സിറിയയുടെ നിലവിളി
ഹജ്ജിലെ നേര്‍കാഴ്ചകള്‍-2 2
ഇക്കഴിഞ്ഞ ഹജ്ജില്‍ തീര്‍ഥാടകരുടെ ഖല്‍ബിലെ കനലായിരൂന്നു സിറിയയിലെ കൂട്ടക്കുരുതിയും മ്യാന്‍മറിലെ റോഹിംങ്ക്യാ മുസ്ലിംകളെ ആട്ടിയോടിക്കലും ഒപ്പം ഫലസ്തീനും. സുഊദി അറേബ്യന്‍ ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു അല്‍ശൈഖ് നമിറാ മസ്ജിദില്‍ നടത്തിയ അറഫാ പ്രസംഗവും ബലിപെരുന്നാള്‍ ദിനത്തില്‍ മസ്ജിദുല്‍ ഹറാമില്‍ നടന്ന പെരുന്നാള്‍, ജുമുഅ ഖുതുബകളും സിറിയയിലെ രക്തച്ചൊരിച്ചിലും മ്യാന്മറിലെ റോഹിംങ്ക്യാ മുസ്ലിംകളുടെ ദൈന്യതയും മുസ്ലിം ലോകത്തിനേല്‍പിച്ച നൊമ്പരങ്ങള്‍ കോറിയിടുന്നതായിരുന്നു. മുസ്ലിം വേള്‍ഡ് ലീഗിന്റെ (റാബിത്ത) അതിഥികളായി ഹജ്ജിനെത്തിയ മുപ്പതോളം സിറിയന്‍ പ്രതിനിധികള്‍ ബശ്ശാര്‍ അല്‍അസദിന്റെ കിരാത വാഴ്ച സിറിയയുടെ മാറ് പിളര്‍ത്തിയത് വിവരിച്ചത് ഹൃദയഭേദകമായിരുന്നു.
ദമസ്കസിലെ ശരീഅത്ത് ഇന്‍സ്റിറ്റ്യൂട്ട് അധ്യാപകനും മതപ്രഭാഷകനുമായ ശൈഖ് അബ്ദുറഹ്മാന്‍ മുഹമ്മദ് നാട്ടിലെ രക്തച്ചൊരിച്ചിലിനെക്കുറിച്ച് വിവരിച്ചപ്പോള്‍ നിയന്ത്രണം വിട്ടു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും വരെ അറവുമാടുകളെപോലെ കശാപ്പ് ചെയ്യുന്ന ന്യൂനപക്ഷ അല്ലാവി ശിയാ വിഭാഗക്കാരായ ബശ്ശാറിന്റെ കിങ്കരന്മാര്‍ കൊല ചെയ്തവരില്‍ തന്റെ പതിനഞ്ചോളം കുടുംബാംഗങ്ങളും നൂറോളം ബന്ധുമിത്രാദികളുമുണ്ടെന്ന് വ്യക്തമാക്കിയ ശൈഖ് അബ്ദുറഹ്മാന്‍, വാക്കുകള്‍ മുറിഞ്ഞ്, കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പി അഭിമുഖം മുഴുവനാക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു. പട്ടാപ്പകല്‍ വീടുകള്‍ അഗ്നിക്കിരയാക്കി സിവിലിയന്മാരെ കഴുത്തറുക്കുന്ന അസദ് കിങ്കരന്മാരുടെ പിടിയില്‍നിന്ന് എത്രപേര്‍ രക്ഷപ്പെടുമെന്ന് തിട്ടമില്ലെന്ന് പറഞ്ഞ അദ്ദേഹം, രക്തസാക്ഷ്യത്തിന് തയ്യാറെടുത്താണ് മടങ്ങിപ്പോകുന്നതെന്ന് പറയുമ്പോള്‍, മുഖത്ത് ഹജ്ജ് നല്‍കിയ ആത്മീയബലത്തിന്റെ മിന്നലാട്ടം.
ആഭ്യന്തര യുദ്ധത്തിന്റെ നെരിപ്പോടിലമര്‍ന്ന സിറിയയില്‍ കൊല ചെയ്യപ്പെട്ട 35,000 ത്തിലേറെ പേരില്‍ പകുതിയോളവും അസദ് വിരുദ്ധ വിപ്ളവത്തിന്റെ പ്രധാന തട്ടകമായ ഹിമ്മസിലാണ്. അവിടെ പ്രതിപക്ഷ പോരാട്ടത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രമുഖനാണ് പള്ളി ഇമാം കൂടിയായ ശൈഖ് അനസ് അല്‍സുവൈദി. ഹജ്ജിനെത്തിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധി സംഘങ്ങളെ സിറിയയിലെ യഥാര്‍ഥ സ്ഥിതിവിശേഷം ധരിപ്പിക്കുകയും അവരുടെ പിന്തുണയാര്‍ജിക്കുകയും ചെയ്യുന്ന ദൌത്യത്തില്‍ മുഴുകുന്നതിനിടെയാണ് ശൈഖ് അനസിനെ കണ്ടത്. ഹജ്ജിന്റെ അഞ്ചാം നാള്‍ മിനായിലെ റാബിത്വ കേന്ദ്രത്തില്‍ സിറിയന്‍ പോരാളികളുടെയും സൌദി പണ്ഡിതന്മാരുടെയും സംയുക്ത യോഗത്തിന് അദ്ദേഹം നേതൃത്വമേകിയതും കണ്ടു. ഹിമ്മസിലെ പ്രശസ്ത പണ്ഡിതന്‍ ശൈഖ് മംദൂഹ് ജുനൈഹും ദമസ്കസിലെ വിഖ്യാതമായ ശൈഖ് അബ്ദുല്‍ കരീം രിഫായി മസ്ജിദ് ഇമാം ശൈഖ് സാരി അല്‍രിഫായിയും ആ വേദിയിലുണ്ടായിരുന്നു.
നിര്‍ബന്ധ കര്‍മമെന്നതിലുപരി, ബശ്ശാറിന്റെ ഭീകരവാഴ്ചക്ക് അന്ത്യം കുറിക്കുന്നതിന് നടത്തുന്ന വീരോചിത പോരാട്ടത്തിന് പിന്തുണ നേടിയെടുക്കുന്നതിനുള്ള സുവര്‍ണാവസരം കൂടിയായിരുന്നു അവര്‍ക്ക് ഹജ്ജ്. മാധ്യമ തമസ്കരണത്തിലൂടെ ബശ്ശാര്‍ പ്രഭൃതികള്‍ കൂട്ടനരമേധം പുറംലോകത്തുനിന്ന് മറച്ചുവെക്കുന്ന പശ്ചാത്തലത്തില്‍, അത് വസ്തുനിഷ്ഠമായി അനാവരണം ചെയ്യാന്‍ ഹജ്ജ് വേള തങ്ങളെ തുണച്ചതായി പറഞ്ഞ ശൈഖ് അനസ്, വീരോചിത പോരാട്ടം പൂര്‍വോപരി ശക്തമായി നടത്താനും ബശ്ശാറിനെ കെട്ടുകെട്ടിക്കാനും പതിന്മടങ്ങ് വീര്യം പകര്‍ന്നുതന്ന ഊര്‍ജ സംഭരണിയായിരുന്നു തങ്ങള്‍ക്ക് ഹജ്ജെന്ന് ചൂണ്ടിക്കാട്ടി. സിറിയയിലെ 80 ശതമാനം സുന്നികളെയും അല്ലാവി പടയെ ഉപയോഗിച്ച് അടിച്ചൊതുക്കുന്ന നാളുകള്‍ എണ്ണപ്പെട്ടുവെന്ന് ശൈഖ് അനസ് പറയുമ്പോള്‍, റാബിത്വ കേന്ദ്രത്തിനുപുറത്തെ തെരുവീഥിയില്‍ സിറിയന്‍ പ്രതിപക്ഷ പതാകയുമേന്തി സിറിയന്‍ ഹാജിമാരുടെ ശക്തിപ്രകടനം കണ്ടു. വെറും 650 സിറിയന്‍ ഹാജിമാരാണ് ഇത്തവണ ഹജ്ജിനെത്തിയത്. ജോര്‍ദാനിലെയും ലബനാനിലെയും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഇവരെ കൊണ്ടുവരാന്‍ അബ്ദുല്ല രാജാവ് പ്രത്യേക വിമാനം അയച്ചുകൊടുക്കുകയായിരുന്നു.
ദശലക്ഷക്കണക്കിന് തീര്‍ഥാടകരുടെ പാപമോചനത്തിനായുള്ള കരളുരുകിയ പ്രാര്‍ഥനകളില്‍ കണ്ണീര്‍ക്കടലായി അറഫാ മൈതാനം നനഞ്ഞുകുതിര്‍ന്നപ്പോള്‍, സിറിയന്‍ തീര്‍ഥാടകരുടെ വിതുമ്പലുകള്‍ വേറിട്ടുനിന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട അവര്‍, രക്തസാക്ഷികളുടെ പാപമോചനത്തിനായിരുന്നു കൂടുതലായും പ്രാര്‍ഥിച്ചത്. രക്തസാക്ഷിത്വം വരിച്ച പതിനെട്ടുകാരനുവേണ്ടി ഹജ്ജ് ചെയ്യാനെത്തിയ വൃദ്ധയെയും അക്കൂട്ടത്തില്‍ കണ്ടു. നേരത്തെ ഹജ്ജ് ചെയ്ത താന്‍, മകനുവേണ്ടിയാണ് ഇത്തവണ എത്തിയതെന്ന് പറഞ്ഞ തീര്‍ഥാടക, പക്ഷേ പേരു വെളിപ്പെടുത്താനോ ഫോട്ടോയെടുക്കാനോ സമ്മതിച്ചില്ല.
സുഊദി സാംസ്കാരിക, വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ അറഫായിലെയും മിനായിലെയും മീഡിയാ സെന്ററില്‍ കര്‍മനിരതരായ മാധ്യമ പ്രവര്‍ത്തകരില്‍ ഒരു വേള ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്തിട്ടുണ്ടാവുക എ.എഫ്.പി ലേഖിക ലീന്‍ അല്‍നഹാസായിരിക്കും. സ്വന്തം നാട്ടിലെ കൂട്ടക്കുരുതിക്കെതിരെ ഹജ്ജ് വേളയിലുണ്ടായ വൈകാരികവിക്ഷോഭം മൂര്‍ച്ചയുള്ള വാക്കുകളില്‍, സ്വന്തം ബൈലൈനില്‍, ലോകമെങ്ങും എത്തിക്കുന്നതിന് ഉറക്കമിളഞ്ഞ് കഠിനാധ്വാനം ചെയ്ത ഈ സിറിയന്‍ യുവതി, പക്ഷേ സിറിയയിലെ സ്ഥിതിവിശേഷത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ അനുവാദമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
* * *
നെഞ്ചിലെ കനലായി ഫലസ്ത്വീന്‍
ആഗോള മുസ്ലിം നെഞ്ചകത്തില്‍ നെരിപ്പോട് തീര്‍ത്ത് അര നൂറ്റാണ്ടിലേറെയായി എരിയുന്ന ഫലസ്ത്വീന്‍ ജനതയുടെ സ്വാതന്ത്യ്രപോരാട്ടത്തിനും മസ്ജിദുല്‍ അഖ്സയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജറൂസലമിനെ ജൂതവല്‍ക്കരിക്കുന്നതിനെതിരെയും ലോക മുസ്ലിംകളുടെ കൂടുതല്‍ പിന്തുണ അരക്കിട്ടുറപ്പിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു മസ്ജിദുല്‍ അഖ്സ ഇമാമും ഫലസ്തീന്‍ പണ്ഡിതസഭാ തലവനുമായ ശൈഖ് ഇക്രിമ സ്വബ്രി. ലോക ഇസ്ലാമിക പണ്ഡിതസഭാ അധ്യക്ഷന്‍ ശൈഖ് യൂസുഫുല്‍ ഖറദാവി, മസ്ജിദുല്‍ ഹറാമിലെ മുതിര്‍ന്ന ഇമാമും മുന്‍ സുഊദി ശൂറാ കൌണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് സാലിഹ് ബിന്‍ ഹുമൈദ് തുടങ്ങിവരോടൊപ്പം റാബിത്വയുടെ അതിഥിയായി ഹജ്ജ് നിര്‍വഹിച്ച ശൈഖ് ഇക്രിമ, മസ്ജിദുല്‍ അഖ്സ തകര്‍ക്കാന്‍ സയണിസ്റ് ഭീകരരന്മാരും ജൂതരാഷ്ട്രവും നടത്തുന്ന ശ്രമങ്ങളിലേക്കും വിരല്‍ ചൂണ്ടി.
ഇക്കഴിഞ്ഞ ഓഗസ്റ് 21 ന് മസ്ജിദിലേക്ക് ഇരച്ചുകയറാന്‍ സയണിസ്റ് ഭീകരര്‍ക്ക് ജൂതപ്പട്ടാളം ഒത്താശകള്‍ ചെയ്തുകൊടുക്കുകയായിരുന്നു. പുരാവസ്തുഖനനത്തിനെന്ന പേരില്‍ പള്ളി വളപ്പില്‍ വളരെ ആഴത്തില്‍ കുഴികളെടുത്ത് കിളച്ചുമറിച്ചത് പള്ളിയുടെ അസ്തിവാരത്തിന് കോട്ടം വരുത്തിയിരിക്കയാണ്. പള്ളി നിലംപൊത്തുന്ന ആപ്തകര സ്ഥിതിവിശേഷമുണ്ടാക്കാനുള്ള കരുതിക്കൂട്ടിയുള്ള ഗൂഢപദ്ധതി അരങ്ങേറുന്നു. ഇത് ചെറുക്കാന്‍ മുസ്ലിം ലോകം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഇസ്രയേലിന്റെ രക്ഷകരായി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ജാഗരൂകരായി രംഗത്തിറങ്ങുമ്പോള്‍, ഫലസ്ത്വീനും മസ്ജിദുല്‍ അഖ്സക്കും വേണ്ടി മുസ്ലിം ലോകം കാര്യമായൊന്നും ചെയ്യുന്നില്ലെന്നത് ഖേദകരമാണ്. മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും പോലെ സംരക്ഷിക്കപ്പെടേണ്ട മസ്ജിദുല്‍ അഖ്സക്കുവേണ്ടി രംഗത്തിറങ്ങേണ്ടത് ലോക മുസ്ലിംകളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഉണര്‍ത്തി.
ഫലസ്ത്വീനികളോടുള്ള ഇന്ത്യന്‍ മുസ്ലിംകളുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി പറഞ്ഞ ശൈഖ് ഇക്രിമ, ഈ സന്മനസ്സു തന്നെയാണ് ഇന്ത്യയില്‍ ഇസ്ലാം പ്രചുരപ്രചാരം നേടാന്‍ വഴിയൊരുക്കിയതെന്നും വ്യക്തമാക്കി.
മുസ്ദലിഫയില്‍വെച്ച് മ്യാന്‍മറില്‍നിന്നുള്ള റോഹിങ്ക്യാ തീര്‍ഥാടകന്‍ അമീര്‍ ഹുസൈനെ (78) കണ്ടു. നാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരുടെ ദൈന്യത ആ മുഖത്ത് വായിച്ചെടുക്കാമായിരുന്നു. തങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് അദ്ദേഹം വാചാലനായെങ്കിലും ആശയസംവേദനത്തിന് ഭാഷ കടമ്പയായി നിന്നു. രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തിയവരില്‍ നിരവധി റോഹിങ്ക്യാ അഭയാര്‍ഥികളുമുണ്ടായിരുന്നു. (തുടരും)
Comments