Prabodhanm Weekly

Pages

Search

2011 ജൂണ്‍ 11

കുടുംബഭദ്രതയുടെ വഴികള്‍

ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പി

ഒരു മഹല്ല് എങ്ങനെയായിരിക്കണം, അതിന്റെ പ്രവര്‍ത്തനമേഖല എന്തൊക്കെയാണ്, കേവലം പള്ളി പരിപാലനം, മദ്‌റസാ പഠന സംവിധാനം ഇവയില്‍ മാത്രം മഹല്ലിനെ പരിമിതപ്പെടുത്തിയാല്‍ മതിയോ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നത് ഏറെ ഗുണകരമാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള മഹല്ലുകളെക്കുറിച്ച് ഒരു പഠനം നടത്തിയാല്‍ സങ്കടവും സഹതാപവും ഉണ്ടാവുക തീര്‍ച്ചയാണ്. ഒരു മഹല്ലിന്റെ സംവിധാനം എങ്ങനെയായിരിക്കണം, അതിന്റെ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണ് എന്നത് സാധാരണ മഹല്ല്‌വാസികള്‍ക്കോ അതിന്റെ ഉത്തരവാദിത്വമേറ്റെടുത്തവര്‍ക്കോ യഥാവിധി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. മഹല്ല് സംവിധാനത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കുടുംബം. ആരോഗ്യപരമായ കുടുംബസംവിധാനത്തില്‍ ഒരു മഹല്ലിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കും, ഏതൊക്കെ രീതിയില്‍ കുടുംബഭദ്രതക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന വിഷയം മഹല്ല് സംവിധാനത്തിന്റെ ഭാഗമാക്കി മാറ്റിയാല്‍ അത്ഭുതങ്ങള്‍ തന്നെ മഹല്ലിന് ചെയ്യാന്‍ സാധിക്കുമെന്നത് തീര്‍ച്ചയാണ്.
ഇന്ന് ഓരോ മഹല്ലിലും ഭാരവാഹികള്‍, ഖത്വീബ്, ഉസ്താദുമാര്‍ തുടങ്ങിയവരും വലിയ പള്ളിയും മദ്‌റസാ കെട്ടിടങ്ങളും എല്ലാമുണ്ട്. ഇത്രയൊക്കെ സംവിധാനങ്ങളുള്ള മഹല്ല് എന്ത് പ്രചോദനമാണ് നല്ല കുടുംബ സംവിധാനം കെട്ടിപ്പടുക്കാന്‍ ചെയ്യുന്നത്? ഒരു മഹല്ലിന്റെ പ്രവര്‍ത്തന മേഖല ഇത്രയും നിസ്സാരവും ശുഷ്‌കവുമായിക്കൂടാ. പുതിയ തലമുറയുടെ ജീവിതരീതിയും കുടുംബസംവിധാന കാഴ്ചപ്പാടും പാടെ മാറിക്കഴിഞ്ഞിരിക്കുന്നു. മതാചാരങ്ങളും ധാര്‍മികതയും നിഷ്ഠയും വെറും പാഴ്‌വേലയായിത്തീര്‍ന്നിരിക്കുന്നു. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ടെലിവിഷനും നമ്മുടെ കുടുംബ സംവിധാനത്തില്‍ വലിയ വിള്ളലുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പരസ്പര വിശ്വാസവും സത്യസന്ധതയും നീതിനിഷ്ഠയും കൈമോശം വന്നുകൊണ്ടിരിക്കുന്നു. ഇന്‍ര്‍നെറ്റും മൊബൈല്‍ ഫോണും കുട്ടികളെ മാത്രമല്ല തെറ്റായി സ്വാധീനിച്ചിരിക്കുന്നത്, മറിച്ച് കുടുംബത്തിലെ ഭൂരിപക്ഷം അംഗങ്ങളെയും ബാധിച്ച മഹാ വിപത്തായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിന്റെ അധാര്‍മിക ഉപയോഗം കാരണം ഏറെ കുടുംബങ്ങള്‍ തകരുന്ന അവസ്ഥ ഒരു എളിയ മനശ്ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ അടുത്തറിയാന്‍ സാധിച്ചിട്ടുണ്ട്. ഓരോ ദിവസവും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ട് മൂന്ന് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു.
ഉമ്മയുടെ അമിത ഫോണ്‍ വിളിയും സല്ലാപവും പത്താം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് വലിയ പ്രയാസമുണ്ടാക്കി. അതുകാരണം ഉമ്മയോട് അവള്‍ക്ക് വെറുപ്പും പുഛവും തോന്നി. ഉമ്മയുടെ വാക്കുകള്‍ക്ക് ഒരു പ്രാധാന്യവും നല്‍കാതായി. സ്‌കൂള്‍ പഠനത്തില്‍ മാത്രമല്ല, മതപഠനത്തിലും മിടുക്കിയായ നല്ലവളായ കുട്ടിക്ക് ദേഷ്യം, വാശി, അനുസരണക്കേട് എന്നിവ കൂടി കൂടി വന്നു. പലപ്പോഴായി ഉമ്മയുടെ ഇത്തരം സ്വഭാവ വൈകല്യത്തെ എതിര്‍ത്തു. പക്ഷേ, ഉമ്മയില്‍ ഒരു മാറ്റവും കണ്ടില്ലത്രെ. പിന്നീട് പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഉമ്മയില്‍ നിന്നും കിട്ടിയ പാഠവുമായി അവളും ഒരു സല്ലാപ കൂട്ടാളിയെ കണ്ടെത്തി.
ഇന്റര്‍നെറ്റിന് അടിമയായ ഉപ്പയുടെ സ്വഭാവ വൈകൃതത്തെപ്പറ്റി വ്യാകുലപ്പെടുന്ന ഭാര്യയും മകളും ഒരിക്കല്‍ എന്റെ ക്ലിനിക്കില്‍ വന്നത് ഓര്‍ക്കുന്നു. ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം കാരണം സ്വഭാവത്തില്‍ പോലും മാറ്റങ്ങളുണ്ടായതായും ഭാര്യയെയും മകളെയും തിരിച്ചറിയാതായ അന്ധതയിലേക്ക് അയാള്‍ എത്തിപ്പെട്ടതായും അവര്‍ സൂചിപ്പിച്ചു. ഞാന്‍ നട്ടുവളര്‍ത്തിയ വാഴയില്‍ നിന്ന് ഉണ്ടായ പഴം ഞാനാണ് ആദ്യം തിന്നേണ്ടതെന്ന മുടന്തന്‍ ന്യായവുമുണ്ട് ആ നികൃഷ്ട ജീവിക്ക്.
മകളുടെ കല്യാണം നിശ്ചയിച്ച് കല്യാണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉമ്മയുടെ മാനസിക സംഘര്‍ഷം വര്‍ധിച്ചു വര്‍ധിച്ചു വന്നു. ചെറുക്കന്‍ മദ്യപിക്കാറുണ്ടെന്ന വിവരം കിട്ടിയത് മുതലാണ് ഈ അവസ്ഥ. മതപരമായും ധാര്‍മികമായും നല്ല ജീവിതം നയിക്കുന്ന കുടുംബം. കുട്ടിയും അങ്ങനെ തന്നെ. പക്ഷേ, ഉപ്പയുടെ പ്രതികരണം അത്ഭുതമുളവാക്കുന്നതായിരുന്നു. ഈ കാലത്ത് സ്വല്‍പം മദ്യപിക്കുന്നത് വലിയ തെറ്റായി കാണരുത്. പുതിയ ചെറുപ്പക്കാര്‍ അധികവും മദ്യപിക്കും. അതുകൊണ്ട് കല്യാണം ഒഴിവാക്കാന്‍ പറ്റില്ല. മാത്രമല്ല, ഇവള്‍ക്ക് പിന്നെ എവിടുന്നാണ് ചെറുക്കനെ കണ്ടെത്തുക? നല്ല കുടുംബം, ചെറുക്കന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, കാണാന്‍ സുമുഖന്‍, നല്ല സാമ്പത്തിക നില, എല്ലാം ഒത്ത കുട്ടി. വെറുമൊരു നിസ്സാര കാര്യത്തിന് വാക്ക് മാറ്റാന്‍ എനിക്ക് പറ്റില്ല. നമസ്‌കാര തഴമ്പുള്ള ഉപ്പ എത്ര 'വിശാല മനസ്‌കന്‍!' ഇങ്ങനെ പോകുന്നു ഇന്നത്തെ തലമുറയുടെ കുടുംബവീക്ഷണം. ഈ അവസ്ഥയില്‍ വെറുമൊരു നോക്കുകുത്തിയായി മഹല്ല് സംവിധാനം നിലനില്‍ക്കുന്നത് ഉചിതമാണോ? ഇപ്പോഴെങ്കിലും മഹല്ല് നേതൃത്വങ്ങള്‍ കുടുംബത്തിന്റെ കാര്യത്തില്‍ കാര്യഗൗരവത്തില്‍ ചിന്തിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സംസ്‌കാരവും മതനിഷ്ഠയും നഷ്ടപ്പെട്ട് മുസ്‌ലിം ശവമായി കിടക്കുമ്പോള്‍ ഉദ്‌ബോധിപ്പിച്ചിട്ട് എന്തുകാര്യം? ഗൗരവമേറിയ ചിന്തക്ക് വിധേയമാകേണ്ട ഇത്തരം അവസ്ഥകള്‍ കണ്ടില്ലെന്ന് നടിച്ച് പള്ളി പരിപാലനവും അതിനു വേണ്ടിയുള്ള തന്ത്രങ്ങളും മാത്രം കൊണ്ടുനടക്കുന്നവര്‍ക്ക് ഒരുവേള തന്റെ കുടുംബവും കുടുംബക്കാരും ഇത്തരം ദുരവസ്ഥയില്‍ എത്തില്ലെന്ന് ചിന്തിക്കാതിരിക്കാന്‍ എങ്ങനെയാണ് കഴിയുക?

മാതൃകാ മഹല്ല്
ഒരു മാതൃകാ മഹല്ലില്‍ മര്‍മ പ്രധാനമായി വേണ്ടത് അതിനെ ക്രിയാത്മകമായി ചലിപ്പിക്കാന്‍ പറ്റുന്ന വ്യത്യസ്ത വീക്ഷണവും കഴിവുമുള്ള കമ്മിറ്റിയംഗങ്ങളും ഭാരവാഹികളും ഉണ്ടാവുക എന്നതാണ്.  പള്ളിയും മദ്‌റസയും പരിപാലിക്കാന്‍ മാത്രം കഴിവുള്ളവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം, അവരോടൊപ്പം തന്നെ വിദ്യാഭ്യാസ രംഗത്തും ആതുര ചികിത്സാ രംഗത്തും സാംസ്‌കാരിക രംഗത്തും പ്രവര്‍ത്തിക്കുന്ന മഹല്ല് വാസികളെയോ സമീപ മഹല്ലുകളിലെ വ്യക്തികളെയോ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാവുന്നത് വളരെ ഗുണകരമാകുമെന്ന് തീര്‍ച്ചയാണ്. സാധാരണ ഒരു മഹല്ലില്‍ കണ്ടുവരുന്ന രണ്ട് സബ് കമ്മിറ്റികളാണ് പള്ളി പരിപാലന കമ്മിറ്റിയും മദ്‌റസാ നടത്തിപ്പിനുള്ള കമ്മിറ്റിയും. ഇതിന് പുറമെ നിര്‍ബന്ധമായും ഉണ്ടാവേണ്ട രണ്ട് സബ് കമ്മിറ്റികളാണ് കുടുംബ പുനരുദ്ധാരണ കമ്മിറ്റി (Family Empowerment Committee) എന്നോ മറ്റു പേരിലോ അറിയപ്പെടുന്ന കുടുംബ കമ്മിറ്റിയും യുവാക്കളുടെ കൂട്ടായ്മയായ ഒരു യൂത്ത് വിംഗും. ഈ രണ്ട് കമ്മിറ്റികള്‍ക്കും വീണ്ടും ആവശ്യാനുസരണം സബ് കമ്മിറ്റികള്‍ രൂപീകരിക്കാവുന്നതാണ്. ഇത്തരം കമ്മിറ്റിയിലോ മറ്റോ സമാന വീക്ഷണമുള്ള മറ്റു സമുദായക്കാരെയും മതസ്ഥരെയും ഉള്‍പ്പെടുത്തുന്നത് ഗുണകരമാവും. കാരണം, ആ മഹല്ലില്‍ വസിക്കുന്ന മുസ്‌ലിം കുടുംബക്കാരെ മാത്രം മഹല്ല്‌വാസികളായി കാണാതെ അവിടെയുള്ള എല്ലാ മതസ്ഥരെയും അതിന്റെ ഭാഗമായി കാണുമ്പോഴാണ് ഒരു മഹല്ലിന്റെ സമഗ്ര വികസനം സാധ്യമാകുന്നത്. ഈ അര്‍ഥത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉദ്ദേശിക്കുന്ന നന്മ എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കുകയും അത് സാമൂഹിക നന്മയായി പരിണമിക്കുകയും അങ്ങനെ സാമുദായിക-മത സൗഹാര്‍ദങ്ങളുടെ കൂട്ടായ്മ രൂപപ്പെടുകയും ചെയ്യുന്നു. നേരെ മറിച്ച് ഒരു വിഭാഗത്തില്‍ മാത്രം ഇത്തരത്തിലുള്ള ട്രെയിനിംഗുകളും ക്ലാസ്സുകളും കൗണ്‍സിലിംഗുകളും ലഭിക്കുമ്പോള്‍ അത് ഒരു സമൂഹത്തിന്റെ അതല്ലെങ്കില്‍ പ്രദേശത്തിന്റെ (മഹല്ല്‌വാസികളുടെ) മൊത്തം വിജയമായി കാണാന്‍ സാധിക്കില്ല. മാത്രമല്ല, ഇത്തരം നന്മ നിലനിര്‍ത്തിപ്പോരുമ്പോള്‍ കുറച്ച് പ്രയാസങ്ങള്‍ അനുഭവിക്കേണ്ടതായിവരും. നന്മയേക്കാള്‍ തിന്മ പ്രചരിപ്പിക്കാനാണ് എളുപ്പവും സ്വീകാര്യവും. അങ്ങനെ വരുമ്പോള്‍ മറ്റുള്ളവരുടെ തിന്മയും പിടിപ്പുകേടുകളും അറിയാതെ പകര്‍ച്ചവ്യാധിപോലെ പകരുകയും കുടുംബത്തിന് വേണ്ടി ചെയ്തുവരുന്ന പരിപാടികള്‍ക്ക് കൊഴുപ്പ് കുറയുകയോ പ്രയോജനം നഷ്ടപ്പെടുകയോ സംഭവിക്കാനിടയുണ്ട്. ഇതുകൊണ്ടുതന്നെ ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നവര്‍ ഇത്തരത്തില്‍ പ്രയോഗവത്കരിക്കുമ്പോള്‍ അത് നാടിന് മൊത്തത്തിലും സമുദായത്തിന് പ്രത്യേകിച്ചും ഗുണം ലഭിക്കുന്നു. ഇത് മൂലമുണ്ടാവുന്ന നേട്ടവും വലുതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കുടുംബ പുനരുദ്ധാരണ കമ്മിറ്റി (FEP) ഇന്നു കാണുന്ന കുടുംബപരമായ എല്ലാ പ്രശ്‌നങ്ങളിലും ചര്‍ച്ചകളിലും സെമിനാറുകളും ക്ലാസ്സുകളും നിശ്ചിത സമയങ്ങളില്‍ നടത്താനും അതിനാവശ്യമായ തുടര്‍ പരിപാടി സംഘടിപ്പിക്കാനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കുട്ടികളെ വളര്‍ത്തുന്ന രീതി, കുടുംബ സംവിധാനം, കൗമാര പ്രായക്കാരോടുള്ള സമീപനം, ഭാര്യ ഭര്‍തൃബന്ധങ്ങള്‍, മാറിവരുന്ന സംസ്‌കാരത്തിന്റെ കൊള്ളരുതായ്മകളെ വെൡപ്പടുത്തുന്ന സെഷനുകള്‍, സാമ്പത്തികം, സാംസ്‌കാരികം, കുടുംബപ്രശ്‌നം, വിദ്യാഭ്യാസം തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങള്‍ കിട്ടാവുന്നതില്‍ പ്രഗത്ഭരെ ഉപയോഗപ്പെടുത്തി കൈകാര്യം ചെയ്യുകയും ഇതിലൂടെ ആരോഗ്യകരമായ ചര്‍ച്ചകള്‍ രൂപപ്പെടുത്താവുന്നതുമാണ്.
നമ്മുടെ സാമ്പത്തിക അഭിവൃദ്ധിയും ഇലക്‌ട്രോണിക് മീഡിയകളുടെ അതിപ്രസരവും പുതിയ തലമുറയെ ചെറിയ തോതിലൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. ജീവിതത്തിന്റെ വലിയ ഭാഗം ടെലിവിഷനും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമായി കഴിച്ചുകൂടുന്നു. അതുകൊണ്ടുതന്നെ സാമൂഹിക പ്രവര്‍ത്തനത്തിനോ കുടുംബ കൂട്ടായ്മക്കു വേണ്ടിയോ ഒന്നും ചെയ്യാന്‍ അവര്‍ക്ക് സമയമില്ലാതായിരിക്കുന്നു.
മദ്യവും മയക്കുമരുന്നും ഇന്ന് നാട്ടിന്‍ പുറങ്ങളില്‍ പോലും സുലഭമായി ലഭിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും മറ്റു ലഹരി പദാര്‍ഥങ്ങള്‍ക്കും അടിമകളാവുന്ന യുവാക്കള്‍ നാട്ടിന്‍ പുറങ്ങളിലും വര്‍ധിച്ചുവരുന്നു. ഇക്കൂട്ടര്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ശല്യക്കാരായി മാറുകയും പണത്തിന് വേണ്ടി എന്തു കടുംകൈയും ചെയ്യാന്‍ തയാറാകുന്നതും കാണാം. ഇത്തരക്കാരെ കണ്ടില്ലെന്ന് നടിച്ച് അല്ലെങ്കില്‍ ഇവറ്റകള്‍ എങ്ങനെയും ആയിക്കൊള്ളട്ടെ എന്ന് ശപിച്ച് തീരെ ഗൗനിക്കാതെ നാം പള്ളിയും മദ്‌റസയും മാത്രം സംരക്ഷിച്ചു നടന്നാല്‍ മതിയോ? അവരെയും മഹല്ലിന്റെ ഭാഗമാക്കി മാറ്റാന്‍ സാധിക്കണം. അതിനു വേണ്ടിയുള്ള ബോധവത്കരണവും സെമിനാറുകളും ചര്‍ച്ചകളും ക്ലാസ്സുകളും അനിവാര്യമാണ്. അതിന് ഇത്തരം ആളുകളെ പരിഗണിച്ച് ഒരു സബ് കമ്മിറ്റി രൂപവത്കരിക്കുന്നത് ഏറെ ഗുണകരമായിത്തീരും.
മാറിവരുന്ന ജീവിതരീതിയും സംസ്‌കാരവും നമ്മെ മൊത്തത്തില്‍ ഉത്കണ്ഠാകുലരാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. കുടുംബമെന്നാല്‍ ഭര്‍ത്താവ്, ഭാര്യ, ഒന്നോ രണ്ടോ മക്കള്‍ എന്ന ചുരുങ്ങിയ സംവിധാനമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ അന്യരാവുക സര്‍വ സാധാരണം. ഇങ്ങനെ വരുമ്പോള്‍ സ്വാര്‍ഥതയും അസൂയയും കുശുമ്പും സമൂഹത്തില്‍ സ്ഥാനം പിടിക്കുന്നു. ഇതിനാല്‍ തന്നെ കുടുംബസമാധാനവും സന്തോഷവും നമുക്ക് കൈമോശം വന്നു കഴിഞ്ഞിരിക്കുന്നു. മറ്റുള്ളവര്‍ക്കുണ്ടാവുന്ന സാമ്പത്തിക-സാംസ്‌കാരിക-വിദ്യാഭ്യാസ പുരോഗതി അഥവാ നേട്ടം കണ്ട് സഹിക്കാന്‍ പറ്റാത്തവരായി മാറിയവര്‍ ദുഃഖിതരും പ്രതികാരവാഞ്ഛയുള്ളവരും കുറ്റം കണ്ടെത്തുന്നവരുമായി രൂപാന്തരപ്പെടുന്നു. അവരോടൊപ്പം എത്താനോ അവരേക്കാള്‍ കേമരാകാനോ ഉള്ള അനാരോഗ്യ മത്സരം മറു ഭാഗത്ത്. മറ്റുള്ളവര്‍ ചെയ്യുന്ന ധൂര്‍ത്തും ദുര്‍വ്യയവും അനുകരിക്കാനും അതിലും കേമനാണെന്ന് നാട്ടുകാരെ കൊണ്ടും വീട്ടുകാരെക്കൊണ്ടും കുടുംബക്കാരെക്കൊണ്ടും പറയിക്കുക എന്ന വലിയ ദൗത്യം ഏറ്റെടുത്തു നടത്തുന്നു മറ്റു ചിലര്‍. പണക്കാരുടെ കല്യാണവും അതുമായി ബന്ധപ്പെട്ട സല്‍ക്കാരവും പൊടിപൂരമായി ആഘോഷിക്കുമ്പോള്‍ മഹല്ലിലെ സാധാരണക്കാരനും അത്തരത്തില്‍ മക്കളുടെ കല്യാണം കേമമായി നടത്താന്‍ ആഗ്രഹിക്കുകയും ഉള്ള ധനം വിറ്റും കടംവാങ്ങിയും ലോണെടുത്തും ആഗ്രഹം സഫലീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത് കണ്ട് പാവപ്പെട്ടവന്‍ നെടുവീര്‍പ്പിടുന്നു. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന ധൂര്‍ത്തും ദുര്‍വ്യയവും സമൂഹത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നു മാത്രമല്ല, പല കുടുംബങ്ങളും താറുമാറായിപോയ കഥ നമുക്കറിയാം. ആത്മഹത്യയിലൂടെ ഇതിനൊക്കെ പ്രതിവിധി കാണുന്നവരും ഇപ്പോള്‍ കുറവല്ല. ഇത്തരം സാഹചര്യത്തില്‍ ഇതിനെതിരെ ബോധവത്കരണത്തോടൊപ്പം തന്നെ മഹല്ല് തലത്തില്‍ ഒരു കൗണ്‍സലിംഗ് സെന്റര്‍ സ്ഥാപിക്കുന്നത് അഭികാമ്യമമാണ്. കാര്യങ്ങള്‍ അതിന്റേതായ ഗൗരവത്തില്‍ ചിന്തിച്ച് അതനുസരിച്ച് ജീവിക്കുന്ന തലമുറയെ വാര്‍ത്തെടുക്കാന്‍ ഇത് ഏറെ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കാം. ഇതിന് ഒരു പ്രത്യേക കൗണ്‍സിലറെ നിശ്ചയിക്കേണ്ടതില്ല. മഹല്ല് ഖത്വീബോ മറ്റു ഉസ്താദുമാരോ ഒരു കൗണ്‍സിലറായി ഉയര്‍ന്നു നിന്നാല്‍ മതി. അതിനു വേണ്ട അറിവും പഠനവും നടത്താനുള്ള സംവിധാനം മഹല്ല് കമ്മിറ്റിയും സാംസ്‌കാരിക സംഘടനകളും ഏറ്റെടുക്കുന്നതാണ് ഉത്തമം. ഭാവിതലമുറക്കുള്ള പഠനത്തില്‍ കൗണ്‍സലിംഗിനെപ്പറ്റിയും പഠിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കുന്നത് ഗുണകരമായിരിക്കും. അങ്ങനെ വരുമ്പോള്‍ മഹല്ലിലുള്ള നിസ്സാരമായ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും ഒരാശ്വാസം മഹല്ലില്‍നിന്ന് തന്നെ കിട്ടുകയും ആരോഗ്യകരമായ പെരുമാറ്റ രീതിയും സ്വഭാവ രൂപീകരണവും എളുപ്പം സാധ്യമാവുകയും ചെയ്യുന്നു. നിസ്സാര പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള കഴിവ് പലപ്പോഴും പുതിയ തലമുറക്ക് സാധിക്കുന്നില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ധാര്‍മിക ചിട്ടയുള്ള ഒരു കൗണ്‍സലിംഗ് സെന്ററിന് ജീവിതത്തില്‍ പുതുവെളിച്ചം പകര്‍ന്നുനല്‍കാന്‍ സാധിക്കുമെന്ന് തീര്‍ച്ചയാണ്.
(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖകന്‍) 9447071689

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം