Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 22

'ആം ആദ്മി പാര്‍ട്ടി'

'ആം ആദ്മി പാര്‍ട്ടി'

'ആം ആദ്മി പാര്‍ട്ടി' എന്ന പേരില്‍ പുതിയ അഴിമതിവിരുദ്ധ രാഷ്ട്രീയ കക്ഷി നിലവില്‍ വന്നതായി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ആറു മാസത്തിനകം അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ കുറ്റവിചാരണ ചെയ്ത് ശിക്ഷിക്കും. പതിനഞ്ചു ദിവസത്തിനകം ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കിയെടുക്കും. സി.ബി.ഐയെ സ്വതന്ത്ര സ്ഥാപനമാക്കും. രാജ്യത്തെ പൂര്‍ണമായി അഴിമതിമുക്തമാക്കുകയും എല്ലാ പൌരന്മാരുടെയും മൌലികാവകാശങ്ങളും ആവശ്യങ്ങളും നിവര്‍ത്തിച്ചുകൊടുക്കുകയും ചെയ്യും. ഇതൊക്കെയാണ് പുതിയ പാര്‍ട്ടിയുടെ പ്രഥമ വാഗ്ദാനമായി കെജ്രിവാള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ചത്. ഭരണകൂടത്തിന്റെ സകല തലങ്ങളിലും, അഴിമതിയും കൈക്കൂലിയും താണ്ഡവമാടുകയാണ്. അതിന്റെ കൊടിയ കെടുതികളനുഭവിക്കേണ്ടിവരുന്നത് ആം ആദ്മി- സാധാരണക്കാര്‍- ആണ്. 'ഹമാരാ നേതാ കൈസാ ഹോ, ആം ആദ്മി ജൈസാ ഹോ' (നേതാവെങ്ങനെയോ അങ്ങനെയാവണം സാധാരണക്കാരനും) എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ലോഞ്ചിംഗ് സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. "പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ യഥാര്‍ഥ അധികാരം സാധാരണക്കാരുടെ കൈകളിലായിരിക്കും.''
'രണ്ടു വര്‍ഷം മുമ്പ് അണ്ണാ ഹസാരെയുമായി ചേര്‍ന്ന് രാജ്യമെങ്ങും അഴിമതി വിരുദ്ധ പ്രചാരണം സംഘടിപ്പിച്ച് പ്രശസ്തനായ വ്യക്തിയാണ് അരവിന്ദ് കെജ്രിവാള്‍. ഇടക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് കെജ്രിവാളും കൂട്ടരും ഹസാരെയുമായി വഴിപിരിഞ്ഞു. ലക്ഷ്യം നേടാന്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് കെജ്രിവാള്‍ വാദിച്ചു. അണ്ണാ അതിനോട് യോജിച്ചില്ല. അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിംഗായി ബി.ജെ.പി മതിയെന്നാണെന്നു തോന്നുന്നു ഹസാരെയുടെ നിലപാട്. കോണ്‍ഗ്രസ്സിനെ തകര്‍ത്താല്‍ രാജ്യം അഴിമതി മുക്തമായി കൊള്ളുമെന്ന് ഹസാരെ കരുതുന്നു. കെജ്രിവാളാകട്ടെ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരുപോലെയാണെന്ന് വാദിച്ചതോടൊപ്പം ബി.ജെ.പി നേതാക്കളുടെ വമ്പന്‍ അഴിമതികള്‍ വലിച്ചു പുറത്തിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഹസാരെയോടൊപ്പമുണ്ടായിരുന്ന ശാന്തിഭൂഷണ്‍, പ്രശാന്ത് ഭൂഷന്‍, ഗോപാല്‍ റായ്, രാംദാസ്, ദിനേശ് വഘേല, കൃഷ്ണ കാന്ത് തുടങ്ങിയ പ്രമുഖരും പാര്‍ട്ടി രൂപീകരണത്തില്‍ കെജ്രിവാളിനെ പിന്തുണച്ചു.
അരവിന്ദ് കെജ്രിവാളിന്റെ ഇതഃപര്യന്തമുള്ള അഭിപ്രായ പ്രകടനങ്ങളും പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെയും ആത്മാര്‍ഥതയെയും സംശയിക്കേണ്ടതില്ല. നിലവിലുള്ള അഴിമതിരാജില്‍ അങ്ങേയറ്റം വ്യധിതന്‍. എന്തു വിലകൊടുത്തും അതവസാനിപ്പിക്കാന്‍ ഉത്കടമായി കൊതിക്കുന്നു. അല്‍പം വികാര ജീവിയാണ്. രൂക്ഷമായ ഭാഷയാണ് പലപ്പോഴും ഉപയോഗിക്കുന്നത്. പാര്‍ട്ടിയുടെ പ്രാഥമിക വാഗ്ദാനങ്ങളിലും വൈകാരികാംശം കൂടിയതായി കാണാം. എന്നാലും ഒരു കര്‍മപുരുഷന്‍- പ്രവര്‍ത്തിക്കുന്ന മനുഷ്യനാണദ്ദേഹം. കൂടെയുള്ള നേതാക്കളും ജനമനസ്സുകളില്‍ നല്ല പ്രതിഛായയുള്ളവരും ധിഷണാശാലികളുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ആം ആദ്മി പാര്‍ട്ടി ദേശീയതലത്തില്‍ ആം ആദ്മിയില്‍- ബഹുജനങ്ങളില്‍ എത്രത്തോളം വേരുപിടിക്കും? ഉത്തരേന്ത്യയുടെ ചില കോണുകളില്‍ കാണുന്ന ആരംഭശൂരത്വം നിലനില്‍ക്കുകയും വ്യാപിക്കുകയും തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബാലറ്റ് പെട്ടികളില്‍ പ്രതിഫലിക്കുകയും ചെയ്യുമോ? കാലം തെളിയിക്കേണ്ട കാര്യമാണത്. ഇപ്പോഴത്തെ നേതാക്കള്‍ വ്യക്തിത്വ ശുദ്ധിയുള്ളവര്‍ തന്നെ. പ്രായോഗിക രാഷ്ട്രീയക്കാരായി കഴിഞ്ഞാല്‍ ഈ വ്യക്തിത്വ ശുദ്ധി കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കാകുമോ? തന്ത്രങ്ങളില്‍ നിന്ന് കുതന്ത്രങ്ങളിലേക്കും കുടില തന്ത്രങ്ങളിലേക്കും അതിന്റെ അനതാരികളിലേക്കും നീങ്ങേണ്ടിവരില്ലേ? തെരഞ്ഞെടുക്കപ്പെട്ടാല്‍ അവരും ചെന്നിരിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും, അഴിമതിക്കാരായ ഇതര രാഷ്ട്രീയക്കാരോടൊപ്പമല്ലേ? ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തുന്നതുപോലെയോ രാം ലീല മൈതാനിയില്‍ റാലി സംഘടിപ്പിക്കുന്നതുപോലെയോ അല്ല ഇതൊന്നും. ഇന്ത്യയില്‍ സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണനിര്‍വഹണവും അസാധ്യമാണെന്നു പറയുകയല്ല. അതു സാധ്യമാകാന്‍ നൈമിഷികമായ അഴിമതി വിരോധവും ആവേശവും മാത്രം പോരാ എന്നോര്‍മിപ്പിക്കുകയാണ്. ആ ലക്ഷ്യത്തിനു വേണ്ടി മുന്നിട്ടിറങ്ങുന്നവരില്‍ സുസ്ഥിരവും സുഭദ്രവുമായ ഒരു ജീവിത വീക്ഷണമുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാകുന്നു.
കഴിഞ്ഞ വര്‍ഷം അരവിന്ദ് കെജ്രിവാളും സഹപ്രവര്‍ത്തകരും ദല്‍ഹിയിലെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര ഓഫീസ് സന്ദര്‍ശിക്കുകയുണ്ടായി. തങ്ങളുടെ അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനത്തെക്കുറിച്ച് ജമാഅത്ത് നേതൃത്വവുമായി ആശയവിനിമയം നടത്താനാണവര്‍ വന്നത്. ജമാഅത്ത് അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി അവരുടെ മുമ്പില്‍ സമര്‍പ്പിച്ച ഒരാശയം ഈ സന്ദര്‍ഭത്തില്‍ അനുസ്മരണീയമാകുന്നു: അഴിമതി ഉള്‍പ്പെടെയുള്ള സകല തിന്മകളും നിര്‍മാര്‍ജനം ചെയ്യാന്‍, നമുക്ക് മീതെ സ്രഷ്ടാവും ഉടമസ്ഥനുമായ ഒരു ദൈവം ഉണ്ടെന്നുംമരണാനന്തരം എല്ലാവരും ആ ദൈവത്തിന്റെ മുന്നില്‍ ഈ ജീവിതത്തിന്റെ കണക്ക് ബോധിപ്പിക്കേണ്ടതുണ്ടെന്നുമുള്ള വിശ്വാസം ജനഹൃദയങ്ങളില്‍ രൂഢമാക്കേണ്ടത് അനിവാര്യമാണ്. ഇതായിരുന്നു അമീര്‍ സമര്‍പ്പിച്ച ആശയം. അമീറിനോട് യോജിച്ചുകൊണ്ട് കെജ്രിവാള്‍ പറഞ്ഞു: "ശരിയാണ്. പക്ഷേ, ഇപ്പോള്‍ ഞങ്ങളുടെ പരിപാടിയില്‍ ഈ ആശയം ഉള്‍പ്പെടുന്നില്ല. എങ്കിലും ഭാവിയില്‍ ഈ വിഷയം ഗൌരവപൂര്‍വം പരിഗണിക്കുന്നതാണ്. അപ്പോള്‍ താങ്കളുടെ നിര്‍ദേശങ്ങള്‍ തേടി ഞങ്ങള്‍ വീണ്ടും വരും.'' ഒന്നും നഷ്ടപ്പെടാനില്ലാത്തപ്പോള്‍ നീതിയും ധര്‍മവും സത്യസന്ധതയുമൊക്കെ നിലനിര്‍ത്തുക അനായാസമാണ്. നഷ്ടപ്പെടാനും നേടാനുമുള്ളപ്പോള്‍ സത്യവും ധര്‍മവും പാലിക്കപ്പെടണമെങ്കില്‍ അത്, പ്രതീക്ഷിക്കുന്ന നേട്ടത്തേക്കാള്‍ അല്ലെങ്കില്‍ നഷ്ടത്തേക്കാള്‍ വിലപ്പെട്ടതായിരിക്കണം. സത്യവും ധര്‍മവും ദൈവത്താല്‍ അനുശാസിക്കപ്പെട്ടതാണെന്നും അവ ലംഘിക്കപ്പെടുന്നത് നാശഹേതുകമാണെന്നും, അതിനു ദൈവത്തിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്നുമുള്ള ബോധമാണ് മനുഷ്യനെ സത്യ-ധര്‍മങ്ങളില്‍ പ്രതിജ്ഞാ ബദ്ധനാക്കുന്നത്.

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്