നഷ്ടപ്പെട്ട അവരുടെ വസന്തം ആര് തിരിച്ചു നല്‍കും?
മുഹമ്മദ് അഹ്മദ് കാസിമിയുമായുള്ള അഭിമുഖം വായിച്ചു. വര്‍ഷങ്ങളോളം വിചാരണ തടവുകാരായി, ജാമ്യാപേക്ഷ പോലും നല്‍കാന്‍ കഴിയാത്ത ഒരുപാട് ചെറുപ്പക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ച് അദ്ദേഹം പറഞ്ഞപ്പോള്‍ ഒരു നിമിഷം ജനാധിപത്യ രാഷ്ട്രത്തെക്കുറിച്ച് ലജ്ജ തോന്നി. ജീവിതത്തിന്റെ തിളക്കവും തുടിപ്പും ജയിലറകളില്‍ ഹോമിക്കേണ്ടിവരുന്ന ചെറുപ്പക്കാര്‍ ഒരുപാട് കാലത്തിനു ശേഷം നിരപരാധികളായി പുറത്ത് വരുമ്പോള്‍, നഷ്ടപ്പെട്ടുപോയ അവരുടെ വസന്തങ്ങള്‍ ആര് തിരിച്ചുകൊടുക്കും? അനാഥരായിപ്പോയ അവരുടെ കുടുംബത്തിന് എന്ത് കൊടുത്താലാണ് മതിയാവുക? സല്‍ക്കാരങ്ങളിലും സമ്മേളനങ്ങളിലും വ്യാപൃതരായ നമ്മുടെ സമുദായത്തിന്റെ ഹൃദയം വല്ലപ്പോഴഴെങ്കിലും ഇതൊക്കെ ഓര്‍ത്ത് തേങ്ങിയെങ്കില്‍.....
ആചാരി തിരുവത്ര
പോയ വാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒച്ചപ്പാടുണ്ടായ സംഭവം സ്ത്രീപീഡനങ്ങള്‍ തന്നെ. നമ്മുടെ രാജ്യം അരാജകത്വത്തിന്റെയും ദുഷ്പ്രവണതകളുടെയും കൂത്തരങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനുത്തമ ദൃഷ്ടാന്തങ്ങളാണ് സൗമ്യ സംഭവവും ന്യൂദല്‍ഹി കൂട്ട ബലാത്സംഗവും. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളും ദോഷകരമായ ചിന്താഗതികളുമാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. ഭരണകൂടം ഇവയെ പല നിലക്കും അറിഞ്ഞോ അറിയാതെയോ പ്രോത്സാഹിപ്പിക്കുന്നു. ലക്കം 31-ലെ മാറ്റൊലി ഈ വിഷയത്തില്‍ സത്യത്തിനു നേരെ തുറന്ന ഒരു ജാലകമായി.
കരിനിയമങ്ങള്‍ ചുട്ടെടുക്കുന്നത്
ആര്‍ക്കു വേണ്ടി?
'എന്നിട്ട് ഏത് ഭീകരനെയാണ് ഭീകരവിരുദ്ധ നിയമം പിടികൂടിയത്' എന്ന ലേഖനം (ലക്കം 31) പ്രസക്തമായി. നിയമലംഘനം ചെറുക്കുകയും നീതിസംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യുകയെന്നതാണ് ഒരു ജനാധിപത്യ നീതിന്യായ വ്യവസ്ഥയില്‍ നിയമനിര്‍മാണങ്ങളുടെ അടിസ്ഥാന ഉദ്ദേശ്യവും പ്രസക്തിയും. പക്ഷേ, ഭരണകൂടം ചുട്ടെടുക്കുന്ന കരിനിയമങ്ങളുടെ ലക്ഷ്യം തന്നെ നിയമവിധേമായി നീതിനിഷേധം നടത്തുകയും നിയമലംഘനങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്യുകയെന്നതാണ്. നീതിയുക്തമായ വിചാരണ നടത്താതെ നിയമം എന്ന ദണ്ഡ് ഉപയോഗിച്ച് ഇരകളെ വേട്ടയാടിപ്പിടിച്ച് പീഡിപ്പിച്ച് ഭീതിയിലകപ്പെടുത്തി വരുതിയിലാക്കുകയെന്നതാണ് കരിനിയമങ്ങള്‍ നിര്‍വഹിക്കുന്ന ധര്‍മം. ലേഖനത്തിന്റെ ടൈറ്റില്‍ തന്നെ അര്‍ഥവത്താണ്. ഭീകരവിരുദ്ധ നിയമങ്ങള്‍ മുഖാന്തിരം ആത്യന്തികമായി കുറ്റവാളികളെ ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി, അന്വേഷണ വിചാരണ പ്രഹസനങ്ങളിലൂടെ ഇരകളെ ഇഞ്ചിഞ്ചായി ശിക്ഷിക്കുകയെന്ന പ്രക്രിയ ഏതായാലും ഇവ മൂലം അരങ്ങേറുന്നുണ്ട്.
ഭരണഘടനയുടെ 3-ാം അധ്യായം മുന്തിയ പരിഗണനയാണ് മൗലികാവകാശങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മൗലികാവകാശങ്ങള്‍ സാധാരണ മറ്റു അവകാശങ്ങളില്‍നിന്ന് വ്യത്യസ്തമായി പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമം മൂലം നിയന്ത്രിക്കാനോ തടസ്സപ്പെടുത്താനോ പാടില്ലാത്തതാണ്. പക്ഷേ, ഭീകരവിരുദ്ധ പോരാട്ടത്തിന്റെയും രാജ്യത്തിന്റെ അഖണ്ഡതയുടെയും പേര് പറഞ്ഞ് കരിനിയമങ്ങള്‍ നടത്തുന്നത് നഗ്നമായ ഭരണഘടനാ ലംഘനങ്ങളാണ്. ഇന്ത്യന്‍ പീനല്‍ കോഡിന്റെ 120 മുതല്‍ 130 വരെ വകുപ്പുകള്‍ രാജ്യദ്രോഹവും രാജ്യത്തിനെതിരെയുള്ള യുദ്ധവും ഒക്കെ കൊടിയ കുറ്റങ്ങളുടെ ഗണത്തില്‍ പെടുത്തി ജീവപര്യന്തം വരെയുള്ള കടുത്ത ശിക്ഷകള്‍ നിര്‍ദേശിക്കുന്നവയാണ്. ഗൂഢാലോചനയും രാജ്യത്തിനെതിരെ വിദ്വേഷം ഉണ്ടാക്കലും ആയുധം ശേഖരിക്കലും രാജ്യത്തിന്റെ പരമാധികാരത്തിനും നിലനില്‍പിനും ഭീഷണിയാകാവുന്ന വിധത്തില്‍ ജനങ്ങളില്‍ വെറുപ്പ് സൃഷ്ടിക്കലുമൊക്കെ കുറ്റകരവും ശിക്ഷാര്‍ഹവുമാക്കിയിട്ടുണ്ട്. ഈ വകുപ്പുകള്‍ ഉപയോഗിച്ചുതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാവുന്നതേയുള്ളൂ. പക്ഷേ, നിയമപരമായ അവകാശമായ ജാമ്യവും സ്വതന്ത്ര വിചാരണയുമൊക്കെ ഉറപ്പ് വരുത്തേണ്ടിവരുമെന്നതാണ് ഭരണകൂടം ഇവയില്‍ കാണുന്ന ന്യൂനത. ഇത് മറികടക്കാനാണ് അടിക്കടി ദുരുപയോഗ സാധ്യതയുള്ള കരിനിയമങ്ങള്‍ പൗരന്മാര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുന്നത്.
അഡ്വ. ഷബീര്‍ അഹ്മദ്
നേമം താജുദ്ദീന്‍
'നീതി തടവിലാണ്, അനിശ്ചിതകാലം' സമകാലിക ഇന്ത്യനവസ്ഥയെ ചുരുക്കിയെഴുതിയ ശീര്‍ഷകമായിരുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ സ്‌ഫോടനങ്ങളുടെ പേരില്‍ പോലും ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരില്‍ പലരും സാങ്കേതികതയുടെ പേരില്‍ ഇപ്പോഴും ജയിലറകളിലാണ്. യഥാര്‍ഥ പ്രതികളെ പോലീസ് കണ്ടെത്തിയിട്ടും ഇവര്‍ക്ക് ഇനിയും നീതി ലഭ്യമായിട്ടില്ല. കാരണം, മറ്റൊന്നുമല്ല. പ്രതികളെ പിടികൂടുന്നതിന് മുമ്പ് നിരപരാധികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് കെട്ടിച്ചമച്ച 'തെളിവുകളുടെ' നൂലാമാലകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അതെ, നീതി ഇവിടെ തടവിലാണ്, അനിശ്ചിതകാലം.
ഐക്യത്തിന് തടസ്സം
മുസ്‌ലിം സംഘടനകള്‍ തന്നെ
ഐക്യത്തിന്റെ അടിത്തറ എന്ന മുഖക്കുറിപ്പ് (ലക്കം 31) മുസ്‌ലിം ഐക്യത്തിന്റെ കാലികവും ചരിത്രപരവുമായ പ്രസക്തികളില്‍ ഊന്നുന്നതായിരുന്നു.സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പരിണാമങ്ങളിലൂടെ കേരളീയ ഇസ്‌ലാമിക സമൂഹം ആര്‍ജിച്ചെടുത്ത അനുഭവസത്തകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്ത ചിലരാണ് സാമുദായിക ഐക്യത്തിനു മുമ്പിലുള്ള പ്രധാന കടമ്പ. മുസ്‌ലിം സാമുദായിക പരിസരത്ത് ഐക്യം പുലര്‍ന്നാല്‍ അസ്തിത്വം നഷ്ടമാകുമെന്ന് ഭയക്കുന്ന ചില ഗ്രൂപ്പുകളും നേതാക്കളുമുണ്ട്. ഇവരാണ് സാമുദായിക സൗഹാര്‍ദത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിലെ പ്രധാന പങ്കുകാര്‍.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിന്റെ സാമൂഹിക രംഗം വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞതായിരുന്നു. സവര്‍ണ ഹിന്ദുത്വം കീഴാള സ്വരങ്ങളെ സര്‍വശക്തിയുമുപയോഗിച്ച് അടിച്ചമര്‍ത്തുകയും ജാതീയമായ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് ഈ സംഘര്‍ഷങ്ങളുടെ പ്രധാന കാരണം. എന്നാല്‍, അക്കാലത്ത് ഇസ്‌ലാമിക സമുദായത്തിനകത്ത് അനൈക്യത്തിന്റെ അപശ്രുതികള്‍ വളരെ നേര്‍ത്തതായിരുന്നു. മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി പൊതുശത്രുവിനെതിരില്‍ (സാമ്രാജ്യത്വ-ജന്മിത്വശക്തികള്‍) പൊരുതുകയുണ്ടായി. സാമ്രാജ്യത്വ അധികാര വ്യവഹാരങ്ങളെ ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്യുന്നതില്‍ അക്കാലത്തെ പണ്ഡിത നേതൃത്വം ഏറെ വിജയിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യന്‍ മിഷണറിമാരുടെ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക് വൈജ്ഞാനിക പ്രതിരോധം തീര്‍ക്കുന്നതിലും അന്ന് മുസ്‌ലിം പണ്ഡിതന്മാര്‍ വിജയിക്കുകയുണ്ടായി. സാമ്രാജ്യത്വ-ജന്മിത്വ ദ്വന്ദ്വങ്ങള്‍ക്കെതിരെ പടയൊരുക്കം നടത്താന്‍ മുസ്‌ലിം ജനസാമാന്യത്തെ സജ്ജരാക്കുന്നതില്‍ ഇസ്‌ലാമിക പണ്ഡിത സമൂഹം വഹിച്ച പങ്ക് നിസ്തുലമായിരുന്നു.
പില്‍ക്കാല പണ്ഡിതര്‍ പള്ളിമൂലകളിലേക്ക് ഉള്‍വലിയുകയും കര്‍മശാസ്ത്ര മേഖലകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇസ്‌ലാമിക കര്‍മശാസ്ത്ര വിധികള്‍ നിയതവും അലംഘനീയവുമാണെന്ന മൂഢധാരണ സാമാന്യ മുസ്‌ലിംകള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. അഭിപ്രായാന്തരങ്ങള്‍ക്ക് ധാരാളം ഇടമുള്ള കര്‍മശാസ്ത്രത്തിലെ വ്യത്യസ്ത വീക്ഷണങ്ങളും അനുഷ്ഠാന മുറകളും പഠിപ്പിക്കപ്പെടുകയുണ്ടായില്ല.
തുറന്ന വ്യവസ്ഥയായ ഇസ്‌ലാമിലെ വ്യവഹാര വൈവിധ്യങ്ങള്‍ പഠിക്കുന്നതിനു പകരം ഒരു പ്രത്യേക വീക്ഷണ കോണിലൂടെ മാത്രം കാര്യങ്ങളെ നോക്കിക്കാണാന്‍ ശീലിച്ചതാണ് കേരള മുസ്‌ലിംകള്‍ക്ക് ശാപമായത്. വിധ്വംസകത്വവും പരിഹാസവും കൊണ്ട് സഹ സംഘടനകളെ നേരിടുന്ന ശീലം വളര്‍ന്നുവരാന്‍ ഇതു കാരണമായി. ഭിന്ന സ്വരങ്ങള്‍ പുലരുകയും പരസ്പര പൂരകമാവുകയും ചെയ്യേണ്ട സാമുദായികാന്തരീക്ഷം തെറിയും പുലയാട്ടും കൈയാങ്കളിയും കൊണ്ട് നിറഞ്ഞുതുള്ളി.
പൗരോഹിത്യത്തിന്റെയും സങ്കുചിത സാമുദായിക രാഷ്ട്രീയ നേതൃത്വത്തിന്റെയും ദൂഷിത വലയം ഉല്ലംഘിച്ചുകൊണ്ട് ഐക്യത്തിന്റെ പുലരി ദര്‍ശിക്കാന്‍ കൊതിക്കുന്ന ഒരു നല്ല വിഭാഗം ഇന്ന് മുസ്‌ലിം സമുദായത്തിനകത്തുണ്ട്.കാള പൂട്ടിന്റെ ആസ്വാദന ചേരുവകളെല്ലാം ഒത്തിണങ്ങിയ വാദപ്രതിവാദ വേദികള്‍ക്ക് ചുറ്റും നിറയുന്ന ആള്‍ക്കൂട്ടത്തേക്കാള്‍ എത്രയോ വലുതാണ് സാമുദായിക ഐക്യത്തെ നെഞ്ചേറ്റുന്നവരുടെ എണ്ണം. ഉയര്‍ന്നു പറക്കേണ്ട ഇസ്‌ലാമിന്റെ അഭിമാന ധ്വജം പൊതുസമൂഹത്തിന്റെ മുന്നിലിട്ട് ചവിട്ടിയരക്കുകയാണ് വാദപ്രതിവാദ വേദികളില്‍ നടക്കുന്നതെന്ന് പുതിയ തലമുറ തിരിച്ചറിയുന്നുണ്ട്.
ഖാലിദ് പൂക്കോട്ടൂര്‍
നീതി തടവിലാണ്
അനിശ്ചിതകാലം
മഅ്ദനിയെക്കുറിച്ച് കേരളം ധാരാളമായി ചര്‍ച്ച ചെയ്യുകയും വിശകലനം നടത്തുകയും ചെയ്തിട്ടുണ്ട്. മഅ്ദനിയെ തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നതില്‍ ഏറെക്കുറെ പലരും വിജയിച്ചിരിക്കുന്നു. പക്ഷേ, ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം രംഗത്തുവന്നതു മുതല്‍ ജനങ്ങള്‍ക്കിടയില്‍ മഅ്ദനി മനുഷ്യാവകാശ ലംഘനത്തിന്റെ പ്രതീകമായിത്തീര്‍ന്നിരിക്കുന്നു. മഅ്ദനിക്കിപ്പോള്‍ നീതി മാത്രമാണ് ലഭിക്കേണ്ടത്. അതിനു വേണ്ടി ഇന്ത്യയിലെ ജനാധിപത്യ- മനുഷ്യാവകാശ പ്രവര്‍ത്തകരും കൂട്ടായ്മകളും കര്‍ണാടക നിവാസികളും കേരള ജനതയും ഒറ്റക്കെട്ടായി ശബ്ദിക്കണം. ഇതൊരു ഔദാര്യമല്ല. അവകാശവും ഒപ്പം ബാധ്യതയുമാണ്.
നസീര്‍ പള്ളിക്കല്‍ രിയാദ്
Comments