ഹിജാബും ലോകത്തെ മാറ്റിമറിച്ച സമാധാന വിപ്ലവവും
9/11-നു ശേഷം ഇസ്‌ലാമിനെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രളയം തന്നെ ദൃശ്യമാണ്. യൂറോ-അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ പെട്ടെന്നൊരു ദിവസം ഖുര്‍ആന്‍ കോപ്പികള്‍ കാണുമ്പോള്‍ വെള്ളക്കാരന്റെ അപര ജനവിഭാഗങ്ങളുടെ മേലുള്ള അമ്പരപ്പും കൊളോണിയല്‍ പാരമ്പര്യത്തിന്റെ ഭാഗമായുള്ള കൗതുക നോട്ടവുമാണ് തനിക്കോര്‍മവരുന്നതെന്ന് Welcome to the Desert of the Real: Five Essays on September 11 എന്ന കൃതിയില്‍ സ്ലാവോയ് സിസെക്ക് നിരീക്ഷിക്കുന്നുണ്ട്. ഇസ്‌ലാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും പരിഷ്‌കരിച്ചും അപലപിച്ചും കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഇറങ്ങിയ പുസ്തകങ്ങളുടെ പൊതു ഒഴുക്കിനെ വകഞ്ഞുമാറ്റിയ അപൂര്‍വം പുസ്തകങ്ങളേയുള്ളൂ. സിസെക്ക് നിരീക്ഷിച്ച യൂറോ-ലിബറല്‍ നോട്ടപ്പാടുകളിലൂടെ ഇസ്‌ലാമിനെ എതിര്‍ത്തവരും അനുകൂലിച്ചവരും അടിസ്ഥാനപരമായി ലോകത്തെ കാണുന്ന രീതികളിലോ പരികല്‍പനകളിലോ വലിയ വ്യത്യാസങ്ങള്‍ പുലര്‍ത്തുന്നില്ല എന്നതാണ് കാര്യം. ഈ ഇരട്ട ആഖ്യാന രീതികളുടെ സൈദ്ധാന്തികവും വിശകലനപരവുമായ ബലഹീനതകളെ മറികടന്നവരാണ് സബാ മഹ്മൂദും ചാള്‍സ് ഹിഷ്‌കിന്ദും. വിശിഷ്യ മഹ്മൂദിന്റെ Politics of Piety: The Islamic Revival and the Feminist Subject. മുസ്‌ലിം സ്ത്രീയെ നോക്കിക്കാണുന്ന പരമ്പരാഗത സെക്യുലര്‍-ഫെമിനിസ്റ്റ് രീതികളെ സന്ദിഗ്ധമാക്കുന്നതില്‍ സബാ മഹ്മൂദ് നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
സബാ മഹ്മൂദ് ഈജിപ്തിലെ മുസ്‌ലിം സ്ത്രീകളെക്കുറിച്ചാണെഴുതിയത്. തീര്‍ച്ചയായും വമ്പിച്ച ലിബറല്‍ ഇസ്‌ലാമിക ഫെമിനിസ്റ്റ് ആഖ്യാനങ്ങള്‍ ഈജിപ്തിനെക്കുറിച്ച് നിലവിലുണ്ട്. ഹുദ ശഅ്‌റാവി മുതല്‍ ലൈല അഹ്മദ് വരെ ആ പാരമ്പര്യത്തിനകത്താണുള്ളത്. ഇസ്‌ലാം ആചരിക്കുന്ന മുസ്‌ലിംകളുടെ കൈയില്‍ നിന്ന് ഇസ്‌ലാമിനെ മോചിപ്പിക്കണം. മാത്രമല്ല, ഹിജാബ് മുസ്‌ലിം ആണുങ്ങളുടെ രാഷ്ട്രീയ പ്രതിസന്ധി മാത്രമാണ്. സ്ത്രീകളുടെ മേല്‍ മതപൗരോഹിത്യം അടിച്ചേല്‍പിച്ചതാണ് ഹിജാബെന്ന് തന്നെ പല രീതിയില്‍ ലൈലാ അഹ്മദ് പറഞ്ഞിട്ടുണ്ട്. പരമ്പരാഗത ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അപകടകാരികളാണ് എന്ന നിലപാടും ഇവര്‍ പുലര്‍ത്തിയിരുന്നു.
എന്നാല്‍, 2011 ഏപ്രിലില്‍ പുറത്തിറങ്ങിയ പുസ്തകം ലൈലാ അഹ്മദിന്റെ ചിന്തകളുടെ മാറ്റത്തെ കാണിക്കുന്നു. A Quiet Revolution: The Veil's Resurgence from Middle East to America എന്നാണ് പുസ്തകത്തിന്റെ പേര്. പേര് സൂചിപ്പിക്കുന്നതുപോലെ ഹിജാബ് വയലന്‍സിനെയല്ല മറിച്ച് ശാന്തതയിലും സമാധാനത്തിലുമൂന്നിയ പരിവര്‍ത്തനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ലൈല അഹ്മദ് പറയുന്നു. 1992-ല്‍ പുറത്തിറങ്ങിയ Women and Gender in Islam എന്ന കൃതിയുടെ സ്വയം വിമര്‍ശനപരമായ സമീപനമാണ് ഈ പുസ്തകമെന്നാണ് നിരൂപകര്‍ കരുതുന്നത്. അത്തരം പഠനങ്ങള്‍ ഇനിയും സാധ്യമായിട്ടുവേണം.
കയ്‌റോവിലെ അങ്ങേയറ്റം ലിബറലായ കുടുംബത്തില്‍ ജനിച്ച ലൈല അഹ്മദ് ഹിജാബിന്റെ സാന്നിധ്യമില്ലാത്ത നഗര ജീവിതത്തെ ഓര്‍ത്തെടുക്കുന്നുണ്ട്. തന്റെ ഉമ്മ ഒരിക്കലും ഹിജാബ് ധരിച്ചിട്ടില്ലെന്നാണവര്‍ പറയുന്നത്. 1920 മുതല്‍ 1970-കള്‍ വരെ ഹിജാബ്- പല തരത്തിലുള്ളവ- ഈജിപ്ഷ്യന്‍ ജീവിതത്തിന്റെ മുഖ്യ ധാരയിലില്ലായിരുന്നു. പിന്നീട് '70-കള്‍ക്കു ശേഷം ഹിജാബ് വീണ്ടും സജീവമാകാന്‍ തുടങ്ങി. ഈ ഹിജാബിന്റെ വ്യാപകവത്കരണത്തെ ലൈല അഹ്മദ് വായിച്ചെടുക്കുന്നത് ഈജിപ്തിന്റെ ചരിത്രത്തിലൂടെയാണ്. കോളനി പൂര്‍വ ഈജിപ്ത്, കോളനിവത്കൃത ഈജിപ്ത്, കോളനിയാനന്തര ഈജിപ്ത് എന്നിങ്ങനെ ഈജിപ്തിന്റെ തന്നെ ചരിത്രത്തെ മൂന്നായി കണ്ട്, ഈ മൂന്നു ചരിത്ര ഘട്ടങ്ങളിലും അതിന്റെ സവിശേഷ രാഷ്ട്രീയ സന്ദര്‍ഭങ്ങളിലും ഹിജാബ് വിശാല ഇസ്‌ലാമിക ജീവിത പരിഗണനകള്‍ക്കുള്ളില്‍ എങ്ങനെയൊക്കെ പ്രതിനിധീകരിക്കപ്പെട്ടുവെന്ന് അഹ്മദ് പരിശോധിക്കുന്നു. പുസ്തകത്തിന്റെ ആദ്യ പകുതി ഇങ്ങനെയാണ്.
രണ്ടാം പകുതിയില്‍ പെട്ടെന്ന് ലൈല അഹ്മദ് അമേരിക്കയിലേക്ക് പോകുന്നു. അവിടെ മുസ്‌ലിം സ്റ്റുഡന്റ് അസോസിയേഷന്‍ (എം.എസ്.എ), ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (ഇസ്‌നാ) തുടങ്ങിയവയുടെ രൂപീകരണ ചരിത്രത്തിലൂടെ അമേരിക്കയിലെ കുടിയേറ്റക്കാരിലും ആഫ്രിക്കനമേരിക്കന്‍ മുസ്‌ലിംകളിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സ്വാധീനവും ഹിജാബിന്റെ പ്രതിനിധാന സ്വഭാവങ്ങളും അവര്‍ പരിശോധിക്കുന്നു. രണ്ടായിരത്തോടെ ശക്തിപ്പെട്ട, ഒടുവില്‍ ഇന്‍ഗ്രിഡ് മാറ്റ്‌സണിന്റെ - ചരിത്രത്തില്‍ ആദ്യമായി ആധുനിക ഇസ്‌ലാമികപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ എത്തിപ്പെട്ട വനിത- നേതൃത്വത്തില്‍ നടന്ന/ നടക്കുന്ന പുതിയ മുന്നേറ്റങ്ങളെയും നയപരമായ വികാസങ്ങളെയും അവര്‍ കാണുന്നു. തന്നെ പോലുള്ള സ്ത്രീകളെ കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വികസിക്കുന്നതിനെ ആവേശപൂര്‍വമാണ് അവര്‍ നോക്കിക്കാണുന്നത്. 1960-കളിലാണ് ലൈല അഹ്മദ് ഈജിപ്ത് വിടുന്നത്. അക്കാലത്ത് ഇസ്‌ലാമിസ്റ്റുകള്‍ നാസറിന്റെ കിങ്കരന്മാരാല്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നു. എല്ലാ മൂന്നാം ലോക രാജ്യങ്ങളിലെയും കോളനി വിമോചിതമായ ആദ്യ പതിറ്റാണ്ടുകള്‍ പോലെ നാസറിനും ദേശീയ സോഷ്യലിസത്തിന്റെ സ്വപ്നങ്ങളുണ്ടായിരുന്നു. നെഹ്‌റുവിയന്‍ ദേശീയത സ്വപ്നം കണ്ട അണക്കെട്ടുകള്‍ തന്നെയാണ് അസ്വാന്‍ അണക്കെട്ടിന്റെ രൂപത്തില്‍ നാസറും സ്വപ്നം കണ്ടിരുന്നത്. മൂന്നാം ലോക രാജ്യങ്ങളുടെ പ്രത്യേകത കോളനിവിരുദ്ധ പോരാട്ടവും പിന്നണി ജനവിഭാഗങ്ങളുടെ പോരാട്ടവും ദേശീയവാദികളായ വരേണ്യര്‍ അട്ടിമറിച്ചു എന്നാണല്ലോ. അത്തരം രാജ്യങ്ങളെ- ഇന്ത്യയിലും ഈജിപ്തിലും- കോളനി വിമോചിതരായ ശേഷം ദേശീയ വരേണ്യരുടെ കൈപിടിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ പോരാടിക്കൊണ്ടിരുന്ന ജനസമൂഹങ്ങള്‍ ഉള്‍പ്പെട്ട മതസാഹചര്യങ്ങള്‍ വിസ്മൃതമാവു(ക്കു)കയും അധിനിവേശകരുടെ പ്രതിബിംബത്തിനനുസരിച്ച് പുതിയ ദേശരാഷ്ട്രങ്ങള്‍ സെക്യുലരിസത്തിന്റെ വന്‍ അവകാശവാദങ്ങളിലൂടെ നിലവില്‍ വരികയും ചെയ്തു. ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണ് ദേശീയ വരേണ്യതയുടെ തകര്‍ച്ചയെ ക്ഷണിച്ചുവരുത്തിയതെങ്കില്‍ ഈജിപ്തില്‍ ഇസ്രയേലിനെതിരായ യുദ്ധത്തിലെ തോല്‍വിയാണ് ദേശീയ വരേണ്യതയുടെ കഥ കഴിച്ചത്. ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ തിരിച്ചുവരവിനെയാണ് '70-കള്‍ കാണിച്ചു തന്നത്. പിന്നീട് പടിപടിയായ പ്രവര്‍ത്തനങ്ങളിലൂടെ ഇഖ്‌വാന്‍ ഈജിപ്തിനെ പിടിച്ചടക്കുകയായിരുന്നു. ദീര്‍ഘകാലത്തെ പീഡനം ഇഖ്‌വാന്റെ സമനില തെറ്റിക്കുകയുണ്ടായില്ലെന്നാണ് ലൈല അഹ്മദ് പറയുന്നത്. അയ്മന്‍ അല്‍ സവാഹിരിയുടെ തീവ്രതയെ അറുപതുകള്‍ തൊട്ട് തള്ളിക്കളയാന്‍ ഇഖ്‌വാന്‍ തയാറാവുന്നുണ്ടെന്നാണ് ലൈല അഹ്മദ് പറയുന്നത്.
ഖുത്വ്ബിനെയും സൈനബുല്‍ ഗസ്സാലിയെയും കുറിച്ച് വിശദമായി തന്നെ ലൈല അഹ്മദ് പഠിക്കുന്നുണ്ട്. പതിനാറാം വയസ്സില്‍ ഫെമിനിസ്റ്റായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സൈനബുല്‍ ഗസ്സാലിയുടെ സാഹസിക ജീവിതം ഇനിയും പഠിക്കേണ്ടതുണ്ടെന്നാണ് ലൈല അഹ്മദ് പറയുന്നത്. ലോകമെമ്പാടുമുള്ള മുസ്‌ലിം സ്ത്രീ ജീവിതത്തെ സ്വാധീനിച്ച സൈനബുല്‍ ഗസ്സാലിയെ ഇഖ്‌വാന്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ല എന്നാണ് ലൈല അഹ്മദ് വാദിക്കുന്നത്. അമേരിക്കയില്‍ ഇന്‍ഗ്രിഡ് മാറ്റ്‌സണിനൊക്കെ ലഭിച്ച സാമൂഹികാംഗീകാരം സൈനബുല്‍ ഗസ്സാലിക്ക് ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെറുപ്പക്കാര്‍, സ്ത്രീകള്‍ ഇവരോട് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്ന സമീപനങ്ങളെയും ഈ പുസ്തകം പരിശോധിക്കുന്നുണ്ട്. 'ഇസ്‌ന'യൊക്കെ പുലര്‍ത്തുന്ന സ്വയം വിമര്‍ശനത്തിന്റെ തുറന്ന രീതികള്‍ ഇഖ്‌വാനെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ സ്വീകരിക്കാന്‍ വൈകിയതാണ് ഈജിപ്തില്‍ ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും വലിയൊരു ഇസ്‌ലാമിക വൃന്ദം ഇഖ്‌വാന് പുറത്താകാന്‍ കാരണമെന്ന നിരീക്ഷണവും നിലവിലുണ്ട്. ആദ്യ കാലത്ത് ഇഖ്‌വാനെ വിമര്‍ശിച്ച ലൈല അഹ്മദ് തന്നെയാണ് ഈ സദുദ്ദേശ്യ വിമര്‍ശനം നിര്‍വഹിക്കുന്നതെന്ന അറിവ് വായനക്കാരനെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും, തീര്‍ച്ച. ലോകത്തെ എല്ലാതരത്തിലുള്ള വൈവിധ്യങ്ങളോടും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്ന സംവാദാത്മക ബന്ധം ലൈല അഹ്മദ് സന്തോഷപൂര്‍വം ഏറ്റെടുക്കുന്നു. എല്ലാവിധ ഇസ്‌ലാമിക ചലനങ്ങളോടും ചിന്താരീതികളോടും പൊരുത്തപ്പെടുകയും സംവദിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ജൈവികതയെയാണ് ലൈല അഹ്മദ് ഏറെ വിലമതിക്കുന്നത്. തന്നെ പോലുള്ള ലിബറലിനും പലതും പഠിക്കാനും പഠിപ്പിക്കാനുമുള്ള വേദിയായി ഇസ്‌ന പോലുള്ള പ്രസ്ഥാനങ്ങള്‍ മാറിയതായി അവര്‍ മനസ്സിലാക്കുന്നു. മാത്രമല്ല, ഇത്തരം പ്രസ്ഥാനങ്ങളിലെ സ്ത്രീകള്‍ കേവലം പുരുഷ കേന്ദ്രീകൃത രക്ഷാകര്‍തൃത്വത്തിനു കീഴില്‍ ഞെരിഞ്ഞമരുന്നവരല്ലെന്നും സ്വയം നിര്‍വഹണത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും സ്വാതന്ത്ര്യ ബോധമുള്‍ക്കൊള്ളുന്നവരാണെന്നും അവര്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമാകുന്നു.
ഇസ്‌ലാമിനെക്കുറിച്ചും ലിംഗ ഭേദത്തെക്കുറിച്ചുമുള്ള പരമ്പരാഗത രീതികളിലുള്ള സംസാരങ്ങള്‍ കൂടിയാണ് ഈ പതിറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കോടിക്കണക്കിന് മനുഷ്യരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തുന്ന ഇറാഖ്-അഫ്ഗാന്‍ യുദ്ധത്തെ സാധ്യമാക്കിയതെന്ന തിരിച്ചറിവ് ലൈല അഹ്മദ് പുലര്‍ത്തുന്നുണ്ട്. 'എന്തുകൊണ്ട് മുസ്‌ലിം സ്ത്രീയെക്കുറിച്ചു മാത്രം എല്ലാവരും ഉത്കണ്ഠപ്പെടുന്നു?' എന്ന ചോദ്യം വളരെ പ്രസക്തമാണ്. ലോകത്തെ മറ്റു സ്ത്രീകളെക്കുറിച്ചില്ലാത്ത ഉത്കണ്ഠകള്‍ മുസ്‌ലിം സ്ത്രീയെക്കുറിച്ചുണ്ടാവുന്നത് തീര്‍ച്ചയായും സൂക്ഷ്മ പരിശോധനയര്‍ഹിക്കുന്നതാണ്. ഇത്തരം ചോദ്യങ്ങളുന്നയിച്ച ലൈല അബൂ ലുഗ്ദ്, സബ മഹ്മൂദ് ഇവരെക്കുറിച്ച് ദീര്‍ഘമായിത്തന്നെ പ്രതിപാദിക്കുകയും മുസ്‌ലിം സ്ത്രീയെക്കുറിച്ച സാമ്രാജ്യത്വ ഉത്കണ്ഠയെയും വെളുത്ത ആണിന്റെ നോട്ടത്തെയും പ്രശ്‌നവത്കരിക്കുന്ന പ്രസ്തുത പഠനങ്ങളുടെ പ്രസക്തി അവര്‍ മനസ്സിലാക്കുകയും ചെയ്യുന്നു. ഒപ്പം ഇസ്‌ലാമിലെ സ്ത്രീയെക്കുറിച്ച് സംസാരിക്കുന്ന ഭാഷ പരമ്പരാഗത എംപയറിന്റെ ഭാഷയില്‍ നിന്ന് വ്യത്യസ്തമാകേണ്ടതിന്റെ ആവശ്യകത അവര്‍ അടിവരയിടുന്നു.
ഈ പുസ്തകം നേരത്തെ പറഞ്ഞതുപോലെ ഹിജാബിനെ അതതു കാലത്തിന്റെ രാഷ്ട്രീയത്തിലൂടെ കാണാനാണ് ശ്രമിക്കുന്നത്. എങ്കിലും പൊതുവായി പങ്കിടുന്ന ചില ചരിത്രപരമായ നിഗമനങ്ങള്‍ ഹിജാബിനെക്കുറിച്ച് ലൈല അഹ്മദ് പങ്കുവെക്കുന്നുണ്ട്. അതിങ്ങനെ: ''ഹിജാബിന്റെ അര്‍ഥം സമൂഹത്തിലും ചരിത്രത്തിലും പൊതുവായി കാണുന്ന ഒന്നല്ല. 1970-കള്‍ക്കു ശേഷം കണ്ട ഹിജാബല്ല കോളനി പൂര്‍വ കാലഘട്ടത്തില്‍ കാണുന്ന ഹിജാബ്. കോളനി പൂര്‍വ കാലഘട്ടത്തിലെ ഹിജാബ് സ്ത്രീകളെ ലിംഗപരമായ ശ്രേണികളില്‍ തളച്ചിടുന്നതും വിഭജിക്കപ്പെട്ടതുമാണ്. പിന്നീട് കോളനി കാലഘട്ടത്തില്‍ ഹിജാബ്, യൂറോപ്പിന്റെ ലോകപരമായ കാഴ്ചപ്പാടിനുള്ളിലൂടെ അടിച്ചമര്‍ത്തപ്പെടേണ്ട അപരമായി മാറുന്നുണ്ട്. ഇങ്ങനെ യൂറോപ്പിന്റെ നിയന്ത്രണത്തിനു കീഴില്‍ ഹിജാബ് വരുന്നതോടു കൂടി ഇസ്‌ലാമിന്റെ നാഗരികമായ അധഃപതനത്തെയും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെയും പ്രതീകവത്കരിക്കുന്നതായിമാറുന്നു. കോളനിവിരുദ്ധ പോരാട്ടത്തിലും കോളനിയാനന്തര സാഹചര്യങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ്‌വാന്‍ ഹിജാബിനെ വമ്പിച്ച പ്രതിരോധ സന്നാഹമായി കണക്കാക്കിയിരുന്നു. ഹിജാബ് കോളനിവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി മാറി'' (പേജ് 212).
ഇങ്ങനെ ഹിജാബിലൂടെ ഈ സ്ത്രീകള്‍- ഈജിപ്തിലായാലും അമേരിക്കയിലായാലും- സാക്ഷാത്കരിക്കുന്നതെന്താണ്? ഹിജാബിലൂടെ സ്ത്രീകള്‍ വീണ്ടും അടിച്ചമര്‍ത്തപ്പെടുകയാണോ? മുസ്‌ലിം ആണിന്റെ പിടിയിലകപ്പെടുകയാണോ? ഇത്തരം സന്ദേഹങ്ങളെ ശുഭാപ്തി വിശ്വാസത്തോടെയാണ് ലൈല അഹ്മദ് നേരിടുന്നത്.
''മുസ്‌ലിം സ്ത്രീകളുടെ സാന്നിധ്യം ഞാന്‍ ആദ്യഘട്ടത്തില്‍ ഭയപ്പാടോടെയാണ് കണ്ടിരുന്നത്. എന്നാല്‍ വളരെ അടുത്ത് നിന്ന് ഈ സ്ത്രീകളുടെ ആക്ടിവിസം ഞാന്‍ കാണാനിടയായി. ലിംഗ ഭേദത്തെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിക്കുന്നവര്‍ക്കിടയില്‍ ഏറ്റവും ആധികാരിക ശബ്ദം ഇപ്പോള്‍ ഇസ്‌ലാമിസ്റ്റ് വനിതകളുടേതാണെന്നതില്‍ എനിക്കത്ഭുതമുണ്ട്. ഇവര്‍ നടത്തുന്ന പോരാട്ടങ്ങള്‍ വിലമതിക്കപ്പെടേണ്ടതുണ്ട്. ഞാനെത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ ഞാന്‍ കരുതിയതിലേറെ ശുഭാപ്തി വിശ്വാസം കൈവരുത്തുന്നതാണ്. ഞാനെത്തിച്ചേരുമെന്നു ഞാന്‍ കരുതിയതിലേറെ സന്തോഷകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്'' (പേജ് 303).
ലൈല അഹ്മദ് തുടരുന്നു: ''ഇന്ന് ഉയര്‍ന്നുവരുന്ന 'ഫെമിനിസ്റ്റ്' സമീപനങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് ഇസ്‌ലാമിക ഗ്രന്ഥങ്ങളെ പുനര്‍വായിക്കാന്‍ മതബോധമുള്ള മുസ്‌ലിംകള്‍ തയാറാവുന്നു എന്നതാണ്. തീര്‍ച്ചയായും നവാല്‍ സഅ്ദാവിയെ പോലുള്ള സെക്യുലര്‍ സ്ത്രീകള്‍ ഇത് നടത്തിയിട്ടുണ്ട്. എന്നാല്‍, അടിസ്ഥാനപരമായ വിശ്വാസം പുലര്‍ത്തുന്ന സ്ത്രീകള്‍ തന്നെ ഇത്തരം സംരംഭങ്ങളില്‍ വ്യാപൃതരാവുന്നുവെന്നതാണ് മറ്റൊരു പ്രധാന കാര്യം. മത സ്ഥാപനങ്ങളിലും നേതൃത്വത്തിലും സ്ത്രീകള്‍ തുല്യാവകാശത്തിനായി നടത്തുന്ന ഇടപെടലുകളുടെ സാഹചര്യവും ഇതിന് സഹായകമാകുന്നു. ഇതു പാശ്ചാത്യ ലോകത്തെ ഇസ്‌ലാമിന്റെ പുതിയ സാന്നിധ്യത്തെയും സാധ്യതയെയുമാണ് വെളിപ്പെടുത്തുന്നത്'' (പേജ് 306).
പുസ്തകത്തിന്റെ ഘടനയെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചല്ലോ. രണ്ട് ഭാഗങ്ങളുള്ള പുസ്തകത്തിന് ആമുഖമൊഴികെ പതിനൊന്ന് അധ്യായങ്ങളുണ്ട്. ഒന്നാം അധ്യായത്തില്‍ 1950-ലെ ഈജിപ്താണ് കടന്നുവരുന്നത്. ആളുകള്‍ പൊതുവെ ഹിജാബ് ധരിക്കാറില്ല. ഹിജാബിനെക്കുറിച്ചും സെക്യുലറിസത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഇവിടെ സവിസ്തരം കടന്നുവരുന്നു. ഖാസിം അമീന്റെ ജീവിത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ ഇതിലുണ്ട്. മുഹമ്മദ് അബ്ദു, ഖാസിം അമീനുമായി ചേര്‍ന്നാണ് Liberation of Women എഴുതിയതെന്ന പ്രസ്താവന ഏറെ അമ്പരപ്പുളവാക്കുന്നതാണ്. പിന്നീട് ഖാസിം അമീന്റെ പേരു മാത്രം കൊടുത്ത് പുസ്തകം ഇറക്കിയെന്നാണ് പറയുന്നത്. അബ്ദുവിന് കൊളോണിയലിസവുമായി ഉണ്ടായിരുന്ന അനുരാഗത്തെ പുസ്തകം തുറന്നു കാണിക്കുന്നുണ്ട്. തുടര്‍ന്നുള്ള അധ്യായങ്ങള്‍ 1920 മുതല്‍ 1970വരെയുള്ള ഈജിപ്തിന്റെ ചരിത്രത്തെ വിശകലനം ചെയ്യുന്നു. ഹസനുല്‍ ബന്നായുടെ ജീവിതം, ബന്നായും സൈനബുല്‍ ഗസ്സാലിയുമായുള്ള സംവാദം, ഹസനുല്‍ ഹുദൈബിയുടെ നേതൃത്വം, ഖുത്വ്ബിന്റെ ചിന്തയെ വഴിതെറ്റി വ്യാഖ്യാനിച്ചവരോടുള്ള സമീപനങ്ങള്‍ ഇവയൊക്കെ വസ്തുനിഷ്ഠമായി തന്നെ ലൈല അഹ്മദ് വിലയിരുത്തുന്നു.
ആദ്യത്തെ എട്ട് അധ്യായങ്ങളാണ് ഈജിപ്തിലെ ഇസ്‌ലാമിക മുന്നേറ്റത്തെ കുറിച്ചുള്ളത്. പിന്നീട് അമേരിക്കയില്‍ ഇസ്‌ലാമിസ്റ്റുകളുടെ ആദ്യ തലമുറ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്നും ഈജിപ്തടക്കമുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെയും ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെയും പ്രവര്‍ത്തകരായിരുന്നു അവര്‍. ആദ്യകാലത്ത് അമേരിക്കയില്‍ കുടിയേറിയെത്തിയ മുസ്‌ലിംകളില്‍ ഭൂരിഭാഗവും ഇസ്‌ലാമിസ്റ്റുകളോട് ആഭിമുഖ്യമോ ഇസ്‌ലാമിസ്റ്റ് അനുഭാവമോ ഉള്ളവരായിരുന്നില്ല. എന്നാല്‍, ചിട്ടയോടെ പടിപടിയായുള്ള പ്രവര്‍ത്തന പരിപാടികള്‍ഇസ്‌ലാമിസ്റ്റുകളെ വളര്‍ത്തി. രണ്ടായിരത്തിനു ശേഷം ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും വന്‍ പങ്കാളിത്തം 'ഇസ്‌ന'യടക്കമുള്ള പ്രസ്ഥാനങ്ങളില്‍ കാണപ്പെട്ടു.
ലൈല അഹ്മദ് നിരീക്ഷിക്കുന്ന പ്രധാനപ്പെട്ട കാര്യം, ആദ്യഘട്ടത്തില്‍ രണ്ടു തരത്തിലുള്ള ഹിജാബിനെ അവര്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ കാണുന്നുവെന്നതാണ്. ഒന്ന്, ഇസ്‌നയുടെ പരിപാടികളില്‍ വരുമ്പോള്‍ മാത്രം ഹിജാബ് ധരിക്കുന്നവര്‍. രണ്ട്, ഇസ്‌നയുടെ പരിപാടികളില്‍ ഹിജാബ് ധരിച്ചുവരുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത്. ഇങ്ങനെയുള്ള വൈരുധ്യത്തെ പിന്നീട് ഇസ്‌ന തുറന്ന സമീപനത്തോടെ പരിഹരിക്കുന്നുണ്ട്. ലിംഗനീതിയെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചുമുള്ള പുതിയ ചര്‍ച്ചകള്‍ രണ്ടായിരത്തിനു ശേഷം ഇത്തരം പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. 9/11-നു ശേഷം അമേരിക്കയിലെ ചെറുപ്പക്കാരികളും സ്ത്രീകളും ഇസ്‌ലാമിസ്റ്റുകളുടെ പരിപാടികളില്‍ നീതിയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങി. അവര്‍ രാഷ്ട്രീയത്തിലും ലോകത്തും മാത്രമല്ല നീതി ആവശ്യപ്പെട്ടത്. മറിച്ച് ഇസ്‌ലാമിസ്റ്റുകളുടെ വിവിധ സംഘടനകളിലും സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ആവശ്യപ്പെട്ടു. വ്യത്യസ്ത വീക്ഷണക്കാരായ മുസ്‌ലിം പണ്ഡിതന്മാരെ മാത്രമല്ല, സാമ്രാജ്യത്വ വിരുദ്ധരായ ആക്ടിവിസ്റ്റുകളെയും അവര്‍ പരിപാടികളിലേക്ക് ക്ഷണിച്ചു. എല്ലാവരോടും വളരെ വിമര്‍ശനാത്മകമായ ഒരു സമീപനം സൂക്ഷിക്കുകയും സംവാദാത്മകമായ ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തു.
ഇതാണ് ലൈല അഹ്മദിന് മുഖ്യധാരാ ലിബറല്‍ ജീവിതത്തിനു പുറത്ത് പുതിയ വിശ്വാസങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. മാത്രമല്ല, ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുമ്പോള്‍ പൊതുവെ ആരും പുലര്‍ത്താറില്ലാത്ത നൈതികമായ വിശകലനരീതികള്‍ ലൈല അഹ്മദ് പുലര്‍ത്തുന്നു. ഇന്നത്തെ ആഗോള മീഡിയ എന്തു പറഞ്ഞാലും ഇസ്‌ലാമിനെക്കുറിച്ചാകുമ്പോള്‍ ആളുകള്‍ വിശ്വസിക്കുന്ന കാലഘട്ടമാണിത്. കേരളത്തില്‍ വരെ ഇസ്‌ലാമിക മൗലികവാദം വളരുന്നുവെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പുതിയ കണ്ടുപിടിത്തം. അതിന് ഇടതുപക്ഷമെന്ന ലേബലിലുള്ളവര്‍തന്നെയാണ് പിന്തുണ നല്‍കുന്നത്. യഥാര്‍ഥത്തില്‍ ലൈല അഹ്മദ് നല്‍കുന്ന പ്രധാന പാഠം ഇതാണ്: ഇസ്‌ലാമിസ്റ്റുകള്‍ തങ്ങളെ തന്നെ സ്വന്തം കണ്ണാടിയില്‍ നോക്കി സ്വയം വിമര്‍ശനം നടത്തണം. മറ്റുള്ളവരുടെ കണ്ണാടികള്‍ നോക്കി വിമര്‍ശനം നടത്തുന്നത് ചെരിപ്പിനൊത്ത് കാല്‍ മുറിക്കുന്നതിന് തുല്യമാണ്. 'ഇസ്‌ന'യടക്കമുള്ള പ്രസ്ഥാനങ്ങള്‍ അത് നിര്‍വഹിക്കുമ്പോഴാണ് അവര്‍ സ്വീകാര്യരാവുന്നത്; വിശിഷ്യാ സ്ത്രീകളുടെ അധികാര പങ്കാളിത്തത്തിന്റെ കാര്യത്തില്‍. ഇതാണ് ഈ പുസ്തകത്തെ തന്നെ സാധ്യമാക്കിയത്. ലൈല അഹ്മദ് ഇപ്പോള്‍ ഇതംഗീകരിച്ചു എന്നതിലല്ല, മറിച്ച് അവര്‍ ഇതംഗീകരിച്ചില്ലെങ്കില്‍ ഇസ്‌നക്കൊന്നും സംഭവിക്കാനില്ല എന്ന തിരിച്ചറിവു കൂടിയാണ് ഈ പുസ്തകം പകര്‍ന്നു നല്‍കുന്നത്.
A Quiet Revolution: The Veil's Resurgence, from the Middle East to America
Leila Ahmed
Yale University Press (2011)
Comments