കര്‍മശാസ്ത്ര ഭിന്നതകള്‍ സലഫികളുടെ വിശാല വീക്ഷണം
ഇസ്ലാമിക നിയമസംഹിതയുടെ വികാസ പ്രക്രിയയില്‍ രൂപംകൊണ്ട കര്‍മശാസ്ത്ര സരണികളോടും (അല്‍മദാഹിബുല്‍ ഫിഖ്ഹിയ്യ), ഗവേഷണാത്മകവും (ഇജ്തിഹാദി) ശാഖാപരവും (ഫുറൂഈ) ആയ വിഷയങ്ങളിലെ വീക്ഷണ വൈജാത്യങ്ങളോടും ഏറെക്കുറെ സന്തുലിതമായ സമീപനമാണ് പൌരാണിക സലഫീധാര സ്വീകരിച്ചുവന്നത്. ഹമ്പലി സരണിയുടെ സ്വാഭാവികമായ കാര്‍ക്കശ്യം ഉണ്ടായിരുന്നെങ്കിലും മദ്ഹബുകളുടെ സാധുത അംഗീകരിക്കുകയും ഇമാമുമാരെ ആദരിക്കുകയും അവരുടെ അഭിപ്രായങ്ങളെ വിലമതിക്കുകയും ചെയ്തവരായിരുന്നു ആദ്യകാലത്തെ സലഫീ നായകന്‍മാര്‍. മദ്ഹബുകളെ അവര്‍ നിഷേധിച്ചിരുന്നില്ല. ഹദീസുകളോട് ഏറ്റവും യോജിച്ച വീക്ഷണം സ്വീകരിക്കുമ്പോള്‍ തന്നെ, ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന കര്‍മശാസ്ത്രത്തിലെ മറുവീക്ഷണങ്ങളെ അടച്ചാക്ഷേപിക്കുന്ന ശൈലി പൊതുവെ അവര്‍ക്കില്ലായിരുന്നു. ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ), ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ, ഇബ്നുഖയ്യിമുല്‍ജൌസിയ്യ, മുഹമ്മദ്ബ്നുഅബ്ദില്‍ വഹാബ് തുടങ്ങി സലഫി ധാരയില്‍ സര്‍വാംഗീകൃതരായ പണ്ഡിതന്മാരെല്ലാം ഈ വിഷയത്തില്‍ മാതൃകാപരമായ നിലപാടുള്ളവരായിരുന്നു. സലഫിധാര പൊതുവെ പ്രാമുഖ്യം നല്‍കിയിരുന്നത് ഹമ്പലി മദ്ഹബിനായിരുന്നുതാനും.
ആരാധനാനുഷ്ഠാനങ്ങളിലെ അടിസ്ഥാനവിധികളെയും ശാഖാപരമായ പ്രശ്നങ്ങളെയും വേര്‍തിരിച്ചു വിശകലനം ചെയ്ത പൂര്‍വികരായ സലഫീ പണ്ഡിതന്മാര്‍ ശാഖാപരമായ വിഷയങ്ങളില്‍ കുറെയൊക്കെ വിശാല വീക്ഷണം കൈകൊണ്ടവരായിരുന്നു. ഗവേഷണപരമായ (ഇജ്തിഹാദി) വിഷയങ്ങളില്‍ ഒരു നിലപാടിലെത്തിയവര്‍ മറുവീക്ഷണക്കാരെ ആക്ഷേപിക്കാന്‍ പാടില്ലെന്ന് തന്നെയായിരുന്നു അവരുടെ സമീപനം. നമസ്കാരത്തിലും മറ്റ് ആരാധനകളിലും പ്രവാചകചര്യ (സുന്നത്ത്) പിന്തുടരുന്നതില്‍ നിര്‍ബന്ധവും (ഫര്‍ദ്) ഐഛികവും (സുന്നത്ത്) ആയ കര്‍മങ്ങള്‍ തമ്മിലുള്ള വ്യത്യാസം അവര്‍ അംഗീകരിച്ചിരുന്നു. തങ്ങളുടെ വീക്ഷണങ്ങള്‍ മുറുകെപിടിക്കുമ്പോള്‍ തന്നെ, മറുവീക്ഷണക്കാരോട് പൊതുവെ ശത്രുതയില്ലാതെ പെരുമാറണം എന്നതായിരുന്നു പ്രമുഖ സലഫീ പണ്ഡിതന്മാരുടെ നിലപാട്. എന്നാല്‍ അവരുടെ ശിഷ്യന്മാരും അനുയായികളും കുറേകൂടി തീവ്രമായ സമീപനം സ്വീകരിക്കുകയും മറുവീക്ഷണക്കാരോട് ശണ്ഠക്കിറങ്ങുകയും ചെയ്തതായി ചരിത്രത്തില്‍ കാണാം. വര്‍ത്തമാന കാലത്തും ഇതിന് ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്. ഇന്ന് സലഫിധാരയില്‍ നിലകൊള്ളുന്ന പല പണ്ഡിതന്മാരും സംഘടനകളും കര്‍മശാസ്ത്രഭിന്നതകളിലും ആരാധനാകര്‍മങ്ങളിലെ പ്രവാചകന്റെ സുന്നത്തിന്റെ പേരിലും പുലര്‍ത്തുന്ന അതിവാദങ്ങള്‍ ആദ്യകാല സലഫി പണ്ഡിതന്മാര്‍ക്കൊന്നും ഇല്ലായിരുന്നു. ചില ചരിത്രരേഖകളിലൂടെ കടന്നുപോയാല്‍ ഇത് ബോധ്യപ്പെടും. സലഫീ നേതാക്കളില്‍ ഒന്നാമനായ ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യയുടെ നിലപാടുകള്‍ ഈ വിഷയത്തില്‍ ഏറെ മാതൃകാപരമാണ്. അദ്ദേഹത്തിന്റെ, റഫ്ഉല്‍മലാം അന്‍അഇമ്മത്തില്‍ അഅ്ലാം, ഖിലാഫുല്‍ ഉമ്മത്തി ഫില്‍ ഇബാദാത്ത് വമദ്ഹബുഅഹ്ലിസുന്ന തുടങ്ങിയ കൃതികള്‍ ഇതിന്റെ ഉദാത്ത മാതൃകകളാണ്. ഫത്വകളുടെ സമാഹാരത്തിലും പലയിടങ്ങളില്‍ തന്റെ കാഴ്ചപ്പാട് ശൈഖുല്‍ ഇസ്ലാം വിശദീകരിക്കുന്നുണ്ട്.
1. അല്ലാഹു നമ്മോട് കല്‍പിച്ചിരിക്കുന്നത് അവന്റെ ദീന്‍ സ്ഥാപിച്ചുനിലനിര്‍ത്തണം (ഇഖാമത്തുദ്ദീന്‍) എന്നാണ്. അഞ്ചു പ്രമുഖ പ്രവാചകന്മാര്‍ക്കു നല്‍കപ്പെട്ട നിര്‍ബന്ധശാസനയും അതായിരുന്നു. അതില്‍ നിങ്ങള്‍ ഭിന്നിക്കരുതെന്നും കല്‍പിച്ചു. മുഹമ്മദ് നബിക്ക് നല്‍കിയ ദിവ്യബോധനത്തില്‍ നമുക്ക് പ്രത്യേകമായുള്ള ശരീഅത്തും ഉള്‍പ്പെടുന്നു. ഇതെല്ലാം മുഹമ്മദ് നബിക്ക് അല്ലാഹു വഹ്യായി നല്‍കിയിട്ടുണ്ട്; അതില്‍ അടിസ്ഥാനങ്ങളും (ഉസ്വൂല്‍), ശാഖകളും (ഫുറൂഅ്) ഉണ്ട്. നൂഹിനും മറ്റു പ്രവാചകന്മാര്‍ക്കും നല്‍കിയതില്‍നിന്ന് വ്യത്യസ്തമാണിത്. അവര്‍ക്ക് വസ്വിയ്യത്തു ചെയ്ത ഉത്തരവാദിത്തം തന്നെയാണ് നമുക്കും നിശ്ചയിച്ചുതന്നത്; ഇഖാമത്തുദ്ദീന്‍. അതില്‍ ഭിന്നിക്കാന്‍ പാടില്ല. അവരെല്ലാം യോജിക്കുന്ന ദീന്‍ എന്നാല്‍ അടിസ്ഥാനങ്ങള്‍ (ഉസ്വൂല്‍) ആണ്. (ഖാഇദത്തുന്‍ ഫില്‍ജമാഅത്തി വല്‍ ഫിര്‍ഖ-മജ്മൂഉഫതാവാ ഇബ്നുതൈമിയ-ക്രോഡീകരണം അബ്ദുര്‍റഹ്മാനുബ്നുമുഹമ്മദ് അല്‍ആസ്വിമീ അല്‍ഹമ്പലി, വാള്യം 1/പേജ്: 12-17, മക്തബത്തുന്നഹ്ള അല്‍ഹദീസ, മക്ക, ഹിജ്റ-1404).
2. ആത്മസംസ്കരണത്തിന് ഊന്നല്‍ നല്‍കുന്ന സൂഫികളും കര്‍മശാസ്ത്രനിയമങ്ങള്‍ പഠിപ്പിക്കുന്ന ഫുഖഹാക്കളും തമ്മില്‍ തര്‍ക്കിക്കുന്നതിന്റെ അര്‍ഥശൂന്യതയെക്കുറിച്ച് ശൈഖുല്‍ ഇസ്ലാമിന്റെ വിലയിരുത്തല്‍ ഇങ്ങനെ: ഫുഖഹാക്കള്‍ ബാഹ്യകര്‍മങ്ങളിലാണ് ശ്രദ്ധിക്കുന്നത്; തസ്വവ്വുഫിന്റെ വക്താക്കള്‍ ആന്തരിക പ്രവര്‍ത്തനങ്ങളിലും. ഓരോ വിഭാഗവും മറുവിഭാഗത്തെ നിഷേധിക്കുന്നു, അവര്‍ ദീനിന്റെ ആളുകളല്ല എന്ന വണ്ണം അപരനില്‍നിന്ന് മുഖം തിരിച്ചുകളയുന്നു. അങ്ങനെ അവര്‍ക്കിടയില്‍ ശത്രുതയും പകയും ഉടലെടുക്കുന്നു. അല്ലാഹു ഹൃദയവും ശരീരവും ശുദ്ധീകരിക്കാന്‍ കല്‍പിച്ചിട്ടുണ്ട്. രണ്ടു ശുദ്ധീകരണവും ദീനിന്റെ ഭാഗമാണ്. ആരാധനകളില്‍ വ്യാപൃതരായ ധാരാളം ഫുഖഹാക്കളെ കാണാം, അവര്‍ ശരീരത്തിന്റെ ശുദ്ധീകരണത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. അതില്‍, നിയമം അനുശാസിച്ചതിലുമധികം അവര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധപൂര്‍വം കല്‍പിച്ച ആത്മവിശുദ്ധി അവര്‍ അവഗണിക്കുന്നു. ധാരാളം സൂഫികളെ കാണാം, അവര്‍ ദരിദ്രരാണ്. ആത്മാവിന്റെ വിശുദ്ധിയില്‍ മാത്രമാണവരുടെ ശ്രദ്ധ. അതില്‍, നിയമം അനുശാസിച്ചതിലും അധികം അവര്‍ ശ്രദ്ധിക്കുന്നു, പ്രവര്‍ത്തിക്കുന്നു. എന്നാലോ ഓരോ വിഭാഗവും മറുവിഭാഗത്തെ ആക്ഷേപിക്കുന്നു. എന്നാല്‍ അവരവരുടെ കൈകളിലുള്ള സത്യത്തെ അവര്‍ അറിയുന്നില്ല, ശത്രുത അവസാനിപ്പിക്കുന്നുമില്ല (അതേപുസ്തകം: പേജ്: 14-16).
3. നമസ്കാരത്തിലെ ഖുനൂത്തിനെക്കുറിച്ച് സുദീര്‍ഘമായ ചര്‍ച്ചചെയ്തിട്ടുണ്ട് ശൈഖുല്‍ ഇസ്ലാം ഫതാവയില്‍. ഇതു സംബന്ധിച്ച ഹദീസുകളും, മദ്ഹബുകളുടെ നിലപാടുകളുമെല്ലാം വിശകലനം ചെയ്തശേഷം അദ്ദേഹം പറയുന്നു: 'ദുരന്തങ്ങളുണ്ടാകുമ്പോഴാണ് ഖുനൂത് ഓതുന്നത്. ഖുനൂത്തിലെ പ്രാര്‍ഥന നിര്‍ണിതമല്ല. തോന്നിയതുപോലെ പ്രാര്‍ഥിക്കരുത്. നിയമവിധേയമായ പ്രാര്‍ഥനയില്‍നിന്ന് ഖുനൂത്തിന്റെ കാരണത്തോട് യോജിച്ചത് തെരഞ്ഞെടുക്കുക. മഴയെത്തേടുമ്പോഴും, സഹായം അഭ്യര്‍ഥിക്കുമ്പോഴും അതിനുയോജിച്ചതു പ്രാര്‍ഥിക്കുക. അതേ കാരണത്തിന്റെ പേരില്‍ നമസ്കാരത്തിനുപുറത്ത് നടത്തുന്ന പ്രാര്‍ഥനപോലെ. ഇതാണ് നബിയുടെ സുന്നത്തും ഖലീഫമാരുടെചര്യയും. ഇജ്തിഹാദ് അനുവദനീയമായ വിഷയങ്ങളില്‍ മഅ്മൂം (പിന്നില്‍ നിന്ന് നമസ്കരിക്കുന്നവന്‍) ഇമാമിനെ പിന്തുടരേണ്ടത് അനിവാര്യമാണ്. ഇമാം ഖുനൂത് ഓതിയാല്‍ മഅ്മൂം ഓതണം. ഇമാം ഖുനൂത് ഉപേക്ഷിച്ചാല്‍ മഅ്മൂമും ഉപേക്ഷിക്കണം. കാരണം നബി(സ) പറഞ്ഞിട്ടുണ്ട്; 'ഇമാമിനെ നിശ്ചയിക്കുന്നത് അയാളെ പിന്തുടരാന്‍ വേണ്ടിയാണ്.' മറ്റൊരിക്കല്‍ റസൂലുല്ല പറഞ്ഞു: 'നിങ്ങള്‍ ഇമാമിനോട് ഭിന്നിക്കരുത്.' നബി(സ)യില്‍ നിന്ന് ഇങ്ങനെ ഒരു റിപ്പോര്‍ട്ടുണ്ട്; 'അവര്‍ നിങ്ങള്‍ക്കുവേണ്ടിയാണ് നമസ്കരിക്കുന്നത്. അവര്‍ തെറ്റുചെയ്താല്‍ നിങ്ങള്‍ക്ക് പ്രശ്നമില്ല, അവര്‍ക്കാണ് അതിന്റെ ഉത്തരവാദിത്വം. 'ഇമാം ഖുനൂത്ത് ഓതിയാല്‍ അതിനെ മറികടന്നുപോകാന്‍ മഅ്മൂമിന് അനുവാദമില്ല. ഹജ്ജ് വേളയില്‍ മിനയിലെ നാല് റക്അത്ത് നമസ്കാരത്തില്‍ (തര്‍ബീഅ്) ഉസ്മാനോട് വിയോജിപ്പുണ്ടായിട്ടും ഇബ്നു മസ്ഊദ് അദ്ദേഹത്തിന്റെ പിന്നില്‍ നിന്നു നമസ്കരിച്ചു. അതുസംബന്ധിച്ച് ഇബ്നുമസ്ഊദ് പറഞ്ഞത് ഭിന്നത നാശമാണ് എന്നത്രെ. കല്ലെറിയേണ്ട സമയത്തെക്കുറിച്ച്, തന്നോട് ഫത്വ ചോദിച്ചയാള്‍ക്ക് അനസ്(റ) ഫത്വ നല്‍കി. ശേഷം പറഞ്ഞു; നിന്റെ ഇമാം ചെയ്യുന്നതുപോലെ ചെയ്യുക (ഫതാവാ 23/112-116).
4. റൂകൂഇനു മുമ്പോ ശേഷമോ ഖുനൂത് ഓതാം. ഇമാം അഹ്മദിനെപ്പോലുള്ള അഹ്ലുല്‍ ഹദീസിലെ പണ്ഡിതന്മാര്‍ രണ്ടും അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട് (ഫതാവ 23/100).
5. "റമദാന്‍ മാസത്തിലെ രാത്രി നമസ്കാരത്തിന്റെ കാര്യത്തില്‍ നബി(സ) കൃത്യമായ എണ്ണം നിര്‍ണയിച്ചിട്ടില്ല. പക്ഷേ, റമദാനിലും അല്ലാത്ത കാലത്തും നബി(സ) പതിമൂന്നില്‍ കൂടുതല്‍ നമസ്കരിച്ചിരുന്നില്ല. എന്നാല്‍, അദ്ദേഹം റക്അത്ത് ദീര്‍ഘിപ്പിക്കുമായിരുന്നു. ഉബയ്യുബ്നു കഅ്ബിന്റെ നേതൃത്വത്തില്‍ ഉമര്‍(റ) ജനങ്ങളെ സംഘടിപ്പിച്ചു നമസ്കാരം തുടങ്ങിയപ്പോള്‍ 23 റക്അത്തും വിത്റുമായിരുന്നു ഉബയ്യ് നമസ്കരിച്ചത്. റക്അത്ത് വര്‍ധിപ്പിക്കുന്നതിനനുസരിച്ച് അദ്ദേഹം ഖുര്‍ആന്‍ പാരായണത്തിന്റെ ദൈര്‍ഘ്യം കുറച്ചു. റക്അത്ത് ദീര്‍ഘിപ്പിക്കുന്നതിലേറെ മഅ്മൂമുകള്‍ക്ക് സൌകര്യം ഖുര്‍ആന്‍ പാരായണം ചുരുക്കി റക്അത്ത് വര്‍ധിപ്പിക്കലാണെന്നതായിരുന്നു അതിന്റെ കാരണം. പൂര്‍വികരില്‍ (സലഫുകള്‍) ചിലര്‍ നാല്‍പതും മൂന്ന് വിത്റും നമസ്കരിച്ചിരുന്നു. മറ്റു ചിലര്‍ 36ഉം 3 വിത്റുമാണ് നമസ്കരിച്ചിരുന്നത്. ഇതെല്ലാം നിയമവിധേയമാണ്. റമദാനില്‍ ഈ രീതികളില്‍ ഏതനുസരിച്ച് നമസ്കരിച്ചാലും നല്ലതുതന്നെ. നമസ്കരിക്കുന്നവരുടെ അവസ്ഥ മാറുന്നതിനനുസരിച്ച് ശ്രേഷ്ഠതയിലും മാറ്റം വരാം. ഏറെ സമയം നില്‍ക്കാന്‍ കഴിയുമെങ്കില്‍ നബി(സ) റമദാന്‍ മാസത്തിലും അല്ലാത്തപ്പോഴും നമസ്കരിച്ചിരുന്നതുപോലെ പത്തും പിന്നെ മൂന്നും നമസ്കരിക്കുന്നതാണ് ശ്രേഷ്ഠം. അതിന് സാധ്യമല്ലാത്തവരാണെങ്കില്‍ ഇരുപത് നമസ്കരിക്കുന്നതാണ് ഉത്തമം. ഭൂരിപക്ഷം മുസ്ലിംകള്‍ നിര്‍വഹിക്കുന്നത് അതാണ്. ഇനി, നാല്‍പത് റക്അത്തോ മറ്റോ നമസ്കരിക്കുന്നുവെങ്കില്‍ അതും അനുവദനീയമാണ്. ഇപ്പറഞ്ഞതൊന്നും വെറുക്കപ്പെടേണ്ടതല്ല. ഇമാം അഹ്മദും മറ്റുള്ള ഇമാമുമാരും ഇത് വ്യക്തമാക്കിയിട്ടുണ്ട്. റമദാനിലെ നമസ്കാരം കൂട്ടാനോ കുറക്കാനോ പറ്റാത്തവിധം നബി(സ) എണ്ണം നിശ്ചയിച്ചിട്ടുണ്ടെന്ന് ആരെങ്കിലും ധരിച്ചുവശായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. റക്അത്തിന്റെ എണ്ണത്തില്‍പോലും ഇപ്രകാരം വിശാല സമീപനം ആകാമെങ്കില്‍ ഖുനൂത് പ്രാര്‍ഥനക്ക്വേണ്ടി നിറുത്തം ദീര്‍ഘിപ്പിക്കുന്നതും ഖുനൂത് തന്നെ വേണ്ടെന്ന് വെക്കുന്നതും സംബന്ധിച്ച് എന്താണ് മനസ്സിലാക്കേണ്ടത്. എല്ലാം അനുവദനീയവും നല്ലതും തന്നെ. ഉന്മേഷം തോന്നുമ്പോള്‍ ഖുര്‍ആന്‍ പാരായണം ദീര്‍ഘിപ്പിക്കുന്നതാണ് നല്ലത്. അല്ലാത്തപ്പോള്‍ പാരായണം ചുരുക്കുന്നതാണ് നല്ലത്. നബിയുടെ നമസ്കാരം മിതരീതിയിലുള്ളതായിരുന്നു. നിറുത്തം ദീര്‍ഘിപ്പിച്ചാല്‍ റുകൂഉം സുജൂദും ദീര്‍ഘിപ്പിക്കും. നിറുത്തം ലഘൂകരിച്ചാല്‍ റുകൂളും സുജൂദും ലഘൂകരിക്കും. നിര്‍ബന്ധ നമസ്കാരങ്ങളിലും രാത്രി നമസ്കാരം, ഗ്രഹണ നമസ്കാരം എന്നിവയിലും അങ്ങിനെയാണ് നബി ചെയ്തിരുന്നത് (മജ്മൂഉഫതാവാ ഇബ്നു തൈമിയ്യ 2/272-273).
6. "എല്ലാവരും ഒന്നിച്ച് അല്ലാഹുവിന്റെ പാശം മുറുകെപിടിക്കുക എന്നതാണ് അടിസ്ഥാന കാര്യം. നാം ഭിന്നിക്കരുത് എന്നത് ഇസ്ലാമിന്റെ മൌലിക അധ്യാപനമാണ്. ഖുര്‍ആനില്‍ ഇതു സംബന്ധിച്ച് ധാരാളം വന്നിട്ടുണ്ട്. നബിയുടെ വസ്വിയ്യത്തും ഉണ്ട്. മുസ്ലിം ഉമ്മത്തിലെ നാശത്തിന്റെ വാതിലാണ് ഭിന്നതയും ഛിദ്രതയും. മുസ്ലിം സമൂഹത്തിലെ തര്‍ക്കങ്ങളില്‍ ഏറെയും ഐഛികമായ കര്‍മങ്ങളെ ചൊല്ലിയും, അനഭിലഷണീയ (മക്റൂഹ്) വിഷയങ്ങളെക്കുറിച്ചുമാണ്. നിര്‍ബന്ധ കര്‍മങ്ങളെയോ (വാജിബാത്ത്), നിഷിദ്ധങ്ങളെയോ (മുഹര്‍റമാത്) കുറിച്ചല്ല. ബിസ്മി ഉറക്കെ ചൊല്ലിയാലും പതുക്കെ ചൊല്ലിയാലും നമസ്കാരം നിഷ്ഫലമാവുകയില്ല, രണ്ടും അനുവദനീയമാണ്. പണ്ഡിതന്മാര്‍ ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്തിട്ടുണ്ട്. ചിലര്‍ അത് ഐഛികമാണെന്ന് പറയുന്നു, ചിലരത് നിഷേധിക്കുന്നു. തര്‍ക്കം ഐഛികമാണോ (മുസ്തഹബ്ബ്) എന്നതില്‍മാത്രം. എന്നാല്‍, അനുവദനീയമാണെന്ന കാര്യം പണ്ഡിതന്മാര്‍ പൊതുവെ അംഗീകരിച്ചിട്ടുണ്ട്. ഖുനൂത്തിന്റെ അവസ്ഥയും അതുതന്നെ. അത് മുസ്തഹബ്ബാണോ കറാഹത്താണോ എന്നതില്‍ മാത്രമാണ് തര്‍ക്കം. ഖുനൂത് ചൊല്ലിയാലും ഉപേക്ഷിച്ചാലും നമസ്കാരം ശരിയാകും എന്നതില്‍ പൊതുവെ പണ്ഡിതര്‍ യോജിച്ചിരിക്കുന്നു'' (ഖിലാഫുല്‍ ഉമ്മത്തിഫില്‍ ഇബാദാത്ത് വമദ്ഹബു അഹ്ലിസ്സുന്നവല്‍ ജമാഅ, 110-118).
ഇബ്നുല്‍ ഖയ്യിമിന്റെ കാഴ്ചപ്പാട്
സലഫിധാരയിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നുല്‍ ഖയ്യിമുല്‍ ജൌസിയ്യ സുബ്ഹി നമസ്കാരത്തിലെ ഖുനൂത്തിനെയും ബിസ്മിയെയും സംബന്ധിച്ച് പറയുന്നു: "നീതിമാനായ ഒരു പണ്ഡിതന് പറയാവുന്ന സന്തുലിതമായ നിലപാടിതാണ്; നബി(സ) ബിസ്മി ഉറക്കെ ഓതിയിരുന്നു, പതുക്കെയും ഓതിയിരുന്നു. ഖുനൂത്ത് ചൊല്ലിയിരുന്നു, ചൊല്ലാതെയുമിരുന്നു. ഉറക്കെ ബിസ്മി ചൊല്ലിയതിനെക്കാള്‍ കൂടുതലായിരുന്നു പതുക്കെ പറഞ്ഞത്. ഖുനൂത്ത് ഓതിയതിനെക്കാള്‍ കൂടുതല്‍ ഓതാതിരുന്നതായിരുന്നു. ദുരന്തസന്ദര്‍ഭങ്ങളില്‍ തന്റെ ജനതക്കുവേണ്ടിയും പ്രതിയോഗികള്‍ക്കെതിരെയും മാത്രമായിരുന്നു ഖുനൂത്ത്. ബന്ദികള്‍ മോചിതരായപ്പോള്‍ നബി(സ) ഖുനൂത്ത് നിര്‍ത്തി.
അബൂഹുറയ്റയില്‍ നിന്ന് പ്രബലമായ ഒരു നിവേദനം ഇങ്ങനെ വന്നിട്ടുണ്ട്: 'അല്ലാഹുവാണ! പ്രവാചകന്റെ നമസ്കാരത്തോട് നിങ്ങളില്‍ ഏറ്റവും അടുത്തുനില്‍ക്കുന്ന ആളാണ് ഞാന്‍! അബൂഹുറയ്റ സുബ്ഹിയിലെ അവസാന റക്അത്തില്‍ റുകൂഇനുശേഷം ഖുനൂത്ത് ഓതാറുണ്ടായിരുന്നു നബി(സ) അപ്രകാരം ചെയ്തിരുന്നുവെന്നതില്‍ സംശയമില്ല. ഇത്തരമൊരു ഖുനൂത്ത് സുന്നത്താണെന്ന് അവരെ പഠിപ്പിക്കാന്‍ അബൂഹുറയ്റ ആഗ്രഹിച്ചു. നബി(സ) അങ്ങനെ ചെയ്തിരുന്നു. ഇത് കൂഫക്കാര്‍ക്കുള്ള മറുപടിയാണ്. ദുരന്തങ്ങള്‍ ഉണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ സുബ്ഹിയില്‍ ഖുനൂത്ത് ഓതുന്നത് നിരുപാധികം കൂഫക്കാര്‍ വെറുത്തു. അത് ദുര്‍ബലപ്പെടുത്തപ്പെട്ടതും ബിദ്അത്തുമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ രണ്ടു നിലപാടുകള്‍ക്കുമിടയിലെ സന്തുലിത കാഴ്ച്ചപ്പാടാണ് അഹ്ലുല്‍ ഹദീസിന്റേത്. രണ്ടു വിഭാഗങ്ങളെക്കാള്‍ ഹദീസ് ലഭിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുള്ളതും ഇവര്‍ക്കാണ്. നബി(സ) ഖുനൂത്ത് ഓതിയ സന്ദര്‍ഭങ്ങളില്‍ അവര്‍ ഖുനൂത്ത് ഓതുന്നു. നബി(സ) ഉപേക്ഷിച്ചപ്പോള്‍ അവരും ഉപേക്ഷിക്കുന്നു. ഖുനൂത്ത് ഓതുന്നതിലല്ല ഉപേക്ഷിക്കുന്നതിലും അവര്‍ നബിയെ പിന്തുടരുന്നു. ഖുനൂത്ത് ഓതല്‍ സുന്നത്താണ്, അത് ഉപേക്ഷിക്കലും സുന്നത്തുതന്നെ എന്നതാണവരുടെ നിലപാട്. സ്ഥിരമായി ഖുനൂത്ത് ഓതുന്നവരെ അവര്‍ ആക്ഷേപിക്കുകയില്ല. അത് ചെയ്യുന്നത് അവര്‍ വെറുക്കുന്നുമില്ല. അത് ബിദ്അത്തായും അവര്‍ കാണുന്നില്ല. അത് ചെയ്യുന്നവന്‍ സുന്നത്തിന് എതിര് പ്രവര്‍ത്തിക്കുന്നവനായും കരുതുന്നില്ല. അപകട സന്ദര്‍ഭങ്ങളിലും ഖുനൂത്ത് ഓതാത്തവരെ അവര്‍ അധിക്ഷേപിക്കില്ല. അത് ചൊല്ലാതിരിക്കുന്നത് ബിദ്അത്തായി അവര്‍ കാണുന്നില്ല. അത് ഉപേക്ഷിക്കുന്നവന്‍ സുന്നത്തിന് എതിരുചെയ്തുവെന്നും അവര്‍ പറയില്ല. ഖുനൂത്ത് ഓതുന്നവന്‍ നല്ലത് ചെയ്യുന്നു, ഖുനൂത്ത് ഉപേക്ഷിക്കുന്നവനും നല്ലത് ചെയ്യുന്നു. ഇഅ്തിദാല്‍ പ്രാര്‍ഥനയുടെയും പുകഴ്ത്തലിന്റെയും സന്ദര്‍ഭമാണ്. നബി(സ) അവിടെ അത് രണ്ടും ചെയ്തിട്ടുണ്ട്. ഖുനൂത് പ്രാര്‍ഥനയും പുകഴ്ത്തലുമാണ്. ഇവിടെ ഏറ്റവും ഉത്തമമാണത്. മഅ്മൂമുകള്‍ കേള്‍ക്കാനായി ഇമാം ഖുനൂത്ത് ഉറക്കെചൊല്ലുന്നതില്‍ തെറ്റില്ല. മഅ്മൂമുകള്‍ കേള്‍ക്കാനായി ഉമര്‍ പ്രാരംഭ പ്രാര്‍ഥന ഉറക്കെ ചൊല്ലിയിരുന്നു. മയ്യിത്ത് നമസ്കാരത്തില്‍ ഇബ്നു അബ്ബാസ് ഫാതിഹ ഉറക്കെ ഓതിയിരുന്നു; അത് സുന്നത്താണെന്ന് ജനങ്ങളെ അറിയിക്കലായിരുന്നു ലക്ഷ്യം. ഇമാം 'ആമീന്‍' ഉറക്കെ പറയുന്നതും ഇതില്‍പെടുന്നു. അനുവദനീയമായ ഭിന്നതകളില്‍പെട്ട ഈ കാര്യങ്ങള്‍ ചെയ്തതിന്റെ പേരിലോ ഉപേക്ഷിക്കുന്നതുകൊണ്ടോ ആരെയും ആക്ഷേപിക്കാന്‍ പാടില്ല. ഇപ്രകാരം തന്നെയാണ്, നമസ്കാരത്തില്‍ കൈകള്‍ ഉയര്‍ത്തലും ഉയര്‍ത്താതിരിക്കലും, ശഹാദത്തിന്റെ ഇനങ്ങളിലുള്ള ഭിന്നത, ഇഖാമത്തിന്റെയും ബാങ്കിന്റെയും ഇനങ്ങള്‍, ഇഫ്റാദ്, ഖിറാന്‍, തമത്തുഅ് എന്നീ ഹജ്ജിലെ ഇനങ്ങള്‍ തുടങ്ങിയവ. സുബ്ഹിയിലെ ഖുനൂത്തും ബിസ്മി ഉറക്കെ ഓതലും നബി(സ) പതിവായി ചെയ്തിരുന്നില്ല എന്നതുകൊണ്ട്, അത് സ്ഥിരമായി ചെയ്യുന്നത് വെറുക്കപ്പെട്ട കാര്യമാകുന്നില്ല. അത് ബിദ്അത്താകുന്നുമില്ല. മറിച്ച് നബിയുടെ ചര്യയാണ് പരിപൂര്‍ണവും ശ്രേഷ്ഠവും'' (സാദുല്‍ മആദ്, ഇബ്നുഖയ്യിമുല്‍ ജൌസിയ്യ-1/272-275, മുഅസ്സസുരിസാല).
ഇബ്നുബാസിന്റെ നിലപാട്
ആധുനിക സലഫീപണ്ഡിതരില്‍ പ്രമുഖനും സുഊദിയിലെ ഉന്നതപണ്ഡിത സഭയുടെ അധ്യക്ഷനുമായിരുന്ന ശൈഖ് ഇബ്നുബാസ് കര്‍മശാസ്ത്ര ഭിന്നതകളെക്കുറിച്ച് പറയുന്നു: "നമസ്കാരത്തില്‍ റുകൂഇന് മുമ്പും ശേഷവും കൈവെക്കേണ്ടത് നെഞ്ചിലാണോ അതല്ല മറ്റെവിടെയെങ്കിലുമാണോ തുടങ്ങിയ കാര്യങ്ങള്‍ സുന്നത്തിന്റെ (ഐഛികം) പട്ടികയിലാണ് വരുന്നത്. പണ്ഡിതാഭിപ്രായപ്രകാരം ഒരിക്കലും അത് നിര്‍ബന്ധകാര്യങ്ങളുടെ ഗണത്തില്‍ വരുന്നതല്ല. ഒരു വ്യക്തി റുകൂഇന് മുമ്പോ ശേഷമോ കൈകെട്ടാതെയാണ് നമസ്കരിച്ചതെങ്കില്‍പോലും അയാളുടെ നമസ്കാരം തികച്ചും സ്വീകാരയോഗ്യമാണ്. അയാള്‍ ചില ശ്രേഷ്ഠതകള്‍ ഉപേക്ഷിച്ചുവെന്ന് മാത്രമേയുള്ളൂ. ഒരിക്കലും മുസ്ലിംകള്‍ അത്തരം പ്രശ്നങ്ങള്‍ തര്‍ക്കത്തിന്റെയും ഭിന്നതയുടെയും അകല്‍ച്ചയുടെയും കാരണമായി സ്വീകരിക്കരുത്. ഇമാം ശൌകാനി നൈലുല്‍ ഔതാറില്‍ കൈകെട്ടുന്നത് വാജിബാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ പേരില്‍ മുസ്ലിംകള്‍ വിഘടിച്ചുനില്‍ക്കാവതല്ല. അതേയവസരം, തഖ്വയുടെയും നന്മയുടെയും മാര്‍ഗത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയും പരസ്പരവിദ്വേഷത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യേണ്ടത് മുസ്ലിംകള്‍ക്ക് വാജിബാണ്. ഭിന്നിപ്പിന് കാരണമാകുന്ന കാര്യങ്ങളെക്കുറിച്ച് കരുതിയിരിക്കേണ്ടതാണ്. കാരണം, അല്ലാഹു മുസ്ലിംകള്‍ക്കിടയില്‍ ഐക്യവും സാഹോദര്യവും നിര്‍ബന്ധമാക്കിയിരിക്കുന്നു. "അല്ലാഹുവിന്റെ പാശം നിങ്ങള്‍ മുറുകെപിടിക്കുക അതില്‍ ഭിന്നിക്കരുത്'' (2:103).
"ആഫ്രിക്കയിലും ഇതര രാജ്യങ്ങളിലും എന്റെ മുസ്ലിം സഹോദരങ്ങള്‍ക്കിടയില്‍, കൈകെട്ടുന്നത് സംബന്ധമായ പ്രശ്നങ്ങള്‍മൂലം കഠിനമായ വിദ്വേഷവും അകല്‍ച്ചയും നിലനില്‍ക്കുന്നതായി എനിക്കറിയാന്‍ കഴിഞ്ഞു. ഇത് സംഭവിക്കാന്‍ പാടില്ലാത്തതും തെറ്റുമാണെന്ന കാര്യത്തില്‍ അഭിപ്രായാന്തരമില്ല. സ്നേഹവും സാഹോദര്യവും ഐക്യവും നിലനിര്‍ത്താന്‍ പരസ്പരധാരണയും ഗുണകാംക്ഷയും അനിവാര്യമാണ്. പ്രവാചകാനുയായികള്‍ തമ്മില്‍പോലും ശാഖാപരമായ പ്രശ്നങ്ങളില്‍ അഭിപ്രായ വൈജാത്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, അതൊരിക്കലും അവര്‍ക്കിടയില്‍ അനൈക്യത്തിനോ അകല്‍ച്ചക്കോ കാരണമായില്ല. അവരുടെ ലക്ഷ്യം തെളിവുകള്‍ സഹിതം സത്യം മനസ്സിലാക്കുക മാത്രമായിരുന്നു. സത്യം വ്യക്തമായാല്‍ അവരതില്‍ ഒന്നിക്കും. ചിലര്‍ക്കത് അവ്യക്തമായാല്‍, മറ്റുള്ളവരെ മാര്‍ഗഭ്രംശം സംഭവിച്ചവരായി മുദ്രകുത്തുകയില്ല. മാത്രമല്ല, സ്വന്തം സഹോദരനുമായുള്ള ആദര്‍ശബന്ധം തുടരുന്നതിനോ, തുടര്‍ന്ന് നമസ്കരിക്കാനോ തടസമായില്ല. അല്ലാഹുവിനെ സൂക്ഷിക്കുക, സത്യം മുറുകെപിടിക്കുക, അതിലേക്ക് ജനങ്ങളെ ക്ഷണിക്കുക, പരസ്പര ഗുണകാംക്ഷ പുലര്‍ത്തുക, ആദര്‍ശപരമായ സ്നേഹവും സാഹോദര്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ തെളിവുകള്‍ അവ്യക്തമാകുമ്പോള്‍ താന്‍ കൈകൊണ്ടിട്ടുള്ള ഇജ്തിഹാദ് സഹോദരന്റെ മേല്‍ നടപ്പിലാക്കാന്‍ ശ്രമിക്കാതിരിക്കുക, ശാഖാപരമായ പ്രശ്നങ്ങളുടെപേരില്‍ പരസ്പരബന്ധം വിഛേദിക്കാതിരിക്കുക, തുടങ്ങിയവ നമ്മുടെ ബാധ്യതയാണ്. അതാണ് സലഫിസരണി'' (മജല്ലത്തുല്‍ ഫുര്‍ഖാന്‍, സലഫീ മാസിക, കുവൈത്ത്, 1999 ജൂലൈ).
ആധുനിക സലഫീ പണ്ഡിതരും അവരുള്‍പ്പെടുന്ന ഫത്വാസമിതികളും ഈ വിഷയത്തില്‍ സ്വീകരിച്ച മാതൃകാപരമായ നിലപാടുകള്‍ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്. ദൈര്‍ഘ്യം ഭയന്ന് അവ ഇവിടെ ഉദ്ധരിക്കുന്നില്ല. (ഫതാവാഅല്ലജ്നത്തിദ്ദാഇമ, ഫത്വ നമ്പര്‍-16113, പേജ്: 212, ശിഫാഉസ്സ്വുദൂര്‍-സൈനുദ്ദീന്‍ മര്‍ഈ ബിന്‍ യൂസുഫുല്‍ കര്‍മി-പേജ്-154, അര്‍റിആസത്തുല്‍ ആമ്മലില്‍ബുഹൂസില്‍ ഇല്‍മിയ്യ).
('സലഫിസം ചരിത്രത്തിന്റെ അനിവാര്യതയും പില്‍ക്കാല അപചയങ്ങളും' എന്ന പേരില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തില്‍നിന്ന്).
Comments