Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 22

ഐക്യദാര്‍ഢ്യം ഇനി ഈജിപ്തിനോടും

അബ്ദുല്‍ മലിക് മുടിക്കല്‍

ഫലസ്ത്വീനില്‍ ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകമെങ്ങും പ്രകടനങ്ങളും സമ്മേളനങ്ങളും നടക്കുകയാണ്. ഇസ്രയേല്‍ നടത്തുന്ന ക്രൂരതകള്‍ക്കും അതിക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അമേരിക്കക്കെതിരിലും ജനരോഷം ശക്തമാണ്.
ഇപ്പോള്‍ ഫലസ്ത്വീനില്‍ താല്‍ക്കാലികമായെങ്കിലും ശാന്തി പുലരാന്‍ മുന്‍കൈയെടുത്ത് അതില്‍ വിജയിച്ച ഈജിപ്തിലെ മുര്‍സി ഗവണ്‍മെന്റിനെതിരില്‍ മറ്റു പല കാരണങ്ങളും ചൂണ്ടികാട്ടി പ്രതിപക്ഷങ്ങള്‍ രംഗത്തുവന്നിരിക്കുകയാണ്. ഇവര്‍ ഒരര്‍ഥത്തില്‍ മുബാറകിന്റെ അനുയായികളും ഇസ്രയേലിന്റെ സഹായികളുമാണ്. മേഖലയില്‍ ഇസ്രയേലിന് തിരിച്ചടി നേരിട്ടു തുടങ്ങി എന്ന നിലവന്നു തുടങ്ങിയപ്പോള്‍ ഈജിപ്തിനെ കലാപഭൂമിയാക്കാനാണ് പലരുടെയും ശ്രമം. ഫലസ്ത്വീന്‍ ജനതയോട് താല്‍പര്യമുള്ളവര്‍ ഈജിപ്തിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതാണ്. മുര്‍സി ഗവണ്‍മെന്റിന്റെ സമാധാന നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതാണ്.


കെ.കെ ഹമീദ് മനക്കൊടി, തൃശൂര്‍
അജണ്ടകളില്ലാത്ത മതനേതൃത്വം

ഇസ്ലാമിന്റെ മാനുഷിക നയനിലപാടുകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ മഹല്ല് സംവിധാനങ്ങളെപ്പോലെ പ്രയോജനകരമായ ഒന്നു വേറെ ഇല്ലെന്നുതന്നെ പറയാം. അത് വേണ്ടപോലെ പ്രയോജനപ്പെടുത്താത്തതിലുള്ള വീഴ്ച അതീവ ഗുരുതരമാണ്. മൌലിദുകളും റാത്തീബുകളും നേര്‍ച്ചകളും മറ്റും ഭക്തിയാദരവുകളോടെ ഭംഗിയിലും വൃത്തിയിലും സംഘം ചേര്‍ന്ന് നടത്തിവരാറുള്ള പല മഹല്ലുകളും, സമുദായത്തില്‍ നടമാടുന്ന മദ്യം, പലിശ, ധൂര്‍ത്ത്, ദുര്‍വ്യയങ്ങള്‍, സദാചാരത്തകര്‍ച്ച എന്നിവക്കെതിരെ മുഖം തിരിച്ച് മൌനം നടിച്ചു നില്‍ക്കുന്ന കാഴ്ച വേദനിപ്പിക്കുന്നതാണ് പട്ടിണിയും ദാരിദ്യ്രവും യാചനയും പല മഹല്ലുകളിലും തീരാശാപമായി മാറുമ്പോള്‍ ഇസ്ലാമിലെ സകാത്ത്-ഫിത്വ്ര്‍ സകാത്ത് ശേഖരണ വിതരണ സംവിധാനങ്ങളെ പ്രയോജനപ്പെടുത്താതെ അവ മാറിനില്‍ക്കുകയാണ്. അതൊന്നും തങ്ങളുടെ ബാധ്യതകളില്‍ പെട്ടതല്ലെന്നാണ് അധിക മഹല്ല് നേതൃത്വങ്ങളും കരുതുന്നത്.
പള്ളി ഇമാമുമാരും ഖത്വീബുമാരും നമസ്കാരത്തിനും ഖുത്വ്ബക്കും നേതൃത്വം കൊടുക്കുന്നതിലുപരി സമുദായ സംസ്കരണം കൂടി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതര സമുദായങ്ങളിലും അതിന്റെ ഫലമുണ്ടാക്കാന്‍ കഴിയുമായിരുന്നു. വെള്ളിയാഴ്ച ഖുത്വ്ബകളും വിവാഹ ഖുത്വ്ബകളും അതിന് പറ്റിയ വേദികളാണ്. അത് രണ്ടും വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം.
ഇസ്ലാമിന്റെ മാനുഷിക മുഖം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് പാലിയേറ്റീവ് സെന്ററുകള്‍. ഇമാം -ഖത്വീബുമാര്‍ക്കും മഹല്ല് നേതൃത്വത്തിനും എളുപ്പം നടപ്പാക്കാന്‍ കഴിയുന്നതാണിത്. പ്രവാചകനും അനുചരന്മാരും ഏറെ ശ്രദ്ധ കൊടുത്തിരുന്ന ഒന്നായിരുന്നു അത്. അബൂബക്കര്‍, ഉമര്‍(റ) മുതലായ സ്വഹാബത്ത് പട്ടിണി നിര്‍മാര്‍ജനം, രോഗ പരിചരണം, വീടുനിര്‍മാണം മുതലായവയില്‍ മുഴുകിയിരുന്നതിന്റെ ചരിത്ര സാക്ഷ്യങ്ങള്‍ ഇസ്ലാമിക പ്രഭാഷണങ്ങളില്‍ രോമാഞ്ചജനകങ്ങളായി മുഴങ്ങിക്കേള്‍ക്കുമ്പോഴും അത് നടപ്പാക്കാന്‍ സമുദായം മുന്നോട്ടുവരുന്നില്ല. ഇസ്ലാമിലെ നെടുംതൂണായ സകാത്ത് മാത്രം വ്യവസ്ഥാപിതമാക്കിയാല്‍ നിലവാരമുള്ള പാലിയേറ്റീവ് സംരംഭങ്ങളും വീടു നിര്‍മാണ പദ്ധതികളും നടപ്പാക്കാവുന്നതേയുള്ളൂ.



എം. സൈനുദ്ദീന്‍ മുന്നാക്കല്‍, തിരൂര്‍ക്കാട്
ഫലസ്ത്വീന്‍ ഒരു
അനുഭവസ്ഥന്റെ മറുകുറിപ്പ്

'ഫലസ്ത്വീന്‍ ടൂര്‍ ഇസ്ലാമികമോ?' (ലക്കം 26) എന്ന ചോദ്യത്തിന് നല്‍കിയ ഉത്തരം വായിച്ചു. ഞാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫലസ്ത്വീനിലേക്ക് യാത്ര ചെയ്യുകയും മസ്ജിദുല്‍ അഖ്സ്വയില്‍ ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു( അല്ലാഹുവിന് സ്തുതി). ടൂറിസം മാത്രം ലക്ഷ്യമിട്ടുകൊണ്ടല്ല ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശിക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ. അല്ലാഹു സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ച മസ്ജിദ് ആയതുകൊണ്ടും അല്ലാഹുവിന്റെ പ്രതിഫലം മാത്രം മോഹിച്ചുകൊണ്ടുമാണ് ഞങ്ങള്‍ യാത്ര ചെയ്തത്. ലേഖനത്തില്‍ പരാമര്‍ശിച്ച പല കാര്യങ്ങളും അനുഭവത്തില്‍ ശരിയല്ലെന്ന് ബോധ്യമായി.
1. പരാമര്‍ശിച്ച പോലെ ലോകത്തെ ഏതൊരാള്‍ക്കും എപ്പോഴും വരാനും പോകാനും സൌകര്യമുള്ള സങ്കീര്‍ണതകളില്ലാത്ത രാജ്യമല്ല ഫലസ്ത്വീന്‍. ഇന്ത്യയെപ്പോലെ ഇസ്രയേലുമായി സൌഹൃദത്തിലുള്ള രാജ്യത്തില്‍നിന്ന് പോയ ടൂറിസ്റുകളായിട്ടു പോലും രാജ്യാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മണിക്കൂറുകള്‍ കാത്തു കിടക്കേണ്ടിവന്നു. കര്‍ക്കശമായ പരിശോധനയും നിബന്ധനകളും ചോദ്യം ചെയ്യലുകളും കഴിഞ്ഞ ശേഷം മാത്രമാണ് വാഹനത്തില്‍നിന്ന് താഴെയിറങ്ങാന്‍ അനുമതി പോലും ലഭിച്ചത്.
2. ലോകത്തുള്ള ഏതൊരു മുസ്ലിമിനും യഥേഷ്ടം തങ്ങളുടെ പുണ്യകേന്ദ്രം സന്ദര്‍ശിക്കാന്‍ കഴിയില്ല. ജൂതന്മാരുടെ നികൃഷ്ടവും നിന്ദ്യവുമായ പെരുമാറ്റം നേരില്‍ ബോധ്യമായ ശേഷമേ അത് നടക്കൂ. ഫലസ്ത്വീന്‍ സഹോദരന്മാരുടെ നിരാലംബ ജീവിതം കണ്ട് മനസ്സ് വേദനിക്കാതെ, അവരുടെ മോചനത്തിനായി അല്ലാഹുവിനോട് മനംനൊന്ത് പ്രാര്‍ഥിക്കാതെ ഒരാള്‍ക്കും അവിടം വിടാന്‍ കഴിയുകയില്ല. സാഹചര്യം കലുഷിതമാക്കുന്നത് ഫലസ്ത്വീനികളല്ല, മറിച്ച് ഇസ്രയേലികളാണെന്ന് ഏതൊരാള്‍ക്കും ബോധ്യപ്പെടും.
3. ഇസ്രയേലികള്‍ അനധികൃതമായി നിര്‍മിച്ച സെറ്റില്‍മന്റുകള്‍ മതില്‍ കെട്ടി വേര്‍തിരിച്ചും, ഇരുമ്പ് വേലികളില്‍ കറന്റു പായിച്ചും സുഖലോലുപതയില്‍ അവര്‍ ജീവിക്കുമ്പോള്‍, താഴ്വരയില്‍ ആട്ടിന്‍കൂട്ടിനേക്കാള്‍ മോശമായ വസതികളില്‍ മുസ്ലിം സഹോദരങ്ങള്‍ കഴിയുന്നു. പോലീസ് ചെക്ക് പോസ്റുകള്‍ കിലോമീറ്ററിന് മൂന്നും നാലും കടന്നു വേണം യാത്ര ചെയ്യാന്‍. ഇതെല്ലാം കാണുമ്പോള്‍ ജൂതന്മാരോട് പുഛവും വെറുപ്പുമല്ലാതെ മറ്റൊന്നും തോന്നുകയില്ല.
4. ലോക മുസ്ലിംകള്‍ക്ക് തടസ്സം കൂടാതെ പുണ്യ കേന്ദ്രങ്ങളിലേക്ക് തീര്‍ഥാടനത്തിന് സൌകര്യമുണ്ട് എന്ന് അവിടം സന്ദര്‍ശിച്ച ആരും തന്നെ പറയുകയില്ല.
ഫലസ്ത്വീനികളുടെ ഇടിഞ്ഞുപൊളിഞ്ഞ വീടുകളും വെടിയുണ്ട തറച്ച കടകളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്ത തെരുവുകളും കണ്ടാല്‍ ഹൃദയമുള്ള ആര്‍ക്കാണ് വേദന തോന്നാതിരിക്കുക. കൂടാതെ, മൌണ്ട് ഒലീവിലെ കര്‍ഷകര്‍ (മുഴുവന്‍ ഫലസ്ത്വീനികള്‍), ബത്ലഹേമിലെ കച്ചവടക്കാര്‍ ഇവരൊക്കെ ടൂറിസ്റുകളെ കൊണ്ട് ജീവിക്കുന്നവരാണ്. നബി മൂസ മസ്ജിദിലെ മാനസിക രോഗ ചികിത്സാ കേന്ദ്രം ടൂറിസ്റുകളായ മുസ്ലിംകളുടെ സഹായം കൊണ്ട് പ്രവര്‍ത്തിക്കുന്നതാണെന് മനസ്സിലാവുന്നു. മുസ്ലിംകള്‍ മസ്ജിദുല്‍ അഖ്സ്വ സന്ദര്‍ശനം നിര്‍ത്തിവെച്ചാല്‍ ഇവരുടെ ഗതിയെന്താവുമെന്ന് ആലോചിക്കുന്നത് നന്നായിരിക്കും.



ശിഹാബ് ആദിനാട്, കരുനാഗപ്പള്ളി
ആശയപ്രകാശനം ലളിതമാകട്ടെ

ഏതൊരു പ്രസ്ഥാനവും പ്രസിദ്ധീകരണവും ജനകീയമാകുന്നത് ജനങ്ങളില്‍ ഇടപെടുന്നതുകൊണ്ട് മാത്രമല്ല, ആ ഇടപെടല്‍ ജനത്തിന് ബോധ്യമാകുന്നതുകൊണ്ടാണ്. അല്ലെങ്കില്‍ ഒരു ഉപരിവര്‍ഗ ചിന്താ പ്രസ്ഥാനമായി അത് നിലനില്‍ക്കും. ഗംഭീരം, വിജ്ഞാനപ്രദം, ഗഹനം എന്നും മറ്റും വാഴ്ത്തിപ്പറയുന്ന പലതും സാധാരണ ജനത്തെ സ്പര്‍ശിച്ചിട്ടു പോലുമുണ്ടാകില്ല. പ്രബോധനത്തിലെ പല ലേഖനങ്ങളും ഈ അര്‍ഥത്തില്‍ കൂടി വിലയിരുത്തണം. ഈ പരാതി പുതിയതല്ലെങ്കിലും അതൊരു പരിഹരിക്കപ്പെടാത്ത വിഷയം എന്ന രീതിയില്‍ എടുക്കുന്നത് നന്നാവും. പ്രബോധനം ഉദ്ദേശിക്കുന്ന വായനക്കാരുടെ ലിസ്റില്‍ സാധാരണക്കാരന്‍ ഉണ്ടെങ്കില്‍ ഈ ശൈലി തിരുത്താന്‍ തയാറാകണം. മനോഘടനയില്‍ മാറ്റം വരുത്തണം. ജനത്തിന് സുഗ്രാഹ്യമാകുന്ന ഭാഷയില്‍ കഴിയുന്നതും ലളിതമായി കാര്യങ്ങള്‍ പറയാനും എഴുതാനും ബഹുഭൂരിപക്ഷം പണ്ഡിതരും പഠിക്കേണ്ടിയിരിക്കുന്നു. അങ്ങനെ എഴുതിയാല്‍ 'പാണ്ഡിത്യം കുറഞ്ഞവനായി' മറ്റുള്ളവര്‍ ധരിച്ചാലോ എന്ന ഭീതിയുണ്ടെന്നു തോന്നിപ്പോകും പല ലേഖനങ്ങളും കാണുമ്പോള്‍!
വായനക്കാരോട് വിരോധമില്ലെങ്കില്‍ അവരുടെ ഭാഷാ വിജ്ഞാനത്തെ പരീക്ഷിച്ചു തോല്‍പിക്കാതെയും 'പാണ്ഡിത്യ ഗാംഭീര്യം' കാട്ടാതെയും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവസരം കൊടുക്കുക. പ്രബോധനം കാമ്പയിന്‍ വഴിയോ അല്ലാതെയോ ചേര്‍ക്കപ്പെടുന്ന വായനക്കാര്‍ക്ക് സങ്കീര്‍ണവും സാങ്കേതിക ജഡിലവും ജീവിതഗന്ധി അല്ലാത്തതുമായ എന്തോ ഒന്ന് വായിക്കുന്ന അനുഭവം ഉണ്ടാകാതിരിക്കാന്‍ ലേഖകരും പ്രസാധകരും പ്രത്യേകം ശ്രദ്ധിക്കണം. തങ്ങളുടെ 'ഉത്തമ സൃഷ്ടി'യിലെ ആദ്യ രണ്ട് വരികളെങ്കിലും ഒരു സാധാരണക്കാരന്‍ പരിഗണിക്കുന്നത് അഭിമാനമായി എടുക്കട്ടെ ലേഖകര്‍.

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്