Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 8

ഇസ്‌ലാമിന്റെ ചരിത്ര സമീപനവും ഇന്ത്യന്‍ സമൂഹവും

പി.പി അബ്ദുര്‍റസ്സാഖ്

ലോക ജനസംഖ്യയുടെ ആറിലൊന്നു ജീവിക്കുന്ന, മത വംശഭാഷാ സംസ്‌കാര ഉപദേശീയതാ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ലോകത്തെ തന്നെ ഏക അത്ഭുത രാജ്യമാണ് ഇന്ത്യ. മൊത്തം ജനസംഖ്യ ഇന്ത്യയുടെ മൂന്നിലൊന്നു പോലുമില്ലാത്ത, ഭാഷയും മതവും ചരിത്രവും വേദവും ദിശയും എല്ലാം ഒന്നായിട്ടും രാഷ്ട്രീയമായി ഇരുപതിലേറെ രാജ്യങ്ങളായിത്തീര്‍ന്നു ശിഥിലമായ അറബ് സമൂഹവുമായോ, ഭാഷക്കും ഉപ ദേശീയതക്കുമനുസരിച്ച് ജര്‍മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഗ്രീക്ക്, ഫ്‌ളെമിഷ്, ഐറിഷ്, ഡാനിഷ് എന്നിങ്ങനെ ഭാഷദേശ രാഷ്ട്രങ്ങളായി വേറിട്ടുനില്‍ക്കുന്ന യൂറോപ്പുമായോ, ഉപദേശീയതാ വൈരുധ്യങ്ങളാല്‍ ശിഥിലമായിത്തീര്‍ന്ന സോവിയറ്റ് യൂനിയനുമായോ, വംശീയമായി ശിഥിലമായിക്കൊണ്ടിരിക്കുന്ന അയല്‍രാജ്യമായ പാകിസ്താനുമായോ, ഇങ്ങനെ ഏതു സമൂഹവുമായി തട്ടിച്ചു നോക്കിയാലും ചരിത്രം കൊണ്ടും മത വംശ ഭാഷാസംസ്‌കാര ഉപദേശീയതാ വൈവിധ്യം കൊണ്ടും ജനസംഖ്യാ ബാഹുല്യം കൊണ്ടും അഖണ്ഡ ഇന്ത്യ വേറിട്ട് നിലകൊള്ളുന്നു. പ്രത്യക്ഷത്തില്‍ വൈവിധ്യമെന്നു തോന്നിപ്പിക്കുന്ന വൈരുധ്യങ്ങളെ എങ്ങനെ ആന്തരികമായി ഇണക്കിയും വിളക്കിയും ചേര്‍ക്കാം എന്നതിന്റെ ഉത്തമ രാഷ്ട്രീയ ഉദാഹരണമാണ് ഇന്ത്യ. ഇതിനെ കൂടുതല്‍ ശക്തമാക്കുന്നതിനും ദൗര്‍ബല്യങ്ങളും ന്യൂനതകളും പരിഹരിക്കുന്നതിനും വിഭിന്ന മതഭാഷാ ന്യൂനപക്ഷ ഭൂരിപക്ഷ വിഭാഗങ്ങളില്‍ നിന്നും ആദാനപ്രദാനത്തിലധിഷ്ഠിതമായ ചിന്താപരവും ആശയപരവുമായ ഉള്ളുതുറന്ന സമീപനം അത്യന്താപേക്ഷിതമാണ്.
ഇസ്‌ലാമിന്റെ ചരിത്ര വായനയിലൂടെ ഇന്ത്യന്‍ മുസ്‌ലിംകള്‍ അവരുടെ ചരിത്ര സമീപനങ്ങളില്‍ വല്ല പുനഃപരിശോധനയും നടത്തേണ്ടതായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയതാണ് ഈ ലേഖനത്തില്‍. ആദര്‍ശ വിശ്വാസപരവും അനുഷ്ഠാനപരവുമായ വ്യതിരിക്തത നിലനിര്‍ത്തുമ്പോഴും, ഇതര വൈജാത്യങ്ങളേക്കാള്‍ പൊതുവായി പങ്കിടുന്ന സാജാത്യങ്ങളിലൂന്നി ഇന്ത്യ എന്നത് ഒരൊറ്റ 'ഖൗം' ആണെന്നും മുസ്‌ലിംകള്‍ അതില്‍ നിന്ന് വേറിട്ട ഒരു ഖൗമല്ലെന്നും, മറിച്ച് ഇന്ത്യ എന്ന ഏക ഖൗമിന്റെ ഭാഗം മാത്രമാണെന്നുമുള്ള ഖുര്‍ആനിക ബോധം ഊട്ടിയുറപ്പിക്കപ്പെടേണ്ടതായിട്ടുണ്ട്. യഥാര്‍ഥത്തില്‍, 'മുസ്‌ലിം ഖൗമിയ്യത്ത്' (മുസ്‌ലിം സാമുദായികത) എന്ന ഖുര്‍ആനിനു വിരുദ്ധവും അപരിചിതവുമായ തെറ്റായ സങ്കല്‍പം കൂടിയായിരുന്നു ഇന്ത്യാ വിഭജനത്തില്‍ കലാശിച്ചത്. മൗലാനാ മൗദൂദി, അബുല്‍ കലാം ആസാദ്, അബുല്‍ ഹസന്‍ അലി നദ്‌വി പോലുള്ള മത പണ്ഡിതന്മാരല്ല, മറിച്ച് ഇന്ത്യയെയും ഇസ്‌ലാമിനെയും ഒരേ സമയം ഒരുപോലെ ദുര്‍ബലമാക്കുന്നതിനു വേണ്ടി പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ അവരുടെ ബഹുമുഖ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി രൂപം കൊടുത്തിരുന്ന തദ്ദേശീയ പാര്‍ട്ടികളുടെയും ഇറക്കുമതി ചെയ്യപ്പെട്ട പശു മാര്‍ക്ക് അള്‍ട്രാ സെക്യുലരിസ്റ്റുകളുടെയും സഹായത്തോടുകൂടി മതത്തിന്റെ വ്യാജ ലേബല്‍ ഒട്ടിച്ചുകൊണ്ടു സങ്കുചിത സാമുദായികതയുടെ ഭൂമികയില്‍ സൃഷ്ടിച്ച 'മുസ്‌ലിം ഖൗമിയ്യത്താ'യിരുന്നു ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനം.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു ആഗോള തലത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ പ്രതിരോധം മുസ്‌ലിംകളില്‍ നിന്നായിരുന്നു. ഇന്ത്യയിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള ശക്തമായ പ്രതിരോധ നീക്കങ്ങള്‍ ആദ്യം ആരംഭിച്ചത് മുസ്‌ലിംകളില്‍ നിന്നായിരുന്നുവെന്നതും പാശ്ചാത്യ കൊളോണിയല്‍ ശക്തികള്‍ വരുന്നതിനു മുമ്പത്തെ ഭരണാധികാരികള്‍ മുസ്‌ലിംകള്‍ ആയിരുന്നുവെന്നതും, പ്ലാസി യുദ്ധവും ഒന്നാം സ്വാതന്ത്ര്യ സമരവും ഒക്കെ സുതരാം വ്യക്തമാക്കുന്നു. ഈ മുസ്‌ലിം പ്രതിരോധത്തെ എങ്ങനെ ദുര്‍ബലമാക്കാമെന്ന ബ്രിട്ടീഷ് ചിന്തയാണ് മുസ്‌ലിം സമുദായത്തിന്നുള്ളില്‍നിന്നു തന്നെ മുസ്‌ലിം ലേബലോട് കൂടിയ ബ്രിട്ടീഷ് അനുകൂല സംഘടനകളുടെ രൂപീകരണമെന്ന ആശയം രൂപം കൊള്ളുന്നത്.
ഇരുപതാം നൂറ്റാണ്ടു മുസ്‌ലിം ലോകം ഒരുപാട് പരീക്ഷണങ്ങള്‍ക്കും പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്കും സാക്ഷ്യംവഹിച്ച കാലം ആയിരുന്നു. ഇന്നെന്നപോലെ അന്നും ലോക മുസ്‌ലിം ജനസംഖ്യയുടെ ഗണനീയ ഭാഗം ജീവിച്ചിരുന്നത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലായിരുന്നു. ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും മുസ്‌ലിം നവീകരണ പരിഷ്‌കരണ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉടലെടുത്തിരുന്നു. ഇതില്‍ മുസ്‌ലിംകളുടെ സമൂലമായ ഇസ്‌ലാമിക മാറ്റത്തിനു വേണ്ടി നിലകൊണ്ടവരും ഭാഗിക പരിഷ്‌കരണത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരും ഉണ്ടായിരുന്നു. ഈ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇടയില്‍ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ രൂപം കൊണ്ട മുസ്‌ലിംലീഗിന്റെ സ്ഥാനം ചരിത്രപരമായി അടയാളപ്പെടുത്തേണ്ടത് ഒരു ചരിത്ര ഗവേഷണത്തിന്റെ പ്രമേയമാണ്. അത് ഈ ലേഖനത്തിന്റെ പരിധിയില്‍ പെടുന്നില്ല.
മുസ്‌ലിം ലീഗ് ഇന്ത്യാ വിഭജനത്തിനു വേണ്ടി സ്വീകരിച്ച 'മുസ്‌ലിം ഖൗമിയ്യത്തിനു' ഖുര്‍ആനികമായോ ഇസ്‌ലാമികമായോ ഒരു പിന്‍ബലവും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ഖുര്‍ആനികമായി 'ഖൗം' എന്നത് പൊതുവായ ചരിത്രവും അതോടൊപ്പം ഗോത്രപരമോ വംശീയമോ ഭാഷാപരമോ ദേശീയമോ ആയ സാജാത്യങ്ങളും പങ്കുവെക്കുന്ന മത വിശ്വാസ നിരപേക്ഷമായ, എന്നാല്‍ ഭിന്ന മത വിശ്വാസ സമുദായങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു സാമൂഹിക രാഷ്ട്രീയ ഏകകമാണ്. അതുകൊണ്ടാണ്, ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന മുഴുവന്‍ പ്രവാചകന്മാര്‍ക്കും തങ്ങളെ നിഷ്‌കരുണം എതിര്‍ക്കുകയും മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പ്രതിയോഗികളെ പോലും 'എന്റെ ഖൗമേ' എന്ന് അഭിസംബോധന ചെയ്യാന്‍ സാധിച്ചത്. അതുകൊണ്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഒരൊറ്റ പ്രവാചകനും തനിക്കു കിട്ടിയ അനുയായി വൃന്ദവുമായി ഒരു പ്രത്യേക രാജ്യം ഒരിക്കലും അവകാശപ്പെടാതിരുന്നതും. അതുകൊണ്ടുതന്നെയായിരുന്നു തന്നെ വധിച്ച വിവരദോഷിയായ ഭൂമിയിലെ അവിശ്വാസിയെ സ്വര്‍ഗത്തിന്റെ ഉമ്മറപ്പടിക്കല്‍ വെച്ചു പോലും പ്രബോധക മനസ്സ് കൊണ്ടുനടക്കുന്ന സത്യവിശ്വാസി ഗുണകാംക്ഷയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സ്വരത്തില്‍ തന്റെ തന്നെ 'ഖൗമിന്റെ' ഭാഗമായി കണ്ടതായി വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചത് (36:26). തങ്ങളുടെ വിശ്വാസപരവും ആദര്‍ശപരവുമായ വ്യതിരിക്തതക്കനുസരിച്ചു ഒരു സമൂഹത്തെ പിളര്‍ത്തിയും അടര്‍ത്തിയും കാണുന്നതിനു പകരം പ്രതിയോഗികളും പ്രബോധിതരുമായ ജനതയുമായി പൊതുവായി പങ്കുവെക്കുന്ന സാജാത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നായി കാണാനാണ് ഖുര്‍ആന്‍ പരാമര്‍ശിച്ച സകല പ്രവാചകരും ശ്രമിച്ചതെന്ന് സാരം.
ഇന്ത്യയിലെ ഹിന്ദുക്കളെ വെറും പ്രതിമാ പൂജയുടെ അടിസ്ഥാനത്തില്‍ മാത്രം മക്കയിലെ മുശ്‌രിക്കുകള്‍ക്ക് സമാനമായി കാണുന്ന ചിന്താഗതി ഖുര്‍ആനിക ദൃഷ്ട്യാ സാധുവാണോ എന്ന് പരിശോധിക്കപ്പെടണം. ഹിന്ദുക്കളിലെ ജാതീയവും വര്‍ണപരവുമായ ഉച്ചനീചത്വങ്ങളും തജ്ജന്യമായ സാമൂഹിക പ്രശ്‌നങ്ങളും എല്ലാം കണക്കിലെടുത്തുകൊണ്ട് തന്നെയാണ് ഈ പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെടുന്നത്. അതിനു ആദ്യം വേണ്ടത് മധ്യ പൗരസ്ത്യ ദേശ കേന്ദ്രീകൃതമായ ചരിത്ര സാമൂഹിക കര്‍മശാസ്ത്ര വിശകലന രീതിയില്‍നിന്നും മുക്തമായി ഖുര്‍ആന്റെ ആഗോളീയ മാനവ സമൂഹത്തെ കേന്ദ്രീകരിച്ചു ചിന്തിക്കുന്ന സമീപന രീതി കൈകൊള്ളുക എന്നതാണ്. വെറും പ്രതിമാ പൂജയോ ബഹു ദൈവത്വ ചിന്താഗതിയോ അടിസ്ഥാനമാക്കിയല്ല വിശുദ്ധ ഖുര്‍ആന്‍ വേദക്കാരെയും മക്കാ മുശ്‌രിക്കുകളെയും വേര്‍തിരിച്ചു കണ്ടത് എന്നത് സുതരാം വ്യക്തമാണ്. ഖുര്‍ആന്‍ അവതീര്‍ണമാകുന്ന കാലത്ത് തന്നെ വേദക്കാരില്‍ പ്രതിമാ പൂജയും ബഹുദൈവത്വപരമായ വിശ്വാസാചാരങ്ങളും ഉണ്ടായിരുന്നുവെന്നത് തന്നെയാണ് ഇതിനുള്ള ന്യായം. ക്രിസ്ത്യാനികള്‍ വ്യക്തമായി തന്നെ ദൈവത്തിന്റെ സത്തയില്‍ പങ്കു കല്‍പിച്ചവരും പ്രതിമാ പൂജ നടത്തുന്നവരുമായിരുന്നു. അപ്പോള്‍ വേര്‍തിരിവിന്റെ കൃത്യവും വ്യക്തവുമായ മാനദണ്ഡം ദൈവത്തില്‍നിന്ന് അവതീര്‍ണമായ തെന്നു വിശ്വസിക്കപ്പെടുന്ന വല്ല വേദവും അവരുടെ പക്കല്‍ ഉണ്ടായിരുന്നോ, അവര്‍ അതില്‍ വിശ്വസിച്ചിരുന്നുവോ എന്നതായിരുന്നു. ആ വേദം പോലും യഥാര്‍ഥവും തനതുമായ ഭാഷയിലോ രൂപത്തിലോ ഇല്ലാതിരുന്നിട്ടും, അത് മനുഷ്യന്റെ കൈക്രിയകള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന് ആവര്‍ത്തിച്ചു സ്ഥാപിച്ചപ്പോഴും, വിശുദ്ധ ഖുര്‍ആന്‍ ആ വേദത്തിന്റെ പേരില്‍ അവര്‍ക്ക് മക്കാ മുശ്‌രിക്കുകളില്‍ നിന്ന് വ്യത്യസ്തമായ സമാദരണീയ സ്ഥാനം നല്‍കി 'വേദക്കാര്‍' എന്ന് ആദരപൂര്‍വം അവരെ അഭിസംബോധന ചെയ്യുകയാണുണ്ടായത്. മക്കയിലെ ബഹുദൈവാരാധകര്‍ ഇതില്‍നിന്ന് വ്യത്യസ്തമായി ഒരു തരത്തിലുള്ള വേദത്തിന്റെയും അനുയായികളായിരുന്നില്ല. അങ്ങനെ അവര്‍ അവകാശപ്പെട്ടിരുന്നുമില്ല. വേദക്കാര്‍ എന്ന് ജൂത ക്രിസ്തീയ സമുദായങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ അവരെല്ലാവരും അവരുടെ വേദങ്ങളെ അക്ഷരം പ്രതി അനുസരിച്ചവരായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ അര്‍ഥമാക്കുന്നുമില്ല. മാത്രവുമല്ല, വേദക്കാര്‍ എന്ന് വിളിക്കുമ്പോഴും വേദത്തിന്റെ നിയമ നിര്‍ദേശങ്ങളെ അനുസരിക്കാത്തതിന്റെ പേരില്‍ ജൂത ക്രിസ്തീയ സമുദായങ്ങളെ വിശുദ്ധ ഖുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുകയാണ് ചെയ്തത്.
ഇവിടെയാണ്, പൊതുവായി പറഞ്ഞാല്‍ ഇന്ത്യയിലെ ഹൈന്ദവര്‍ മക്കാ മുശ്‌രിക്കുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതും വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച വേദക്കാരോട് അടുത്തു നില്‍ക്കുന്നതും. വിശുദ്ധ ഖുര്‍ആന്‍ ജൂത ക്രിസ്തീയ വിഭാഗങ്ങളെ വേദക്കാരെന്നു വിശേഷിപ്പിച്ചപ്പോള്‍ അവര്‍ മാത്രമാണ് വേദം നല്‍കപ്പെട്ടവരെന്നു എവിടെയും പറഞ്ഞിട്ടില്ല. മറ്റു വേദങ്ങളില്‍ വിശ്വസിക്കുന്നവരെ ഒഴിച്ചു നിര്‍ത്തിയിട്ടുമില്ല. മറിച്ച്, പ്രഥമ സംബോധിതര്‍ക്ക് പരിചയമുള്ള രണ്ടു ജനതതികളുടെ പേര്‍ പരാമര്‍ശിക്കുകയും, ഇതര വേദം നല്‍കപ്പെട്ട പ്രവാചകന്മാരെയും ജനതതികളെയും സംബന്ധിച്ച് സൂചിപ്പിക്കുകയുമാണ് ചെയ്തത് (വി.ഖു. 3:81; 3:181; 35:25; 35:32; 57:25). ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്, വിശുദ്ധ ഖുര്‍ആന്‍ കഥനം പോലും ചെയ്തിട്ടില്ലാത്ത നിരവധി പ്രവാചകരും വേദങ്ങളുമൊക്കെ മാനവ സമൂഹത്തില്‍ മുഹമ്മദ് നബിയുടെ ആഗമനത്തിനു മുമ്പ് വന്നിരുന്നുവെന്നാണ്. ചില സൂക്തങ്ങള്‍ മാത്രം താഴെ കൊടുക്കുന്നു.
''നിന്നെ നാം സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയി സത്യപൂര്‍വം അയച്ചു. ഒരു താക്കീതുകാരന്‍ കടന്നു പോയിട്ടില്ലാത്ത ഒരു ജനതതിയും ഇല്ല'' (വി.ഖു. 35:25).
''അല്ലാഹുവിനു മാത്രം വഴിപ്പെട്ടു ജീവിക്കുക, ദൈവേതര ശക്തികളെ വെടിയുക എന്ന ആജ്ഞയുമായി എല്ലാ ജനതതികളിലും നാം ദൂതനെ നിയോഗിച്ചിരിക്കുന്നു'' (വി. ഖു.16:36).
''നിനക്ക് മുമ്പും നാം ദൂതരെ അയച്ചിരുന്നു. അവരില്‍ നിനക്ക് കഥനം ചെയ്തു തന്നവരും നിനക്ക് കഥനം ചെയ്തു തന്നിട്ടില്ലാത്തവരും ഉണ്ട്'' (41 :78 ). നാലാം അധ്യായത്തിലെ 163, 164 സൂക്തങ്ങളും ഇതുതന്നെ ആവര്‍ത്തിക്കുന്നു. മനുഷ്യര്‍ക്ക് ദൈവത്തിനെതിരെ ന്യായവും തെളിവും ഇല്ലാതിരിക്കുന്നതിനാണ് ദൂതന്മാരെ സന്തോഷ വാര്‍ത്ത അറിയിക്കുന്നവരായും താക്കീതുകാരുമായും അയക്കുന്നത് എന്ന് 4:165-ല്‍ പറയുന്നുണ്ട്.
ചരിത്രപരമായി താരതമ്യേന ഇതര പ്രദേശങ്ങളേക്കാള്‍ എന്നും ജനനിബിഡമായിരുന്ന ഇന്ത്യാ രാജ്യത്ത് ധര്‍മ സംസ്ഥാപനത്തിനു (ഇഖാമത്തുദ്ദീന്‍) കാലാ കാലങ്ങളില്‍ പ്രവാചകന്മാര്‍ ആഗതരാവുകയും വേദങ്ങള്‍ അവതരിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കുന്നതാണ് കൂടുതല്‍ യുക്തിപരവും ആധികാരികവും, ദൈവികനീതിയോട് കൂടുതല്‍ പൊരുത്തപ്പെടുന്നതും. ഈ സമീപനം തന്നെയാണ് ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന പൊതുവായ ചരിത്ര ഭൂമികയില്‍ നിന്നുകൊണ്ടുള്ള ആരോഗ്യകരമായ ആദാനപ്രദാനത്തിനും സഹായകമാവുക. മക്കാ മുശ്‌രിക്കുകളില്‍ നിന്ന് ഭിന്നമായി, ഇന്ത്യയിലെ ഭൂരിപക്ഷ ജനസമൂഹം ബഹുദൈവത്വ പരാമര്‍ശങ്ങളില്ലാത്ത ഋഗ്വേദമുള്‍പ്പെടെയുള്ള നിരവധി വേദങ്ങളും അതിന്റെ വ്യാഖ്യാന വിശദീകരണങ്ങളായ ഉപനിഷത്തുകളും പിന്നെ ഗീതയും ഭഗവാനില്‍ നിന്ന് അവതീര്‍ണമായതാണെന്ന് വിശ്വസിക്കുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും. ഇഞ്ചീലിനെയും തോറയെയും വേദ ഗ്രന്ഥങ്ങള്‍ എന്നും അതിന്റെ വാഹകരെ വേദക്കാരെന്നും വിശേഷിപ്പിക്കുമ്പോള്‍, വിശുദ്ധ ഖുര്‍ആന്‍ 'തനതു ഭാഷയിലായിരിക്കുക', 'കലര്‍പില്ലാതിരിക്കുക' , 'കൈകടത്തലില്‍നിന്നും മുക്തമാവുക' തുടങ്ങിയ ഉപാധികള്‍ വെച്ചിട്ടില്ല. എങ്കില്‍ ഭാരതീയ വേദങ്ങളെയും ഗീതയെയും അതിന്റെ വാഹകരെയും വേദങ്ങളും വേദക്കാരുമായി അംഗീകരിക്കുന്നതിനു അവ ഉപാധികള്‍ ആവേണ്ടതില്ല. ഇതിനുള്ള വിശാലത വിശുദ്ധ ഖുര്‍ആനിനും ഇസ്‌ലാമിനും ഉണ്ട്.
നാം അനുഭവിക്കുന്ന പ്രശ്‌നം വളരെ സങ്കുചിതമായ മധ്യപൗരസ്ത്യ ദേശ കേന്ദ്രീകൃതമായ വ്യാഖ്യാന രീതി ശാസ്ത്രത്തിന്റേതാണ്. പില്‍ക്കാല ജീര്‍ണതയെ നോക്കി പൂര്‍വകാല സ്വഛതയെ നിഷേധിക്കുന്നതിനു പകരം, വിശുദ്ധ ഖുര്‍ആന്‍ ചരിത്രത്തെ സമീപിച്ചതുപോലെ പൂര്‍വ കാലത്തെ ശരിയും സ്വഛതയും കണ്ടെത്തി പില്‍ക്കാലത്തെ ജീര്‍ണതയെയും വ്യതിചലനങ്ങളെയും തിരുത്തുന്ന സമീപനം നാം രൂപപ്പെടുത്തണം. വിശുദ്ധ ഖുര്‍ആന്‍ പരമ്പരാഗത ചരിത്രത്തിനു നേരെ സ്വീകരിച്ചത് നിഷേധത്തിന്റെ സമീപനമായിരുന്നില്ല, മറിച്ചു തിരുത്തിന്റേതായിരുന്നുവെന്നര്‍ഥം. അതുകൊണ്ടാണ് ഇസ്രയേലീ പ്രവാചകന്മാരെ അംഗീകരിച്ചുകൊണ്ടുതന്നെ പില്‍ക്കാല ജൂത സമൂഹത്തിലുണ്ടായ ജീര്‍ണതയെയും വ്യതിചലനങ്ങളെയും വിശുദ്ധ ഖുര്‍ആന്‍ തിരുത്തുന്നത്. അതുകൊണ്ടുതന്നെയാണ്, ഈസായെ അംഗീകരിക്കുന്ന ഖുര്‍ആന്‍ പില്‍ക്കാലത്ത് ക്രിസ്ത്യാനികള്‍ അദ്ദേഹത്തിനു ദിവ്യത്വം ചമച്ചതിനെ തിരുത്തിയത്. പില്‍ക്കാലത്ത് ജൂതക്രിസ്ത്യാനികള്‍ക്കുണ്ടായ വ്യതിചലനങ്ങളുടെയും ജീര്‍ണതയുടെയും പേരില്‍ അവരുടെ യഥാര്‍ഥ പാരമ്പര്യത്തെ വിശുദ്ധ ഖുര്‍ ആന്‍ നിരാകരിക്കാതിരുന്നതും അതുകൊണ്ടാണ്.
മുഹമ്മദ് നബി(സ)ക്ക് മുമ്പ് കടന്നുപോയ മുഴുവന്‍ പ്രവാചകരുടെയും മത നവോത്ഥാന നായകരുടെയും ചരിത്രം ദേശഭാഷകള്‍ക്കതീതമായി ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമാണ്. ഇസ്‌ലാം സകല ജനതതികളുമായും സംവദിക്കുന്നത് പോലും ഈ പൊതു ധാരയില്‍ നിന്ന് കൊണ്ടാണ്. 'പ്രവാചകന്മാര്‍' എന്ന ഖുര്‍ആനിക അധ്യായത്തില്‍ വ്യത്യസ്ത കാലങ്ങളില്‍ വിഭിന്ന ദേശങ്ങളില്‍ ആഗതരായ നിരവധി പ്രവാചകന്മാരെ അനുസ്മരിച്ച ശേഷം പറയുന്നു: ''നിങ്ങളുടെ ഈ സമൂഹം ഒരൊറ്റ സമൂഹമാകുന്നു'' (21:92).
പില്‍ക്കാല ചരിത്രകാരന്മാരുടെ തെറ്റായ വിലയിരുത്തലില്‍ സൗരാഷ്ട്രരും അദ്ദേഹത്തിന്റെ അനുയായിയായ സൈറസ്സും അഗ്നിയാരാധകരായിരുന്നു. പക്ഷേ, പ്രവാചകനോട് പേര്‍ഷ്യയിലെ സൈറസ്സ് എന്ന് കൃത്യമായും മനസ്സിലാക്കപ്പെടുന്ന 'ദുല്‍ ഖര്‍നൈന്‍' രാജാവിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പൊതുവായ ഇസ്‌ലാമിക പാരമ്പര്യത്തോട് ചേര്‍ത്താണ് വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചത്. സ്വാഭാവികമായും സൗരാഷ്ട്രരും അദ്ദേഹത്തിനു അവതീര്‍ണമായ സെന്തവസ്ഥയും പേര്‍ഷ്യക്കാര്‍ക്ക് അവതരിച്ച പ്രവാചകനും വേദവും ആയി മാറുന്നു. 'ദൈവം ആകാശ ഭൂമികളിലെ പ്രകാശം (നൂര്‍) ആകുന്നു' എന്ന ഖുര്‍ആനിക സൂക്തം പോലെ പൂര്‍വ വേദങ്ങളില്‍ ഉണ്ടാകാവുന്ന സമാന ആശയം ദ്യോതിപ്പിക്കുന്ന സൂക്തം പില്‍ക്കാലത്ത് 'ദൈവം ആകാശ ഭൂമികളിലെ അഗ്നി (നാര്‍) ആകുന്നു' എന്ന് തെറ്റായി മനസ്സിലാക്കപ്പെട്ടതില്‍ നിന്നാവാം ഒരു പ്രവാചക മതം അഗ്നിയാരാധനയിലേക്ക് വ്യതിചലിച്ചതും വഴി തെറ്റിയതും. ഒരു പക്ഷേ, വെളിച്ചവും ചൂടും നല്‍കുന്ന പ്രകാശത്തിനും അഗ്നിക്കും (സൂര്യന്‍ ഒരു അഗ്നി ഗോളവും പ്രകാശ ഗോളവും ആകുന്നതു പോലെ) ഭാഷ വേണ്ടത്ര വികസിച്ചിട്ടില്ലാത്ത കാലത്ത് ഒരേ പദവും ശബ്ദവും ഉപയോഗിക്കപ്പെട്ടതുമായിരിക്കാം.
പറഞ്ഞു വരുന്നത് ഇതാണ്: അടിസ്ഥാന വിശ്വാസ കാര്യങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ, ഓരോ നാടിന്റെയും ചരിത്രവും സംസ്‌കാരവും സാമൂഹിക പരിതസ്ഥിതിയും കണക്കിലെടുത്തുകൊണ്ടുള്ള ചരിത്ര കര്‍മശാസ്ത്ര വിശകലന രീതികള്‍ ആവിഷ്‌കരിക്കപ്പെടേണ്ടതായിട്ടുണ്ട്. ന്യൂനപക്ഷ ഫിഖ്ഹു പോലെ തന്നെയോ അതിലേറെയോ പ്രാധാന്യമുള്ളതാണ് ഈ പ്രാദേശിക ( Regional ), ദേശീയ (National) ചരിത്ര കര്‍മ ശാസ്ത്ര വിശകലന രീതി. അങ്ങനെ ചെയ്യുമ്പോള്‍ മനുഷ്യനെ ഉത്തമമായ നിലക്കാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നതിനു തെളിവായും സാക്ഷ്യമായും പറഞ്ഞ അത്തിമരത്തിനു കീഴെ നമുക്ക് ബുദ്ധനെ കണ്ടെത്തുവാന്‍ സാധിക്കും. തീര്‍ച്ചയായും മനുഷ്യന്‍, വേരില്‍നിന്നറുത്താലും വീണ്ടും വളരുന്ന അത്തിയെ പോലെ ഈ ഭൂമിയില്‍ അതിജീവന ശേഷിയുള്ളവനും, ദിവ്യപ്രകാശം ഉദാഹരിക്കാന്‍ വേദം ഉപയോഗിച്ച ഒലീവിന്റെ പ്രകാശ ധോരണി ആത്മാവില്‍ ഉള്‍ച്ചേര്‍ന്നവനും, സീനാ പര്‍വതത്തിന്റെ ശക്ത ഗാംഭീര്യം ഉള്ളവനും, മക്കപോലെ നിര്‍ഭയനും ആദരണീയനുമാണ്. അതുപോലെ ഈ നാലു വ്യത്യസ്തങ്ങളായ പ്രകൃതി പ്രതിഭാസങ്ങള്‍ മനുഷ്യന്റെ ഉദാത്ത പ്രകൃതത്തിനു തെളിവായി അവ പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ ദേശങ്ങളില്‍ വിഭിന്ന നാഗരികതകളില്‍ ജീവിച്ച സച്ചരിതരും സാത്വികരുമായ നാല് വിപ്ലവകാരികളെ കൂടി സൂചിപ്പിക്കുന്നു. എല്ലാ മനുഷ്യരും അടിസ്ഥാനപരമായി അവരെ പോലെ തന്നെയാണ് എന്ന പാഠം കാവ്യാത്മകമായി നല്‍കിക്കൊണ്ട്. ബുദ്ധനും ഈസയും മൂസയും മുഹമ്മദും ഏതു പോലെയാണോ അതേപോലെ തന്നെയാണ് പ്രകൃത്യാ ഏതൊരു മനുഷ്യനും. ഉദാത്തന്‍, ഉത്തമന്‍, വിശുദ്ധന്‍. വെറും കര്‍മശാസ്ത്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇതൊക്കെ തെറ്റാണെന്ന നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത്, ഇന്ത്യ പോലെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശാക്തീകരണത്തിനു അനര്‍ഘ സാധ്യതകള്‍ ഉള്ള ഒരു രാജ്യത്ത് ഇസ്‌ലാമിനു കോടിക്കണക്കിനു മനുഷ്യരുടെ മനസ്സുകളില്‍ വളരെ എളുപ്പത്തില്‍ കയറി ചെല്ലാന്‍ കഴിയുന്ന സാധ്യതയെ തച്ചു കെടുത്തലായിരിക്കില്ലേ?
നബിയുടെ കാലത്തെ സങ്കുചിതരും പക്ഷപാതികളുമായ ജൂത ക്രിസ്ത്യാനികള്‍ക്ക്, ഇസ്‌ലാം അവരുടെ ജീര്‍ണതയെയും വ്യതിചലനങ്ങളെയും ശക്തമായി വിമര്‍ശന വിധേയമാക്കുകയും തിരുത്തുകയും ചെയ്തതിനേക്കാള്‍ അസഹ്യമായത്, അവരുടെ പ്രവാചകരെയും ചരിത്രത്തെയും ഇസ്‌ലാമിന്റെ ഭാഗമായി കണ്ടതാണ്. ഈ സമീപനമാണ് ഇസ്‌ലാമിനെ മധ്യ പൗരസ്ത്യ ദേശത്തെ സാധാരണക്കാരായ ജൂത ക്രിസ്ത്യാനികളുടെ മുമ്പില്‍ അപ്രതിരോധ്യമാക്കിയത്. അല്ലായിരുന്നെങ്കില്‍, വിമര്‍ശനവും തിരുത്തും ഒക്കെ അവരുടെ മുമ്പില്‍ വെറുമൊരു എതിരാളിയുടെ ശബ്ദം മാത്രമായി ചുരുങ്ങിപ്പോയിരുന്നേനെ. ശിര്‍ക്കിനെയും കഅ്ബക്ക് ചുറ്റുമുള്ള നഗ്‌ന ത്വവാഫിനെയും കഅ്ബയിലെ വിഗ്രഹങ്ങളെയും നിഷേധിച്ച ഇസ്‌ലാം, കഅ്ബയെയും ത്വവാഫിനെയും ഹജറുല്‍ അസ്‌വദിനെയും ഹജ്ജിനെയും അവയുടെ ചരിത്രത്തെയും തുടക്കത്തിലേ ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമായി കണ്ട സമീപനം കടുത്ത പക്ഷപാതികളും അക്രമോത്സുകരും ആയിരുന്ന മക്കാ മുശ്‌രിക്കുകള്‍ക്ക് അസഹനീയമായി അനുഭവപ്പെട്ടിട്ടുണ്ടാവണം. ഒരു നാടിന്റെയും സമൂഹത്തിന്റെയും ചരിത്രത്തെയും പാരമ്പര്യത്തെയും ജീര്‍ണതയില്‍നിന്നും വേര്‍പെടുത്തിക്കാണാനുള്ള സാംസ്‌കാരിക പാഠവും വിവേചന ബുദ്ധിയും നമുക്ക് ഇതില്‍നിന്ന് വായിച്ചെടുക്കാന്‍ സാധിക്കേണ്ടതല്ലേ?
മദീനയിലായിരിക്കെ, ജൂതന്മാര്‍ ആശൂറാ നോമ്പ് നോല്‍ക്കുന്നുവെന്നു മനസ്സിലാക്കിയ അനുചരന്മാര്‍ പ്രവാചകനോട് അത് സംബന്ധമായി അന്വേഷിച്ചപ്പോള്‍ 'നാമാണ് ജൂതരേക്കാള്‍ മൂസയോട് അടുത്തു നില്‍ക്കുന്നവരും അര്‍ഹതപ്പെട്ടവരു' മെന്ന് പറഞ്ഞ പ്രവാചകന്‍ ആശൂറാ നോമ്പിന് പുറമെ താസൂആ നോമ്പ് അനുഷ്ഠിക്കാനും തദ്വാരാ ആ മേഖലയില്‍ യഹൂദരെ കവച്ചു വെക്കാനും കല്‍പിക്കുകയുണ്ടായില്ലേ? വിശുദ്ധ ഖുര്‍ആന്റെയും പ്രവാചകന്റെയും ഈ സമീപനങ്ങളില്‍ നിന്ന് ഭിന്ന സാമൂഹിക ചരിത്ര പശ്ചാത്തലങ്ങളില്‍ ജീവിക്കുന്ന സത്യവിശ്വാസി സമൂഹത്തിനു ഒരു പാഠവും ഉള്‍കൊള്ളാനില്ലെന്നാണോ? ഇന്ത്യന്‍ നാമങ്ങളില്‍ 'ആനന്ദ്' പോലുള്ളവ 'നന്ദ' എന്ന് വിളിക്കപ്പെടാമെങ്കില്‍ 'അബ്രഹാമി'നെ 'ബ്രഹ്മ' എന്ന് വിളിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാമോ? ബ്രഹ്മാവിന്റെ ഭാര്യ സരസ്വതിക്കും അബ്രഹാമിന്റെ ആദ്യ ഭാര്യ സാറക്കുമിടയിലെ നാമ സാദൃശ്യം വെറും യാദൃഛികമായിരിക്കുമോ? മിത്തിനെ മിത്തായും ചരിത്രത്തെ അതിന്റെ തനതു രൂപത്തിലും മനസ്സിലാക്കാന്‍ സാധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യക്കാരുള്‍പ്പടെയുള്ള വിശുദ്ധ ഖുര്‍ആന്റെ അഭിസംബോധിതരുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അബ്രഹാമിനും ഇന്ത്യയിലെ ബ്രാഹ്മണര്‍ക്കുമിടയില്‍ എവിടെയോ വെച്ച് അറ്റുപോയ ചരിത്രപരമായ ബന്ധത്തിന്റെ ഇഴ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചേക്കും.
ചുരുക്കത്തില്‍, ഇന്ത്യയുടെ ഉദ്ഗ്രഥനത്തിനും ബഹുസ്വര സമൂഹത്തിലെ മുസ്‌ലിംകളുടെ അന്തസ്സാര്‍ന്ന നിലനില്‍പ്പിനും സഹായകമാവുക ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹവുമായി ചരിത്രപരമായ പൊതു ഭൂമിക കണ്ടെത്തി, വേദങ്ങള്‍കൊണ്ട് നടക്കുന്ന അവരെ 'വേദക്കാര്‍' എന്ന പരിഗണന നല്‍കി സമീപിക്കലായിരിക്കും. ഇത് തന്നെയായിരിക്കും ഇസ്‌ലാമികമായി ഉത്തമമാവുക. ഇതും ഒരു ഇജ്തിഹാദീ പ്രമേയമാണെന്നും ഇത് സുബദ്ധമാണെങ്കില്‍ രണ്ടു പ്രതിഫലം ഉണ്ടെന്നും ഇനി അബദ്ധമാണെങ്കില്‍ തന്നെ അല്ലാഹുവിന്റെ അടുക്കല്‍ കുറ്റമൊന്നുമില്ലന്നു മാത്രമല്ല, ഈ ഇജ്തിഹാദീ സമീപനത്തിനു ഒരു കൂലിക്ക് നാം അര്‍ഹാരായിരിക്കുമെന്നുമുള്ള പ്രവാചക വചനം നാം ഓര്‍ക്കുക.
മധ്യ പൗരസ്ത്യ ദേശത്തെ മുസ്‌ലിംകള്‍ക്ക് ചരിത്രത്തെയും കര്‍മ ശാസ്ത്രത്തെയും മധ്യ പൗരസ്ത്യ ദേശ കേന്ദ്രീകൃതമായി വിശകലനം ചെയ്യുകയും അപഗ്രഥിക്കുകയും ആവാം. അതുപോലെ തന്നെ മാനവ രാശിക്കാകമാനമുള്ള വിശുദ്ധ ഖുര്‍ആനെയും ഇസ്‌ലാമിക ചരിത്രത്തെയും കര്‍മ ശാസ്ത്രത്തെയും അതതു രാജ്യ നിവാസികള്‍ക്ക് അവരവരുടെ ചരിത്ര സാമൂഹിക പശ്ചാത്തലത്തില്‍നിന്നുകൊണ്ടും നോക്കിക്കാണാവുന്നതാണ്. നമ്മള്‍ ഇന്ത്യയില്‍ നിന്നുകൊണ്ട് മധ്യ പൗരസ്ത്യ ദേശ കേന്ദ്രീകൃതമായി തന്നെ ചിന്തിച്ചു കൊള്ളണമെന്നില്ലെന്നര്‍ഥം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍