സ്‌ഫോടനങ്ങളുടെ സംഘ്പരിവാര്‍ പരമ്പര
''രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ തുറന്ന് ഭീകരവാദം വളര്‍ത്തുന്നത് ആര്‍.എസ്.എസ്സും ബി.ജെ.പിയുമാണ്. വിവിധ സ്ഥലങ്ങളില്‍ ബോംബ് വെച്ച് അതിന്റെ ഉത്തരവാദിത്വം ന്യൂനപക്ഷത്തിന്റെ മേല്‍ ചാര്‍ത്തി ഒറ്റപ്പെടുത്തുകയാണ് അവരുടെ രീതി. സംഝോത എക്‌സ്പ്രസ്, ഹൈദരാബാദ് മക്കാ മസ്ജിദ്, മാലേഗാവ് എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്''. അന്വേഷണ ഏജന്‍സികള്‍ നല്‍കിയ തെളിവുകളുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രി സുശീര്‍ കുമാര്‍ ഷിന്‍ഡെ നടത്തിയ പരസ്യ വെളിപ്പെടുത്തലാണിത്.
ആഭ്യന്തരമന്ത്രി തുറന്നു പറഞ്ഞ സ്‌ഫോടനങ്ങളിലും അതിന് മുമ്പും ശേഷവും ഇന്ത്യയില്‍ നടന്ന വ്യത്യസ്ത ഭീകരാക്രമണങ്ങളിലും സംഘ്പരിവാര്‍ എങ്ങനെ എന്തിനു വേണ്ടി ഇടപെട്ടുവെന്ന് പരിശോധിക്കുന്ന ഒരു യുവ പത്രപ്രവര്‍ത്തകന്റെ അന്വേഷണങ്ങളാണ് ചിന്താ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ സ്‌ഫോടന ഭീകരതയുടെ സംഘ്പരിവാര്‍ പരമ്പര എന്ന പുസ്തകം.
മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള വെറുപ്പിന്റെ പ്രത്യയശാസ്ത്രാടിത്തറ വികസിപ്പിക്കുന്നതിലും അവര്‍ക്കെതിരില്‍ ഇപ്പോള്‍ നടക്കുന്ന പുതിയ സ്‌ഫോടന ഗൂഢതന്ത്രങ്ങളിലും ഹിറ്റ്‌ലറും നാസിസവും സംഘ്പരിവാറില്‍ ചെലുത്തിയ സ്വാധീനം വിവരിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. 1913-ല്‍ ജര്‍മന്‍ പാര്‍ലമെന്റിന് ഹിറ്റ്‌ലറിന്റെ അനുയായികള്‍ രഹസ്യമായി തീ കൊളുത്തി. ഉടനെ സ്ഥലം സന്ദര്‍ശിച്ച ഹിറ്റ്‌ലര്‍ കമ്യൂണിസ്റ്റുകാരാണ് പാര്‍ലമെന്റ് അഗ്നിക്കിരയാക്കിയതെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പ്രചാരണ വകുപ്പ് അധ്യക്ഷന്‍ ഗീബല്‍സ് അതിനുള്ള 'തെളിവുകളും' പുറത്തുവിട്ടു. മീഡിയ നിറം വെപ്പിച്ച കഥകളോടെ അതേറ്റെടുത്തു. പുതിയ ഭീകരവിരുദ്ധ നിയമങ്ങള്‍ പിറന്നു. പിന്നീട് നടന്നത് തുടര്‍ച്ചയായ കമ്യൂണിസ്റ്റ് വേട്ടയായിരുന്നു. അതവസാനിച്ചത് ഹിറ്റ്‌ലര്‍ ജര്‍മനിയുടെ ചോദ്യംചെയ്യാനാവാത്ത ഏകാധിപതിയായി വാഴ്ത്തപ്പെട്ടതോടെയാണ്. ഇതേ ഫാഷിസ്റ്റ് തന്ത്രമാണ് ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ സംഘ്പരിവാറും ഇന്ത്യയില്‍ പയറ്റുന്നതെന്ന് ഓരോ സ്‌ഫോടനവും സൂക്ഷ്മമായി വിശകലനം ചെയ്ത് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.
രാജ്യനിവാസികളില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുകയും 'മുസ്‌ലിം പേടി' സൃഷ്ടിക്കുകയും ചെയ്യുക. അതുവഴി മുസ്‌ലിംകളെ ദേശീയ മുഖ്യധാരയില്‍ നിന്നകറ്റി അവരെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തി 'അവര്‍ ദേശീയതയുടെ ശത്രുക്കളാണെന്ന പൊതുബോധം സൃഷ്ടിക്കുക. കഴിഞ്ഞ കുറെകാലമായി വിജയകരമായി നടപ്പിലാക്കിയ സംഘ്പരിവാര സ്‌പോണ്‍സേര്‍ഡ് ഭീകര സ്‌ഫോടനങ്ങളുടെ ലക്ഷ്യമാണിത്. അറിഞ്ഞോ അറിയാതെയോ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും ഈ സംഘ്പരിവാര്‍ കാമ്പയിന്റെ പങ്കാളികളായതിന്റെ ചിത്രങ്ങളും പുസ്തകം പങ്കുവെക്കുന്നുണ്ട്. മുസ്‌ലിം തീവ്രവാദകഥകള്‍ക്ക് നല്‍കുന്ന 'പരിഗണനയും ശ്രദ്ധയും' ഭീകരവാദത്തിന്റെ സംഘ്പരിവാര്‍ ബന്ധങ്ങള്‍ പുറത്ത് വന്നപ്പോള്‍ നമ്മുടെ മീഡിയ നല്‍കിയിട്ടില്ലെന്നത് ചേര്‍ത്തു വായിക്കുമ്പോഴാണ് ഈ 'അറിവില്ലായ്മ' മറ്റൊരു ഗുരുതര രോഗമാണെന്ന് മനസ്സിലാവുക.
മുഖ്യധാരാ മീഡിയ തിരസ്‌കരിച്ച ആ സ്‌ഫോടന പരമ്പരകളുടെ സംഘ്പരിവാര്‍ കണ്ണികള്‍ തേടി അതിന്റെ വേരുകളടക്കം പരിശോധിക്കുന്ന അന്വേഷണാത്മക ശ്രമമായി ഈ പുസ്തകത്തെ ഒറ്റ വാചകത്തില്‍ പരിചയപ്പെടുത്താം. സംഘ്പരിവാറിന് ബന്ധമുള്ള പ്രധാന സ്‌ഫോടനങ്ങളെല്ലാം വിശകലന വിധേയമാക്കുന്ന പുസ്തകത്തില്‍ ഇനിയും ദുരൂഹത നീങ്ങിയിട്ടില്ലാത്ത ഭീകരാക്രമണങ്ങളും പരിശോധിക്കപ്പെടുന്നുണ്ട്. മാലേഗാവ് കേസന്വേഷിച്ച ഹേമന്ത് കര്‍ക്കരെയുടെ അന്വേഷണം യഥാര്‍ഥ വഴികളിലേക്ക് നീങ്ങിയപ്പോഴുണ്ടായ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും മീഡിയയുടെ നിലപാടുകളും പുസ്തകം രേഖപ്പെടുത്തുന്നുണ്ട്. ഭീകരവാദത്തിന്റെ പുതിയ ചിത്രങ്ങള്‍ തെളിഞ്ഞുകൊണ്ടിരിക്കെ അന്വേഷണത്തിന്് നേതൃത്വം നല്‍കിയ ഹേമന്ത് കര്‍ക്കരെയുടെ ദുരൂഹതയുണര്‍ത്തുന്ന മരണവും അതുയര്‍ത്തുന്ന ചോദ്യങ്ങളും തുടര്‍ന്ന് ഭീകരവാദ അന്വേഷണ വഴികള്‍ വീണ്ടും മാറിമറിയുന്നതുമെല്ലാം പുസ്തകം വിശകലനം ചെയ്യുന്നു.
ആര്‍.എസ്.എസ് ഭീകരതയുടെ സംരക്ഷകര്‍, ആത്മീയതയുടെ മറവിലെ ഭീകര പ്രവര്‍ത്തനങ്ങള്‍, ഗുജറാത്തില്‍ പൊട്ടിയ ബോംബുകള്‍, കര്‍ക്കരെ തകര്‍ത്ത കാവി സ്വപ്നങ്ങള്‍, ഇന്ത്യന്‍ സേനയിലെ കാവിവത്കരണം തുടങ്ങിയവയാണ് 144 പേജുള്ള പുസ്തകത്തിലെ പ്രധാന അധ്യായങ്ങള്‍. സംഘ്പരിവാരത്തിന്റെ സ്‌ഫോടന രാഷ്ട്രീയത്തിനെതിരെ ഇന്ത്യന്‍ ആഭ്യന്തരമന്ത്രി പരസ്യമായി രംഗത്ത് വരികയും അതിനെതിരെ സംഘ്പരിവാര സംഘടനകള്‍ പ്രതിരോധ കാമ്പയിനുകള്‍ പ്രഖ്യാപിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഈ പുസ്തകവും അതുന്നയിക്കുന്ന തിരിച്ചറിവുകളും കൂടുതല്‍ വിശകലനവും ചര്‍ച്ചയും അര്‍ഹിക്കുന്നുണ്ട്.
[email protected]
Comments