാണല്ലോ പ്രണയമെന്ന് പറയുന്നത്. മനുഷ്യപ്രകൃതിയില്‍ തന്നെയുള്ള പരസ്പരാകര്‍ഷണം തടയാന്‍ സാധ്യമല്ലെന്നിരിക്കെ ഈ പ്രണയത്തെ ഇസ്‌ലാം എങ്ങനെയാണ് നോക്കിക്കാണുന്നത്? വിവാഹത്തിന് മുമ്പ് തെറ്റായ ബന്ധങ്ങളിലേക്ക് വഴിവിട്ടുപോകുന്ന പ്രണയ ചേഷ്ടകള്‍ക്കല്ലേ ഇസ്‌ലാം വിലക്കേര്‍പ്പെടുത്തിയിട്ടുള്ളൂ? പരസ്പരം പരിചയപ്പെട്ട് അത് ഇഷ്ടത്തിലേക്കെത്തുകയും പിന്നീട് കുടുംബങ്ങളുടെ അംഗീകാരത്തോടെ വിവാഹത്തിലേക്കെത്തുകയും ചെയ്യുന്ന പ്രണയങ്ങള്‍ നിരാകരിക്കപ്പെടേണ്ടതാണോ?

ഇസ്‌ലാം നന്മയും തിന്മയും വ്യക്തമായി പഠിപ്പിച്ചു. അവക്കിടയില്‍ അവ്യക്തമായ കാര്യങ്ങളുണ്ടെന്നും പഠിപ്പിച്ചു. അവയില്‍ ചെന്നുചാടിയാല്‍ തിന്മയില്‍ ആപതിക്കാന്‍ ഏറെ സാധ്യതയുണ്ടെന്നും പഠിപ്പിച്ചു.
തിന്മ മാത്രമല്ല, തിന്മയിലേക്കെത്തുന്ന വഴികളും ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ധാരാളം വിധികള്‍ തിന്മയിലേക്കുള്ള വഴി അടച്ചുകളയുക എന്ന തത്ത്വത്തില്‍ നിര്‍ണയിച്ചതായി കാണാം. ഹിജാബ് അഥവാ പര്‍ദ സമ്പ്രദായം ഇതിന്റെ ഉദാഹരണമാണ്. സ്ത്രീകളെ പുരുഷന്മാര്‍ വൈകാരികമായി നോക്കാന്‍ പാടില്ല. പുരുഷന്മാരെ സ്ത്രീകളും വൈകാരികമായി നോക്കാന്‍ പാടില്ല. ഈ നിയമത്തിന്റെ ലംഘനത്തിന് കാരണമാകുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് തടഞ്ഞുകൊണ്ട് സ്ത്രീപുരുഷന്മാര്‍ ഇടകലര്‍ന്ന് ജീവിക്കുമ്പോള്‍ സ്ത്രീകളുടെ ശരീരത്തിന്റെ ആകര്‍ഷകമായ ഭാഗങ്ങള്‍ മറച്ചിരിക്കണമെന്നതാണ് ഹിജാബിന്റെ തത്ത്വം.
ചോദ്യകര്‍ത്താവ് പറയുന്നത് പോലെ സ്വാഭാവികമായി രണ്ട് കുരുന്നു ഹൃദയങ്ങളില്‍ നാമ്പെടുത്ത നിര്‍ദോഷമായ പ്രണയമാണ് ലൈലാ മജ്‌നൂനും റോമിയോ ജൂലിയറ്റും അനാര്‍ക്കലീ സലീമുമെല്ലാമായി രൂപപ്പെട്ടത്. ഭാഷാ സാഹിത്യത്തിലെ വളരെ പ്രധാനമായ ഘടകങ്ങളാണ് നോവലുകളും കഥകളും. പ്രണയമില്ലെങ്കില്‍ ഈ സാഹിത്യശാഖ എങ്ങനെ നിലനില്‍ക്കും? കവികളുടെ ഭാവന പൂത്തുല്ലസിക്കണമെങ്കിലും വേണം അനുരാഗത്തിന്റെ അകമ്പടി.
മിക്ക കമിതാക്കളും പരിധിവിട്ട് പെരുമാറും. പ്രണയ നൈരാശ്യം എത്രയെത്ര ജീവനുകളെയാണ് കവര്‍ന്നെടുത്ത്. ഒരസുലഭ സന്ദര്‍ഭത്തില്‍ അങ്കുരിക്കുന്നത് പോലെതന്നെ മറ്റൊരശുഭ മുഹൂര്‍ത്തത്തില്‍ വാടി വീഴാന്‍ സാധ്യതയുള്ള കുസുമമാണ് പ്രണയം. പ്രസിദ്ധമായ പ്രണയ വിവാഹങ്ങളധികവും ദുഃഖപര്യാവസാന കഥകളാണെന്ന് നിരീക്ഷകര്‍ രേഖപ്പെടുത്തുന്നു. സാമൂഹിക ജീവിതം കുത്തഴിഞ്ഞു കിടക്കുന്ന പാശ്ചാത്യരില്‍ പ്രണയവും ഇണചേരലും പിരിയലും നിത്യസംഭവമാണ്.
ഇസ്‌ലാം കുടുംബജീവിതത്തിന് വലിയ പവിത്രത കല്‍പിക്കുന്നു. സദാചാരനിഷ്ഠക്ക് അതിനേക്കാള്‍ പ്രാധാന്യം കല്‍പിക്കുന്നു. വകതിരിവെത്തിയാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഉറങ്ങുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. സഹോദരങ്ങള്‍ തമ്മില്‍ പോലും സൂക്ഷിക്കേണ്ട മര്യാദയാണിത്. കുട്ടികളെ നമസ്‌കാരം പരിശീലിപ്പിക്കാനുള്ള നിര്‍ദേശത്തിന്റെ കൂടെയാണ് നബി(സ) കിടപ്പറ വേര്‍തിരിക്കാനുള്ള ശിക്ഷണം നല്‍കുന്നത്.
സ്ത്രീപുരുഷന്മാര്‍ അന്യോന്യം നോക്കുന്നതും ഇടകലരുന്നതും എങ്ങനെയാവണമെന്ന് 'അന്നൂര്‍' അധ്യായത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വിശദമായി പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസികളായ പുരുഷന്മാര്‍ സ്ത്രീകളെയോ വിശ്വാസികളായ സ്ത്രീകള്‍ പുരുഷന്മാരെയോ കണ്‍നിറയെ കാണാന്‍ പാടില്ല എന്നാണ് ഖുര്‍ആന്‍ കല്‍പിക്കുന്നത് (24:30-31). ഇങ്ങനെ സദാചാര നിഷ്ഠയുടെ ഉത്തുംഗപര്‍വ്വത്തില്‍ വിരാജിക്കുന്ന ഒരു സമുദായത്തെയാണ് ഇസ്‌ലാം ഭാവനയില്‍ കാണുന്നത്. നന്മ വിതക്കുന്ന, തിന്മ വിലക്കുന്ന ഉത്തമ സമുദായം!
എന്നാല്‍ കുത്തഴിഞ്ഞ സാമൂഹിക ജീവിതത്തില്‍ സംസ്‌കാരശൂന്യതയെ സംസ്‌കാരമെന്ന് വിളിക്കേണ്ടിവന്ന പാശ്ചാത്യരുടെ സമ്പ്രദായങ്ങള്‍ ഓരോന്നായി നമ്മുടെ സമൂഹങ്ങളെ കീഴടക്കി. ലജ്ജയില്ലായ്മ പ്രചരിപ്പിക്കാന്‍ അനേകം ജാലകങ്ങളും ചാനലുകളും തുറന്നുവെച്ചു. പ്രണയം മാത്രമാണ് പ്രപഞ്ചത്തിലെ അനിഷേധ്യ യാഥാര്‍ഥ്യമെന്ന് പ്രകീര്‍ത്തിക്കപ്പെട്ടു.
രക്ഷിതാക്കളോട് നേരിട്ടന്വേഷിച്ച് പരസ്പര ധാരണയില്‍ നിശ്ചയിച്ചുറച്ച കല്യാണം അരങ്ങേറാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ കാമുകന്‍ കാമിനിയെ വിളിച്ചിറക്കി കൊണ്ടുപോകുന്ന കുത്തഴിഞ്ഞ ഒരു സമൂഹം രൂപപ്പെട്ടു. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമൂഹസൃഷ്ടിയുടെ വിനാശ വഴികളാണ് ഇപ്പറഞ്ഞതെല്ലാം. വിവാഹം രണ്ട് വ്യക്തികള്‍ക്കിടയില്‍ പരിമിതമാകുന്ന ബന്ധമായാണ് ആധുനിക സമൂഹം കാണുന്നതെങ്കില്‍ രണ്ട് കുടുംബങ്ങള്‍ക്കിടയിലുള്ള വിശാലമായ ബന്ധമായാണ് ഇസ്‌ലാം വിവാഹത്തെ ദര്‍ശിക്കുന്നത്. വധൂവരന്മാര്‍ പരസ്പരം ബന്ധിതരാകുന്നതോടൊപ്പം അവരുടെ മാതാപിതാക്കള്‍ വിവാഹ പവിത്രതയുള്ള ബന്ധുക്കളായി മാറുന്നു. വൈവാഹിക ബന്ധം തുടര്‍ന്നു പോകുന്നില്ലെങ്കിലും പ്രസ്തുത ബന്ധത്തിന് പോറലേല്‍ക്കുന്നില്ല. ഈ പരിഗണനകളുടെ അടിസ്ഥാനത്തില്‍ കുടുംബവുമായി ബന്ധപ്പെടാന്‍ ഏറ്റവും അനുയോജ്യരായ വ്യക്തികളെ മനസ്സില്‍ കണ്ടുകൊണ്ടാണ് വിവാഹ ബന്ധം രൂപപ്പെടുത്തുന്നത്. വിവാഹാനന്തരം വധൂവരന്മാര്‍ക്കിടയിലുണ്ടാവേണ്ട സ്‌നേഹബന്ധമാണ് ഇസ്‌ലാം ഉയര്‍ത്തിക്കാണിക്കുന്നത്. വിവാഹത്തിന് മുമ്പല്ല ശേഷമാണ് പ്രണയം അഭികാമ്യമാവുക എന്നര്‍ഥം.
ഇത് വിവാഹ വിരാമത്തിലേക്ക് നയിക്കുമെന്ന് നിരീക്ഷകര്‍ ഭയപ്പെടുന്നു. അമേരിക്കയിലെ വിവാഹ നിരക്കിന്റെ ഗ്രാഫില്‍ 1965-70 കളില്‍ ആയിരത്തില്‍ 80 വിവാഹം നടന്നു. 2008-ല്‍ അത് 25 ആയി ചുരുങ്ങി. 2030-2050 ആകുമ്പോഴേക്കും വിവാഹം വിരാമത്തിലെത്തും. പ്രണയത്തില്‍ നിന്നാരംഭിച്ച് പിണക്കത്തില്‍ അവസാനിക്കുന്ന ബന്ധങ്ങളും തജ്ജന്യമായ ജാരസന്താനങ്ങളുമായിരിക്കും സമൂഹം!
പൗരസ്ത്യര്‍, വിശിഷ്യ ഭാരതീയര്‍, ധര്‍മവും സംസ്‌കാരവും മുറുകെപിടിക്കുന്നവരാണ്. അതിനാല്‍ ഈ സമൂഹങ്ങളില്‍ അവിവാഹിതയായ ഒരു ഗര്‍ഭിണിയുടെ അവസ്ഥ സങ്കല്‍പിക്കാവുന്നതേയുള്ളൂ. അവള്‍ മാത്രമല്ല നീറിപ്പുകയുക, അവളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളുമെല്ലാം ദുരിതത്തില്‍ പങ്കാളികളാകും. സമൂഹം അവരെ വെറുക്കും.
പ്രണയ വിവാഹം പ്രചുരപ്രചാരം നേടിയ പടിഞ്ഞാറും കിഴക്കും കുടുംബസംവിധാനവും സാമൂഹ്യബന്ധവും നന്നെ ശോഷിച്ചു പോയിരിക്കുന്നു. വിവാഹമോചന നിരക്ക് ഏറ്റവും കൂടുതലുള്ള പത്ത് രാഷ്ട്രങ്ങളുടെ ലിസ്റ്റില്‍ യു.എസ്സാണ് ഒന്നാമത്തേത്. പോര്‍ട്ടോ റീകോ, റഷ്യ, യു.കെ, ഡന്മാര്‍ക്, ന്യൂസ്‌ലാന്റ്, ആസ്‌ത്രേലിയ, കനഡ, ഫിന്‍ലന്റ്, ബര്‍ബഡോസ് എന്നിവയാണ് യഥാക്രമം പിറകില്‍ വരുന്നത്. അമേരിക്കയില്‍ വിശദമായ പരിശോധനയും കണക്കുമുള്ളതിനാല്‍ അവിടെ അവിവാഹിതകളായ അമ്മമാരുടെ അനുപാതം പരിശോധിക്കുന്നത് പ്രണയ വിവാഹം എത്ര അപകടകാരിയാണെന്ന് ഗ്രഹിക്കാന്‍ സഹായകമാവും. 30 വര്‍ഷം മുമ്പ് 20% അവിവാഹിതകള്‍ മാതാക്കളായി. ഇന്നത് ഇരട്ടിയും കവിഞ്ഞ് 41% മായി ഉയര്‍ന്നിരിക്കുന്നു (The Rise And Fall of The American Single). ആഗോള തലത്തില്‍ വെള്ളക്കാരുടെ കണക്കെടുപ്പ് കാണിക്കുന്നത്, 33% പ്രസവം അവിവാഹിതകളുടേതാണ് എന്നാണ്.
പാവനമായ പ്രണയബന്ധമെന്ന സങ്കല്‍പം, വികാരത്തിനു വഴിമാറിക്കൊടുത്താലുണ്ടാകുന്ന ഈ മഹാവിപത്ത് വ്യഭിചാരത്തിന്റെയും ജാരസന്തതികളുടെയും വാതില്‍ തുറന്നുവിടുമെന്നതാണനുഭവം. പ്രണയം അവിശ്വാസിയുമായാല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവും. പ്രതികൂല സാഹചര്യങ്ങളില്‍ ആണ്‍കുട്ടികളെയും പെണ്‍മക്കളെയും ബോധവല്‍ക്കരിച്ച് ധാര്‍മിക നിലവാരം നഷ്ടപ്പെടാതെ സൂക്ഷിക്കുക മാത്രമേ മാര്‍ഗമുള്ളൂ. ഇസ്‌ലാം ഊന്നിപ്പറഞ്ഞ ധാര്‍മിക പരിധികള്‍ പാലിക്കാനും, ഭവിഷ്യത്തുകള്‍ മനസ്സിലാക്കി പെരുമാറാനും കുട്ടികളെ പഠിപ്പിക്കുകയാണ് കരണീയം. 
എം.വി മുഹമ്മദ് സലീം

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍