കുടുംബ ശൈഥില്യം സമുദായം ജാഗ്രത പുലര്‍ത്തണം - 2
വ്യത്യസ്ത വീക്ഷണക്കാരായ മുസ്‌ലിം സംഘടനകള്‍ക്ക് ഒരുമിച്ച് മുന്നോട്ടു പോകാനാകും എന്നതിന്റെ പ്രായോഗിക സന്ദേശം മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നല്‍കുന്നുണ്ട്. ഇത്തരം കൂട്ടായ്മകള്‍ക്ക് എത്രത്തോളം സാധ്യതകളുണ്ട്.
മുസ്‌ലിം ഐക്യത്തിന്റെ ആവശ്യകതയെയും പ്രായോഗിക സാധ്യതയെയും സംബന്ധിച്ച വ്യക്തമായ ദൃഷ്ടാന്തമാണ് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്. മുസ്‌ലിം ഐക്യം ആവശ്യമില്ല എന്നൊരു കാഴ്ചപ്പാട് ആദ്യകാലത്ത് ചിലര്‍ക്കുണ്ടായിരുന്നു. ഐക്യം ആവശ്യമാണെങ്കിലും സാധ്യമല്ല എന്നതായിരുന്നു ഇടക്കാലത്തുണ്ടായ സമീപനം. എന്നാല്‍, ഐക്യം ആവശ്യവും സാധ്യവുമാണ് എന്ന് പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രായോഗികമായി തെളിയിച്ചു. 1985 ശരീഅത്ത് വിവാദ കാലത്ത് രൂപപ്പെട്ട മുസ്‌ലിം ഐക്യത്തിന് മുമ്പിലാണ് രാഷ്ട്രീയക്കാരും ഇസ്‌ലാം വിമര്‍ശകരായ കപടബുദ്ധിജീവികളും പകച്ചുപോയത്.
എല്ലാ മുസ്‌ലിം വിഭാഗങ്ങളും സംഘടനകളും പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്ലാറ്റ്‌ഫോമിലുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടെ ആദര്‍ശ വിശ്വാസങ്ങളും ശൈലികളുമൊക്കെയുണ്ട്. അതെല്ലാം അനുവദിച്ചുകൊണ്ടുതന്നെയാണ് പേഴ്‌സണല്‍ ലോ ബോര്‍ഡ് അവരെ ഉള്‍ക്കൊണ്ടിട്ടുള്ളത്. 'നിങ്ങളുടേത് മാത്രമായ വീക്ഷണങ്ങള്‍ സ്വകാര്യവല്‍ക്കരിക്കണം, പൊതുസമ്മതമായ കാഴ്ചപ്പാടുകള്‍ മാത്രമേ ബോര്‍ഡില്‍ മുന്നോട്ടുവെക്കാവൂ' എന്നാണ് എല്ലാ സംഘടനകള്‍ക്കും ബോര്‍ഡ് നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശം. നികാഹ് നാമയുടെ വിഷയം ഉദാഹരണം. ബോര്‍ഡുമായി ബന്ധപ്പെട്ടുതന്നെ രണ്ട് നികാഹ് നാമകളുണ്ട്. ബീഹാറിലെ ഇമാറത്തെ ശറഇയ്യയുടെ നികാഹ് നാമയാണ് ഒന്നാമത്തേത്. ഹനഫി മദ്ഹബനുസരിച്ച് തയാറാക്കിയ പത്തു പേജുള്ളതായിരുന്നു അത്. എന്നാല്‍ ബോര്‍ഡിലെത്തിയപ്പോള്‍ അത് ഒരു പേജ് മാത്രമായിച്ചുരുങ്ങി. അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളെല്ലാം ഒഴിവാക്കി, എല്ലാവര്‍ക്കും യോജിപ്പുള്ള കാര്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഇങ്ങനെ, എല്ലാവര്‍ക്കും ചേര്‍ന്നിരിക്കാവുന്ന പൊതുവേദികള്‍ ഉണ്ടാകണം. സ്വന്തം ആശയാദര്‍ശങ്ങള്‍ ബലി കഴിക്കാതെ തന്നെ നമുക്ക് ഒരുമിച്ച് നീങ്ങാനാകും. മൗലാനാ കല്‍ബെ സാദിഖ്, മൗലാനാ കല്‍ബെ ജവാദ് തുടങ്ങിയ ശിയാ നേതാക്കളും, ബോറാ വിഭാഗം പ്രതിനിധികളും പേഴ്‌സണല്‍ ലോ ബോര്‍ഡിലുണ്ട്. ഇവരോടൊപ്പമാണ്, സലഫികളിലെ രണ്ടുവിഭാഗങ്ങളും ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നത്. ശിയാ-സുന്നി ധാരകള്‍ക്ക് ഒരുമിച്ചു നില്‍ക്കാമെങ്കില്‍ അഹ്‌ലുസുന്നത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് എന്തുകൊണ്ട് പൊതുഅജണ്ടയുടെ പിന്‍ബലത്തില്‍ ഒന്നിച്ചുകൂടാ.
ശരീഅത്തിനെ സംബന്ധിച്ച് ഒരു ഗ്രന്ഥം ബോര്‍ഡ് തയാറാക്കുന്നതും എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ്. അഭിപ്രായ ഭിന്നതകള്‍ പരമാവധി കുറച്ചുകൊണ്ടുവരുന്ന രീതിയാണ് ആ കൃതിയില്‍ സ്വീകരിച്ചിട്ടുള്ളത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കാലം മുതല്‍ നടപ്പിലാക്കിവരുന്ന മുഹമ്മദന്‍ ലോയില്‍ പല അപാകതകളുമുണ്ട്. അത് പരിഹരിക്കാന്‍ കഴിയുംവിധമാണ്. 'ഇസ്‌ലാമിക ശരീഅത്ത്' എന്ന ഗ്രന്ഥം ബോര്‍ഡ് തയാറാക്കുന്നത്. ഇതിന്റെ ഉര്‍ദു കരട് പൂര്‍ത്തിയായിക്കഴിഞ്ഞു. വിശദീകരണസഹിതം ഇംഗ്ലീഷ് വേര്‍ഷന്‍ തയാറാക്കുന്നത് ജസ്റ്റിസ് ഖാദിരിയാണ്. അതും ഏതാണ്ട് പൂര്‍ത്തിയായി വരുന്നു. ശരീഅത്ത് നിയമങ്ങള്‍ പൊതുവായി വിശദീകരിച്ചശേഷം, വിവിധ മദ്ഹബുകളിലെ അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളും അതില്‍ സൂചിപ്പിച്ചിട്ടുണ്ട്. അഭിപ്രായ വ്യത്യാസം പരമാവധി കുറച്ചു മാത്രമേ എഴുതാവൂ എന്ന് ഓരോ വിഭാഗത്തോടും ആവശ്യപ്പെടുകയുണ്ടായി. കഴിവിന്റെ പരമാവധി അഭിപ്രായ വ്യത്യാസങ്ങള്‍ കുറക്കണം. മൂല വാചകങ്ങളോട് യോജിക്കുന്നതും വിയോജിക്കുന്നതുമായ അഭിപ്രായങ്ങള്‍ മദ്ഹബിലുണ്ടെങ്കില്‍ യോജിക്കുന്നതു മാത്രം എടുക്കുക..... ഇതൊക്കെയാണ് നല്‍കിയ നിര്‍ദേശങ്ങള്‍. ഇങ്ങനെ പരമാവധി യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്താന്‍ നാം പരിശ്രമിക്കണം. കേരളത്തിലേതുപോലെ വിയോജിപ്പുകള്‍ പരതി നടക്കുന്ന ശീലം മത സംഘടനകള്‍ ഉപേക്ഷിക്കണം.
ഇസ്‌ലാമിക ശരീഅത്തിനെ സമൂഹം വലിയ അളവില്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ബഹുഭാര്യാത്വം, വിവാഹമോചനം, കൈവെട്ടലും കല്ലെറിഞ്ഞു കൊല്ലലും ഉള്‍പ്പെടെ ചില ശിക്ഷകള്‍... ഇതൊക്കെയാണ് ശരീഅത്തെന്ന് ജനം വിചാരിക്കുന്നു. മുസ്‌ലിം സമൂഹത്തിന്റെ ചില നിലപാടുകളും ഇതിന് കാരണമായിട്ടുണ്ട്. എന്നാല്‍, ദാരിദ്ര്യ നിര്‍മാര്‍ജനം ഉള്‍പ്പെടെ നമ്മുടെ നാട്ടില്‍ പ്രസക്തമായ സാമൂഹികോന്മുഖമായ വശങ്ങള്‍ ശരീഅത്തിന് ഉണ്ട്. ശരീഅത്തിന്റെ ഇത്തരം മുഖങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ബോര്‍ഡിന് പദ്ധതികളുണ്ടോ?
വളരെ ശരിയാണിത്, നാം ഗൗരവത്തിലെടുക്കേണ്ട വിഷയവുമാണ്. രണ്ടു വശങ്ങളാണ് ചോദ്യത്തിലുള്ളത്. ഒന്ന്, ഇസ്‌ലാമിക ശരീഅത്തിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന തെറ്റിദ്ധാരണ. തഫ്ഹീമെ ശരീഅത്ത് (ശരീഅത്തിനെ മനസ്സിലാക്കുക) എന്ന പേരില്‍ അത് നീക്കാനുള്ള പരിശ്രമങ്ങള്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും ഫലപ്രദമായ സ്വഭാവത്തിലും വ്യാപകമായ സംവിധാനങ്ങളോടെയും അതിനിയും നടക്കേണ്ടതുണ്ട്. ബോര്‍ഡിന് ഒറ്റക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമല്ല ഇത്. ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെ മുസ്‌ലിം സംഘടനകള്‍ എല്ലാവരും ചേര്‍ന്നുകൊണ്ട് ശരീഅത്തിന്റെ യഥാര്‍ഥ ചിത്രം ജനങ്ങളുടെ മുമ്പിലെത്തിക്കാനുള്ള ഒരു കര്‍മപദ്ധതിയും പ്രചാരണപരിപാടിയും ആവിഷ്‌കരിക്കേണ്ടതുണ്ട്. മഹല്ലടിസ്ഥാനത്തിലും ഇതിനുള്ള പദ്ധതികള്‍ ഉണ്ടാകണം.
രണ്ടാമത്, ശരീഅത്തിനെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നതില്‍ മുസ്‌ലിംകളുടെ ജീവിതവും പങ്കുവഹിക്കുന്നുണ്ട്; വിശേഷിച്ചും കുടുംബജീവിതത്തില്‍. വിവാഹത്തോടുള്ള സമുദായാംഗങ്ങളില്‍ ചിലരുടെ സമീപനം, ഇഷ്ടംപോലെ കെട്ടാനും മൊഴിചൊല്ലാനും അനുവാദമുള്ള മതമാണ് ഇസ്‌ലാം എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ട്. മാധ്യമങ്ങളാകട്ടെ അത്തരം വാര്‍ത്തകള്‍ക്ക് അവരുടെ അജണ്ടയനുസരിച്ച് വലിയ പ്രചാരം നല്‍കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ശരീഅത്ത് പഠിച്ച് പകര്‍ത്താത്തത് മുസ്‌ലിംകളുടെ കുറ്റമാണ്. അത് തിരുത്താനുളള ശ്രമങ്ങള്‍ ആരുടെതായാലും സ്വാഗതാര്‍ഹമാണ്. പക്ഷെ, അതിന്റെ പേരില്‍ ശരീഅത്തിനെ കുറ്റപ്പെടുത്തുകയോ, ഭേദഗതി ആവശ്യപ്പെടുകയോ ചെയ്യുന്നത് അക്രമമാണ്.
യഥാര്‍ഥത്തില്‍ വിവാഹം, വിവാഹമോചനം, ബഹുഭാര്യാത്വം എന്നീ വിഷയങ്ങളില്‍ ഇസ്‌ലാമിക നിയമവും സംസ്‌കാരവും ഏറെ ഉദാത്തമായ മൂല്യങ്ങളാണല്ലോ മുന്നോട്ടു വെക്കുന്നത്?
മൂന്ന് അധ്യായങ്ങളിലായാണ് വിവാഹത്തെ കുറിച്ച് ശരീഅത്ത് ചര്‍ച്ച ചെയ്യുന്നത്. ഒന്ന്, വിവാഹത്തിന് മുമ്പ് പരിഗണിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ട കാര്യങ്ങള്‍. രണ്ട്, വിവാഹ വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഇവ രണ്ടും ചെറിയ അധ്യായങ്ങളാണ്. മൂന്നാമത്തേത്, വിവാഹത്തിന് ശേഷം സൂക്ഷിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട കാര്യങ്ങളാണ്.
വൈവാഹിക ജിവിതം വലിയൊരു വിഷയമാണ്. വിശുദ്ധ ഖുര്‍ആനില്‍ നമസ്‌കാരം, സകാത്ത്, നോമ്പ് തുടങ്ങിയ വിഷയങ്ങളെക്കാള്‍ വിശദമായി വിവാഹജീവിതം ചര്‍ച്ച ചെയ്തിട്ടുണ്ട്. രണ്ടാം അധ്യായമായ സൂറത്തുല്‍ ബഖറഃയില്‍ അഞ്ച് പേജുകളിലായാണ് വൈവാഹിക ജീവിതം വിശകലനം ചെയ്തിട്ടുള്ളത്. സൂറത്തുന്നിസാഇല്‍ ആദ്യാവസാനം വൈവാഹികജീവിതം കൈകാര്യം ചെയ്തിരിക്കുന്നു. ഇതിലെ ചില വചനങ്ങള്‍ വളരെ ഗൗരവം നിറഞ്ഞതാണ്. നബിചര്യയിലാകട്ടെ ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ നിര്‍ദേശങ്ങളും മാതൃകകളും കാണാം. പക്ഷേ, അതൊന്നും വേണ്ടത്ര ഗൗരവത്തിലെടുക്കാന്‍ മുസ്‌ലിം സമുദായം തയാറായിട്ടില്ല. വിവാഹവുമായി ബന്ധപ്പെട്ട്, വേണ്ടതും വേണ്ടാത്തതുമായ പലതും നാം ചെയ്യുന്നു. എന്നാല്‍ വധൂ-വരന്മാരാകാന്‍ ഒരുങ്ങുന്ന സ്ത്രീ-പുരുഷന്മാര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങളും ജീവിത പാഠങ്ങളും പകര്‍ന്നുകൊടുക്കാന്‍ ആരും തുനിയുന്നില്ല. തങ്ങള്‍ പ്രവേശിക്കാനൊരുങ്ങുന്ന ദാമ്പത്യ ജീവിതത്തെക്കുറിച്ച് വരനെയും വധുവിനെയും പഠിപ്പിക്കേണ്ട കാര്യങ്ങള്‍ രണ്ട് കുടുംബങ്ങളും ചര്‍ച്ച ചെയ്യാറില്ല. അന്നിസാഅ്, അന്നൂര്‍, അല്‍മാഇദ തുടങ്ങിയ സൂറത്തുകളെങ്കിലും വധൂവരന്മാരെ പഠിപ്പിക്കേണ്ടതാണ്. ഉമര്‍(റ) ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ശരിയായ ദീനീബോധം സൃഷ്ടിച്ച ശേഷമാണ് ദാമ്പത്യ ജീവിതത്തിലേക്ക് വധൂ-വരന്മാര്‍ പ്രവേശിക്കുന്നതെങ്കില്‍, ഇന്ന് കുടുംബജീവിതത്തില്‍ കാണപ്പെടുന്ന മിക്ക പ്രശ്‌നങ്ങളും പരിഹരിക്കാനാകും.
വൈവാഹിക ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണ്?
വൈവാഹിക ജീവിതം സമ്പന്നമാക്കാന്‍ നാലു കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഒന്ന്, അല്ലാഹുവെ അറിഞ്ഞ് അവനെ സൂക്ഷിച്ച് ജീവിക്കണം. രണ്ട്, മുഴുവന്‍ സൃഷ്ടികളെയും മനസ്സിലാക്കി അവരോട് കാരുണ്യത്തോടെ വര്‍ത്തിക്കണം. മൂന്ന്, വിവാഹത്തിലൂടെ ഉണ്ടാകുന്ന പുതിയ ബന്ധത്തെ ആദരിക്കുകയും സൂക്ഷിക്കുകയും വേണം. നാല്, പഴയ ബന്ധങ്ങള്‍ അവഗണിക്കുകയോ മറക്കുകയോ ചെയ്യരുത്, അതും പഴയപോലെ നിലനിര്‍ത്തണം. സൂറത്തുന്നിസാഇലെ ഒന്നാമത്തെ ആയത്തിന്റെ സാരാംശമാണിത്. കുടുംബ ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങളുടെ രത്‌ന ചുരുക്കം ഇതാണ്: സന്തുലിതത്വം നഷ്ടപ്പെടുത്താതെ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കണം. അല്ലാഹുവെ ഏറ്റവുമധികം ആരാധിച്ച വ്യക്തിയായിരുന്നു നബ(സ). എന്നാല്‍, മനുഷ്യരുമായി നബിയെപ്പോലെ ബന്ധപ്പെടുകയും അവരുടെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്ത ഒരു നേതാവുമില്ല. ഏറ്റവും വലിയ പ്രബോധകനാണ് നബി(സ), വൈവാഹിക ജീവിതത്തില്‍ ഏറെ വിജയിച്ച വ്യക്തിയും അദ്ദേഹം തന്നെ. ഈ സന്തുലിതത്വം നമുക്കും പാലിക്കാന്‍ കഴിയണം. എങ്കില്‍ മനോഹരമായ ദാമ്പത്യജീവിതം നമുക്കും സാധിക്കും.
പ്രവാചകന്റെ വൈവാഹിക ജീവിതത്തിലും ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അതെല്ലാം തന്മയത്വത്തോടെ പരിഹരിച്ച് മുന്നോട്ടുപോവുകയാണ് നബി(സ) ചെയ്തത്. മൂന്ന് വിധം ദമ്പതികളുണ്ടാകും. ഒന്ന്, ഞങ്ങളുടെ വൈവാഹിക ജീവിതത്തില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്ന് പറയുന്നവര്‍. അവര്‍ പറയുന്നത് സത്യമായിരിക്കാം. പക്ഷേ, ശരീഅത്തിന്റെ കാഴ്ചപ്പാടില്‍ രണ്ടുപേരും ബുദ്ധികുറഞ്ഞവരാണ്. ഇത് പരിഹസിക്കാന്‍ വേണ്ടി പറയുന്നതല്ല. രണ്ട്, വൈവാഹിക ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ഊതിവീര്‍പ്പിച്ച് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നവര്‍. ഇവര്‍ ഭ്രാന്തന്മാരാണ്. ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, വലുതാക്കി, ത്വലാഖിലെത്തിച്ച് കേസും വഴക്കുമായി നടക്കുന്നത് ഭ്രാന്തു തന്നെയാണ്. വിവാഹം മോചനങ്ങള്‍ കുടുംബത്തിലും മക്കളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. മൂന്നാമത്തേത് നബി(സ)യുടെ മാര്‍ഗമാണ്. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ അതെല്ലാം സമാധാനത്തോടെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും പിന്നീട് പൂര്‍വോപരി ശക്തമായ സ്‌നേഹബന്ധം നിലനിര്‍ത്തുകയും ചെയ്യണം; അതിനുവേണ്ടി വിട്ടുവീഴ്ച ചെയ്യണം.
പക്ഷേ, പലരുടെയും ദാമ്പത്യജീവിതം പ്രശ്‌നങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്?
വൈവാഹിക ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. സ്ത്രീയും പുരുഷനും മനുഷ്യരാണ്, പല ദൗര്‍ബല്യങ്ങളുമുള്ള മനുഷ്യര്‍. എന്നാല്‍ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അത് പരിഹരിക്കേണ്ടത് ഒന്നാമതായി ഭാര്യാഭര്‍ത്താക്കന്മാര്‍ തന്നെയാണ്. പുറത്തേക്ക് പറയാതെ ഒരു മുറിക്കകത്ത് അവര്‍ തന്നെ പരിഹാരം കാണണം. അതിന് മനസ് തുറന്ന് ചര്‍ച്ച ചെയ്യണം. അത് സാധിക്കാതെ വരുമ്പോള്‍ കുടുംബത്തിലെ ഏറ്റവും അടുത്തവര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. മിക്കവാറും പ്രശ്‌നങ്ങള്‍ ഇതോടെ അവസാനിക്കേണ്ടതാണ്. അവിടെയും കാര്യങ്ങള്‍ നില്‍ക്കുന്നില്ലെങ്കില്‍, മഹല്ല് നേതൃത്വത്തെ സമീപിക്കണം. സമുദായ സംസ്‌കരണവും പ്രശ്‌നപരിഹാരവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു 'ഇസ്വ്‌ലാഹെ മുആശറ' വേദി എല്ലാ മഹല്ലുകളിലും രൂപീകരിക്കണം. മതപണ്ഡിതര്‍, ഉന്നതവിദ്യാഭ്യാസം നേടിയവര്‍, മഹല്ല് നേതാക്കള്‍ തുടങ്ങിയവര്‍ അതില്‍ അംഗങ്ങളാകണം.
പ്രശ്‌നങ്ങള്‍ ഉണ്ടായ ശേഷം പരിഹാരം കാണുകയല്ല ഈ വിഷയത്തില്‍ നാം ചെയ്യേണ്ടത്. പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്തവിധം ഒരു അവബോധം ദമ്പതികളില്‍ ഉണ്ടാക്കിയെടുക്കണം. അതിന് ഒന്നാമതായി നമ്മുടെ മഹല്ലുകളില്‍ ഉണ്ടാക്കേണ്ടത് പ്രീമാരേജ് കൗണ്‍സലിംഗ് സംവിധാനങ്ങളാണ്. ഇത് ഇസ്‌ലാമിക ശരീഅത്തിന്റെ സംഭാവനയാണ്. വിവാഹം കഴിക്കാന്‍ പോകുന്നവരോട്, 'എന്ത് ഒരുക്കം നടത്തിയിട്ടാണ് കല്യാണം കഴിക്കുന്നത്' എന്ന് നബി ചോദിക്കാറുണ്ടായിരുന്നു. നാമതിനെക്കുറിച്ച് മനസ്സിലാക്കിയത്, കൈയില്‍ കാശുണ്ടോ എന്ന കാര്യമാണ്. യഥാര്‍ഥത്തില്‍ വിജ്ഞാനവും ദീനീബോധവും പക്വതയുമൊക്കെയാണ് വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്കുണ്ടാകേണ്ട ഏറ്റവും വലിയ മൂലധനം. 'വിവാഹത്തിന് സന്നദ്ധയാണോ' എന്ന് പെണ്‍കുട്ടിയോട് നബി ചോദിക്കാറുണ്ടായിരുന്നു. പെണ്ണ് അറിയാതെ, അവളുടെ സമ്മതമില്ലാതെ അവളെ വിവാഹം ചെയ്തയക്കുന്നത് ഇസ്‌ലാം പഠിപ്പിച്ചതിന് എതിരാണ്. സ്ത്രീയെയും പുരുഷനെയും വിവാഹത്തിന് പാകമാക്കി, വിവാഹത്തിലൂടെ പൂര്‍ണരാക്കുകയാണ് ഇസ്‌ലാമിക ശരീഅത്ത് ചെയ്യുന്നത്. അതിനുശേഷം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കാന്‍ വ്യവസ്ഥാപിത സംവിധാനങ്ങള്‍ ഉണ്ടാവുകയും വേണം. പ്രാദേശിക തലങ്ങളില്‍ മഹല്ലു ജമാഅത്തുകളുമായി ബന്ധപ്പെട്ടു മാത്രമല്ല, ജില്ല-സംസ്ഥാന തലങ്ങളില്‍ സംഘടനകള്‍ക്കു കീഴിലും അതുണ്ടാകണം. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഈ വിഷയത്തില്‍ നല്ല മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അത് പ്രാവര്‍ത്തികമാക്കാന്‍ സമുദായം തയാറാകണം. മസ്വ്‌ലഹത്തു കമ്മിറ്റികള്‍, ദാറുല്‍ ഖദാ പോലുള്ളവ രൂപീകരിക്കണം. രണ്ടാമതായി, നമ്മുടെ പ്രഭാഷണ പരിപാടികളില്‍ വൈവാഹിക ജീവിതം പ്രധാന വിഷയമാകണം. അതില്‍ അമുസ്‌ലിംകളെയും പങ്കെടുപ്പിക്കണം. അവരോടും കാര്യങ്ങള്‍ പറയണം. നമ്മുടെ മാധ്യമങ്ങളില്‍ പോലും ഇന്നത്തെ പ്രധാന വിവരണം തല്ലിപ്പിരിഞ്ഞ വിവാഹങ്ങളെ കുറിച്ചാണ്. സമ്പത്തും സൗകര്യങ്ങളൊന്നുമില്ലാതെയും രോഗങ്ങളിലും പ്രയാസങ്ങളിലും അകപ്പെട്ടിട്ടും മധുരമനോഹരങ്ങളായ ദാമ്പത്യജീവിതം നയിക്കുന്ന ഒട്ടേറെ പേരുണ്ട്. ഇവ കൂടുതലായി പ്രചരിപ്പിക്കണം.
ഇന്നു പക്ഷേ, കാര്യങ്ങള്‍ ഇങ്ങനെയൊന്നുമല്ല മുന്നോട്ട് പോകുന്നത്. വിവാഹ മോചനങ്ങള്‍ വളരെയേറെ വര്‍ധിച്ചുവരുന്നതായാണ് അനുഭവം. വിശേഷിച്ചും അഭ്യസ്തവിദ്യരായ പുതിയ തലമുറയില്‍...
പെരുകിവരുന്ന വിവാഹമോചനങ്ങള്‍ വളരെ വേദനാജനകമാണ്. സമുദായത്തിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ വലിയ വീഴ്ചയുണ്ട്. രണ്ട് കാര്യത്തില്‍ സമുദായത്തിന് വേഗത കൂടുതലാണ്. ഒന്ന്, വിവാഹം കഴിപ്പിക്കുന്നതില്‍. രണ്ട്, വിവാഹം തല്ലിപ്പൊളിക്കുന്നതില്‍. ആരെങ്കിലും എവിടെ നിന്നെങ്കിലും വന്ന് എനിക്ക് പെണ്ണ് കെട്ടണമെന്ന് പറഞ്ഞാല്‍ അയാളെ വിവാഹം കഴിപ്പിക്കല്‍ ഒരു ജിഹാദായാണ് സമുദായം കാണുന്നത്. ഈ സമീപനം ശരിയല്ല. മയ്യിത്ത് പെട്ടെന്ന് ഖബ്‌റടക്കണം എന്നപോലെ, ആളുകള്‍ തയാറായാല്‍ വേഗത്തില്‍ വിവാഹം കഴിപ്പിക്കണം എന്ന ആശയമുള്ള ഒരു ഹദീസ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വിവാഹത്തിനുള്ള ക്രമീകരണം എന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. ഒരാള്‍ വന്ന് എനിക്ക് വിവാഹം കഴിക്കണം എന്നുപറഞ്ഞാല്‍ ഉടന്‍ അതിനു സമ്മതം മൂളുന്ന മഹല്ല് നേതാക്കളുണ്ട്. ഞാന്‍ ഇന്ന നാട്ടുകാരനാണ്, എനിക്ക് ഇത്ര പണമുണ്ട്, വിവാഹം കഴിക്കണം എന്നുപറഞ്ഞാല്‍ പെണ്ണിനെ പിടിച്ച് കൈയില്‍ കൊടുക്കുന്ന രീതി നിര്‍ത്തണം. മഹല്ല് നേതൃത്വങ്ങള്‍ ഈ വിഷയത്തില്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ശരീഅത്ത് പരദൂഷണം അനുവദിച്ചിട്ടുള്ള വിഷയമാണിത്. വിവാഹത്തിന് മുമ്പ് ന്യൂനതകള്‍ പരസ്പരം പറയണം. നമുക്ക് എത്ര സ്‌നേഹമുള്ളവരാണെങ്കിലും വിവാഹാന്വേഷണ വേളയില്‍ അവരുടെ ദൂഷ്യങ്ങള്‍ പറയണം. നമുക്ക് എത്ര വെറുപ്പുള്ളവരാണെങ്കിലും, അവരുടെ നന്മകളും എടുത്തുപറയണം. ഗുണവും ദോഷവും പരസ്പരം അറിയിക്കണം. പലതും മൂടിവെച്ച് വിവാഹം നടത്തിയാല്‍ പലപ്പോഴും തല്ലിപ്പിരിയുന്ന അവസ്ഥയുണ്ടാകും. അതേസമയം, വിവാഹത്തിന് ശേഷം ന്യൂനതകള്‍ മറച്ചുവെക്കണം. അത് പാടിപ്പറഞ്ഞ് നടക്കരുത്. ഇത് ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട ഒരു കാഴ്ചപ്പാടാണ്. പക്ഷേ, നമ്മുടെ സമുദായത്തില്‍ നടക്കുന്നത് ഇതിന് വിരുദ്ധമായ കാര്യങ്ങളാണ്. കല്യാണത്തിന് മുമ്പ് എല്ലാവരെയും മഹാന്‍മാരായി വാഴ്ത്തുന്നു. കല്യാണത്തിന് ശേഷം ചെറിയ പ്രശ്‌നങ്ങള്‍ വല്ലതും ഉണ്ടായാല്‍ എല്ലാവരും മോശപ്പെട്ടവര്‍. വിവാഹത്തിനു മുമ്പ് എല്ലാ ന്യൂനതകളും മറച്ചു വെക്കുന്നു. ശേഷം ഉളളതും ഇല്ലാത്തതുമായ ന്യൂനതകള്‍ പ്രചരിപ്പിക്കുന്നു. ഇതൊക്കെ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് നിരക്കാത്തതാണ്.
വിവാഹമോചനത്തിലും നമുക്ക് വേഗത കൂടുതലാണ്. ചെറിയൊരു തര്‍ക്കമുണ്ടാകുമ്പോഴേക്കും ചര്‍ച്ച വിവാഹ മോചനത്തിലെത്തുന്നു. കുടുംബ ജീവിത്തിലെ ഇസ്‌ലാമിക മര്യാദകള്‍ ഒന്നും അറിയാത്ത യുവാവിന്‌പോലും ത്വലാഖിന്റെ മസ്അല അറിയാം. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ തോക്കെടുത്ത്, ഭാര്യയുടെ നെഞ്ചിലേക്ക് ത്വലാഖിന്റെ വെടിയുണ്ടകള്‍ ഉതിര്‍ക്കുുകയാണ്. ഒരു ത്വലാഖല്ല, പല ത്വലാഖുകളാണ് പലരും ആദ്യ ഘട്ടത്തില്‍ തന്നെ ചൊല്ലുന്നത്. അതുപോലെ ചിലപെണ്‍കുട്ടികള്‍, നിസാര പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ പിണങ്ങിപ്പോകുന്നു. ഭര്‍ത്താവുമായി ചെറിയ പിണക്കമുണ്ടായാല്‍ ആദ്യം തന്നെ വാപ്പക്ക് ഫോണ്‍ ചെയ്യണമെന്നാണ് അവര്‍ക്കറിയാവുന്നത്. വാപ്പമാരാകട്ടെ, ഉടന്‍ വന്ന് മകളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഇങ്ങനെയൊന്നുമല്ല ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. ഒരു കച്ചവടം തുടങ്ങിയാല്‍ അതില്‍ ഇടക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് ആരും കട തല്ലിപ്പൊളിക്കാറില്ല. അത് പരിഹരിച്ച് കച്ചവടം ലാഭകരമായി മുന്നോട്ടുകൊണ്ടു പോകാന്‍ പരിശ്രമിക്കും. കൂടിയാലോചിച്ചും, ആളുകളോട് സഹായം ചോദിച്ചും ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ചും കച്ചവടം വളര്‍ത്താന്‍ ശ്രമിക്കും. ഇതുപോലെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
കച്ചവടം നടത്തി പൊളിഞ്ഞവര്‍ വലിയ നഷ്ടബോധത്തോടെയും ചിലപ്പോള്‍ ലജ്ജയോടെയുമാണ് ജീവിക്കുന്നത്. എന്നാല്‍, ചെറിയ പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് വിവാഹമോചനം നടത്തിയവര്‍ മാന്യന്മാരായി അഭിമാനത്തോടെയാണ് നടക്കുന്നത്. എന്തോ വലിയ കര്‍ത്തവ്യം നിര്‍വഹിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് അവര്‍ അടുത്ത വിവാഹം ആലോചിക്കുന്നത്. എത്രമാത്രം ലജ്ജാകരമാണിത്. യഥാര്‍ഥത്തില്‍ വിവാഹബന്ധം മുറിഞ്ഞാല്‍, വല്ലാതെ വേദനിച്ചു കഴിയേണ്ടതാണ്. അതില്‍ അസ്വസ്ഥതയുണ്ടാകണം. മഹാനായ പ്രവാചകന്‍ വളരെ കാരുണ്യത്തോടെ സംസാരിക്കുന്ന വ്യക്തിയാണ്. എന്നാല്‍, വിവാഹമോചനത്തിന്റെ വിഷയത്തില്‍ നബിയുടെ വാക്കുകള്‍ വളരെ കടുത്തതാണ്. 'അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള അനുവദനീയ കാര്യം ത്വലാഖാണ്' എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. 'ആരെങ്കിലും ഒരു പെണ്ണിനെ ഭര്‍ത്താവില്‍നിന്നും അകറ്റിയാല്‍ അവന്‍ നമ്മില്‍ പെട്ടവനല്ല' എന്നും നബി പറഞ്ഞിട്ടുണ്ട്. അതായത് അത്തരം തിന്മ ചെയ്തവന്‍ ആത്മാര്‍ഥമായി തൗബ ചെയ്തില്ലെങ്കില്‍ മുസ്‌ലിമായി മരിക്കാന്‍ പറ്റില്ല എന്നാണ് നബി(സ) പഠിപ്പിക്കുന്നത്. ഇന്ന് പലരും ജിഹാദിന്റെ ആയത്ത് ഓതിയിട്ടാണ് ഭാര്യാഭര്‍ത്താക്കന്മാരെ അകറ്റിക്കൊണ്ടിരിക്കുന്നത്.
കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ സമുദായ നേതൃത്വം വേണ്ടത്ര പക്വതയും കാര്യക്ഷമതയും കാണിക്കുന്നില്ല എന്നതാണ് അനുഭവം?
നമ്മുടെ മഹല്ല ്-സംഘടന- പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ രണ്ടു വിഭാഗം ആളുകളാണുളളത്. ഒന്ന്, പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുളളവര്‍. ഇവരില്‍ പലരും കൈകാര്യം ചെയ്യുന്നില്ലെന്നു മാത്രം! രണ്ട്, നേതൃത്വപീഠത്തില്‍ ഇരിക്കുന്നു എന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ അറിവോ കഴിവോ ഇല്ലാത്തവര്‍. ഇവര്‍ നേതൃത്വപീഠത്തില്‍ തന്നെ ഇരിക്കട്ടെ. പക്ഷെ, കാര്യങ്ങള്‍ ചെയ്യാന്‍ അര്‍ഹതയുളളവരെ ഏല്‍പിക്കേണ്ടതാണ്. ഒരു മഹല്ലില്‍ വിവാഹ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ എന്നെ ക്ഷണിച്ചു. 'ഉസ്താദ് എങ്ങനെയെങ്കിലും ഈ ബന്ധം അവസാനിപ്പിച്ച് ത്വലാഖ് നടത്തിത്തന്നാല്‍ മതി' എന്നാണ് പ്രസിഡന്റ് എന്നോട് ആദ്യമേ പറഞ്ഞത്. 'ത്വലാഖ് ചെയ്യിക്കാനാണെങ്കില്‍ നിങ്ങള്‍ തന്നെ മതി, രണ്ടുപേരെയും യോജിപ്പിക്കാനാണെങ്കിലേ ഞാന്‍ പരിശ്രമിക്കൂ' എന്ന് ഞാന്‍ പറഞ്ഞു. ഇതാണ് പല മഹല്ല് നേതാക്കളുടെയും അവസ്ഥ. യഥാര്‍ഥത്തില്‍ ഇന്ന് മുസ്‌ലിം സമൂഹം വളരെ അനുഗൃഹീതമാണ്. വിദ്യാസമ്പന്നരായ, കഴിവും പ്രാപ്തിയുമുള്ള ഉയര്‍ന്ന വ്യക്തിത്വങ്ങള്‍ ഓരോ പ്രദേശത്തും സമുദായത്തില്‍ ധാരാളമുണ്ട്. പാണ്ഡിത്യവും മനഃശാസ്ത്രജ്ഞാനവും തന്ത്രജ്ഞതയും നേതൃശേഷിയുമുള്ളവരാണവര്‍. അത്തരം ആളുകളെ ഉള്‍പ്പെടുത്തി പ്രശ്‌നപരിഹാര വേദികള്‍ രൂപീകരിക്കണം. അവര്‍ക്ക് വേണമെങ്കില്‍ ശമ്പളവും നിശ്ചയിക്കണം. കാരണം, അവരിതിന് വേണ്ടി സമയവും അധ്വാനവും ചെലവഴിക്കുന്നുണ്ട്.
സയ്യിദ ഉസ്മാ നാഹിദ് തയാറാക്കുകയും പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗീകരിക്കുകയും ചെയ്ത നികാഹ് നാമ ഈ രംഗത്ത് എല്ലാ മഹല്ല് കമ്മിറ്റികള്‍ക്കും പിന്തുടരാവുന്ന ഒരു നല്ല മാര്‍ഗരേഖയാണ്. വിവാഹത്തിന് മുമ്പ് വധൂവരന്മാര്‍ പഠിക്കേണ്ട കാര്യങ്ങള്‍ മുതല്‍, ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ഇന്ന കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അവരുടെ തീരുമാനം അംഗീകരിക്കുമെന്നുമുള്ള കരാര്‍ പത്രം അതിലുണ്ട്. ഇന്ന് നമ്മുടെ മഹല്ല് കമ്മിറ്റികളില്‍ വിവാഹ സന്ദര്‍ഭത്തില്‍ പൂരിപ്പിക്കേണ്ട ഒരു ഫോം ഉണ്ട്. വധൂ-വരന്മാരുടെയും രക്ഷാകര്‍ത്താവിന്റെയും പേരും മഹറിന്റെ കണക്കുമാണതിലുണ്ടാവുക. സ്ത്രീധനത്തുകയില്‍ നിന്ന് പള്ളി കമ്മിറ്റിക്ക് കിട്ടേണ്ട കമ്മീഷന്റെ ശതമാനത്തെക്കുറിച്ച് വരെ കണക്ക് വെക്കുന്ന തീര്‍ത്തും ലജ്ജാകരമായ അവസ്ഥയും സമുദായത്തിലുണ്ട്. എത്രമാത്രം അപമാനകരമാണിത്. യഥാര്‍ഥത്തില്‍ ഇത്തരം അനിസ്‌ലാമികതകള്‍ മാറ്റി നികാഹ്‌നാമയിലെ വാചകങ്ങള്‍ അതിലെഴുതിച്ചേര്‍ക്കുകയും വധൂവരന്‍മാരെ കൊണ്ട് നികാഹിനു മുമ്പുതന്നെ വായിപ്പിച്ച് ഒപ്പിടീക്കുകയും വേണം.
വിവാഹ ഖുത്വ്ബകള്‍ പലരും നടത്താറുണ്ട്, പക്ഷേ അത് കാര്യക്ഷമമല്ല. വിവാഹത്തിരക്കിനിടയില്‍ വരനും കൂട്ടുകാരും അത് വേണ്ടരീതിയില്‍ ശ്രദ്ധിക്കാറില്ല. പള്ളിയില്‍വെച്ച് നടക്കുന്ന നികാഹുകളില്‍ പെണ്‍കുട്ടിക്ക് ഖുത്വ്ുബ കേള്‍ക്കാന്‍ സൗകര്യവുമില്ല. ഓടിവന്ന് ധൃതിയില്‍ ചടങ്ങുനടത്തുകയാണ് പൊതുവെ ഖത്വീബ്/ഖാദിമാരുടെ രീതി. ഇതിലെല്ലാം മാറ്റം വരണം. വധൂ-വരന്മാര്‍ക്ക് ഖുത്വ്ബ കേള്‍ക്കാന്‍ സൗകര്യമുണ്ടാകണം. വധൂ-വരന്മാരോടും കുടുംബാംഗങ്ങളോടും കുറച്ചുസമയം പ്രത്യേകമായി സംസാരിക്കാന്‍ ഖത്വീബ് സമയം കണ്ടെത്തണം. തുടര്‍ന്നും അവരുടെ ജീവിതത്തില്‍ ഒരു ദീനീസാന്നിധ്യമായി അദ്ദേഹം ഉണ്ടാകണം.
(അവസാനിച്ചു)
Comments