Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 22

ഇനി എഫ്.ഡി.ഐ കൊള്ളി കൊണ്ട് പുറം ചൊറിയാം

ഇഹ്സാന്‍

നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ഭേദഗതി നിയമമായതോടെ ലക്ഷണം കെട്ട നിയമങ്ങളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെയാണ് രാജ്യത്ത് കാണാനുള്ളത്. ബാങ്കുകള്‍ക്ക് ഊഹക്കച്ചവടത്തില്‍ പണം മുതലിറക്കാവുന്ന തരത്തിലുള്ള ഭേദഗതി ബാങ്കിംഗ് നിയമത്തില്‍ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്ത് കച്ചവടം ചെയ്യാവുന്ന എസ്.ഡബ്ള്യൂ.എഫ് എന്ന ഫണ്ടിന്റെ രൂപീകരണമാണ് ഇതില്‍ അവസാനത്തേത്. എല്ലാറ്റിന്റെയും മാതാവ് ആ വോട്ടെടുപ്പു തന്നെയായിരുന്നു. ഇന്ത്യയുടേതു പോലൊരു പാര്‍ലമെന്റില്‍ മന്‍മോഹന്‍ സിംഗിനും ആലുവാലിയക്കും സങ്കല്‍പ്പിക്കാവുന്ന ഏറ്റവും വലിയ ബോണസായിരുന്നു എഫ്.ഡി.ഐ നിയമം ഇരു സഭകളിലും പാസായി കിട്ടിയത്. നേര്‍വഴിക്കു പോയാല്‍ പാസാവില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് സര്‍ക്കാര്‍ എക്സിക്യൂട്ടീവ് തീരുമാനമായി ഇതാദ്യം അവതരിപ്പിച്ചത്. എക്സിക്യൂട്ടിവ് തീരുമാനമാവുമ്പോള്‍ അത് പാര്‍ലമെന്റില്‍ വോട്ടിനിടേണ്ട ആവശ്യം ഉണ്ടാവുന്നില്ല. പക്ഷേ മറ്റൊരു സൂത്രപ്പണി കൂടി ചെയ്യേണ്ടിയിരുന്നു. പുതിയ എഫ്.ഡി.ഐ നിയമത്തിനനുകൂലമായ ഭേദഗതി വിദേശനാണ്യ വിനിമയ നിയമത്തില്‍ കൊണ്ടുവരണമായിരുന്നു. അതാകട്ടെ പാര്‍ലമെന്റില്‍ പാസ്സായിരിക്കണമെന്നത് ആ നിയമത്തില്‍ തന്നെ എഴുതിവെച്ച കാര്യവുമായിരുന്നു. അധികമാരുടെയും ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും കഴിഞ്ഞ മെയ് മുതല്‍ നാലു തവണയായി സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. പുതിയ ഭേദഗതികള്‍ വലിയ ഒച്ചയും ബഹളവുമില്ലാതെ ഐറ്റം നമ്പര്‍ മാത്രം വായിച്ച് പാര്‍ലമെന്റില്‍ മേശപ്പുറത്തുവെച്ച് രക്ഷപ്പെടാനും ഗവണ്‍മെന്റ് ശ്രമിച്ചു. തക്ക സമയത്ത് ശ്രദ്ധയില്‍ പെട്ട് ആരെങ്കിലും ചര്‍ച്ചക്ക് നോട്ടീസ് കൊടുത്തില്ലെങ്കില്‍ മറ്റൊരു ദിവസം ഇതേപോലെ സ്പീക്കര്‍ അലക്ഷ്യമായി 'ആയെസ്' വിളിച്ചു പാസ്സാക്കിയ ഒരു നിയമമായി ഇത് മാറുകയും ചെയ്തേനെ. പൂച്ച പുറത്തു ചാടിയപ്പോള്‍ ഈ ഭേദഗതി തൃണമൂലിന്റെ സഹായത്തോടെ എഫ്.ഡി.ഐ ബില്ലിനൊപ്പം കൂട്ടിക്കെട്ടി വോട്ടിനിട്ടു. സ്പീക്കര്‍ മീരാകുമാര്‍ പ്രതിപക്ഷ നേതാക്കളോടു പറഞ്ഞത് 'ഇത്തവണ ഇതിങ്ങനെ പോകട്ടെ'യെന്നാണ്. അങ്ങനെ മതിയെന്ന് ഈ നേതാക്കള്‍ തലകുലുക്കി സമ്മതിക്കുകയും ചെയ്തു. 
ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നതിനെ എതിര്‍ക്കുകയാണ് ഇവര്‍ ചെയ്തതെന്ന് പുറമെ തോന്നുമെങ്കിലും വില്ലന്റെയും നായകന്റെയുമൊക്കെ റോളുകള്‍ പരസ്പര ധാരണയോടെ അഭിനയിച്ച് എല്ലാവരും ഈ നാടകം വിജയിപ്പിക്കുകയാണ് ചെയ്തത്. എഫ്.ഡി.ഐ കൊണ്ടുവന്ന കുറ്റത്തിന് ഈ സര്‍ക്കാറിനെ തൂക്കിലേറ്റാന്‍ നടന്ന മമത ബാനര്‍ജിയുടെ പാര്‍ട്ടിയാണ് വിദേശനാണയ വിനിമയ നിയമത്തിന്റെ കാര്യത്തില്‍ എഫ്.ഡി.ഐ വോട്ടെടുപ്പിനോടൊപ്പം ചര്‍ച്ചക്ക് നോട്ടീസ് കൊടുത്തത്. ആ നോട്ടീസ് അന്ന് കൊടുത്തില്ലായിരുന്നുവെങ്കില്‍ രണ്ടാമതൊരിക്കല്‍ കൂടി ബി.എസ്.പിക്കും എസ്.പിക്കുമിടയില്‍ ഓടിനടന്ന് ഒത്തുതീര്‍പ്പുണ്ടാക്കേണ്ട ജോലിഭാരം യു.പി.എക്കുണ്ടാവുമായിരുന്നു. അതാകട്ടെ ഗസറ്റ് വിജ്ഞാപനമനുസരിച്ച 30 ദിവസം തീരുന്ന ഡിസംബര്‍ 13-നകം ചെയ്യുകയും വേണമായിരുന്നു. പ്രൊമോഷന്‍ തസ്തികകളിലെ സംവരണം സംബന്ധിച്ച് ബി.എസ്.പിയും എസ്.പിയും തമ്മില്‍ ഇടഞ്ഞു കൊണ്ടിരിക്കുന്ന ബില്‍ അങ്ങനെയെങ്കില്‍ എഫ്.ഡി.ഐ വോട്ടെടുപ്പിന്റെ നാലാം പക്കം യു.പി.എ സര്‍ക്കാര്‍ പാസ്സാക്കുകയും വേണമായിരുന്നു. ആദ്യം ബി.എസ്.പിയും എസ്.പിയും തമ്മില്‍ തല്ലി തീരുമാനിക്കട്ടെ എന്ന മട്ടില്‍ ബില്‍ സഭയിലേക്ക് എറിഞ്ഞു കൊടുത്ത് വായും മൂടിയിരിക്കുന്ന കോണ്‍ഗ്രസിന്റെ കാപട്യം ചെലവാകുമായിരുന്നില്ല. ബി.ജെ.പിയും വെട്ടിലായേനെ. കാരണം ഈ ബില്‍ പാസ്സാകണമെന്ന ആഗ്രഹം അവര്‍ക്കുണ്ടായിരുന്നുവെന്ന് ആര്‍ക്കും തോന്നുന്നില്ല. സമാജ്വാദി ഒടുവില്‍ പത്തിമടക്കലാവും ഈ ബില്ലിന്റെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നത്.
ബാബു ജഗ്ജീവന്‍ റാം കോണ്‍ഗ്രസിന്റെ റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് 1957 മുതല്‍ നിലവിലുണ്ട് പ്രൊമോഷന്‍ തസ്തികകളിലെ ഈ സംവരണ ബില്‍. അന്ന് മദ്രാസ് കോടതി റദ്ദാക്കുകയും സുപ്രീംകോടതി അനുവദിക്കുകയും ചെയ്ത, പിന്നീട് കോണ്‍ഗ്രസ് നടപ്പാക്കാതിരുന്ന നിയമമായിരുന്നില്ലേ ഇത്? റാവുവിന്റെ കാലത്തെ പ്രമാദമായ ഇന്ദ്രാസാഹ്നി കേസും ക്രീമിലെയര്‍ വിവാദവുമൊക്കെ മണ്ഡല്‍ കമീഷന്റെ മാത്രമല്ല അന്നത്തെ കോടതി നടപടികളുടെ കൂടി തുടര്‍ച്ചയായിരുന്നു. അടിസ്ഥാന വിഷയങ്ങളില്‍ ബി.എസ്.പിയും മമതയുമൊക്കെ കളിക്കുന്നത് കള്ളക്കളികളാണെന്നത് വ്യക്തം. യു.പി.എയില്‍ നിന്നും പിരിഞ്ഞ സ്ഥിതിക്ക് ബംഗാളില്‍ ഭരണം വലിയ ബുദ്ധിമുട്ടാവുമെന്ന് മമത വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. ഒരു കേന്ദ്രസഹായവും ഇനി പ്രതീക്ഷിക്കാനാവില്ലെന്ന് അവര്‍ക്കു മനസ്സിലായി. ഒന്നുകില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് സര്‍ക്കാറിനെ മറിച്ചിടുക. ഇതിന് കഴിയുന്നില്ലെങ്കില്‍ എഫ്.ഡി.ഐ വിഷയത്തില്‍ സര്‍ക്കാറിനെ പിണക്കാതിരിക്കുക. ഇതായിരുന്നു മമതയുടെ തന്ത്രം. ഫെമാ ഭേദഗതിയില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കവെ തൃണമൂല്‍ പറഞ്ഞതോര്‍ക്കുക. എതിരാളികള്‍ തങ്ങളുടെ അവിശ്വാസ പ്രമേയവുമായി സഹകരിച്ചില്ല. അവരുടെ 184-ാം വകുപ്പനുസരിച്ച വോട്ടെടുപ്പുമായി തങ്ങളും സഹകരിക്കില്ല എന്ന്. എന്തായിരുന്നു അപ്പോള്‍ എതിരാളികളുടെയും മമതയുടെയും ആവശ്യം?
ഇപ്പോള്‍ നടക്കുന്ന മറ്റൊരു കുമ്മാട്ടിക്കളിയാണ് വാള്‍മാര്‍ട്ടിനെതിരെയുള്ള ബഹളം. ചില്ലറ വില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ഇന്ത്യന്‍ പാര്‍ലമെന്റിലാണ് പാസായതെങ്കിലും അതിന് അമേരിക്കയിലാണ് വാള്‍മാര്‍ട്ട് കൈക്കൂലി കൊടുത്തത്. അമേരിക്കയില്‍ കൈക്കൂലി നല്‍കിയാല്‍ ഇന്ത്യയില്‍ നിയമം പാസാകുന്നത് എങ്ങനെയാണാവോ? വോട്ടെടുപ്പിനിടെ ഇറങ്ങിപ്പോയവര്‍ക്കും ഫെമ ഭേദഗതി വോട്ടിനിടീച്ചവര്‍ക്കും സംവരണബില്ലിന്റെ പേരില്‍ ബാര്‍ട്ടര്‍ കച്ചവടം ഉറപ്പിച്ചവര്‍ക്കും അവിശ്വാസ പ്രമേയത്തെ എതിര്‍ത്തവര്‍ക്കും വോട്ടു ചെയ്തവര്‍ക്കും വോട്ടു ചെയ്യാത്തവര്‍ക്കുമൊക്കെയായി വീതം വെച്ചു കൊടുത്തതായിരിക്കില്ലേ ഈ തുക? ജസ്റിസ് കട്ജു പറഞ്ഞത് 90 ശതമാനം ഇന്ത്യക്കാരും വിഡ്ഢികളാണ് എന്നാണല്ലോ. അതല്ല, 544 എം.പിമാര്‍ ഒഴികെ ബാക്കിയെല്ലാവരും വിഡ്ഢികളാണെന്നു തന്നെ സമ്മതിക്കേണ്ടി വരും.

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്