Prabodhanm Weekly

Pages

Search

2011 ജൂണ്‍ 11

സലീം ശഹ്‌സാദ് ധീരതയുടെ ആള്‍രൂപം

ഇഹ്‌സാന്‍

പാകിസ്താനിലെ മാധ്യമ പ്രവര്‍ത്തകരില്‍ ഭീകരതക്കെതിരെ, അതിലുപരി ഭീകരതയുടെ ഭരണകൂട ഉപാസകര്‍ക്കെതിരെ ഏറ്റവുമധികം അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ഏഷ്യാ ടൈംസിന്റെ ഇസ്‌ലാമാബാദ് ബ്യൂറോ ചീഫ് സയ്യിദ് സലീം ശഹ്‌സാദ് പോയ വാരം കൊല്ലപ്പെട്ടു. ശഹ്‌സാദിനെ കൊന്നതിനു പിന്നില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ ആണെന്നാണ് ആരോപണമുയരുന്നത്. കറാച്ചിയിലെ മെഹ്‌റാന്‍ നേവല്‍ ബേസില്‍ നടന്ന ആക്രമണത്തിന്റെ പിന്നാമ്പുറ കഥകള്‍ ഏഷ്യാ ടൈംസില്‍ രണ്ടു ലക്കങ്ങളായുള്ള ഒരു പരമ്പരയിലൂടെ ശഹ്‌സാദ് പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചതിന്റെ തൊട്ടുടനെയാണ് ഇസ്‌ലാമാബാദിലെ നഗരമധ്യത്തില്‍ നിന്ന് ശഹ്‌സാദ് അപ്രത്യക്ഷനായതും ഒരു ആഴ്ച കഴിഞ്ഞ് 150 കിലോമീറ്ററുകള്‍ അകലെയുള്ള മണ്ടി ബഹാവുദ്ദീന്‍ എന്ന പട്ടണത്തില്‍ ദേഹമാസകലം ചതവുകളോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും. അദ്ദേഹത്തിന്റെ ലേഖനപരമ്പരയില്‍ ഒന്നു മാത്രമേ വെളിച്ചം കണ്ടിരുന്നുള്ളൂ.
പാകിസ്താന്‍ നേവിയില്‍ 'താലിബാനു'മായി അടുപ്പമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം പെരുകുന്നുണ്ടെന്നാണ് ശഹ്‌സാദിന്റെ റിപ്പോര്‍ട്ടിന്റെ കാതല്‍. താലിബാന്‍ എന്നതു കൊണ്ട് വായനക്കാര്‍ മനസ്സിലാക്കേണ്ടത് ഹകീമുല്ലാ മഹ്‌സൂദ് നയിക്കുന്ന 'തഹ്‌രീകെ താലിബാന്‍' എന്ന വികട സംഘത്തെയാണ്. അല്ലാതെ മുല്ലാ ഉമറിന്റെ താലിബാനെയല്ല. വിശിഷ്യ ഇല്യാസ് കശ്മീരി എന്ന ഡബിള്‍ ഏജന്റ് നയിക്കുന്ന '313-ാം പട'യുടെ ചരടുവലിക്കാര്‍ സൈന്യത്തില്‍ പെരുകിയതിന്റെ തുടര്‍ച്ചയായിരുന്നുവത്രെ മെഹ്‌റാന്‍ ബേസിലുണ്ടായ ആക്രമണത്തിന്റെ അടിസ്ഥാന കാരണം. ഈ ഉദ്യോഗസ്ഥന്മാരെക്കുറിച്ച് ഇന്റലിജന്‍സിന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്കൂട്ടത്തില്‍ പെട്ട പത്ത് പേരെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ സൈനിക വിചാരണ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നുവത്രെ. അതേസമയം ഇവരെ അതിരഹസ്യമായി മാറ്റിപ്പാര്‍പ്പിച്ച കെട്ടിടത്തിനു നേര്‍ക്ക് 'താലിബാന്റെ' ആക്രമണമുണ്ടാകുമെന്ന് വിചാരണ ഉദ്യോഗസ്ഥന് ഭീഷണി ലഭിച്ചു! അറസ്റ്റിലായവരെ മൂന്ന് തവണ മാറ്റിപ്പാര്‍പ്പിച്ച കെട്ടിടങ്ങളും താലിബാന്‍ കണ്ടെത്തിയതോടെ സൈന്യത്തിനകത്ത് ഒറ്റുകാരുടെ ബാഹുല്യം കണക്കു കൂട്ടിയതിനേക്കാള്‍ കൂടുതലാണെന്ന് തിരിച്ചറിഞ്ഞ പാക് സൈന്യം തഹ്‌രീകെ താലിബാനുമായി ചര്‍ച്ച തുടങ്ങിയെന്നും അത് പരാജയപ്പെട്ടതോടെയാണ് മെഹ്‌റാന്‍ ബേസില്‍ കനത്ത ഭീകരാക്രമണമുണ്ടായതെന്നുമാണ് ശഹ്‌സാദിന്റെ ഒന്നാമത്തെ റിപ്പോര്‍ട്ട്. 10 ആക്രമണകാരികളില്‍ ആറു പേര്‍ രക്ഷപ്പെട്ടതിനു പിന്നിലും ദുരൂഹതകളുണ്ടെന്ന് ദ്യോതിപ്പിക്കുന്നതാണ് ഈ ലേഖനം.
എന്തുകൊണ്ട് അമേരിക്കന്‍ 'ഇസ്‌പേഡു'കളായ തഹ്‌രീകെ താലിബാനു നേര്‍ക്ക് പാക് സൈന്യം തിരിയാന്‍ തുടങ്ങി എന്നതാണ് ഉത്തരം കണ്ടുപിടിക്കേണ്ട ചോദ്യം. കര്‍സായി ഭരണകൂടവുമായി അമേരിക്കന്‍ മധ്യസ്ഥതയില്‍ 'താലിബാന്‍' ചര്‍ച്ച ആരംഭിച്ചതായും താലിബാന്‍ നേതാവ് മുല്ലാ അബ്ദുല്‍ ഗനി ബറാദര്‍ ഒറ്റിക്കൊടുത്തതിനാലാണ് ഉസാമ പിടിയിലകപ്പെട്ടതെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം ഇടക്കാലത്ത് പാക് സൈന്യത്തിന്റെ പിടിയിലായ ബറാദറിനെയും ത്വയ്യിബ് ആഗ എന്ന മറ്റൊരു താലിബാന്‍ നേതാവിനെയും അമേരിക്കക്കു വേണ്ടി വിട്ടയക്കുകയായിരുന്നുവെന്ന് ശഹ്‌സാദാണ് റിപ്പോര്‍ട്ടു ചെയ്തത്. ഖത്തറിലും ജര്‍മനിയിലുമായി ആഗയുമായി അമേരിക്കന്‍ അധികൃതര്‍ ഇതിനകം മൂന്നു തവണ സംഭാഷണങ്ങള്‍ നടത്തിയിരുന്നുവത്രെ. പാകിസ്താനെ പൂര്‍ണമായും ഒഴിച്ചു നിര്‍ത്തിയ പുതിയ ചര്‍ച്ചകള്‍ മേഖലയിലെ  അമേരിക്കയുടെ അടുത്തഘട്ട ഉപജാപങ്ങളുടെ മുന്നോടിയായാണ് ഗണിക്കപ്പെട്ടത്. 'കൂലിത്താലിബാന്‍' ആയ ഹകീമുല്ലയെയും കൂട്ടരെയും അന്താരാഷ്ട്ര കൈയൊപ്പോടെ കര്‍സായിയുമായി അടുപ്പിക്കുന്നത് പാകിസ്താനെ നടുക്കടലില്‍ തള്ളിവിട്ടുകൊണ്ടായിരുന്നു. അഫ്ഗാനില്‍ നിന്നുള്ള യു.എസ്. സൈന്യത്തിന്റെ പിന്മാറ്റം ബറാദറിന് അമേരിക്ക ഉറപ്പു നല്‍കിയതിന്റെ പ്രത്യുപകാരമായാണ് ഐബട്ടാബാദ് വസതിയെക്കുറിച്ച വിവരങ്ങള്‍ അദ്ദേഹം കൈമാറിയതെന്നാണ് പറയപ്പെടുന്നത്. ശുദ്ധ അസംബന്ധമായിരുന്നു ഈ വാര്‍ത്ത. ബറാദര്‍ എന്ന വ്യക്തിക്ക് താലിബാന്‍ പക്ഷത്തെ കൊണ്ട് ഈ അജണ്ടയുടെ മറുവശം എങ്ങനെ അംഗീകരിപ്പിക്കാന്‍ കഴിയുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വിശദീകരിച്ചിട്ടില്ല. അഫ്ഗാന്‍ താലിബാനെ തമ്മിലടിപ്പിച്ച് തങ്ങള്‍ക്കെതിരെ തിരിച്ചു വിടുന്ന അമേരിക്കയുടെ ഈ കുതന്ത്രവുമായി വിലപേശാനാണ് ഒരുപക്ഷേ പാകിസ്താന്‍ ശ്രമിച്ചത്. പക്ഷേ, അതേ തന്ത്രം തിരിച്ചടിക്കുന്ന സാഹചര്യമാണ് ശഹ്‌സാദിന്റെ റിപ്പോര്‍ട്ട് സൃഷ്ടിച്ചത്. പാകിസ്താന്‍ എങ്ങനെയാണ് ഈ തഹ്‌രീകെ താലിബാനെയും ഏജന്റുമാരെയും ഇതുവരെ സഹായിച്ചത് എന്നായിരുന്നു അദ്ദേഹം പ്രസിദ്ധീകരിക്കാനിരുന്ന രണ്ടാമത്തെ ലക്കം. പാക് സൈന്യത്തിലും ഐ.എസ്.ഐയിലും രണ്ട് തോണികളില്‍ കാലിട്ടു സഞ്ചരിക്കുന്നവര്‍ ഏറെയുണ്ടെന്നും ശഹ്‌സാദ് സംഭവം അടിവരയിടുന്നു.
കറാച്ചി തുറമുഖം ഉപയോഗിച്ച് നാറ്റോ സൈന്യം അഫ്ഗാനിലേക്ക് കടത്തുന്ന ആയുധങ്ങളും മറ്റും പാകിസ്താനിലൂടെ സുരക്ഷിതമായി കടന്നു പോകുന്ന സാഹചര്യമാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. പാകിസ്താനും അമേരിക്കയും ഒത്തു ചേര്‍ന്നാണ് കച്ചവടം നടത്തിയിരുന്നത് എന്നു തന്നെയാണത് നല്‍കുന്ന സൂചന. അഫ്ഗാന്‍ താലിബാന്റെ പിണിയാളുകളാണ് പാക് നേവിയില്‍ ഉണ്ടായിരുന്നതെങ്കില്‍ നാറ്റോ സൈന്യത്തിന്റെ ചരക്കുകള്‍ ഇതിനകം എത്രയോ തവണ അക്രമിക്കപ്പെടുമായിരുന്നു എന്നാണ് ഈ സാധ്യതയുടെ മറുവശം. അതുണ്ടായിട്ടില്ല. സംഭവിച്ച ചില ആക്രമണങ്ങളാകട്ടെ ബലൂചിസ്താനിലും മറ്റുമാണ് അരങ്ങേറിയതും. ബിന്‍ ലാദിനു ശേഷമുള്ള 'ലോകക്രമ'ത്തില്‍ അമേരിക്കയുമായി വിലപേശാനല്ലെങ്കില്‍ താഴേക്കിടയിലുള്ള ഈ പത്ത് ഓഫീസര്‍മാരെ 'തൂക്കാന്‍' വിധിക്കേണ്ട ഒരു സാഹചര്യവും പാകിസ്താന് ഉണ്ടായിരുന്നില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം