Prabodhanm Weekly

Pages

Search

2011 ജൂണ്‍ 11

സാമ്രാജ്യത്വം, ഫെമിനിസം, ഇസ്‌ലാം

ലൈല അഹ്മദ്

ലൈല അബൂ ലുഗ്ദ്, വിമണ്‍ സ്റ്റഡീസിലും നരവംശശാസ്ത്രത്തിലും (Anthropology) മുസ്‌ലിം ലോക വിഷയങ്ങളിലും ഏറെ അവഗാഹമുള്ള പണ്ഡിതയാണ്. വിശിഷ്യ ഫ്രഞ്ച് ഇംഗ്ലീഷ് സാമ്രാജ്യത്വവും സ്ത്രീ -ലിംഗ നീതിയെക്കുറിച്ച ചര്‍ച്ചകള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സാമ്രാജ്യത്വ കടന്നുകയറ്റങ്ങളും അവരുടെ പഠനത്തിന്റെ മുഖ്യ ഭാഗമാണ്. വെള്ളക്കാരായ സാമ്രാജ്യത്വവാദികള്‍ സ്വന്തം നാട്ടില്‍ സ്ത്രീ അവകാശങ്ങളെ ഇല്ലായ്മ  ചെയ്യുമ്പോഴും മുസ്‌ലിം സ്ത്രീകള്‍ക്ക് അത് വേണമെന്ന നിര്‍ബന്ധം ചെലുത്തുന്നതിനെ അവര്‍ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ ന്യായീകരിക്കാന്‍ ആന്റി ഫെമിനിസ്റ്റുകളായ ഇംപീരിയലിസ്റ്റുകള്‍ കടന്നുവരുന്നതില്‍ വലിയ പുതുമയൊന്നുമില്ല. ഗായത്രി സ്പിവാക് ഈ സവിശേഷ സമീപനത്തെക്കുറിച്ചാണ് 'തവിട്ടു നിറമുള്ള ആണില്‍ നിന്ന് തവിട്ടു നിറമുള്ള പെണ്ണിനെ രക്ഷിക്കാനുള്ള വെളുത്ത ആണിന്റെ രക്ഷക ദൗത്യം' എന്നു വിശേഷിപ്പിച്ചത്.
9/11നെത്തുടര്‍ന്ന് ഫെമിനിസ്റ്റുകള്‍ക്കിടയില്‍ തന്നെ ഇതേ വാദഗതികള്‍ ഉദിക്കുകയും വലിയ തോതിലുള്ള സാമ്രാജ്യത്വ കടന്നുകയറ്റങ്ങള്‍ ഇറാഖിനും അഫ്ഗാനും മേലെ ഉണ്ടാവുകയും ചെയ്തു. അഫ്ഗാനിലെ ബുര്‍ഖയും മുസ്‌ലിം സ്ത്രീയുടെ ഇമേജും യുദ്ധത്തിന്റെ ധാര്‍മിക ന്യായീകരണമായി മാറി. ക്രിസ് ഹണ്ടൂസിനെ പോലുള്ളവര്‍ പറഞ്ഞത് 'അവര്‍ നമ്മെ വെറുക്കുന്നു. കാരണം നാം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നു' എന്നാണ്. 9/11-നെ തുടര്‍ന്നുണ്ടായ അഫ്ഗാന്‍ ആക്രമണത്തിന്റെ മുഖ്യ പ്രോപഗണ്ട  പീഡനമനുഭവിക്കുന്ന മുസ്‌ലിം സ്ത്രീ എന്നതുതന്നെയായിരുന്നു. മുസ്‌ലിംകളെ നന്മയുള്ളവരാക്കാനുള്ള അമേരിക്കക്കാരുടെ നാഗരിക ദൗത്യത്തിന്റെ പൂര്‍ത്തീകരണമായി യുദ്ധം ന്യായീകരിക്കപ്പെട്ടു. ഇതിലേറ്റവും പ്രധാനപ്പെട്ട നവ നാഗരികത ദൗത്യമായിരുന്നു മുസ്‌ലിം പെണ്ണിന്റെ വിമോചനം. ലോറ ബുഷ് പറഞ്ഞത് 'ഭീകരതക്കെതിരായ യുദ്ധം എന്നത് സ്ത്രീകളുടെ അന്തസിനു വേണ്ടിയുള്ള യുദ്ധമാണ്' എന്നായിരുന്നു. ഇതിന് അമേരിക്കന്‍ മാധ്യമങ്ങള്‍ നല്ല പിന്തുണയും നല്‍കിയിരുന്നു. മാധ്യമങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഈ വാചകമടികള്‍ അപ്പാടെ വിഴങ്ങുകയും യാതൊരു വിമര്‍ശനവുമില്ലാതെ പരസ്യപ്പെടുത്തുകയും ചെയ്തു. സി.എന്‍.എന്‍ അടക്കമുള്ള ചാനലുകള്‍ 'കന്ദഹാര്‍' പോലുള്ള സിനിമകള്‍ അഫ്ഗാന്‍ യുദ്ധവേളയില്‍ നിരന്തരം പ്രദര്‍ശിപ്പിക്കുകയുണ്ടായി. മാത്രമല്ല, ദൃശ്യപരമായ പുതിയൊരു പ്രതീക ഭാവി മുസ്‌ലിം പെണ്ണിന്റെ മോചനവും അഫ്ഗാന്‍ യുദ്ധവും എന്ന തലക്കെട്ടില്‍ തന്നെ സി.എന്‍.എന്‍ വികസിപ്പിച്ചു. അമേരിക്കന്‍ അധിനിവേശ സൈന്യം ഏതെങ്കിലും ഗ്രാമം പിടിച്ചെടുത്തു എന്ന് ഏതെങ്കിലും പത്ര പ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് നല്‍കിയാലുടനെ തന്നെ സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് ബുര്‍ഖ വലിച്ചെറിയുന്ന വിഷ്വലുകള്‍ സംപ്രേഷണം ചെയ്തു തുടങ്ങും. ഇത്തരം വിഷ്വലുകള്‍ കിട്ടിയില്ലെങ്കില്‍ റിപ്പോര്‍ട്ടറോട് എന്തുകൊണ്ട് കിട്ടുന്നില്ലെന്നു ചോദിക്കുന്ന അവസ്ഥയുണ്ടായി. ബ്രിട്ടീഷ് റിപ്പോര്‍ട്ടറായ പോളിടോയന്‍ബി പറയുന്നതുപോലെ, 'ബുര്‍ഖ  യുദ്ധത്തിന്റെ കൊടിയടയാളമായി മാറി.' ഒരുപാട് അക്കാദമിഷ്യന്മാര്‍ 'ഇസ്‌ലാമിലെ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീ' എന്ന പ്രശ്‌നത്തിന്റെ മറ പിടിച്ച് നടക്കുന്ന സാമ്രാജ്യത്വ കടന്നുകയറ്റത്തെ വലിയ ഉത്കണ്ഠകളോടെയാണ് നോക്കിക്കണ്ടത്. ഇതിനോടാണ് ലൈല അബൂ ലുഗ്ദ് പ്രതികരിച്ചത്. അഫ്ഗാനിലടക്കം അമേരിക്ക ചരിത്രത്തിലുടനീളം തുടര്‍ന്നുവന്ന നയങ്ങളെ കാണാതിരിക്കുന്നതിനെ ലൈല അബൂ ലുഗ്ദ് വിമര്‍ശിച്ചു. രാഷ്ട്രീയവും ചരിത്രപരവുമായ ചോദ്യങ്ങള്‍ക്ക് പകരം മത സാംസ്‌കാരിക ചോദ്യങ്ങളാണ് ഇവിടെ ഉന്നയിക്കപ്പെടുന്നതെന്നാണ് ലൈല നിരീക്ഷിക്കുന്നത്. ഇത്തരം രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് പകരം ലോകത്തെ രണ്ട് ലളിത ദ്വന്ദ്വങ്ങളില്‍ കാണാനാണ് അവര്‍ക്ക് താല്‍പര്യം. 'സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന പ്രഥമ വനിതകളും ബുര്‍ഖയിട്ട് നട്ടംകറങ്ങുന്ന പെണ്ണുങ്ങളും' എന്ന വിഭജനമാണ് ഇവര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ലൈല പറയുന്നത്.
ഇസ്‌ലാമില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കെടുതികളെക്കുറിച്ച പുസ്തകങ്ങള്‍ ഇറങ്ങിയത് ഇക്കാലത്താണ്. ഇങ്ങനെയുള്ളവ ബെസ്റ്റ് സെല്ലറുകളായി. മുസ്‌ലിം ആണ്‍കോയ്മയുടെ പിടിയില്‍ ഞെരിഞ്ഞമര്‍ന്ന തങ്ങളുടെ പെണ്‍ ജീവിതത്തെക്കുറിച്ച സ്വദേശത്തു നിന്നുള്ള ആധികാരിക വിവരണങ്ങളായി പ്രസ്തുത പുസ്തകങ്ങള്‍ മാറിയതായി സബാ മഹ്മൂദ് നിരീക്ഷിക്കുന്നുണ്ട്.
ഇത്തരം പുസ്തകങ്ങളില്‍ ആദ്യം ഇറങ്ങിയത്, Forbidden Love: A Harrowing story of Love and Revenge in Jordan (2002) എന്ന നോര്‍മ ഖൂരിയുടെ കൃതിയാണ്. ഇത് 'സത്യസന്ധമാര്‍ന്ന' അനുഭവ വിവരണമാണ്. കുടുംബങ്ങളില്‍ നിന്നേറ്റ പീഡനത്തെക്കുറിച്ചാണ് ഇവര്‍ ഏറെ പറയുന്നത്. മാത്രമല്ല, തന്റെ ഒരു അടുത്ത സുഹൃത്തിനെ ഒരു ക്രിസ്ത്യാനിയുമായി അവിഹിത ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്ന് 'ഹോണര്‍ കില്ലിംഗിന്' വിധേയമാക്കിയതായി നോര്‍മ ഖൂരി പറയുന്നുണ്ട്. എന്നാല്‍, അന്വേഷണത്തില്‍ തെളിഞ്ഞത് മൂന്നു വയസ്സിനു ശേഷം നോര്‍മ ഖൂരി ജോര്‍ദാനില്‍ താമസിച്ചിട്ടില്ല എന്നാണ്. പിന്നെങ്ങനെയാണവര്‍ ഹോണര്‍ കില്ലിംഗിന് ദൃക്‌സാക്ഷിയാവുക? നോര്‍മ ഖൂരിയുടെ പുസ്തകത്തിലെ നിരവധി തെറ്റുകള്‍ ഹോണര്‍ കില്ലിംഗിനെതിരെ ജോര്‍ദാനില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്ത്രീ സംഘടകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പുസ്തകം ഉടന്‍ തന്നെ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. എന്നാല്‍ ഒരു പ്രസാധകന്‍ ചൂണ്ടിക്കാട്ടിയത് 9/11നു ശേഷം മുസ്‌ലിം ആണിന്റെ നെഗറ്റീവ് വാര്‍പ്പു മാതൃക പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടെന്നാണ്.
ഈ കൂട്ടത്തില്‍ തന്നെ പെടുന്ന മറ്റു പല പുസ്തകങ്ങളുമുണ്ട്. ഒന്ന്, അസര്‍ നഫീസിയുടെ റീഡിംഗ് ലോലിത ഇന്‍ ടെഹ്‌റാന്‍. രണ്ട്, ഇയാന്‍ ഹിര്‍സി അലിയുടെ 'ഇന്‍ഫിഡല്‍'. മൂന്ന്, ഇര്‍ഷാദ് മഞ്ചിയുടെ 'ട്രബ്ള്‍ വിത്ത് ഇസ്‌ലാം. നാല്, കാര്‍മെന്‍ ബിന്‍ ലാദിന്റെ മൈ ലൈഫ് ഇന്‍ സുഊദി അറേബ്യ. ഇതൊക്കെ അമേരിക്കയില്‍ ബെസ്റ്റ് സെല്ലറുകളായിരുന്നു. നിരവധി വിമര്‍ശനം ഇത്തരം പുസ്തകങ്ങളെ കേന്ദ്രീകരിച്ചു വന്നിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'സ്വദേശി ഇന്‍ഫോര്‍മര്‍മാരും അമേരിക്കന്‍ എംപയറും'. യുദ്ധത്തിനു ചുക്കാന്‍ പിടിച്ചാണ് ഇത്തരം പുസ്തകമിറക്കുന്നത്. 'ഇറാനില്‍ നിന്നുള്ള എന്തിനെയും വെറുക്കുക' എന്നതാണ് പ്രസ്തുത പുസ്തകം നിര്‍വഹിക്കുന്ന ദൗത്യമെന്നാണ് ദബാശി വായിക്കുന്നത്. 'മുസ്‌ലിം സ്ത്രീകളുടെ ന്യായമായ അവകാശത്തെ അമേരിക്കയുടെ സാമ്രാജ്യത്വ കടന്നാക്രമണങ്ങള്‍ക്കുള്ള ഉപാധിയാക്കി' മാറ്റുന്നതിന് ഈ പുസ്തകം സഹായിച്ചു. നഫീസിയുടെ ആഖ്യാന പ്രകാരം, ഇസ്‌ലാം മുഖംമൂടി അണിഞ്ഞതും ഹിംസാത്മകവും സ്ത്രീ വിരുദ്ധവുമാണ്.
ഇത്തരം എഴുത്തുകാരും നിയോ കോണുകളും തമ്മിലുള്ള ബന്ധത്തെയാണ് ദബാശിയും മഹ്മൂദും അനാവരണം ചെയ്യുന്നത്. നോര്‍മ ഖൂരി, ബുഷ് ഭരണകൂടത്തിലെ ഉന്നതന്മാരില്‍ നിന്നാണ് പിന്തുണ സ്വീകരിച്ചിരുന്നതെന്നാണ് സബാ മഹ്മൂദ് പറയുന്നത്. റിച്ചാര്‍ഡ് ചെനിയും മകള്‍ എലിസബത്തുമാണ് ഇതിന് കൂട്ടുനിന്നത്. അസര്‍ നഫീസി നിയോ കോണുകളുടെ സ്വന്തം ആളാണെന്നും ബെര്‍ണാഡ് ലൂയിസാണ് അവര്‍ക്ക് പ്രശംസ ചൊരിയുന്നതെന്നതെന്നും മഹ്മൂദ് വിമര്‍ശിക്കുന്നു. ബെര്‍ണാഡ് ലൂയിസാണല്ലോ നവ ഓറിയന്റലിസ്റ്റ് വൈജ്ഞാനിക കടന്നുകയറ്റത്തിന്റെ മുഖ്യ സൂത്രധാരന്‍. നഫീസി ബുഷിന്റെ കടന്നാക്രമണങ്ങളെ നേരിട്ട് പിന്തുണക്കുന്നുവെന്നും സബാ മഹ്മൂദ് പറയുന്നു.
ഇതേ ബന്ധങ്ങള്‍ ഇയാന്‍ ഹിര്‍സി അലിയും ഇര്‍ശാദ് മഞ്ചിയും പുലര്‍ത്തുന്നതായി മഹ്മൂദ് മനസ്സിലാക്കുന്നു. ഈ രണ്ട് എഴുത്തുകാരികളും ഇറാഖ്-അഫ്ഗാന്‍ കടന്നുകയറ്റത്തെ ന്യായീകരിക്കുന്നുണ്ട്. ഇര്‍ഷാദ് മഞ്ചി ദാനിയേല്‍ പൈപ്‌സിനൊപ്പം ചേര്‍ന്ന് ഇസ്രയേലിനു വേണ്ടി ഫണ്ട് പിരിവ് നടത്തുകയുണ്ടായി. മാത്രമല്ല, തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് കെട്ടിച്ചമച്ച കഥയാണ് ഇയാന്‍ ഹിര്‍സി അലി നടത്തുന്നതെന്ന് ഡച്ച് ഇമിഗ്രേഷന്‍ വകുപ്പ് കണ്ടെത്തുമ്പോള്‍ അവരുടെ രക്ഷക്കെത്തുന്നത് അമേരിക്കയിലെ നിയോ കോണ്‍ തിങ്ക് ടാങ്കുകള്‍ തന്നെയാണ്. ഇത്തരം സ്ത്രീ ശബ്ദങ്ങള്‍, മഹ്മൂദ് നിരീക്ഷിക്കുന്നതുപോലെ, ഇസ്‌ലാമിനെക്കുറിച്ച ആധികാരിക ശബ്ദങ്ങളാവുകയും ഈ ആധികാരികത മുസ്‌ലിം സ്ത്രീയെ സഹായിക്കാന്‍ മുസ്‌ലിം ഇതര ലോകത്തെ 'നിര്‍ബന്ധിതമാക്കുകയും' ചെയ്യുന്നു. തീര്‍ച്ചയായും 9/11നു ശേഷമുണ്ടായ മുസ്‌ലിം വിരുദ്ധ വികാരത്തിന് എണ്ണ പകരുകയെന്ന ദൗത്യം ഒരു പരിധിവരെ ഈ പുസ്തകങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്.
ഇത്തരം ആളുകളുടെ പുസ്തകങ്ങളില്‍ നിഴലിച്ചു കാണുന്നത്, പാശ്ചാത്യ ലിബറല്‍ ലോകത്തെ അപേക്ഷിച്ച് ഇസ്‌ലാമിനു കൈവരുന്ന 'അധമ' സ്ഥാനമാണ്. ഇത് നേരത്തെ ഖാസിം അമീനെപോലുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച വാദഗതിയാണ്. യൂറോപ്യന്‍ ജീവിതത്തെ ഉയര്‍ത്തിപ്പിടിച്ചാണ് ഖാസിം സംസാരിക്കുന്നത്. എന്നാല്‍, ഞാനതിനോട് വിയോജിക്കുന്നു. മുസ്‌ലിംകള്‍ക്ക് അവരുടെ സാംസ്‌കാരിക പൈതൃകം മുന്‍നിര്‍ത്തി മുന്നോട്ടു പോകാമെന്നാണ് ഞാന്‍ കരുതുന്നത്.
തീര്‍ച്ചയായും ലൈല  ലുഗ്ദ് നിരീക്ഷിക്കുന്നതുപോലെ, സ്ത്രീകളുടെ അവസ്ഥ മുസ്‌ലിം സമുദായത്തില്‍ മാറേണ്ടതുണ്ട്. പക്ഷേ, ഇത് സാമ്രാജ്യത്വ/ അധീശ വര്‍ഗ കടന്നുകയറ്റത്തെ സഹായിക്കുന്ന തരത്തിലാകരുത്.
(ലൈല അഹ്മദിന്റെ എ ക്വയറ്റ് റവലൂഷന്‍ എന്ന കൃതിയുടെആമുഖത്തില്‍നിന്ന്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം