Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 8

ഫലസ്ത്വീന്‍ ടൂര്‍ ഇസ്‌ലാമികമോ?

ഇല്‍യാസ് മൗലവി

ഈയിടെയായി മധ്യ പൗരസ്ത്യദേശത്തേക്കുള്ള വിനോദയാത്രകള്‍ സജീവമാണ്. മുസ്‌ലിംകള്‍ക്ക് തീര്‍ഥാടന കേന്ദ്രമായി മുഹമ്മദ് നബി(സ) നിര്‍ദേശിച്ച മൂന്ന് സ്ഥലങ്ങളിലൊന്ന് അല്‍ മസ്ജിദുല്‍ അഖ്‌സ എന്ന പേരിലറിയപ്പെടുന്ന പള്ളിയാണ്. പക്ഷെ ജൂതന്മാരുടെ അധിനിവേശത്തിനു കീഴിലായതിനാല്‍ നേരത്തെ തന്നെ ആരും അങ്ങോട്ടു തീര്‍ഥയാത്ര പോകാറുണ്ടായിരുന്നില്ല. ഇപ്പോഴത് സജീവമായിരിക്കേ, ഇസ്‌ലാമിക ലോകത്ത് അറിയപ്പെട്ട പണ്ഡിതന്മാര്‍ അത് ഹറാമാണെന്ന് ഫത്‌വ നല്‍കിയതായി കേള്‍ക്കുന്നു. എന്താണാ ഫത്‌വയുടെ നിജസ്ഥിതി?
ലോകത്തെ ഏതൊരാള്‍ക്കും സര്‍വ സ്വതന്ത്രരായി ഇസ്രയേലിലേക്ക് സന്ദര്‍ശകരായി വരാനും അവിടെയുള്ള ചരിത്രപ്രധാനമായ പുണ്യനഗരങ്ങളിലും ആരാധനാലയങ്ങളിലും സ്വഛന്ദം വിഹരിക്കാനും തങ്ങള്‍ അനുവാദം നല്‍കുന്നുവെന്നും, അതിനാല്‍ ഫലസ്ത്വീന്‍ തീവ്രവാദികള്‍ ആരോപിക്കും പോലെ തങ്ങളൊരു ഫാസിസ്റ്റ് വിഭാഗമല്ലെന്നും വരുത്തിത്തീര്‍ക്കാനാണ് ഇസ്രയേല്‍ ഈ ടൂര്‍ പാക്കേജിനെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഈ അജണ്ട തിരിച്ചറിഞ്ഞത് മുസ്‌ലിംകളെക്കാള്‍ മുമ്പ് ക്രിസ്ത്യാനികളായിരുന്നു. അവരുടെ ഇത് സംബന്ധമായ വീക്ഷണങ്ങളും വിശദീകരണങ്ങളും യാസീന്‍ അശ്‌റഫ് (പ്രബോധനം ലക്കം 23) സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ മതാനുയായികളില്‍ നല്ലൊരു വിഭാഗം അതു കൊണ്ടു തന്നെ ഇസ്രയേലിന്റെ ഈ ചതിക്കുഴിയില്‍ വീണില്ല. സങ്കടകരമെന്ന് പറയട്ടെ, അവരെക്കാള്‍ ആദര്‍ശബന്ധമുള്ള മുസ്‌ലിംകള്‍ ഞാനൊന്നുമറിയില്ലേ രാമനാരായണാ എന്ന മട്ടിലാണ്.

ആര്‍ക്കും എളുപ്പം ഏതു കെണിയിലും വീഴ്ത്താവുന്ന ഇടയനില്ലാത്ത ആട്ടിന്‍പ്പറ്റത്തെപ്പോലെ മേയുന്ന ലോക മുസ്‌ലിം ജനസാമാന്യത്തിന് ഇങ്ങനെയൊരവസ്ഥ സംജാതമായതില്‍ അതിശയമില്ല. അവര്‍ക്ക് അക്കാര്യം വിശദമാക്കിക്കൊടുക്കാനും സയണിസ്റ്റ് അജണ്ടകളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനും ചുമതലപ്പെട്ട പണ്ഡിതന്മാരും മുഫ്തിമാരും ആ പണി ചെയ്യുന്നില്ലെന്നത് പോകട്ടെ, അവിടേക്ക് ടൂര്‍ പോകാനുള്ള ക്യൂവില്‍ മുന്‍നിരയില്‍ തന്നെ നിലയുറപ്പിക്കുന്നത് എന്തുമാത്രം സങ്കടകരമല്ല!
ഈജിപ്തില്‍ മുബാറക് പ്രതിഷ്ഠിച്ച മുഫ്തിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ഈ അജണ്ടയുടെ പ്രകടമായ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു.
ടൂറിസത്തിലൂടെ ഇസ്രയേല്‍ ലക്ഷ്യമാക്കുന്നത്
1. ലോകത്തെ ഏതൊരാള്‍ക്കും എപ്പോഴും വരാനും പോകാനും പാകത്തില്‍ യാതൊരു സങ്കീര്‍ണതകളുമില്ലാത്ത, ഒരു മാതൃകാരാജ്യമായി ടൂറിസ്റ്റുകള്‍ മനസ്സിലാക്കുകയും തിരിച്ചുചെന്ന് തങ്ങളുടെ സ്വന്തം നാട്ടില്‍ ആ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യും.
2. അവിടെ വല്ല അരക്ഷിതാവസ്ഥയും വല്ലപ്പോഴുമുണ്ടെങ്കില്‍ അതിന് ഫലസ്ത്വീനികളാണ് കാരണക്കാരെന്ന് ഈയാളുകളെ ധരിപ്പിക്കാനും അത് വഴി ഫലസ്ത്വീനികളെ തീവ്രവാദികളും ഭീകരന്മാരുമായി ചിത്രീകരിക്കാനും സാധിക്കും.
3. ലോകത്തുള്ള ഏതൊരു മുസ്‌ലിമിനും തങ്ങളുടെ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ അവിടെ പ്രാര്‍ഥനകളും വഴിപാടുകളും നടത്തുന്നതിനോ യാതൊരുവിധ മുടക്കവുമില്ലെന്നിരിക്കേ, അത്തരം ഒരു സാഹചര്യം കലുഷിതമാക്കുന്ന ഫലസ്ത്വീനികള്‍ യതൊരു അനുകമ്പയും അര്‍ഹിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്താം.
4. ഇങ്ങനെ ധാരാളമായി ടൂറിസ്റ്റുകള്‍ വന്ന് ഇസ്രയേല്‍ അനധികൃതമായി നിര്‍മിച്ച കോളനികളിലും തെരുവുകളിലുമെല്ലാം സൈ്വരവിഹാരം നടത്തുക വഴി ആ കോളനികള്‍ക്ക് മനുഷ്യകവചം തീര്‍ക്കുന്നതുപോലെ ഫലസ്ത്വീന്‍ പോരാളികളുടെ ആക്രമണം തടുക്കാനുള്ള പരിചയായി ഉപയോഗിക്കുകയും ചെയ്യാം. ഇത്തരം വിനോദസഞ്ചാരികളുടെ ജീവന്‍ അപകടത്തിലാവും വിധം ആക്രമണമഴിച്ചുവിടാന്‍ പോരാളികള്‍ തയാറാകാത്തവിധം ഈ ടൂറിസ്റ്റുകളെ അത്തരം പ്രദേശങ്ങളില്‍ വിഹരിക്കാന്‍ വിടാം.
5. ലോക മുസ്‌ലിംകള്‍ക്ക് യാതൊരു തടസ്സവും കൂടാതെ തങ്ങളുടെ പുണ്യകേന്ദ്രങ്ങളിലേക്ക് തീര്‍ഥാടനം നടത്താന്‍ സൗകര്യമുണ്ടായിരിക്കെ, അതിനുള്ള എല്ലാ മാര്‍ഗങ്ങളും ഇസ്രയേല്‍ തന്നെ എളുപ്പമാക്കി തരുമെന്നിരിക്കെ അതിന്‍മേല്‍ അവകാശവാദമുന്നയിക്കുന്ന ഫലസ്ത്വീനകള്‍ ആവശ്യമില്ലാതെ കുഴപ്പം സൃഷ്ടിക്കുകയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താം.
6. ടൂറിസം വികസനത്തിലൂടെ തങ്ങളുടെ വരുമാനത്തിന്റെ ഏറ്റവും വലിയ സ്രോതസ്സായി അതിനെ മാറ്റുകയും, ആ വരുമാനം കൊണ്ട് മണ്ണിന്റെ മക്കളായ ഫലസ്ത്വീന്‍ ജനതയെ തുരത്താനും നശിപ്പിക്കാനുമുള്ള സൈനിക നടപടികള്‍ക്കാവശ്യമായ വമ്പിച്ച സാമ്പത്തിക ബാധ്യതക്ക് പരിഹാരം കാണുകയും ചെയ്യാം.
7. അങ്ങനെ തങ്ങള്‍ അപഹരിച്ചതും കവര്‍ന്നെടുത്തതുമായ രാജ്യത്തിന്റെയും അതിലെ വിഭവങ്ങളുടെയും യഥാര്‍ഥ ഉടമസ്ഥരായി ചമഞ്ഞ് തങ്ങളുടെ അധിനിവേശം നിയമപരമായ അവകാശമാണെന്ന് വരുത്തിത്തീര്‍ക്കാം.
8. ടൂറിസത്തിലൂടെ ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച് നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാം.
ഇങ്ങനെ തുടങ്ങി അനേകം ഗൂഢ ലക്ഷ്യങ്ങളും അജണ്ടകളുമാണ് ഇസ്രയേലിന്റെ രാഷ്ട്രീയ നേതൃത്വത്തിനുള്ളത്.
ആദര്‍ശപരമായും വിശ്വാസപരമായും ക്രിസ്ത്യാനികളെക്കാള്‍ എല്ലാ നിലക്കും ഫലസ്ത്വീനുമായി ആത്മ ബന്ധമുണ്ടാവേണ്ട മുസ്‌ലിംകള്‍ ഇതിനെല്ലാം വളം വെച്ചു കൊടുക്കുന്ന, സയണിസ്റ്റുകളുടെ ഹിഡന്‍ അജണ്ട നടപ്പാക്കുന്ന ചട്ടുകങ്ങളാവാന്‍ പാടില്ല എന്നാണ് ആധികാരിക ലോകപണ്ഡിതന്മാരുടെയും പണ്ഡിതസഭകളുടെയും സുചിന്തിതമായ നിലപാട്. ലോക പണ്ഡിതസമിതിയുടെ അധ്യക്ഷന്‍ ശൈഖ് യൂസുഫുല്‍ ഖറദാവിയുടെയും ഫലസ്ത്വീനിലെ ആധികാരിക പണ്ഡിതസമിതിയായ റാബിത്വതു ഉലമാ ഫലസ്ത്വീനിന്റെയും, അല്‍ അസ്ഹറിന്റെയും അതിന്റെ മുമ്പത്തെ സാരഥികളായിരുന്ന ജാദുല്‍ ഹഖ് മുതല്‍ നിലവിലുള്ള സാരഥി വരെയുള്ള ഒരു വലിയ വിഭാഗം പണ്ഡിതന്മാരുടെയുമെല്ലാം വീക്ഷണം ഇവിടെ ഒന്നാണ്. അതായത് ഫലസ്ത്വീനിന്റെ അകത്തുളളവരല്ലാത്ത മുസ്‌ലിംകള്‍ക്ക് അവിടേക്ക് തീര്‍ഥയാത്ര നടത്തുന്നത് തല്‍ക്കാലം ഹറാമാണ് എന്നതാണ് ആ വീക്ഷണം.
കാരണമത് സയണിസ്റ്റുകളുടെ മേല്‍കോയ്മ അംഗീകരിക്കലും അവരുടെ അന്യായങ്ങള്‍ക്ക് ന്യായം ചമക്കലുമായിത്തീരും. അന്യരുടെ സ്വത്ത് അപഹരിച്ച് ഏറെക്കാലം കൈവശം വെച്ചാല്‍ അതിന്മേല്‍ അയാള്‍ക്ക് ഉടമാവകാശം സ്ഥിരപ്പെടുമെന്ന ജാഹിലിയന്‍ നിയമത്തിന് സാധുത നല്‍കുന്നതിന് തുല്യമാണിത്.
മാത്രമല്ല ഇസ്‌ലാമിക ശരീഅത്തിന്റെ താല്‍പര്യമനുസരിച്ച് തങ്ങളുടെ രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗം ശത്രു കൈവശപ്പെടുത്തിയാല്‍ അത് തിരിച്ചു പിടിക്കും വരെ മുസ്‌ലിംകള്‍ക്ക് ജിഹാദ് ചെയ്യല്‍ ഫര്‍ദ് ഐന്‍ (വ്യക്തിപരമായ) ബാധ്യതയാകുമെന്നും അതിന്റെ മാര്‍ഗത്തില്‍ സമ്പത്തും ശരീരവും ബലികഴിക്കേണ്ടതാണെന്നുമാണ് നിയമം. സാധാരണ ഭൂമിയാണിവിടെ ഉദ്ദേശ്യം. അപ്പോള്‍ പുണ്യഭൂമിയുടെ കാര്യം എന്താണെന്ന് പറയേണ്ടതില്ല.
ഇവിടെ വമ്പന്‍ സൈനിക ശക്തിയും എല്ലാവിധ ആയുധവും ശേഖരിച്ചുവെച്ച് ആസുരനൃത്തം ചവിട്ടുന്ന സയണിസ്റ്റ് കാപാലികരോട് സായുധ ജിഹാദിനായില്ലെങ്കിലും, സാമ്പത്തികമായി അവര്‍ക്ക് പരിക്കേല്‍പ്പിക്കാനുള്ള ഒരെളിയ ശ്രമമെങ്കിലും നടത്തുന്നില്ലെന്നത് പോകട്ടെ, അവരുടെ സമ്പദ്ഘടനക്ക് ശക്തിപകരുന്ന സംരംഭങ്ങളില്‍ പങ്കുകൊള്ളുക കൂടി ചെയ്യുക എന്നു പറഞ്ഞാല്‍ അല്ലാഹുവിന്റെ മുമ്പില്‍ എന്ത് ന്യായമാണ് ഇത്തരക്കാര്‍ക്ക് ബോധിപ്പിക്കാനുണ്ടാവുക?
അതിനാല്‍ കേവലം ഒരു വിനോദയാത്രയോ പഠനയാത്രയോ ആയി നിസ്സാരവല്‍ക്കരിക്കാതെ ഇതിലടങ്ങിയ ഗൂഢ അജണ്ടകള്‍ തിരിച്ചറിഞ്ഞ്, ആദര്‍ശാധിഷ്ഠിതമായ നയമാണ് മുസ്‌ലിംകള്‍ സ്വീകരിക്കേണ്ടത്. ഇന്ദിരാ ഗാന്ധിയുടെ കാലത്തും ശേഷം നരസിംഹറാവു പ്രധാനമന്ത്രിയാകുന്നതുവരേക്കും അനഭിമത രാജ്യങ്ങളുടെ പട്ടികയില്‍ ആയിരുന്നു ഇസ്രയേലിനെ ഇന്ത്യ എണ്ണിയിരുന്നത്. യാത്ര ചെയ്യുന്നത് വിലക്കപ്പെട്ട രാജ്യമായിരുന്നു ഒരു കാലത്ത് ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഇസ്രയേല്‍. അതിനാല്‍ പോകാന്‍ ആരെങ്കിലും വിചാരിച്ചാല്‍ പോലും എളുപ്പമല്ലാത്ത സ്ഥിതി അന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ സൗഹൃദ രാജ്യമായി ഇസ്രയേല്‍ മാറി. വ്യാപാരവാണിജ്യരംഗത്തും നയതന്ത്ര രംഗത്തുമുള്ള ബന്ധം ഊഷ്മളമായി.
ഇസ്രയേല്‍ എന്ന രാജ്യം തങ്ങളുടെ പോളിസിയും പ്രോഗ്രാമും മാറ്റിയതിനാല്‍ ആയിരുന്നില്ല ഇന്ത്യ ഈയൊരു സഹകരണാത്മക നിലപാട് കൈക്കൊണ്ടത്, പ്രത്യുത ഇന്ത്യ സ്വന്തം നിലക്ക് നയ സമീപനത്തില്‍ മാറ്റം വരുത്തുകയാണുണ്ടായത്. ഒരു സെക്യുലര്‍ രാജ്യമായ ഇന്ത്യയെ സംബന്ധിച്ചേടത്തോളം അതില്‍ ഒരുവേള ലാഭമോ നഷ്ടമോ ഉണ്ടായേക്കാം. രാഷ്ട്രീയക്കാര്‍ക്ക് പറഞ്ഞുനില്‍ക്കാന്‍ അനിവാര്യമായ ന്യായങ്ങളും കണ്ടേക്കാം. അതിന്റെയൊക്കെ അന്തിമഫലം കൊയ്തത് ഇസ്രയേലാണെന്ന് മാത്രം. ലോകത്ത് ഒരുപാട് രാജ്യങ്ങള്‍ അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തിയ ഇസ്രയേല്‍ ഇന്ന് അതില്‍ മിക്ക രാജ്യങ്ങളുടെയും സൗഹൃദരാജ്യമായി മാറി. എന്ത് ന്യായമായ കാരണങ്ങളാലായിരുന്നോ ഇസ്രയേലിനെ ഭ്രഷ്ട് കല്‍പിച്ച് മാറ്റി നിര്‍ത്തിയിരുന്നത്, ആ കാരണങ്ങളെല്ലാം ഈ രാജ്യവും അവിടെയുള്ള ഭരണകര്‍ത്താക്കളും പൊതുജനങ്ങളും മറന്നു. അങ്ങനെ ലോക സമൂഹത്തില്‍ ഇസ്രയേല്‍ നിയമസാധുത നേടിയെടുത്തു.
ഈയൊരു നയംമാറ്റം ആര്‍ക്ക് ചേര്‍ന്നാലും പരിശുദ്ധ ഖുര്‍ആന്‍ ഉള്ളിടത്തോളം കാലം മുസ്‌ലിമിന് ക്ഷന്തവ്യമല്ല. കാരണം, അവനെ സംബന്ധിച്ചേടത്തോളം പ്രവാചകന്മാരുടെ സംഗമഭൂമിയും മുഹമ്മദ് നബി(സ)യുടെ ആകാശാരോഹണത്തിന്റെ ഉത്ഭവസ്ഥാനവും തിരുമേനിയുടെ (രാപ്രയാണം) കേന്ദ്രവുമായ അഖ്‌സാ പള്ളിയും അത് സ്ഥിതി ചെയ്യുന്ന ബൈത്തുല്‍ മഖ്ദിസും അവന്റെ ഈമാനിന്റെ ഭാഗമാണ്. മഹാനായ ഉമറി(റ)ന്റെ കൈകളാല്‍ ഇസ്‌ലാമിന് നല്‍കപ്പെട്ട ആ പുണ്യഭൂമി ഇന്ന് അധിനിവേശ ശക്തിയായ ഇസ്രയേല്‍ കൈയടക്കി വെച്ചിരിക്കയാണ്. ഇസ്രയേലിന്റെ ഔദാര്യത്തിലല്ലാതെ അവിടം സന്ദര്‍ശിക്കാന്‍ ഒരാള്‍ക്കും കഴിയില്ല, അവരുടെ മേല്‍ക്കോയ്മയും പരമാധികാരവും സമ്മതിച്ചു കൊടുക്കാതെ അങ്ങോട്ട് കടക്കുക സാധ്യമല്ല.
പ്രവാചകന്റെ വാഗ്ദാനം സത്യമായി പുലരുമെന്നും, ഇന്നല്ലെങ്കില്‍ നാളെ ഇസ്രയേലാകുന്ന കവര്‍ച്ചക്കാരന്‍ കെട്ടുകെട്ടേണ്ടിവരുമെന്നും അടിയുറച്ച് വിശ്വസിക്കുന്ന ഒരു മുസ്‌ലിമിനും ഇന്നത്തെ അവസ്ഥയില്‍ ഇസ്രയേലിന് പ്രതിഛായ ഉണ്ടാക്കിക്കൊടുക്കുന്ന യാതൊരു നടപടിയും സ്വീകരിക്കാവതല്ല. അതുകൊണ്ട് ശൈഖ് ഖറദാവിയെപ്പോലെ ലോക ഇസ്‌ലാമിക ചലനങ്ങളുടെ നാഡിമിടിപ്പുകള്‍ മനസ്സിലാക്കിയ പണ്ഡിതന്മാരുടെ ആഹ്വാനം നിസ്സാരമായി കാണാനോ തള്ളിക്കളയാനോ പാടില്ല. മിഡിലീസ്റ്റ് ടൂര്‍ പാക്കേജുകളുമായി മുന്നോട്ടു വരുന്നവരും അതില്‍ ഭാഗഭാക്കാകണമെന്ന് ഉദ്ദേശിക്കുന്നവരും ആ ലിസ്റ്റില്‍ നിന്ന് ബൈത്തുല്‍ മഖ്ദിസുള്‍പ്പെടുന്ന ഇസ്രയേല്‍ പ്രദേശങ്ങള്‍ ഒഴിവാക്കേണ്ടത് ഈമാനിന്റെ താല്‍പര്യമാണ്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍