Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 8

ഇമാം ഹാതിപ് സ്‌കൂള്‍ തുര്‍ക്കിയിലെ ഉണര്‍വിന്റെ കലാലയങ്ങള്‍

ഖമര്‍ സുബൈര്‍

തീവ്ര മതേതരത്വത്തിന്റെ മരവിപ്പില്‍ നിന്ന് മഹിതമായ പാരമ്പര്യത്തിന്റെ ചടുലതയിലേക്ക് തുര്‍ക്കി സാവധാനം വളരുകയാണ്. തുര്‍ക്കിയിലെ നവജാഗരണത്തിന് ഊര്‍ജ്ജം പകര്‍ന്ന മതകലാലയങ്ങള്‍ വീണ്ടും ഒരു വസന്തത്തിനായി തളിര്‍ക്കുകയാണ്. ഇമാംഹാതിപ് സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ റജബ്് ത്വയ്യിബ് ഉര്‍ദുഗാന്‍ തുര്‍ക്കിയിലെ വിദ്യാഭ്യാസത്തില്‍ ശക്തമായി ഇടപെട്ടു തുടങ്ങിയെന്നാണ് അനുകൂലികളുടെയും പ്രതികൂലികളുടെയും പ്രതികരണം. ഇനിയും ശമനം വന്നിട്ടില്ലാത്ത തുര്‍ക്കിയിലെ സംവാദങ്ങള്‍ക്ക് കാരണം എ.കെ.പാര്‍ട്ടി പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്ത പുതിയ വിദ്യാഭ്യാസ ബില്ലാണ്. '4+4+4 വിദ്യാഭ്യാസ പദ്ധതി' 204 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അംഗീകരിക്കപ്പെട്ടത് (295 വോട്ടുകള്‍ അനുകൂലിച്ചും 91 വോട്ടുകള്‍ പ്രതികൂലിച്ചും). തുര്‍ക്കിയിലെ മതേതരത്വത്തെ തകര്‍ത്ത് എല്ലാ സ്‌കൂളുകളും ഇമാം-ഹാതിപ് സ്‌കൂളുകളായി പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സെക്യുലര്‍ ലിബറല്‍ അനുകൂലികളുടെ പ്രതികരണം. ബില്ല് ചര്‍ച്ചക്കെടുത്തപ്പോള്‍ ദേശ വ്യാപകമായി പണിമുടക്കും പ്രതിഷേധങ്ങളും അവര്‍ സംഘടിപ്പിച്ചു. പക്ഷെ, തുര്‍ക്കിയിലെ പൊതു സമൂഹം സസന്തോഷമാണ് ഉര്‍ദുഗാന്റെ പരിഷ്‌കാരങ്ങളെ സ്വീകരിച്ചത്.
''നമ്മുടെ മൂല്യങ്ങളും ചരിത്രപാരമ്പര്യവും മുറുകെ പിടിക്കുന്ന, എന്നാല്‍ ജനാധിപത്യ ബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനാണ് ഈ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്.'' ''പുതിയ നിയമം ജനങ്ങള്‍ ആഗ്രഹിച്ചിരുന്നതാണ്. നേരത്തെ നടപ്പിലായിരുന്ന വിദ്യാഭ്യാസ രീതി, മത വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്ന കുടുംബങ്ങളിലെ കുട്ടികളെ പൊതു വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റിയിരുന്നു. മതേതര മനസ്സുള്ളവര്‍ കുട്ടികളെ അത്തരം ക്ലാസുകളിലേക്ക് അയക്കേണ്ടതില്ല. ആരെയും ഇത്തരം ക്ലാസ്സുകളിലും ഇത്തരം സ്‌കൂളുകളിലും ഹാജരാകാന്‍ നിര്‍ബന്ധിക്കില്ല.'' ആവേശകരമായ പൊതു പ്രഭാഷണങ്ങളില്‍, കരഘോഷങ്ങളുടെ അകമ്പടിയോടെ ഉര്‍ദുഗാന്‍ വിശദീകരിക്കുന്നു.
എന്താണ് 2012 ലെ ഈ പുതിയ വിദ്യാഭ്യാസ പദ്ധതിയെ ഇത്രയേറെ സംവാദാത്മകമാക്കിയത്? 1997-ല്‍ സൈനിക ഗവണ്‍മെന്റ് കൊണ്ടുവന്ന വിദ്യാഭ്യാസ പദ്ധതികളുടെ പരിഷ്‌കരണമാണ് എ.കെ. പാര്‍ട്ടി നടത്തിയിട്ടുള്ളത്. മതമൂല്യങ്ങളെ പടിക്ക് പുറത്ത് നിറുത്തുന്ന 8 വര്‍ഷത്തെ നിര്‍ബന്ധിത സെക്യുലര്‍ വിദ്യാഭ്യാസത്തെ, 12 വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസമായി പുതിയ ഗവണ്‍മെന്റ് വികസിപ്പിച്ചിരിക്കുന്നു. ഹൈസ്‌കൂളുകളായി മാത്രം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്ന ഇമാം-ഹാതിപ് സ്‌കൂളുകളും വൊക്കേഷണല്‍ സ്‌കൂളുകളും 4 വര്‍ഷത്തെ പ്രൈമറി പഠനം കഴിഞ്ഞാല്‍, മിഡില്‍ സ്‌കൂളുകള്‍ മുതല്‍ ആരംഭിക്കാന്‍ പുതിയ പദ്ധതിയില്‍ അവസരമൊരുക്കുന്നു. ഖുര്‍ആനും പ്രവാചകജീവിതവും എല്ലാ സ്‌കൂളുകളുടെയും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി 2012 ല്‍ തന്നെ എ.കെ പാര്‍ട്ടി നടപ്പില്‍ വരുത്തിയിട്ടുണ്ട്. തുര്‍ക്കി സ്‌കൂള്‍ വിദ്യാഭ്യാസത്തിന് മൂല്യവത്തായ മുഖം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നുവെന്നര്‍ത്ഥം.
എന്നും തുര്‍ക്കിയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയ ഇമാംഹാതിപ് സ്‌കൂളുകള്‍ എന്താണ്? ഇമാംഹാതിപ് സ്‌കൂളുകള്‍ക്ക് തുര്‍ക്കി നവജാഗരണത്തിലുള്ള പങ്കെന്ത്? പശ്ചാത്യ കലാലയങ്ങളിലെ ഓറിയന്റല്‍ മിഡില്‍ ഈസ്‌റ്റേണ്‍ പഠന കേന്ദ്രങ്ങള്‍ അതീവ താല്പര്യത്തോടെയാണ് തുര്‍ക്കിയിലെ ഈ വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഉറ്റുനോക്കുന്നത്.

ഇമാം-ഹാതിപ് സ്‌കൂളുകള്‍
'ഹാതിപ്' എന്ന പദം ഖത്വീബ് എന്ന പദത്തിന്റെ തുര്‍ക്കി രൂപമാണ്.സംശയിക്കേണ്ട, ഇവ ഇമാം-ഖത്വീബ് സ്‌കൂളുകള്‍ തന്നെ. തുര്‍ക്കിയിലെ വൊക്കേഷണല്‍ സ്ട്രീമില്‍പെട്ട സ്‌കൂളുകളാണ് ഇവ. സാധാരണ മറ്റ്് സ്്കൂളുകള്‍ പോലെ തന്നെ ആര്‍ട്്‌സും സയന്‍സുമടക്കം എല്ലാ വിഷയങ്ങളും പഠിക്കുന്ന, അതേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന, ഇവിടെ നിന്നും മത വിഷയങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്യാന്‍ അവസരം ലഭിക്കുന്നു. 40% മത വിഷയങ്ങളും അറബി ഭാഷയും 60% മറ്റു ആധുനിക വിഷയങ്ങളും ഉള്‍പ്പെടുത്തിയതാണ് കരിക്കുലം. ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള മതസ്ഥാപനങ്ങളില്‍ ഇമാമുമാരായും ഖത്വീബുമാരായും നിയമനം ലഭിക്കുന്നത് ഇത്തരം സ്‌കൂളുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ്. എന്നാല്‍, സര്‍ക്കാര്‍ മേഖലയിലെ മതസ്ഥാപനങ്ങളിലെ തൊഴിലിന് വേണ്ടിയുള്ള പഠനമെന്നതിനപ്പുറം കുട്ടികള്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കണമെന്ന് താല്‍പര്യമുള്ള രക്ഷിതാക്കള്‍ അതിനുള്ള മാര്‍ഗമായാണ് ഇമാംഹാതിപ് സ്‌കൂളുകളെ കണ്ടിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം മതബോധവും മൂല്യബോധവും ഉണ്ടാകണമെന്ന ആഗ്രഹത്തോടെയാണ് രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഈ സ്‌കൂളുകളില്‍ അയച്ചിരുന്നത്. മതപഠനത്തിനുള്ള മറ്റ് സാധ്യതകളൊക്കെ തന്ത്രങ്ങളും നിയമങ്ങളും സൈനിക ശക്തിയും കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമത്തിലായിരുന്നു മതേതരവാദികള്‍.
ഒരു തീവ്ര മതേതര രാജ്യമായിരുന്ന തുര്‍ക്കിയില്‍ ഏറ്റവുമധികം നിയന്ത്രണമുണ്ടായിരുന്നത് ഇസ്്‌ലാമിക വിദ്യാഭ്യാസത്തിനായിരുന്നു. ഇസ്്‌ലാമിക ചിഹ്നങ്ങളുടെ തമസ്‌ക്കരണത്തിന് നിയമങ്ങളെക്കാള്‍ അത്താതുര്‍ക്ക് പ്രഭൃതികളെ സഹായിച്ചിരുന്നത് വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളാണെന്ന് പറയാം. 1872-ല്‍ സുല്‍ത്താന്‍ സലിം മൂന്നാമന്റെ ആദ്യത്തെ സെക്യുലര്‍ മിലിറ്ററി സ്‌കൂള്‍ ആരംഭിച്ചതോടെയാണ് മതേതര വിദ്യാഭ്യാസം തുര്‍ക്കിയില്‍ ആരംഭിക്കുന്നത്. അതിന് മുന്‍പ് വൈജ്ഞാനികമായി മതപരം, മതേതരം എന്നൊരു വേര്‍തിരിവ് തുര്‍ക്കിക്ക് അന്യമായിരുന്നു. ഉഥ്മാനി ഭരണകൂടത്തിന്റെ പതനത്തോടെ നിലവില്‍ വന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കായ തുര്‍ക്കി, മതസ്ഥാപനങ്ങള്‍ക്ക് ശക്തമായ വിലക്കേര്‍പ്പെടുത്തി. അവയുടെ നടത്തിപ്പ് പൂര്‍ണമായും ഭരണാധികാരിക്ക് കീഴിലാക്കി. മതമേധാവികളുടെ അധികാരം വെട്ടിക്കുറച്ചു. സമുദായ നേതൃത്വത്തില്‍ നിന്ന് അവരെ ഒഴിവാക്കി. മതസ്ഥാപനത്തിന്റെ മേല്‍ നോട്ടത്തിന് ഇമാമുമാരെയും ഖത്വീബുമാരെയും സര്‍ക്കാര്‍ തന്നെ നേരിട്ട് നിയമിക്കാന്‍ തുടങ്ങി. മത വിദ്യാഭ്യാസത്തിന് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തി. മതസ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് നടന്നിരുന്ന മതപഠന ശാലകള്‍ അടച്ചു പൂട്ടി.
1920-കളില്‍, സര്‍ക്കാറിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ഇമാംഹാതിപ് സ്‌കൂളുകള്‍ ആരംഭിച്ചു. ഇസ്്‌ലാമിക വിജ്ഞാനീയം ആര്‍ജിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ കലാലയങ്ങളല്ലാതെ മറ്റൊരു മാര്‍ഗമുണ്ടായിരുന്നില്ല. അതിനാല്‍ ഇമാം-ഹാതിപ് സ്‌കൂളുകള്‍ തുര്‍ക്കിയിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ വളരെ ശ്രദ്ധാപൂര്‍വം പ്രയോജനപ്പെടുത്തുകയായിരുന്നു. തുര്‍ക്കിയിലിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റിലീജ്യസ് എഡ്യൂക്കേഷന്റെ കണക്കനുസരിച്ച് 358 ഇമാം-ഹാതിപ് സ്‌കൂളുകളുണ്ട്. ഇസ്്‌ലാമിക ചലനങ്ങളുടെ ഊര്‍ജ്ജസ്രോതസ്സായി ഇന്നു കണക്കാക്കുന്നത് ഈ കലാലയങ്ങളെയാണ്. 2002-ല്‍ തുര്‍ക്കിയില്‍ അധികാരത്തില്‍ വന്ന എ.കെ പാര്‍ട്ടിയുടെ പ്രധാന മന്ത്രി ഉര്‍ദുഗാന്‍ ഇമാംഹാതിപ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ധനതത്ത്വശാസ്ത്രത്തില്‍ തുടര്‍പഠനം നടത്തിയത്. എ.കെ.പാര്‍ട്ടിയുടെ മൂന്നിലൊന്ന് എം.പി.മാരും ഇമാംഹാതിപ് സ്‌കൂളുകളുടെ സംഭാവനയാണ്.
ഇമാം-ഹാതിപ് സ്‌കൂളുകള്‍ ഇസ്‌ലാമിക നവജാഗരണത്തിന് ഊര്‍ജം പകരുന്നുവെന്നത് സെക്യുലര്‍ അധികാരികളെയും മതേതരത്വത്തിന്റെ കാവല്‍ക്കാരനായ സൈന്യത്തെയുമൊക്കെ എന്നും വിറളി പിടിപ്പിച്ചിരുന്നു. അധികാരികള്‍ക്ക് കാവല്‍ നില്‍ക്കാന്‍ അവരുണ്ടാക്കിയ പദ്ധതി എന്നും അവര്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു.
ഈ സ്‌കൂളുകളില്‍ നിന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുര്‍ക്കി യൂനിവേഴ്‌സിറ്റികളില്‍ ഏത് ഫാക്കല്‍റ്റിയിലും ചേര്‍ന്നു പഠിക്കാമായിരുന്നു. ഇത്് മത വിജ്ഞാനമാര്‍ജിച്ച ഒരു തലമുറ തുര്‍ക്കിയിലെ സകല മേഖലകളിലും സജീവമാകാന്‍ കാരണമായി. മിലിറ്ററിയിലും സിവില്‍ സര്‍വീസിലും ഇമാംഹാതിപ് ഗ്രാജ്വേറ്റ്‌സുകള്‍ എത്തിപ്പെടാന്‍ തുടങ്ങിയതോടെ ശക്തമായ നിയന്ത്രണങ്ങള്‍ വന്നു തുടങ്ങി. 8 വര്‍ഷത്തെ നിര്‍ബന്ധിത സെക്യുലര്‍ വിദ്യാഭ്യാസത്തിന് ശേഷം ഇമാംഹാതിപ് സ്‌കൂളുകളില്‍ പ്രവേശനം മതിയെന്ന നിയമം അങ്ങനെയാണ് നിലവില്‍ വരുന്നത്. മാത്രമല്ല, ഇതൊരു വൊക്കേഷണല്‍ സ്ഥാപനമായതിനാല്‍ ഇത്് പൂര്‍ത്തിയാകുന്ന വിദ്യാര്‍ഥികള്‍ക്ക് 'ദീനിയാത്ത്' ഫാക്കല്‍റ്റിയില്‍ മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും വന്നു. ഉന്നത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന വിവിധ കോഴ്‌സുകള്‍ക്കായുള്ള പ്രവേശന പരീക്ഷയില്‍ ഇമാം-ഹാതിപ് ഗ്രാജ്വേറ്റ്‌സിനെ ഒഴിവാക്കാന്‍ ചില മാനദണ്ഡങ്ങള്‍ കൊണ്ടുവന്നു. നിയന്ത്രണങ്ങള്‍ക്ക് താല്‍ക്കാലിക നേട്ടമുണ്ടായി. ഇമാം ഹാതിപ് സ്‌കൂളുകളിലെ എന്റോള്‍മെന്റ് കുത്തനെ ഇടിഞ്ഞു.
അധികാരികളില്‍ നിന്ന് നിയന്ത്രണങ്ങളും തടസ്സങ്ങളും ക്രമാതീതമായി വര്‍ധിച്ചതോടെ, അലുംനി അസോസിയേഷന്‍ രംഗത്ത് വന്നു. സ്‌കൂളിലെ നല്ല വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത്, സ്‌കോളര്‍ഷിപ്പോടെ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഉപരിപഠനത്തിനയച്ചു. നിയമം, അന്താരാഷ്ട്ര നയതന്ത്രം, മെഡിസിന്‍, എഞ്ചിനീയറിംഗ് തുടങ്ങി വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ വിയന്ന, ജര്‍മനി, ബോസ്‌നിയ, റുമാനിയ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നു. വിയന്നയില്‍ ഏകദേശം എണ്ണൂറോളം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനെത്തി. ഇമാംഹാതിപ് കുടുംബം തങ്ങളുടെ കേവല നിയന്ത്രണങ്ങള്‍ക്കപ്പുറമാണെന്ന് അധികാരികള്‍ തിരിച്ചറിഞ്ഞു. നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ അവര്‍ പിടിമുറുക്കുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
ഉര്‍ദുഗാന്‍ ഗവണ്‍മെന്റ് ഘട്ടം ഘട്ടമായി ഈ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതില്‍ വിജയിച്ചു. ഇപ്പോള്‍ മിഡില്‍ക്ലാസ്സു മുതല്‍ (11 ാം വയസ്സില്‍) ഇമാംഹാതിപ് സ്‌കൂളില്‍ ചേരാനും പഠനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ യൂനിവേഴ്‌സിറ്റികളിലെ ഏത് ഫാക്കല്‍റ്റിയിലും തുടര്‍പഠനം നടത്താനും കഴിയുന്ന സാഹചര്യം പുനഃസ്ഥാപിക്കപ്പെട്ടു. 2002-'03 അക്കാദമിക വര്‍ഷത്തില്‍ 65000 ആയിരുന്ന എന്റോള്‍മെന്റ്, ഇപ്പോള്‍ 2,50,000 ആയി ഉയര്‍ന്നിരിക്കുന്നു.
ലോകത്തിന് വാതില്‍ തുറക്കുന്നു
ഇമാംഹാതിപ് സ്‌കൂളുകളില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് എന്റോള്‍ ചെയ്യാന്‍ ഇപ്പോള്‍ തുര്‍ക്കി അവസരമൊരുക്കിയിരിക്കുന്നു. ഡയറക്്ടറേറ്റ് ഓഫ് റിലീജ്യസ് എജുക്കേഷന്‍, ടര്‍ക്കിഷ് റിലീജ്യസ് ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്ന് 2007 സെപ്റ്റംബര്‍ 3 മുതല്‍ ആരംഭിച്ച പ്രോജക്്ടില്‍, പൂര്‍ണമായ സ്‌കോളര്‍ഷിപ്പോടെയാണ് വിദേശ വിദ്യാര്‍ഥികള്‍ക്ക് അഡ്്മിഷന്‍ നല്‍കുന്നത്. ഈ പദ്ധതി പ്രകാരം കെയ്‌സരിയിലെ മുസ്ത്വഫ ഗെര്‍മിരി അനദോലു ഇമാംഹാതിപ് സ്‌കൂളില്‍ 413 വിദ്യാര്‍ഥികളും ഇസ്്തംബൂളിലെ ഫെയ്ത്ത് സുല്‍ത്താന്‍ മുഹമ്മദ് അനദോലു ഇമാംഹാതിപ് സ്‌കൂളില്‍ 128 വിദ്യാര്‍ഥികളുമുണ്ട്. ഇന്തോനേഷ്യ, പാകിസ്താന്‍, സെനഗല്‍, മഡ്ഗാസ്‌ക്കര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ വിദ്യാര്‍ഥികള്‍. കൂടാതെ, കോന്‍യയില്‍ ആരംഭിക്കാന്‍ പോകുന്ന ഇന്റര്‍ നാഷ്‌നല്‍ ഇമാംഹാതിപ് സ്‌കൂള്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.
ഇമാംഹാതിപ് സ്‌കൂളിലെ പാഠ്യപദ്ധതിയും സമീപനങ്ങളും വിവിധ രാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. പാകിസ്തനിലെ ഇസ്‌ലാമിക് ഐഡിയോളജിക് കൗണ്‍സില്‍ പ്രതിനിധി സംഘം സെക്രട്ടറി മുഹമ്മദ് ഇല്യാസ്ഖാന്റെ നേതൃത്വത്തില്‍ ഇമാം ഹാതിപ് സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും ഇതേ രൂപത്തില്‍ പാകിസ്താനില്‍ നടപ്പിലാക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇല്യാസ് ഖാന്റെ അഭിപ്രായത്തില്‍ ഇമാം ഹാതിപ് സ്‌കൂളുകള്‍ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും വിഭാഗീയതകളില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നുണ്ട്. ഏത് മേഖലയിലേക്കും ഉന്നത പഠനത്തിന് അവസരമുണ്ടെന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്. അഫ്ഗാനിസ്താനില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഫാറൂഖ് വര്‍ദാക്ക് അങ്കാറയിലെ ഇമാം-ഹാതിപ് സ്‌കൂളുകള്‍ സന്ദര്‍ശിച്ച ശേഷം തന്റെ രാജ്യത്തിന് യോജിച്ച വിദ്യാഭ്യാസ രീതിയാണിതെന്ന് അഭിപ്രായപ്പെടുകയുണ്ടായി. റഷ്യയടക്കം വിവിധ രാജ്യത്തിലെ പ്രതിനിധി സംഘങ്ങള്‍ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയിട്ടുണ്ട്്.

ആത്മവിശ്വാത്തോടെ പുതിയൊരു തലമുറ
തുര്‍ക്കിയിലെ ജനത വളരെ പ്രതീക്ഷയിലാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ മെയ് മാസങ്ങളില്‍ തുര്‍ക്കി ഇമാം ഹാതിപ് അലുംനി ഫൗണ്ടേഷന്‍ നടത്തിയ സര്‍വേകള്‍ ഇമാം ഹാതിപ് സ്‌കൂളുകളെ കുറിച്ചും വിദ്യാര്‍ഥികളെ കുറിച്ചും തുര്‍ക്കി ജനത ഏറെ മതിപ്പ് പുലര്‍ത്തുന്നുവെന്ന് തെളിയിക്കുകയുണ്ടായി. ഇമാം ഹാതിപ് ഗ്രാജ്വേറ്റ്‌സുകള്‍ തുര്‍ക്കിയിലെ സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്തുത്യര്‍ഹമായ സേവനങ്ങളാണര്‍പ്പിക്കുന്നത്. ജീവിത ചിന്തയെ ഉണര്‍ത്തുന്ന തരത്തില്‍ ഷെല്‍ഫില്‍ അലങ്കരിച്ച ഖുര്‍ആന്‍ വചനങ്ങള്‍, കൈകളില്‍ ആധുനിക സാഹിത്യങ്ങള്‍, ഏത്് സന്ദര്‍ഭത്തെയും നേരിടാനുള്ള ആത്്മവിശ്വാസം, വിനയവും അച്ചടക്കവും സഹിഷ്്ണുതയും നിറഞ്ഞ പെരുമാറ്റം...... ഇമാം ഹാതിപ് സ്‌കൂളില്‍ വളരുന്ന തലമുറയെ നോക്കി, നമുക്കുറപ്പിക്കാം, തുര്‍ക്കി ഒരു മഹാവസന്തത്തിനായി തളിര്‍ക്കുകയാണെന്ന്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍