സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ആശ്വാസവും ആശങ്കയും
സൈദ്ധാന്തികാടിത്തറയുള്ളത്, മൂല്യാധിഷ്ഠിതം, വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നത് എന്നൊക്കെ അവകാശപ്പെടുന്ന ദേശീയ കക്ഷികളുടെ തളര്‍ച്ചയുടെ ലക്ഷണങ്ങളാണ് കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, ബംഗാള്‍, ആസാം എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഫലങ്ങളില്‍ പ്രകടമാകുന്നത്. ആസാമില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് കോണ്‍ഗ്രസ്സിനു ലഭിച്ച പ്രസ്താവ്യമായ വിജയം. കേരളത്തില്‍ എല്‍.ഡി.എഫില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് മുന്നണിക്ക് കഴിഞ്ഞുവെങ്കിലും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി ഇപ്പോഴും സി.പി.എം തന്നെയാണ്. കോണ്‍ഗ്രസ് മുന്നണിക്ക് ലഭിച്ച ഭൂരിപക്ഷമാകട്ടെ വളരെ നേരിയതും. സഖ്യകക്ഷികളുമായി ചേര്‍ന്ന് മത്സരിച്ചിട്ടും തമിഴ്‌നാട്ടില്‍ ശക്തി തെളിയിക്കാന്‍ കോണ്‍ഗ്രസിനായില്ല. ബംഗാളിലാവട്ടെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്ന വമ്പന്‍ പാര്‍ട്ടിയുടെ ജൂനിയര്‍ പാര്‍ട്ടണര്‍ മാത്രമാണ് കോണ്‍ഗ്രസ്. ബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, പരാജയം നാണം കെട്ടതുമായി. കേരളത്തില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും പരാജയം നാണം കെട്ടതായിട്ടില്ല. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലായി നൂറോളം സീറ്റുകള്‍ അവര്‍ നേടിയിട്ടുണ്ട്. ദേശീയതലത്തില്‍ മുഖ്യ പ്രതിപക്ഷവും അടുത്ത ഊഴത്തില്‍ കേന്ദ്ര ഭരണം സ്വപ്നം കാണുന്നതുമായ ബി.ജെ.പിയുടെ അവസ്ഥയാണ് ഏറ്റവും ശോചനീയമായത്. 117 ലോക്‌സഭാ മണ്ഡലങ്ങളിലുള്‍പ്പെട്ട 1824 നിയമസഭാ മണ്ഡലങ്ങളില്‍ 800 എണ്ണത്തില്‍ മത്സരിച്ച ബി.ജെ.പിക്ക് ലഭിച്ചത് കേവലം അഞ്ച് സീറ്റുകള്‍ മാത്രം. ഈ അഞ്ചു സീറ്റും ആസാമിലാണ്. അതും നേരത്തെ പത്തു സീറ്റുണ്ടായിരുന്നത് നേര്‍ പകുതിയായി കുറഞ്ഞിരിക്കുകയാണിപ്പോള്‍. അടുത്ത ദേശീയ തെരഞ്ഞെടുപ്പോടെ കേന്ദ്ര ഭരണം സ്വപ്നം കാണുന്ന പാര്‍ട്ടിക്ക് 117 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും ഉറച്ച സാന്നിധ്യം തെളിയിക്കാനായില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഇത് അഞ്ചു സംസ്ഥാനങ്ങളുടെ മാത്രം കാര്യമല്ല. ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത വേറെയും സംസ്ഥാനങ്ങളുണ്ട്. കേരള അസംബ്ലിയില്‍ ഇക്കുറി അക്കൗണ്ട് തുറന്നിട്ട് തന്നെ കാര്യം എന്ന മട്ടിലായിരുന്നു ദേശീയ നേതാക്കളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. നാലു മുതല്‍ പത്തു വരെ സീറ്റുകള്‍ കിട്ടുമെന്ന് അവകാശപ്പെടുകയും ചെയ്തു. പക്ഷേ, കേരള ജനത മാത്രമല്ല, തമിഴ്‌നാട്, പോണ്ടിച്ചേരി, ബംഗാള്‍ ജനതകളും ഒറ്റ ബി.ജെ.പിക്കാരനെയും അവരുടെ അസംബ്ലികളിലേക്കയച്ചില്ല. രണ്ടു വട്ടം ഇടക്കാലങ്ങളിലും ഒരഞ്ചു വര്‍ഷക്കാലം മുഴുവനായും കേന്ദ്രം ഭരിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. അത്തരം ഒരു പാര്‍ട്ടിക്ക് നിരവധി സംസ്ഥാന അസംബ്ലികളില്‍ സാന്നിധ്യമില്ലാതിരിക്കുക, ഉണ്ടാകുന്നിടത്ത് അതിന് ഈര്‍ക്കില്‍ പാര്‍ട്ടികളുടെ സഹായം അനിവാര്യമാവുക, ഇതൊക്കെ ആ പാര്‍ട്ടിയുടെ ഗതി എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനകളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസ്ഥയും ശോചനയീമായിരിക്കുന്നു എന്നതിലാണ് ബി.ജെ.പി നേതൃത്വം ആശ്വാസം കണ്ടെത്തുന്നത്. ഈ സമാശ്വാസത്തില്‍ കാമ്പൊന്നുമില്ല. അടുത്ത തെരഞ്ഞെടുപ്പോടെ കേന്ദ്രം ഭരിക്കുമെന്ന് വീരസ്യം പറയുന്നില്ല കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ജനങ്ങള്‍ അങ്ങനെ പ്രതീക്ഷിക്കുന്നുമില്ല. എങ്കിലും രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാന നിയമസഭകളിലും അവര്‍ക്ക് ഏറിയോ കുറഞ്ഞോ പ്രാതിനിധ്യമുണ്ട്. ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പുകളിലും നൂറോളം സീറ്റുകള്‍ അവര്‍ നേടിയിരിക്കുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഒരേസമയം ആശ്വാസത്തിനും ആശങ്കക്കും വക നല്‍കുന്നുണ്ട്. രാജ്യത്ത് മതേതരത്വം ശക്തിപ്പെടുന്നതിന്റെയും ബഹുജനങ്ങള്‍ ഹിന്ദുത്വ ഫാഷിസ്റ്റ് നിലപാടുകള്‍ നിരാകരിക്കുന്നതിന്റെയും ലക്ഷണമായി ബി.ജെ.പിയുടെ പരാജയത്തെ വിലയിരുത്താവുന്നതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയം ഇന്നത്തെ സാഹചര്യത്തില്‍ ആശങ്കയുളവാക്കുന്നതായി കാണേണ്ടിയിരിക്കുന്നു. ആസുരമായ സാമ്രാജ്യത്വത്തിനും മുതലാളിത്വത്തിനുമെതിരെ ദേശീയ ജനതയുടെ സ്വാതന്ത്ര്യത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും അനുകൂലമായ സമ്മര്‍ദ ശക്തി എന്നതാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തി. കഴിഞ്ഞ യു.പി.എ ഭരണകാലത്ത് അവര്‍ക്ക് ഈ ശക്തി കുറെയൊക്കെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അനന്തരം ഇടതുപക്ഷ പിന്തുണയെ ആശ്രയിക്കാതെ നിലവില്‍ വന്ന ഇപ്പോഴത്തെ യു.പി.എ ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങളുടെ ദംഷ്ട്രങ്ങള്‍ ദിനേന പ്രകടമായിക്കൊണ്ടിരിക്കുകയാണ്. ഇന്ധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത നടപടി ഒരു ഉദാഹരണം. ഇടതുപക്ഷത്തിന്റെ അപചയം ഇത്തരം ജനദ്രോഹ നടപടികള്‍ക്ക് ആക്കം കൂട്ടുമെന്ന് ന്യായമായും ഭയപ്പെടേണ്ടിയിരിക്കുന്നു.
Comments