Prabodhanm Weekly

Pages

Search

2011 ജൂണ്‍ 11

പ്രതിഛായ തകര്‍ത്ത് യു.പി.എ തിരിച്ചുവരവ് കൊതിച്ച് എന്‍.ഡി.എ

എ.ആര്‍

യു.പി.എ സര്‍ക്കാര്‍ ഭരണത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ ഒട്ടും മെച്ചപ്പെട്ടതല്ല പ്രതിഛായ. ഇതേ പ്രദര്‍ശനമാണ് തുടരുന്നതെങ്കില്‍ എന്‍.ഡി.എക്ക് ഒരവസരം കൂടി ലഭിക്കുകയാവും ഫലം. സംശുദ്ധിയുടെ കാര്യത്തില്‍ പോസിറ്റീവായി ഒന്നും അവകാശപ്പെടാന്‍ അവര്‍ക്കില്ലെങ്കിലും രണ്ട് തിന്മകള്‍ക്കിടയില്‍ ഒന്നിനെ തെരഞ്ഞെടുക്കാനുള്ള 'സൗഭാഗ്യ'മേ ഇന്ത്യന്‍ ജനതക്ക് വിധിച്ചിട്ടുള്ളൂ എന്നതുകൊണ്ട് പാഠം പഠിപ്പിക്കാനുള്ള വ്യഗ്രതയില്‍ മറ്റൊന്നും അവര്‍ ചിന്തിച്ചില്ലെന്ന് വരാം. മുസ്‌ലിം തീവ്രവാദവും മാവോയിസ്റ്റ് ഭീകരതയുമാണ് രാജ്യം നേരിടുന്ന മുഖ്യ ഭീഷണികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെന്ന വിലയിരുത്തലിന് മാറ്റം സംഭവിക്കുകയും അഴിമതി തല്‍സ്ഥാനം കൈയടക്കുകയും ചെയ്തതാണ് മന്‍മോഹന്‍ സര്‍ക്കാറിനെ തളര്‍ത്തിയിരിക്കുന്നത്. ഒന്നേ മുക്കാല്‍ ലക്ഷം കോടിയുടെ 2ജി സ്‌പെക്ട്രം വെട്ടിപ്പ്, 70000 കോടിയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് തിരിമറി, 30000 കോടിയുടെ ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി എന്നീ ആരോപണങ്ങളൊന്നും അടിസ്ഥാന രഹിതമല്ലെന്ന് ജനങ്ങള്‍ വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ നിലനില്‍ക്കെ, കല്‍ക്കരി മേഖലയില്‍ 85000 കോടിയുടെ അഴിമതി നടന്നെന്ന ബി.ജെ.പിയുടെ പുതിയ ആരോപണവും മുഖവിലക്കെടുക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയില്ല. പ്രമാദമായ ഈ അധികാര ദുര്‍വിനിയോഗത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം മുഖം കുത്തി വീണത് ശ്രദ്ധേയമായ ചൂണ്ടുപലകയാണ്. കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം പ്രതീക്ഷിച്ച യു.ഡി.എഫിന്റെ പ്രദര്‍ശനം തീരെ നിറം കെട്ടതും അതില്‍ തന്നെ കോണ്‍ഗ്രസിന്റേത് തിരിച്ചടിയോളം മോശമായതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പുതുച്ചേരിയിലും കോണ്‍ഗ്രസ് നിലം പരിശായി. പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അഭൂതപൂര്‍വമായ വിജയം യു.പി.എയുടെ നേട്ടമെന്നതിനേക്കാള്‍ 34 വര്‍ഷമായി അധികാരക്കുത്തക തുടര്‍ന്ന സി.പി.എമ്മിനെതിരെ ജനരോഷം അണപൊട്ടി ഒഴുകിയതിന്റെ പരിണതഫലമാണ്. ആസാമില്‍ മാത്രമാണ് ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ കോണ്‍ഗ്രസ്സിന് ആശ്വാസ വിജയം വരവില്‍ ചേര്‍ക്കാനായത്. ഈ സംസ്ഥാനങ്ങളിലൊന്നിലും ഏറെ കൊട്ടിഘോഷിക്കപ്പെട്ട രാഹുല്‍ ഫാക്ടര്‍ ഒരു ചലനവും സൃഷ്ടിച്ചില്ലെന്നതും ചിന്താര്‍ഹമാണ്. വ്യക്തിപ്രഭാവം ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാസ്മരിക സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് യുവ രാജകുമാരന്റെ ഗിമ്മിക്കുകള്‍ നിഷ്ഫലമായി ഭവിച്ചിരിക്കുന്നത്. അതിനിടെ കോണ്‍ഗ്രസിന് അഭിമാനകരമായ വിജയം നേടിക്കൊടുത്ത ആന്ധ്രയില്‍ വൈ.എസ്.ആറിന്റെ വിയോഗത്തിനു ശേഷം മകന്‍ ജഗന്‍ മോഹന്‍ ഉയര്‍ത്തുന്ന വെല്ലുവിളി കനത്തതാണ് എന്ന സന്ദേശമാണ് അദ്ദേഹവും മാതാവും ഉപതെരഞ്ഞെടുപ്പുകളില്‍ നേടിയ തകര്‍പ്പന്‍ വിജയം നല്‍കുന്നത്. കര്‍ണാടകയില്‍ അഴിമതിയില്‍ നീന്തിക്കുളിക്കുന്ന യദിയൂരപ്പ സര്‍ക്കാര്‍, പ്രതിപക്ഷ കക്ഷികളില്‍ നിന്ന് റാഞ്ചിയ എം.എല്‍.എമാരെ രാജിവെപ്പിച്ച് നടത്തിയ ഉപ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്-ജനതാദള്‍(എസ്) പാര്‍ട്ടികള്‍ ഭീമമായ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്.
ചുരുക്കത്തില്‍ ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി തകര്‍ച്ചയുടെ ഒരു ലക്ഷണവും കാണിക്കുന്നില്ലെന്നതോടൊപ്പം കോണ്‍ഗ്രസ് ഭരിക്കുന്ന ദല്‍ഹി, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, ആന്ധ്ര  സംസ്ഥാനങ്ങളില്‍ ഭരണകക്ഷിക്കനുകൂലമായ തരംഗമൊന്നും കാണാനില്ല. വിശിഷ്യാ, ദല്‍ഹിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ഗ്രാഫ് താഴോട്ടാണ്. ബീഹാറും ഒറീസയും പണ്ടേ പാര്‍ട്ടിയെ കൈവിട്ടു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് നവജീവന്‍ നല്‍കുന്നതില്‍ ബി.ജെ.പി വിജയിച്ചാല്‍ തമിഴ്‌നാട്ടിലെ ജയലളിതയും ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവും ബി.ജെ.പി പാളയത്തില്‍ ചേക്കേറുകയില്ലെന്നതിന് ഒരുറപ്പും ഇല്ല. എ.ഐ.ഡി.എം.കെ തലൈവി ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാന്‍ ക്ഷണം ലഭിച്ച ഏക മുഖ്യമന്ത്രി ഗുജറാത്തിലെ നരേന്ദ്രമോഡിയാണെന്നത് യാദൃഛികമാവില്ല. നോയ്ഡ കര്‍ഷക പ്രക്ഷോഭത്തെച്ചൊല്ലി കോണ്‍ഗ്രസ്സുമായി ഇടഞ്ഞുനില്‍ക്കുന്ന യു.പി മുഖ്യമന്ത്രി മായാവതി വീണ്ടും കാവിപാളയത്തില്‍ അഭയം തേടുന്നതും സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് വരാം.
കോണ്‍ഗ്രസ്സിന്റെയും കൂട്ടാളികളുടെയും ഗ്രാഫ് താഴുന്നത് യു.പി.എ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന മന്‍മോഹന്‍ സിംഗ്-ചിദംബരം-അഹ്‌ലുവാലിയ ടീമിന്റെ സാമ്രാജ്യത്വ ദാസ്യവും തദനുസൃത നയങ്ങളും കൊണ്ടാണെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ജനപക്ഷ വികസനം, പ്രാന്തവത്കൃത വിഭാഗങ്ങളുടെ ഉന്നമനം, അതിഭീമമായ സാമ്പത്തിക ധ്രുവീകരണം കുറച്ചുകൊണ്ടുവരാനുള്ള ഗൗരവമാര്‍ന്ന നടപടികള്‍, രാക്ഷസീയമായി വളര്‍ന്ന കള്ളപ്പണ സാമ്രാജ്യത്തിന്റെ കഴുത്തിന് പിടിക്കാനുള്ള കൈയൂക്ക്, സര്‍വസ്വം വിഴുങ്ങുന്ന അഴിമതി തളക്കാനുള്ള നിശ്ചയദാര്‍ഢ്യം, സ്വതന്ത്ര വിദേശനയം- ഇതൊന്നും അവകാശപ്പെടാനില്ലാത്ത ഒരു വിനീത വിധേയ കൂട്ടായ്മക്ക് ഇനിയൊരവസരം ഇന്ത്യന്‍ ജനത നല്‍കുമെങ്കില്‍ അത്, മതേതര ജനാധിപത്യത്തെ ഗളഛേദം ചെയ്യാന്‍ ഉദ്യുക്തമാവുന്ന കാവിപ്പടയുടെ രണ്ടാം അരങ്ങേറ്റത്തെക്കുറിച്ച ഭീതി അതിന്റെ പാരമ്യതയില്‍ എത്തിയാല്‍ മാത്രമായിരിക്കും. അത്രത്തോളം പ്രതിബദ്ധത സെക്യുലര്‍ ഡമോക്രസിയോട് ഇന്ത്യന്‍ സമൂഹത്തിനുണ്ടാവും എന്ന ശുഭ പ്രതീക്ഷ അതിര് കവിഞ്ഞതാണ്.
ഇവിടെയാണ് ഇടതുപക്ഷത്തിന്റെ തകര്‍ച്ച സൃഷ്ടിക്കുന്ന ആപത്കരമായ വിടവും പ്രത്യാഘാതവും രാജ്യം തിരിച്ചറിയേണ്ടിവരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ആരംഭിച്ച ഇടതുപക്ഷത്തിന്റെ പതനം ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പൂര്‍ണമാവുകയായിരുന്നു. ഇനിയൊരിക്കലും വലതുപക്ഷം തിരിച്ചുവരികയില്ലെന്നുറപ്പിച്ച പശ്ചിമ ബംഗാളില്‍ മൂന്നര പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണ കുത്തകയാണ് മമതാ ബാനര്‍ജി എന്ന തീപ്പൊരി നായികയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ത്തെറിഞ്ഞിരിക്കുന്നത്. വ്യവസ്ഥാപിതവും സുസംഘടിതവുമായ രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍ ഒരു വനിതക്ക് ചുറ്റും കറങ്ങുന്ന ആള്‍ക്കൂട്ടമാണ് ഈ പ്രാദേശിക പാര്‍ട്ടി. പക്ഷേ, സാധാരണ ജനങ്ങളുടെയും കര്‍ഷകരുടെയും ന്യൂനപക്ഷ സമുദായത്തിന്റെയും അധഃസ്ഥിത ആദിവാസി വര്‍ഗങ്ങളുടെയും നാഡിസ്പന്ദനങ്ങള്‍ ശരിക്കും മനസ്സിലാക്കി അവരുടെ ആവശ്യങ്ങളും വികാരങ്ങളും തനിക്കനുകൂലമാക്കാന്‍ കഴിഞ്ഞതാണ് മമതയുടെ വിജയ രഹസ്യം. ഈ കീഴാള വര്‍ഗമായിരുന്നു എക്കാലത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭൂമിക എന്നോര്‍ക്കണം. പക്ഷേ, ബൂര്‍ഷ്വാ രാഷ്ട്രീയവുമായും സാമ്പത്തിക നയങ്ങളുമായും ചെങ്കൊടി രാജിയാവുകയും മാറ്റം ഇടത് ഭരണത്തില്‍ തികച്ചും പ്രതിഫലിക്കുകയും ചെയ്തപ്പോള്‍ നിരാശരും ക്ഷുഭിതരുമായ അടിസ്ഥാന വര്‍ഗം മാറി ചിന്തിച്ചു. ബംഗാളിലെ അഭൂതപൂര്‍വമായ തിരിച്ചടി സി.പി.എമ്മിനെയും ഇതര ഇടതു പാര്‍ട്ടികളെയും ഞെട്ടിച്ചിട്ടുണ്ട്. അവര്‍ കുമ്പസരിക്കുകയും തിരുത്താനും വീണ്ടെടുക്കാനുമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഫലപ്രാപ്തി പക്ഷേ, ചോദ്യചിഹ്നമാണ്. എന്നാല്‍, കേരളത്തില്‍ അപ്രതീക്ഷിതമായ ആശ്വാസമാണ് ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സമ്മാനിച്ചിരിക്കുന്നത്. പ്രതീക്ഷിക്കപ്പെട്ട കനത്ത തിരിച്ചടിക്ക് പകരം വിജയത്തോളമെത്തിയ പരാജയത്തിന് അവര്‍ ഒന്നാമതായി കടപ്പെട്ടിരിക്കുന്നത് വി.എസ് അച്യുതാനന്ദന്റെ ഇടപെടലിനോടും കാമ്പയിനോടും തന്നെ. തൊട്ടു കാണിക്കാവുന്ന ഉദാഹരണങ്ങളുടെ പിന്‍ബലത്തില്‍ അഴിമതി വിരോധവും ധാര്‍മിക സംശുദ്ധിയും ആയുധമാക്കി വി.എസ് കാടിളക്കിയപ്പോള്‍ ജാതി സമുദായ സമവാക്യങ്ങള്‍ക്കതീതമായി ചിന്തിക്കുന്ന പ്രബുദ്ധ ഹൃദയങ്ങളെ അത് സ്പര്‍ശിച്ചു. കേവലം രണ്ട് സീറ്റുകളുടെ മികവില്‍ ഭരണം പിടിച്ചെടുത്ത യു.ഡി.എഫിന് ഒരു ശതമാനം വോട്ട് മാത്രമാണ് ഇടതുമുന്നണിയേക്കാള്‍ കൂടുതല്‍ നേടിയെടുക്കാനായത്. അതിനു തന്നെ മലപ്പുറം, കോട്ടയം ജില്ലകളിലെ മതന്യൂനപക്ഷ സമുദായങ്ങളുടെ ധ്രുവീകരണത്തോട് യു.ഡി.എഫ് കടപ്പെട്ടിരിക്കുന്നു. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തമിഴ്‌നാട്ടില്‍ ജയലളിതയോടൊപ്പം നിന്നതിനാല്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഒരല്‍പം സീറ്റുകള്‍ അധികം നേടാനായെങ്കിലും അത് സ്വന്തം ജനകീയാടിത്തറ വികസിച്ചതിന്റെ ലക്ഷണമായി എണ്ണിക്കൂടാ.
ദേശീയ കാഴ്ചപ്പാടില്‍ ഇന്ത്യയിലെ ഇടതുപക്ഷം വളരുകയല്ല, തളരുകയാണ് ചെയ്തിരിക്കുന്നത് എന്ന് ചുരുക്കം. ഇത് മറ്റാരേക്കാളും സന്തോഷിപ്പിക്കുക അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഇന്ത്യന്‍ ഫാഷിസത്തെയുമാണ്. ഇടതുപക്ഷം എക്കാലത്തും അവരുടെ കണ്ണിലെ കരടായിരുന്നല്ലോ. സ്വാഭാവികമായും ഇതേറ്റവും ദുഃഖിപ്പിക്കേണ്ടത് രാജ്യത്തെ സാമ്രാജ്യത്വവിരുദ്ധ മതേതര സമൂഹത്തെയും മതന്യൂനപക്ഷങ്ങളെയുമാണ്. പക്ഷേ, സ്വയംകൃതാനര്‍ഥങ്ങളാണ് ഇടതുപക്ഷത്തെ പതനത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലും, കൂടുതല്‍ ഉദാരവും ജനാധിപത്യവത്കൃതവുമായ ഒരു ലിബറല്‍ ഇടതുപക്ഷത്തിനല്ലാതെ, പഴയ സ്റ്റാലിനിസ്റ്റ് പാര്‍ട്ടിക്ക് ഇനി പുനര്‍ജന്മം സാധ്യമല്ലെന്ന തിരിച്ചറിവും ഇടതുപക്ഷാഭിമുഖ്യമുള്ള പൊതുസമൂഹത്തെയും ന്യൂനപക്ഷങ്ങളെയും ചിന്താകുലരാക്കുന്നുണ്ട്. പ്രാദേശിക മതേതര പാര്‍ട്ടികളെയും ഇടതുപക്ഷത്തെയും അണിനിരത്തി ഒരു മൂന്നാം ബദലിനെ ക്കുറിച്ച ചിന്ത ഇടക്കൊക്കെ ശക്തമാവാറുണ്ടെങ്കിലും വ്യക്തികളുടെ തന്‍പോരിമയും സങ്കുചിത താല്‍പര്യങ്ങളും സ്ഥാനമാനങ്ങള്‍ക്കായുള്ള വിലപേശലും മൂന്നാം മുന്നണിയെ ഇതുവരെ യാഥാര്‍ഥ്യമാക്കിയിട്ടില്ല.
അനിശ്ചിതവും ഭാവി ചോദ്യചിഹ്നവുമായ ഈ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അത്രയൊന്നും ആസൂത്രിതമോ സുചിന്തിതമോ അല്ലാത്ത അരങ്ങേറ്റത്തിന് വഴിയൊരുക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവയുടെ സ്വാധീനവും അതിനാല്‍ ഗണ്യമായിത്തീരുന്നു. മത നിരപേക്ഷ ജനാധിപത്യത്തിന്റെ അടിത്തറയില്‍, സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും ചൂഷണമുക്തിയും രാഷ്ട്രീയ സദാചാരവും ഉയര്‍ത്തിപ്പിടിക്കുന്ന, സാമ്രാജ്യത്വവിരുദ്ധവും ഫാഷിസ്റ്റ് വിരുദ്ധവുമായ ഒരു വിശാല രാഷ്ട്രീയ കൂട്ടായ്മയുടെ ആവശ്യകത മുമ്പെത്തേക്കാളും ബോധ്യപ്പെടുത്തുന്നതാണ് ചുരുക്കത്തില്‍ നിലവിലെ സാഹചര്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം