Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 22

പി.കെ അബൂബക്കര്‍ നദ്വി

പണ്ഡിതന്മാരുടെ മരണത്തിലൂടെ വിജ്ഞാനം ഉയര്‍ത്തപ്പെടും എന്നൊരു തിരുവചനമുണ്ട്. കാസര്‍കോട്, പള്ളിക്കരയിലെ പി.കെ അബൂബക്കര്‍ നദ്വിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ അലയടിച്ചത് ഈ നബിവചനമുള്‍ക്കൊള്ളുന്ന മുന്നറിയിപ്പായിരുന്നു. നേതാവിന് ചേര്‍ന്ന സദ്ഗുണങ്ങള്‍ കൂടിയോ കുറഞ്ഞോ ഒരു വ്യക്തിയില്‍ ഒരുമിച്ചു കൂടുക വളരെ വിരളം. എറക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന അത്തരം വ്യക്തിത്വങ്ങളിലൊരാളായിരുന്നു നദ്വി സാഹിബ്. ഇസ്ലാമിക പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് ജീവിക്കുകയും അതുമായി ഇഴചേര്‍ന്ന് ജീവിതം അവസാനിപ്പിക്കുകയും ചെയ്തു നദ്വി സാഹിബ്. പാണ്ഡിത്യവും പണവും ഒന്നിച്ചു ചേര്‍ന്നാല്‍ ചിലര്‍ അഹംഭാവികളായി മാറും. എന്നാല്‍ ഇത് രണ്ടും നദ്വിയെ കൂടുതല്‍ വിനീതനും നിസ്വാര്‍ഥനുമാക്കുകയാണുണ്ടായത്. ചെംനാട് ആലിയാ അറബി കോളജ്, ഉമറാബാദ് ദുറുല്‍ ഉലൂം, ലഖ്നൌ നദ്വത്തുല്‍ ഉലമ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടുമ്പോഴും പഠനശേഷം അധ്യാപകനായും പത്രപ്രവര്‍ത്തകനായും വര്‍ത്തക പ്രമുഖനായും ജീവിതം നയിക്കുമ്പോഴും സതീര്‍ഥ്യര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ നദ്വി അനുകരണീയ വ്യക്തിത്വമായി ആദരിക്കപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഹിറാ മസ്ജിദ് അങ്കണത്തില്‍ നടത്തപ്പെട്ട അനുസ്മരണ യോഗത്തില്‍ വിവിധ മേഖലകളില്‍ അദ്ദേഹത്തോടൊപ്പം സഹവസിച്ച ആളുകളുടെ സ്മരണകളില്‍ ഈ കാര്യങ്ങള്‍ നിറഞ്ഞ് നിന്നു. സച്ചരിതരായ മുന്‍ഗാമികളുടെ സദ്ഗുണങ്ങള്‍ എടുത്തുപറയുന്നത് പിന്‍ഗാമികള്‍ക്ക് മഹത്തായ പാഠമായിരിക്കട്ടെ എന്ന സദുദ്ദേശ്യത്തോടെ സംഘടിപ്പിക്കപ്പെട്ടതായിരുന്നു ആ പരിപാടി.
കാഞ്ഞങ്ങാട് പള്ളിക്കരയിലെ അഭിജാത കുടുംബത്തില്‍ ജനിച്ച നദ്വി പഴയങ്ങാടി പള്ളിക്കരയിലെ തത്തുല്യമായ ഒരു കുടുംബത്തില്‍ നിന്നാണ് വിവാഹം കഴിച്ചത്. ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ പ്രഥമ അമീറും പ്രമുഖ പണ്ഡിതനുമായ ഹാജി വി.പി മുഹമ്മദലി (ഹാജി സാഹിബ്) യുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം.എം അബ്ദുറഹ്മാന്‍ ഹാജിയുടെ മകള്‍ ആഇശയുമായി അദ്ദേഹിന്റെ വിവാഹ ബന്ധം പ്രസ്ഥാനത്തിന്റെ ഇഴയടുപ്പത്തിന്റെ പ്രതീകമായിരുന്നു. പള്ളിയാങ്ക അബ്ദുറഹ്മാന്‍ ഹാജിയുടെ നാലാമത്തെ സന്താനമായി 1938 ജൂണില്‍ ജനിച്ച അബൂബക്കര്‍ ലഖ്നോവിലെ നദ്വത്തുല്‍ ഉലമായില്‍നിന്ന് പുറത്തുവന്ന ആദ്യകാല കേരളീയരില്‍ ശൈഖ് അബുല്‍ ഹസന്‍ അലി നദ്വിയുടെ പ്രിയപ്പെട്ട ശിഷ്യന്മാരിലൊരാളായിരുന്നു. അറബി, ഉറുദു ഭാഷകളില്‍ അദ്ദേഹത്തിനുള്ള കഴിവുകള്‍ മനസ്സിലാക്കിയാണ് ആലിയാ അറബി കോളേജില്‍ അധ്യാപകനായിരിക്കെ അന്നത്തെ ജമാഅത്ത് അമീര്‍ കെ.സി അബ്ദുല്ല മൌലവിയും പ്രബോധനം പത്രാധിപര്‍ ടി.കെ അബ്ദുല്ലാ സാഹിബും അദ്ദേഹത്തെ പ്രബോധനം പത്രാധിപസമിതിയിലേക്ക് ക്ഷണിച്ചത്. 1964 ല്‍ പ്രബോധനത്തിലെത്തിയ നദ്വി സാഹിബ് മൂന്നു വര്‍ഷത്തിലേറെ അവിടെ ജോലി ചെയ്തുവെന്നാണ് ഓര്‍മ. ആ കാലത്തിനിടയില്‍ പ്രബോധനത്തില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ എനിക്ക് സൌഭാഗ്യം ലഭിക്കുകയുണ്ടായി. അറബി, ഉറുദു ഭാഷകളിലെ അദ്ദേഹത്തിന്റെ കഴിവ് ഞങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. വിഷയം ആഴത്തില്‍ പഠിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്നതില്‍ അദ്ദേഹം കഴിവു പ്രകടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ശൂറയിലും കേന്ദ്ര പ്രതിനിധിസഭയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
1968-ല്‍ ദുബൈ പോര്‍ട്ടില്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് നദ്വി സാഹിബിന്റെ ഗള്‍ഫ് പ്രവാസം ആരംഭിക്കുന്നത്. ദുബൈയിലും സുഊദി അറേബ്യയിലും ശാഖകളുള്ള ബിസിനസ് ശൃംഖലക്ക് തുടക്കം കുറിക്കാന്‍ സ്ഥിരോത്സാഹിയായ നദ്വി സാഹിബിന് പിന്നീട് അധികം കാത്തിരിക്കേണ്ടിവന്നില്ല. കച്ചവടരംഗത്തേക്ക് തിരിഞ്ഞപ്പോഴും വൈജ്ഞാനിക മേഖലയില്‍ പ്രവര്‍ത്തിക്കാനും പ്രസ്ഥാനരംഗത്ത് സേവനങ്ങളര്‍പ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കൃത്യനിഷ്ഠയും വാഗ്ദത്തപാലനവും സ്ഥിരോത്സാഹവും അദ്ദേഹത്തെക്കുറിച്ച് സഹപ്രവര്‍ത്തകരില്‍ മതിപ്പ് സൃഷ്ടിച്ചു. പ്രബോധന രംഗത്ത് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. വിവിധ മതനേതാക്കളും പാതിരിമാരും സ്വാമിമാരുമായി സംവദിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യമെടുത്തു. ഇസ്ലാമിന്റെ സന്ദേശം അവരില്‍ എത്തിക്കുന്നതില്‍ അദ്ദേഹം ഒരളവോളം വിജയിച്ചു.
കാസര്‍കോട് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പള്ളികളും ഇസ്ലാമിക കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ദാറുല്‍ ഹിദായ ട്രസ്റ് വൈസ് ചെയര്‍മാന്‍, പടന്ന ഇസ്ലാമിക് സെന്റര്‍ ട്രസ്റ് ചെയര്‍മാന്‍, ആലിയാ അറബി കോളേജ് മാനേജിംഗ് കമ്മിറ്റി അംഗം, കാസര്‍കോട് ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ എന്നി നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ദാറുല്‍ ഹിദായ ചാരിറ്റബിള്‍ ട്രസ്റിന്റെ കീഴിലുള്ള ഹിറാ മസ്ജിദിന്റെ നിര്‍മാണം നദ്വി സാഹിബിന്റെ നേരിട്ട് മേല്‍നോട്ടത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടതാണ്.
പ്രവാസ കാലത്തും ഇസ്ലാമിക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. സുഊദി അറേബ്യയില്‍ പ്രസ്ഥാന പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതില്‍ അദ്ദേഹം സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിട്ടുണ്ട്. കര്‍മരംഗം എന്തായാലും ആദര്‍ശപ്രതിബദ്ധത ഓരോ പ്രവര്‍ത്തകനും ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം വിശ്വസിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു. തന്റെ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരെ സംഘടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം പ്രാസ്ഥാനിക ഘടകങ്ങളുണ്ടാക്കിയത്. അവര്‍ക്ക് വായിക്കാനും പഠിക്കാനും വേദിയൊരുക്കിക്കൊടുത്തു. പഠനാര്‍ഹമായ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ളാസുകള്‍ ഇന്നും പലരും അനുസ്മരിക്കാറുണ്ട്.
ത്യാഗസുരഭിലമായിരുന്നു ആ ജീവിതം. പലേടങ്ങളില്‍ നിന്നും പ്രവര്‍ത്തനമധ്യേ മര്‍ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ടെങ്കിലും മര്‍ദകരെല്ലാം പിന്നീട് അദ്ദേഹത്തിന്റെ സ്നേഹിതരും ആശ്രിതരുമായി മാറുകയായിരുന്നു. പകയുടെയും വെറുപ്പിന്റെയും കാലുഷ്യം മനസ്സില്‍ കൊണ്ടുനടക്കാത്ത ആ പ്രകൃതമാണ് അദ്ദേഹത്തെ വലുതാക്കിയത്. അദ്ദേഹത്തിന്റെ വിടവ് അതിനാല്‍ തന്നെ വളരെ വലുതാണ്.
"സത്യവിശ്വാസികളില്‍ തങ്ങള്‍ അല്ലാഹുവിനോട് ചെയ്ത പ്രതിജ്ഞ യാഥാര്‍ഥ്യമാക്കിയ ചിലരുണ്ട്; ചിലര്‍ തങ്ങളുടെ നേര്‍ച്ച പൂര്‍ത്തീകരിച്ച് (മറഞ്ഞു) കഴിഞ്ഞു. മറ്റു ചിലര്‍ ഊഴം കാത്തിരിക്കുന്നു. അവര്‍ തങ്ങളുടെ ഉടമ്പടിയില്‍ തരിമ്പും മാറ്റം വരുത്തിയില്ല'' (അഹ്സാബ്).
മഹിത സ്വഭാവങ്ങളുടെ ആള്‍രൂപമായ അബൂബക്കര്‍ നദ്വിയുടെ നിര്യാണത്തില്‍ കുടുംബബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്ക്ചേരുന്നു. അദ്ദേഹത്തിന്റെ പാരത്രിക മോക്ഷത്തിനും സ്വര്‍ഗ പ്രാപ്തിക്കുമായി ഹൃദയംഗമമായി പ്രാര്‍ഥിക്കുന്നു. കുടുംബത്തിനും പ്രസ്ഥാനത്തിനും നാട്ടിനും സമൂഹത്തിനും നേരിട്ട ഭീമമായ നഷ്ടം ജഗന്നിയന്താവായ അല്ലാഹു നികത്തുമാറാകട്ടെ.
വി.കെ ഹംസ അബ്ബാസ്

മാതൃകാ ശൈലിയുടെ ഉടമ

പുസ്തകങ്ങളെ ഇഷ്ടപ്പെടുകയും വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പള്ളിക്കര കല്ലിങ്കാലിലെ പി.കെ അബൂബക്കര്‍ നദ്വി ഏതാണ്ട് എന്റെ സമകാലീനനായിരുന്നു. തലശ്ശേരിയിലെ ജമാഅത്ത് പ്രവര്‍ത്തകനായിരുന്ന പരേതനായ സി. അബ്ദുറഹിമാന്‍ മുഖേനയായിരുന്നു നദ്വിയുമായി ബന്ധപ്പെട്ടത്.
പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനായ എം.എസ്.എഫ് പ്രസിഡന്റ് എന്ന വിശേഷണമായിരുന്നു അബ്ദുറഹിമാന്‍ എനിക്ക് നല്‍കിയത്. മുസ്ലിം വിദ്യാര്‍ഥി ഫെഡറേഷനില്‍ പ്രവര്‍ത്തിക്കുന്നവരും നേതാക്കളും നല്ല വായനക്കാരും നല്ല പ്രഭാഷകരുമാണെന്ന് അബൂബക്കര്‍ നദ്വിയാണ് കൂട്ടിച്ചേര്‍ത്തത്. ചെമ്മനാട്ടെ എ.എസ് അബ്ദുറഹിമാനെക്കുറിച്ച് അദ്ദേഹം വാചാലനായതോര്‍ക്കുന്നു. മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറായി പ്രശസ്ത സേവനമനുഷ്ഠിച്ച അബ്ദുറഹീം അവിഭക്ത കണ്ണൂര്‍ ജില്ലാ എം.എസ്.എഫ് പ്രസിഡന്റായിരുന്നപ്പോള്‍ ഞാനായിരുന്നു ജനറല്‍ സെക്രട്ടറി. അന്ന് അബൂബക്കര്‍ സാഹിബ് ആലിയാ അറബിക് കോളേജിലുണ്ടോ എന്നെനിക്കോര്‍മയില്ല. ലഖ്നൌ നദ്വത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായിരിക്കെയാണെന്ന് തോന്നുന്നു ഒരു തവണ കാസര്‍ക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അന്ന് സഹയാത്രികനായിരുന്ന പരേതനായ എന്‍.എ സുലൈമാന്‍, ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള സ്നേഹബന്ധത്തെ പരാമര്‍ശിച്ചത് ഓര്‍ക്കുന്നു.
നദ്വി എഴുതിയ 'ഇസ്ലാമിലെ മാതൃകാ വനിതകള്‍' എന്ന പുസ്തകം ടി.കെ ഇബ്റാഹീം മൌലവിയില്‍ നിന്നാണ് ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ രചനാ ശൈലിയെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു.
ഞാന്‍ ചന്ദ്രികയില്‍ എത്തിപ്പെട്ട അറുപതുകളുടെ അവസാനത്തില്‍ പ്രബോധനത്തിന്റെ ശൈലിയെക്കുറിച്ച് സി.എച്ചും യു.എ ബീരാന്‍ സാഹിബും പ്രശംസ ചൊരിയുമ്പോള്‍ ആനുകാലികങ്ങള്‍ക്ക് അനുകരണീയമാണിതെന്ന് എല്ലാവരും സമ്മതിക്കും. പ്രഗത്ഭമതികളായ എഴുത്തുകാരാണ് അതിന്റെ അണിയറ ശില്‍പികളെന്ന് പില്‍ക്കാലത്ത് ചന്ദ്രികയില്‍ എത്തിയ ടി.പി കുട്ട്യാമു സാഹിബും പി.കെ ജമാലുമൊക്കെ ആവര്‍ത്തിക്കുമായിരുന്നു. കൊടിഞ്ഞിയിലെ ടി. മുഹമ്മദ് സാഹിബിനെ പോലുള്ള എഴുത്തുകാരുടെ ശ്രദ്ധേയമായ ലേഖനങ്ങളും ഹൃദ്യമായ അവതരണവും പ്രബോധനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കി. അബൂബക്കര്‍ നദ്വിയും അതില്‍ വലിയ പങ്ക് വഹിച്ചിരിക്കാം.
ഇസ്ലാമിക പ്രബോധനരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ആദ്യകാല എഴുത്തുകാരില്‍ പ്രമുഖനായ നദ്വിയുടെ കുലീനമായ പെരുമാറ്റവും അക്ഷര വിപ്ളവത്തിനുള്ള അക്ഷീണ യത്നവും പുതിയ തലമുറ മാതൃകയാക്കേണ്ടതാണ്. പ്രബോധനം കാഴ്ചവെച്ച രീതി ആരെന്തു പറഞ്ഞാലും മതസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടായിരുന്നുവെന്ന് കാലം സമ്മതിച്ചുകഴിഞ്ഞു. അബൂബക്കര്‍ നദ്വിയെപോലുള്ള തൂലികാ വിദഗ്ധരുടെ നിസ്സീമമായ യത്നം കാലത്തിന് മായ്ക്കാനാവില്ല. പരേതാത്മാവിന്റെ മഗ്ഫിറത്തിനായി പ്രാര്‍ഥിക്കുന്നു.
കെ.പി കുഞ്ഞിമ്മൂസ

 

കോയ സാഹിബ്
2012 നവംബര്‍ 14 നു കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം, തന്റെ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് കുറ്റിക്കാട്ടൂര്‍ കാര്‍ക്കൂന്‍ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്ന ദനക്കുഴിക്കര കുഴിമയില്‍ കോയ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായത്.
നിഷ്കളങ്കമായ നിറ പുഞ്ചിരിയോടെ മാത്രം ആളുകളെ സമീപിച്ചിരുന്ന കോയ സാഹിബായിരുന്നു ഹല്‍ഖയില്‍ ഏതു പ്രവര്‍ത്തനത്തിലും മുന്നില്‍. കഴിയാവുന്ന ഏതു പ്രവൃത്തിയും സ്വയം ഏറ്റെടുക്കും. ഹല്‍ഖ പല കാര്യങ്ങളുടെയും ഉത്തരവാദിത്വം പലപ്പോഴും ഏല്‍പിക്കാറുണ്ടായിരുന്നതും അദ്ദേഹത്തെ തന്നെ. കുറ്റിക്കാട്ടൂര്‍ ഹിറാ സെന്റര്‍ കേന്ദ്രീകരിച്ചു നടത്തുന്ന പലിശരഹിത നിധി, പരസ്പര സഹായ നിധി (അംഗം), മസ്ജിദ് ഹിറാ ട്രഷറര്‍, കുറ്റിക്കാട്ടൂര്‍ ഗവ. എച്ച്.എസ്.എസ് പ്രൊട്ടക്ഷന്‍ കമ്മറ്റി അംഗം, കുറ്റിക്കാട്ടൂര്‍ ഓട്ടോ ഡ്രൈവേഴ്സ് യൂനിയന്‍ പ്രസിഡന്റ് തുടങ്ങിയ മേഖലകളില്‍ തന്റെ വിദ്യാഭ്യാസ പരിമിതി മറികടന്ന് തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു.
കുറ്റിക്കാട്ടൂര്‍ പ്രദേശത്തെ ഒട്ടുമിക്ക കുടുംബങ്ങള്‍ക്കും വിവാഹം, മരണം, വിരുന്ന് പോക്ക്, ആശുപത്രി, റെയില്‍വെ, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്കെല്ലാം പോകാന്‍ ഏതു സമയത്തും കോയ സാഹിബിന്റെ ഓട്ടോ വേണം. എങ്കിലേ ആളുകള്‍ക്ക് തൃപ്തി വരൂ. ജില്ലയിലെ പ്രസ്ഥാന ബന്ധുക്കള്‍ അദ്ദേഹത്തിന്റെ സേവനം പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍ പ്രസ്ഥാനത്തിന്റെ വിളി വന്നാല്‍ മടിയേതുമില്ലാതെ, എല്ലാവരോടും വിഷയം പറഞ്ഞു ഓര്‍ഡര്‍ നിരസിക്കുന്നതില്‍ ഒരു സങ്കോചവും കാണിച്ചിരുന്നില്ല.
ദിനം പ്രതി ഓട്ടോ ഓടി ലഭിക്കുന്ന വരുമാനം അന്നന്നു തന്നെ ഒരു ബുക്കില്‍ പകര്‍ത്തി മാസം കഴിയുമ്പോള്‍ കൂട്ടി നോക്കി കൃത്യമായി ഒരു ശതമാനം ജമാഅത്തിന്റെ ബൈത്തുല്‍ മാലില്‍ അടക്കുന്ന കോയ സാഹിബ് മീഡിയ വണ്‍ ചാനലിനുള്ള സംഭാവനയും ഷെയറും ഹല്‍ഖയില്‍ തുടക്കത്തില്‍ തന്നെ അടച്ചു തീര്‍ത്തിട്ടുണ്ടായിരുന്നു. ബാധ്യതകള്‍ തീര്‍ത്തുവെക്കാന്‍ കുറഞ്ഞ വരുമാനത്തിനിടയിലും അദ്ദേഹം ശ്രദ്ധിച്ചു. ഖുര്‍ആന്‍ സ്റഡീ സെന്ററിലൂടെ ഖുര്‍ആന്‍ നന്നായി പഠിച്ച് മനസ്സിലാക്കിയ കോയ സാഹിബ്, തികച്ചും യാഥാസ്ഥിക കുടുംബത്തില്‍ നിന്നാണ് പ്രസ്ഥാനത്തിലേക്ക് വന്നത്. സഹധര്‍മിണിയെയും മക്കളെയും തന്റെ പ്രസ്ഥാനത്തോട് അദ്ദേഹം ചേര്‍ത്തു പിടിച്ചു. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും അങ്ങനെ പ്രസ്ഥാനം ജീവവായുവായി.
നിശ്ശബ്ദ പ്രബോധകനായി, തന്റെ കര്‍മമണ്ഡലത്തില്‍ നന്മയുടെ ഓട്ടോക്കാരനായി മാറുകയായിരുന്നു കോയ സാഹിബ്. മരണ സമയത്ത് തടിച്ചുകൂടിയ പുരുഷാരം ഒരു സജീവ ഇസ്ലാമിക പ്രവര്‍ത്തകന്റെ നന്മകളെ സാക്ഷ്യപ്പെടുത്തുന്നു. ഭാര്യ: സൈന, മക്കള്‍: ബാസമി, റഹീസ്, ഷഫീഖ്.
സിദ്ദീഖ് കുറ്റിക്കാട്ടൂര്‍


സഫീലാ ബീവി
അഞ്ചല്‍ കരുകോണ്‍ വനിതാ കാര്‍ക്കൂന്‍ ഹല്‍ഖാ മുന്‍ നാസിമത്തായിരുന്ന സഫീലാബീവി(48) അല്ലാഹുവിലേക്ക് യാത്രയായി. കരുകോണ്‍ പ്രദേശത്ത് വനിതകളുടെ ഇടയില്‍ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ഒറ്റയ്ക്കായാല്‍ പോലും ആത്മാര്‍ഥമായി നിര്‍വഹിക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു. ഹല്‍ഖയുടെ കീഴിലുള്ള ഖുര്‍ആന്‍ സ്റഡി സെന്ററില്‍ പുതിയ പഠിതാക്കളെ കൊണ്ടുവരുന്നതിലും, ഖുര്‍ആന്‍ പഠിക്കുന്നതിലും, ആരാമം മാസികക്ക് പുതിയ വരിക്കാരെ ചേര്‍ക്കുന്നതിലും പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. കുടുംബത്തിന്റെ പ്രസ്ഥാനവത്കരണത്തിലും മാതൃകയായിരുന്നു.
അസീമാ ബീഗം


പറമ്പത്ത് കുഞ്ഞിക്കലന്തന്‍
പെട്ടെന്ന് മറക്കാന്‍ കഴിയാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു തലശേരി, ഏലാങ്കോട് കുഞ്ഞിക്കലന്തന്‍ സാഹിബ്. ജനസേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. മത-ഭൌതിക വിദ്യാഭ്യാസ സമന്വയത്തെ കുറിച്ച്, ആതുരസേവന രംഗത്ത് സമുദായം കാലുറപ്പിക്കേണ്ടതിനെ കുറിച്ചുമൊക്കെ മനസിലുള്ള സ്വപ്നങ്ങള്‍ സംഭാഷണമധ്യേ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. സാഹസികത കൂടെപ്പിറപ്പായിരുന്നു. സ്വന്തം ജീവന്‍ അവഗണിച്ച് മൂന്ന്പേരെ അപകടങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.
വടകരപ്പൊയില്‍ ഉസ്മാന്‍ പാനൂര്‍


Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്