Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 22

ഇസ്ലാമോഫോബിയയും ഇസ്ലാമോഫീലിയയും

കെ. അശ്റഫ്

ഇസ്ലാമോഫോബിയയും ഇസ്ലാമോഫീലിയയും (പൊട്ടിത്തെറിക്കുന്ന മുസ്ലിമും ചിരിക്കുന്ന മുസ്ലിമും)

ഇസ്‌ലാമിനെക്കുറിച്ച ഏതൊരു സമകാലീന ചര്‍ച്ചയും യാഥാര്‍ഥ്യം, വസ്തുത ഇവയെക്കുറിച്ചുള്ള സര്‍വ നിര്‍വചനങ്ങളും അട്ടിമറിക്കുന്ന വാക്കുകളിലൂടെയുള്ള ആശയക്കുഴപ്പം (verbal confusion) ആണെന്ന് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ പിയറെ ബോര്‍ദ്യു നിരീക്ഷിക്കുന്നു. തൊണ്ണൂറുകളില്‍ പാരീസിലെ തെരുവുകളില്‍ അള്‍ജീരിയന്‍ മുസ്‌ലിംകള്‍ ബോംബ് സ്‌ഫോടനം നടത്തി എന്ന അഭ്യൂഹത്തെ തുടര്‍ന്നുണ്ടായ മാധ്യമ ബഹളങ്ങളെ വിശകലനം ചെയ്യുകയായിരുന്നു ബോര്‍ദ്യു (കൂടുതല്‍ അന്വേഷണത്തിന് Acts of Resistance: Agianst the New Myths of Our Time എന്ന ബോര്‍ദ്യുവിന്റെ പുസ്തകം കാണുക). ഫത്‌വ, ജിഹാദ്, ശരീഅത്ത് തുടങ്ങി താലിബാന്‍ വരെ ഇങ്ങനെ വാക്കുകളുടെ ആശയക്കുഴപ്പമായി മാറിയിരിക്കുന്നു.
ഇത്തരം സാഹചര്യത്തെപ്പറ്റി പഠിക്കുന്ന സാംസ്‌കാരിക നരവംശശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ഷ്‌റയേക്ക് പറയുന്നത്, ഒരു മുസ്‌ലിം അനുകൂല രാഷ്ട്രീയ ലേബല്‍ എന്നു കരുതപ്പെടുന്ന 'ഇസ്‌ലാമോഫോബിയ' പോലും ഇതില്‍ നിന്ന് വിമുക്തമല്ലെന്നാണ്. ഈ വാദം വിശദീകരിക്കുന്നതിന് ആന്‍ഡ്രൂ ഷ്‌റയേക്കും ഒരു സംഘം ഗവേഷകരും ചേര്‍ന്ന് പുറത്തിറക്കിയ പുസ്തകമാണ് Islamophobia / Islamophiia: Beyond the Politics of Enemy and Friend (Indiana University Press, 2010).
ഒരു രാഷ്ട്രീയ ലേബല്‍ എന്ന നിലയില്‍, ഇസ്‌ലാമോഫോബിയയുടെ ഉപയോഗമൂല്യത്തോടൊപ്പം തന്നെ അത് സൃഷ്ടിക്കുന്ന പ്രതിസന്ധികളും ചര്‍ച്ച ചെയ്യേണ്ടതാണെന്ന് കേസ് സ്റ്റഡികളുടെ അടിസ്ഥാനത്തില്‍ പുസ്തകം വാദിക്കുന്നു. ഒമ്പത് കേസ് സ്റ്റഡികള്‍ ഉണ്ട് പുസ്തകത്തില്‍. തോമസ് മസ്തനക്, മുസ്ത്വഫ ബയൗമി, ലാറദീബ്, മുഹമ്മദ് ഖാസിം സമാന്‍, പോള്‍ എ സില്‍വര്‍സ്റ്റൈന്‍, നാമാഹ് പാലെവ്, എസ്‌റ ഒസ്‌റുക്, മുജാഹിദ് ബിന്‍ സാലീ ഹൊവെല്‍ എന്നിവരാണ് ലേഖകര്‍. ഇസ്‌ലാമോഫോബിയ എന്ന വാക്കിനെ രാഷ്ട്രീയപരമായി നേരിട്ടു സമീപിക്കുന്നതിനു പകരം കുറച്ചുകൂടി വിശാലമായ അധികാര ഘടനക്കുള്ളില്‍ ഈ വാക്കുണ്ടാക്കുന്ന പ്രതികരണങ്ങളെ വിലയിരുത്താനുള്ള അക്കാദമിക് യത്‌നമായി പുസ്തകത്തെ കാണാവുന്നതാണ്.

ഇസ്‌ലാമോഫോബിയയും
ഭരണനിര്‍വഹണവും
വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തമായി വിശദീകരിക്കുന്ന ഇസ്‌ലാമോഫോബിയ സെപ്റ്റംബര്‍ പതിനൊന്നോടുകൂടിയാണ് ആഗോള ഭരണനിര്‍വഹണത്തിന്റെ ഭാഗമാകുന്നത്. യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ ഒരു പ്രത്യേക ശൈലിയില്‍ ഇസ്‌ലാമോഫോബിയ എന്ന പ്രയോഗം സ്വീകരിക്കുന്നുണ്ട്. ഷറയോക്ക് പരിശോധിക്കുന്നത്, ഇസ്‌ലാമോഫോബിയ ഒരു ഭരണനിര്‍വഹണ അജണ്ട എന്ന നിലയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ്.
മുസ്‌ലിംകളെ നന്മയുള്ള പൗരന്മാരായും സമുദായമായും വാര്‍ത്തെടുക്കുക എന്ന അജണ്ടയാണ് ഇങ്ങനെയുള്ള ഏജന്‍സികള്‍ ഏറ്റെടുക്കുന്നത്. അതിലൂടെ ഒരു പ്രത്യേക തരത്തിലുള്ള മുസ്‌ലിമിനെ നിര്‍മിച്ചെടുക്കുന്നു. 'നല്ല മുസ്‌ലിം', 'മുസ്‌ലിം സുഹൃത്ത്' തുടങ്ങിയവയൊക്കെ ഇങ്ങനെ രൂപപ്പെട്ടുവരുന്നു. ഇതിലൂടെ 'മോശം മുസ്‌ലിം', 'മുസ്‌ലിം ശത്രു' തുടങ്ങിയവ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. ഇത് കുറച്ചുകൂടി വ്യക്തമാക്കാം. ഇസ്‌ലാമോഫോബിയ എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് മുസ്‌ലിംകളുടെ ജീവിതാനുഭവവുമായി വലിയ ബന്ധമൊന്നുമില്ല. അതുകൊണ്ടുതന്നെ തങ്ങളെ പറ്റി മറ്റുള്ളവരുടെ ഭാവനയിലുള്ള കാര്യങ്ങളെക്കുറിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കേണ്ട കാര്യം മുസ്‌ലിമിനില്ല. ഇസ്‌ലാമോഫോബിയ ഇസ്‌ലാമിനെ ഭയക്കുന്നവരുടെ ഒരു ഭാവന മാത്രമാണ്. ഇവിടെയാണ് ഭരണകൂട ഏജന്‍സികള്‍ ഇസ്‌ലാമിനെ നിര്‍വചിക്കുന്നതിലെ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.

ഇസ്‌ലാമോഫീലിയ
ഭരണകൂട ഏജന്‍സികള്‍ സവിശേഷ സാംസ്‌കാരിക/മത/ വംശീയ പശ്ചാത്തലങ്ങളിലുള്ളതാണ്. ഈയര്‍ഥത്തില്‍ ഇസ്‌ലാമോഫോബിയ എന്ന ഭരണകൂട വ്യവഹാരം മുസ്‌ലിമിനെ നിര്‍വചിക്കുമ്പോള്‍ നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം എന്ന ഒരു വിഭജനം രൂപപ്പെടുന്നു. ഇത്തരം ചില നിര്‍വചനങ്ങളിലൂടെ ഒരു ഇസ്‌ലാമോഫീലിക്ക് (Islamophilic) വ്യവഹാരം രൂപപ്പെടുന്നു. അതിന് വമ്പിച്ച പൊതു സ്വീകാര്യത ലഭിക്കുന്നു. അതിന്റെ പ്രത്യേകതകള്‍ ഷിറയേക്ക് വിശദീകരിക്കുന്നു. ഒന്ന്, സൂഫിയായിരിക്കും (ജമാലുദ്ദീന്‍ റൂമിയുടെ വായനാ കൗതുകം ഓര്‍ക്കുക). രണ്ട്, സമാധാനവാദിയായിരിക്കും (ജിഹാദിന്റെ അര്‍ഥം ആത്മസമരം എന്നു മാത്രമായിരിക്കും). മൂന്ന്, സ്ത്രീകളെ നന്നായി നോക്കുന്നവനും ഏക പത്‌നിവ്രതം, അവരെ വീടിനു പുറത്ത് തൊഴില്‍ ചെയ്യാന്‍ പറഞ്ഞയക്കല്‍ തുടങ്ങിയ 'ആധുനിക' മൂല്യങ്ങള്‍ പുലര്‍ത്തുന്നയാളുമായിരിക്കും. മാത്രമല്ല, ഹിജാബ് സ്വന്തം നിലയില്‍ 'തെരഞ്ഞെടുത്തതായിരിക്കണം.' നാല്, ബഹുസ്വരവാദിയും മിതവാദി രാഷ്ട്രീയക്കാരനുമാവും. വിശിഷ്യാ ഇസ്രയേല്‍-അമേരിക്കന്‍ വിമര്‍ശനത്തെ വെറുക്കുന്നവനുമാവും.
ആന്‍ഡ്രൂ ഷ്‌റയേക്ക് പറയുന്നത് ഇസ്‌ലാമോഫീലിക്/ ഫോബിക് വ്യവഹാരങ്ങളുടെ ഒരുപാട് പ്രത്യേകതകള്‍ മുസ്‌ലിംകളുടെ ജീവിതത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആവാം. ഇത്തരം സമീപനങ്ങള്‍ അനുഭവപരമായി ശരിയോ തെറ്റോ എന്നതിനപ്പുറം ഒരു ഭരണനിര്‍വഹണ പരിപാടി എന്ന നിലയില്‍ അത് വഹിക്കുന്ന രാഷ്ട്രീയ വിധികളുടെ ഭയാനകതയാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്ന, ചോദ്യം ചെയ്യപ്പെടുന്ന, ധാര്‍മിക വിധികളുടെ ഭാരം പേറുന്ന, സുരക്ഷിതത്വ പ്രശ്‌നമായി മാറുന്ന ഒരു സ്വത്വമായി മുസ്‌ലിം ഇതോടെ മാറുന്നുവെന്നാണ്. അവനെ വെറുക്കുക/ ഇഷ്ടപ്പെടുക എന്നീ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം ഒരു ജീവിതം മുസ്‌ലിമിനു നിഷേധിക്കപ്പെടുന്നു. ഇസ്‌ലാമോഫോബിയയെ എതിര്‍ക്കുന്ന ഭരണകൂട ഏജന്‍സികള്‍ നിര്‍മിക്കുന്ന 'നല്ല മുസ്‌ലിം' ഒരു ഇസ്‌ലാമോഫീലിയയെയാണ് പ്രതികരണമായി കൊണ്ടുവരുന്നത്. ഇത്തരം ഇസ്‌ലാമോഫീലിക് വ്യവഹാരം ഇസ്‌ലാമോഫോബിയയെപ്പോലെ തന്നെ ഒരു ആനന്ദചിന്തയുടെ ഉല്‍പന്നം മാത്രമാണ്. ഇസ്‌ലാമോഫീലിയ/ഫോബിയ എന്ന ഭരണനിര്‍വഹണ പ്രക്രിയയുടെ അനന്തര ഫലം എന്നത് സ്‌നേഹിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്ന ഒരു വസ്തു (object) എന്ന നിലയിലേക്ക് മുസ്‌ലിം മാറുന്നുവെന്നതാണ്.

നല്ല സൂഫി, മോശം മുസ്‌ലിം
പുസ്തകത്തിലെ മറ്റൊരു പ്രധാന ലേഖനം മുസ്ത്വഫ ബയൗമിയുടേതാണ്. The God That Failed: The Neo-Orientalism of Today's- Muslim Commentators എന്നാണ് തലക്കെട്ട്. പഴയ ഓറിയന്റലിസത്തില്‍നിന്ന് ലോകം പുതിയ ഓറിയന്റലിസത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്നാണ് മുസ്ത്വഫ ബയൗമി പറയുന്നത്. എഡ്വേര്‍ഡ് സെയ്ദ് ഒക്കെ വിമര്‍ശിച്ച പഴയ ഓറിയന്റലിസം വൈജ്ഞാനികമായി കിഴക്കിനെ നിര്‍വചിക്കുമ്പോള്‍ തന്നെ ഭൗതികമായി ഒരകലം സൂക്ഷിച്ചിരുന്നു. നമ്മള്‍/ അവര്‍ എന്ന ദ്വന്ദ്വം പഴയ ഓറിയന്റലിസത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍, ആഗോളീകരണം, കുടിയേറ്റം ഇവയുടെ സാഹചര്യത്തില്‍ വൈജ്ഞാനികവും ഭൗതികവുമായ അകലം ഇല്ലാതാവുകയും നമ്മള്‍/ അവര്‍ എന്ന വിഭജനം പുതിയ തരത്തില്‍ രൂപാന്തരപ്പെടുകയും ചെയ്യുന്നു. അയാന്‍ ഹിര്‍സി അലി, ഇര്‍ശാദ് മഞ്ചി, റെസ അസ്‌ലാന്‍ തുടങ്ങിയവരാണ് പുതിയ ഓറിയന്റലിസത്തിന്റെ വക്താക്കള്‍. ഇതില്‍ തന്നെ മഞ്ചിയും ഹിര്‍സി അലിയും പ്രകടമായും ഇസ്‌ലാമോഫോബിക്കുകളാണെന്ന് ബയൗമി വിലയിരുത്തുന്നു. എന്നാല്‍, ഇവരില്‍ തന്നെ ഇറാനില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ റെസ അസ്‌ലന്‍ ഇസ്‌ലാമിനെ 'സ്‌നേഹിച്ചും' 'അനുകൂലിച്ചും' സംസാരിക്കുന്നയാളാണ്. No God but God: The Origin, Evolotion, and Future of Islam എന്ന പുസ്തകം ഇസ്‌ലാമോഫീലിയയുടെ സവിശേഷത പഠിക്കാന്‍ ഏറെ സഹായകമാവുമെന്നാണ് ബയൗമി പറയുന്നത്.
റെസ അസ്‌ലന്റെ വിവരണത്തെക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ബയൗമി ഉന്നയിക്കുന്നുണ്ട്. ഒരു പ്രത്യേക തരത്തില്‍ ഉലമ/സൂഫി എന്ന ദ്വന്ദ്വം അസ്‌ലന്‍ തന്റെ വിവരണത്തിലൂടെ വികസിപ്പിക്കുന്നുവെന്ന് ബയൗമി പറയുന്നു. സൂഫിയെ എപ്പോഴും മിതവാദിയായും രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തവനായും, ഉലമയെ സാധാരണ മുസ്‌ലിമിനെ വഴിതെറ്റിക്കുന്ന തീവ്രവാദി രാഷ്ട്രീയക്കാരനായും റെസ അസ്‌ലന്‍ ചിത്രീകരിക്കുന്നു. സൂഫിസം 'സ്‌നേഹം' ആണ്, അത് സംഘര്‍ഷത്തെ 'ലഘൂകരിക്കുന്നു' തുടങ്ങിയവയാണ് അസ്‌ലന്റെ വാചകമടികള്‍. ഇതിനെ 'ന്യൂ ഏജ് പസാഫിസം' എന്നാണ് ബയൗമി വിളിക്കുന്നത്. കുറച്ചുകൂടി സൂക്ഷ്മമായി അസ്‌ലന്റെ സൂഫി മുസ്‌ലിമിനെ വായിക്കുന്ന ബയൗമി, സൂഫി ചരിത്രത്തില്‍ തന്നെ റെസ അസ്‌ലന്‍ അട്ടിമറികള്‍ നടത്തുന്നതായി ദര്‍ശിക്കുന്നു. സുഡാനിലെ മഹ്ദി പ്രസ്ഥാനത്തെയും അവര്‍ സൂഫികള്‍ എന്ന നിലയില്‍ നടത്തിയ സായുധ പ്രക്ഷോഭത്തെയും അസ്‌ലന്‍ സൗകര്യപൂര്‍വം മറയ്ക്കുന്നു. അള്‍ജീരിയയില്‍ ശാദിലിയ്യ ത്വരീഖത്തിന്റെ ഭാഗമായിരുന്ന അബ്ദു ഖാദിര്‍ ജസാഇരി ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെ സായുധ ജിഹാദിന് നേതൃത്വം നല്‍കിയിരുന്നു. ഇങ്ങനെയുള്ള സൂഫി അനുഭവങ്ങളെ നിരാകരിച്ച് പാശ്ചാത്യ മാതൃകയിലുള്ള ഒരു 'സ്വകാര്യ മിസ്റ്റിക്' അത്ഭുതമായി അസ്‌ലന്‍ സൂഫിസത്തെ അട്ടിമറിക്കുന്നു.
ബയൗമി പറയുന്നത്, സൂഫി പ്രസ്ഥാനങ്ങള്‍ അവയുടെ മുന്‍ഗണനകളില്‍ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെപ്പോലെ തന്നെ അതിസങ്കീര്‍ണമാണ് എന്നാണ്.

ചിരിക്കുന്ന മുസ്‌ലിം, പൊട്ടിത്തെറിക്കുന്ന മുസ്‌ലിം
മുസ്‌ലിംകള്‍ തങ്ങളുടെ മേല്‍ ചാര്‍ത്തപ്പെടുന്ന നിര്‍വചനങ്ങളുടെയും മേല്‍ക്കോയ്മാ ഭാവനകളുടെയും 'ഇരകള്‍' മാത്രമല്ല. ഇതിനോടുള്ള പ്രതികരണങ്ങള്‍ വളരെ സ്വാഭാവികമായിത്തന്നെ ഉണ്ടാവുന്നുണ്ട്. അമേരിക്കയില്‍ ഏറെ പ്രചാരം നേടിയ ഒരു വിഭാഗമാണ് മുസ്‌ലിം കൊമേഡിയന്മാര്‍. ഇവരുടെ ഇടപെടലിനെക്കുറിച്ച് പഠിക്കുകയാണ് മുജാഹിദ് ബില്‍കി. മുസ്‌ലിംകള്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തിനുള്ളില്‍, അതെത്ര തന്നെ അടിച്ചമര്‍ത്തുന്നതായാലും സാധിക്കുന്ന 'അട്ടിമറി'കളാണ് ബില്‍കി കൊമേഡിയന്മാരെ പഠിക്കുന്നതിലൂടെ കാണിച്ചുതരുന്നത്. കോമഡി ഗ്രൂപ്പുകളുടെ പേരുകള്‍ തന്നെ 'അല്ലാഹ് മെയ്ഡ് മി ഫണ്ണി', 'ആക്‌സിസ് ഓഫ് ഈവിള്‍' തുടങ്ങിയവയാണ്. സെപ്റ്റംബര്‍ പതിനൊന്ന് നല്‍കിയ നെഗറ്റീവ് ജീവിതത്തിന്റെ 'ആനുകൂല്യം' പറ്റുന്ന മുസ്‌ലിംകളാണിവര്‍. മുസ്‌ലിംകളുടെ ദൈനംദിനാനുഭവങ്ങള്‍, മാധ്യമ വാര്‍പ്പുമാതൃകകള്‍, എയര്‍പോര്‍ട്ടനുഭവങ്ങള്‍, എഫ്.ബി.ഐ അന്വേഷണങ്ങള്‍ ഇവയൊക്കെ തന്നെയാണ് കോമഡികളായി മാറ്റുന്നത്. ഈജിപ്ഷ്യന്‍-അമേരിക്കന്‍ കൊമേഡിയനായ അഹ്മദ് അഹ്മദ് പറയുന്ന ഒരു കോമഡി ശ്രദ്ധിക്കൂ: ''മിഡിലീസ്റ്റില്‍നിന്ന് അഹ്മദ് അഹ്മദ് ഒരു അമേരിക്കന്‍ എയര്‍പോര്‍ട്ടില്‍ എത്തി. പെട്ടെന്നൊരു അനൗണ്‍സ്‌മെന്റ്. 'സംശയകരമായ' സാഹചര്യത്തില്‍ താടി വെച്ച ഒരു വ്യക്തി എയര്‍പോര്‍ട്ടില്‍ ചുറ്റിക്കറങ്ങുന്നു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ചുറ്റുപാടും നോക്കിയ അഹ്മദ് 'സംശയകരമായ' സാഹചര്യത്തിലുള്ള ആ വ്യക്തിയെ കണ്ടു. ഒന്നു ഞെട്ടിയ അഹ്മദ് പറയുന്നു: ''ഞാന്‍ കണ്ടത് എന്റെ തന്നെ കണ്ണാടി പ്രതിബിംബമായിരുന്നു.''
ഇങ്ങനെയുള്ള നിരവധി കോമഡി വിവരണങ്ങള്‍ പഠിച്ചുകൊണ്ട്, അവ വിവേചനത്തെ കൈകാര്യം ചെയ്യുന്ന രീതികള്‍ പഠിക്കുകയാണ് ബില്‍കി. വിവേചനം ആയാലും കോമഡി ആയാലും അത് പതിവില്‍നിന്ന് വ്യത്യസ്തമാണ്. വിവേചനം അനുഭവിക്കുന്നത് ന്യൂനപക്ഷമായിരിക്കും, ഭൂരിപക്ഷമായിരിക്കില്ല. ഭൂരിപക്ഷം ഗൗരവമായി കാണുന്ന കാര്യങ്ങളെ കോമഡി വേറൊരു തരത്തില്‍ കാണുകയാണ്. കോമഡിയും വിവേചനവും ഇങ്ങനെ ഒരു 'ന്യൂനപക്ഷ' അനുഭവമാണ്. ഭൂരിപക്ഷത്തിന് എപ്പോഴും ഒരൊറ്റ അനുഭവമേ കാണൂ. ന്യൂനപക്ഷം എല്ലായ്‌പ്പോഴും രണ്ട് അനുഭവങ്ങള്‍ ഉള്ളവരാണ്. ന്യൂനപക്ഷം ഒരേസമയം ഭൂരിപക്ഷത്തിന് സമാനമായി നില്‍ക്കാനും അതേസമയം തങ്ങളുടെ സവിശേഷമായ ലോക വീക്ഷണം ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നവരാണ്. ഇങ്ങനെ ന്യൂനപക്ഷം വൈരുധ്യങ്ങള്‍ നിറഞ്ഞ 'ഇരുബോധം' (double conscions) പുലര്‍ത്തുന്നവരാണ്. മേലെ കൊടുത്ത കോമഡിയില്‍ ഇങ്ങനെയൊരു ഇരട്ടബോധം ഉള്ളതുകൊണ്ടാണ് അമേരിക്കന്‍ ഭൂരിപക്ഷ ലോക ബോധത്തില്‍നിന്ന് അനൗണ്‍സ്‌മെന്റ് കേട്ടയുടനെ 'ഭീകരനെ' തിരയാനും അതേസമയം ന്യൂനപക്ഷബോധത്തില്‍നിന്ന് 'അത് ഞാന്‍ തന്നെ' എന്ന് ഞെട്ടാനും സാധിക്കുന്നത്. ഇതുണ്ടാക്കുന്ന ചിരിയില്‍ തകര്‍ന്നുവീഴുന്നത് ഭൂരിപക്ഷ ലോകത്തിന്റെ കൃത്രിമ ഗൗരവങ്ങളാണ്. ഇവിടെയാണ് 'ചിരി' ശരിക്കും 'പൊട്ടിത്തെറിക്കുന്നത്.'
എയര്‍പോര്‍ട്ടിലെ ചിരിയും പൊട്ടിത്തെറിയും മറ്റൊരു സന്ദര്‍ഭത്തെ കൂടി കാണിക്കുന്നു. 2004 മുതല്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ തമാശ പറയുന്നത് നിയമം മൂലം വിലക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ ദേശീയ പരമാധികാര ജീവിതത്തില്‍ വലിയ പ്രത്യേകതയുള്ള ഇടങ്ങളാണ്. അത് ദേശത്തിനുള്ളില്‍ തന്നെ നിര്‍മിക്കപ്പെട്ട അതിര്‍ത്തികളാണ്. അതുകൊണ്ട് ദേശീയപരമാധികാരത്തിന്റെ ഈ സവിശേഷ സ്ഥലത്ത് മുസ്‌ലിം കൊമേഡിയന്മാര്‍ 'പൊട്ടിക്കുന്ന' തമാശയാണെങ്കിലും ഉയരുന്നത് ചിരിയാണെങ്കിലും തകരുന്നത് ഭയത്തിന്റെ ഭൂരിപക്ഷ അതിര്‍ത്തികള്‍ ആണ്.
* * *
ഇരുനൂറ്റി അമ്പത് പേജുള്ള പുസ്തകം സമകാലിക മുസ്‌ലിം ജീവിതത്തിന്റെ സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യുന്നു. മുസ്‌ലിമിനെ 'നല്ലത്', 'മോശം' എന്നിങ്ങനെ വര്‍ഗീകരിക്കുന്നതിലെ അധീശയുക്തിയെ പുസ്തകം നെടുകെ പിളര്‍ക്കുന്നുണ്ട്. ശത്രു/മിത്രം, നല്ലത്/മോശം തുടങ്ങിയ വിഭജനങ്ങളില്‍നിന്ന് മാറി നിരവധി സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു രാഷ്ട്രീയ/ മത സ്വത്വം ആയി മുസ്‌ലിമിനെ പുസ്തകം വായിച്ചെടുക്കുന്നു. അതിലേറെ പ്രധാനമായി പൊതുവെ ഒരു പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന 'ഇസ്‌ലാമോഫോബിയ' എന്ന വാക്കിന്റെ, ഭരണനിര്‍വഹണപരമായ രൂപാന്തരീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്ന/ അതീവ ശ്രദ്ധയോടെ വായിക്കേണ്ട ഒരു സൈദ്ധാന്തിക ഇടപെടലായി ഭാവി വായനാ ഭൂപടത്തില്‍ ഈ പുസ്തകം അടയാളപ്പെടുത്തപ്പെടുമെന്ന് കരുതാം.
Islamophobia/Islamophilia: Beyond the Politics of Enemy and Friend, Edited By Andnew Shayock. Indiana University Press. 2010

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്