ഒരു നിര്‍ദേശവും കുറെ അനാവശ്യ വിവാദങ്ങളും
സ്ത്രീ പീഡനങ്ങളും ബലാത്സംഗങ്ങളും ലോകത്തെങ്ങും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇത്തരം കുറ്റകൃത്യങ്ങളുടെ വര്‍ധനവ് എല്ലാ പരിധികളും ഭേദിക്കുന്ന രീതിയിലാണ്. കേരളമാകട്ടെ മറ്റെല്ലാ വിഷയങ്ങളിലും പിന്നാക്കമായേക്കാമെങ്കിലും ഇത്തരം കുറ്റങ്ങളില്‍ ഒട്ടും പിറകിലല്ല. 2012-ല്‍ കേരളത്തില്‍ 1661 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 371 സ്ത്രീകള്‍ കൊല്ലപ്പെടുകയും ചെയ്തു. പുറത്തുവരുന്ന കേസുകള്‍ മൊത്തം സംഭവങ്ങളുടെ ഇരുപത് ശതമാനമേ വരികയുള്ളൂവെന്നും ഇതില്‍തന്നെ മുപ്പതു ശതമാനമേ കോടതിയിലെത്തുന്നുള്ളൂവെന്നും പറയപ്പെടുന്നു. ശിക്ഷിക്കപ്പെടുന്നതാകട്ടെ ഒരു ശതമാനം മാത്രവും. ബാക്കിയെല്ലാം രാജിയായി പോവുകയോ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ത്രീപീഡനങ്ങള്‍ തടയുന്നതിനാവശ്യമായ നിയമനടപടികള്‍ പരിഷ്‌കരിക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് വര്‍മ കമീഷന്‍ ഇന്ത്യയിലെ വിവിധ സംഘടനകളോടും സാംസ്‌കാരിക കൂട്ടായ്മകളോടും ആവശ്യപ്പെട്ടത്. ഇതിനുള്ള മറുപടിയില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ക്രിയാത്മകമായ പല നിര്‍ദേശങ്ങളും സമര്‍പ്പിക്കുകയുണ്ടായി. ജമാഅത്തെ ഇസ്‌ലാമി സ്വാഭാവികമായും ഇസ്‌ലാമിക ഭൂമികയില്‍ നിന്നുകൊണ്ടാണ് പ്രസ്തുത നിര്‍ദേശങ്ങള്‍ തയാറാക്കിയത്. വിവാഹത്തിലൂടെ മാത്രം ലൈംഗിക ബന്ധം അനുവദിക്കുക, വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ശിക്ഷാര്‍ഹമാക്കുക, യുവതലമുറക്ക് ധാര്‍മിക വിദ്യാഭ്യാസം നല്‍കുക, വിവാഹം പ്രയാസരഹിതമാക്കുക, പത്ര-ദൃശ്യ മാധ്യമങ്ങളിലെ അശ്ലീലത തടയുക, മദ്യം നിരോധിക്കുക, മാനഭംഗകേസുകളില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്തുക, മിശ്ര വിദ്യാഭ്യാസം ഇല്ലാതാക്കുക, ക്രിമിനല്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, പോലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് കുറ്റകരമാക്കുക തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍, നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ ഇക്കൂട്ടത്തില്‍നിന്ന് 'മിശ്രവിദ്യാഭ്യാസം ഒഴിവാക്കുക' എന്ന നിര്‍ദേശം ഉയര്‍ത്തിപ്പിടിച്ച് വലിയ ബഹളം സൃഷ്ടിക്കുകയുണ്ടായി. എന്തോ നാണക്കേടുണ്ടാക്കുന്ന ഒരു കാര്യമാണ് ജമാഅത്തെ ഇസ്‌ലാമി പറഞ്ഞതെന്നും അതിന്റെ പേരില്‍ ലോകത്തോട് മുഴുവന്‍ മാപ്പു പറയേണ്ടതുണ്ടെന്നും തോന്നും അവയുടെ ഭാവം കണ്ടാല്‍.
സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് പാശ്ചാത്യ വീക്ഷണങ്ങളില്‍ നിന്ന് തികച്ചും ഭിന്നമാണ്. കുറ്റകൃത്യങ്ങളെ അവസാന ബിന്ദുവില്‍ വെച്ച് നിരോധിക്കുകയല്ല, അതിലേക്ക് നയിക്കുന്ന എല്ലാ കവാടങ്ങളും അടക്കുകയാണ് ഇസ്‌ലാം. വ്യഭിചാരവും ബലാത്സംഗവും മാത്രമല്ല, സദാചാര വിരുദ്ധമായ എല്ലാ സ്ത്രീ പുരുഷസമ്പര്‍ക്കങ്ങളും അത് കുറ്റകരമായി കാണുന്നു. മാന്യത, ലജ്ജ, പാതിവ്രത്യം, ചാരിത്ര്യം എന്നിവ ഒരു സ്ത്രീയുടെ ഏറ്റവും വിലപ്പെട്ട സമ്പത്തായി അത് കരുതുന്നു. ലൈംഗികത മനുഷ്യ പ്രകൃതിയുടെ ഏറ്റവും ശക്തമായ ഒരു വികാരമാണ്. ജീവജാലങ്ങളുടെ നിലനില്‍പിന് ദൈവം നിശ്ചയിച്ച പ്രകൃതിയാണത്. അതിനാല്‍ ലൈംഗിക ഉത്തേജനമില്ലാത്ത രീതിയില്‍ സാധാരണ ജീവിതം നയിക്കാന്‍ സ്ത്രീ-പുരുഷന്മാര്‍ ബാധ്യസ്ഥരാണ്. വൈവാഹിക ജീവിതത്തിനും കുടുംബഭദ്രതക്കും അര്‍ഥം നല്‍കുന്നത് ഈ നിലപാടാണ്. അതിനാല്‍ വസ്ത്രധാരണം മുതല്‍ പൊതുജീവിതത്തിലെ ഇടപെടലുകളിലും പെരുമാറ്റങ്ങളിലും വരെ ചില പരിധികള്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നു.
1. അന്യ സ്ത്രീകളെ സൂക്ഷിച്ചു നോക്കരുതെന്നും ദൃഷ്ടികള്‍ താഴ്ത്തണമെന്നും പുരുഷന്മാരോടും, അന്യ പുരുഷന്മാരെ ശ്രദ്ധിച്ചു നോക്കിയിരിക്കരുതെന്ന് സ്ത്രീകളോടും വിശുദ്ധ ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു. ''വിശ്വാസികളോട് പറയുക: അവരുടെ ദൃഷ്ടികള്‍ നിയന്ത്രിച്ചുകൊള്ളുകയും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ. അതാണവര്‍ക്ക് ഏറ്റവും പരിശുദ്ധമായ രീതി. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അല്ലാഹുവിന് സൂക്ഷ്മമായറിയാം.വിശ്വാസിനികളോടും പറയുക: അവര്‍ അവരുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്തുകൊള്ളട്ടെ'' (അന്നൂര്‍ 30,31).
നോട്ടം പിശാചിന്റെ വിഷലിപ്തമായ അസ്ത്രങ്ങളില്‍ പെട്ടതാണെന്നും ദൈവഭയത്താല്‍ അത് നിയന്ത്രിക്കുന്നവന് സത്യവിശ്വാസത്തിന്റെ (ഈമാന്‍) മാധുര്യം ഹൃദയത്തിലനുഭവപ്പെടുമെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. നോട്ടത്തിന്റെ അപകടകാരിതയെക്കുറിച്ചാണ് കവി പറഞ്ഞത്: 'ആദ്യം നോട്ടം, പിന്നെ പുഞ്ചിരി, അനന്തരം അഭിവാദ്യം, പിന്നീട് സംസാരം. തുടര്‍ന്ന് സമയനിര്‍ണയം. അവസാനം കൂടിക്കാഴ്ച.'
2. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ വെളിപ്പെടുത്തുന്നതും ആടയാഭരണങ്ങളണിഞ്ഞ് സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നതും ഖുര്‍ആന്‍ വിലക്കി: ''സ്ത്രീകള്‍ സാധാരണ വെളിപ്പെടുന്ന ഭാഗമല്ലാതെ സ്വന്തം സൗന്ദര്യം വെളിപ്പെടുത്തരുത്. അവരുടെ മൂടുപടങ്ങള്‍ താഴ്ത്തിയിട്ട് മാറുകള്‍ മറക്കുകയും വേണം... അവര്‍ തങ്ങളുടെ അലങ്കാരങ്ങള്‍ വെളിവാക്കരുത്. സ്വയം മറച്ചുവെച്ചിട്ടുള്ള അലങ്കാരങ്ങള്‍ ആളുകള്‍ അറിയുന്നതിന് കാലുകള്‍ നിലത്തടിച്ച് നടക്കുകയും അരുത്'' (അന്നൂര്‍ 31). നബി തിരുമേനി പ്രസ്താവിച്ചതായി ഇമാം മുസ്‌ലിം നിവേദനം: ''വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും നഗ്നത വെൡപ്പടുത്തുന്നവരും കൊഞ്ചിക്കുഴഞ്ഞ് നടക്കുന്നവരുമായ സ്ത്രീകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ അതിന്റെ സുഗന്ധം ആസ്വദിക്കുകയോ ചെയ്യുകയില്ല.''
3. അന്യ സ്ത്രീ-പുരുഷന്മാര്‍ ഒറ്റക്കിരിക്കുന്നതും യാത്ര പോകുന്നതും പ്രവാചകന്‍ വിലക്കി. അത് അപകടകരമായ പല പരിണതികളിലേക്കും നയിച്ചേക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ പറയുന്നു: ''വിവാഹം നിഷിദ്ധമായ ബന്ധു (മഹ്‌റം) കൂടെയില്ലാതെ പുരുഷന്‍ സ്ത്രീയുമായി തനിച്ചിരിക്കരുത്. അത്തരത്തിലുള്ള ഒരു ബന്ധുവിന്റെ സാന്നിധ്യമില്ലാതെ സ്ത്രീ യാത്ര ചെയ്യുകയുമരുത്.'' ഇമാം അഹ്മദ് നിവേദനം ചെയ്ത മറ്റൊരു ഹദീസില്‍ പറയുന്നു: ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍, മഹ്‌റം കൂടെയില്ലാതെ ഒരു സ്ത്രീയോടൊപ്പം ഒറ്റക്കിരിക്കരുത്. അപ്പോള്‍ പിശാചായിരിക്കും അവരിലെ മൂന്നാമന്‍'' (മുസ്‌നദ് അഹ്മദ്).
4. സ്ത്രീ-പുരുഷ സമ്മിശ്രമായ സദസ്സുകളില്‍ ഇസ്‌ലാം ശക്തമായ മുന്‍കരുതലുകള്‍ എടുക്കുന്നത് കാണാം. പള്ളിയില്‍ ആരാധനക്ക് വരുന്ന സ്ത്രീകളെ തടയരുതെന്ന് നിര്‍ദേശിക്കുന്നതോടൊപ്പം സുഗന്ധദ്രവ്യങ്ങള്‍ പൂശി പുരുഷ ശ്രദ്ധയാകര്‍ഷിക്കുന്നവിധത്തില്‍ അവര്‍ പങ്കെടുക്കരുതെന്നും വിലക്കി. അവര്‍ പുരുഷന്മാരോടൊപ്പം തിക്കിത്തിരക്കി പള്ളികളില്‍ പങ്കെടുക്കാതിരിക്കാന്‍ അവര്‍ക്ക് പ്രത്യേക സ്ഥലവും വാതിലും നിര്‍ണയിച്ചു കൊടുത്തു. നമസ്‌കാരത്തിന് സഫ്ഫ് കെട്ടുമ്പോള്‍ ആദ്യം പുരുഷന്മാരും പിന്നീട് കുട്ടികളും പിന്നീട് സ്ത്രീകളുമെന്ന ക്രമം നിര്‍ണയിച്ചു. പ്രാര്‍ഥന കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ പുരുഷന്മാരെ മുട്ടി ഉരസിപോകാതെ ഓരം ചേര്‍ന്ന് പോകണമെന്ന് നിര്‍ദേശം നല്‍കി. അബൂദാവൂദ് നിവേദനം ചെയ്യുന്നു: ''വഴിയില്‍ സ്ത്രീകളും പുരുഷന്മാരും കൂടിക്കലര്‍ന്നതായി ഒരിക്കല്‍ നബി(സ)യുടെ ദൃഷ്ടിയില്‍ പെട്ടു. അപ്പോള്‍ തിരുമേനി സ്ത്രീകളുടെ ഭാഗത്തേക്ക് ചെന്നു പറഞ്ഞു: വഴിയുടെ മധ്യത്തില്‍ കൂടി നിങ്ങള്‍ നടക്കരുത്. ഓരം ചേര്‍ന്നാണ് നടക്കേണ്ടത്'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, മൗലാനാ മൗദൂദി 3/384).
ബലാത്സംഗവും സ്ത്രീപീഡനവുമെല്ലാം തടയാനുള്ള ഫലപ്രദമായ രീതി, അവയിലേക്ക് നയിക്കുന്ന വാതിലുകള്‍ കൊട്ടിയടക്കുകയെന്നതാണ്. സ്ത്രീ-പുരുഷ ബന്ധങ്ങള്‍ സര്‍വതന്ത്ര സ്വതന്ത്രമാവുകയും രതിവൈകൃതങ്ങളുടെ അതിപ്രസരം കലാ-സാഹിത്യ-സിനിമാ വേദികളില്‍ മാത്രമല്ല, വിദ്യാഭ്യാസ- സാംസ്‌കാരിക കേന്ദ്രങ്ങളിലും സംഭവിക്കുകയും ചെയ്യുമ്പോള്‍ അവിടെ നടക്കുന്ന സ്ത്രീപീഡനങ്ങളില്‍ രോഷം കൊള്ളുന്നതിനര്‍ഥമില്ല. കുറ്റവാളികള്‍ക്ക് വധശിക്ഷ കൊടുക്കണമെന്നൊക്കെ അപ്പോള്‍ ആക്രോശിച്ചതുകൊണ്ട് പ്രയോജനമില്ല.
സ്ത്രീ-പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ ശാക്തീകരണം തുടങ്ങിയ ചില പ്രയോഗങ്ങള്‍ 'പൊടിക്കൈ'കളായി പ്രയോഗിക്കുന്ന പാശ്ചാത്യ രീതിയുടെ പൊള്ളത്തരങ്ങളും തിരിച്ചറിയപ്പെടേണ്ടതുണ്ട്. പുരുഷ കാമനകള്‍ക്ക് വേണ്ടി സ്ത്രീ വിഭാഗത്തെ ഉപഭോഗവസ്തുവായി കാണുകയാണ് പാശ്ചാത്യ സംസ്‌കാരം. 'ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം' അവരുടെ ദൃഷ്ടിയില്‍ വ്യഭിചാരമല്ല. കാമുകീ കാമുകന്മാര്‍ക്ക് എങ്ങനെ വേണമെങ്കിലും പാതിരാവുകളില്‍ സര്‍വതന്ത്രസ്വതന്ത്രരായി വിഹരിക്കാം. രണ്ടും മൂന്നും സന്താനങ്ങള്‍ പിറന്ന ശേഷം വിവാഹിതരാകുന്ന അനുഭവവും അവര്‍ക്കിടയില്‍ അസാധാരണമല്ല. ചാരിത്ര്യം ഒരു വിശുദ്ധ വസ്തുവായോ പരപുരുഷബന്ധം ആക്ഷേപാര്‍ഹമായോ അവര്‍ കാണുന്നില്ല. പണവും പ്രതാപവുമുള്ളവര്‍ക്ക് എന്തു സുഖവും കാശ് കൊടുത്തു വാങ്ങാം. ഇതിന് കൂടുതല്‍ സൗകര്യം ചെയ്യുന്ന ഏര്‍പ്പാടുകളാണ് അവര്‍ നടത്തുന്ന സൗന്ദര്യമത്സരങ്ങള്‍ പോലുള്ളവ. ഇതിനെയവര്‍ സ്ത്രീ സ്വാതന്ത്ര്യമെന്നും സ്ത്രീ-പുരുഷ സമത്വമെന്നും വിളിക്കുന്നു. ഈ നാറുന്ന സംസ്‌കാരത്തെ ആരാധനാ ഭാവത്തോടെ നോക്കിക്കാണുന്ന പൗരസ്ത്യ ശിങ്കിടികള്‍ക്ക് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഔന്നത്യമോ മഹത്വമോ ബോധ്യപ്പെട്ടുകൊള്ളണമെന്നില്ല. അതേ അവസരം സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതില്‍ ഇസ്‌ലാം വഹിച്ച പങ്ക് എത്ര മഹത്തരമാണെന്ന് സൂക്ഷ്മദൃക്കുകള്‍ക്ക് ഒട്ടും അജ്ഞാതവുമല്ല.
സ്ത്രീകള്‍ കന്നുകാലികളെ പോലെ വില്‍ക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. വിവാഹത്തിനും വ്യഭിചാരത്തിനും അവള്‍ നിര്‍ബന്ധിക്കപ്പെടുമായിരുന്നു. അവള്‍ക്ക് സ്വത്തവകാശമില്ല. അനന്തരാവകാശവുമില്ല. ഭര്‍ത്താവിന് അവളുടെ ധനത്തില്‍ എന്തും ചെയ്യാം. ആരാധനാ സ്വാതന്ത്ര്യം പോലും ചില സമൂഹങ്ങളില്‍ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനര്‍ഹതയുള്ളവളല്ല. അവള്‍ക്ക് ചിരിക്കാനും സംസാരിക്കാനും സ്വാതന്ത്ര്യമില്ല. അവള്‍ പിശാചിന്റെ വലയാണ്. പെണ്‍കുഞ്ഞ് ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന സമ്പ്രദായവും നിലനിന്നിരുന്നു. മുഹമ്മദ് നബി ജനിച്ച കാലത്ത് ഫ്രാന്‍സില്‍ അംഗീകരിക്കപ്പെട്ട വിപ്ലവാത്മകമായ തീരുമാനം പുരുഷന്റെ സേവനത്തിന് പറ്റുന്ന ഒരു 'മനുഷ്യ ജീവി' തന്നെയാണ് സ്ത്രീ എന്നതായിരുന്നു. മുഹമ്മദ് നബി ജനിച്ചത് ക്രി. 571ലാണെങ്കില്‍ ഈ തീരുമാനമെടുത്തത് 586-ലായിരുന്നു (മുഹമ്മദ് റശീദ് രിദായുടെ ഹുഖൂഖുന്നിസാ ഫില്‍ ഇസ്‌ലാം 6,7 പേജുകള്‍ കാണുക).
ഈ ദാരുണമായ അവസ്ഥയില്‍നിന്ന് സ്ത്രീയെ മോചിപ്പിച്ചത് ഇസ്‌ലാമാണ്. ''മനുഷ്യരെയാകെ ഒരേ ആണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ചു. പെണ്ണിനെ ആണിന് തുണയാക്കി. രണ്ടു പേര്‍ക്കും തുല്യമായ കര്‍മഫലങ്ങള്‍ നിശ്ചയിച്ചു. ആണാവട്ടെ പെണ്ണാവട്ടെ ആരുടെയും പ്രവര്‍ത്തനഫലങ്ങള്‍ ഞാന്‍ പാഴാക്കിക്കളയില്ല. നിങ്ങള്‍ ഒരേ വര്‍ഗത്തില്‍ പെട്ടവരാണ്'' (3:195). ആരാധനാ സ്വാതന്ത്ര്യവും പൊതു പ്രവര്‍ത്തനങ്ങളും രണ്ടു വിഭാഗത്തിനും അവരുടെ പ്രകൃതിപരമായ വൈവിധ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിച്ചുകൊടുത്തു. ''സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം ആത്മമിത്രങ്ങളാണ്. അവര്‍ നന്മ കല്‍പിക്കുന്നു, തിന്മ വിലക്കുന്നു. നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുന്നു. അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കുന്നു. അവരെയെല്ലാം അല്ലാഹു അനുഗ്രഹിക്കും. നിശ്ചയം, അല്ലാഹു പ്രതാപവാനും യുക്തിജ്ഞനുമാണ്'' (9:71). പ്രവാചകന്റെ കാലത്ത് രണാങ്കണത്തില്‍ പങ്കെടുത്ത് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വനിതകളുടെ കൂട്ടത്തില്‍ ആഇശ, ഉമ്മു അത്വിയ്യ തുടങ്ങിയ പ്രഗത്ഭ വനിതകളെ കാണാം.
സ്ത്രീ വിദ്യാഭ്യാസത്തിന് ഇസ്‌ലാം മുന്തിയ പരിഗണന നല്‍കി. ഒരു പെണ്‍കുട്ടിയെ വിദ്യയഭ്യസിപ്പിച്ച് കെട്ടിച്ചയക്കുന്നവര്‍ക്ക് ഉന്നത പ്രതിഫലമുണ്ടെന്ന് വാഗ്ദാനംചെയ്തു. ശിഫാ ബിന്‍ത് അബ്ദില്ല എന്ന അഭ്യസ്തവിദ്യയില്‍നിന്ന് അക്ഷരാഭ്യാസം നേടാന്‍ സ്വപത്‌നി ഹഫ്‌സാ ബിന്‍ത് ഉമറിനോട് പ്രവാചകന്‍ കല്‍പിച്ചു. സ്വഹാബി വനിതകള്‍ക്കിടയില്‍ ഖുര്‍ആന്‍ മനഃപാഠമുള്ളവരും ഹദീസുകള്‍ പഠിപ്പിച്ചിരുന്നവരും കവിതകളും സാഹിത്യ രചനകളും മനഃപാഠമാക്കിയിരുന്നവരുമായ നിരവധി പേരുണ്ടായിരുന്നു.
വിവാഹമേഖലയില്‍ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ തന്നെ ഇസ്‌ലാമിന് കഴിഞ്ഞു. പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ അവളെ വിവാഹം ചെയ്തു കൊടുക്കരുതെന്ന് നിഷ്‌കര്‍ഷിച്ചു. ആദരസൂചകമായി ഓരോ ഭര്‍ത്താവും ഭാര്യക്ക് വിവാഹമൂല്യം (മഹ്ര്‍) നല്‍കണമെന്ന് നിര്‍ബന്ധമാക്കി. അഹ്മദും നസാഈയും നിവേദനം ചെയ്ത ഹദീസില്‍ പറയുന്നു: ''അബ്ദുല്ലാഹിബ്‌നു ബുറൈദ തന്റെ പിതാവില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു യുവതി നബിതിരുമേനിയുടെ അടുത്ത് വന്ന് പറഞ്ഞു: എന്റെ പിതാവ് തന്റെ സഹോദര പുത്രന് എന്നെ വിവാഹം ചെയ്തുകൊടുത്തിരിക്കുന്നു. തന്റെ ദൈന്യാവസ്ഥക്ക് പരിഹാരം കാണാനാണ് അദ്ദേഹമങ്ങനെ ചെയ്തത്. അപ്പോള്‍ സ്വന്തം കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം നബി(സ) അവള്‍ക്ക് നല്‍കി. അപ്പോള്‍ അവള്‍ പ്രതികരിച്ചു: എന്റെ പിതാവ് ചെയ്തത് ഞാനംഗീകരിക്കുന്നു. എന്നാല്‍, പിതാക്കള്‍ക്ക് വിവാഹകാര്യത്തില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കാനാകില്ലെന്ന് സ്ത്രീകളെ പഠിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം.''
അനിയന്ത്രിതമായ ബഹുഭാര്യാത്വം നിരോധിക്കുകയും സോപാധികമായി മാത്രം അതംഗീകരിക്കുകയും ചെയ്തു. ഭാര്യമാര്‍ക്കിടയില്‍ കണിശമായ നീതി പാലിക്കണമെന്നനുശാസിച്ചു. ''അവരുമായി നല്ല നിലയില്‍ സഹവര്‍ത്തിക്കുക. നിങ്ങള്‍ക്കവരെക്കുറിച്ച് വല്ല അസംതൃപ്തിയുമുണ്ടെങ്കില്‍ അതിലായിരിക്കും അല്ലാഹു ധാരാളം നന്മകള്‍ നിശ്ചയിച്ചിരിക്കുക'' (4:19). നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറുന്നവരാണെന്ന് പ്രവാചകന്‍ അരുളുന്നു (തിര്‍മിദി). കുടുംബത്തിന്റെ നായക പദവി പുരുഷനാണെങ്കിലും- അത് പ്രകൃതിപരമായ ഒരനിവാര്യതയാണ്- സ്ത്രീകളുമായി കൂടിയാലോചിച്ചായിരിക്കണം പുരുഷന്‍ തന്റെ ചുമതല നിര്‍വഹിക്കുന്നത് (2:232). ഉമ്മുകുല്‍സൂം ബിന്‍ത് അബീബക്കര്‍ പറയുന്നു: സ്ത്രീകളെ അടിക്കുന്നത് പ്രവാചകന്‍ വിലക്കിയപ്പോള്‍ ഉമറിനെ പോലുള്ളവര്‍ സ്ത്രീകളുടെ അതിര്‍ കവിച്ചിലുകളെക്കുറിച്ച് പരാതി പറഞ്ഞു: 'നിങ്ങളില്‍ ഉത്തമര്‍ സ്ത്രീകളെ അടിക്കുകയില്ല' എന്നായിരുന്നു പ്രവാചകന്റെ പ്രതികരണം (ഹുഖൂഖുന്നിസാ- റശീദ് രിദാ, പേജ് 54,55).
വിദ്യാഭ്യാസം ചെയ്യുന്നതിനോ ജോലിയെടുക്കുന്നതിനോ സാമൂഹിക ജീവിതത്തില്‍ ഇടപെടുന്നതിനോ സ്ത്രീകളെ ഇസ്‌ലാം വിലക്കുന്നില്ല. എന്നല്ല, ആവശ്യാനുസൃതം അവക്ക് പ്രോത്സാഹനം നല്‍കുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ മാന്യതയും സ്ത്രീത്വവും അന്തസ്സും സംരക്ഷിക്കപ്പെടണമെന്ന് പക്ഷേ, ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. അനിയന്ത്രിതമായ സ്ത്രീ-പുരുഷ മിശ്ര സദസ്സുകളും അഴിഞ്ഞാട്ടങ്ങളും അതിനാല്‍ ശക്തിയായി നിരോധിക്കപ്പെട്ടു. അര്‍ധ വസ്ത്രധാരിണികളായി പുറത്തിറങ്ങുന്നത് വിലക്കി. അസമയങ്ങളില്‍ അന്യ സ്ത്രീ-പുരുഷ്മാര്‍ കറങ്ങി നടക്കുന്നത് തടഞ്ഞു. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണതിലൂടെ. ലോല ഹൃദയരായ സ്ത്രീകള്‍ വശീകരിക്കപ്പെടാനുള്ള സാധ്യതകള്‍ കുറക്കുകയും ചെയ്യുന്നു. പരിഷ്‌കൃത ലോകവും ഇത്തരം നടപടികള്‍ അവലംബിക്കാറുണ്ട്. തീവണ്ടികളില്‍ 'ലേഡീസ് ഓണ്‍ലി' കമ്പാര്‍ട്ടുമെന്റുകളും സ്ത്രീകള്‍ക്ക് പ്രത്യേകമായുള്ള ബസ്സുകളും സ്‌കൂളുകളും കോളേജുകളും ഹോസ്റ്റലുകളും 'ശരീഅത്ത് നിയമങ്ങള്‍' നടപ്പാക്കുന്നത് മൂലമല്ല നാട്ടില്‍ നിലനില്‍ക്കുന്നത്; അല്ലെങ്കിലുണ്ടാകുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഗണിച്ചുകൊണ്ടാണ്.
നിലവിലുള്ള സാഹചര്യത്തില്‍ (ദല്‍ഹിയില്‍ ദിനം പ്രതി മൂന്ന് മാനഭംഗവും അഞ്ച് മാനഭംഗ ശ്രമങ്ങളുമെന്നാണ് പുതിയ കണക്ക്) സ്ത്രീ പീഡനങ്ങള്‍ ഒഴിവാക്കാന്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങളില്‍ മിശ്രവിദ്യാഭ്യാസം വേണ്ടെന്ന് വെക്കുക എന്നത് ഒരു മഹാ പാതകമൊന്നുമല്ലെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാകും. സ്ത്രീ പുരുഷന്മാര്‍ ഒരേ സദസ്സുകളില്‍ പങ്കെടുക്കുന്നതിനെ ഇസ്‌ലാം പാടെ വിലക്കുന്നില്ല. പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും കാലഘട്ടങ്ങളില്‍ ആബാലവൃദ്ധം ജനങ്ങള്‍ ആരാധനാലയങ്ങളിലും സദസ്സുകളിലും പങ്കെടുക്കുമായിരുന്നു. ഇന്നും മക്കയിലെയും മദീനയിലെയും ഫലസ്ത്വീനിലെയും വിശിഷ്ട ദേവാലയങ്ങളില്‍ സ്ത്രീ സാന്നിധ്യമുണ്ട്. പക്ഷേ, എല്ലാറ്റിനും നിയന്ത്രണവും പരിധികളും വേണമെന്നു മാത്രം. ഒരാണിനോടൊപ്പം ഒരു പെണ്ണും ഒരു വിദ്യാര്‍ഥിയോടൊപ്പം ഒരു വിദ്യാര്‍ഥിനിയും ഇരിക്കണമെന്ന് ശാഠ്യം പിടിക്കരുത്. അത് രോഗാതുരമായ ചില മനസ്സുകളുടെ വിക്രിയകളാണ്. അതിന് മനശ്ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നൊക്കെ പേരിട്ട് വിളിച്ചാലും.
Comments