വീരോചിതം ഈ തിരിച്ചു വരവ്
അവസാനം അറബ് വസന്തത്തിന്റെ ഇളം തെന്നല്‍ ജീവിതം പോരാട്ടമാക്കിയ ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെ ഗസ്സയിലെത്തിച്ചു. ഫലസ്ത്വീന്‍ ചെറുത്ത് നില്‍പ് സംഘടനയായ ഹമാസ് രൂപീകരണത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനാണ് ഖാലിദ് മിശ്അല്‍ ഗസ്സയിലെത്തിയത്. മിശ്അലിന്റെ വരവോടെ ഉപരോധത്തിന്റെ നടുവില്‍ വീര്‍പ്പുമുട്ടിയിരുന്ന ഗസ്സ, ഫലസ്ത്വീന്‍ കാഴ്ചയുടെ മുന്‍നിരയിലെത്തുകയായിരുന്നു. മിശ്അലിന്റെ സന്ദര്‍ശനം 15 ലക്ഷത്തോളം വരുന്ന ഗസ്സ ചീന്തിലെ ഫലസ്ത്വീന്‍ ജനത നെഞ്ചേറ്റിയത് തങ്ങളുടെ പോരാട്ടവീര്യം വര്‍ധിപ്പിച്ചുകൊണ്ടാണ്. ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഇസ്രയേലുമായുള്ള വെടിനിര്‍ത്തലിന്റെയും യുദ്ധ വിജയത്തിന്റെയും സൂത്രധാരനാണ് ഖാലിദ് മിശ്അല്‍. സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഇസ്രയേലിനെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും ഫലസ്ത്വീന്റെ ഒരു തരി മണ്ണുപോലും വിട്ടുകൊടുക്കില്ലെന്നും മിശ്അല്‍ പ്രഖ്യാപിച്ചത് കടലിരമ്പുന്ന ശബ്ദത്തോടെ തക്ബീര്‍ ധ്വനികള്‍ മുഴക്കിയാണ് ജനം സ്വീകരിച്ചത്.
1997-ല്‍ അമ്മാനില്‍ വെച്ച് വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടതിനെ സൂചിപ്പിച്ച് ഇത് തന്റെ മൂന്നാം ജന്മമാണെന്നും 'ശഹാദ'ത്തിനാണ് താന്‍ വരുന്നതെന്നും പ്രഖ്യാപിച്ച് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ ഗസ്സയിലേക്ക് കാലെടുത്തുവെച്ചത് പുതിയ ചരിത്രത്താളുകളിലേക്കായിരുന്നു. ഗസ്സയിലെ സന്ദര്‍ശനം തുടങ്ങിയത് ജൂത രാഷ്ട്രവുമായുള്ള പോരാട്ടത്തിന്റെ വഴിയില്‍ രക്തസാക്ഷിയായ ശഹീദ് ശൈഖ് യാസീന്റെ വസതി സന്ദര്‍ശിച്ചുകൊണ്ടും. ഇസ്രയേല്‍ വധിച്ച കതാഇബുല്‍ ഖസ്സാം ഉപാധ്യക്ഷന്‍ അഹ്മദ് അല്‍ ജഅ്ബരിയുടെയും മറ്റു രക്ത സാക്ഷികളുടെയും വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു.
ഇസ്ലാമിക് ഫിനാന്‍സ് വളര്‍ച്ചയുടെ പാതയില്‍
ഡിസംബര്‍ ആദ്യവാരം മലേഷ്യയില്‍ നടന്ന 8-ാമത് ലോക ഇസ്ലാമിക ഫോറം സമ്മേളനം ഇസ്ലാമിക ലോകത്തെ സാമ്പത്തിക മേഖലയില്‍ പുതിയ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നതായിരുന്നു. 'മാറ്റത്തിന്റെ ലോകം: പുതിയ അവസരങ്ങള്‍' എന്ന പ്രമേയം മുന്‍നിര്‍ത്തി മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ 86 രാഷ്ട്രങ്ങളില്‍നിന്നായി 2100 പ്രതിനിധികള്‍ പങ്കെടുത്തു. ഇസ്ലാമിക സാമ്പത്തിക രംഗത്ത് പുത്തനുണര്‍വ് സംജാതമാകുന്നതിന്റെ നേര്‍സാക്ഷ്യമായി സമ്മേളനം.
മൂന്നു ദിവസം നീണ്ട സമ്മേളനത്തില്‍ ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ ഒരു അന്താരാഷ്ട്ര സമിതി രൂപീകരിക്കാന്‍ ധാരണയായി. ഇസ്ലാമിക സാമ്പത്തിക മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മികവ് വര്‍ധിപ്പിക്കുന്നതിനും വിവര സാങ്കേതികവിദ്യകളുടെ കൈമാറ്റങ്ങള്‍ക്കും സഹായിക്കുന്നതോടൊപ്പം മുസ്ലിം ലോകത്ത് ദാരിദ്യ്രനിര്‍മാര്‍ജനം ലക്ഷ്യംവെച്ച് വഖ്ഫ്, സകാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും സമിതി മേല്‍നോട്ടം വഹിക്കും. ഇസ്ലാമിക് ഫിനാന്‍സിംഗ് രംഗത്തെ പഠനങ്ങളുടെ ഏകീകരണത്തിന് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഇസ്ലാമിക സാമ്പത്തിക ക്രയവിക്രയങ്ങളുടെ മാനദണ്ഡങ്ങള്‍ ഏകീകരിക്കാനും ധാരണയായി. ശരീഅത്ത് നിയമങ്ങളുടെ ഭദ്രമായ ധാര്‍മിക അടിത്തറയുള്ള ഇസ്ലാമിക് ഫിനാന്‍സിംഗിനെ ലോക സാമ്പത്തിക വ്യവസ്ഥക്ക് മുതല്‍ക്കൂട്ടായി ഉയര്‍ത്തിക്കൊണ്ടുവരണമെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. 'ധനികര്‍ കൂടുതല്‍ ധനികരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും' ചെയ്യുന്ന നിലവിലെ സാമ്പത്തിക വ്യവസ്ഥക്ക് മാറ്റം ആവശ്യമാണ്. വികസ്വര രാഷ്ട്രങ്ങളില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ച് ലോകാടിസ്ഥാനത്തില്‍ ഇസ്ലാമിക് ഫിനാന്‍സിംഗിനെ സാമ്പത്തിക ബദലായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും സമ്മേളനം വിലയിരുത്തി.
സാമ്പത്തിക മാന്ദ്യം
സമ്പന്നരെ വേട്ടയാടുന്നില്ല
സാമ്പത്തിക മാന്ദ്യത്തിന്റെ ചുഴലിക്കാറ്റില്‍പ്പെട്ട് ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും ആടിയുലയുമ്പോഴും സമ്പന്നര്‍ സുഖ സൌകര്യങ്ങള്‍ തേടി കാടുകളും കടല്‍ത്തീരങ്ങളും സ്വന്തമാക്കുന്നു. സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും ജീവിത സാഹചര്യങ്ങള്‍ 'ആഗോളീകരണ'കാലത്ത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെയാണെന്നു കാണാം. വികസിത രാജ്യങ്ങളിലും മൂന്നാം ലോകത്തുമെല്ലാം മുതലാളിമാരെ 'പരിഷ്കരണങ്ങള്‍' ബാധിക്കാറുമില്ല. ലോകത്തെമ്പാടും ആസ്തികളുള്ള ബ്രിട്ടീഷ് റിയല്‍ എസ്റേറ്റ് ഭീമന്‍ നൈറ്റ് ഫ്രാങ്കിന്റെ വെബ് സൈറ്റുകളിലൂടെ ഒന്നു സഞ്ചരിച്ചാല്‍ മതി. ഇറ്റലിയിലെ മാസ്മരിക സ്വപ്നതീരങ്ങളില്‍ അത്തരത്തിലുള്ള സമ്പന്നരെ കാത്തിരിക്കുന്ന മണിമന്ദിരങ്ങളുടെ ചിത്രം ഒരു പ്രമുഖ അന്താരാഷ്ട്ര പത്രം പ്രസിദ്ധീകരിച്ചതാണിവിടെ കൊടുത്തത്. പോഷ് വില്ലകള്‍ വാങ്ങുന്നവര്‍ക്ക് 'റസിഡന്റ് പെര്‍മിറ്റ്'പോലും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
മാറിയ മിഡിലീസ്റ്
ഇസ്രയേലിനെ കുലപ്പെത്തുന്നു
മിഡിലീസ്റില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ക്കൊത്ത് സൈനിക സന്നാഹങ്ങളും മറ്റും സജ്ജമാക്കാനാകാത്തതില്‍ ഇസ്രയേല്‍ ആകുലപ്പെടുന്നതായി റിപ്പോര്‍ട്ട്. പ്രശസ്ത ഇസ്രയേലി എഴുത്തുകാരന്‍ ഉമൈര്‍ റബാബോര്‍ട്ട് ഇസ്രയേലി പത്രമായ മആരിഫില്‍ എഴുതിയ 'ഭൂമി കുലുങ്ങുമ്പോള്‍' എന്ന ലേഖനത്തിലാണ് പുതിയ മിഡിലീസ്റ് സാഹചര്യങ്ങളെ വിലയിരുത്തുന്നത്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ആസന്ന പതനവും, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും ഫലസ്ത്വീന്‍ അതോറിറ്റി നേതാവ് മഹ്മൂദ് അബ്ബാസും രാഷ്ട്രീയമായി ദുര്‍ബലമായതും മിഡിലീസ്റിലെ രാഷ്ട്രീയ സമവാക്യം മാറ്റിമറിച്ചതായി അദ്ദേഹം വിലയിരുത്തുന്നു. ഈജിപ്തിലെ ഭരണ മാറ്റം മേഖലയില്‍ പങ്കാളിയെ നഷ്ടപ്പെടുത്തുകയും അമേരിക്കയുടെ തീരുമാനങ്ങള്‍ക്ക് പഴയ ശക്തിയില്ലാതാവുകയും ചെയ്തത് ഇസ്രയേലിനെ പ്രതികൂലമായി ബാധിച്ചു. പുതിയ സാഹചര്യങ്ങളെ വിലയിരുത്തുന്നതില്‍ സൈന്യത്തില്‍ ആഭ്യന്തര ഛിദ്രത നിലനില്‍ക്കുന്നതായി പറയുന്ന ലേഖനം സൈനിക ശക്തിയുടെ അടിമുടി പരിഷ്കരണം ആവശ്യമാണെന്നും വാദിക്കുന്നു.
കൂറുമാറുന്ന സൈനികര്‍ 'ഇഖ്വാന്‍'പക്ഷത്തേക്ക്
സിറിയയില്‍ സ്വാതന്ത്യ്ര പോരാട്ടം അവസാനത്തോടടുക്കവെ സര്‍ക്കാര്‍ പട്ടാളം വ്യാപകമായി കൂറുമാറി സിവില്‍ പക്ഷത്തേക്ക് ചേരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ വരുന്ന സൈനികര്‍ പോരാട്ട രംഗത്തുള്ള മുസ്ലിം ബ്രദര്‍ഹുഡിനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതുമൂലം പ്രതിപക്ഷ പോരാളികളില്‍ 'ഇഖ്വാന്‍' സ്വാധീനം വര്‍ധിച്ചുവരുന്നു.
നിലവില്‍ സ്വതന്ത്ര സേനാ സഖ്യത്തില്‍ മൂന്നിലൊന്ന് വരും ബ്രദര്‍ഹുഡ് പോരാളികള്‍. ഇസ്ലാമിക പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ജമാല്‍ മഅ്റൂഫ് സൈനിക നേതൃത്വത്തില്‍ പ്രധാനിയാണ്. സലഫി, ലിബറല്‍ വിഭാഗങ്ങളും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരെ പോരാടുന്ന 'ദേശീയ സഖ്യസേന'യുടെ ഭാഗമാണ്. സ്വാതന്ത്യ്ര പോരാട്ടം ഏറെ മുന്നോട്ടുപോയെങ്കിലും ബശ്ശാറാനന്തര സിറിയയെക്കുറിച്ച രൂപരേഖ തെളിഞ്ഞുവരാത്തത് പോരാട്ട വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അതിനിടെ ബശ്ശാറിനോട് സ്ഥാനമൊഴിഞ്ഞ് അധികാര കൈമാറ്റം എളുപ്പമാക്കണമെന്ന് ദോഹയില്‍ചേര്‍ന്ന അറബ് മന്ത്രിമാരുടെ യോഗം വീണ്ടും ആവശ്യപ്പെട്ടു. അറബ് ലീഗിന്റെയും ഐക്യരാഷ്ട്രസഭയുടെയും പ്രതിനിധി അല്‍അഖ്ദര്‍ അല്‍ഇബ്റാഹീമിയുടെ സിറിയന്‍ ദൌത്യത്തിന് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സിറിയന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് റഷ്യന്‍-അമേരിക്കന്‍ പ്രതിനിധികളുമായി ജനീവയില്‍ നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് അല്‍ഇബ്റാഹീമി പറഞ്ഞു.
അവിശുദ്ധ കൂട്ടുകെട്ടുകള്‍ കൈകോര്‍ക്കുന്നു
പുതുതായി രൂപീകരിക്കാന്‍ പോകുന്ന ഭരണഘടനയുടെ നിയമനിര്‍മാണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി പുറത്തിറക്കിയ ഭേദഗതിയുടെ മറവില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുതലെടുക്കാന്‍ സാമ്രാജ്യത്വ പിന്തുണയോടെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ കൈകോര്‍ക്കുന്നു. മുര്‍സിയുടെ പുതിയ പ്രഖ്യാപനത്തിന്റെ പേരില്‍ പ്രതിലോമ ശക്തികളെ കൂട്ടുപിടിച്ച് രാജ്യത്ത് അഴിച്ചുവിട്ട കലാപം ശ്രദ്ധിച്ചാല്‍ മതി കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍. ഭരണഘടനയോ മറ്റോ അല്ല കലാപക്കാരുടെ ഉന്നം, മറിച്ച് മുര്‍സി തന്നെയാണ്. കലാപത്തില്‍ ജീവഹാനി സംഭവിച്ചതും നാശനഷ്ടങ്ങള്‍ നേരിട്ടതുമെല്ലാം ഭരണകക്ഷിയായ ഇഖ്വാനികള്‍ക്കായിരുന്നു. പ്രതിഷേധക്കാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രകോപനമുണ്ടായിരുന്നിട്ടും മുസ്ലിം ബ്രദര്‍ഹുഡ് അങ്ങേയറ്റത്തെ സംയമനം പാലിച്ചതുകൊണ്ട് മാത്രമാണ് കലാപം പടരാതിരുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ പോലും വിലയിരുത്തി.
ഈജിപ്തില്‍ ഇസ്ലാമിക ജനാധിപത്യ ശക്തികള്‍ അധികാരത്തില്‍ വന്നാല്‍ മേഖലയില്‍ രാഷ്ട്രീയ രംഗത്തുണ്ടാവുന്ന മാറ്റത്തില്‍ വിറളിപൂണ്ട ജൂത ലോബിയാണ് പുറത്താക്കപ്പെട്ട മുന്‍ ഏകാധിപതി ഹുസ്നി മുബാറകിന്റെ അനുയായികളെയും മുഹമ്മദ് അല്‍ബറാദഇ, അംറ് മൂസ, ഹമദൈന്‍ സബാഹി തുടങ്ങിയവരെയും കൂട്ടുപിടിച്ച് നടത്തുന്ന പുതിയ നീക്കത്തിന് പിന്നില്‍. എന്നാല്‍, സൈന്യം ഇത്തരം നീക്കങ്ങളുമായി സഹകരിക്കാതിരുന്നത് ഇവര്‍ക്ക് തിരിച്ചടിയായി. അതോടൊപ്പം പ്രസിഡന്റ് മുര്‍സി അല്‍പം കരുതലോടെ കാര്യങ്ങളെ നോക്കിക്കാണണമെന്നാണ് ഈജിപ്തിലെ നിഷ്പക്ഷ വിഭാഗം അഭിപ്രായപ്പെടുന്നത്.
Comments