Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 02

പഴയ അന്ധവിശ്വാസങ്ങള്‍ തിരിച്ചുവരുന്നു

എ.എ വഹാബ്‌

വ്യക്തമായ മാര്‍ഗദര്‍ശനവും ദൃഷ്ടാന്തങ്ങളുമായാണ് അല്ലാഹു പ്രവാചകന്മാര്‍ വഴി മനുഷ്യന് ദിവ്യസന്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. അത് മുറുകെ പിടിക്കാനും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും കര്‍ശനമായ നിര്‍ദേശം നല്‍കുകയും അങ്ങനെ ചെയ്താലുണ്ടാവുന്ന ജീവിത വിജയവും സമാധാനവും ഉത്തമവും സുഖപ്രദവുമായിരിക്കും എന്ന സന്തോഷ വാര്‍ത്തയും അറിയിച്ചിട്ടുണ്ട്. ദിവ്യവെളിപാടുകളെ പിന്നിലേക്ക് തള്ളി മനസ്സിന്റെ താല്‍പര്യങ്ങള്‍ക്കൊത്ത് ജീവിച്ചാല്‍ ഉണ്ടാവാനിടയുള്ള താളപ്പിഴകളെയും ഭവിഷ്യത്തുകളെയും കുറിച്ച ശക്തമായ താക്കീതുകളും ദിവ്യഗ്രന്ഥങ്ങളില്‍ ധാരാളം കാണാം. ഖുര്‍ആനില്‍ മാത്രമല്ല, മുന്‍കാല വേദഗ്രന്ഥങ്ങളിലും ഇതേ നയം തന്നെയാണ് അല്ലാഹു അവലംബിച്ചിട്ടുള്ളത്. പ്രപഞ്ചത്തെയും ജീവിതത്തെയും അവയുടെ നിയന്ത്രണത്തെയും സംബന്ധിച്ച, സത്യത്തോടെ അവതരിപ്പിച്ച വെളിപാടുകളില്‍ വിശ്വസിക്കാനോ അത് നിഷേധിക്കാനോ ഉള്ള തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമാണ് മനുഷ്യന് നല്‍കപ്പെട്ടിട്ടുള്ളത്. മനുഷ്യന്റെ വ്യക്തിത്വവും വിധിയും നിര്‍ണയിക്കുന്ന ഈ തെരഞ്ഞെടുപ്പ് ഓരോരുത്തരുടെയും ജീവിതത്തിലെ അതിപ്രധാന കാര്യമാണ്.
ദൈവിക വെളിപാടായ സത്യത്തിലുള്ള വിശ്വാസം മനുഷ്യന്‍ ഏകനായ അല്ലാഹുവിനോട് നടത്തുന്ന ഒരു കരാറും പ്രതിജ്ഞയുമാണ്. സത്യസന്ധരായ വിശ്വാസികള്‍ അതുവഴി വിശ്വാസം ദൃഢീകരിക്കുകയും ഭക്തരാവുകയുമാണ് ചെയ്യുക. വിശ്വാസത്തില്‍ കാപട്യം കലരുമ്പോള്‍ കരാര്‍ നിഷേധവും പ്രതിജ്ഞാ ലംഘനവുമൊക്കെ ഉണ്ടാകും. മനുഷ്യ മനസ്സിനെ അതിലേക്ക് നയിക്കുന്ന പിശാചിന്റെ ദുര്‍ബോധനമാണ് അതിന് കാരണമായി വര്‍ത്തിക്കുന്നത്. സത്യവിശ്വാസികളായി അറിയപ്പെടുമ്പോള്‍ തന്നെ ദൈവിക കരാര്‍ നിഷേധവും പ്രതിജ്ഞാ ലംഘനവും നടത്തിയ ധിക്കാരികളായ അനേകം ജനതതികളുടെ കഥകള്‍ ഗുണപാഠമായി ഖുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത് ഇസ്രയേല്‍ സമൂഹത്തിന്റെ ധിക്കാരത്തിന്റെ കഥകളാണ്. യഅ്ഖൂബ് നബിക്ക് അല്ലാഹു നല്‍കിയ വിശേഷണ നാമമാണ് ദൈവദാസന്‍ എന്ന അര്‍ഥം വരുന്ന 'ഇസ്രയേല്‍'. യൂസുഫ് നബിയുടെ കാലത്താണ് ഇസ്രയേല്‍ മക്കള്‍ ഈജിപ്തില്‍ കുടിയേറിപ്പാര്‍ത്തത്. യൂസുഫ് നബിക്ക് ശേഷം ഇസ്രയേല്‍ മക്കള്‍ അവിടത്തെ നാട്ടുകാരോടൊപ്പം ചേര്‍ന്ന് സത്യവിശ്വാസത്തിന് വിരുദ്ധമായ വിഗ്രഹ പൂജയിലും മറ്റു അധര്‍മങ്ങളിലും അനാചാരങ്ങളിലും പങ്കാളികളായി. കാലാന്തരത്തില്‍ ഇസ്രയേല്‍ സന്തതികള്‍ ഈജിപ്തില്‍ അടിമകളാക്കപ്പെട്ടു.
അടിമത്തത്തില്‍നിന്ന് ഏറെ കഷ്ടപ്പെട്ട് അവരെ മോചിപ്പിച്ച് മൂസാ നബിയും ഹാറൂന്‍ നബിയും വാഗ്ദത്ത ഭൂമിയായ ഫലസ്ത്വീന്‍ ലക്ഷ്യമാക്കി മരുഭൂമിയിലൂടെ സഞ്ചരിക്കവെ ഇസ്രയേലികള്‍ അനേക തവണ അനുസരണക്കേടും ധിക്കാരവും പ്രതിജ്ഞാ ലംഘനങ്ങളും നടത്തിയ കഥകള്‍ ബൈബിളിലും ഖുര്‍ആനിലും വിവരിക്കുന്നുണ്ട്. പ്രതിജ്ഞാ ലംഘനങ്ങളുടെ ഫലമായുണ്ടായ ദൈവിക ശിക്ഷ കാരണമായി നാല്‍പതിലധികം കൊല്ലങ്ങള്‍ക്ക് ശേഷം മൂസാ നബിയുടെയും ഹാറൂന്‍ നബിയുടെയും വിയോഗാനന്തരം യൂശഅ് ബിന്‍ നൂനിന്റെയും കാലിഫ് ബിന്‍ യൂഫന്നയുടെയും നേതൃത്വത്തില്‍ അവര്‍ വാഗ്ദത്ത ഭൂമിയില്‍ പ്രവേശിച്ചു. അവിടെ അവര്‍ മൂസാ നബിയുടെ ഉപദേശം മറന്നു നാട്ടുകാരായ ഗോത്രങ്ങളോട് ചേര്‍ന്ന് അധര്‍മത്തില്‍ വിഹരിച്ചപ്പോള്‍ വീണ്ടും പരാജയമുണ്ടായി. ശംവീല്‍ പ്രവാചകന്റെ വരവോടെ താലൂത്തിനെ രാജാവായി ലഭിച്ച ഇസ്രാഈല്യര്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. താലൂത്തും പിറകെ വന്ന ദാവൂദ് നബിയും അതിനു ശേഷം സുലൈമാന്‍ നബിയും ഇസ്രയേലികളെ നയിച്ച തൊണ്ണൂറ്റി നാല് വര്‍ഷം അവരുടെ ജീവിതത്തിലെ സുവര്‍ണ കാലമായിരുന്നു. സുലൈമാന്‍ നബിക്ക് ശേഷം വീണ്ടും അധര്‍മത്തില്‍ ആണ്ട ഇസ്രാഈല്യരെ ബി.സി 587-ല്‍ ബാബിലോണിയയിലെ നബൂക്കദ് നസ്ര്‍ അടിച്ചു തകര്‍ത്തു. അധികമാളുകളെയും അടിമകളാക്കി ബാബിലോണിയയില്‍ പാര്‍പ്പിച്ചു.
അക്കാലത്ത് ബാബിലോണിയയില്‍ മന്ത്രവാദം, ജ്യോത്സ്യം, ആഭിചാരം തുടങ്ങിയ ചൊട്ടുവിദ്യകള്‍ പ്രചുര പ്രചാരത്തിലായിരുന്നു. സത്യവിശ്വാസികളുടെ ലേബലിലായിരുന്നെങ്കിലും വിശ്വാസപരമായ ജീര്‍ണത ബാധിച്ച ഇസ്രാഈല്യര്‍ ബാബിലോണിയക്കാരുടെ ക്ഷുദ്ര വിദ്യകളില്‍ ഏറെ ആകൃഷ്ടരായി. അത്തരം വിദ്യകള്‍ പഠിക്കുകയും അതില്‍ വിശ്വസിക്കുകയും അത് പ്രയോഗിക്കുകയും ചെയ്യുന്നതില്‍ നാട്ടുകാരെ കടത്തിവെട്ടാന്‍ അവര്‍ മത്സരിക്കുകയാണുണ്ടായത്. ആഭിചാരവിദ്യയുടെ പൈതൃകം തങ്ങള്‍ക്ക് പാരമ്പര്യമായി കിട്ടിയതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സുലൈമാന്‍ നബിയെ ആഭിചാരകന്മാരുടെ നായകനായി അവര്‍ ചിത്രീകരിച്ചു. ജിന്നുകളെയും പിശാചുക്കളെയും കീഴ്‌പ്പെടുത്തുകയും പക്ഷിമൃഗാദികളുടെ ഭാഷ മനസ്സിലാക്കുകയും ചെയ്ത സുലൈമാന്‍ നബി അതൊക്കെ സാധിച്ചത് തന്റെ ആഭിചാര വൈഭവം മൂലമാണെന്ന് അവര്‍ പ്രചരിപ്പിച്ചു. അവരെ ആ വിപത്തില്‍നിന്ന് രക്ഷിക്കുന്നതിനായി അല്ലാഹു രണ്ടു മലക്കുകളെ അവരിലേക്ക് അയച്ചു. ആഭിചാരത്തിന്റെ യാഥാര്‍ഥ്യവും അത് മനുഷ്യനില്‍ ചെലുത്തുന്ന സ്വാധീനവും അതിലടങ്ങിയ ദൈവനിഷേധ ഭാവവും ബഹുദൈവത്വ ചിന്തയുമൊക്കെ മലക്കുകള്‍ അവരെ പഠിപ്പിച്ചു. മലക്കുകളുടെ വരവും അധ്യാപനവും അവര്‍ക്കുള്ള പരീക്ഷണമാണെന്നും അതിനാല്‍ ഒരിക്കലും ദൈവനിഷേധത്തില്‍ ഏര്‍പ്പെട്ടു പോകരുതെന്നും ശക്തമായ താക്കീത് നല്‍കിക്കൊണ്ടാണ് മലക്കുകള്‍ അവരെ പഠിപ്പിച്ചത്. പക്ഷേ, ഇസ്രാഈല്യര്‍ ആഭിചാരത്തട്ടിപ്പുകള്‍ കൂടുതല്‍ ശക്തിയോടെ പ്രയോഗിക്കാനുള്ള ഒരു പരിശീലനമായാണ് ആ അധ്യയനത്തെ പ്രയോജനപ്പെടുത്തിയത്.
ഇക്കാര്യം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട് (2:102). സുലൈമാന്‍ നബിയുടെ ആധിപത്യത്തെക്കുറിച്ച് അവര്‍ പറഞ്ഞു പരത്തിയതെല്ലാം പിശാച് ഓതിക്കൊടുത്ത ദുര്‍ബോധനമാണ്. സുലൈമാന്‍ ഒരിക്കലും സത്യനിഷേധം പ്രവര്‍ത്തിച്ചിട്ടില്ല. ജനങ്ങളെ ആഭിചാരം പഠിപ്പിച്ച പിശാചുക്കളാണ് സത്യനിഷേധം പ്രവര്‍ത്തിച്ചത്. സത്യനിഷേധത്തില്‍ പെട്ടുപോകരുതെന്ന താക്കീതോടെ മലക്കുകള്‍ പഠിപ്പിച്ചതിന്റെ വിദ്രോഹ വശം, ഇഹലോകത്തും പരലോകത്തും ഒരു പ്രയോജനവും ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ അവര്‍ പഠിച്ചു പ്രയോഗിച്ചതായി അല്ലാഹു ഉണര്‍ത്തുന്നു. സ്വയം വിറ്റ് മോശമായത് പകരം വാങ്ങിയ അവര്‍ സത്യവിശ്വാസവും ദൈവഭക്തിയും കൈക്കൊണ്ടിരുന്നെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭ്യമാകുന്ന പ്രതിഫലം അതിവിശിഷ്ടമാകുമായിരുന്നു എന്ന ഒരു പിന്‍കുറിയും ആ സൂക്തത്തോടൊപ്പമുണ്ട്.
സത്യവിശ്വാസം സ്വീകരിച്ചിരുന്ന ഒരു ജനതയുടെ അതിദയനീയമായ ജീര്‍ണതയുടെ പതന ചിത്രമാണ് ഖുര്‍ആന്‍ ഇവിടെ നല്‍കുന്നത്. സത്യവിശ്വാസത്തിന്റെ ബാലപാഠം അല്ലാഹുവിനെക്കുറിച്ച ശരിയായ ജ്ഞാനമാണ്. അത് പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും പഠിപ്പിച്ചിട്ടുണ്ട്. ഏകനായ അല്ലാഹു മാത്രമാണ് പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും സ്രഷ്ടാവും സംരക്ഷകനും രക്ഷിതാവും. സര്‍വശക്തനും കരുണാമയനുമായ അവന്‍ മനുഷ്യര്‍ക്കും മറ്റുള്ളവക്കും എല്ലാറ്റിനും പോന്നവനാണ്. അവനല്ലാതെ മറ്റാര്‍ക്കും ഒന്നിനും ആരെയും സഹായിക്കാനോ ദ്രോഹിക്കാനോ സാധ്യമാകില്ല. ഏതു സമൂഹത്തിലും ജനങ്ങള്‍ ഭൗതിക ജീവിതാനുഭൂതികളില്‍ അതീവ തല്‍പരരായാല്‍ സത്യവിശ്വാസം ക്ഷയിക്കുകയും ധാര്‍മിക സദാചാര മൂല്യങ്ങളോടുള്ള പ്രതിബദ്ധത കുറയുകയും ചെയ്യും. ആര്‍ത്തിയും അസൂയയും പകയും വിദ്വേഷവും അക്രമങ്ങളും അതിനെത്തുടര്‍ന്നുണ്ടാവും. അത്തരം സമൂഹങ്ങളില്‍ യഥാര്‍ഥ ദൈവാരാധനക്ക് പകരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പടര്‍ന്നുപിടിക്കുക എന്നത് സത്യവിശ്വാസ ക്ഷയത്തിന്റെ അനന്തരഫലമാണ്. ഇക്കാര്യം ഖുര്‍ആന്‍ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്: ''രക്ഷകനും സഹായിയുമായി അല്ലാഹു മാത്രം മതി'' (4:45). ''അല്ലാഹുവിനെ ഭരമേല്‍പിക്കുക. ഭരമേല്‍പിക്കപ്പെടുന്നവനായി അല്ലാഹു മതി'' (4:81). ''നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിടുന്ന പക്ഷം അവന് പുറമേ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ'' (3:160). ''ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹുതന്നെ മതിയാകുന്നതാണ്'' (65:3) ''അടിമക്ക് അല്ലാഹു പോരേ?'' (39:36). ''ഈ അല്ലാഹുവിന്റെ സ്മരണ വിടുന്നവന് പിന്നെ പിശാചാവും തോഴന്‍'' (43:36). ''പിശാച് മനുഷ്യനെ നീചവൃത്തിക്കും ദുരാചാരത്തിനും പ്രേരിപ്പിക്കും. സത്യവിശ്വാസികള്‍ അവനെ പിന്തുടരരുത്'' (24:21).
പരീക്ഷണത്തിനായി മനുഷ്യന്റെ അധമ മനസ്സില്‍ (അന്നഫ്‌സുല്‍ അമ്മാറ) അന്തര്‍ലീനമാക്കപ്പെട്ട ദുഷ്പ്രവണതകളെ പ്രചോദിപ്പിച്ച് മനുഷ്യനെ തിന്മയിലേക്ക് നയിക്കുന്ന ദൈവവിരുദ്ധ ശക്തിയായ പിശാച് മനുഷ്യന്റെ ശത്രുവാണെന്ന കാര്യം ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട് (35:6). ബാബിലോണിയക്കാരെ മാരണം പഠിപ്പിച്ചത് പിശാചുക്കളാണെന്ന് ഖുര്‍ആന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അസല്‍ പിശാച് ജിന്നു വര്‍ഗത്തില്‍ പെട്ടതാണ്. അവന്റെ പ്രേരണയില്‍ പെട്ട മനുഷ്യരിലും പിശാചുണ്ടാവും. യഥാര്‍ഥ സത്യവിശ്വാസികളുടെ മേല്‍ പിശാചിന് യാതൊരു സ്വാധീനവുമില്ലെന്ന കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട് (16:99, 17:65). യഥാര്‍ഥ രക്ഷിതാവായ അല്ലാഹുവിനെ കൈവെടിഞ്ഞ് ചെകുത്താന്മാരില്‍ രക്ഷകനെ തേടിയതാണ് ബാബിലോണിയക്കാര്‍ക്ക് പിണഞ്ഞ തെറ്റെന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. അതുവഴിയാണ് അവര്‍ മന്ത്രം, തന്ത്രം, ജോത്സ്യം, ജിന്ന് സേവ, ആഭിചാരം തുടങ്ങിയ ക്ഷുദ്ര വിദ്യകളില്‍ പെട്ടുപോയത്. അതിന് ശേഷവും പരിഷ്‌കര്‍ത്താക്കളും പ്രവാചകന്മാരും വന്ന് അത്തരം നീചവൃത്തികള്‍ മാറ്റിയെങ്കിലും പലപ്പോഴും പല സമൂഹങ്ങളിലും അതു വീണ്ടും സജീവമായിട്ടുണ്ട്.
ബനൂഇസ്രാഈല്‍ സമൂഹത്തിന്റെ ദൈവനിഷേധത്തെയും അനുസരണക്കേടിനെയും ബഹുദൈവപൂജാപരമായ അക്രമങ്ങളെയും അതുവഴി അവരനുഭവിച്ച ദുരിതങ്ങളെയും സംബന്ധിച്ച് ഖുര്‍ആന്‍ ധാരാളമായി പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്റെ വാഹകരായ മുഹമ്മദ് നബിയുടെ അനുയായികളിലും മുന്‍തലമുറകള്‍ക്ക് സംഭവിച്ചത് അരങ്ങേറുമ്പോള്‍ അവര്‍ക്ക് ഗുണപാഠമാകാനാണ് ആവര്‍ത്തിച്ചുള്ള ആ പരാമര്‍ശങ്ങള്‍. നമ്മുടെ നാട്ടിലും അടുത്ത കാലത്തായി ജിന്നു സേവ, ആഭിചാരം തുടങ്ങിയ ചര്‍ച്ച സജീവമായിട്ടുണ്ട്. ജിന്നുകള്‍ക്ക് ചില കഴിവുകളുണ്ടെന്നും അവയെ സഹായത്തിന് വിളിക്കാമെന്നും ആഭിചാരം ഫലിക്കുമെന്നും പ്രവാചകന് ആഭിചാരം ഫലിച്ചിട്ടുണ്ടെന്നും ബുഖാരിയില്‍ ഹദീസ് ഉണ്ടെന്നും ഒക്കെ തെരുവുകളില്‍ മൈക്ക് കെട്ടി ചില പണ്ഡിതന്മാര്‍ പ്രസംഗിച്ചു നടക്കുന്നത് സാധാരണക്കാരില്‍ ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം ജല്‍പനങ്ങള്‍ ബനൂ ഇസ്രാഈല്‍ ജനതയിലുണ്ടായതിന്റെ തനി ആവര്‍ത്തനമാണെന്ന് അല്‍പം സൂക്ഷ്മമായി പഠിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ
ഹിജ്‌റ ആറാം വര്‍ഷം മുഹമ്മദ് നബിക്ക് ഒരു അരുചി അനുഭവപ്പെട്ടതിനാല്‍ ഭക്ഷണത്തിന് താല്‍പര്യം കുറഞ്ഞു. ഇത് ജൂതന്മാരുടെ ആഭിചാരത്തിന്റെ ഫലമാണെന്ന കള്ളപ്രചാരണം ഉണ്ടായി. പ്രവാചകന്റെ ജീവചരിത്രകാരന്മാരില്‍ പല പ്രമുഖരും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കള്ള പ്രചാരണത്തെ സംബന്ധിച്ചാണ്, ബുഖാരിയില്‍ ഹദീസ് ഉണ്ടെന്ന് ഇപ്പോള്‍ ചിലര്‍ പറഞ്ഞു പ്രചരിപ്പിക്കുന്നത്. ആഭിചാര വിധേയന്‍ വിലക്ഷണ (Abnormal) ഭാഷണമോ സ്വഭാവ പെരുമാറ്റമോ നടത്തണം. പ്രവാചകനില്‍നിന്ന് അങ്ങനെയുണ്ടായാല്‍ അദ്ദേഹത്തിന്റെ നാവിലൂടെ പുറത്ത് വന്ന ഖുര്‍ആനെ പൊതുജനം എങ്ങനെ കാണും എന്ന ഗുരുതരമായ പ്രശ്‌നം മറന്നുകൊണ്ടാണ് ജല്‍പനക്കാര്‍ മാരണം പ്രവാചകന് ഫലിച്ചു എന്ന് തട്ടിവിടുന്നത്. മാത്രമല്ല, പ്രവാചകന്‍ ഒരുവിധ വിലക്ഷണ ഭാഷണവും നടത്തിയിട്ടില്ലെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. 'തന്നിഷ്ടപ്രകാരമല്ല അദ്ദേഹം സംസാരിക്കുന്നത്; ഇത് അദ്ദേഹത്തിന് നല്‍കുന്ന വെളിപാട് മാത്രമാണ്' (35:3). കൂടാതെ, 'നീ ദൈവദൂതന്മാരില്‍ പെട്ടവന്‍ തന്നെയാണ്. നേരായ പാതയിലാകുന്നു' (36:3,4). 'നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല... തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിന്റെ ഉടമയാണ്' (68:2,4) തുടങ്ങി പ്രവാചകന്റെ ഉത്തമ സ്വഭാവത്തിന് അല്ലാഹു നല്‍കുന്ന സാക്ഷ്യപത്രം ഖുര്‍ആനില്‍ പലേടത്തും കാണാം. മാരണം ബാധിച്ച് ഭ്രാന്തന്‍ പുലമ്പല്‍ നടത്തുന്നത് ഒരു പ്രവാചകന് ഒരിക്കലും ഭൂഷണമായി അല്ലാഹു നിശ്ചയിച്ചിട്ടില്ല. പിശാചിന് യഥാര്‍ഥ സത്യവിശ്വാസിയുടെ മേല്‍ ഒരു സ്വാധീനവുമില്ലെന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കെ പിശാച് ചെയ്യുന്ന മാരണ വിദ്യക്ക് പ്രവാചകനെ സ്വാധീനിക്കാന്‍ കഴിയുമെന്ന് കരുതുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പോലും ദൈവനിഷേധവും ബഹുദൈവത്വചിന്തയുമാണ്. പിശാചിനെ പിന്തുടരുന്നവര്‍ സ്വന്തം ചെയ്തികളും ധാരണകളും അലങ്കാരവും നേരായ സല്‍ക്കര്‍മങ്ങളുമാണെന്ന് തോന്നുന്ന മാനസികവൈകല്യം പിടിപെട്ടവരാണ്. കാര്യങ്ങള്‍ ഈ വിധം വ്യക്തമായിരിക്കെ ഇതിനെതിരെ ഏതു ഹദീസാണ് നിലനില്‍ക്കുക? ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും സംശയാലുക്കളാക്കാനും മാത്രമേ അവരുടെ പ്രസംഗങ്ങള്‍ ഉപകരിക്കൂ.
ഖുര്‍ആനില്‍ സുവ്യക്തമായ സൂക്തങ്ങളും അവ്യക്തമായ സൂക്തങ്ങളുമുണ്ട്. അര്‍ഥവും ആശയവും സുവ്യക്തമായതും സംശയത്തിനോ ദുര്‍ഗ്രാഹ്യതക്കോ പഴുതില്ലാത്തതുമായ അത്തരം സൂക്തങ്ങളെ 'ആയാത്തുന്‍ മുഹ്കമാത്ത്' എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മൂലഗ്രന്ഥം അതാണ്. അതാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാനാവും. 'ആയാത്തുന്‍ മുതശാബിഹാത്ത്' അവ്യക്ത സൂക്തങ്ങളാണ്. അഭൗതികവും അതീന്ദ്രിയവും അജ്ഞേയവുമായ യാഥാര്‍ഥ്യങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വചനങ്ങളെയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. മനസ്സില്‍ വക്രതയുള്ളവര്‍ എപ്പോഴും കുഴപ്പമാഗ്രഹിച്ചുകൊണ്ട് അവ്യക്ത സൂക്തങ്ങളെ വ്യാഖ്യാനിക്കാന്‍ അവയുടെ പിന്നാലെ പോകും എന്ന് ഖുര്‍ആന്‍ പറയുന്നു. അവയുടെ യഥാര്‍ഥ വ്യാഖ്യാനം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയില്ല. അവ്യക്ത സൂക്തങ്ങളെക്കുറിച്ച് പക്വതയാര്‍ന്ന ജ്ഞാനികള്‍ പറയുക ഇങ്ങനെയാണ്: ''ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം നമ്മുടെ നാഥനില്‍ നിന്നുള്ള വചനങ്ങള്‍ തന്നെയാണ്. ബുദ്ധിമാന്മാരല്ലാതെ ഇതേക്കുറിച്ച് ചിന്തിക്കുകയില്ല.'' ഹദീസുകളിലും സുവ്യക്തവും അവ്യക്തവുമായ വചനങ്ങളും വാക്കുകളും നമുക്ക് കാണാം. അവ്യക്ത വചനങ്ങള്‍ പല ഇനമുണ്ട്. അതില്‍ പെട്ടതാണ് പിശാച്, ജിന്ന് മുതലായവയെ വിവരിക്കുന്ന വചനങ്ങള്‍. ഇവയെക്കുറിച്ചൊക്കെ അല്ലാഹുവും പ്രവാചകനും പറഞ്ഞുതന്നതില്‍ നിന്ന് മനസ്സിലാകുന്നതെന്തോ അത് മനസ്സിലാക്കുക. ആന്തരാര്‍ഥങ്ങള്‍ ആരാഞ്ഞ് കൂടുതല്‍ ആഴങ്ങളില്‍ ഇറങ്ങിയാല്‍ ആശയക്കുഴപ്പം വര്‍ധിക്കുക മാത്രമേ ചെയ്യൂ. മനുഷ്യനെ തിന്മക്ക് പ്രേരിപ്പിക്കുന്ന ജിന്നു വര്‍ഗത്തില്‍ പെട്ട പിശാച് നിലനില്‍ക്കുന്നു, പരീക്ഷണാര്‍ഥമാണ് അല്ലാഹു അവയെ സംവിധാനിച്ചത്, ആര്‍ക്കെങ്കിലും പിശാച് സ്പര്‍ശമേറ്റാല്‍ അവന്‍ അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക, യഥാര്‍ഥ സത്യവിശ്വാസികളുടെ മേല്‍ പിശാചിന് സ്വാധീനം നല്‍കുകയില്ല തുടങ്ങി ഇക്കാര്യത്തില്‍ മനുഷ്യന് ആവശ്യമായത് സര്‍വജ്ഞനായ അല്ലാഹു അറിയിച്ചുതന്നിട്ടുണ്ട്. അതിനപ്പുറം പോകാന്‍ ശ്രമിക്കുന്നത് വക്രബുദ്ധിക്കാരാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. വ്യക്തവും സുഗ്രാഹ്യവുമായ മൂലഗ്രന്ഥ വചനങ്ങള്‍ മാത്രം മതി സത്യവിശ്വാസികള്‍ക്ക് സന്മാര്‍ഗത്തിലൂടെ ചരിക്കാന്‍ എന്നിരിക്കെ ജിന്നും പിശാച് സേവയും ആഭിചാരവുമൊക്കെ പരസ്യമായി വലിച്ചിട്ട് ജനങ്ങളെ കുഴപ്പത്തിലാക്കുന്നതിനെതിരെ എല്ലാവരും കുരുതിയിരിക്കേണ്ടതുണ്ട്. സമുദായത്തില്‍ ആഭ്യന്തര ശൈഥില്യം വര്‍ധിപ്പിക്കാനും പിന്നോട്ടടിപ്പിക്കാനും മാത്രമുതകുന്ന ഇത്തരം ചെയ്തികള്‍ക്ക് പിന്നില്‍ നിഗൂഢ താല്‍പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍