Prabodhanm Weekly

Pages

Search

2011 ജൂണ്‍ 11

നല്ല നാളേക്കു വേണ്ടി പ്രതീക്ഷയോടെ മുന്നോട്ട്

ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി

താങ്കള്‍ വീണ്ടും ജമാഅത്തെ ഇസ്‌ലാമിയുടെ അമീറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണല്ലോ. എന്താണ് താങ്കളുടെ പ്രതികരണം?
കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ പ്രസ്ഥാനത്തിന്റെ അമീറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തോന്നിയ അതേ വികാരങ്ങളും സംഘര്‍ഷങ്ങളും തന്നെയാണ് എന്നെ ഇപ്പോഴും അലട്ടുന്നത്. ഈ ഭാരിച്ച ഉത്തരവാദിത്വം നിര്‍വഹിക്കാനാവശ്യമായ അറിവും ഉള്‍ക്കാഴ്ചയും ദൈവഭക്തിയും യുക്തിയും ത്യാഗസന്നദ്ധതയും എനിക്കില്ല. കഴിഞ്ഞ നാലു വര്‍ഷക്കാലത്തെ പ്രവര്‍ത്തനാനുഭവങ്ങളില്‍ നിന്ന് എനിക്കത് കൂടുതല്‍ ബോധ്യപ്പെടുകയായിരുന്നു. ജീവിതം മുഴുവന്‍ മാറ്റിപ്പണിയുന്ന മഹത്തായൊരു വിപ്ലവ ചിന്തയെ ഗര്‍ഭം ധരിക്കുന്ന, രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ച് കര്‍മനിരതരായി രംഗത്തുള്ള ഒരു പ്രസ്ഥാനത്തിന്റെ നായകത്വം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ് യാഥാര്‍ഥ്യം.
പക്ഷേ, പ്രസ്ഥാനം വീണ്ടും ഈ ഭാരിച്ച ദൗത്യം എന്നെ തന്നെ ഏല്‍പിച്ചിരിക്കുകയാണ്. കഴിഞ്ഞകാലങ്ങളില്‍  പ്രസ്ഥാനപ്രവര്‍ത്തകരും ഗുണകാംക്ഷികളും ഈ വഴിയില്‍ എന്നെ  ഏറെ സഹായിക്കുകയുണ്ടായി. ഞാനതില്‍ സംതൃപ്തനാണ്. പ്രവര്‍ത്തന പാതയില്‍ പ്രപഞ്ചനാഥന്റെ വലിയ സഹായത്തോടൊപ്പം ജമാഅത്ത് പ്രവര്‍ത്തകരുടെയും ഗുണകാംക്ഷികളുടെയും ഈ സഹകരണത്തിനും വലിയ പ്രസക്തിയുണ്ട്. അതിന്റെ ബലത്തിലാണ് ഈ പ്രസ്ഥാനം മുന്നോട്ട് ചലിക്കുന്നത്. നിഷ്‌കളങ്കവും ഗുണകാംക്ഷാ നിര്‍ഭരവുമായ ഈ അകമഴിഞ്ഞ പിന്തുണ വരും നാളുകളിലും ലഭിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

ഇസ്‌ലാമിനെ ബദല്‍ ജീവിതരീതിയായി അവതരിപ്പിക്കണം എന്നത് താങ്കള്‍ താങ്കളുടെ എഴുത്തിലും പ്രഭാഷണത്തിലും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നയമാണ്. ഈ മാര്‍ഗത്തില്‍ പ്രസ്ഥാനത്തിന്റെ പരിശ്രമങ്ങള്‍ എന്തൊക്കെയാണ്? ആ വിഷയത്തില്‍ പുതിയ പ്രവര്‍ത്തന കാലയളവില്‍ താങ്കളുടെ ചുവടുവെപ്പുകള്‍ എന്തൊക്കെയാണ്?
ഇസ്‌ലാമിനെ ബദലായി അവതരിപ്പിക്കാതെ സമകാലിക ലോകത്ത് ഇസ്‌ലാമിക പ്രബോധനം പൂര്‍ണമാവുകയില്ല. ദേശീയവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ഇതുതന്നെയാണ് താല്‍പര്യപ്പെടുന്നത്. കഴിഞ്ഞ പ്രവര്‍ത്തന കാലയളവിലെ പോളിസി പ്രോഗ്രാമില്‍ ഇതിനെക്കുറിച്ച പരാമര്‍ശങ്ങള്‍ ധാരാളമായി വന്നിട്ടുണ്ട്. ഇന്ന് ലോക വ്യാപകമായി ഒരു ആശയ ശൂന്യത അനുഭവപ്പെടുന്നുണ്ട്. ആശയ ചര്‍ച്ചകളില്‍ അബദ്ധത്തില്‍ പോലും അകപ്പെട്ടുപോകാതിരിക്കാനാണ് ആളുകള്‍ ഇന്ന് പൊതുവെ ശ്രമിക്കുന്നത്. കേവല ഭൗതികജീവിതാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തില്‍ മാത്രമാണ് മനുഷ്യരുടെ മുഴുവന്‍ ശ്രദ്ധയും. എന്നാല്‍, ഓരോ മനുഷ്യനും തന്റെ ജീവിത വീക്ഷണം കൃത്യപ്പെടുത്തല്‍ അനിവാര്യമാണ്. ഇസ്‌ലാം മഹത്തായൊരു ജീവിത പന്ഥാവ് സമര്‍പ്പിക്കുന്നുണ്ട്. അത് മനുഷ്യന്റെ ഭൗതിക ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കും, ഒപ്പം മനസ്സിന് ആശ്വാസവും ആനന്ദവും പകര്‍ന്നു നല്‍കും. ഇസ്‌ലാമിലെ ആരാധനകള്‍ ഈ ജീവിതരീതിയെ ശക്തിപ്പെടുത്താനുതകുന്നതാണ്. ജീവിതത്തിന്റെ സര്‍വ മേഖലകളെക്കുറിച്ചുമുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകള്‍ വിശദാംശങ്ങളോടെ നാം രാജ്യനിവാസികള്‍ക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് കുടുംബം സമൂഹ ഭദ്രതയുടെ അടിയാധാരമാണ്. ഇന്ന് കുടുംബഘടനയുടെ ചരട് പൊട്ടിയിരിക്കുന്നു. ഇമ്പമേറുന്ന കുടുംബഘടനയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ചൂഷണത്തിന്റെ ചളിക്കുണ്ടില്‍ പൂണ്ടുപോവുകയാണ് രാജ്യത്തെ സാധാരണ ജനങ്ങള്‍. എന്നാല്‍, ദരിദ്രനോടും ധനികനോടും അശേഷം അനീതി കാണിക്കാത്തതാണ് ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥ. അടിസ്ഥാന ജീവിതാവശ്യങ്ങള്‍ അത് സര്‍വ മനുഷ്യര്‍ക്കും ഉറപ്പുവരുത്തുന്നു. മനുഷ്യന്റെ മേല്‍ മനുഷ്യന്‍ നടത്തുന്ന മേധാവിത്വത്തെ നിരാകരിക്കുന്നതാണ് അതിന്റെ രാഷ്ട്രീയ വീക്ഷണം. ഇങ്ങനെ ഇസ്‌ലാമിന്റെ സര്‍വ തലങ്ങളെയും രാജ്യത്തിനു മുമ്പാകെ ആത്മവിശ്വാസത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ജമാഅത്തിന്റെ പ്രഭാഷകരും എഴുത്തുകാരും ഇന്ന് ഇസ്‌ലാമിനെ ഇപ്രകാരം അവതരിപ്പിക്കാന്‍ കൂടുതല്‍ ഉത്സാഹം കാണിക്കുന്നുണ്ട്. അതേറെ സന്തോഷം നല്‍കുന്ന കാഴ്ചയാണ്.

ആഗോളതലത്തില്‍ ഒട്ടനവധി ഇസ്‌ലാമിക മുന്നേറ്റങ്ങളും പ്രസ്ഥാനങ്ങളും വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടല്ലോ. ജമാഅത്തെ ഇസ്‌ലാമിക്ക് അവരുമായുള്ള ബന്ധങ്ങള്‍ വിശദീകരിക്കാമോ?
ലോകത്തിന്റെ മുക്കു മൂലകളില്‍ പോലും ഇസ്‌ലാമിനു വേണ്ടി ഇന്ന് ചലനങ്ങളേറെ നടക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ആ അര്‍ഥത്തില്‍ അവയുമായി ജമാഅത്തെ ഇസ്‌ലാമിക്ക് ചിന്താപരമായ ബന്ധം നിലനില്‍ക്കുന്നുമുണ്ട്. അതേസമയം ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ വീക്ഷണ വ്യത്യാസങ്ങള്‍ ഏറെയുണ്ട് എന്നതും ഒരു യാഥാര്‍ഥ്യമാണ്. ഓരോരുത്തരുടെയും പ്രവര്‍ത്തന മാര്‍ഗങ്ങള്‍ ഏറെ വ്യത്യസ്തമാണ്. അവരവരുടെ സാമൂഹിക രാഷ്ട്രീയ കാലാവസ്ഥകളാണ് അവരവരുടെ പ്രവര്‍ത്തന മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് വീക്ഷണ ബന്ധങ്ങള്‍ക്കപ്പുറത്ത് പ്രവര്‍ത്തന രീതികളില്‍ നമുക്കവരുമായി ബന്ധങ്ങളൊന്നുമില്ല.

പ്രസ്ഥാനത്തിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, പ്രവര്‍ത്തകരുടെ എണ്ണം ഇരട്ടിയാക്കുക എന്നത് 2007-2011 പ്രവര്‍ത്തന കാലയളവിലെ ജമാഅത്ത് പോളിസി പ്രോഗ്രാമിലെ  പ്രധാന ഊന്നലുകളിലൊന്നായിരുന്നു. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞിരുന്നോ?
അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും എണ്ണത്തെക്കുറിച്ച പരാമര്‍ശം മാത്രമായിരുന്നില്ല പ്രസ്തുത പോളിസി പ്രോഗ്രാമിലുണ്ടായിരുന്നത്. മറിച്ച്, ഇസ്‌ലാമിക പ്രബോധനം, മുസ്‌ലിം സമൂഹത്തിന്റെ സംസ്‌കരണം, ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ, സ്ത്രീ ശാക്തീകരണം, ജനസേവനം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ ഈ ലക്ഷ്യങ്ങള്‍ പൂര്‍ണതയില്‍ തന്നെ നേടിയെടുക്കുന്നതില്‍ വിജയിച്ചിട്ടുമുണ്ട്. ഇസ്‌ലാമിക സമൂഹത്തിന്റെ സംസ്‌കരണവുമായി ബന്ധപ്പെട്ട മേഖലയില്‍ പള്ളികളുടെയും മദ്‌റസകളുടെയും എണ്ണത്തില്‍ ഏറെ മുന്നോട്ട് പോകാന്‍ കഴിഞ്ഞു. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ജമാഅത്ത് അംഗങ്ങളുടെ സംഗമങ്ങള്‍ നടക്കുകയുണ്ടായി. ദല്‍ഹിയില്‍ അംഗങ്ങളുടെ അഖിലേന്ത്യാ സംഗമവും നടന്നു. ഈ സംഗമങ്ങളുടെ സദ്ഫലങ്ങള്‍ ഇന്ന് പ്രസ്ഥാനത്തിനകത്ത് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സമുദായത്തിനകത്തെ വിവിധങ്ങളായ സംഘടനകളുമായുള്ള നമ്മുടെ ബന്ധത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ജനസേവന രംഗത്തെ പരിശ്രമങ്ങള്‍ വലിയ അളവിലാണിന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെ രാജ്യത്തിനു മുമ്പാകെ പരിചയപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ തുടരുന്നു. ഇസ്‌ലാമിക് ബാങ്ക് സ്ഥാപിക്കാനുള്ള പരിശ്രമങ്ങള്‍ ഈ പ്രവര്‍ത്തന കാലയളവില്‍ ബഹുദൂരം മുന്നോട്ട് പോയി. തര്‍ബിയത്ത് മേഖലയില്‍ ചില പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ചില സംസ്ഥാനങ്ങള്‍ തയാറാവുകയുണ്ടായി. ഈ പ്രവര്‍ത്തനകാലയളവില്‍ ഇതര കാലയളവിനെ അപേക്ഷിച്ച് അംഗങ്ങളുടെ എണ്ണത്തില്‍ ഏറെ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍, പ്രവര്‍ത്തകരുടെ എണ്ണത്തില്‍ താരതമ്യേന വര്‍ധനവില്ല. ഇതില്‍ നാം വലിയ ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നു.

കഴിഞ്ഞവര്‍ഷങ്ങളില്‍ താങ്കള്‍ ധാരാളം മുസ്‌ലിം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായല്ലോ. ധാരാളം മുസ്‌ലിം ബുദ്ധിജീവികളുമായും പ്രസ്ഥാന നായകന്മാരുമായും ഇടപഴകാന്‍ താങ്കള്‍ക്ക് അവസരം ലഭിക്കുകയുണ്ടായി. ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ചും വിശിഷ്യാ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ചും അവരുടെ വിലയിരുത്തലുകളെന്താണ്?
ഈ രാജ്യത്തിന്റെ വലിപ്പവും സവിശേഷമായ കാലാവസ്ഥയും രാജ്യത്തിനകത്തെ മാനവിക വിഭവശേഷിയും ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുമെല്ലാം ഇന്ത്യയെ ലോക രാജ്യങ്ങളില്‍നിന്ന് ഏറെ സവിശേഷമാക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ വളരെ പ്രാധാന്യത്തോടെയാണ് മുസ്‌ലിം രാജ്യങ്ങള്‍ ഇന്ത്യയെ നോക്കികാണുന്നത്.
മറ്റൊരു വശത്ത് രാജ്യത്ത് നിലനില്‍ക്കുന്ന ദാരിദ്ര്യം, നിരക്ഷരത, അനീതികള്‍, അസന്തുലിതമായ വികസനം എന്നിത്യാദി കാര്യങ്ങള്‍ അവര്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ തിളക്കം കെടുത്തുന്നുമുണ്ട്.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമാണെങ്കിലും ഇന്തോനേഷ്യയും പാകിസ്താനും കഴിഞ്ഞാല്‍ ലോകത്തിലേറ്റവും മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണിത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതാപമാര്‍ന്ന ചരിത്രത്തെക്കുറിച്ച് മുസ്‌ലിം ലോകം ബോധവാന്മാരാണ്. അതേസമയം വര്‍ത്തമാനകാല ഇന്ത്യന്‍ മുസ്‌ലിം വിദ്യാഭ്യാസപരമായും സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ ദുര്‍ബലനാണെന്ന കാര്യം അവര്‍ തിരിച്ചറിയുന്നു. ചര്‍ച്ചകളില്‍ പലരും ഇന്ത്യന്‍ മുസ്‌ലിംകളുടെ ഇസ്‌ലാമിനെക്കുറിച്ച വിവരക്കേടുകള്‍, പരസ്പര ഐക്യമില്ലായ്മ തുടങ്ങിയ കാര്യങ്ങള്‍ പങ്കുവെക്കാറുമുണ്ട്.
ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളരെ വിപുലമായ ജനസേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവരെല്ലാം ഏതെങ്കിലുമൊരര്‍ഥത്തില്‍ അറിവുള്ളവരാണ്. ഇന്ത്യയില്‍ ഇത്രയും വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇസ്‌ലാമിക പ്രവര്‍ത്തനം നടത്തുന്നത് ജമാഅത്തെ ഇസ്‌ലാമി മാത്രമാണെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. രാജ്യത്തെ വിവിധ ഭാഷകളില്‍ ജമാഅത്തെ ഇസ്‌ലാമി വിശുദ്ധ ഖുര്‍ആന്റെ പരിഭാഷ പുറത്തിറക്കിയതും ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധീകരിച്ചതും വലിയ മതിപ്പോടെയാണ് അവര്‍ നോക്കിക്കാണുന്നത്.

മുസ്‌ലിം ഐക്യമെന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ വലിയൊരു സ്വപ്നമാണ്. അതിനായി പ്രസ്ഥാനം നിരന്തരം നിരവധി ചുവടുവെപ്പുകള്‍ നടത്താറുമുണ്ട്. ഈ മാര്‍ഗത്തില്‍ താങ്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാലു വര്‍ഷക്കാലത്തിനിടയില്‍ നടന്ന പരിശ്രമങ്ങള്‍ എന്തൊക്കെയായിരുന്നു? താങ്കളുടെ വിലയിരുത്തലില്‍ മുസ്‌ലിം ഐക്യത്തിന്റെ സമകാലികാവസ്ഥ എന്താണ്?
മുസ്‌ലിം ഐക്യത്തിന്റെ വഴിയില്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഒന്നാം നാള്‍ തൊട്ട് ശ്രദ്ധേയമായ നിരന്തരം പരിശ്രമങ്ങള്‍ നടത്തിവന്നിട്ടുണ്ട്. അതിന്റെ അലയൊലികള്‍ പല അര്‍ഥത്തില്‍ സമുദായത്തില്‍ ദൃശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, മുസ്‌ലിം മജ്‌ലിസെ മുശാവറ, മതവിദ്യാഭ്യാസ കൗണ്‍സില്‍ തുടങ്ങിയവ ഇതിന്റെ ഫലങ്ങളാണ്. കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ സമുദായത്തിനകത്തെ വിവിധ അവാന്തര വിഭാഗങ്ങളോടും സംവിധാനങ്ങളോടും സ്ഥാപനങ്ങളോടും ഊഷ്മളമായ ബന്ധം സ്ഥാപിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുകയുണ്ടായി. ആ വഴിയില്‍ പ്രഗത്ഭ വ്യക്തികളുമായി നിരവധി കൂടിക്കാഴ്ചകള്‍ നടന്നു. വളരെ അനുകൂലമായ സമീപനമാണ് അവരില്‍നിന്നും പ്രസ്ഥാനത്തിന് ലഭിച്ചത്. ഒരുകാലത്ത് സമുദായത്തില്‍ പ്രസ്ഥാനത്തെക്കുറിച്ച് തളംകെട്ടിനിന്നിരുന്ന വലിയ തെറ്റിദ്ധാരണകളില്‍ വലിയ അളവില്‍ മാറ്റങ്ങള്‍ പ്രകടമായിട്ടുണ്ട്. ദയൂബന്ദില്‍ അവരുടെ ചില പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഇരു ഗ്രൂപ്പുകളുമായും നാം സൗഹൃദം കാത്തുസൂക്ഷിക്കുന്നു. അവരുടെ ചില പ്രധാന പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി. ജമാഅത്തെ ഇസ്‌ലാമിയുടെ ചില പരിപാടികളില്‍ അവരും സജീവമായി പങ്കെടുക്കുന്നു.
ജംഇയ്യത്തു അഹ്‌ലെ ഹദീസുമായുള്ള ബന്ധത്തിലും ഏറിയ പുരോഗതിയുണ്ട്. ലഖ്‌നൗ നദ്‌വത്തുല്‍ ഉലമ, മളാഹിറുല്‍ ഉലമാ സഹാറന്‍പൂര്‍ തുടങ്ങിയ ഉന്നത മത കലാലയങ്ങളുമായുള്ള ബന്ധത്തിലും ഏറെ വളര്‍ച്ചയുണ്ടായി. വിവിധ ചിന്താസരണികളിലുള്ള പണ്ഡിതന്മാരുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു.
ഇന്നിപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പണ്ഡിതന്മാരുമായും മതകലാലയങ്ങളുമായും നാം സൗഹൃദബന്ധം സ്ഥാപിച്ചിട്ടുണ്ട്. പരസ്പര അകല്‍ച്ചയുടെയും അഭിപ്രായ വ്യത്യാസങ്ങളുടെയും അനുഭവങ്ങള്‍ എല്ലായിടത്തും കുറഞ്ഞുവരുന്നുണ്ട്. പരസ്പര സഹകരണത്തിന്റെ വികാരം അധിക സ്ഥലങ്ങളില്‍ നിന്നും അനുഭവപ്പെടുന്നു.
മുസ്‌ലിം ഐക്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് താങ്കള്‍ ചോദ്യമുന്നയിക്കുകയുണ്ടായല്ലോ. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ വിവിധ ങ്ങളായ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ഒന്നായിച്ചേര്‍ന്ന മുന്നേറ്റങ്ങള്‍ ആവശ്യമാണെന്ന ബോധം ഇന്ന് സമുദായത്തില്‍ വ്യാപകമായി ഉയര്‍ന്നിട്ടുണ്ടെന്ന് പറയാം.

നമ്മുടെ രാജ്യത്ത് കമ്യൂണിസത്തെ ഒരു ബദല്‍ വ്യവസ്ഥയായി അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യവും അന്തരീക്ഷവും ഉണ്ട്. എന്നാല്‍, ഇസ്‌ലാമിനെ ബദല്‍ ജീവിതവ്യവസ്ഥയായി അവതരിപ്പിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമങ്ങള്‍ക്കെതിരെ വലിയ ബഹളങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇതെന്തുകൊണ്ടായിരിക്കാം?
കമ്യൂണിസം ഒരുകാലത്ത് ഇന്ത്യയുടെ ദിശ നിര്‍ണയിച്ച പ്രത്യയശാസ്ത്രമായിരുന്നു. അവികസിത രാജ്യങ്ങള്‍ക്ക് സോഷ്യലിസം എന്നത് രക്ഷ പ്രാപിക്കാനുള്ള വലിയൊരു നിമിത്തമായി അവര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഒരു ബദലായി അവതരിപ്പിക്കാന്‍ അവര്‍ക്ക് തുറന്ന അവസരങ്ങള്‍ ഏറെ ലഭ്യമായിരുന്നു. എന്നാല്‍, ഭൗതിക ദര്‍ശനങ്ങള്‍ക്കപ്പുറത്ത് മതത്തിന്റെ ഇത്തരമൊരു പ്രസക്തി രാജ്യ നിവാസികള്‍ക്ക് ഇനിയും ബോധ്യപ്പെട്ടിട്ടുവേണം എന്നതാണ് യഥാര്‍ഥ പ്രശ്‌നം.

അടിസ്ഥാനപരമായി താങ്കളുടെ ഒരു പ്രധാന പ്രവര്‍ത്തന മേഖല എഴുത്തും ഗ്രന്ഥ രചനയുമായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താങ്കള്‍ ആ മേഖലയില്‍ ഏറെ സജീവമാണ് താനും. പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിനു മുമ്പും ശേഷവും ഈ രംഗത്തെ താങ്കളുടെ അനുഭവങ്ങളും വിലയിരുത്തലുകളും പങ്കുവെക്കാമോ?
പ്രസ്ഥാന നേതൃത്വം ഏല്‍പിക്കപ്പെട്ടതിനു ശേഷവും ഈ രംഗത്ത് ചില ചുവടുവെപ്പുകള്‍ നടത്താന്‍ ഞാന്‍ ശ്രമിക്കുകയുണ്ടായി. ഗവേഷണ സ്വഭാവമുള്ള എന്റെ ചില പ്രബന്ധങ്ങള്‍ പുനഃപരിശോധനക്ക് ശേഷം രണ്ട് വാള്യങ്ങളാക്കി പുറത്തിറക്കുകയുണ്ടായി. ഫിഖ്ഹും സമകാലിക ലോകവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഒരു വാള്യത്തിലെ പ്രതിപാദ്യവിഷയം. രണ്ടാമത്തേതില്‍ ദഅ്‌വത്തും തര്‍ബിയത്തുമായി ബന്ധപ്പെട്ട വിഷയങ്ങളും.
അതോടൊപ്പം നേരത്തെ പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങള്‍ പുനഃപരിശോധനകള്‍ക്ക് ശേഷം പ്രസിദ്ധീകരിക്കാനും സാധിച്ചു. അലീഗഢ് കേന്ദ്രീകരിച്ച് പുറത്തിറങ്ങുന്ന ത്രൈമാസ ഗവേഷണ പ്രസിദ്ധീകരണമായ തഹ്ഖീഖാത്തെ ഇസ്‌ലാമി മുടങ്ങാതെ പ്രസിദ്ധീകരിക്കാനും ഞാന്‍ ശ്രദ്ധിച്ചിരുന്നു. സത്യത്തില്‍ എന്റെ അധ്വാനവും സമയവും ഏറെ ചെലവഴിക്കേണ്ടിവരുന്ന ഒരു ഉദ്യമമാണത്. എന്നിരുന്നാലും ഈ രംഗത്ത് ഏറെ മുന്നേറാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കഴിഞ്ഞിട്ടില്ല എന്നതും ഒരു യാഥാര്‍ഥ്യമാണ്. അതിനാവശ്യമായ ശ്രദ്ധയും ഏകാഗ്രതയും നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ് പ്രശ്‌നം. അതിലെന്റെ അശ്രദ്ധയും അലസതയും വലിയൊരു കാരണമായിരിക്കാം.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാഹിത്യങ്ങള്‍ രാജ്യത്തിന്റെ സമകാലിക സാഹചര്യവുമായി സംവദിക്കാന്‍ വേണ്ടത്ര ശേഷിയില്ലാത്തവയാണെന്ന് താങ്കള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ?
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് മുഖമുണ്ട്. ചില രചനകള്‍ക്ക് അനശ്വര സ്വഭാവമാണുള്ളത്. തലമുറകളോളം പ്രസക്തമാകുന്ന ആശയങ്ങളാണ് അവ പ്രസരിപ്പിക്കുന്നത്. നമ്മുടെ വൈജ്ഞാനിക ഈടുവെപ്പുകളിലുള്ള മൗദൂദിയുടെ ഖുത്വ്ബാത്ത്, ഇസ്‌ലാം മതം, ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മൂലശിലകള്‍ തുടങ്ങിയ രചനകള്‍ ആ ഗണത്തില്‍ പെട്ടവയാണ്. രണ്ടാമത്തെ മുഖം കാലിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന രചനകളാണ്. അതിന് ചരിത്രപരമായ ഒരു പ്രാധാന്യമുണ്ട് എന്നതിനപ്പുറം അവക്ക് അനന്ത സാധ്യതകളില്ല. മൗദൂദിയുടെ തന്നെ മുസല്‍മാന്‍ ഔര്‍ സിയാസി കശ്മകശ് എന്ന ഗ്രന്ഥം ഈ ഗണത്തില്‍ പെട്ടതാണ്. എല്ലാ രചനകള്‍ക്കും അതിന്റേതായ സവിശേഷ ചരിത്ര സന്ദര്‍ഭങ്ങള്‍ കൂടി ഉണ്ട് എന്നത് മൗലികമായി ഉള്‍ക്കൊള്ളേണ്ട ഒരു യാഥാര്‍ഥ്യമാണ്.
അതേസമയം നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രകടമായ ഒട്ടനവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുതിയ ഹാവഭാവങ്ങളും സാമ്പത്തിക രംഗത്തുണ്ടായ പുത്തന്‍ വികാസങ്ങളുമെല്ലാം പുതിയ സാഹിത്യങ്ങളുടെ അനിവാര്യത ബോധ്യപ്പെടുത്തുന്നുണ്ട്. ഈ രംഗത്ത് വളരെ കുറഞ്ഞ പരിശ്രമങ്ങളേ നമുക്ക് നടത്താന്‍ സാധിച്ചിട്ടുള്ളൂ.

ഹിന്ദു മതവുമായി ബന്ധപ്പെട്ട രചനകള്‍ നമുക്കിടയില്‍ നിന്നും ഇനിയുമേറെ ഉണ്ടാകേണ്ടതുണ്ടെന്ന് താങ്കള്‍ എപ്പോഴും സൂചിപ്പിക്കാറുണ്ട്. ഈ രംഗത്ത് പ്രത്യേകിച്ചെന്തെങ്കിലും ചുവട് വെപ്പുകള്‍ നടത്തിയിരുന്നോ?
ഭൗതികതയുടെ മേല്‍ക്കോയ്മ ക്രമേണ തകരുകയും ആത്മീയതയിലേക്ക് മനുഷ്യന്‍ തിരിച്ചുപോയിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാഴ്ചയാണിന്ന് ലോക വ്യാപകമായി അനുഭവപ്പെടുന്നത്. ലോക വ്യാപകമായി മതത്തിന് സമൂഹത്തിന്റെ കടിഞ്ഞാണേന്താന്‍ മാത്രം ശേഷി ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യ പോലുള്ള സമൂഹങ്ങളില്‍ മതത്തിന്റെ സ്വാധീനം ഏറെ ആഴമുള്ളത് തന്നെയാണ്. അതിനെ അവഗണിക്കാന്‍ കഴിയില്ല. ഈ യാഥാര്‍ഥ്യം ഇസ്‌ലാമിക പ്രസ്ഥാനം ഉള്‍ക്കൊള്ളുകയും ആ വിഷയത്തില്‍ ഏറെ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ഹിന്ദുമതത്തെ വേണ്ട രൂപത്തില്‍ അഭിസംബോധന ചെയ്യാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് യാഥാര്‍ഥ്യം. ഈ ചര്‍ച്ചയില്‍ ഡോ. ഫാറൂഖ് ഖാന്റെ ശ്രദ്ധേയമായ ചില ഗ്രന്ഥങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം പുറത്തിറക്കുകയുണ്ടായി. ഇസ്‌ലാമിന്റെ പ്രസക്തി ഹൈന്ദവ ധര്‍മത്തിന്റെ പശ്ചാത്തലത്തില്‍, പരലോക സങ്കല്‍പം ഭാരതത്തിലെ മതഗ്രന്ഥങ്ങളുടെ വെളിച്ചത്തില്‍ തുടങ്ങിയവ.
ഈ ഇനത്തില്‍ വേറെ ചില രചനകളും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.  ഇന്ത്യയിലെ മതങ്ങളെക്കുറിച്ച് കുറേക്കൂടി ഉള്‍ക്കാഴ്ചയുള്ള വ്യക്തികളെ പരിശീലിപ്പിച്ചെടുക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച പല ചോദ്യങ്ങളും ഉന്നയിക്കപ്പെടുകയുണ്ടായി. ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു രാഷ്ട്രീയ വിംഗാണോ എന്നാണ് ചിലരുടെ സംശയം. ഈ പാര്‍ട്ടിയുടെ രൂപീകരണത്തോടെ ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ ലക്ഷ്യത്തില്‍നിന്ന് വഴിമാറിയിരിക്കുന്നു എന്നാണ് ചിലരുടെ ധാരണ.
ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയല്ല. മറിച്ച്, ജമാഅത്തെ ഇസ്‌ലാമിയുടെ ആശീര്‍വാദത്തിലും പരിശ്രമത്തിലും നിലവില്‍ വന്ന സ്വതന്ത്ര രാഷ്ട്രീയ കൂട്ടായ്മയാണ്. ആ പാര്‍ട്ടിക്ക് അതിന്റേതായ ലക്ഷ്യങ്ങളുണ്ട്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പരിരക്ഷ, സാധാരണ മനുഷ്യരുടെ ജീവിത രക്ഷയും സുരക്ഷിതത്വവും, സര്‍വ ജനങ്ങള്‍ക്കും സാമൂഹിക നീതി തുടങ്ങിയവക്ക് വേണ്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി നിലവില്‍ വന്നത്. ഈ ലക്ഷ്യങ്ങളോട് ഐക്യപ്പെടാന്‍ തയാറുള്ള രാജ്യനിവാസികളില്‍ ആര്‍ക്കും ഇതിന്റെ ഭാഗമാകാം. പ്രവര്‍ത്തനങ്ങളില്‍ ഈ പാര്‍ട്ടി സ്വതന്ത്രമായിരിക്കും. അതിന്റെ ക്രിയാത്മകമായ ഏത് ചുവടുവെപ്പുകളെയും ജമാഅത്തെ ഇസ്‌ലാമി പിന്തുണക്കും.
അതേസമയം ജമാഅത്തെ ഇസ്‌ലാമി അതിന്റെ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിച്ചു എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ അപക്വമാണ്. ഇസ്‌ലാമിനെ സര്‍വ മനുഷ്യരുടെയും സമൂഹത്തിന്റെയും രക്ഷാ മാര്‍ഗമായി ആശയപരമായും പ്രായോഗികമായും സമാധാനപരമായും അവതരിപ്പിക്കുക എന്ന ദൗത്യവുമായി പ്രസ്ഥാനം ഇനിയും മുന്നോട്ട് പോവുക തന്നെ ചെയ്യും.
വിവ: ടി. ശാക്കിര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം