Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 02

വിശുദ്ധ ഖുര്‍ആന്റെ ചരിത്രം

ഡോ. മുഹമ്മദ് ഹമീദുല്ല

ഖുര്‍ആന്റെ ക്രോഡീകരണ ചരിത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനാണ് ഈ പ്രഭാഷണത്തില്‍ ഞാന്‍ ഉദ്ദേശിക്കുന്നത്.
മുസ്‌നദ് അഹ്മദ് എന്ന ഹദീസ് ഗ്രന്ഥത്തില്‍ വന്ന ഒരു നബിവചനം ഇങ്ങനെയാണ്: ''ആദം നബി തൊട്ട് ഞാന്‍ വരെ അല്ലാഹു ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാരെ അയച്ചു. ഇവരില്‍ മുന്നൂറ്റി പതിനഞ്ച് പേര്‍ക്ക് വേദവും നല്‍കി.'' ഈ 315 നബിമാര്‍ ആരാണെന്ന് ഖുര്‍ആനോ ഹദീസോ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ അവരെക്കുറിച്ച വിശദാംശങ്ങള്‍ ലഭിക്കുക അസാധ്യമാണ്. ഹസ്രത്ത് ആദമിന് പത്ത് ഏടുകള്‍ നല്‍കിയതായി ചില സൂചനകള്‍ ഉണ്ട്. അത് ഏത് ഭാഷയിലായിരുന്നു എന്നറിയാനുള്ള യാതൊരു മാര്‍ഗവും നിര്‍ഭാഗ്യവശാല്‍ നമ്മുടെ മുമ്പിലില്ല; പിന്നയല്ലേ അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് പറയാന്‍! ആദം നബിയുടെ മകന്‍ ശീത്തും പ്രവാചകനായിരുന്നു. അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന് ലഭിച്ച ഏടുകളെക്കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പക്ഷേ ആ ഏടുകളുടെ ഒരവശിഷ്ടവും ഇന്ന് ലോകത്ത് നിലനില്‍ക്കുന്നില്ല. ഇന്നും നിലനില്‍ക്കുന്ന ചില ഏടുകളുടെ ഭാഗങ്ങള്‍ ചേര്‍ത്ത് പറയപ്പെട്ടിരിക്കുന്ന ഏറ്റവും പൗരാണികനായ പ്രവാചകന്‍ ഇദ്‌രീസ് നബിയാണ്. ഫലസ്ത്വീനിലെ ചാവുകടലിന് സമീപമുള്ള ഗുഹകളില്‍ നിന്ന് ചില കൈയെഴുത്ത് രേഖകള്‍ കണ്ടെടുത്ത വാര്‍ത്ത നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും. ഇതിലൊരു രേഖ അഖ്‌നൂഖ് അല്ലെങ്കില്‍ അനൂഖ് എന്ന പേരിലുള്ളതാണ്. ഇദ്‌രീസ് നബിയിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന പേരാണിത്. രേഖയുടെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇത് ഇദ്‌രീസ് നബിയിലേക്ക് ചേര്‍ത്ത് പറയാന്‍ ഖണ്ഡിതമായ തെളിവുകളൊന്നും ഇല്ല എന്നത് ശരിയാണ്. പക്ഷേ, ഇതുവരെ നടന്ന ഗവേഷണങ്ങള്‍ വെച്ചു നോക്കുമ്പോള്‍, അത് വളരെ പൗരാണികനായ ഒരു പ്രവാചകന്റേത് തന്നെയാവാനാണ് സാധ്യത. അന്ത്യപ്രവാചകനെക്കുറിച്ച് വരെ അതില്‍ സന്തോഷവാര്‍ത്തയുണ്ട്.
ഇദ്‌രീസ് നബിക്ക് ശേഷം വന്ന നൂഹ് നബിയെക്കുറിച്ച് ഒട്ടനവധി സൂചനകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. ഇറാഖില്‍ 'സ്വാബിയ' എന്ന പേരില്‍ ഒരു ചെറിയ വിഭാഗമുണ്ട്. അവരുടേത് സ്വതന്ത്രമായ ഒരു മതമാണ്. തങ്ങള്‍ നൂഹ് നബിയുടെ മതമനുസരിച്ച് ജീവിക്കുന്നവരാണ് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. അവര്‍ ഇത്ര കൂടി പറയുന്നു: ''ഒരുകാലത്ത് നൂഹ് നബിയുടെ വേദത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നു. കാലാന്തരത്തില്‍ അവയില്‍ പലതും നഷ്ടമായി. ഇപ്പോള്‍ നാലോ അഞ്ചോ ഖണ്ഡികകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ധാര്‍മിക അധ്യാപനങ്ങളാണ് അവയുടെ ഉള്ളടക്കം.'' പിന്നീട് വന്ന ഇബ്‌റാഹീം നബിയുടെ ഏടുകളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ രണ്ട് തവണ പരാമര്‍ശിക്കുന്നുണ്ട് (53:37-41, 87: 19). ആ ഏടുകളുടെ ഉള്ളടക്കം എന്താണെന്ന് ജൂത-ക്രൈസ്തവ മത സാഹിത്യങ്ങള്‍ പരതിയാല്‍ കണ്ടുകിട്ടുകയില്ല. ഏതാനും വരികളില്‍ ഒതുങ്ങുമെങ്കിലും ഖുര്‍ആനില്‍ മാത്രമാണ് അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനയുള്ളത്.
ചരിത്രത്തില്‍ ചിലയാളുകളുണ്ട്. അവര്‍ നബിയാണെന്ന് സ്ഥാപിക്കാന്‍ മതിയായ തെളിവുകളൊന്നും നമുക്ക് ലഭിക്കുകയില്ല. എന്നാല്‍, നബിയല്ല എന്ന് സ്ഥാപിക്കാനും കഴിയുകയില്ല. അവരില്‍ പെട്ട ഒരാളാണ് 'സര്‍ദശിത്ത്.' പാര്‍സികള്‍ അദ്ദേഹത്തെ തങ്ങളുടെ നബിയായി അംഗീകരിക്കുന്നു. ഖുര്‍ആനില്‍ മജൂസ് സമൂഹത്തെക്കുറിച്ച് പരാമര്‍ശമുണ്ട് എന്നതാണ് അദ്ദേഹം നബിയാകാന്‍ സാധ്യതയുണ്ട് എന്നതിന്റെ ന്യായം. സര്‍ദശിത്ത് കൊണ്ടുവന്ന 'ആവസ്താ' എന്ന ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ് മജൂസികളുടെ മതം. 'ആവസ്ത്'യെക്കുറിച്ച് നമുക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സര്‍ദശിത്തിന്റെ ഗ്രന്ഥം ഉണ്ടായിരുന്നത് 'സന്‍ദ' എന്ന ഭാഷയിലായിരുന്നു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ പേര്‍ഷ്യയെ മറ്റു ജനവിഭാഗങ്ങള്‍ കൈയടക്കി. അവരുടെ ഭാഷ അവിടെ പ്രചാരം നേടി. പഴയ ഭാഷ അവഗണിക്കപ്പെടുകയും ചെയ്തു. വിരലിലെണ്ണാവുന്ന ഭാഷാ വിദഗ്ധര്‍ക്കേ ആ പൗരാണിക ഭാഷ അറിഞ്ഞുകൂടൂ എന്ന നില വന്നു. അങ്ങനെ സര്‍ദശ്ത്തി മതത്തിന്റെ പണ്ഡിതന്മാര്‍ പുതിയ ഭാഷയില്‍ ആ ഗ്രന്ഥത്തിന്റെ സംഗ്രഹവും വിശദീകരണവും തയാറാക്കി. ഇങ്ങനെ തയാറാക്കിയ ഗ്രന്ഥത്തിന്റെ പത്താം ഭാഗം മാത്രമാണ് ഇപ്പോള്‍ നമ്മുടെ കൈവശമുള്ളത്. ബാക്കിയെല്ലാം നഷ്ടപ്പെട്ടുപോയി. ഈ പത്താം ഭാഗത്ത് ആരാധനകളെക്കുറിച്ച് പറയുന്നുണ്ട്; പിന്നെ നിയമവിധികളെക്കുറിച്ചും. ഏറ്റവും പൗരാണികമായ ഗ്രന്ഥങ്ങളിലൊന്നായി ആവസ്ത പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും അത് പൂര്‍ണ രൂപത്തില്‍ ലഭ്യമായിട്ടില്ല എന്ന കാര്യവും ഓര്‍ക്കണം. ആ അപൂര്‍ണ കൃതിയില്‍ ഇങ്ങനെയൊരു പരാമര്‍ശവും കാണാം: ''ഞാന്‍ മതത്തെ പൂര്‍ണമാക്കിയവനല്ല. എനിക്ക് ശേഷം ഒരു പ്രവാചകന്‍ വരാനിരിക്കുന്നു. അദ്ദേഹമാണത് പൂര്‍ണമാക്കുക. ലോകാനുഗ്രഹി എന്നാവും അദ്ദേഹം വിളിക്കപ്പെടുക.''
ഹിന്ദുസ്ഥാനിലും വിശുദ്ധ ഗ്രന്ഥങ്ങളായി അറിയപ്പെടുന്ന ഏതാനും രചനകളുണ്ട്. അവ ദൈവപ്രോക്തമാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. വേദങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുകള്‍ എന്നിവയൊക്കെ അതില്‍ പെടും. ഇവ ദൈവിക വെളിപാടുകളാണെന്ന് കരുതുകയാണെങ്കില്‍, ഇവയെല്ലാം ഒരേ പ്രവാചകന് അവതരിച്ചതാകാനിടയില്ല. പല പ്രവാചകന്മാരിലൂടെ നല്‍കപ്പെട്ടവയാവണം. ഇവിടെ 'പുരാണ' എന്റെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ച വാക്കാണ്. ഇത് സംബന്ധമായി ഖുര്‍ആനില്‍ വിസ്മയകരമായ ഒരു സൂചനയുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. 'പൗരാണികരുടെ ഏടുകളില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നു' (26:196) എന്ന് ഖുര്‍ആനില്‍ പരാമര്‍ശമുണ്ടല്ലോ. ഇതിന് പുരാണങ്ങളുമായി വല്ല ബന്ധവുമുണ്ടോ? എനിക്കറിഞ്ഞുകൂടാ. പത്ത് പുരാണങ്ങളാണുള്ളത്. അതിലൊന്നില്‍ ഇങ്ങനെ വന്നിരിക്കുന്നു: ''അവസാന കാലത്ത് മരുഭൂപ്രദേശത്ത് ഒരാള്‍ വരും. അവലംബിക്കാവുന്ന ആള്‍ എന്ന അര്‍ഥത്തിലുള്ള പേരായിരിക്കും അദ്ദേഹത്തിന്റെ മാതാവിന്. പിതാവിന്റെ പേരിന്റെ അര്‍ഥം 'ദൈവദാസന്‍' എന്നും. തന്റെ ജന്മദേശത്തിന്റെ വടക്ക് ഭാഗത്തേക്ക് പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനാകും. തന്റെ സ്വദേശത്തെ പതിനായിരങ്ങളുടെ 1 സഹായത്തോടെ മോചിപ്പിക്കും. യുദ്ധത്തില്‍ അദ്ദേഹത്തിന്റെ രഥമോട്ടുന്നത് ഒട്ടകമായിരിക്കും. ആകാശത്ത് വരെ ചെന്നെത്താവുന്ന വേഗതയായിരിക്കും2 അതിന്.'' ഇത് മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ള സൂചനയാവാനാണ് സാധ്യത.
(തുടരും)

1. ഇത് മക്കാ വിജയത്തിലേക്കുള്ള സൂചനയാവണമെന്നില്ല. ഹജ്ജത്തുല്‍ വിദാഅ് ആകാം ഉദ്ദേശിച്ചത്.
2. മിഅ്‌റാജിലേക്കുള്ള സൂചനയാവാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍