Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 8

മൂന്നു കടലിരമ്പങ്ങള്‍

രാജേഷ് ചിത്തിര

ആഞ്ഞൊന്നു കുതിച്ചാല്‍
കിതച്ചു നിന്നേക്കാവുന്ന മൂന്നു മീറ്റര്‍
ഇടക്ക് പ്രായത്തെ ഓര്‍മപ്പെടുത്താന്‍
ദീര്‍ഘ നിശ്വാസം വന്നേക്കാവുന്ന
പഴയൊരു വണ്ടിക്കാല്‍ വിടവ്
നമുക്കിടയിലെ ദൂരത്തിന്
പോലീസിനു മുന്നേയെത്തുന്ന
കള്ളനായിരുന്ന മനക്കണക്കേയുള്ളൂ
പിണക്കത്തിന്റെ രണ്ടു
വന്‍കരകള്‍ക്കിടയിലെ വീടു ദൂരം.
മൂന്നു നേരവും കാണുന്നുണ്ട്
മൂന്നു മീറ്ററിന്റെ അതിരിന്‍ ഇരുവശവും.
ഒരേ ഇടങ്ങളില്‍ ജനിച്ചില്ലെന്ന്
ഒരേ നോട്ടത്താല്‍ പരിചിതരല്ലെന്ന്
വാഗയെന്നോ ഗസയെന്നോ
ഒരു വിടവിനെ ഓര്‍ക്കുന്നുണ്ട്
കാഴ്ചയെത്തും ദൂരം കണ്ടേക്കാവുന്നതെല്ലാം
ഞൊടിയിലില്ലാതെ ആയേക്കാവുന്നൊരു
തീ ചുംബനപ്പകലില്‍ ഇല്ലാതാവുന്നതാണ്
അപരിചിതത്വത്തിന്റെ ഈ മൂന്നുമീറ്റര്‍
ഒരേയിടത്ത് ജനിച്ചിട്ടും
ഒരേ ഭാഷയില്‍ കരഞ്ഞിട്ടും
ഒരേ നോട്ടത്തില്‍ പരിചിതരായിട്ടും
മൂന്നു കടലിരമ്പം ഉള്ളിലുള്ളവരുണ്ട്
മൂന്നു മീറ്ററിന്റെ വിളിയകലത്തില്‍
മാന്തിമാറ്റിയ അതിരു സൂചകമോ
അതിരു കടത്തിയ അവശിഷ്ടമോ
കരിങ്കണ്ണാന്നൊരു വിളിപ്പേരിടലോ
മുടക്കി നിര്‍ത്തിയ മംഗല്യമോ ഇല്ല
അകാരണങ്ങളായ അകലങ്ങളുടെ
ഈ മൂന്നു മീറ്റര്‍ താരതമ്യങ്ങളില്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍