Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 02

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ കടന്നുവന്ന വഴികളും കര്‍മമേഖലകളും

സദ്‌റുദ്ദീന്‍ വാഴക്കാട്

മുസ്‌ലിം സമുദായത്തിന്റെ ആത്മീയ-വിദ്യാഭ്യാസ-സാമൂഹിക വളര്‍ച്ചയില്‍ അനല്‍പമായ പങ്കുവഹിക്കുന്ന, തെക്കന്‍ കേരളത്തിലെ പ്രമുഖ മതസംഘടനയാണ് ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ. സമുദായ സംസ്‌കരണം, ദീനീ വിദ്യാഭ്യാസം, മുസ്‌ലിം ഐക്യം, അവകാശ പോരാട്ടം, മഹല്ല് ജമാഅത്ത് ശാക്തീകരണം, മതസൗഹാര്‍ദ്ദം, പണ്ഡിതന്മാരുടെ സംഘാടനം, ഇസ്‌ലാം വിമര്‍ശനങ്ങളുടെ പ്രതിരോധം, അനാഥ-അഗതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ അര്‍പിക്കാന്‍ കഴിഞ്ഞ 57 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമാക്ക് സാധിച്ചിട്ടുണ്ട്. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കൊക്കെ പ്രത്യേകം പോഷക സംഘടനകള്‍ രൂപീകരിച്ചുകൊണ്ട് ബഹുമുഖ ദീനീപ്രവര്‍ത്തനങ്ങളാണ് ജംഇയത്തുല്‍ ഉലമ നടത്തിവരുന്നത്.

രൂപീകരണ ചരിത്രം
ഐക്യകേരളം പിറക്കുന്നതിനു മുമ്പ് മലബാറും തിരു-കൊച്ചിയുമായി കേരളം വിഭജിക്കപ്പെട്ടിരുന്നു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാര്‍. തിരു-കൊച്ചി സ്വതന്ത്ര സംസ്ഥാനവും. 1920കളില്‍ മലബാറില്‍ ആരംഭിച്ച സംഘടിത ദീനീപ്രവര്‍ത്തനങ്ങള്‍ 1950കളോടെ സജീവമായിത്തുടങ്ങി. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി രൂപം കൊണ്ട 'കേരള മുസ്‌ലിം ഐക്യസംഘ'വും പിന്നീട് വന്ന 'കേരള ജംഇയത്തുല്‍ ഉലമ'യും അവിടെനിന്ന് വടക്കോട്ടാണ് കാര്യമായി പ്രവര്‍ത്തിച്ചിരുന്നത്. 'കേരള ജംഇയത്തുല്‍ ഉലമ'യെ പ്രതിരോധിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട 'സമസ്ത കേരള ജംഇയത്തുല്‍ ഉലമ'യുടെ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും മലബാറില്‍ പരിമിതമായിരുന്നു. സമാന സ്വഭാവമുള്ള സംഘടിത ദീനീപ്രവര്‍ത്തനങ്ങള്‍ ആ ഘട്ടത്തില്‍ തിരു-കൊച്ചിയില്‍ ഉണ്ടായിരുന്നില്ല. മതവിദ്യാഭ്യാസത്തിലും ദീനീബോധത്തിലും മറ്റും ആപേക്ഷികമായി തെക്കന്‍ കേരളം അല്‍പം പിന്നിലായിരുന്നു. പ്രസ്താവ്യമായ രീതിയില്‍ മദ്‌റസകളും അറബിക് കോളേജുകളും ഏറെയൊന്നും നിലവിലുണ്ടായിരുന്നില്ല. മതപണ്ഡിതന്മാരുടെയും മഹല്ല് ജമാഅത്തുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത രൂപമോ, വ്യവസ്ഥാപിതത്വമോ വേണ്ടത്ര ഇല്ലായിരുന്നു. ഇതിന്റെ പ്രയാസങ്ങള്‍ തിരുകൊച്ചിയിലെ മുസ്‌ലിം ജീവിതത്തില്‍ ദൃശ്യമായിരുന്നു. എന്നാല്‍, പത്രപ്രസിദ്ധീകരണരംഗത്തും രാഷ്ട്രീയ മേഖലയിലും ഭൗതിക വിദ്യാഭ്യാസത്തിലും മറ്റും ആശാവഹമായ ചുവടുവെപ്പുകള്‍ ഉണ്ടായിരുന്നുതാനും.
ദീനീപ്രവര്‍ത്തന രംഗത്തെ പോരായ്മകള്‍ പരിഹരിക്കാനായി 'സമസ്ത കേരള ജംഇയത്തുല്‍ ഉലമാ'യുടെ പ്രവര്‍ത്തനങ്ങള്‍ തെക്കന്‍ കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അവിടുത്തെ പണ്ഡിതന്മാര്‍ ആവശ്യപ്പെട്ടെങ്കിലും തിരു-കൊച്ചിയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനായിരുന്നു 'സമസ്ത'യുടെ നിര്‍ദേശം. ഇത്തരമൊരു ചരിത്ര പശ്ചാത്തലത്തിലാണ് ഒരു പണ്ഡിതസംഘടനയെക്കുറിച്ച് തെക്കന്‍ കേരളത്തിലെ മതപണ്ഡിതര്‍ ചര്‍ച്ചയാരംഭിച്ചത്.
തിരു-കൊച്ചിയിലെ പേരുകേട്ട മുസ്‌ലിം കേന്ദ്രമായിരുന്നു അക്കാലത്ത് കൊല്ലം. ദീനീവിദ്യാഭ്യാസത്തിലും വൈജ്ഞാനിക വളര്‍ച്ചയിലും പത്രപ്രസിദ്ധീകരണ രംഗത്തും സാമ്പത്തിക ശേഷിയിലും താരതമ്യേന കൊല്ലം അന്ന് മുന്നിട്ടുനിന്നിരുന്നു. 1955 ജൂണ്‍ 26 നു കൊല്ലം ജോനകപ്പുറം കൊച്ചു പള്ളിയില്‍ ചേര്‍ന്ന പണ്ഡിതന്മാരുടെ യോഗത്തിലാണ് 'തിരു-കൊച്ചി ജംഇയത്തുല്‍ ഉലമാ' രൂപീകരണത്തിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നത്. പ്രമുഖ പണ്ഡിതനായിരുന്ന ഹാജി പി.കെ യൂനുസ് മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍, റഈസുല്‍ ഉലമ എം. ശിഹാബുദ്ദീന്‍ മൗലവി, കായംകുളം ഉമര്‍കുട്ടി മൗലവി, കോട്ടക്കര ഇബ്‌റാഹീംകുട്ടി മൗലവി, എം. അലവി കുഞ്ഞ് മൗലവി, ഒ.ബി തഖിയുദ്ദീന്‍ ഫരീദ് മൗലവി, പി.പി അഹ്മദ് ആലിം സാഹിബ് തുടങ്ങിയ പ്രഗത്ഭര്‍ പങ്കെടുത്തിരുന്നു. ഉമ്മര്‍കുട്ടി മൗലവി മുന്‍കൈയെടുത്ത് ക്ഷണിച്ചുവരുത്തിയ ഇരുനൂറ് പണ്ഡിതരായിരുന്നു യോഗത്തില്‍ സന്നിഹിതരായത്. ആ യോഗത്തില്‍വെച്ച് എം. ശിഹാബുദ്ദീന്‍ മൗലവി കണ്‍വീനറായി 53 അംഗ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചുകൊണ്ട്, 'തിരുകൊച്ചി ജംഇയത്തുല്‍ ഉലമ' പ്രഖ്യാപിക്കപ്പെട്ടു. അല്‍ ബയാന്‍ മാസികയുടെ 1955 ജൂലൈ 10 ലക്കത്തില്‍ ഇതു സംബന്ധിച്ച് കെ. മുഹമ്മദ് നൂറുദ്ദീന്‍ മൗലവി തയാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി.
1955 ആഗ്സ്റ്റ് 2 നു തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ വിപുലമായ പണ്ഡിതയോഗം ചേര്‍ന്നു. കണ്‍വീനര്‍ എം. ശിഹാബുദ്ദീന്‍ മൗലവി എഴുതി അവതരിപ്പിച്ച സ്വാഗത പ്രസംഗം പിന്നീട് കൊല്ലം ശ്രീരാമ വിലാസം പ്രസില്‍ അച്ചടിച്ച് രണ്ട് അണക്ക് വില്‍ക്കുകയുണ്ടായി. ഇങ്ങനെ സ്വരൂപിച്ചതായിരുന്നു സംഘടനയുടെ ആദ്യ പ്രവര്‍ത്തന ഫണ്ട്. ഭാവി പരിപാടികള്‍ക്ക് രൂപം കൊടുത്ത പ്രസ്തുത യോഗം ചങ്ങനാശേരിയില്‍ വിപുലമായ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. 1955 നവംബര്‍ 12, 13 തീയതികളില്‍ ചങ്ങനാശേരിയില്‍ നടന്ന സമ്മേളനത്തില്‍ വടക്കാഞ്ചേരി മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളില്‍ നിന്നായി ആയിരത്തിലധികം പണ്ഡിതന്മാരും സമുദായ നേതാക്കളും പങ്കെടുത്തു. 'സമസ്ത കേരള ജംഇയത്തുല്‍ ഉലമാ'യുടെ പ്രമുഖ നേതാവ് ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്ന പ്രസ്തുത സമ്മേളനത്തിലാണ് 'തിരു-കൊച്ചി ജംഇയ്യത്തുല്‍ ഉലമാ'യുടെ സംഘടനാ സംവിധാനങ്ങളും പ്രവര്‍ത്തന രീതികളും മറ്റും തീരുമാനിക്കപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകള്‍ പ്രവര്‍ത്തന മേഖലയായി നിശ്ചയിക്കപ്പെട്ടു (അന്ന്, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ രൂപീകൃതമായിരുന്നില്ല). 61 പണ്ഡിതന്മാര്‍ അടങ്ങുന്ന സ്ഥിരം പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. പിന്നീട് 40 പേരെ കൂടി ഉള്‍പ്പെടുത്തി സമിതി വിപുലീകരിച്ചു.
1956 ജനുവരിയില്‍ ആലപ്പുഴ ഗവ. മുഹമ്മദന്‍ സ്‌കൂളില്‍ ചേര്‍ന്ന 101 അംഗ പ്രവര്‍ത്തക സമിതി യോഗത്തിലാണ് സംഘടനാ നേതൃത്വത്തെ തെരഞ്ഞെടുത്തത്. ഹാജി പി.കെ യൂനുസ് മൗലവി (പ്രസിഡന്റ്), എം. ശിഹാബുദ്ദീന്‍ മൗലവി (വൈസ് പ്രസിഡന്റ്), കായംകുളം ഉമര്‍കുട്ടി മൗലവി (ജനറല്‍ സെക്രട്ടറി), പി.എ മുഹമ്മദ് കോയ മൗലവി, വാമനപുരം മുഹമ്മദ് മൗലവി (സെക്രട്ടറി), പി.പി അഹ്മദ് ആലിം സാഹിബ് (ട്രഷറര്‍) എന്നിവരായിരുന്നു ആദ്യ ഭാരവാഹികള്‍. 1955 ജൂണില്‍ ആരംഭിച്ച സംഘടനാ രൂപീകരണ പ്രക്രിയ ആറു മാസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. കോട്ടക്കര ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍, എം. അലവി കുഞ്ഞ് മൗലവി, ഒ.ബി തഖിയുദ്ദീന്‍ ഫരീദ് മൗലവി, മുഹമ്മദ് നൂഹ് അല്‍ ഖാസിമി, വാമനപുരം മുഹമ്മദ് കുഞ്ഞ് മൗലവി, ആലങ്കോട് അബ്ദുല്‍ ഖാദിര്‍ മൗലവി, സി.എസ് ഇബ്‌റാഹീം കുട്ടി മൗലവി, വി. അബ്ദുല്ലത്വീഫ് മൗലവി, കൊച്ചുവിള അബ്ദുര്‍റഹ്മാന്‍ മൗലവി, കക്കാഴം കെ.പി അബ്ദുല്‍ ഹമീദ് മൗലവി, മെക്കോന്‍ കെ.പി മുഹമ്മദ് കുഞ്ഞി മൗലവി, വി.കെ അബ്ദുല്ല മൗലവി ക്ലാപ്പന, കെ.എം നൂറുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ സംഘടനയുടെ ആദ്യകാലത്തെ പ്രമുഖ നേതാക്കളാണ്.
ഐക്യകേരളത്തിന്റെ പിറവിയോടെ, 'തിരു-കൊച്ചി' എന്ന പേരുമാറ്റി, 'ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ' എന്ന് പുനര്‍നാമകരണം ചെയ്തു. പിന്നീട് പല ഘട്ടങ്ങളിലായി വിവിധ പോഷക സംഘടനകള്‍ രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്തു. 'ദക്ഷിണ' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സംഘടനയുടെ പോഷക ഘടകങ്ങള്‍ ഇവയാണ്. 1. ദക്ഷിണ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ്. 2. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍. 3. കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ 4. ദക്ഷിണ കേരള ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ 5. ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍. ഉലമാ പബ്ലിക്കേഷന്‍സ്, ദക്ഷിണ കേരള ഇസ്‌ലാം മത പരീക്ഷാബോര്‍ഡ്, ഫത്‌വ കൗണ്‍സില്‍, ദക്ഷിണ കേരള മുഅല്ലിം ക്ഷേമനിധി, അന്നസീം ദൈ്വവാരിക, അല്‍ബുസ്താന്‍ മാസിക, ജാമിഅ മന്നാനിയ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തന വേദികളുള്ള വലിയൊരു സംഘടനയായി 'ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ' വളര്‍ന്നിട്ടുണ്ട്.
അല്‍ ഉസ്താദ് വി.എം മൂസാ മൗലവി (പ്രസി), അല്‍ ഉസ്താദ് ചേലകുളം കെ.എം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി (ജന.സെക്ര), പികെ കോയാ മൗലവി അല്‍ഖാസിമി (ട്രഷറര്‍), ഹാഫിസ് കെ.ടി മുഹമ്മദ് ഇസ്ഹാഖ് മൗലവി, വി.എ മുഹമ്മദ് മൗലവി, കെ.പി അബൂബക്കര്‍ ഹസ്രത്ത് (വൈ. പ്രസി), തേവലക്കര അലിയാരു കുഞ്ഞ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എ.കെ ഹസന്‍ ബസരി മൗലവി (സെക്ര), എ.കെ ഉമര്‍ മൗലവി (ദക്ഷിണ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി) തുടങ്ങിയവരാണ് ഇന്ന് ദക്ഷിണയെ നയിക്കുന്ന പ്രമുഖ നേതാക്കള്‍.

ആദര്‍ശ ലക്ഷ്യങ്ങള്‍
അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശ ലക്ഷ്യങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന പണ്ഡിതസംഘടനയാണ് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. വിശ്വാസ രംഗത്ത് (അഖീദ) അശ്അരി, മാതുരീദീ സരണികളെയും (മദ്ഹബ്) അനുഷ്ഠാനങ്ങളില്‍ ഹനഫി, ഹമ്പലി, മാലികി, ശാഫീ എന്നീ നാല് കര്‍മ ശാസ്ത്ര സരണികളെയും (അല്‍മദാഹിബുല്‍ ഫിഖ്ഹിയ്യ) സംഘടന അംഗീകരിക്കുന്നു. വിശ്വാസ രംഗത്ത് രണ്ടിലൊരു വഴിയും അനുഷ്ഠാന വിഷയത്തില്‍ നാലിലൊരു മദ്ഹബും അംഗീകരിക്കുകയും ഇല്‍മുത്തഫ്‌സീര്‍, ഇല്‍മുല്‍ ഹദീസ്, ഇല്‍മുല്‍ അഖീദ, ഇല്‍മുല്‍ ഫിഖ്ഹ്, ഇല്‍മുത്തസവ്വുഫ് എന്നിവയില്‍ അറബി ഭാഷയിലൂടെ സാമാന്യ അറിവ് സമ്പാദിക്കുകയും ചെയ്ത, 20 വയസ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ജംഇയത്തുല്‍ ഉലമയില്‍ അംഗത്വം നല്‍കുന്നത്. എന്നാല്‍ പോഷക സംഘടനകളിലെ അംഗത്വത്തിന് ഈ നിബന്ധന ബാധകമല്ല.
1993 ല്‍ പരിഷ്‌കരിച്ച നിയമാവലിയനുസരിച്ച് ജംഇയത്തുല്‍ ഉലമയുടെ ഉദ്ദേശ്യങ്ങള്‍ പതിമൂന്ന് കാര്യങ്ങളാണ്.
(1) മുസ്‌ലിം ജമാഅത്തുകളിലെ ആഭ്യന്തര കുഴപ്പങ്ങള്‍ അവസാനിപ്പിച്ച് സമുദായാംഗങ്ങളുടെയിടയില്‍ രഞ്ജിപ്പും സാഹോദര്യവും നിലനിറുത്തുകയും ഐക്യവും കെട്ടുറപ്പും കൈവരിക്കത്തക്കവിധം ജമാഅത്തുകളെ സംഘടിപ്പിക്കുകയും ചെയ്യുക.
(2) സഹോദര സമുദായാംഗങ്ങളുമായുള്ള സൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയും ഭാരതത്തിന്റെ ദേശീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ശരീഅത്തിന് വിധേയമായി പ്രവര്‍ത്തിക്കുകയും ചെയ്യുക.
(3) പൊതുജനങ്ങളില്‍ മതബോധവും സദാചാര നിലവാരവും വളര്‍ത്തുവാന്‍ ഉതകത്തക്കവിധം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, ഗ്രന്ഥങ്ങള്‍, ലഘുലേഖകള്‍, പത്രമാസികകള്‍ മുതലായവ പ്രസിദ്ധീകരിക്കുകയും വിതരണം നടത്തുകയും അതിന്നാവശ്യമായ പ്രസ്സും മറ്റും സ്ഥാപിച്ചു നടത്തുകയും ചെയ്യുക.
(4) ഇസ്‌ലാമിനെതിരെ പ്രസിദ്ധീകരിക്കപ്പെടുന്ന അപവാദ പ്രസ്താവനകള്‍ക്കും ക്ഷുദ്രകൃതികള്‍ക്കും സമുചിതമായ ഖണ്ഡനമണ്ഡനങ്ങളിലൂടെ ഇസ്‌ലാമിന്റെയും പ്രവാചകന്‍(സ)യുടെയും പേരില്‍ വരുത്തിതീര്‍ക്കുന്ന തെറ്റിദ്ധാരണകള്‍ ജനമദ്ധ്യത്തില്‍ നിന്നും അകറ്റി യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുക.
(5) ദക്ഷിണ കേരളത്തിലും ക്രമേണ കേരളം മുഴുവനും അഖിലേന്ത്യാ തലത്തിലുമുള്ള അറബിക് കോളേജുകളും പള്ളി ദര്‍സുകളും മദ്‌റസകളും ഏകീകരിച്ച് ഒരേ സിലബസിന്‍ കീഴില്‍ വ്യവസ്ഥാപിതവും അഭിവൃദ്ധികരവുമായ നിലയില്‍ കൊണ്ടുവരികയും ഇവ ഇല്ലാത്തിടങ്ങളില്‍ അവ സ്ഥാപിച്ചു നടത്തുന്നതിനുവേണ്ട പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുക.
(6) ആവശ്യം നേരിടുന്ന സ്ഥലങ്ങളില്‍ സന്ദര്‍ഭോചിത പ്രസംഗങ്ങള്‍ വഴിയും മറ്റും ജനങ്ങളുടെയിടയില്‍ സന്മാര്‍ഗോപദേശങ്ങള്‍ നല്‍കുന്നതിന് പ്രബോധകരെ ഏര്‍പെടുത്തുക.
(7) സംശയങ്ങളും മറ്റും ഉന്നയിച്ചുകൊണ്ട് പൊതുജനങ്ങളില്‍നിന്നും ഉണ്ടാകുന്ന ചോദ്യങ്ങള്‍ക്ക് ശറഇയ്യായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഫത്‌വാ കൊടുക്കാന്‍ കെല്‍പുറ്റ ഒരു ഫത്‌വാ കൗണ്‍സിലും ഹിലാല്‍ സംബന്ധമായ കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് വിദഗ്ധ പണ്ഡിതന്മാര്‍ ഉള്‍ക്കൊള്ളുന്ന ഒരു ഹിലാല്‍ കമ്മിറ്റിയും രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കുക.
(8) മഹല്ലുകള്‍ക്കും മറ്റു ദീനീസ്ഥാപനങ്ങള്‍ക്കും അനുയോജ്യരായ മുദര്‍രിസുമാരെയും ഖത്വീബുമാരെയും മറ്റു ദീനീസേവകരെയും സെലക്റ്റ് ചെയ്തുകൊടുക്കുക.
(9) മഹല്ലുകളില്‍ ഖത്വീബുമാരായി സേവനം അനുഷ്ഠിക്കുന്നതിന് ആവശ്യമായ യോഗ്യത നിശ്ചയിക്കുകയും അതിലേക്ക് വേണ്ടത്ര പരിശീലനം നല്‍കാന്‍ സംവിധാനമുണ്ടാക്കുകയും ചെയ്യുക.
(10) വകുപ്പ് നാലിന്റെ സാക്ഷാല്‍കാരത്തിനാവശ്യമായ സ്ഥാപനങ്ങളും, കീഴ്ഘടകങ്ങളും ഏര്‍പെടുത്തുകയും അവയുടെ നടത്തിപ്പിനും പുരോഗതിക്കും സുരക്ഷിതത്വത്തിനും ആവശ്യമായ സംവിധാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക.
(11) മുസ്‌ലിം യുവജനങ്ങളെ ദീനിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കി നിറുത്തി അവരുടെ കഴിവും പ്രാപ്തിയും പരിശുദ്ധ ഇസ്‌ലാമിന്റെയും സമുദായത്തിന്റെയും രാജ്യത്തിന്റെയും നാനോന്മുഖ പുരോഗതിക്കുവേണ്ടി തിരിച്ചുവിടുന്നതിന് സംഘടിപ്പിച്ചു പ്രവര്‍ത്തന മാര്‍ഗങ്ങള്‍ തെളിച്ചുകൊടുക്കുക.
(12) വളര്‍ന്നുവരുന്ന ഇളംതലമുറയെ (വിദ്യാര്‍ഥി വിഭാഗത്തെ) ഇസ്‌ലാമിനും മുസ്‌ലിം സമുദായത്തിനും ഉപകരിക്കുന്ന സന്തതികളാക്കി തീര്‍ക്കുന്നതിന് അവരെ സംഘടിപ്പിച്ചു പ്രവര്‍ത്തന മാര്‍ഗങ്ങള്‍ തെളിച്ചുകൊടുക്കുക.
(13) അനാഥകളുടെയും അഗതികളുടെയും സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടിയുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കുക.

സവിശേഷതകള്‍
വിശ്വാസരംഗത്തും കര്‍മശാസ്ത്രത്തിലും ഏതെങ്കിലും ഒരു മദ്ഹബ് മാത്രം പിന്തുടരുക എന്നതല്ല ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമായുടെ പ്രഖ്യാപിത നയം. വിശ്വാസ രംഗത്ത് അശ്അരി, മാതുരീതി സരണികളിലൊന്നും കര്‍മശാസ്ത്രത്തില്‍ നാലില്‍ ഒരു മദ്ഹബും പിന്തുടരുന്നവര്‍ക്ക് സംഘടനയില്‍ പ്രവര്‍ത്തിക്കാം. അതുകൊണ്ട് അഹ്‌ലുസുന്നത്ത് വല്‍ ജമാഅത്ത് അംഗീകരിച്ച വീക്ഷണവൈജാത്യങ്ങള്‍ ഉളളവര്‍ ഒരു സംഘടനയില്‍ ഒന്നിച്ചു ചേരുന്ന അവസ്ഥയുണ്ടാകുന്നു. ഫിഖ്ഹില്‍ ശാഫിഈ-ഹനഫി മദ്ഹബുകള്‍ പിന്തുടരുന്നവരെ 'ദക്ഷിണ'യില്‍ കാണാം. മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമാന സ്വഭാവമുള്ള മതസംഘടനകളെക്കാള്‍ വിശാല വീക്ഷണവും സഹകരണ സമീപനവും പുലര്‍ത്തുന്നുണ്ട് 'ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ.' മുസ്‌ലിം ഐക്യത്തിന്റെ കാര്യത്തിലും പൊതുവിഷയങ്ങളില്‍ ഒന്നിച്ചുനില്‍ക്കുന്നതിലും സംഘടന ഏറെ മുന്നിലാണ്. മത തര്‍ക്കങ്ങളിലും അനാവശ്യ വാദപ്രതിവാദങ്ങളിലും തെരുവിലെ തമ്മിലടിയിലും 'ദക്ഷിണ'യും അതിലെ പണ്ഡിതന്മാരും പൊതുവെ പങ്കാളികളാകാറില്ല. ഈ വിഷയത്തില്‍, താരതമ്യേന മാതൃകാപരമായ നിലപാടാണ് ദക്ഷിണ കൈക്കൊള്ളുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസാനുഷ്ഠാനങ്ങള്‍ അംഗീകരിച്ച, അഹ്‌ലുസുന്നത്തിന്റെ വഴി സ്വീകരിച്ച മറ്റു മുസ്‌ലിംകളെയും സംഘടനകളെയും ദീനില്‍നിന്ന് പുറത്താക്കുകയും 'കാഫിര്‍-മുശ്‌രിക്-മുബ്തദിഅ്' ഫത്‌വയിറക്കുകയും ചെയ്യുന്ന സമീപനവും 'ദക്ഷിണ'ക്കില്ല. മറ്റുചില മുസ്‌ലിം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരോട് സലാം പറയരുത് തുടങ്ങിയ അതിവാദങ്ങള്‍ സംഘടന വെച്ചുപുലര്‍ത്തുകയോ, പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. തബ്‌ലീഗ് ജമാഅത്തിനോട് ദക്ഷിണ പുലര്‍ത്തുന്ന സമീപനവും സവിശേഷമാണ്. ഈ വിഷയത്തില്‍ എം. ശിഹാബുദ്ദീന്‍ മൗലവി സ്വീകരിച്ച നിലപാട് ദക്ഷിണയുടെ വിശാല വീക്ഷണത്തിന്റെ ഉദാഹരണങ്ങളിലൊന്നാണ്. വിയോജിപ്പുള്ളവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം വേണ്ട, ബോധവല്‍ക്കരണം മതി, മനസ്സിലാക്കുന്ന കാലത്ത് അവര്‍ മാറിക്കൊള്ളും എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒരിക്കല്‍ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഒരു യോഗം ജോനകപുറത്ത് നടന്നു. തബ്‌ലീഗിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ അബുല്‍ ഖൈര്‍ മൗലവിയെ ക്ഷണിച്ചുവരുത്തി ചര്‍ച്ച ചെയ്തു. അദ്ദേഹം ഒരു പുസ്തകം കൊണ്ടുവന്ന് വായിച്ച്, ആരോപിക്കപ്പെട്ട കാര്യങ്ങള്‍ തബ്‌ലീഗിന് ഇല്ല എന്ന് വിശദീകരിച്ചു. തുടര്‍ന്ന്, എം. ശിഹാബുദ്ദീന്‍ മൗലവി ഇനി ഇതു സംബന്ധിച്ച് തര്‍ക്കിക്കേണ്ടതില്ല എന്നുപറഞ്ഞ് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. ശിഹാബുദ്ദീന്‍ മൗലവി തബ്‌ലീഗ് ജമാഅത്തിനോട് വിയോജിപ്പുള്ള പണ്ഡിതനായിരുന്നു. അനാവശ്യമായി ചെറിയ കാര്യങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ പതിവാക്കേണ്ടതില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
1980 ഡിസംബറില്‍ കൊല്ലം കര്‍ബലാ മൈതാനിയില്‍ നടന്ന ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമായുടെ സില്‍വര്‍ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തതും ദക്ഷിണയുടെ കീഴിലുള്ള ജാമിഅ മന്നാനിയ വിദ്യാലയ സമുച്ചയത്തിന് തറക്കല്ലിട്ടതും ലോകപ്രശസ്ത പണ്ഡിതന്‍ അബുല്‍ ഹസന്‍ അലി നദ്‌വിയായിരുന്നു ('സമസ്ത'യില്‍നിന്ന് ഒരു വിഭാഗം വേര്‍പെട്ടു പോകാന്‍ പറഞ്ഞ കാരണങ്ങളിലൊന്ന് ശരീഅത്ത് വിവാദ കാലത്ത് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അബുല്‍ ഹസന്‍ അലി നദ്‌വിയോടൊപ്പം വേദി പങ്കിട്ടു എന്നതായിരുന്നുവല്ലോ). പത്തുവര്‍ഷം തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജയിലിലും പിന്നീട് കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലിലും തടവിലാക്കപ്പെട്ട മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ 'ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ'യും പോഷക സംഘടനകളും നേരിട്ടുതന്നെ ഇടപെടുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ നമ്മുടെ മുഖ്യധാരാ മത സംഘടനകള്‍ എവിടെ നില്‍ക്കുന്നുവെന്നത് കൂടി മുമ്പില്‍വെച്ച് ചിന്തിക്കുമ്പോഴാണ് ദക്ഷിണയുടെ നിലപാടിന്റെ പ്രസക്തി മനസ്സിലാവുക.

സംഭാവനകള്‍
തെക്കന്‍ കേരളത്തിലെ മുസ്‌ലിം ജീവിതത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പിക്കാന്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമക്ക് സാധിച്ചിട്ടുണ്ട്. ദീനീവിദ്യാഭ്യാസ മേഖലയാണ് അതില്‍ പ്രധാനം. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയിലൂടെ തുടക്കം കുറിച്ച മദ്‌റസാ പ്രസ്ഥാനം മലബാറില്‍ വ്യവസ്ഥാപിത മതപഠന സമ്പ്രദായത്തിന് കളമൊരുക്കിയെങ്കിലും തെക്കന്‍ കേരളത്തില്‍ ആ ഘട്ടത്തില്‍ അതിന് വലിയ സ്വാധീനമുണ്ടായിരുന്നില്ല. അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടന്നിരുന്ന പള്ളിപ്പുരകള്‍ കേന്ദ്രീകരിച്ചാണ് തിരു-കൊച്ചിയില്‍ ദീനീവിദ്യാഭ്യാസം നടന്നിരുന്നത്. തെക്കന്‍ കേരളത്തിലെ മതപണ്ഡിതര്‍ നടത്തിയിരുന്ന ദര്‍സുകള്‍ക്ക് പുറമെ മലബാറില്‍ നിന്നെത്തുന്ന മുസ്‌ലിയാക്കന്മാര്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പളളികളിലും മറ്റും കുട്ടികള്‍ക്ക് ദീനിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ചിരുന്നു. 'പള്ളിപ്പുരകള്‍' എന്നാണ് ഈ സംവിധാനം അറിയപ്പെട്ടിരുന്നത്. വളരെ കുറച്ചു കുട്ടികള്‍ മാത്രമേ അതില്‍ പഠിക്കാറുണ്ടായിരുന്നുള്ളൂ. പാഠപുസ്തകങ്ങളോ സിലബസോ ഒന്നും അതിന് ഉണ്ടായിരുന്നില്ല.
ഈ അവസ്ഥക്ക് മാറ്റം വരുത്തി, പള്ളിപ്പുരകളെ ഏകീകരിച്ച് മദ്‌റസകളാക്കി പരിവര്‍ത്തിപ്പിക്കാന്‍ ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ പരിശ്രമിക്കുകയുണ്ടായി. ഈ ലക്ഷ്യത്തിന് വേണ്ടി 1956-ല്‍ 'ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്' രൂപീകരിച്ചു. ദീനീവിദ്യാഭ്യാസ രംഗത്തെ വിപുലമായ സംവിധാനമായി ഇന്നത് വളര്‍ന്നിട്ടുണ്ട്. മദ്‌റസകള്‍ മാത്രമല്ല അറബിക് കോളേജുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 'ദക്ഷിണ'യുടെ കീഴിലുണ്ട്. 'ജാമിഅ മന്നാനിയ' ഈ രംഗത്തെ പ്രധാന ചുവടുവെപ്പാണ്.
മഹല്ല് ജമാഅത്തുകളുടെ ശാക്തീകരണമാണ് രണ്ടാമത്തെ സംഭാവന. അസംഘടിതമായിരുന്ന മഹല്ല് ജമാഅത്തുകളെ ഏകോപിപ്പിക്കുകയും പ്രാദേശിക തലങ്ങളില്‍ സമുദായ സംസ്‌കാരണ രംഗത്ത് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുകയും ചെയ്യുന്നതില്‍ 'ദക്ഷിണ'യും പങ്ക് വഹിച്ചു. ഈ ലക്ഷ്യം മുന്‍നിറുത്തി രൂപീകരിച്ച സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍. മുസ്‌ലിം യുവജനങ്ങളെ സമുദായത്തിന് പ്രയോജനപ്പെടുന്നവിധം സംഘടിപ്പിക്കാനും കര്‍മനിരതരാക്കാനുംവേണ്ടി യുവജന ഫെഡറേഷന്‍ രൂപീകരിച്ചു. മദ്‌റസ-ദര്‍സ്-അറബിക് കോളേജ് അധ്യാപകരെ ഏകോപിപ്പിക്കുകയും അവര്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനങ്ങളും മറ്റും നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 'ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍' വിദ്യാര്‍ഥികളില്‍ സംഘബോധം കരുപ്പിടിപ്പിക്കാനും അവരുടെ കഴിവുകള്‍ വളര്‍ത്താനുമായി രൂപംകൊടുത്ത സ്റ്റുഡന്റ്‌സ് ഫെഡറേഷനും ദക്ഷിണയുടെ സംഭാവനയാണ്.
മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ടു വിവിധ കാലങ്ങളിലുണ്ടായ പ്രശ്‌നങ്ങളില്‍ 'ദക്ഷിണ'യും പോഷക സംഘടനകളും ഇടപെട്ടിട്ടുണ്ട്. ശരീഅത്ത് വിവാദം, ഏക സിവില്‍ കോഡ്, ബാബരി മസ്ജിദ്, സംവരണം, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കല്‍, മഅ്ദനിക്കെതിരായ നീതിനിഷേധം, മദ്‌റസാ വിദ്യാഭ്യാസത്തിന് തടസമാകുന്ന എസ്.സി.ഇ.ആര്‍.ടിയുടെ പരിഷ്‌കരണ റിപ്പോര്‍ട്ട്, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉദാഹരണം.
ഇസ്‌ലാമിക നിയമങ്ങള്‍ക്കെതിരെ ചില തല്‍പര കക്ഷികള്‍ രൂക്ഷവിമര്‍ശനമുന്നയിച്ച ശരീഅത്ത് വിവാദ കാലത്ത് അതിനെ പ്രതിരോധിക്കുന്നതില്‍ തെക്കന്‍ കേരളത്തില്‍ സംഘടന മുന്നിലുണ്ടായിരുന്നു. 'ശരീഅത്ത് ലോക സമാധാനത്തിന്' എന്ന തലക്കെട്ടില്‍ കൊച്ചിയില്‍ നടന്ന ശരീഅത്ത് സംരക്ഷണറാലിയും സമ്മേളനവും ഇതിന്റെ ഭാഗമായിരുന്നു. ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ശ്രമത്തിനെതിരെയും സംഘടന പ്രചാരണം നടത്തുകയുണ്ടായി. 1986-ല്‍ കൊല്ലത്ത് നടന്ന സമ്മേളനത്തിലെ പ്രധാന വിഷയം ഇതായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ദലിത്-പിന്നാക്ക വിഭാഗങ്ങളുമായി ചേര്‍ന്ന് കാസര്‍കോഡ് മുതല്‍ തിരുവന്തപുരം വരെ പദയാത്ര നടത്തുകയുമുണ്ടായി.
അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളില്‍ 'ദക്ഷിണ'യുടെ പങ്കാളിത്തമാണ് മറ്റൊന്ന്. സ്വന്തമായ പരിപാടികള്‍ക്കു പുറമെ മഅ്ദനി ആക്ഷന്‍ ഫോറം പോലുള്ള കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളിലും 'ദക്ഷിണ'യും പോഷക സംഘടനകളും പങ്കുവഹിക്കുന്നുണ്ട്. ഇതിനു വേണ്ടി റാലികളും പൊതുയോഗങ്ങളും ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുകയുണ്ടായി. 2000 നവംബര്‍ 20 ന് ആഭ്യന്തര വകുപ്പ് മന്ത്രി എല്‍.കെ അദ്വാനിയെയും, 2005 ജൂലൈ 15 നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും നേരില്‍ കണ്ട് മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട ഏക മതസംഘടന ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമയാണ്. ദക്ഷിണയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിക്കുകയുണ്ടായി. മഅ്ദനി കര്‍ണാടകയില്‍ ജയിലിലടക്കപ്പെട്ട ശേഷം ശക്തിപ്പെട്ട ജനകീയ പ്രക്ഷോഭത്തിലും 'ദക്ഷിണ'യുണ്ട്.
മുസ്‌ലിം സമുദായത്തിനെതിരിലുള്ള ദുഷ്പ്രചാരണവും അവഗണനയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2010 ഫെബ്രുവരി മൂന്നിന് സെക്രട്ടേറിയേറ്റിലേക്ക് 'ദക്ഷിണ'യുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുകയുണ്ടായി. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും 'ദക്ഷിണ' ഇടപെട്ടിട്ടുണ്ട്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം 'ദക്ഷിണ' നേതാക്കള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുകയും കേരള ഗവണ്‍മെന്റിന് പിന്തുണ അറിയിക്കുകയും ചെയ്തു. സംവരണ വിഷയത്തില്‍ മുസ്‌ലിം സമുദായം നേരിടുന്ന അനീതിക്കെതിരെ ശബ്ദിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ വിമര്‍ശിക്കാനും 'ദക്ഷിണ' മടികാണിച്ചിട്ടില്ല. എന്‍.എസ്.എസ്സിന്റെ സാമ്പത്തിക സംവരണ വാദത്തെ പിന്തുണക്കുന്ന കേരളത്തിലെ ഇരു മുന്നണികളും മുസ്‌ലിം സമുദായത്തെ വഞ്ചിക്കുകയാണെന്നും രാഷ്ട്രീയ തീരുമാനമെടുക്കുമ്പോള്‍ എന്‍.എസ്.എസ്സിനൊപ്പവും സമുദായ വേദികളില്‍ വരുമ്പോള്‍ മുസ്‌ലിംകള്‍ക്കൊപ്പവും നില്‍ക്കുന്ന നടപടി അപലപനീയമാണെന്നും 'ദക്ഷിണ' പ്രഖ്യാപിക്കുകയുണ്ടായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍