ചെറുത്തുനില്‍പുകള്‍ ജയം കാണാതിരിക്കില്ല
45 വര്‍ഷത്തിനു ശേഷം ഗസ്സയില്‍ തിരിച്ചെത്തിയ ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ ഹമാസിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണം
നിങ്ങള്‍ക്ക് നന്ദി, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ വേദനയിലും പോരാട്ടത്തിലും കൂടെ നില്‍ക്കുന്ന, അറബ് ഇസ്ലാമിക ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഇവിടെ എത്തിയ എല്ലാ ധീരപോരാളികള്‍ക്കും എന്റെ നന്ദി. ഇത് വല്ലാത്തൊരു മുഹൂര്‍ത്തമാണ്. ഫലസ്ത്വീന്‍ ചെറുത്ത്നില്‍പ് പോരാട്ടചരിത്രത്തിലെ നിറസാന്നിധ്യമായ ഹമാസിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികവും, ഇസ്രയേല്‍ അധിനിവേശത്തിനെതിരായ ഗസ്സയുടെ വിജയവും ഒത്തുവന്നിരിക്കുന്ന മുഹൂര്‍ത്തം. ഗസ്സയുടെ വിജയം ഫലസ്ത്വീനികളുടെ പെരുന്നാളാണ്. ഇവിടത്തെ പോരാളികള്‍ സൃഷ്ടിച്ച സുവര്‍ണ നിമിഷങ്ങളാണത്. ഖൈബറിന്റെ മഹത്തായ സ്മരണകളുടെ കൂടെയാണ് ഇവ രണ്ടും സമാഗതമായിരിക്കുന്നത് എന്നത് യാദൃഛികമായിരിക്കില്ല. ഖൈബറിലെ പരാജയം സയണിസ്റുകള്‍ക്ക് മേല്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്നതിന്റെ സൂചനയാണത്. 'ഖൈബര്‍ നശിച്ചിരിക്കുന്നു. ഞങ്ങള്‍ അവരുടെ നടുത്തളത്തില്‍ ചെന്നിറങ്ങിയാല്‍ അവരുടെ പ്രഭാതം വളരെ മോശം തന്നെ' എന്നരുളിയത് സാക്ഷാല്‍ പ്രവാചകനാണല്ലോ.
സഹോദരന്മാരേ, സയണിസ്റ് ഭീകരവാദികള്‍ ഗസ്സക്ക് മേല്‍ വീണ്ടുമൊരു ആക്രമണം നടത്താന്‍ കോപ്പുകൂട്ടുന്ന, അല്ലെങ്കില്‍ ലബനാനെയോ ഇറാനെയോ ലക്ഷ്യം വെക്കാന്‍ മുന്നൊരുക്കം നടത്തുന്ന പശ്ചാത്തലത്തില്‍ ഏതാനും പാഠങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുകയാണ്. ഇനി പറയുന്ന കാര്യങ്ങളെല്ലാം ഭീരുക്കളായ സയണിസ്റുകള്‍ ഗസ്സക്ക് മേല്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് തന്നെയുള്ളവയാണ്.
പോരാട്ടം ജനകീയമാവുകയും ജനങ്ങള്‍ അവ ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ വിജയം പൂവണിയുമെന്നതാണ് അവയില്‍ പ്രഥമമായത്. നേതൃത്വവും നിശ്ചയദാര്‍ഢ്യവും, പോരാട്ടത്തെ താലോലിക്കുന്ന ജനതയും ഒരുമിച്ച് ചേര്‍ന്നാല്‍ വിജയം സുനിശ്ചിതമാണ്. ചെറുത്ത് നില്‍പിന് വെള്ളമൊഴിച്ച് പരിപാലിക്കുന്ന സമൂഹവും ശക്തമായ വിശ്വാസവും അല്ലാഹുവിലുള്ള ഭരമേല്‍പിക്കലും ചേരുന്നതോടെ വിജയം കരഗതമാവുമെന്നതിന് ഗസ്സയുടെ വിജയം സാക്ഷിയാണ്. ഇവിടെ വിജയം സൃഷ്ടിച്ചത് പോരാളികളും സാധാരണ ജനതയുമായിരുന്നു.
നമ്മുടെ ഫലസ്ത്വീന്‍ ജനതയിലേക്ക് നോക്കൂ. ഇവിടത്തെ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങിയ മഹത്തായ കുടുംബങ്ങള്‍ പോരാട്ടമാര്‍ഗത്തില്‍ അടിയുറച്ച് നിന്നപ്പോഴാണ് ശത്രുക്കള്‍ പരാജയം സമ്മതിക്കുകയും പിന്‍വലിയുകയും ചെയ്തത്. ആയിരത്തിയഞ്ഞൂറോളം രക്തസാക്ഷികള്‍, ആയിരക്കണക്കിന് മുറിവേറ്റവര്‍, പതിനായിരക്കണക്കിന് നാടുകടത്തപ്പെട്ടവര്‍ തുടങ്ങിയവരാണ് പോരാട്ടം സൃഷ്ടിക്കുകയും നമ്മുടെ അഭിമാനകേന്ദ്രമായി മാറുകയും ചെയ്തത്. സ്വന്തം ജനത പൂര്‍ണമായും ഏറ്റെടുത്ത ഒരു പോരാട്ടവും പരാജയപ്പെടുകയില്ല എന്നതാണ് ഇവയെല്ലാം നമുക്ക് നല്‍കുന്ന സന്ദേശം.
ഗസ്സയുടെ ചെറുത്ത് നില്‍പിലും വിജയത്തിലും ലോകമുസ്ലിം ഉമ്മത്ത് പങ്കാളികളാണ്. പൊതുജനം കേവലം തെരുവില്‍ ശബ്ദമുണ്ടാക്കുന്നവര്‍ മാത്രമാണെന്ന് മുന്‍ഗാമികള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍, പൊതുജനം പോരാട്ടഗോദയില്‍ നിര്‍ണായക സ്വാധീനമുള്ള ശക്തിയാണെന്നും അതിന്റെ സ്ഥാനം വലിയതാണെന്നും ഗസ്സയിലെ പോരാട്ടം തെളിയിച്ചിരിക്കുന്നു. ഗസ്സായുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ ഒരു വിദേശ നയതന്ത്രവിദഗ്ധന്‍ എന്നോട് പറഞ്ഞു. അറബ് ഇസ്ലാമിക ലോകത്തെ സാധാരണ ജനങ്ങളുടെ ആര്‍ത്തിരമ്പലും പ്രതിഷേധവും കണ്ടപ്പോഴാണത്രെ ഇസ്രയേല്‍ വെടിനിര്‍ത്താനാവശ്യപ്പെട്ട് രംഗത്ത് വന്നത്. മുസ്ലിം ഉമ്മത്തിലെ പണ്ഡിതന്മാര്‍, ധൈഷണിക നേതൃത്വങ്ങള്‍, സാംസ്കാരിക നായകന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍ തുടങ്ങിയവര്‍ അണിനിരന്ന പൊതു ജനമുന്നണി അമൂല്യനിധി തന്നെയാണ്. ഗസ്സയുടെ വിജയത്തില്‍ അവര്‍ക്ക് നിസ്സാരമല്ലാത്ത പങ്കാണുള്ളത്. ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ ഉമ്മത്തിന്റെ പണ്ഡിതനായ ശൈഖ് യൂസുഫുല്‍ ഖറദാവിയോട് ഞാന്‍ പറയട്ടെ. 'താങ്കളെ വിമര്‍ശിക്കാന്‍ ചില അവിവേകികള്‍ ധൈര്യം കാണിച്ചിട്ടുണ്ട്. താങ്കളവരെ പരിഗണിക്കേണ്ടതില്ല. എല്ലാ ആദരണീയരാലും ആദരിക്കപ്പെടുന്നവനാണ് താങ്കള്‍. ആദരിക്കപ്പെടാത്തവരുടെ കാര്യം നാം പരിഗണിക്കേണ്ടതില്ലല്ലോ.'
ശൈഖ് ഖറദാവി നമ്മോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും പിന്തുണക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹം ഈജിപ്തിന്റെ സന്തതിയും അഭിമാനവുമാണ്. അറബ് ഇസ്ലാമിക ലോകത്തുള്ള നമ്മുടെയും അഭിമാനമാണ്. അദ്ദേഹത്തോടൊപ്പമെത്തുന്ന ആരും ഇവിടെയില്ല. പണ്ഡിതന്മാര്‍ അദ്ദേഹത്തെ കണ്ട് പഠിക്കണം. ഭരണാധികാരിയെ തൃപ്തിപ്പെടുത്തുന്നതല്ലെങ്കിലും സത്യം തുറന്ന് പ്രഖ്യാപിക്കുന്നവരാകണം പണ്ഡിതന്മാര്‍.
മാനവസമൂഹങ്ങളില്‍ നന്മയുടെ കിരണങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. സയണിസ്റ് യുദ്ധത്തെ ചെറുത്ത് തോല്‍പിക്കുന്നതില്‍ ഗസ്സയുടെ കൂടെ നിന്നവരെ നമുക്കറിയാം. കിഴക്കന്‍- പടിഞ്ഞാറന്‍ ദേശങ്ങളില്‍ നിന്ന് നമുക്ക് പിന്തുണ ലഭിച്ചു. മനുഷ്യ മനസ്സാക്ഷിയെ പ്രതിനിധീകരിക്കുന്ന വര്‍ത്തമാനങ്ങള്‍ നാം കേട്ടു. 'നമ്മുടെ സൃഷ്ടികളില്‍ ജനത്തെ സത്യപാതയില്‍ നയിക്കുകയും സത്യനിഷ്ഠയോടെ നീതി നടത്തുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്' (അല്‍അഅ്റാഫ് 181). സമൂഹത്തിന്റെ മനസ്സാക്ഷി ജീവനോടെയിരിക്കുന്ന കാലത്തോളം ഇത് ആവര്‍ത്തിക്കുക തന്നെ ചെയ്യും.
യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങി ലോകത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും ഗസ്സയിലേക്കൊഴുകിയ ആണ്‍കുട്ടികളെയും യാത്രാസംഘങ്ങളെയും കപ്പലുകളെയും ഞങ്ങള്‍ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു. അവരില്‍ ബ്രിട്ടീഷ് രാഷ്ട്രീയ പ്രവര്‍ത്തകനായ ജോര്‍ജ് ഗലവിയെ ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. അവരില്‍ മറ്റൊരാള്‍ ബ്രിട്ടനില്‍ നിന്ന് തന്നെയുള്ള അന്ധനായ ലോര്‍ഡ് കഫീഫ് ആണ്. ഭാര്യയുടെ കൂടെ ഗസ്സ സന്ദര്‍ശിച്ചതിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര സമൂഹങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: "നിങ്ങളുടെ അന്ധത മതിയാക്കാറായിരിക്കുന്നു. അന്ധന് പോലും കാഴ്ച നല്‍കുന്നവയാണ് ഗസ്സയിലെ പരാക്രമങ്ങള്‍.'' സയണിസ്റുകളുടെ വൈറ്റ് ഫോസ്ഫറസ് ഷെല്ലാക്രമണത്തില്‍ കണ്ണ് നഷ്ടപ്പെട്ട പന്ത്രണ്ടുകാരനായ ലുഅയ് സുബ്ഹ് എന്ന പിഞ്ചുകുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് അദ്ദേഹം പറഞ്ഞു. 'എനിക്കും നിനക്കും കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷേ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടിട്ടില്ല. ഗസ്സയുടെ ഉപരോധം അവസാനിപ്പിക്കാന്‍ നമുക്ക് ഒരുമിച്ച് പണിയെടുക്കാം.' ലോര്‍ഡ് കഫീഫ്, ഞാന്‍ താങ്കളോട് പറയട്ടെ, അന്ധനായ താങ്കള്‍ക്ക് ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ, താങ്കളുടെ പ്രദേശത്ത് കണ്ണുകൊണ്ട് കാണുന്ന പലര്‍ക്കും ഉള്‍ക്കാഴ്ചയും മാനവിക മൂല്യങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു.
ഇസ്രയേല്‍ വീണ്ടും യുദ്ധത്തിന് കോപ്പുകൂട്ടുന്ന ഈ സന്ദര്‍ഭത്തില്‍ നമുക്ക് ലോകമനസ്സാക്ഷിയോട് പറയാനുള്ളത് ഇതാണ്: "സയണിസ്റുകള്‍ക്കെതിരായ ഫലസ്ത്വീനികളുടെയും അറബ് ഇസ്ലാമിക സമൂഹത്തിന്റെയും പോരാട്ടം, തിന്മക്കെതിരായ നന്മയുടെയും അക്രമത്തിനെതിരായ നീതിയുടെയും അധിനിവേശത്തിനെതിരായ സ്വാതന്ത്യ്രത്തിന്റെയും പോരാട്ടമാണ്.''
ആയുധത്തിലും സംഹാരത്തിലും ഇസ്രയേല്‍ മുന്നില്‍ തന്നെയാണ്. എന്നാല്‍പോലും വിജയം വരിക്കാന്‍ അവര്‍ അശക്തരാണ്. സയണിസ്റുകള്‍ ഏതെങ്കിലും സൈന്യത്തെയും സംഘടനകളെയും പരാജയപ്പെടുത്തിയിട്ടുണ്ടാകാം. പക്ഷേ ചെറുത്ത് നില്‍പിനെയും അതിന് ജീവന്‍ നല്‍കുന്ന ജനതയെയും തോല്‍പിക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. ഗസ്സ നമ്മെ പഠിപ്പിച്ച പാഠമാണത്. ഞങ്ങള്‍ ആരെയും യുദ്ധത്തിന് ക്ഷണിക്കുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് മേല്‍ അത് അടിച്ചേല്‍പിച്ചാല്‍ ഞാന്‍ മുമ്പ് പ്രഖ്യാപിച്ചതു പോലെ അതിയായ ഇഷ്ടത്തോടെ ഞങ്ങളത് ഏറ്റെടുക്കും. ഇസ്രയേലിനെ പരാജയപ്പെടുത്തുന്നത് വരെ ഞങ്ങള്‍ പോരാടുകയും ചെയ്യും. ഇന്‍ശാ അല്ലാഹ്...
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
Comments