Prabodhanm Weekly

Pages

Search

2011 ജൂണ്‍ 11

പുതിയ മതപരിത്യാഗങ്ങള്‍

സമീര്‍ വടുതല

''ഒരു സമൂഹത്തോട് സദൃശനായവന്‍ അവരില്‍ പെട്ടു''- നബി മൊഴി

സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി ചൂണ്ടിക്കാണിച്ച പോലെ, മതപരിത്യാഗം കഴിഞ്ഞുപോയ ഒരു വിഷയമല്ല. ഇന്നും നിലനില്‍ക്കുന്ന വിഷയമാണ്. ഒരുപക്ഷേ, എന്നും നേരിടേണ്ടിവരുന്ന പ്രശ്‌നമാണ്. അതുകൊണ്ടായിരിക്കണം ഖുര്‍ആന്‍ കാലഭേദങ്ങളില്ലാത്ത സ്വരത്തില്‍ ഈ വിപത്തിനെപ്പറ്റി സംസാരിച്ചത്. മുസ്‌ലിം സമാജത്തില്‍ ഏത് ചരിത്രഘട്ടത്തിലും മതപരിത്യാഗ പ്രതിഭാസം പ്രത്യക്ഷപ്പെടാമെന്നും അപ്പോള്‍ പുലരുന്ന ദൈവിക നടപടി ഇന്നതായിരിക്കുമെന്നും ഖുര്‍ആന്‍ കൃത്യതയോടെ വ്യക്തമാക്കിയിട്ടുണ്ട്. ''വിശ്വസിച്ചവരേ, നിങ്ങളിലാരെങ്കിലും തന്റെ മതമുപേക്ഷിച്ച് പോകുന്നുവെങ്കില്‍, അല്ലാഹു മറ്റൊരു ജനവിഭാഗത്തെ പകരം കൊണ്ടുവരും. അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ. അവര്‍ വിശ്വാസികളോട് വിനയവും സത്യനിഷേധികളോട് പ്രതാപവും കാണിക്കുന്നവരായിരിക്കും. ദൈവപാതയില്‍ സമരം നടത്തുന്നവരും ആരുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും...'' (അല്‍മാഇദ 54).
ഇന്നലെ ഇസ്‌ലാം അബൂബക്കര്‍മാരിലൂടെ ഈ പ്രതിസന്ധിയെ അതിജീവിച്ചു. ഇന്ന് അബൂബക്കര്‍മാരില്ല (ഖിലാഫത്തില്ല). എന്നാല്‍ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുണ്ട്. കുതിച്ചും കിതച്ചും എണീറ്റ് നടന്നും  മുന്നോട്ട് തന്നെ പോകുന്ന ഈ മുന്നേറ്റങ്ങളോടാണ് ഇന്നത്തെ ലോകത്തിന്റെ പ്രത്യാശകള്‍ ബന്ധപ്പെട്ട് കിടക്കുന്നത്.
ചരിത്രം
''പ്രവാചകന്‍(സ) മരിക്കുന്നതിന് മുമ്പ് തന്നെ മൂന്ന് മതപരിത്യാഗ ഗ്രൂപ്പുകള്‍ രംഗത്ത് വന്നിരുന്നു. യമനിലെ മുദ്‌ലിജ് ഗോത്രത്തിലെ ഒരു വിഭാഗമായിരുന്നു അതിലൊന്ന്. താനും ഒരു പ്രവാചകനാണെന്ന് വാദിച്ച അസ്‌വദുല്‍ അനസിയായിരുന്നു അവരുടെ നേതാവ്. അനുയായികള്‍ അയാളെ തങ്ങളുടെ പ്രവാചകനും ഭരണാധികാരിയുമായി അംഗീകരിച്ചു. നബി(സ) നിശ്ചയിച്ച ഉദ്യോഗസ്ഥരെ സ്വന്തം പ്രദേശങ്ങളില്‍ നിന്ന് പുറന്തള്ളിക്കൊണ്ട് സ്വയംഭരണം പ്രഖ്യാപിക്കുകയും ചെയ്തു. അക്കാലത്ത് മുആദുബ്‌നു ജബലായിരുന്നു യമനിലെ ഗവര്‍ണര്‍. മുദ്‌ലിജ് ഗോത്രം കലാപത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അവരെ ഇതര യമനീ ഗോത്രങ്ങളുടെ സഹായത്തോടെ നേരിടാന്‍ നബി(സ) അദ്ദേഹത്തോട് നിര്‍ദേശിച്ചു. അങ്ങനെ മുആദുബ്‌നു ജബലിന്റെ നേതൃത്വത്തില്‍ മറ്റു യമനീ ഗോത്രങ്ങള്‍ തന്നെ ബനൂ മുദ്‌ലിജിന്റെ കലാപം അമര്‍ച്ച ചെയ്തു. ദൈലം ഗോത്രത്തിന്റെ തലവനായ ഫൈറൂസ് എന്ന പ്രമുഖന്‍ അസ്‌വദുല്‍ അനസിയെ വധിച്ചു. യമാമയിലെ ബനൂ ഹനീഫയാണ് പ്രവാചക കാലത്ത് പ്രതിവിപ്ലവത്തിന് ഒരുമ്പെട്ട മറ്റൊരു ഗോത്രം. മുസൈലമതുബ്‌നു ഹബീബായിരുന്നു ഇവരുടെ നേതാവ്. തന്നെയും പ്രവാചകനായി അംഗീകരിക്കണമെന്നും പ്രവാചകത്വവും രാജ്യവും മുഹമ്മദ് നബി തനിക്ക് പങ്കുവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇയാള്‍ നബിക്ക് കത്തെഴുതി. അയാളുടെ പ്രവാചകത്വവാദം കള്ളമാണെന്നും രാജ്യം അല്ലാഹുവിന്റേതാണെന്നും അവനുദ്ദേശിക്കുന്നവരെ അതിന്റെ അവകാശികളാക്കുമെന്നും സന്മാര്‍ഗം പിന്തുടര്‍ന്നവര്‍ക്ക് സമാധാനവും ദൈവഭക്തന്മാര്‍ക്ക് ശുഭപര്യവസാനമുണ്ടായിരിക്കുമെന്നും പ്രവാചകന്‍ മറുപടി അയച്ചു. ഹിജ്‌റ പത്താമാണ്ടിലായിരുന്നു ഇത്. പ്രവാചകന് ശേഷം അബൂബക്കര്‍ ഖിലാഫത്ത് ഏറ്റെടുത്തപ്പോള്‍ മുസൈലിമയും സംഘവും ഇസ്‌ലാമിക ഭരണകൂടത്തിന് സകാത്ത് നല്‍കുകയില്ലെന്ന് പ്രഖ്യാപിച്ചു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഖലീഫ അവര്‍ക്കെതിരെ ഒരു സൈന്യത്തെ നിയോഗിച്ചു. സൈനിക നടപടിക്കിടയില്‍ മുസൈലിമയും വധിക്കപ്പെട്ടു.... പ്രവാചകത്വം വാദിച്ച തുലൈഹത്ബ്‌നു ഖുവൈലിദും അദ്ദേഹത്തിന്റെ ശിഷ്യന്മാരുമായിരുന്നു പ്രവാചകകാലത്ത് പ്രത്യക്ഷപ്പെട്ട മറ്റൊരു സംഘം. സംഭാഷണങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അബൂബക്കര്‍(റ) ഇവര്‍ക്കെതിരെ ഖാലിദുബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ സൈന്യത്തെ അയച്ചു. അതിനെ തുടര്‍ന്ന് തുലൈഹ ശാമിലേക്ക് പലായനം ചെയ്തു. പിന്നീടദ്ദേഹം പ്രവാചകത്വവാദമുപേക്ഷിച്ച് ഇസ്‌ലാമിലേക്ക് തിരിച്ചുവരികയായിരുന്നു.
ഖലീഫ അബൂബക്കറിന്റെ കാലത്ത് ഏഴു മതപരിത്യാഗ സംഘങ്ങള്‍ കൂടി പ്രത്യക്ഷപ്പെടുകയുണ്ടായി. ഒന്ന്, ഉയയ്‌നത്ത്ബ്‌നു ഹുസൈന്റെ ഫസാറ ഗോത്രം. രണ്ട്, ഖുര്‍റതുബ്‌നു സലമതുല്‍ ഖുശൈരിയുടെ ഗത്ഫാന്‍ ഗോത്രം. മൂന്ന്, ഫജാഅതുബ്‌നു അബ്ദിയാ ലൈലിന്റെ സുലൈം ഗോത്രം. നാല്, മാലിക്ബ്‌നു വൈറതിന്റെ യര്‍ബൂഅ് ഗോത്രം. അഞ്ച്, പ്രവാചകത്വം വാദിച്ച സജാഹ്ബിന്‍തുല്‍ മുന്‍ദിര്‍ എന്ന മന്ത്രവാദിനിയുടെ നേതൃത്വത്തില്‍ തമീം ഗോത്രത്തിലെ ഒരു വിഭാഗം (ഇവര്‍ മുസൈലിമയുമായി സ്വയംവരം നടത്തിയിരുന്നു. പില്‍ക്കാലത്ത് പശ്ചാത്തപിച്ച് ഇസ്‌ലാമിലേക്ക് തിരിച്ചുവരികയുണ്ടായി). ആറ്, അശ്അസ്ബ്‌നു ഖൈസിന്റെ കിന്‍ദ ഗോത്രം. ഏഴ്, ബഹ്‌റൈനിലെ ഹുത്വമ്ബ്‌നു സൈദിന്റെ ബക്‌റുബ്‌നു വാഇല്‍ ഗോത്രം. ഈ വിഭാഗങ്ങളെല്ലാം അബൂബക്കറി(റ)ന്റെ കാലത്ത് തന്നെ നാമാവശേഷമാവുകയായിരുന്നു. രണ്ടാം ഖലീഫ ഉമറിന്റെ കാലത്തും ഒരു മുര്‍തദ്ദ് ഗ്രൂപ്പ് രംഗത്തുവരികയുണ്ടായി. ജബലതുബ്‌നുല്‍ ഐഹമിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഗസ്സാനികള്‍. ജബല ശാമില്‍ ചെന്ന് ക്രിസ്തുമതത്തില്‍ ചേര്‍ന്ന് ക്രൈസ്തവ പുരോഹിതന്മാരുടെ സംരക്ഷണം നേടി. മരണം വരെ ആ അവസ്ഥ തുടര്‍ന്നുവെന്നും അതല്ല, കുറച്ചു നാളുകള്‍ക്ക് ശേഷം ജബല, പശ്ചാത്തപിച്ച് ഇസ്‌ലാമിലേക്ക് മടങ്ങിയെന്നും വ്യത്യസ്തമായ റിപ്പോര്‍ട്ടുകളുണ്ട്.
ഈ വിഭാഗങ്ങളുടെയെല്ലാം ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഇവരില്‍ മിക്ക വിഭാഗങ്ങളും ഇസ്‌ലാം സമ്പൂര്‍ണമായി ഉപേക്ഷിച്ചവരായിരുന്നില്ല. മുഹമ്മദ് നബി(സ)യുടെ അന്ത്യപ്രവാചകത്വത്തെ മാത്രം നിഷേധിക്കുകയും സ്വയം പ്രവാചകന്മാരാണെന്ന് അവകാശപ്പെടുകയുമായിരുന്നു ചിലരുടെ 'രിദ്ദത്ത്.' സകാത്ത് പോലുള്ള ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭത്തെ നിഷേധിക്കുകയായിരുന്നു ചിലര്‍ ചെയ്തത്. ശരീഅത്ത് അനുസരിക്കാനുള്ള വിസമ്മതമായിരുന്നു ചിലരുടേതെങ്കില്‍, മറ്റു ചിലരുടേത് ഇസ്‌ലാമിക രാഷ്ട്രത്തിനെതിരെ ഉയര്‍ത്തിയ വിഘടനവാദമായിരുന്നു. മുസ്‌ലിംകളായി അറിയപ്പെടാനും ഇസ്‌ലാമിന്റെ ഇതര സിദ്ധാന്തങ്ങളും ശാസനകളും അംഗീകരിക്കാനും അവര്‍ തയാറായിരുന്നു (ഖുര്‍ആന്‍ ബോധനം, ഭാഗം 3 പേജ് 484,485).
പില്‍ക്കാലത്ത്, മുസ്‌ലിം സ്‌പെയിനിന്റെ പതനത്തോടെ സംഭവിച്ച ചലനങ്ങളും പടിഞ്ഞാറന്‍ കോളനികളില്‍ ക്രിസ്ത്യന്‍ മിഷിനറിമാരുണ്ടാക്കിയ സ്വാധീനങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കാം. ഇന്ത്യയിലും മറ്റുമുണ്ടായ ഹിന്ദുമതത്തിലേക്കുള്ള ഒറ്റപ്പെട്ട പരിവര്‍ത്തനങ്ങളും സ്മരണീയമാണ്. അഭിനവകാലത്ത് പ്രസ്ഥാന രൂപത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ട മതപരിത്യാഗ വിഭാഗങ്ങളുമുണ്ട്. ബാബിസം, ബഹായിസം, ഖാദിയാനിസം മുതലായവ.
വര്‍ത്തമാനം
എന്നാല്‍, പുതിയ മതപരിത്യാഗം പഴയതിന്റെ തുടര്‍ച്ചയല്ല. പുതിയ പ്രവണതകളും ഭാവങ്ങളുമാണത് കാണിക്കുന്നത്. ആദ്യകാലങ്ങളിലേത് പ്രത്യക്ഷ മതപരിത്യാഗമായിരുന്നെങ്കില്‍, പുതിയ കാലത്ത് പരോക്ഷ മതപരിത്യാഗമാണ്. ഇത് കൂടുതല്‍ സൂക്ഷ്മവും ആസൂത്രിതവും അദൃശ്യവുമാണ് (കാണുന്ന എതിരാളിയേക്കാള്‍ കാണാത്ത എതിരാളിയാണല്ലോ അപകടകാരി). എന്നാല്‍, ഈ മതപരിത്യാഗ പ്രവണതകളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച 'മാസ്റ്റര്‍ ബ്രെയ്ന്‍' കുരിശുയുദ്ധാനന്തര യൂറോപ്യന്‍ മുസ്‌ലിംവിരുദ്ധതയായിരുന്നു. ശിര്‍ക്ക് സന്നിവേശിപ്പിച്ചാല്‍ മുസ്‌ലിംകളുടെ വിശ്വാസ-രാഷ്ട്രീയ വീര്യത്തെ തകര്‍ക്കാമെന്നും, പലിശയിലൂടെ ധനകാര്യ മേഖലയെ ശിഥിലമാക്കാമെന്നും, മദ്യപാനവും വ്യഭിചാരവും വ്യാപകമാക്കുക വഴി സാമൂഹിക രംഗം മലീമസമാക്കാമെന്നും, കെട്ടഴിച്ചു വിട്ട വിനോദ മാധ്യമങ്ങളിലൂടെ മുസ്‌ലിംകളുടെ വേറിട്ട സാംസ്‌കാരിക സ്വത്വത്തെ ഇല്ലാതാക്കാമെന്നും പടിഞ്ഞാറിന്റെ കുശാഗ്രബുദ്ധി കണ്ടെത്തിയിരുന്നു. ഈ ഒളിയജണ്ടകള്‍ മുസ്‌ലിം ജനവാസ കേന്ദ്രങ്ങളില്‍, നിശ്ശബ്ദനായ കൊലയാളിയെപ്പോലെ കടന്നുവന്നപ്പോഴാണ്, ജീവിതത്തിന്റെ ഇസ്‌ലാമിക മാനങ്ങളെ നിരാകരിക്കുകയും നിസ്സാരീകരിക്കുകയും ചെയ്യുന്ന പുതിയ മതപരിത്യാഗ പ്രവണതകള്‍ ശക്തി പ്രാപിച്ചത്. തനിമയുള്ള സ്വന്തം മതകീയ സംസ്‌കാരത്തില്‍ നിന്ന്, അനുദിനം ആഗോളീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പടിഞ്ഞാറന്‍ മതേതര ഭൗതികതയിലേക്കാണ് ജനം ഇന്ന് കൂടുമാറുന്നത്.
പാശ്ചാത്യ സാംസ്‌കാരികപ്പാളയത്തിന് സത്യത്തില്‍ മതമില്ല. മതത്തിന്റെ മുഖംമൂടിയേയുള്ളൂ. അത് ദൈവവിരുദ്ധവും പ്രവാചകവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ്. വംശീയ ദേശീയ ജാഹിലിയ്യത്തുകളില്‍ സ്ഥാപിതവുമാണ്. സര്‍വോപരി, ദുനിയാവിനോടും അതിന്റെ നൈമിഷിക ഭോഗങ്ങളോടുമുള്ള ആര്‍ത്തിയാണതിന്റെ അടിത്തറ. അതിര്‍വരമ്പുകളില്ലാത്ത ആസ്വാദനമാണ് ഉന്നം. ചൂഷണമാണ് ജീവിത വീക്ഷണം. ലാഭക്കൊതിയാണ് അതിന്റെ ലിപിയും ഭാഷയും ശൈലിയും. വെറുതെയല്ല, ഖുര്‍ആന്‍ 'ദുന്‍യാക്കൊതിയനെ' പട്ടിയോടുപമിച്ചത് (ഖുര്‍ആന്‍ 7:176). നാവ് നീട്ടി, തുപ്പു നീരൊലിപ്പിച്ച്, സദാ കിതച്ചോടിക്കൊണ്ടിരിക്കുന്ന നായ, എത്ര കിട്ടിയാലും മതിവരാത്തവന്റെ എക്കാലത്തെയും മികച്ച പ്രതീകമാണ്. ഈ പണമാത്ര-സുഖമാത്ര സംസ്‌കാരത്തിലേക്കാണ് നിശ്ശബ്ദം ലോകത്തോടൊപ്പം മുസ്‌ലിം സമാജവും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ പരിവര്‍ത്തനമാണ്, ഇസ്‌ലാമിന്റെ വിപരീത സാക്ഷ്യങ്ങളായി ചുറ്റുപാടും നിറയുന്നത്. 'മുസ്‌ലിം ജീവിത'ത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നതും. പ്രബോധനപാതയിലെ യഥാര്‍ഥ പ്രതിബന്ധം ഈ പുതിയ മതപരിത്യാഗമത്രെ.
ആമുഖത്തില്‍ പരാമര്‍ശിച്ച അല്‍മാഇദ 54-ാം വചനത്തിന് നല്‍കിയ വിശദീകരണം ശ്രദ്ധിക്കുക: ''പ്രകൃതസൂക്തം ഉപരിസൂചിത വിഘടിത വിഭാഗങ്ങളുടെ (ആദ്യകാല മതപരിത്യാഗികളുടെ) ആഗമനം മാത്രമല്ല പ്രവചിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും ഇന്നും അരങ്ങേറിക്കൊണ്ടിരിക്കുന്ന മതപരിത്യാഗങ്ങളെയും അത് സൂചിപ്പിക്കുന്നുണ്ട്. ആധുനിക ജാഹിലിയ്യാ ദര്‍ശനങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും ആകൃഷ്ടരായി ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെയും ശരീഅത്തിനെയും ഭാഗികമായോ പൂര്‍ണമായോ തള്ളിക്കളയുന്നവര്‍ ഇന്നേറെയുണ്ട്. തങ്ങള്‍ ഇസ്‌ലാംമതം ഉപേക്ഷിച്ചിരിക്കുന്നു എന്ന് പരസ്യമായി പറയാത്തതുകൊണ്ട് മാത്രം അവരുടെ നടപടി ഇര്‍തിദാദ് (മതപരിത്യാഗം) അല്ലാതാകുന്നില്ല'' (ടി.കെ ഉബൈദ്, ഖുര്‍ആന്‍ ബോധനം 3, പേജ് 485).

അപകര്‍ഷതയും അവിശ്വാസവും
''തീര്‍ച്ചയായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നെ അതില്‍ അശേഷം സംശയിക്കാതിരിക്കുകയും തങ്ങളുടെ സമ്പത്തും ശരീരവും സമര്‍പ്പിച്ച് ദൈവവഴിയില്‍ സമരം നടത്തുകയും ചെയ്തവര്‍ മാത്രമാണ് സത്യവിശ്വാസികള്‍'' (ഖുര്‍ആന്‍ 49:15).
ആസൂത്രിതമായ മനഃശാസ്ത്ര യുദ്ധങ്ങളിലൂടെ മതവിരുദ്ധ ശക്തികള്‍ മുസ്‌ലിം മനസ്സുകളില്‍ വളര്‍ത്തിയെടുത്ത കടുത്ത അപകര്‍ഷതയും പടിഞ്ഞാറന്‍ നാഗരിക ശീലങ്ങളോടുള്ള അഭിനിവേശവുമാണ് പുതിയ മതപരിത്യാഗത്തിന്റെ മുഖം. അസംബന്ധമെന്ന് ഒറ്റനോട്ടത്തില്‍ വിളിക്കാവുന്ന പാശ്ചാത്യ മാതൃകകള്‍ പോലും ഇന്ന് യുവജനങ്ങള്‍ ആവേശപൂര്‍വം അനുകരിക്കുന്നുണ്ടെന്ന് മാത്രമല്ല, അതിലവര്‍ പുളകം കൊള്ളുന്നതായും നിരീക്ഷണത്തില്‍ ബോധ്യമാകും. പ്രവാചക മൊഴിയില്‍ വന്നിട്ടുള്ളതുപോലെ, 'അവര്‍ ഉടുമ്പിന്റെ മാളത്തിലേക്ക് കയറിയാല്‍' ഇവരും അവരെ അനുഗമിക്കാന്‍ മാത്രം തീവ്രവും അന്ധവുമാണീ അനുകരണ മാരണം. അതേസമയം, നമസ്‌കാരമടക്കമുള്ള നിര്‍ബന്ധ മതചിഹ്നങ്ങള്‍ പോലും അവഗണിക്കുന്നു. മദ്യം, പലിശ, ചൂതാട്ടം തുടങ്ങിയ വന്‍ തിന്മകളുടെ നേരെ മൃദുസമീപനം സ്വീകരിക്കുന്നു. കളികള്‍ക്കും വിനോദമാത്ര കലകള്‍ക്കും ജീവിതത്തില്‍ അമിത പ്രാധാന്യം നല്‍കുന്നു. പടച്ചവന്‍, പ്രവാചകന്‍, ധര്‍മസമരം, പരലോകം, ജീവിതവിചാരണ, സ്വര്‍ഗ നരകങ്ങള്‍, നൈതിക മൂല്യങ്ങള്‍ പോലുള്ള മൗലിക വിഷയങ്ങളോട് അവിശ്വാസമോ സന്ദേഹമോ പുലര്‍ത്തുന്ന പുതിയ മതപരിത്യാഗി, തല്‍സംബന്ധമായ ഉണര്‍ത്തലുകളെയും ഉദ്‌ബോധനങ്ങളെയും പുഛത്തോടെയാണ് നേരിടുന്നത്. ''നിങ്ങള്‍ക്ക് നാശം! ഞാന്‍ മരണശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നാണോ നിങ്ങളെന്നോട് വാഗ്ദാനം ചെയ്യുന്നത്? എന്നാല്‍ എനിക്ക് മുമ്പേ എത്രയോ തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്.'' അപ്പോള്‍ അവന്റെ മാതാപിതാക്കള്‍ ദൈവസഹായം തേടിക്കൊണ്ട് പറയുന്നു: ''നിനക്ക് നാശം! നീ വിശ്വസിക്കുക. അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെ, തീര്‍ച്ച. അപ്പോള്‍ അവന്‍ പിറുപിറുക്കും, ഇതൊക്കെയും പൂര്‍വികരുടെ പഴമ്പുരാണങ്ങള്‍ മാത്രം'' (അല്‍അഹ്ഖാഫ് 17).
വര്‍ഷങ്ങള്‍ക്ക് മുമ്പെ, പുതിയ മതപരിത്യാഗത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അല്‍ മുസ്‌ലിമൂന്‍ മാസികയില്‍ മൗലാനാ അലിമിയാന്‍ എഴുതി: ''തീര്‍ച്ചയായും ഇത് പരിത്യാഗമാണ്. ഞാനാവര്‍ത്തിച്ച് പറയുന്നു: മുസ്‌ലിം ലോകത്തെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ചൂഴ്ന്നുനില്‍ക്കുന്ന, ഗാര്‍ഹിക-കുടുംബ അന്തരീക്ഷത്തോട് യുദ്ധം ചെയ്യുന്ന, കോളേജുകളോടും യൂനിവേഴ്‌സിറ്റികളോടും ഏറ്റുമുട്ടുന്ന 'രിദ്ദത്' തന്നെയാണിത്. വിദ്യാഭ്യാസപരമായി ഉയര്‍ന്ന ഒരു കുടുംബത്തിലും ഈ രിദ്ദത്തിനെ അംഗീകരിക്കുകയോ ആദരിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യാത്ത ഒരാളെങ്കിലും ഉണ്ടാവാതിരിക്കില്ല. അവനോട് രഹസ്യമായി സംസാരിച്ചാല്‍ അവന്‍ അല്ലാഹുവിലോ പ്രവാചകനിലോ അന്ത്യനാളിലോ ഖുര്‍ആനിലോ വിശ്വസിക്കുന്നില്ലെന്ന് നിനക്ക് ബോധ്യപ്പെടും. താന്‍ ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുകയോ അതിന് പ്രാധാന്യം കൊടുക്കുകയോ ചെയ്യുന്നില്ലെന്നായിരിക്കും അവരുടെ മറുപടി'' (ആധുനികതയില്‍നിന്ന് ആത്മീയതയിലേക്ക്, പേജ് 174,175).

വേഷപ്പകര്‍ച്ചകള്‍
വിശ്വാസത്തിലും നിലപാടുകളിലും കര്‍മജീവിതത്തിലും മതത്തെ കൈയൊഴിച്ചവര്‍ പലരും പക്ഷേ, തങ്ങളുടെ മതസൂചിത നാമങ്ങളും പരിവേഷങ്ങളും ഉപേക്ഷിക്കുന്നില്ല എന്നതാണ് കൗതുകകരം. ദൈവികദര്‍ശനത്തിന്റെ വിപരീത ദിശയില്‍ നിലയുറപ്പിച്ച ആശയ-പ്രത്യയശാസ്ത്രങ്ങളെ വാരിപ്പുണരുമ്പോഴും, തങ്ങളുടെ മതശേഷിപ്പുകളെ ഊരിക്കളയാനുള്ള നട്ടെല്ല് ഇവര്‍  പ്രകടിപ്പിക്കുന്നില്ല. സ്റ്റേജുകളിലും പേജുകളിലും മതനാമങ്ങളില്‍ പ്രത്യക്ഷരാകുന്ന ഇക്കൂട്ടര്‍ പൊതുസമൂഹത്തെ തെല്ലൊന്നുമല്ല തെറ്റിദ്ധരിപ്പിക്കുന്നത്. തൊഴിലിനും ആനുകൂല്യങ്ങള്‍ക്കുമുള്ള കോളങ്ങള്‍ പൂരിപ്പിക്കുമ്പോഴും ഭൗതികനേട്ടങ്ങള്‍ക്കായി കച്ചകെട്ടുമ്പോഴും ഇവര്‍ മതത്തെ സൗകര്യപൂര്‍വം കരുവാക്കും. യോഗ്യതയോ അംഗീകാരമോ ഇല്ലാത്ത  വ്യാജ ഡോക്ടര്‍മാരെ പോലെ, മതനാമധേയത്തില്‍ ലോകരെ കബളിപ്പിക്കുന്ന 'വ്യാജ വിശ്വാസി'കളാണിവര്‍. പലപ്പോഴും തെറ്റുദ്ധരിക്കപ്പെടുന്നപോലെ, പുറത്തുള്ളവരല്ല ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രതിയോഗികള്‍. മറിച്ച് അകത്ത് നിലയുറപ്പിച്ച അന്തരകരാണ്. കപ്പലിനുള്ളിലെ കള്ളന്മാര്‍. ഇവരെ കരുതിയിരിക്കണമെന്ന ഖുര്‍ആന്റെ അടിവര (63:4) അവഗണിക്കേണ്ടതല്ല. വിശേഷിച്ചും, ഈ പുതിയ മതപരിത്യാഗികളുടെ വ്യാവഹാരിക മണ്ഡലം കൂടുതല്‍ വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തില്‍. ഉള്ളിലും വെളിയിലും സംഘങ്ങളിലും നേതൃത്വങ്ങളിലുമടക്കം വൈവിധ്യമാര്‍ന്ന വേഷങ്ങളോടെ ഇക്കൂട്ടര്‍ ഇടം പിടിച്ചിട്ടുണ്ട്.
അശ്രദ്ധകള്‍, ഉപേക്ഷകള്‍
എന്നാല്‍, മുസ്‌ലിം സമാജത്തിന്റെ പൊതുബോധത്തില്‍ ഈ 'സൂക്ഷ്മ മതപരിത്യാഗം' വേണ്ടത്ര പതിഞ്ഞിട്ടില്ലെന്നതാണ് സത്യം. 'അസത്യവാഹകരുടെ ഉണര്‍വും സത്യവാഹകരുടെ ഉറക്കവും' പോലെ മറ്റൊന്നും എന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ മുസ്ത്വഫസ്സിബാഇയുടെ വാക്കുകളാണ് ഓര്‍മവരുന്നത്. ഉപ്പിന് ഉപ്പ് രസമില്ലാതായിത്തീരുമ്പോള്‍ അവശേഷിക്കുന്നതിനെ 'ഉപ്പ്' എന്ന് വിളിക്കുന്നതിലെ യുക്തിഭംഗമുണ്ട്, മതപരിത്യാഗികളെ മുസ്‌ലിംകളായി എണ്ണുമ്പോള്‍. പക്ഷേ, നിദ്രാധീനരാണ് മിക്കപ്പോഴും മുസ്‌ലിം നേതൃത്വങ്ങള്‍. അവര്‍ കൊച്ചു കൊച്ചു തര്‍ക്കങ്ങള്‍ തീര്‍പ്പാക്കിയെടുക്കാനുള്ള തെരുവ് യുദ്ധങ്ങളിലാണിപ്പോഴും. സയ്യിദ് നദ്‌വി എഴുതുന്നു: ''മുസ്‌ലിംകള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല. കാരണം, നമ്മുടെ ഈ മതപരിത്യാഗി ചര്‍ച്ചിലോ ക്ഷേത്രത്തിലോ പോവുകയോ, താന്‍ മതം മാറിയെന്ന് പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. കുടുംബത്തിനും ഇക്കാര്യം ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് അവനെ (പഴയതുപോലെ) ബഹിഷ്‌കരിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. മറിച്ച് എല്ലാ അവകാശങ്ങളും അനുഭവിച്ച്, പോരെങ്കില്‍ അവരില്‍ മേധാവിത്വം പുലര്‍ത്തി 'കൂട്ടത്തില്‍' കഴിഞ്ഞുകൂടുകയാണ്....'' (ആധുനികതയില്‍ നിന്ന് ആത്മീയതയിലേക്ക്).
അതിനാല്‍, ഈ ചരിത്ര സമസ്യയെ ശരിയായി തിരിച്ചറിയുകയും ശ്രദ്ധയോടെ, വിവേകത്തോടെ അഭിമുഖീകരിക്കുകയുമാണ് പ്രധാനം. ഒളിച്ചോട്ടങ്ങള്‍ കുറ്റകരമായ കൃത്യവിലോപമായിത്തീരും. ഓരോ വിശ്വാസിയും തന്നില്‍ തുടങ്ങി, വീട്ടകങ്ങളിലും ചങ്ങാതിക്കൂട്ടങ്ങളിലും ഏറ്റെടുക്കേണ്ട ഏറ്റവും പ്രസക്തമായ സാംസ്‌കാരിക സമരമാണ് ഇത്. ക്രാന്തദര്‍ശിയായ സയ്യിദ് നദ്‌വി നിരീക്ഷിച്ച പോലെ, ''യുദ്ധമോ വിവാദമോ ഇളക്കിവിടേണ്ട പ്രശ്‌നമല്ല ഇത്. അവയൊക്കെ വിപരീത ഫലമാണുണ്ടാക്കുക. രഹസ്യാന്വേഷണ കോടതിയോ പീഡനമോ ഇസ്‌ലാമിന് പരിചയമില്ല. മനക്കരുത്തും തന്ത്രവുമാണാവശ്യം. ക്ഷമയും സഹനവും പഠനവുമാണ് പുതിയ മതപരിത്യാഗം ആവശ്യപ്പെടുന്നത്....''

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം