Prabodhanm Weekly

Pages

Search

2011 ജൂണ്‍ 11

ഗീതയും ഖുര്‍ആനും


പ്രബോധനം ലക്കം 48ല്‍ എ.വി ഫിര്‍ദൗസിന്റെ പ്രതികരണം, 'വിശുദ്ധ ഖുര്‍ആനും ഭഗവദ്ഗീതയും; താരതമ്യത്തിലെ പ്രശ്‌നങ്ങള്‍' വായിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ 'ഗീതയും ഖുര്‍ആനും' എന്ന ലേഖനം വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ പരിഗണനാര്‍ഹമായ ഒരു ലക്ഷ്യമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. ബൈബിള്‍-ഗീത-ഖുര്‍ആന്‍ പഠനങ്ങള്‍ നടക്കേണ്ടതും ജനജീവിതത്തിന് പരിചയപ്പെടുത്തേണ്ടതും കരുത്തുറ്റ ഇന്ത്യയുടെ നിര്‍മാണത്തിന് അനിവാര്യമാണെന്നതു വളരെ ശ്രദ്ധേയമാണ്. മുസ്‌ലിംകളില്ലാത്ത ഇന്ത്യയല്ല, മറിച്ചു ഹിന്ദു മുസ്‌ലിം മൈത്രി നിലനില്‍ക്കുന്ന ഇന്ത്യയാണ് വേണ്ടതെന്ന് ഹിന്ദുമത പരിഷ്‌കര്‍ത്താവായ വിവേകാനന്ദ സ്വാമികളെ അദ്ദേഹം ഉദ്ധരിക്കുന്നു. അതിവിശാലമായ ഒരാശയത്തോടു യോജിപ്പിന്റെ മേഖലകളാണു അന്വേഷിക്കേണ്ടത്. രണ്ടു വ്യക്തികള്‍ക്കും അവരുടെ സന്ദേശങ്ങള്‍ക്കുമിടയില്‍ സമാനതകളുണ്ടെന്നു പറഞ്ഞാല്‍ എല്ലാ വിശദാംശങ്ങളിലും സമാനതകള്‍ അന്വേഷിക്കേണ്ടതില്ല. ഒരു ബിന്ദുവില്‍ മതിയല്ലോ. സ്വാമിയുടെ ലേഖനം സൂക്ഷ്മമായി വായിച്ചാല്‍ വിയോജിപ്പുകള്‍ തീരാവുന്നതേയുള്ളൂ.
ഹിന്ദുമതത്തിലെ അവതാരസങ്കല്‍പമനുസരിച്ചു മുഹമ്മദ് നബി ഒരവതാരമാണെന്നദ്ദേഹം സമര്‍ഥിച്ചിട്ടില്ല: ''ശ്രീകൃഷ്ണന്‍ ഇന്ത്യയിലെ ജനസ്വാധീനമുള്ള ഒരു പ്രവാചകനാണ്. അവതാരകന്‍ അല്ലാഹുവാണെന്നാണ്. നബി അവതാരമാണെന്ന് ഇന്ത്യന്‍ ഭാഷയില്‍ പറയാം.'' ഈ വാക്കുകളില്‍ എന്താണപകടം? തദ്‌വിഷയകമായി ടി. മുഹമ്മദ് സാഹിബെഴുതിയതു കാണുക: ''അവതാര സങ്കല്‍പത്തിലെ താത്ത്വിക വശം -ധര്‍മസംസ്ഥാപനാര്‍ഥം മഹാപുരുഷന്മാര്‍ നിയോഗിക്കപ്പെടുക എന്ന വശം സുപ്രധാനമാണ്. അത് ഇസ്‌ലാമിലെ പ്രവാചകത്വ വിശ്വാസത്തോടു തികച്ചും പൊരുത്തപ്പെടുന്നുമുണ്ട്. സാങ്കേതിക സംജ്ഞകള്‍ തമ്മില്‍ വ്യത്യാസം കാണുക സാധാരണമാണ്. ആ വൈവിധ്യം മുന്‍നിര്‍ത്തി തത്ത്വത്തിലുള്ള അടുപ്പം അവഗണിക്കുന്ന പക്ഷം യാതൊരു വിജ്ഞാനവും പുരോഗമിക്കയില്ല. ഇതുതന്നെയാണ് മതപരമായ സാങ്കേതിക സംജ്ഞകളുടെയും സ്ഥിതി. മഹാപുരുഷന്മാരുടെ ആവിര്‍ഭാവത്തിന്റെ ഉദ്ദേശ്യമായി ഗീതയും ഖുര്‍ആനും പറഞ്ഞിട്ടുള്ളത് ആന്തരാര്‍ഥത്തില്‍ ഒന്നുതന്നെയാണ്.'' ശ്രീകൃഷ്ണന്‍ പ്രവാചകനാണെന്നതിന് മുസ്‌ലിംകളുടെ പക്കല്‍ വ്യക്തമായ തെളിവില്ലെങ്കിലും ഖുര്‍ആനിക വീക്ഷണത്തില്‍ അതിനുള്ള സാധ്യത പരക്കെ അംഗീകരിക്കപ്പെടുന്നതാണ്. ദൈവത്തിനും പ്രവാചകത്വത്തിനും നിരക്കാത്തതൊന്നും അദ്ദേഹത്തിന്റെ സന്ദേശത്തിലില്ലെങ്കില്‍ എന്തിന് നിഷേധിക്കണം?
ഖുര്‍ആന്‍ പൂര്‍ണമായും യുദ്ധ പശ്ചാത്തലത്തിലവതരിച്ചതാണെന്നു സ്വാമി പറഞ്ഞിട്ടില്ല. ''കുരുക്ഷേത്ര യുദ്ധഭൂമിയില്‍ ഗീതാവതരണം നടന്നുവെങ്കില്‍ ബദര്‍ ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ പോരാട്ട ഭൂമിയിലും കൂടിയാണ് വിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകള്‍ അവതരിക്കപ്പെട്ടത്. ഇരുഗ്രന്ഥങ്ങളിലും ഏറ്റവും കുറച്ചു സന്ദര്‍ഭങ്ങളിലേ യുദ്ധാഹ്വാനം കാണുന്നുള്ളൂ'' എന്ന വാചകം ശ്രദ്ധിക്കുക.
15 നൂറ്റാണ്ടുമാത്രം പഴക്കമുള്ള വിശുദ്ധ ഖുര്‍ആന്‍, ഗീത ഉള്‍പ്പെടെയുള്ള വേദഗ്രന്ഥങ്ങളുടെ അന്തസത്ത ശരിവെക്കുന്നുവെങ്കില്‍, അനേകായിരം വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഗീതയില്‍ അവ കാണപ്പെടുന്നതെങ്ങനെ? മുമ്പുള്ള ഉപനിഷത്തുകള്‍ ഗീത ശരിവെക്കുന്നുണ്ടല്ലോ. ഒന്നില്‍ സംഭാഷണശൈലിയെങ്കില്‍ മറ്റൊന്നില്‍ സൂക്താവതരണ ശൈലി എന്നതും സാന്ദര്‍ഭികമെന്നേ മനസ്സിലാക്കേണ്ടതുള്ളൂ.
ശ്രീകൃഷ്ണനിലും മുഹമ്മദ് നബിയിലും ഗോപാലനവും അജപാലനവും കാണപ്പെടുന്നുവെങ്കില്‍, മനുഷ്യരെ മെരുക്കാനുള്ള പരിശീലനമാണ് മൃഗങ്ങളെ മെരുക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് അംഗീകരിച്ചുകൂടെ?
അനാഥത്വത്തിലും യുദ്ധരീതിയിലും സമാനതകളും വൈവിധ്യങ്ങളും കണ്ടേക്കാം. സ്വന്തക്കാരുടെ പിന്തുണയുണ്ടായിട്ടും നബിക്കു പലായനം ചെയ്യേണ്ടിവന്നു. നബി ഉഹുദ് യുദ്ധമുഖത്ത് പോരാടിയെങ്കില്‍, കൃഷ്ണന്‍ അര്‍ജുനന്റെ തേരുതെളിക്കുകയുണ്ടായി.
ബഹുഭാര്യാത്വത്തെ പറ്റി സ്വാമി എഴുതിയതു കാണുക: ''നബിയും കൃഷ്ണനും ബഹുഭാര്യാത്വത്തെ അംഗീകരിച്ചിരുന്നു.'' ബഹുഭാര്യാത്വം ഒരു ഇസ്‌ലാമിക അശ്ലീലതയായി ഹിന്ദുത്വവാദികള്‍ അവതരിപ്പിക്കുന്നതിനെ ചോദ്യം ചെയ്തിരിക്കുന്നു. ഇതിലെന്തബദ്ധമാണുള്ളത്? ഒരു മഹദ് വ്യക്തിയുടെ ഔന്നത്യത്തിന് നിരക്കാത്തവിധം കൃഷ്ണനെ അനുയായികള്‍ വര്‍ണിച്ചിട്ടുണ്ടെങ്കില്‍ അതവഗണിക്കുകയല്ലേ യോജിപ്പിനുതകുന്നത്?
പി.എം കുഞ്ഞുമുഹമ്മദ്
വടുതല

ഇസ്‌ലാമിലും അന്ധവിശ്വാസമോ?

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്ന ഒരു മതത്തിലെ കണ്ണിയാണ് ഞാന്‍. ഇസ്‌ലാം മതത്തെ ആദരവോടെ വീക്ഷിക്കുന്നവനും. സ്‌നേഹിതരില്‍ ഭൂരിഭാഗവും മുസ്‌ലിംകള്‍. തനി യാഥാസ്ഥിതിക കുടുംബമായിട്ടും ഒരിക്കല്‍ പോലും 'വഅ്‌ള്' കേള്‍ക്കാന്‍ പോകുന്ന എന്നെ അവര്‍ തടഞ്ഞില്ല. നേരും നെറിയും ഉള്ളവരാണ് മാപ്പിളമാര്‍ എന്ന അവരുടെ വിശ്വാസത്തിന് കോട്ടം വന്നില്ല.
അജ്ഞതയും അന്ധവിശ്വാസവും ആഭാസത്തവും അവസാനിപ്പിച്ചതും ഏകദൈവവിശ്വാസികളാവാന്‍ ജനത്തോട് ആഹ്വാനം ചെയ്തതും നബിയാണ് എന്ന് മനസ്സിലാകുന്നു. ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിശുദ്ധ കേശം, കേശ സൂക്ഷിപ്പിന് പണിയാനുദ്ദേശിക്കുന്ന പള്ളി ഇവയെക്കുറിച്ചൊരു പുനര്‍ ചിന്തനം ആവശ്യമല്ലേ?
മതാനുയായികള്‍ ഈ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കരുത്. നാളെ മ്ലേഛമായ ഒരു പ്രവര്‍ത്തനത്തിന്റെ അടയാളമായി തീര്‍ന്നേക്കാം ഈ പളളി.
പ്രബോധനത്തിലെ മുഖക്കുറിപ്പ്(ലക്കം 49) വായിച്ചപ്പോള്‍ ഇത്രയും എഴുതി. സമുദായത്തെ വെളിച്ചത്തിലേക്ക് നയിക്കുക, ഇരുട്ടിലേക്കല്ല എന്ന് അവരെ ഓര്‍മപ്പെടുത്തേണ്ടി വരുന്നു.

മേക്കുന്നത്ത് കരുണാകരന്‍,
കൊളത്തറ, കോഴിക്കോട്

ജീവിത വിജയത്തിന് മതം അനിവാര്യം

'മതം അനിവാര്യമോ എന്ന തലക്കെട്ടില്‍ പി. ഉണ്ണി പടിക്കല്‍, വെളിമുക്ക് എഴുതിയ കത്തില്‍(2011 മെയ് 7) ചില അബദ്ധങ്ങളുണ്ട്.
'ഒരു മതേതര ആധ്യാത്മിക ജീവിതമല്ലേ നല്ലത്? അതല്ലേ ഇന്നത്തെ സംഘര്‍ഷഭരിതമായ കാലഘട്ടത്തിന് യോജിച്ചത്?' എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാവുന്നില്ല. 'മതേതര ആധ്യാത്മിക' എന്ന പദം കൊണ്ട് എന്താണ് അദ്ദേഹം വിവക്ഷിക്കുന്നത്? ഇതിന് സാമ്പിളായി എന്തെങ്കിലും കാണിച്ചിരുന്നെങ്കില്‍ സംഘര്‍ഷഭരിതമായ കാലഘട്ടത്തിന് അതെത്രത്തോളം യോജിച്ചതാണെന്ന് നോക്കാമായിരുന്നു. അതൊന്നുമില്ലാതെ 'മതേതര ആധ്യാത്മികത' എന്ന് പറഞ്ഞുപോയത് കൊണ്ടെന്ത് കാര്യം?
പ്രപഞ്ച സ്രഷ്ടാവായ നാഥന്‍ ഏകനാണെന്ന് അദ്ദേഹം പറഞ്ഞത് പരമസത്യം. എന്നാല്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിന്റെ അര്‍ഥം അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല എന്നാണ്. പ്രപഞ്ച സ്രഷ്ടാവും നാഥനുമായ ഏകദൈവത്തിന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട് ജീവിച്ച് ദൈവപ്രീതിയാര്‍ജിച്ച് ജീവിത വിജയം നേടുന്നതിന് യഥാര്‍ഥ മതം അനിവാര്യമത്രേ. മതം എന്ന പദം സങ്കുചിതമായ അര്‍ഥത്തില്‍ പലരും വ്യവഹരിക്കാറുണ്ട്. മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയില്‍ തനിയെ ഉണ്ടായിത്തീര്‍ന്നതെന്നും മനുഷ്യരുണ്ടാക്കിയതെന്നുമൊക്കെ മതത്തെക്കുറിച്ച് പലരും പറയാറുണ്ട്. ഇത് ഒട്ടും ശരിയല്ല. യഥാര്‍ഥ മതം പ്രപഞ്ചനാഥന്‍ മനുഷ്യകുലത്തിന് നല്‍കിയ മാര്‍ഗദര്‍ശനമാണ്. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വെളിച്ചം തരുന്നതാണ്. ഈ മാര്‍ഗദര്‍ശനത്തിനനുസരിച്ച് ജീവിച്ചെങ്കില്‍ മാത്രമേ ഈലോകത്ത് ശാന്തിയും പരലോകത്ത് സ്വര്‍ഗവും നേടാനാവുകയുള്ളൂ.
മതത്തെ പഴത്തിന്റെ തൊലിയോട് ഉപമിച്ചത് വിഡ്ഢിത്തമായി. യഥാര്‍ഥ മതത്തെക്കുറിച്ച് മനസ്സിലാക്കാത്തതുകൊണ്ടോ, ചപലമായ ദേഹേഛകളുടെ പൂര്‍ത്തീകരണത്തിന് മതം തടസ്സമാണ് എന്നുകണ്ട് മതം വേണ്ട എന്ന നിലപാടെടുത്തതു കൊണ്ടോ ലേഖകന്‍ മതവിരുദ്ധനാണെന്ന് സ്വയം തെളിയിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങളും രക്തച്ചൊരിച്ചിലും ഉണ്ടായിട്ടുള്ളത് മതത്തിന്റെ പേരിലല്ല. രാഷ്ട്രീയത്തിന്റെയും ഭൗതിക ആശയങ്ങളുടെയും പേരിലാണ്. നമ്മുടെ കേരളത്തിലെ തന്നെ  അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും സ്വത്ത് നശീകരണങ്ങളുടെയും കാര്യമെടുക്കുക. കമ്യൂണിസ്റ്റുകാരും സംഘ്പരിവാറുകാരും തമ്മില്‍ എത്ര കൊലപാതകങ്ങള്‍ നടന്നു? ഒരു തുടര്‍ക്കഥപോലെയല്ലേ ഇത് ഇടക്കിടെ ഉണ്ടാവുന്നത്? ഇത് മതത്തിന്റെ പേരിലാണോ? ഇവിടത്തെ ഹിന്ദുക്കളും മുസ്‌ലിംകളും ക്രൈസ്തവരും മതഭിന്നതയുടെ പേരില്‍ കലാപങ്ങള്‍ നടത്തിക്കൊണ്ടാണോ കഴിയുന്നത്? പരസ്പരം സഹകരിച്ചും സഹായിച്ചും സൗഹാര്‍ദത്തിലുമല്ലേ അവര്‍ ജീവിക്കുന്നത്?
മതമില്ലാത്ത മനുഷ്യരുടെ ചപലമായ ജഡികാഗ്രഹങ്ങളെ നിയന്ത്രിക്കുന്ന ഒരു ശക്തിയും അവന്റെ മനസ്സിലില്ല. അവന്ന് ധാര്‍മികതയുടെ അടിസ്ഥാനത്തിലുള്ള വിധിവിലക്കുകളില്ല. പുണ്യപാപങ്ങളില്ല. നന്മ തിന്മകളില്ല. അവന്ന് താല്‍ക്കാലിക സുഖമേകുന്നതൊക്കെ അവന്ന് ചെയ്യാം. കുതിരക്ക് കടിഞ്ഞാണില്ലെങ്കില്‍ അതിന്റെ ഓട്ടത്തിന് നിയന്ത്രണമില്ലല്ലോ. കടിഞ്ഞാണില്ലാത്ത കുതിരയുടെ ഓട്ടത്തോടുപമിക്കാവുന്നതാണ് മതരഹിതന്റെ ജീവിതം. ഇത്തരം ജീവിതമാണോ മനുഷ്യന്നഭികാമ്യം?
ടി. മൊയ്തുമാസ്റ്റര്‍ പെരിമ്പലം

മതസൗഹാര്‍ദത്തിന് വഴികാട്ടുക
'ദയാവധത്തില്‍ ദയയില്ല!' എന്ന ഡോ. എം.എം ഹനീഫിന്റെ കത്ത്(ലക്കം 45) ചെറുതെങ്കിലും സുന്ദരം. കത്തുകളില്‍ അത്രയേ കൊടുക്കാനാകൂ എങ്കിലും ദൈവവിശ്വാസിക്ക് ദയാവധം ദയയര്‍ഹിക്കാത്തതുതന്നെ. ചോദ്യോത്തരത്തിലെ 'ഗോ മാതാവിനെ'ക്കുറിച്ചുള്ള മറുപടിയും അതീവ ഹൃദ്യമായിത്തോന്നി. പംക്തികള്‍ പലതും വിജ്ഞാനപ്രദങ്ങള്‍ത്തന്നെ. ഖുര്‍ആന്‍ ബോധനം അറബി അറിയാത്തതിന്റെ കുറവ് കാരണം മറിച്ചു നോക്കല്‍ മാത്രമാകുകയാണ്.
പ്രബോധനം 2011 ഏപ്രില്‍ 16 വളരെ രസകരമായിത്തോന്നി. മതാതീത ചിന്തകളിലൂന്നി മതസത്യങ്ങളെ വെളിപ്പെടുത്തി വിവേകശാലീനതയുള്ള മനുഷ്യ സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമകരമായ, പ്രബോധനാത്മകമായ ദാര്‍ശനിക സമര്‍ഥനങ്ങള്‍ മതവിദ്വേഷങ്ങള്‍ക്കപ്പുറം മതസൗഹാര്‍ദങ്ങള്‍ക്കു വഴികാട്ടികളാകുമ്പോള്‍, അതിനുതകുന്ന പ്രബോധനം വാരിക തണുത്ത കാറ്റുമാകുമ്പോള്‍ വായനയുടെ യാത്ര സുഗമവും സുശീതളവും സൗമ്യവുമായ സുന്ദരയാത്രയായി അനുഭവപ്പെടുന്നു.
ശ്രീനിലയം സുകുമാരരാജ
തൃപ്രയാര്‍

മുസ്‌ലിം സ്ത്രീയും മഹല്ലും
മുസ്‌ലിം സ്ത്രീയും മഹല്ലു സംവിധാനവും എന്ന റസിയ ചാലക്കലിന്റെ ലേഖനം(ലക്കം 50) അക്ഷരാര്‍ഥത്തില്‍ തന്നെ മഹല്ലു പ്രവര്‍ത്തനങ്ങള്‍ക്കുള്ളൊരു രൂപരേഖയാണ്.
'മഹല്ലുകളുടെ മൂക്കിനു താഴെ തിമിര്‍ത്താടുന്ന സ്ത്രീധനം എന്ന പൈശാചികത്വത്തിന് മൗനാനുവാദം നല്‍കുന്നവര്‍' എന്നതിനോടൊപ്പം അതിന്റെ കമീഷന്‍ കണക്കു പറഞ്ഞു വാങ്ങി വയര്‍ നിറക്കുന്നവര്‍ എന്നുകൂടി ചേര്‍ത്തിരുന്നുവെങ്കില്‍ വസ്തുത പൂര്‍ണമായേനെ. ശക്തവും ഉള്‍ക്കാഴ്ച പകരുന്നതുമായ ലേഖനം തയാറാക്കിയ ലേഖികക്കും പ്രബോധനത്തിനും ഭാവുകങ്ങള്‍.
ഫൈസല്‍ പട്ടാമ്പി

സായിബാബയും തത്ത്വമസിയും
സായിബാബയുടെ വിയോഗത്തോടെ നടന്ന ചില ചര്‍ച്ചകളില്‍ ആള്‍ദൈവത്തെ  'തത്ത്വമസി' എന്ന പദം ഉപയോഗിച്ച് ചിലര്‍ ന്യായീകരിക്കുകയുണ്ടായി.
'തത്ത്വമസി' (തത്-ത്വം-അസി) എന്നാല്‍ 'അതുനീയാകുന്നു' എന്നാണ് അര്‍ഥം. പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളിലും ഒരേ ചേതനതന്നെയെന്ന് സാരം. (വൈദികകാലം തൊട്ടേ ഈ ചിന്താഗതി ബുദ്ധിതലത്തില്‍ മാത്രമായിരുന്നു. പ്രായോഗിക ജീവിതത്തില്‍ ബ്രാഹ്മണന്‍, അബ്രാഹ്മണന്‍ എന്ന വ്യത്യാസവും താഴ്ന്ന ജാതിക്കാരന് വിദ്യാഭ്യാസം നിഷിദ്ധവുമായിരുന്നു എന്ന് ഓര്‍ക്കണം!) ഭഗവത് ഗീതയിലെ 9-ാം അധ്യായത്തില്‍ നാലാം മന്ത്രം ഈശ്വരന്റെ ഇതേ സ്വഭാവത്തെ കാണിക്കുന്നു.
മയാ തതമിദം സര്‍വം
ജഗദ് വ്യക്ത മൂര്‍ത്തിനാ
മത്സ്ഥാനി സര്‍വ്വഭൂതാനി
ന ചാഹം തേഷ്വവസ്ഥിത
മൂന്നും നാലും വരികളില്‍ പറയുന്നത്, ഈശ്വരന്‍ എല്ലാ ചരാചരങ്ങളിലും സകലഭൂതങ്ങളിലും സ്ഥിതിചെയ്യുന്നുവെങ്കിലും അവയില്‍ ഒന്നില്‍ മാത്രം പൂര്‍ണമായി ഒതുങ്ങുന്നില്ല എന്നാണ്. അതായത് ഒരു വിഗ്രഹത്തിലോ മനുഷ്യനിലോ മാത്രമായി 'ആള്‍ദൈവമായി' ഈശ്വരന്‍ നില്‍ക്കുന്നില്ല എന്നര്‍ഥം.
സമുദ്രത്തില്‍നിന്ന് ഒരു കുടം ജലം എടുത്ത് കരയില്‍ വെച്ചാല്‍ പിന്നെ കുടത്തിലെ ജലം സമുദ്രമാകുന്നില്ല. കുടത്തിലെ ജലത്തിന് സമുദ്രജലത്തിലെ ലവണാംശം ഉണ്ടെങ്കിലും സമുദ്രത്തിലെ മറ്റു ഗുണങ്ങളായ തിരമാലയോ ജീവജാലങ്ങളോ ഇല്ലാത്തത്ത് കൊണ്ട് കുടത്തിലെ ജലം സമുദ്രം അല്ല. എന്നാല്‍ കുടത്തില്‍ എടുക്കുന്നതിന് മുമ്പ് ആ ജലം സമുദ്രത്തില്‍ അലിഞ്ഞ് ചേര്‍ന്ന് സമുദ്രമായിരുന്നു എന്ന് ഓര്‍ക്കണം. അതുപോലെ ഈ പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് നാം എല്ലാവരും ഈശ്വരന്റെ മനസ്സില്‍ സൂക്ഷ്മത്തില്‍ സൂഷ്മമായി അലിഞ്ഞു ചേര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും കുടത്തിലെ ജലംപോലെ വ്യത്യസ്തരായിരിക്കുന്നു.! ശ്രീനാരായണ ഗുരുവില്‍നിന്നാണ് 'ആള്‍ദൈവം' വരുവാന്‍ തുടങ്ങിയതെന്നു തോന്നുന്നു. ആധുനിക ശങ്കരാചാര്യരായി അദൈ്വതം പുനഃസ്ഥാപിച്ചുകൊണ്ട് കടന്നുവന്ന നാരായണ ഗുരു, ജീവിച്ചിരിക്കുമ്പോള്‍ തന്നെ തലശ്ശേരി ജഗദ്‌നാരായണ ക്ഷേത്രത്തില്‍ സ്വന്തം പ്രതിമ പ്രതിഷ്ഠിച്ച് പൂജ ചെയ്തുകൊള്ളാന്‍ അനുവാദം നല്‍കി ഒരു 'ആള്‍ദൈവ'മായി മാറി! അങ്ങനെ അദൈ്വത മതം നാരായണഗുരു ജീവിച്ചിരുന്ന കാലത്തുതന്നെ തകര്‍ന്നു.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത വിജയത്തെ നാം മനസ്സിലാക്കേണ്ടത് ഇവിടെയാണ്. പ്രവാചക ജീവിതത്തിന്റെ തുടക്കം തൊട്ട് അവസാന കാലംവരെ ഒരു ആള്‍ദൈവമായി മാറാതെ, സാധാരണക്കാരില്‍ സാധാരണക്കാരനായി അദ്ദേഹം ജീവിച്ചു. താനൊരിക്കലും ആള്‍ദൈവമല്ലെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുക മാത്രമല്ല, അവര്‍ തലമുറകളായി ഇന്നും ആ വിശ്വാസം അതേപടി കൈമാറുന്നു. പ്രവാചകന്‍ മരിച്ച അവസരത്തില്‍ അനുയായികളിലൊരാള്‍ പ്രവാചകന്‍ മരിക്കുകയില്ല എന്ന് വാദിച്ചു;  അത് ഉടനെ മറ്റുള്ളവര്‍ തിരുത്തി. 'പ്രവാചകന്‍ മനുഷ്യനാണ്. എല്ലാവരെയും പോലെ മരിക്കുകയും ചെയ്തിരിക്കുന്നു' എന്ന്. ഇത് പ്രവാചകന്റെ ജീവിതത്തിലെ പൂര്‍ണവിജയം തന്നെയാണെന്ന് സമ്മതിക്കാതെ വയ്യ.
ഡോ.കെ.വി ബേബി ഉടുപ്പി
കര്‍ണാടക

മഹല്ലുകളും നാട്ടുനടപ്പുകളും
മുസ്‌ലിം സമുദായത്തിന്റെ കൂട്ടായ്മകളില്‍ ഏറ്റവും അടിസ്ഥാന തലത്തിലുള്ള സംവിധാനമാണ് മഹല്ലുകള്‍. ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയുടെ ബാലപാഠങ്ങള്‍ മഹല്ലുകളില്‍നിന്ന് ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ മഹല്ലുസംവിധാനം ഇന്നും അവ്യവസ്ഥിതമായ രീതികളിലാണ് മുന്നോട്ടു പോകുന്നത്. സാമുദായിക രാഷ്ട്രീയം, മുസ്‌ലിം കക്ഷി വഴക്കുകള്‍, കുടുംബ പാരമ്പര്യവാദങ്ങള്‍, സമ്പന്ന-ദരിദ്ര ഭേദങ്ങള്‍, പുത്തന്‍പണത്തിന്റെ ദുഷ്പ്രവണതകള്‍ എന്നിങ്ങനെ മഹല്ല് സംവിധാനത്തെ വഴിതെറ്റിക്കുന്ന പല ഘടകങ്ങള്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്നു. പലപ്രദേശങ്ങളിലും നാട്ടു പ്രമാണിമാരും മുറിമുല്ലമാരുമാണ് മഹല്ല് ഭരണം നിയന്ത്രിക്കുന്നത്. ഇത്തരക്കാരുടെ താല്‍പര്യത്തിനൊത്ത് തുള്ളുന്ന ഖത്വീബുമാരും ഇമാമുമാരും ഖാദിമാരുമൊക്കെ ഇസ്‌ലാമിക മൂല്യങ്ങള്‍ അവഗണിച്ചും സമുദായ നന്മയെ തൃണവല്‍ഗണിച്ചും മുന്നോട്ടു പോകുമ്പോള്‍ മഹല്ലുകള്‍ വെള്ളരിക്കാ പട്ടണങ്ങളായി മാറുന്നു. ചായക്കടകളിലും ബസ്‌സ്റ്റോപ്പുകളിലും ചീട്ടുകളിവട്ടങ്ങളിലും ഇരുന്ന് സമുദായ/മഹല്ല് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മുസ്‌ലിം ഉമ്മത്ത് അംഗങ്ങള്‍ പല മഹല്ലുകളിലും ഇസ്‌ലാമിന്റെ സാംസ്‌കാരിക വ്യക്തിത്വത്തിന് നിരക്കാത്ത നാട്ടുനടപ്പുകളുടെയും മതബാഹ്യങ്ങളായ കീഴ്‌വഴക്കങ്ങളുടെയും പ്രയോക്താക്കളായി അനുഭവപ്പെടുന്നു. കേരളത്തില്‍ പല ഉള്‍നാടന്‍ മഹല്ലുകളിലും ഇതാണ് അവസ്ഥ. മൂല്യാധിഷ്ഠിതമായ പുനഃക്രമീകരണങ്ങള്‍ മഹല്ല് സംവിധാനങ്ങളില്‍ അനിവാര്യമാണ്. പ്രബോധനത്തിലെ ചര്‍ച്ച ആ നിലക്ക് ഫലപ്രദമായിത്തീരേണ്ടതുണ്ട്
എ.വി ഫിര്‍ദൗസ് ഒറ്റപ്പാലം

ഒറ്റക്കെട്ടായി രംഗത്തിറങ്ങുക
മുടിയെക്കുറിച്ചുതന്നെ. മര്‍കസിലും മറ്റു പലയിടങ്ങളിലും സൂക്ഷിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്ന നബി(സ)യുടെ മുടി അതിന്റെ സനദ് പ്രകാരം യഥാര്‍ഥമാണെങ്കില്‍ ഇസ്‌ലാമിക നിയമപ്രകാരം ഖബ്‌റടക്കം ചെയ്യപ്പെടേണ്ടതല്ലേ? ഇത്രയൊക്കെ കോലാഹലങ്ങളുണ്ടായിട്ടും പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്താണ്? തന്റെ ഖബറിടം ആരാധനാലയമാക്കരുതെന്ന് നിര്‍ദേശിച്ച നബി(സ) തന്റെ ശേഷിപ്പുകള്‍ ആര്‍ക്കെങ്കിലും സൂക്ഷിക്കാന്‍ നല്‍കിയെന്ന്  ഒരിക്കലും കരുതാനാവില്ല. ഹസ്രത്ത്ബാല്‍ പള്ളിയും മറ്റും പള്ളിയെന്നതിനേക്കാളേറെ മുടിയാരാധനക്കാണ് ജനങ്ങള്‍ പോവുന്നത്. 40 കോടി ചെലവിട്ട് കോഴിക്കോട്ട് നിര്‍മിക്കാന്‍ പോകുന്ന പള്ളിയും ആരാധിക്കപ്പെടുമെന്നതില്‍ സംശയമില്ല. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി ഈ പദ്ധതിക്കെതിരെ ശക്തമായി രംഗത്തിറങ്ങേണ്ടത് ബാധ്യതയാണ്. ഇസ്‌ലാമിനെ വികലമാക്കി നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗവും ആയിക്കൂടെ ഇത്?
കുഞ്ഞബ്ദുല്ല കോറോത്ത്

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം