ഗസ്സ: ജീവിതവും മരണവും ആഘോഷമാക്കിയ ജനത
നിശ്ചയിച്ചതിലും ഒരാഴ്ചയോളം വൈകി ഞങ്ങള്‍ ഗസ്സയിലെത്തി. കഴിഞ്ഞ ഗസ്സ ആക്രമണത്തിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ 27-ന് അവിടെയെത്താനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. ഈജിപ്ഷ്യന്‍ സര്‍ക്കാറിന്റെ നിസ്സഹകരണം നിമിത്തം, പുതിയ വര്‍ഷം ജനുവരി 4-നാണ് ഞങ്ങള്‍ റഫ ബോര്‍ഡര്‍ കടന്നത്. അത്യുജ്വലമായിരുന്നു അവിടെ ഞങ്ങള്‍ക്ക് ലഭിച്ച സ്വീകരണം. ഹമാസ് സര്‍ക്കാറിന് വേണ്ടി ഡോ. അഹ്മദ് യൂസുഫ് ഞങ്ങളെ സ്വീകരിച്ചാനയിച്ചു. അര്‍ധരാത്രിക്കുശേഷം അതിര്‍ത്തിയിലെത്തുമ്പോള്‍ 50-ഓളം ചാനലുകള്‍ അവിടെ ഹാജരുണ്ടായിരുന്നു. നമ്മുടെ കാലത്തെ ഏറ്റവും വലിയ സ്വാതന്ത്ര്യപ്പോരാട്ടത്തോട് കണ്ണി ചേര്‍ന്നതിന്റെ ആഹ്ലാദമായിരുന്നു ഞങ്ങളുടെ സംഘാംഗങ്ങള്‍ക്ക്. ഏഷ്യയില്‍ നിന്ന് പ്രഥമ ഐക്യദാര്‍ഢ്യ സംഘത്തിന്റെ വരവില്‍ ഗസ്സ ജനതയും ഏറെ സന്തുഷ്ടരായിരുന്നു.
ഇസ്മാഈല്‍ ഹനിയ്യയുടെ കൂടെ
പിറ്റേന്ന് രാവിലെ തന്നെ മുന്‍ നിശ്ചയിച്ച പ്രകാരം വിവിധ പരിപാടികളില്‍ ഞങ്ങള്‍ സംബന്ധിച്ചു തുടങ്ങി. ഫലസ്ത്വീന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യയുടെ വീട്ടിലായിരുന്നു ആദ്യ പരിപാടി. വളരെ ഹൃദ്യമായ വിരുന്നാണ് അദ്ദേഹം നല്‍കിയത്. ഫലസ്ത്വീന്‍ തനത് ഭക്ഷണ സംസ്‌കാരത്തിന്റെ ഉത്തമ മാതൃകയായിരുന്നു ആ വിരുന്ന്. രണ്ട് പേര്‍ക്ക് ഉണ്ണാവുന്ന വലിയ തളികയില്‍ നാല് നിറങ്ങളില്‍ തയാറാക്കിയ അരിഭക്ഷണവും അതിനു മുകളില്‍ കലാപരമായി അടുക്കിവെച്ച മാംസവും, ഒരു മാസക്കാലമായി വിവിധ സ്ഥലങ്ങളില്‍ പലതരം ഭക്ഷണം കഴിച്ച ഞങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു. പരമ്പരാഗത രീതിയില്‍ വസ്ത്രമണിഞ്ഞ് വടി കുത്തിപ്പിടിച്ചൊരു കാരണവര്‍, ഓരോ തളികയുടെ മുമ്പിലുമെത്തി മാംസക്കഷ്ണങ്ങള്‍ സ്‌നേഹത്തോടെ ഞങ്ങളുടെ വായില്‍ വെച്ചുതന്നു. പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യയും ഞങ്ങളുടെ കൂടെ വീട്ടുമുറ്റത്തിരുന്നു ഭക്ഷണം കഴിച്ചു.
ഗസ്സ ജനതയുടെ വിമോചനവീര്യവും സമര്‍പ്പണവും ചൂടാറാതെ നിര്‍ത്തുന്നതില്‍ ഇസ്മാഈല്‍ ഹനിയ്യക്ക് അനല്‍പമായ പങ്കുണ്ട്. ശൈഖ് യാസീന്റെ സന്തത സഹചാരിയായിരുന്ന ഈ വിപ്ലവകാരി ഇസ്രയേലിന്റെ പ്രധാന നോട്ടപ്പുള്ളിയായിരുന്നു. അവരുടെ വധശ്രമങ്ങളില്‍ നിന്ന് ഒന്നിലധികം തവണ അദ്ദേഹം രക്ഷപ്പെടുകയാണുണ്ടായത്. ഗസ്സ മുനമ്പിലെ 'അല്‍ ശാത്വിഉ' അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച അദ്ദേഹം ജയിലില്‍ കഴിയുകയും പ്രവാസ ജീവിതം നയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. 2006-ലെ ഹമാസ് വിജയത്തിനു ശേഷം പ്രധാനമന്ത്രിയായി തുടരുന്ന അദ്ദേഹം ഗസ്സ നിവാസികളുടെ ആത്മീയ നേതാവ് കൂടിയാണ്. റമദാന്‍ മാസത്തില്‍ ഗസ്സയിലെ പ്രധാന പള്ളിയില്‍ അദ്ദേഹമായിരിക്കും ഇമാം. ആകര്‍ഷകമായ സംസാരവും വ്യക്തിത്വമുള്ള അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ഖുര്‍ആന്‍ പാരായണവും ആരെയും ആകര്‍ഷിക്കുന്നതാണ്. അല്ലാഹുവിന്റെ സച്ചരിതരായ അടിമകള്‍ക്ക് അല്ലാഹു അധികാരം നല്‍കുമെന്നര്‍ഥമുള്ള ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന ഇസ്മാഈല്‍ ഹനിയ്യയുടെ വീഡിയോ യൂട്യൂബ് ദൃശ്യങ്ങള്‍ പ്രസിദ്ധമാണ്.
കോഴിക്കോട്ട് ഞങ്ങള്‍ക്ക് നല്‍കിയ യാത്രയയപ്പില്‍ വെച്ച് ഞങ്ങളെ ഏല്‍പിച്ച ഫലസ്ത്വീനിലേക്കുള്ള ഉപഹാരം ഈ ലേഖകന്‍ പ്രധാനമന്ത്രിക്ക് കൈമാറുകയുണ്ടായി.
ഗസ്സയിലെത്തിയപ്പോള്‍, ഏഷ്യാ വന്‍കരയില്‍ നിന്ന് വന്ന ഞങ്ങളുടെ ഐക്യദാര്‍ഢ്യ സംഘം തീരെ ചെറുതാകുന്നതുപോലെയാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. പേരില്‍ മുനമ്പാണെങ്കിലും (മുനമ്പ്, ചീന്ത് എന്നിങ്ങനെയാണ് ഗസ്സ അറിയപ്പെടുന്നത്) പോരാട്ടത്തിന്റെ വലിയൊരു വന്‍കരയായി ഗസ്സ ഞങ്ങളെ അതിശയിപ്പിച്ചു. ആ വന്‍കരയുടെ മുമ്പില്‍ ഞങ്ങളുടെ ഐക്യദാര്‍ഢ്യവും സഹായവും ഒരു ചെറുകര മാത്രമായിത്തീരുന്നത് ഞങ്ങള്‍ നേരിട്ടനുഭവിച്ചറിഞ്ഞു. ദീനം പിടിച്ചവരും പരാതിപ്പെടുന്നവരുമായ ഒരു ജനതയെയല്ല ഞങ്ങളവിടെ കണ്ടത്. മറിച്ച് ആവേശഭരിതരും സക്രിയരുമായ ഒരു സമൂഹത്തെയാണ്. പരാതികളും പായ്യാരങ്ങളുമില്ലാത്ത ജനതയാണവര്‍. ഇല്ലായ്മകളെക്കുറിച്ചല്ല അവര്‍ സംസാരിക്കുന്നത്. ഇല്ലായ്മകളെ ആയുധമാക്കിയുള്ള ഒരു പോരാട്ട ജീവിതമാണ് അവര്‍ നയിക്കുന്നത്. ഇസ്മാഈല്‍ ഹനിയ്യയുടെ വീട്ടില്‍ വെച്ച് നടന്ന പരിപാടിയില്‍ ഹറകത്തുല്‍ ജിഹാദില്‍ ഇസ്‌ലാമിയുടെ നേതാവ് അല്‍ ഹിന്ദി പറഞ്ഞ വാക്കുകളില്‍നിന്ന് നമുക്കത് മനസ്സിലാകും.
''രണ്ട് വര്‍ഷം വൈദ്യുതിയില്ലാതെ ജീവിച്ചവരാണ് ഞങ്ങള്‍ ഗസ്സക്കാര്‍. ഇസ്രയേലികള്‍ക്ക് രണ്ട് മണിക്കൂര്‍ വൈദ്യുതിയില്ലാതെ കഴിയാനാകുമോ? ഇല്ല. ഒരിക്കലുമാവില്ല. അതുകൊണ്ട് ഞങ്ങള്‍ പറയുന്നു: അക്കാരണം കൊണ്ടുതന്നെ ഞങ്ങള്‍ക്കാകും അന്തിമ വിജയം. അവര്‍ തോല്‍ക്കുകതന്നെ ചെയ്യും.''
പ്രധാനമന്ത്രി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ പരിപാടിയില്‍ വെച്ച് അല്‍പനേരം വൈദ്യുതി നിലച്ചു. വൈദ്യുതിക്ക് തീ പിടിച്ച വിലയാണിവിടെ. സ്വന്തമായുള്ള ചില സംവിധാനങ്ങളിലൂടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി തീരെ തികയില്ല ഗസ്സക്കാര്‍ക്ക്. അതിനാല്‍ പതിന്മടങ്ങ് വില നല്‍കി ഇസ്രയേലില്‍ നിന്നോ ഈജിപ്തില്‍നിന്നോ വാങ്ങിക്കുകയാണവര്‍ ചെയ്യുന്നത്.
ഞങ്ങളിപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ചമ്മലോടെ പറയുന്ന യുവാക്കളെ കണ്ടതിന്റെ ഉള്‍ക്കിടിലം ഇതുവരെയും മാറിയിട്ടില്ല ഞങ്ങള്‍ക്ക്. കുടുംബങ്ങളില്‍ രക്തസാക്ഷികളായവരുടെ എണ്ണം പറയുന്നതില്‍ അഭിമാനിക്കുന്ന കൗമാരക്കാരെ ഗസ്സയിലെ തെരുവുകളില്‍ ഞങ്ങള്‍ കാണുകയുണ്ടായി. രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു പ്രത്യേക പരിപാടി തന്നെയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഈയടുത്ത് മിസൈലാക്രമണത്തില്‍ ഉമ്മയും അഞ്ചു മക്കളും കൊല്ലപ്പെട്ട ഒരു കുടുംബത്തിലേക്കാണ് ഞാന്‍ പോയിരുന്നത്. ആ വീട്ടില്‍ ഇപ്പോള്‍ ഉപ്പയും ഒരു മകനും മാത്രമേയുള്ളൂ. ഏതു നിമിഷവും വിമാനത്തില്‍ നിന്ന് വന്നു വീഴുന്ന ഒരു ബോംബോ ഇസ്രയേല്‍ അതിര്‍ത്തിയില്‍നിന്ന് തൊടുത്തുവിടുന്ന ഒരു മിസൈലോ നിങ്ങളുടെ കഥകഴിച്ചേക്കാം. ഇത്രയും ഭയാനകമായ അനിശ്ചിതത്വം ജീവിതങ്ങള്‍ക്കു മേല്‍ മുദ്ര ചാര്‍ത്തിയ ഒരു ദേശവും ചിലപ്പോള്‍ ഈ ഭൂമുഖത്തുണ്ടാവില്ല. കപ്പലില്‍ കുടുങ്ങിപ്പോയ ഞങ്ങളുടെ സഹോദരങ്ങളെ സ്വീകരിക്കാന്‍ റഫ ബോര്‍ഡറില്‍ പോയപ്പോള്‍ ഞങ്ങളും അനുഭവിച്ചു, ഒരു മിസൈലാക്രമണം. ഉഗ്ര ശബ്ദം കേട്ട് ഞങ്ങളെല്ലാവരും തറയില്‍ കുത്തിയിരുന്നുപോയി. അല്‍പസമയത്തിനു ശേഷം കണ്‍മിഴിച്ചു നോക്കുമ്പോള്‍, ഞങ്ങള്‍ മാത്രമേ ഇരുന്നിട്ടുള്ളൂ, ഫലസ്ത്വീനികളായ ഞങ്ങളുടെ സഹോദരങ്ങളൊക്കെ ഭാവഭേദമില്ലാതെ നില്‍ക്കുകയാണ്. ഞങ്ങളെ തട്ടി സമാധാനിപ്പിച്ച് അവര്‍ പറഞ്ഞു: ''ഇത് സാധാരണമാണ് ഗസ്സയില്‍. പ്രത്യേകിച്ചും റഫ ബോര്‍ഡറില്‍. ഒന്നോ രണ്ടോ പേരൊക്കെ രക്തസാക്ഷികളായിട്ടുണ്ടാകും. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ.'' നമുക്കുള്‍ക്കൊള്ളാനാകാത്ത ഈ അനിശ്ചിതത്വത്തിലും അവര്‍ ജീവിതത്തെ എത്ര മനോഹരമായാണ് ആഘോഷിക്കുന്നതെന്നത് പിടികിട്ടാത്ത സമസ്യയാണ്.
ജീവിതത്തില്‍ അവര്‍ ഒരു കുറവും വരുത്തുന്നില്ല. അവിടെ ആഘോഷങ്ങളുണ്ട്, ആഹ്ലാദമുണ്ട്, കളിയും പാട്ടും നൃത്തവും എല്ലാമുണ്ട്. മരണമേഘങ്ങളുടെ ചോരപ്പെയ്ത്തിനിടയിലും അവര്‍ ജീവിതം കുട നിവര്‍ത്തി മഴനൃത്തമാടുന്നു. തകരാത്ത ഒരു കെട്ടിടവും ഗസ്സയിലില്ല. മിനാരങ്ങളില്ലാത്ത പള്ളികളുടെ നഗരമാണ് ഗസ്സ. സര്‍വ പള്ളികളുടെയും മിനാരങ്ങള്‍ ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ പലപ്പോഴായി തകര്‍ന്നിട്ടുണ്ട്. പക്ഷേ, അവയൊക്കെയും പുതുക്കിപ്പണിയുന്നതിന്റെ അടയാളങ്ങള്‍ നമുക്കവിടെ കാണാം. വിട്ടുകൊടുക്കാനും വേണ്ടെന്നു വെക്കാനുമുള്ള മനസ്സിലാത്തതിനാല്‍ ഒടുങ്ങാത്ത മനോവീര്യത്തോടെ അവര്‍ സകലതും പുതുക്കിപ്പണിയുന്നുണ്ട്. ഇസ്രയേല്‍ അതിര്‍ത്തിയോടുടത്ത സ്ഥലങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. കെട്ടിടങ്ങള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത് ഇവിടങ്ങളിലാണ്. തകര്‍ന്നുപോയ കെട്ടിടാവശിഷ്ടങ്ങള്‍ റീ സൈക്ക്ള്‍ ചെയ്ത് പുതിയ കെട്ടിടങ്ങളുണ്ടാക്കുന്ന നാടന്‍ ഫാക്ടറികള്‍ ഞങ്ങളവിടെ കണ്ടു. ഒരു ബോര്‍ഡര്‍ വഴിയും കെട്ടിട നിര്‍മാണ സാമഗ്രികള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നില്ലെന്നു വന്നപ്പോള്‍ ഗസ്സക്കാര്‍ സ്വയംകണ്ടെത്തിയ അതിജീവനമാണിത്.
ഒരു മിനി സ്റ്റേഡിയത്തില്‍ ഞങ്ങള്‍ക്ക് നല്‍കിയ ഒരു സ്വീകരണ പരിപാടി ഓര്‍ത്തുപോവുകയാണ്. പാട്ടും കൊച്ചു കുട്ടികളുടെ ഡാന്‍സുമൊക്കെയായി ഒരു പരിപാടി എന്നതിനേക്കാള്‍, ആഘോഷമായിരുന്നു അവിടെ. ഓരോ വീട്ടില്‍ നിന്നും സ്ത്രീകള്‍ അവര്‍ പാകം ചെയ്ത വ്യത്യസ്ത ഭക്ഷണ വിഭവങ്ങളുമായാണ് വന്നിരിക്കുന്നത്. ഓരോ സ്ത്രീയും അവരുടെ വിഭവങ്ങള്‍ ഞങ്ങള്‍ക്ക് തരാന്‍ മത്സരിച്ചു. അവരുടെ ആരാധനയും പാട്ടും കളിയും ഒക്കെ അനിശ്ചിതമായ ജീവിതത്തിനു മുമ്പില്‍ നിന്നുള്ള സ്വാഭാവികമായ അതിജീവനതന്ത്രമായി ഞങ്ങള്‍ക്ക് തോന്നി.
മഹ്മൂദ് സഹ്ഹാറിന്റെ കൂടെ
ഗസ്സയുടെ മുന്‍ വിദേശകാര്യമന്ത്രിയും ഹമാസിന്റെ സ്ഥാപക നേതാക്കളിലാരാളുമാണ് മഹ്മൂദ് സഹ്ഹാര്‍. ഇസ്രയേല്‍ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റുകളുടെ ലിസ്റ്റില്‍ പെടുത്തിയിട്ടുള്ള ഭിഷഗ്വരനായ മഹ്മൂദ് സഹ്ഹാറിന്റെ കൂടെയുണ്ടായ നിമിഷങ്ങള്‍ വളരെ ഹൃദ്യമായിരുന്നു. വളരെ ആവേശകരമായി സംസാരിച്ച അദ്ദേഹം ഹമാസിന്റെ പ്രവര്‍ത്തനങ്ങളെയും ഇസ്രയേലിന്റെ കുടിലതകളെയും പറ്റി ഞങ്ങള്‍ക്ക് വിശദീകരിച്ചുതന്നു. 2003-ലെ ആക്രമണ സമയത്ത് ഇസ്രയേല്‍ യുദ്ധകാര്യ തലവന്‍, അതിന്റെ ലക്ഷ്യങ്ങളിലൊന്നായി പറഞ്ഞത്, മഹ്മൂദ് സഹ്ഹാറിന്റെ വീടുതകര്‍ത്ത് അവിടെ ഇസ്രയേലിന്റെ കൊടി നാട്ടുക എന്നതായിരുന്നു. ഞങ്ങളിരുന്ന അദ്ദേഹത്തിന്റെ വീടിന്റെ പൂമുഖത്തേക്ക് ശ്രദ്ധ ക്ഷണിച്ച് അദ്ദേഹം പറഞ്ഞു: ''എഫ് 16 വിമാനങ്ങള്‍ വെച്ച് ഇത്രയും ഭാഗം അവര്‍ തകര്‍ത്തു. എന്റെ മകന്‍ ഖാലിദിനെയും അവര്‍ കൊന്നു. പക്ഷേ, ഇസ്രയേലിന്റെ കൊടി സഹ്ഹാറിന്റെ വീട്ടിനു മുകളില്‍ പറത്താന്‍ അവര്‍ക്കായില്ല.'' ചുമരില്‍ തൂങ്ങിക്കിടക്കുന്ന രക്തസാക്ഷിയായ മകന്റെ ചിത്രം അദ്ദേഹം കാണിച്ചുതന്നു. ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡിലെ അംഗമായിരുന്നു അദ്ദേഹം. 2008-ല്‍ അദ്ദേഹത്തിന്റെ മറ്റൊരു മകനായ ഹുസാമിനെയും ഇസ്രയേല്‍ സൈനിക വിമാനങ്ങള്‍ കൊലപ്പെടുത്തുകയുണ്ടായി.
ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍
ഗസ്സക്കാരുടെ വിജ്ഞാനാഭിലാഷം സുവിദിതമാണ്. 90 ശതമാനം സാക്ഷരതയുള്ള അറബ് ലോകത്തെ ഏക ചീന്താണ് ഗസ്സ. അധിനിവേശത്തിനിടയിലും വിദ്യാഭ്യാസത്തിന് അവര്‍ നല്‍കുന്ന പ്രാധാന്യം പ്രത്യേകം പഠനമര്‍ഹിക്കുന്നു. 1978-ലാണ് ശൈഖ് അഹ്മദ് യാസീന്റെ നേതൃത്വത്തില്‍ ഗസ്സ യൂനിവേഴ്‌സിറ്റി സ്ഥാപിതമാകുന്നത്. അതിനു മുമ്പ് ഈജിപ്ഷ്യന്‍ തലസ്ഥാനമായ കയ്‌റോ ആയിരുന്നു ഗസ്സക്കാരുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രം. ഹമാസിന്റെ നിയന്ത്രണത്തില്‍ ഇന്നത് 20,000 വിദ്യാര്‍ഥികളും ധാരാളം ഫാക്കല്‍റ്റികളുമുള്ള വലിയൊരു കലാലയമാണ്. 2008 ഡിസംബറില്‍ ഇസ്രയേല്‍ നടത്തിയ ആറ് റൗണ്ട് വ്യോമാക്രമണത്തില്‍ പല കെട്ടിടങ്ങളും തകര്‍ന്ന നിലയിലാണ് ഇപ്പോള്‍ യൂനിവേഴ്‌സിറ്റിയുള്ളത്. യൂനിവേഴ്‌സിറ്റിയുടെ ലാബുകളില്‍ 'ഖസ്സാം' റോക്കറ്റുകള്‍ നിര്‍മിക്കുന്നുവെന്ന് വാദിച്ചാണ് ഇസ്രയേല്‍ ഈ ആക്രമണത്തിന് തുനിഞ്ഞത്. ഞങ്ങളെത്തുന്ന ദിവസം മുന്‍ യു.എസ് അറ്റോര്‍ണി ജനറല്‍ റംസി ക്ലര്‍ക്ക് ഗസ്സ യൂനിവേഴ്‌സിറ്റിയില്‍ പ്രഭാഷണത്തിന് എത്തിയിട്ടുണ്ടായിരുന്നു. ഗസ്സ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അദ്ദേഹം ഫലസ്ത്വീന്‍ ജനതയുടെ രാഷ്ട്രീയവും ധാര്‍മികവുമായ പ്രാതിനിധ്യം ഹമാസിനാണെന്ന് പ്രഖ്യാപിച്ചു.
ഗസ്സയിലെ ആശുപത്രികള്‍
നോര്‍ത്ത് ഗസ്സയിലെ അല്‍ശിഫ ആശുപത്രിയടക്കമുള്ള അഞ്ച് പ്രധാന ആശുപത്രികള്‍ ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. മിക്കതും പലപ്പോഴായി ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഭാഗികമായി തകര്‍ന്നവയാണ്. 2009-ലെ ആക്രമണത്തില്‍ മിക്ക ആശുപത്രികള്‍ക്ക് മുകളിലും ഇസ്രയേല്‍ ഫോസ്ഫറസ് ബോംബ് വീഴ്ത്തിയിട്ടുള്ളതാണ്. ജീവന്‍ രക്ഷാ മരുന്നുകളും മറ്റു സൗകര്യങ്ങളും ലഭ്യമല്ല എന്നതാണ് ഗസ്സ നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉപരോധം കാരണം ഗസ്സയില്‍ ലഭ്യമല്ല. ഇസ്രയേല്‍ അനുവദിക്കുന്ന ചിലയിനം മരുന്നുകള്‍ക്ക് മാത്രമേ ഗസ്സയിലേക്ക് പ്രവേശനം ലഭിക്കൂ. ഈ വര്‍ഷാദ്യത്തില്‍ തുര്‍ക്കിയിലെ ഐ.എച്ച്.എച്ച് എന്ന സംഘടന നടത്തിയ പഠനത്തില്‍ ഏതാണ്ട് രണ്ടര മാസത്തേക്കുള്ള മരുന്നുകള്‍ മാത്രമേ ഗസ്സയിലുള്ളൂ എന്നാണ് പറയുന്നത്. ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടാകുമ്പോള്‍ ഉള്ള ദുരന്തത്തേക്കാള്‍ ഭീകരമാണ് സാധാരണ രോഗികള്‍ മരുന്നില്ലാതെ അനുഭവിക്കുന്ന പ്രയാസങ്ങള്‍. പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത ഒന്നാണിത്. അതുകൊണ്ടുതന്നെയാണ് ഞങ്ങളുടെ സഹായ വസ്തുശേഖരത്തില്‍ മുഖ്യമായും മരുന്നുകള്‍ക്കും ആശുപത്രി ഉപകരണങ്ങള്‍ക്കും ഞങ്ങള്‍ സ്ഥാനം നല്‍കിയത്.
നാല്‍പത് കിലോമീറ്റര്‍ നീളവും ഏതാണ്ട് 10 കിലോമീറ്റര്‍ വീതിയുമുള്ള ചെറിയൊരു ചീന്തു ഭൂമിയില്‍ 15 ലക്ഷത്തോളം ജനങ്ങള്‍ കുടുങ്ങിയ അവസ്ഥയാണ് ഗസ്സയിലുള്ളത്. ഭക്ഷ്യ വിഭവങ്ങള്‍, പെട്രോള്‍, വൈദ്യുതി, നിര്‍മാണ സാമഗ്രികള്‍ എന്നിവയുടെ ദൗര്‍ലഭ്യം സാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കി. ഈ സാഹചര്യങ്ങള്‍ സൃഷടിച്ച തൊഴിലില്ലായ്മ നിമിത്തം ഗസ്സയിലെ അഞ്ചില്‍ നാലു പേരും അന്താരാഷ്ട്ര സഹായങ്ങളെ ആശ്രയിക്കേണ്ട ഗതിയിലെത്തിയിരിക്കുകയാണ്. മുമ്പ് 250ഓളം കി.മീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന സമുദ്ര തീരം ഏതാണ്ട് 20 കി.മീറ്ററോളമായി ചുരുങ്ങിയതിനാല്‍ പരമ്പരാഗതമായി മത്സ്യത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരെല്ലാം പട്ടിണിയായി.സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള ഏക വഴിയായ റഫ ബോര്‍ഡ് ഈജിപ്ത് കാലങ്ങളായി തുറക്കാറില്ല (ഇക്കഴിഞ്ഞ ശനിയാഴ്ച ഭാഗികമായി റഫാ ബോര്‍ഡര്‍ തുറക്കാന്‍ ഈജിപ്തിലെ സൈനിക ഭരണകൂടം തീരുമാനിക്കുകയുണ്ടായി). അവര്‍ക്ക് മുമ്പിലുള്ള ഏക മാര്‍ഗം ഗസ്സയില്‍നിന്ന് ഈജിപ്തിലേക്ക് അവര്‍ വെട്ടിയുണ്ടാക്കിയ രഹസ്യ ടണലുകളാണ്. ഇതിലൂടെ കടത്തിക്കൊണ്ടിരിക്കുന്ന വസ്തുക്കള്‍ക്കാകട്ടെ തീ പിടിച്ച വിലയാണുള്ളത്.
ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്‌നങ്ങളിലൊന്നായ ഗസ്സയെ തൊട്ടറിയുകയായിരുന്നു ആ ദിവസങ്ങളില്‍ ഞങ്ങള്‍. ജീവിക്കുക എന്നതുതന്നെ ഒരു പോരാട്ടമായി എടുക്കേണ്ടിവരുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്താനും ചെറിയ സഹായമെത്തിക്കാനും സാധിച്ചതില്‍ അതിയായ സന്തോഷത്തോടെയാണ് ഞങ്ങള്‍ ഗസ്സയോട് വിടപറഞ്ഞത്. ഗസ്സക്കാര്‍ക്ക് നല്‍കിയതിനേക്കാള്‍ അവിടെ നിന്ന് പലതും സ്വീകരിച്ചാണ് ഞങ്ങള്‍ റഫ ബോര്‍ഡര്‍ കടന്നത്. ആത്മാഭിമാനത്തിന്റെയും അധിനിവേശപ്പോരാട്ടത്തിന്റെയും ഉജ്ജ്വലമായ ജീവിത സാക്ഷ്യങ്ങള്‍, നമ്മുടെ ജീവിതങ്ങള്‍ക്കായി അവരില്‍നിന്ന് കൊളുത്തിയെടുത്താണ് ഞങ്ങള്‍ യാത്ര പറഞ്ഞത്. റഫ ബോര്‍ഡറില്‍ ഹമാസ് പോരാളികളും ഗസ്സ ഗവണ്‍മെന്റും ചെറുപ്പക്കാരും കുട്ടികളുമടങ്ങിയ ജനാവലിയും ഞങ്ങളെ കൈവീശിക്കാണിക്കുമ്പോള്‍ അവര്‍ പറയുന്നുണ്ടായിരുന്നു 'സനുലാഖി മിന്‍ ഖരീബ്' (അടുത്തുതന്നെ വീണ്ടും കാണാം).
ഈജിപ്തിന്റെ പീഡനം വീണ്ടും
മടക്കയാത്രയിലും ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അതിന്റെ തനിനിറം പുറത്തെടുത്തു. പഴകിയ രണ്ട് ബസ്സുകളാണ് ഞങ്ങളെ കയ്‌റോവിലെത്തിക്കാന്‍ ഏര്‍പാട് ചെയ്തിരുന്നത്. പാസ്‌പോര്‍ട്ടുകള്‍ പതിവുപോലെ നേരത്തെ വാങ്ങിവെച്ചിരുന്നു. 700 കി.മീറ്റര്‍ ദൂരം യാത്രയില്‍ ഇടക്ക് മൂത്രമൊഴിക്കാനോ ഭക്ഷണം കഴിക്കാനോ സമയം തരില്ലെന്ന് പോലീസുകാര്‍ പറയുന്നുണ്ടായിരുന്നു. അതിന്റെ പേരില്‍ ഞങ്ങള്‍ നടത്തിയ ശണ്ഠയും കലഹവും കാരണം ഇടക്കൊരിടത്ത് വണ്ടികള്‍ നിര്‍ത്തുകയുണ്ടായി. ഒരു ബസ്സില്‍ ഞാനും മറ്റേ ബസ്സില്‍ ഷഹിനുമാണ് കാര്യങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത്. സഹോദരന്‍ ഷഹിന്റെ ബസ് സൂയസിന്റെ അടുത്തെത്തിയപ്പോള്‍ അപകടത്തില്‍ പെട്ടു. ബസ്സിന്റെ പഴക്കം കൊണ്ട് അത് തകരുകയായിരുന്നു. കുറച്ച് പേര്‍ക്ക് പരിക്കു പറ്റി. പുതിയ ബസ് അനുവദിച്ച് ഞങ്ങളെ കയ്‌റോ എയര്‍പോര്‍ട്ടിലെത്തിക്കണമെന്ന സുഹൃത്തുക്കളുടെ അപേക്ഷ പോലീസുകാരും ഈജിപ്ത് അധികൃതരും ചെവികൊണ്ടില്ല. തല്‍ഫലമായി ഏറെ സമയം കൊടും തണുപ്പത്ത് അവര്‍ക്കിരിക്കേണ്ടിവന്നു. ഗത്യന്തരമില്ലാതായപ്പോള്‍ അവര്‍ റോഡില്‍ തീയിട്ട് ഗതാഗതം സ്തംഭിപ്പിക്കുകയും നിരന്നു കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു. പോലീസുമായി പല പ്രാവശ്യം സംഘര്‍ഷമുണ്ടായതിനു ശേഷമാണ് പുതിയ ബസ് അനുവദിച്ചുകൊണ്ട് ഉത്തരവുണ്ടായത്.അതേസമയം ഈ ലേഖകനുണ്ടായിരുന്ന ബസ് കയ്‌റോ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ വിചിത്രമായ അനുഭവമാണുണ്ടായത്. തോക്കേന്തിയ പട്ടാളക്കാരനാണ് ഞങ്ങളെ അവിടെ സ്വീകരിക്കാനുണ്ടായിരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരായ ഞങ്ങളെ എന്തിനാണ് ഇങ്ങനെ ആയുധം കാട്ടി സ്വീകരിക്കുന്നതെന്ന ചോദ്യത്തിന് നിങ്ങളുടെ സുരക്ഷക്കാണിതെല്ലാം എന്നായിരുന്നു മറുപടി. എയര്‍പോര്‍ട്ടിനകത്തു കയറിയ ഞങ്ങളോട് കുറ്റവാളികളോടെന്നവണ്ണമാണ് അധികൃതരും പോലീസുകാരും പെരുമാറിയത്. മൂത്രമൊഴിക്കാന്‍ പോലും അനുവദിക്കാതെ ഒരു മുറിക്കകത്ത് ഞങ്ങളെ ഒരുമിച്ചു കൂട്ടി. അഞ്ചുപേരുടെ സംഘങ്ങളാക്കി സായുധ പോലീസ് കാവലിലാണ്, പ്രതിഷേധങ്ങള്‍ക്കു ശേഷം പോലീസ് മൂത്രപ്പുരയിലേക്ക് കൊണ്ടുപോയത്. പിന്നീട് വിശ്രമിക്കാനനുവദിക്കാതെ വിവിധ പ്രൊസിജ്യറുകളുടെ പേര് പറഞ്ഞ് മണിക്കൂറുകളോളം ഞങ്ങളെ വിവിധ സ്ഥലങ്ങളിലേക്ക് നടത്തിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്തു. ഇതിനിടയില്‍ കുടിക്കാനോ കഴിക്കാനോ ഉള്ള ഒരേര്‍പ്പാടും അധികൃതര്‍ ചെയ്യുകയുണ്ടായില്ല. ഓരോരോ കാര്യത്തിനും പോലീസിനോട് ശണ്ഠ കൂടേണ്ട വന്നു. പത്തും പതിമൂന്നും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഞങ്ങളുടെ വിമാനങ്ങള്‍ എത്തുക എന്നതുകൂടി കൂട്ടത്തിലോര്‍ക്കുക. പ്രതിഷേധങ്ങള്‍ക്കു ശേഷം അവരവരുടെ ടെര്‍മിനലുകളില്‍ എത്തിക്കാം എന്നും പറഞ്ഞ്, അല്‍പം വിശ്രമിക്കാന്‍ ഇരുന്ന ഞങ്ങളെ എഴുന്നേല്‍പിച്ച് അവര്‍ കൊണ്ടുപോയി. ഈ ടെര്‍മിനിലില്‍ നിന്ന് അടുത്ത ടെര്‍മിനലിലേക്ക് പോകാനുള്ള വാഹനം ഇപ്പോള്‍ വരും എന്ന വാഗ്ദാനം അനന്തമായി നീണ്ടപ്പോള്‍ ഈ ലേഖകന്‍ എഴുന്നേറ്റ് ശക്തിയായി പ്രതിഷേധിച്ചു. അന്താരാഷ്ട്ര നിയമമനുസരിച്ച് കാരവന്‍ അംഗങ്ങള്‍ക്ക് നല്‍കേണ്ട ആതിഥ്യം തരാന്‍ തയാറില്ലാത്ത സ്ഥിതിക്ക് ഞങ്ങളെ കുറ്റവാളികളായി കരുതി ഞങ്ങളുടെ കൈകളില്‍ വിലങ്ങിടണമെന്ന് ആവശ്യപ്പെട്ടു. വിലങ്ങിടാതെ ഇനി മുന്നോട്ട് നടക്കില്ലെന്ന് ശഠിച്ച ഞങ്ങള്‍ കയ്‌റോ എയര്‍പോര്‍ട്ടിന്റെ ഒരു കവാടത്തില്‍ കുത്തിയിരുന്നു. വഴിമുടക്കി വാതില്‍ അടച്ചിട്ട് അതുവഴി വന്നവരെ തടഞ്ഞ ഞങ്ങള്‍ 'ഹുസ്‌നി മുബാറക് മുര്‍ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചു തുടങ്ങി. വിമാനത്താവള മേധാവിയെയും ഹുസ്‌നി മുബാറക്കിനെയും കാണണമെന്ന് ശഠിച്ച ഞങ്ങള്‍ പോലീസുകാരുടെ ഒരു അനുനയ ശ്രമങ്ങള്‍ക്കും വഴങ്ങിയില്ല. കാര്യങ്ങള്‍ വഷളാകുമെന്ന ഘട്ടമെത്തിയപ്പോള്‍ ഉന്നതാധികൃതര്‍ ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് പോകാനുള്ള വാഹനം ഏര്‍പാട് ചെയ്തു. പോലീസിന്റെ ആക്രമണമോ ജയിലിലടപ്പോ തീര്‍ച്ചയായും പ്രതീക്ഷിച്ചിരുന്ന ഞങ്ങള്‍ അതിന് തയാറായാണ് പോലീസുമായി ഏറ്റുമുട്ടിയത്. കയ്‌റോ എയര്‍പോര്‍ട്ടില്‍ ഹുസ്‌നി മുബാറക്കിനെതിരെ ഇംഗ്ലീഷിലും അറബിയിലും ഹിന്ദിയിലും ഞങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍, നാട്ടിലെത്തി ഏതാണ്ട് ഒരാഴ്ച കഴിയുമ്പോള്‍, അറംപറ്റിയതുപോലെ അക്ഷരം പ്രതി പുലരുന്ന കാഴ്ചയാണ് കണ്ടത്. ലോകത്തെ ഏറ്റവും വലിയ ഭീകര രാഷ്ട്രമായ ഇസ്രയേലിനെ വെല്ലുവിളിച്ച് ഫലസ്ത്വീന്‍ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യത്തിനായി നീട്ടിയ അതേ കൈകള്‍ കൊണ്ടുതന്നെ, പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഏകാധിപതിക്കെതിരെ മുദ്രാവാക്യം വിളിച്ചതും അതിന്റെ തുടര്‍ച്ചയെന്നോണം (അങ്ങനെ കരുതാനുള്ള അവകാശം അനുവദിക്കുക) ഈജിപ്തിലെ മര്‍ദക ഭരണകൂടം തകര്‍ന്നു വീഴുന്നത് കാണാന്‍ സാധിച്ചതും ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി ഈയുള്ളവന്‍ കരുതുന്നു.
(അവസാനിച്ചു)
[email protected]
Comments