Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 22

അധിനിവേശത്തിനെതിരെ ചരിത്ര വിജയം

ഫ്രാങ്ക്ലിന്‍ പി. ലാസ്

കഴിഞ്ഞ നവംബര്‍ 29-ന് ഫലസ്ത്വീന് നിരീക്ഷക പദവി നല്‍കിക്കൊണ്ട് വന്‍ ഭൂരിപക്ഷത്തോടെ യു.എന്‍ പൊതുസഭ പാസ്സാക്കിയ പ്രമേയത്തെ 'ഞങ്ങളുടെ രാഷ്ട്രത്തിന്റെ ജനന സര്‍ട്ടിഫിക്കറ്റ്' എന്നാണ് ലബനാനിലെ 12 അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഫലസ്ത്വീനികള്‍ വിശേഷിപ്പിച്ചത്. 65 വര്‍ഷമായി തുടരുന്ന ഇസ്രയേലി അധിനിവേശത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ ഇന്നുവരെ ചര്‍ച്ചക്കെത്തിയ 400-ല്‍ പരം പ്രമേയങ്ങളില്‍ ഒടുവിലത്തേതായിരുന്നു ഇത്. ഒമ്പതിനെതിരെ 138 വോട്ടുകള്‍ക്കാണ് പ്രമേയം പാസ്സായത്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഫലസ്ത്വീന് ലഭിച്ചുകൊണ്ടിരിക്കുന്ന വ്യാപക പിന്തുണ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രമേയത്തെ എതിര്‍ത്ത ഒമ്പത് രാഷ്ട്രങ്ങളില്‍ പകുതിയും അമേരിക്കയുടെ ചൊല്‍പിടിയിലുള്ള നന്നേ ചെറിയ 'സ്വതന്ത്ര' രാഷ്ട്രങ്ങള്‍ ആയിരുന്നു. അവയുടെ പേര് കേള്‍ക്കൂ: മാര്‍ഷല്‍ ഐലന്റ്സ്, മൈക്രൂനിസ്യ, നൌറു (ഇത് ലോകത്തെ ഏറ്റവും ചെറിയ റിപ്പബ്ളിക്കാണ്. 8.1 ച. മൈല്‍ മാത്രം വിസ്തീര്‍ണം. ജനസംഖ്യ 9,378), പാലോ (ജനസംഖ്യ ഇരുപതിനായിരം മാത്രം). സ്വതന്ത്ര രാഷ്ട്രങ്ങള്‍ എന്നതിനേക്കാള്‍ അമേരിക്കന്‍ സ്റേറ്റുകളെപ്പോലെയുള്ള ഭരണപ്രദേശങ്ങളായാണ് ഇവ കണക്കാക്കപ്പെടുന്നത്. അവയുടെ പോസ്റല്‍/ ടെലിഫോണ്‍ കോഡുകള്‍ പോലും ഇതര അമേരിക്കന്‍ സ്റേറ്റുകളുടേതിന് സദൃശമാണ്. ഇത്തരം 'രാഷ്ട്രങ്ങള്‍'ക്ക് അമേരിക്ക യു.എന്നില്‍ അംഗത്വം ഒപ്പിച്ചെടുത്തത് തങ്ങളുടെ നീക്കങ്ങള്‍ക്ക് അനുകൂലമായി വോട്ടെണ്ണം കൂട്ടാനാണെന്ന് വ്യക്തം. അതിനര്‍ഥം ലോകം ഒറ്റക്കെട്ടായിത്തന്നെ ഫലസ്ത്വീനികളുടെ സ്വയംനിര്‍ണയാവകാശത്തിന് വേണ്ടി ശബ്ദിച്ചു എന്നാണ്.
അവസാന നിമിഷം വരെ അമേരിക്കന്‍ -സയണിസ്റ് ലോബി പ്രമേയത്തിനെതിരെ രംഗത്തുണ്ടായിരുന്നു. 'ഒരര്‍ഥവുമില്ലാത്ത, കേവലം പ്രതീകാത്മകമായ' ഒരു കാര്യത്തിന് വേണ്ടി സമയം മെനക്കെടുത്തരുതെന്ന് അവര്‍ ലോക രാഷ്ട്രങ്ങളെ ഉപദേശിച്ചു. അതേസമയം ഇസ്രയേലിലുള്ള നഫ്താലി ബെന്നറ്റിനെ പോലുള്ള തീവ്ര വലതുപക്ഷക്കാര്‍, ഈ നീക്കത്തിന് കേവലം പ്രതീകാത്മക മൂല്യം മാത്രമല്ല ഉള്ളതെന്നും, ഇസ്രയേലിനിത് ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. "നമ്മള്‍ അറബികളോട് പറയണം: നിങ്ങള്‍ യു.എന്നില്‍ ഏകപക്ഷീയമായി നീങ്ങുകയാണെങ്കില്‍, പടിഞ്ഞാറെ കരയിലെ കുടിയേറ്റ കാര്യത്തില്‍ ഞങ്ങളും ഏകപക്ഷീയമായി നീങ്ങുകയാണ്'' നഫ്താലിയുടെ കമന്റ്.
പ്രമേയം പിന്‍വലിക്കാന്‍ ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ മേല്‍ കടുത്ത സമ്മര്‍ദമുണ്ടായി. അമേരിക്കയിലെ പ്രമുഖ ഇസ്രയേലി കൂട്ടായ്മയായ അമേരിക്കന്‍ -ഇസ്രയേല്‍ പബ്ളിക് അഫയേഴ്സ് കമ്മിറ്റി (എ.ഐ.പി.എ.സി) ലോബിയിംഗിന് ചുക്കാന്‍ പിടിച്ചു. മൂന്ന് കാര്യങ്ങളാണ് അവര്‍ പ്രചാരണ വിഷയമാക്കിയത്. ഒന്ന്, യു.എന്‍ ഇടപെടല്‍ ഒരിക്കലും സമാധാനത്തിലേക്ക് നയിക്കില്ല. നേരിട്ട് സംസാരിച്ചാലേ സമാധാനമുണ്ടാവൂ. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ കാണാന്‍ വിസമ്മതിച്ചും വിഷയം യു.എന്നിലേക്ക് വലിച്ചിഴച്ചും മഹ്മൂദ് അബ്ബാസ് അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുകയാണ് (ഇപ്പറഞ്ഞതിലൊന്നും യാതൊരു വസ്തുതയുമില്ല). രണ്ട്, ഫലസ്ത്വീന്‍ രാഷ്ട്രത്തിന് അംഗീകാരം കൊടുത്താല്‍ അത് ഹമാസിന് നിയമസാധുത നല്‍കലാവും. ഈ ഭീകര ഗ്രൂപ്പ് ആയിരക്കണക്കിന് റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് തൊടുത്തുവിട്ടത്. ജൂത രാഷ്ട്രത്തെ തകര്‍ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നതിലൂടെ ഹമാസിന്റെ ഭീകര വൃത്തികളെ വെള്ളപൂശുകയായിരിക്കും അന്താരാഷ്ട്ര സമൂഹം ചെയ്യുന്നത്. മൂന്ന്, അമേരിക്ക ഫലസ്ത്വീനികളുടെ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്. പ്രശ്നം യു.എന്നില്‍ ഉന്നയിക്കാനുള്ള ശ്രമത്തെ 'അബദ്ധം' എന്നാണ് പ്രസിഡന്റ് ഒബാമ വിശേഷിപ്പിക്കുന്നത്.
ഈ സയണിസ്റ് ലോബിയിംഗിന് മുമ്പില്‍ വിനീത വിധേയത്വം പുലര്‍ത്തുകയായിരുന്നു ഒബാമ ഭരണകൂടം. ചരിത്രത്തിന്റെ തെറ്റായ ദിശയില്‍ നിലയുറപ്പിച്ച്, ഇസ്രയേലിനെ ചുമലിലേറ്റിയുള്ള അമേരിക്കയുടെ നടത്തം മധ്യപൌരസ്ത്യ മേഖലയിലുള്ള ആ രാഷ്ട്രത്തിന്റെ പ്രസക്തിയെ അനുദിനം ശോഷിപ്പിക്കുകയാണ്.
(അമേരിക്കന്‍സ് കണ്‍സേണ്‍ഡ് ഫോര്‍ മിഡിലീസ്റ് പീസിന്റെ ഡയറക്ടറാണ് ലേഖകന്‍)

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്