Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 02

പ്രണയ ബന്ധങ്ങളിലെ പാപച്ചുഴികള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ മുന്നിലെത്തിയ ദാമ്പത്യ പ്രശ്‌നങ്ങളില്‍ പലതും പ്രണയ വിവാഹിതരുടേതായിരുന്നു. അതില്‍ മൂന്നു വര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹിതരായി ഒരു മാസം തികയുംമുമ്പേ കലഹമാരംഭിച്ച ദമ്പതികള്‍ തൊട്ട് മൂന്നു കുട്ടികളുടെ മാതാപിതാക്കള്‍ വരെയുണ്ട്. ആ മാതാപിതാക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങളാരംഭിച്ചതും വിവാഹിതരായി ഏറെ കഴിയും മുമ്പെയാണ്. മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഏറെ വിവാദമുണ്ടാക്കി വിവാഹിതരായ മഞ്ചേരിയിലെ കമിതാക്കളും വേര്‍പിരിയാന്‍ ഏറെ കാലം വേണ്ടിവന്നില്ല. വിവാഹം മതപരമാവരുതെന്ന് നിര്‍ബന്ധമുള്ളവരായിരുന്നുവല്ലോ ഇരുവരും; മതമുക്തമായ ജീവിതം നയിക്കുന്നവരും. രജിസ്റ്റര്‍ വിവാഹം ചെയ്ത ഇരുവരും എറണാകുളത്തേക്ക് താമസം മാറ്റി. ഏറെ കഴിയുംമുമ്പേ വധു വരനെ ഉപേക്ഷിച്ച് മറ്റൊരു ക്രിസ്ത്യന്‍ യുവാവിന്റെ കൂടെ പോയി. അവര്‍ തമ്മിലുള്ള ബന്ധം തകരാനും ഏറെ കാലം വേണ്ടി വന്നില്ല. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ അവര്‍ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായി.
നമ്മുടെ സമൂഹത്തിലിന്ന് പ്രണയബന്ധങ്ങള്‍ വളരെയേറെ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അവരിലേറെപ്പേരും വിവാഹിതരാവാറുള്ളത് മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ പൂര്‍ണ ഇഷ്ടത്തോടെയും സംതൃപ്തിയോടെയുമല്ല. പലതും മാതാപിതാക്കള്‍ നിര്‍ബന്ധിതരായി സമ്മതിച്ചു കൊടുക്കുന്നവയാണ്. അവരെ ധിക്കരിച്ച് വിവാഹിതരാവുന്നവരും വളരെയൊന്നും വിരളമല്ല. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. നവദമ്പതികളുടെ ഒട്ടുമിക്ക പ്രശ്‌നങ്ങളിലും രക്ഷിതാക്കളുടെ സഹായ സഹകരണം അനിവാര്യമാണ്. അവര്‍ക്ക് സുരക്ഷിതത്വബോധം നല്‍കുന്നത് പോലും വീട്ടുകാരും കുടുംബക്കാരുമാണ്. ദമ്പതികളിലിരുവര്‍ക്കും ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനോ പരാതി പറയാനോ പരസ്പരമല്ലാതെ മറ്റാരും ഇല്ലാതാവുന്നു. മാതാപിതാക്കളോടും മറ്റും ചെയ്യുന്ന ധിക്കാരത്തിന്റെ മനഃപ്രയാസം ദാമ്പത്യത്തിന്റെ ആദ്യ നാളുകളില്‍ തന്നെ വേട്ടയാടിത്തുടങ്ങുകയും ചെയ്യുന്നു. ഇതൊക്കെയും പ്രണയ ബന്ധത്തിലൂടെ വിവാഹിതരാവുന്നവരുടെ ദാമ്പത്യബന്ധത്തെ ദുര്‍ബലമാക്കുന്നു.

ചതിക്കുഴികള്‍
വിദ്യാലയങ്ങളിലോ ജോലിസ്ഥലത്തോ ബസ്സിലോ ട്രെയ്‌നിലോ തെരുവിലോ അങ്ങാടിയിലോ വെച്ചു കണ്ടുമുട്ടുന്ന സ്ത്രീ-പുരുഷന്മാര്‍ പലപ്പോഴും പ്രണയ ബന്ധത്തിലേര്‍പ്പെടാറുള്ളത് പരസ്പരം പഠിച്ചറിഞ്ഞും ശരിയായി അന്യോന്യം മനസ്സിലാക്കിയുമല്ല. നോട്ടത്തിലോ സംസാരത്തിലോ ശരീര സൗന്ദര്യത്തിലോ മധുരവാക്കുകളിലോ സ്‌നേഹപ്രകടനങ്ങളിലോ ആകൃഷ്ടരായാണ്. ഇങ്ങനെ പരസ്പരം അടുക്കുന്ന പ്രണയികള്‍ തങ്ങളുടെ പങ്കാളികളുടെ മുമ്പില്‍ തങ്ങളുടെ സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും ഏറ്റവും മികച്ച വശമേ വെളിപ്പെടുത്തുകയുള്ളൂ. കാമുകന്‍ തന്റെ പ്രേമഭാജനത്തിന് പ്രിയപ്പെട്ടതേ പറയുകയുള്ളൂ. അനിഷ്ടകരമായതൊന്നും ചെയ്യുകയോ പറയുകയോ ഇല്ല. കാമുകിയുടെ സമീപനവും അവ്വിധം തന്നെയായിരിക്കും. അതിനാല്‍ പ്രണയ കാലത്ത് ഇരുവര്‍ക്കുമുണ്ടാകുന്ന അനുഭവങ്ങളൊക്കെയും ഏറെ ആഹ്ലാദകരവും സംതൃപ്തവുമായിരിക്കും. എന്നാല്‍ വിവാഹിതരായി ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നതോടെ യഥാര്‍ഥ പ്രകൃതം പ്രകടമാകാന്‍ തുടങ്ങുന്നു. സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും ജീവിതരീതികളിലെയും വൈരുധ്യങ്ങളും വൈകൃതങ്ങളും പൊരുത്തക്കേടുകളും അനുഭവപ്പെടാന്‍ തുടങ്ങുന്നു. അതോടെ അന്നോളം വെച്ചു പുലര്‍ത്തിയ സുന്ദര സ്വപ്നങ്ങളും മധുര സങ്കല്‍പങ്ങളും തകരുന്നു. ദാമ്പത്യ ബന്ധത്തില്‍ വിള്ളലുകളുണ്ടാവുകയും ബന്ധം ബന്ധനമായി തോന്നുകയും ചെയ്യുന്നു. അതോടെ പല ബന്ധങ്ങളും തകരുന്നു. അല്ലാത്തവ തട്ടിമുട്ടിയും ഒത്തും ഒപ്പിച്ചും യാന്ത്രികമായും നിര്‍വികാരമായും മുന്നോട്ടു പോകുന്നു. ഈയിടെ ദീര്‍ഘകാലത്തെ പ്രണയ ശേഷം വിവാഹിതരായി ഏറെ കഴിയും മുമ്പെ പിണക്കമാരംഭിച്ച ഒരു സഹോദരി പറഞ്ഞത് ''പ്രണയ കാലത്ത് അയാള്‍ നല്ല ഒരു ഫ്രന്റ് ആണെന്നാണ് ഞാന്‍ കരുതിയത്. ഒരേകാധിപതിയായ ഭര്‍ത്താവാണെന്നു ബോധ്യമായത് വിവാഹശേഷമാണ്.''
പ്രണയ കാലത്ത് പങ്കാളിയുടെ നന്മകള്‍ മാത്രമേ ശ്രദ്ധിക്കുകയും കാണുകയുമുള്ളൂ. മറുവശം തീര്‍ത്തും അവഗണിക്കുന്നു. മറ്റുള്ളവര്‍ ശ്രദ്ധയില്‍പെടുത്തിയാല്‍ പോലും ഗൗനിക്കുകയോ ഗൗരവത്തിലെടുക്കുകയോ ഇല്ല. എന്നല്ല, കാമുകന് തന്റെ കാമുകിയെക്കുറിച്ചും കാമുകിക്ക് മറിച്ചും എന്തെങ്കിലും കുറ്റം പറയുന്നവരോട് കടുത്ത വെറുപ്പായിരിക്കും. കാമുകന്റെ മദ്യപാനത്തെ സംബന്ധിച്ച് കാമുകിയുടെ ശ്രദ്ധയില്‍ പെടുത്തിയ അയാളുടെ അടുത്ത ബന്ധുവിനുണ്ടായ ദുരനുഭവം ഉദാഹരണം. കാമുകി ഉടനെത്തന്നെ അക്കാര്യം അറിയിച്ച വ്യക്തിയുടെ ടെലഫോണ്‍ നമ്പര്‍ കാമുകന് നല്‍കി അയാള്‍ പറഞ്ഞ വിവരം കാമുകനെ അറിയിച്ചു. അതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു. വിവാഹം കഴിഞ്ഞ് കൂടെ ജീവിക്കാന്‍ തുടങ്ങിയതോടെ ആ പെണ്‍കുട്ടിക്ക് രാത്രിയാകുന്നത് പേടിപ്പെടുത്തുന്ന അനുഭവമായി മാറി. എന്നും മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ തെറി കേട്ടും അടിയും ഇടിയും വാങ്ങിയുമാണ് ഇന്നവര്‍ കഴിയുന്നത്. മറ്റൊരു മതക്കാരന്റെ കൂടെ പോയ മകളെ സ്വീകരിക്കാനിപ്പോള്‍ മാതാപിതാക്കള്‍ സന്നദ്ധരുമല്ല.
വിവാഹിതരാവുന്നതോടെ നന്മ മാത്രം കാണുന്ന അവസ്ഥ മാറുകയും തിന്മകളെ അവഗണിക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു. ഇതും പരസ്പരമുള്ള അകല്‍ച്ചക്കും ദാമ്പത്യത്തകര്‍ച്ചക്കും വഴിയൊരുക്കുന്നു.
വിവാഹത്തിനു മുമ്പ് ഏതെങ്കിലും രൂപത്തിലുള്ള ശാരീരിക സ്പര്‍ശം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതുണ്ടാക്കുന്ന വിപത്തുകള്‍ വളരെ വലുതായിരിക്കും. വിവാഹ ശേഷം പുരുഷന്‍ ഏതെങ്കിലും സ്ത്രീയുമായി സംസാരിക്കുകയോ അടുത്തിടപഴകുകയോ ചെയ്യുന്നതോടെ ഭാര്യയില്‍ ഗുരുതരമായ സംശയങ്ങളുണരുന്നു. പ്രണയ കാലത്ത് തന്നോടു ചെയ്തതൊക്കെയും ഭര്‍ത്താവ് ആ സ്ത്രീയോടും ചെയ്യുമെന്ന് ആശങ്കിക്കുന്നു. ഇത് വളര്‍ന്ന് അതിഗുരുതരമായ സംശയരോഗമായിത്തീരുന്നു. അപ്രകാരം തന്നെ ഭാര്യ ഏതെങ്കിലും പുരുഷനുമായി വര്‍ത്തമാനം പറയുകയോ ഇടപഴകുകയോ ചെയ്യുന്നത് ഭര്‍ത്താവിലും വമ്പിച്ച സംശയങ്ങള്‍ക്ക് കാരണമാകുന്നു. പ്രണയ കാലത്ത് നടന്നതൊക്കെയും മനസ്സിലേക്ക് കടന്നുവരികയും അത് ഭാര്യയെക്കുറിച്ച മോശമായ ധാരണകള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നു. സംശയരോഗം മൂര്‍ഛിച്ച് ദാമ്പത്യത്തകര്‍ച്ചയിലെത്തുന്നു. സംശയരോഗം കൂടുതലായി കാണപ്പെടുന്നത് പ്രണയബന്ധത്തിലൂടെ ദാമ്പത്യത്തിലേക്ക് കടന്നുവന്നവരിലാകാനുള്ള കാരണവും ഇതത്രെ.
ടെലിഫോണിലൂടെയും ഇന്‍ര്‍നെറ്റിലൂടെയും രൂപപ്പെടുകയും വളര്‍ന്നുവരികയും ചെയ്യുന്ന പ്രണയബന്ധങ്ങള്‍ കൂടുതല്‍ അപകടകരമത്രെ. പരസ്പരം അന്വേഷിച്ചറിയാനും മനസ്സിലാക്കാനുമുള്ള അവസരമില്ലാതാകുന്നു. പ്രണയം ശക്തിപ്പെട്ട ശേഷമായിരിക്കുമല്ലോ രക്ഷിതാക്കള്‍ വിവരമറിയുക. അതിനാല്‍ അവര്‍ക്ക് കാര്യങ്ങള്‍ പഠിച്ചറിഞ്ഞ് തീരുമാനമെടുക്കാനുള്ള അവസരവും സാധ്യതയും ഒട്ടുമില്ലാതാകുന്നു. ടെലഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ബന്ധപ്പെട്ട് ചതിക്കുഴിയിലകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടികളിന്ന് വളരെ കൂടുതലാണ്.

കൊടിയ കുറ്റം
പ്രണയികള്‍ക്കിടയിലുള്ള നോട്ടവും വര്‍ത്തമാനവും തീര്‍ത്തും കാമമുക്തവും വികാരരഹിതവുമായിരിക്കുമെന്ന് സങ്കല്‍പിക്കുക സാധ്യമല്ലല്ലോ. അതോടൊപ്പം കാമവികാരത്തോടെയുള്ള നോട്ടം ഇസ്‌ലാം കണിശമായി വിലക്കിയിരിക്കുന്നു. ഇവ്വിഷയകമായ ഖുര്‍ആന്റെ കല്‍പന ആരാധനകളില്‍ നിഷ്ഠ പുലര്‍ത്തുന്ന വിശ്വാസികള്‍പോലും അവഗണിക്കുകയാണിന്ന്. അല്ലാഹു പറയുന്നു:
''നീ സത്യവിശ്വാസികളോടു പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്. നീ സത്യവിശ്വാസിനികളോടു പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യസ്ഥാനങ്ങള്‍ കാത്തു സൂക്ഷിക്കണം; തങ്ങളുടെ ശരീര സൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനു മീതെ താഴ്ത്തിയിടണം'' (ഖുര്‍ആന്‍ 24:30, 31).
പ്രവാചകന്‍ പറയുന്നു: ''രണ്ടു കണ്ണുകളും വ്യഭിചരിക്കാറുണ്ട്. അവയുടെ വ്യഭിചാരം നോട്ടമാണ്'' (ബുഖാരി).
കാമാതുരമായ സംസാരം നാവു കൊണ്ടുള്ള വ്യഭിചാരമാണ്. ഒരന്യ സ്ത്രീയെ പുരുഷനും പുരുഷനെ സ്ത്രീയും മനസ്സില്‍ പ്രതിഷ്ഠിച്ച് അവരെക്കുറിച്ചുള്ള വികാരങ്ങളും ചിന്തകളുമായിക്കഴിയുന്നത് ശരിയല്ല.
സര്‍വോപരി, അന്യസ്ത്രീയും പുരുഷനും തനിച്ചാകുന്നത് കൊടിയ കുറ്റമാണ്. നബി തിരുമേനി അരുള്‍ ചെയ്യുന്നു: ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ വിവാഹം നിഷിദ്ധമായ ബന്ധുവിന്റെ കൂടെയല്ലാതെ ഒരു സ്ത്രീയുടെ കൂടെ തനിച്ചാകരുത്. പിശാചായിരിക്കും അവരിലെ മൂന്നാമന്‍'' (അഹ്മദ്).
ഇതൊക്കെയും വിവാഹത്തിനുമുമ്പ് വിവാഹം നിശ്ചയിക്കപ്പെട്ട സ്ത്രീ-പുരുഷന്മാര്‍ക്കും നിഷിദ്ധമാണ്. അതുകൊണ്ട്, വിവാഹം നടക്കുന്നതിന് ഏറെ കാലം മുമ്പ് വിവാഹം ഉറപ്പിച്ചുവെക്കുന്നത് അഹിതകരവും അവിഹിതവും അനുവദനീയമല്ലാത്തതുമായ ബന്ധങ്ങള്‍ക്കും സംസാരങ്ങള്‍ക്കും ഇടപഴകലുകള്‍ക്കും ഇടവരുത്തിയേക്കാം. അതൊഴിവാക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം. വിവാഹം തീരുമാനിച്ചു കഴിഞ്ഞാല്‍ വേഗമത് നടത്തുന്നതാണുത്തമം.

സന്തോഷം നശിപ്പിക്കാതിരിക്കുക
ഭൂമിയിലാര്‍ക്കും തന്റെ മാതാപിതാക്കളെയോ സഹോദരീസഹോദരന്മാരെയോ അമ്മാവന്മാരെയോ പിതൃവ്യന്മാരെയോ മറ്റു അടുത്ത ബന്ധുക്കളെയോ തെരഞ്ഞെടുക്കാന്‍ അവസരം കിട്ടിയിട്ടില്ല. സ്വന്തം മക്കള്‍ ആരാകണമെന്ന് നിശ്ചയിക്കാനുള്ള സാധ്യതയോ സ്വാതന്ത്ര്യമോ പോലുമില്ല. എന്നാല്‍ പുരുഷന് തന്റെ മക്കളുടെ മാതാവ് ആരാകണമെന്നും സ്ത്രീക്ക് തന്റെ കുട്ടികളുടെ പിതാവ് ആരാകണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതോടൊപ്പം വിവാഹമെന്നത് കേവലം രണ്ടു വ്യക്തികളുടെ കൂടിച്ചേരലും ബന്ധപ്പെടലും മാത്രമല്ല. മറിച്ച്, രണ്ട് കുടുംബങ്ങളുടെയും പ്രദേശങ്ങളുടെയും പരസ്പരമുള്ള ബന്ധവും കൂടിച്ചേരലും അടുക്കലുമാണ്. അതുകൊണ്ടുതന്നെ ഇണകളുടെ തെരഞ്ഞെടുപ്പ് അതിപ്രധാനമാണ്. വിവാഹത്തിലൂടെ പരസ്പരം അടുക്കുകയും ബന്ധപ്പെടുകയും ചെയ്യുന്ന ഇണകള്‍ക്കെന്നപോലെ രണ്ടുപേരുടെയും രക്ഷിതാക്കള്‍ക്കും കുടുംബക്കാര്‍ക്കും അതില്‍ പങ്കുണ്ടാകണം. കുടുംബാംഗങ്ങളെ കൂടി കൂട്ടിയിണക്കുന്നതാണ് വിവാഹമെന്നതിനാല്‍ ബന്ധപ്പെട്ട കുടുംബങ്ങളെക്കുറിച്ചുമുള്ള അന്വേഷണവും അറിവും മനസ്സിലാക്കലും അനിവാര്യമാണ്. അതുകൊണ്ടാണ് വിവാഹാന്വേഷണവും ജീവിത പങ്കാളിയെ കണ്ടെത്തലും രക്ഷിതാക്കളുടെ അറിവോടെയും പങ്കാളിത്തത്തോടെയുമാകണമെന്ന് ശഠിക്കുന്നത്.
മനുഷ്യ ജീവിതത്തിലെ ഏറ്റം സന്തോഷകരവും സുപ്രധാനവുമായ കാര്യമാണ് വിവാഹം. വിവാഹിതരാവുന്ന ദമ്പതികള്‍ക്കെന്നപോലെ അവരെ പോറ്റി വളര്‍ത്തിയ മാതാപിതാക്കള്‍ക്കും അവരെ അതിയായി സ്‌നേഹിക്കുന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ആ സന്തോഷത്തിലും ആഘോഷത്തിലും പങ്കാളികളാകാന്‍ കഴിയണം. മാതാപിതാക്കളുടെ ഇഷ്ടവും സമ്മതവുമില്ലാതെ നടക്കുന്ന പ്രണയ വിവാഹങ്ങളിലിതുണ്ടാവില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ പ്രേമബന്ധങ്ങളില്‍ കുടുങ്ങി ഇരുലോക നഷ്ടവും സംഭവിക്കാതിരിക്കാന്‍ യുവതീയുവാക്കള്‍ ജാഗ്രത പുലര്‍ത്തണം. ഇപ്പോള്‍ ബാലികാ-ബാലന്മാര്‍ എന്ന് കൂടി എഴുതേണ്ടിവന്നിരിക്കുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ ആവശ്യമായ മാര്‍ഗദര്‍ശനം നല്‍കുകയും വേണം.
അതോടൊപ്പം മക്കള്‍ അബദ്ധവശാല്‍ ഗാഢമായ പ്രേമബന്ധത്തിലകപ്പെട്ടുപോയാല്‍ മാതാപിതാക്കള്‍ വാശിപിടിക്കാതെ വിവാഹം നടത്തിക്കൊടുക്കുകയാണ് വേണ്ടത്. ''പരസ്പരം പ്രേമിക്കുന്നവര്‍ക്ക് വിവാഹമല്ലാതെ പരിഹാരമില്ലെന്ന'' പ്രവാചക വചനം അതാണ് നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളിലും മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ആഹ്ലാദപൂര്‍വമായ പങ്കാളിത്തമുണ്ടാവുകയില്ലെന്ന കാര്യം മറക്കാവതല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍