അസൂയപ്പെട്ടാല്‍ ആര്‍ക്കാണ് ചേതം?
ചോദ്യം: അസൂയ എന്ന ചീത്ത സ്വഭാവമുണ്ടെനിക്ക്. യൂനിവേഴ്‌സിറ്റിയില്‍ ഏറ്റവുമുയര്‍ന്ന മാര്‍ക്ക് നേടുന്ന ആള്‍ എന്ന ഖ്യാതി എനിക്കുണ്ട്. എന്റെയത്ര മാര്‍ക്ക് മറ്റൊരാള്‍ വാങ്ങിയാല്‍ എന്റെ മനസ്സ് അസ്വസ്ഥമാവുകയായി. അത്ര മാര്‍ക്ക് മറ്റൊരാള്‍ക്ക് കിട്ടാതിരിക്കട്ടെ എന്നാണ് മനസ്സ് ആഗ്രഹിക്കുന്നത്. ഇതൊക്കെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണെന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല. അല്ലാഹു താനുദ്ദേശിച്ചവര്‍ക്ക് മേല്‍ ആ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കും. അതിനെ ചോദ്യം ചെയ്യാന്‍ എനിക്കെന്ത് അവകാശം! ഇതൊക്കെ അറിയാമായിരുന്നിട്ടും മനസ്സില്‍ അസൂയ കിളിര്‍ക്കുകയാണ്. എനിക്ക് ഈ ദുഃസ്വഭാവത്തില്‍ നിന്ന് രക്ഷപ്പെടണം. എന്നെ സഹായിച്ചാലും.
ഉത്തരം: അസൂയ (ഹസദ്) ഇസ്‌ലാമില്‍ വന്‍ പാപങ്ങളിലൊന്നാണ്. ഖുര്‍ആന്‍ അതിനെ കഠിനമായി അപലപിച്ചിരിക്കുന്നു. ഒട്ടേറെ നബിവചനങ്ങളില്‍ അതിനെക്കുറിച്ച താക്കീതും നമുക്ക് കാണാം.
അല്ലാഹു പറയുന്നു: ''അല്ലാഹു അനുഗ്രഹിച്ചുവെന്നതിന്റെ പേരില്‍ മറ്റുള്ളവരോട് അസൂയ കാണിക്കുകയാണോ അവര്‍?'' (4:54).
''വിശ്വസിച്ചു കഴിഞ്ഞ നിങ്ങളെ എങ്ങനെയെങ്കിലും സത്യനിഷേധത്തിലേക്ക് മടക്കണമെന്നാണ് വേദക്കാരിലധിക പേരും ആഗ്രഹിക്കുന്നത്. സത്യം അവര്‍ക്ക് തെളിഞ്ഞു കഴിഞ്ഞിട്ടും, സ്വന്തം മനസ്സിലെ അസൂയ നിമിത്തം അവര്‍ അങ്ങനെ കാംക്ഷിക്കുന്നു'' (2:109).
പ്രവാചകന്‍ പറഞ്ഞു: ''അസൂയയെ കരുതിയിരിക്കുക. അഗ്നി വിറകിനെ തിന്നുന്നത് പോലെ അസൂയ സല്‍ക്കര്‍മങ്ങളെ തിന്നും.''
അസൂയ സ്വയമേവ ഒരു പാപമാണെന്നതിന് പുറമെ അത് മറ്റു പാപങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അസൂയകൊണ്ടാണല്ലോ ആദമിന്റെ ഒരു പുത്രന്‍ മറ്റേ പുത്രനെ കൊല ചെയ്തത്. വേദം നല്‍കപ്പെട്ട ജനവിഭാഗങ്ങള്‍ മുഹമ്മദി(സ)ന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കാതിരുന്നതും അസൂയ നിമിത്തമായിരുന്നു. തങ്ങളുടെ ഏടുകളില്‍ വരുമെന്ന് പ്രവചിക്കപ്പെട്ട പ്രവാചകന്‍ ഇതു തന്നെ എന്നവര്‍ക്ക് മനസ്സിലാകാഞ്ഞിട്ടല്ല. അസൂയ രക്തം ചിന്തലിലേക്കും കടന്നാക്രമണത്തിലേക്കും കൊണ്ടെത്തിക്കും. അസൂയ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ കരുതുക, താന്‍ അസൂയപ്പെട്ടാല്‍ തന്റെ ഇരക്ക് അത് ദോഷമുണ്ടാക്കുമെന്നാണ്. യഥാര്‍ഥത്തില്‍ സകല ദോഷവുമുണ്ടാകുന്നത് അസൂയാലുവിന് മാത്രമാണ്, അസൂയക്ക് വിധേയനാകുന്നവനല്ല.
ഇമാം ഗസ്സാലി ഇഹ്‌യയില്‍ പറയുന്നു: ''അസൂയ ഹൃദയത്തിന്റെ രോഗങ്ങളിലൊന്നാണ്. മറ്റേത് രോഗങ്ങളെയും പോലെ ഈ രോഗത്തില്‍ നിന്നും നാം രക്ഷപ്പെടണം. എങ്കിലേ നമ്മുടെ ആത്മീയ ഹൃദയങ്ങളെ രോഗവിമുക്തമാക്കാന്‍ നമുക്ക് കഴിയൂ.'' രോഗത്തിന്റെ ചികിത്സക്ക് ആശയപരവും പ്രായോഗികവുമായ രണ്ട് രീതികളും നാം അവലംബിക്കണം. അസൂയ മനുഷ്യാത്മാവിന് ഏല്‍പിക്കുന്ന ഗുരുതരമായ ആഘാതങ്ങള്‍ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. വളരെ സൂക്ഷ്മമായി ഈ തിന്മയെ വിലയിരുത്താന്‍ സാധിക്കണം. ഈ തിന്മ ഉള്ളില്‍ കൊണ്ട് നടന്നതുകൊണ്ട് തനിക്ക് മാത്രമേ നഷ്ടമുണ്ടാകാനുള്ളൂ എന്ന തികഞ്ഞ ബോധ്യത്തിലേക്ക് നിങ്ങള്‍ക്ക് എത്താന്‍ കഴിയണം. ഇഹത്തിലും പരത്തിലും മഹാ നാശമാണ് കാത്തിരിക്കുന്നതെന്ന തിരിച്ചറിവും ഉണ്ടാവണം. ഒന്നാലോചിച്ചാല്‍ പോരേ, നാം അസൂയപ്പെട്ടതുകൊണ്ട് അല്ലാഹു ഒരാള്‍ക്ക് നല്‍കുന്ന അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകുമോ, അല്ലാഹു അങ്ങനെ ഇഛിച്ചാലല്ലാതെ? ഈയൊരൊറ്റ കാര്യം ആലോചിച്ചാല്‍ തന്നെ വിവേകമുള്ള ഏതൊരാളും അസൂയയോട് വിട ചൊല്ലും. പരലോകബോധമുള്ള ഒരാളെ സംബന്ധിച്ചാണെങ്കില്‍, അല്ലാഹുവിന്റെ കടുത്ത ക്രോധത്തിന് കാരണമാക്കുന്ന ഒരു വന്‍ പാപം എന്തിന് വെറുതെ മനസ്സില്‍ പേറി നടക്കുന്നു എന്ന് കാര്യഗൗരവത്തോടെ ആലോചിക്കില്ലേ?
മേല്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്ന ഏതൊരാളും തന്റെ തന്നെ ശത്രുവാണ് അസൂയ എന്ന് തിരിച്ചറിയാതിരിക്കില്ല. ഒരാള്‍ കല്ലെടുത്ത് ഒരു ഉന്നം നോക്കി എറിയുന്നു. കല്ല് ഉന്നത്തില്‍ കൊള്ളുന്നതിന് പകരം ശക്തിയോടെ തിരിച്ചുവന്ന് എറിഞ്ഞയാളിന്റെ തന്നെ വലത് കണ്ണില്‍ വന്നു കൊള്ളുന്നു. വലത് കണ്ണിന്റെ കാഴ്ച പോയി. ഇതയാളെ കൂടുതല്‍ കോപാകുലനും ക്രുദ്ധനുമാക്കുന്നു. കല്ലെടുത്ത് അയാള്‍ പൂര്‍വോപരി ശക്തിയോടെ വീണ്ടും എറിയുന്നു. കല്ല് മുമ്പത്തേതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുവന്ന് അയാളുടെ ഇടത് കണ്ണ് തകര്‍ക്കുന്നു. ഈ മണ്ടത്തരം കാണിക്കുന്ന ആളോട് ഉപമിക്കാം അസൂയക്കാരനെ.
രോഗത്തിന്റെ സ്വഭാവം ആഴത്തില്‍ അറിഞ്ഞതിന് ശേഷമുള്ള ചികിത്സയാണിത് (cognitive method of treatment). അതായത് അസൂയയുടെ അനിവാര്യ തിന്മകളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിന്റെ നിഷ്ഫലതയെക്കുറിച്ചും അത് സ്വന്തത്തിനും മറ്റുള്ളവര്‍ക്കും വരുത്തിവെക്കുന്ന പ്രയാസങ്ങളെക്കുറിച്ചും ഉള്ളറിവ് നേടി സ്വയം ആ തിന്മയില്‍ നിന്ന് പുറത്ത് കടക്കുക.
അസൂയയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ഒരു പ്രായോഗിക രീതിയും നിര്‍ദേശിക്കാം. അതായത് അസൂയ എന്ന വികാരം നമ്മില്‍ നിന്ന് എന്താണോ ആവശ്യപ്പെടുന്നത് അതിന് നേര്‍വിരുദ്ധമായ കാര്യം ചെയ്യുക. ഒരാളെക്കുറിച്ച് ദുഷിച്ച് പറയാനാണ് അസൂയ നമ്മെ പ്രേരിപ്പിക്കുന്നതെങ്കില്‍, ആ മനുഷ്യനെക്കുറിച്ച് നല്ലത് മാത്രം പറഞ്ഞുകൊണ്ടിരിക്കുക. ഒരാളുടെ മുമ്പില്‍ ധിക്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയും പെരുമാറാനാണ് അസൂയ നമ്മെ ദുര്‍ബോധനം ചെയ്യുന്നതെങ്കില്‍, ആ മനുഷ്യന്റെ മുമ്പില്‍ വളരെ വളരെ വിനയാന്വിതനായി പെരുമാറുക. അയാള്‍ക്ക് എന്തെങ്കിലും ആനുകൂല്യം നിഷേധിക്കണമെന്നാണ് അസൂയാ കലുഷിതമായ മനസ്സ് പറയുന്നതെങ്കില്‍, അയാള്‍ക്ക് കൂടുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നാം സ്വയം പരിശീലിക്കുക. അസൂയ ക്രമത്തില്‍ നമ്മുടെ മനസ്സില്‍ നിന്ന് അകന്നുപോകും.
Comments