Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 8

ഹിന്ദുത്വത്തിന്റെ ഭൂരിപക്ഷം

''സിഖ്-ജൈന-ബുദ്ധ മതവിഭാഗങ്ങള്‍ കൂടി ഹിന്ദു നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ടോ?'' പ്രമുഖ സിഖ് വനിത വിരേന്ദര്‍ കൗര്‍ സമര്‍പ്പിച്ച ഒരു ഹരജി പരിഗണിക്കവെ സുപ്രീംകോടതി ഉന്നയിച്ചതാണീ ചോദ്യം. വിശദീകരണമാവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാറിനും അറ്റോര്‍ണി ജനറലിനും നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. നിയമനടപടികളിലൂടെ സിഖ് മതത്തിന്റെ വ്യതിരിക്ത വ്യക്തിത്വം അവസാനിപ്പിച്ച് അതിനെ ഹിന്ദുമതത്തിന്റെ വിശാല വൃത്തത്തിലുള്‍പ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളെ ചോദ്യം ചെയ്യുന്നതാണ് വിരേന്ദര്‍ കൗറിന്റെ ഹരജി. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും ഭരണഘടന പൗരനു നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണതെന്ന് ഹരജിക്കാരി വാദിക്കുന്നു. നേരത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളിയതാണീ ഹരജി. എന്നാല്‍,സുപ്രീം കോടതി നവംബര്‍ 12-ന് കൗറിന്റെ വാദം കേള്‍ക്കാന്‍ തയാറാവുക മാത്രമല്ല, പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെയും അറ്റോര്‍ണി ജനറലിന്റെയും നിലപാടറിയിക്കാന്‍ നോട്ടീസയക്കുകയും ചെയ്തിരിക്കുന്നു.
രാജ്യത്ത് എല്ലാ മത വിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ചില നിയമങ്ങളുണ്ടാക്കേണ്ടിവരിക സ്വാഭാവികമാണ്. എന്നാല്‍, എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു നിയമമുണ്ടാക്കുന്നതും ഒരു മതത്തിന്റെ നിയമത്തില്‍ എല്ലാ മതങ്ങളെയും ഉള്‍പ്പെടുത്തുന്നതും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. ഹിന്ദു വിവാഹ നിയമത്തിന്റെ പേരു മാറ്റി ബുദ്ധ വിവാഹനിയമമോ മറ്റോ ആക്കി മറ്റു മതവിഭാഗങ്ങള്‍ക്ക് ബാധകമാക്കുകയാണെങ്കില്‍ അതെങ്ങനെ സ്വീകാര്യമാകും? ഇതാണ് വിരേന്ദര്‍ കൗറിന്റെ നിലപാട്.
മതങ്ങളെല്ലാം അടിസ്ഥാനപരമായി ഒന്നാണെന്ന സങ്കല്‍പം എല്ലാ മതവിഭാഗങ്ങളും പൊതുവില്‍ പങ്കുവെക്കുന്നുണ്ടല്ലോ. ഒരു മതത്തിന്റെ നിയമങ്ങള്‍ എല്ലാ മതങ്ങളും പാലിച്ചുകൊള്ളണമെന്ന് അതിനാരും അര്‍ഥം കല്‍പിക്കുന്നില്ല. ഏതെങ്കിലും മത വിഭാഗം സ്വന്തം നിലക്ക് തങ്ങള്‍ മറ്റൊരു മതത്തിന്റെ മൂലമോ ശാഖയോ ആണെന്ന് വാദിക്കുകയാണെങ്കില്‍ അതവരുടെ ആഭ്യന്തര പ്രശ്‌നമാണ്. മറ്റുള്ളവര്‍ അതിലിടപെടേണ്ടതില്ല. ന്യൂനപക്ഷ പദവി സ്വയം സ്വീകരിച്ചവരാണ് ജൈന സമുദായം. അതുവഴി സ്വന്തം സ്ഥാപനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള പരിഗണനകളുടെയും ആനുകൂല്യങ്ങളുടെയും തണലില്‍ നടത്തിക്കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയുന്നു. ബുദ്ധ മതക്കാര്‍ വ്യതിരിക്തമായ വ്യക്തിത്വമുള്ള സമുദായമാണെന്ന് വാദിക്കുന്നുണ്ടെങ്കിലും സംവരണത്തിന്റെയും സര്‍ക്കാര്‍ ക്വാട്ടയുടെയും കാര്യത്തില്‍ ഹിന്ദുക്കളില്‍ നിന്ന് പൂര്‍ണമായി വേറിട്ടു നില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. സിഖ് സമുദായത്തിന്റെ ചരിത്രം സുവിദിതമാണല്ലോ. പ്രപഞ്ച സ്രഷ്ടാവിന്റെയും വിധാതാവിന്റെയും ഏകത്വത്തില്‍, അതായത് ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായിട്ടാണ് ഗുരുനാനാക്ക് ആ മതം ആവിഷ്‌കരിച്ചത്. വിഗ്രഹാരാധനയെ അദ്ദേഹം ശക്തിയായി നിരാകരിച്ചു. പക്ഷേ, ഗുരനാനാക്കിനു ശേഷം ഗുരു ഗോബിന്ദ് സിംഗിന്റെ നേതൃത്വത്തില്‍ സിഖ് മതത്തിന്റെ മുഖം മാറി. ഹൈന്ദവ സങ്കല്‍പങ്ങളോടും പാരമ്പര്യങ്ങളോടും അത് ഏറെ താദാത്മ്യം പ്രാപിച്ചു. ഈ മാറ്റം സിഖ് മതത്തിന്റെ തനിമയും വ്യക്തിത്വവും നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെടുന്നവര്‍ ആ സമുദായത്തില്‍ എന്നും ഉണ്ടായിരുന്നു. അക്കൂട്ടത്തിലൊരാളാണ് പ്രഗത്ഭ പണ്ഡിതയായ വിരേന്ദര്‍ കൗര്‍. സിഖ് മതം വേറിട്ട വ്യക്തിത്വമുള്ള തികച്ചും വ്യത്യസ്തമായ മതമാണെന്നാണവരുടെ വാദം. അതു മറ്റൊരു മതത്തിന്റെയും ഭാഗമല്ല. അതിന് അതിന്റേതായ ദര്‍ശനങ്ങളും സാമൂഹികാചാരങ്ങളുമുണ്ട്.
നടേ സൂചിപ്പിച്ച പോലെ, സുപ്രീംകോടതിക്ക് മുമ്പിലുള്ളത് ഹിന്ദു -ജൈന-സിഖ്-ബൗദ്ധ മതങ്ങള്‍ക്കിടയിലുള്ള പ്രശ്‌നമാണ്. മുസ്‌ലിംകളുമായി അതിനു നേരിട്ടു ബന്ധമില്ല. എന്നാല്‍, മുസ്‌ലിം സമുദായം സഗൗരവം വീക്ഷിക്കേണ്ട ഒരു വശവും ഈ കേസിനുണ്ട്. കുറെകാലമായി വിശ്വഹിന്ദുപരിഷത്തും സംഘ്പരിവാറും ഇന്ത്യയില്‍ ഭൂരിപക്ഷ മതവാദം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യയില്‍ 80-85 ശതമാനം അവര്‍ ഹിന്ദുക്കളായതിനാല്‍ രാജ്യത്ത് ഹിന്ദുധര്‍മം നടപ്പിലാക്കണമെന്നാണവരാവശ്യപ്പെടുന്നത്. യഥാര്‍ഥ ഹിന്ദുക്കള്‍ എന്നവകാശപ്പെടാവുന്ന സവര്‍ണര്‍ രാജ്യത്ത് പത്തു പതിനഞ്ച് ശതമാനമേയുള്ളൂ. ഭൂരിപക്ഷം സ്ഥാപിക്കുന്നതിനു വേണ്ടി അവര്‍ണരെയും ആദിവാസികളെയുമെല്ലാം ഹിന്ദു സമൂഹത്തില്‍ ചേര്‍ത്തു. പരിചിതമായ അര്‍ഥത്തിലുള്ള ഒരു മതത്തോടും ബന്ധമില്ലാത്തവരാണ് രാജ്യത്തെ കോടിക്കണക്കില്‍ ആദിവാസികള്‍. അവര്‍ക്ക് അവരുടേതായ പൈതൃകങ്ങളും പ്രാദേശിക വിശ്വാസങ്ങളും ആചാരങ്ങളും ജീവിതക്രമവുമാണുള്ളത്. മറ്റുള്ളവര്‍ തങ്ങളെ എങ്ങനെ മനസ്സിലാക്കുന്നു, നിര്‍വചിക്കുന്നു എന്നു പോലും അവരറിയുന്നില്ല. പരിഷത്തിന്റെ മിഷനറി പ്രവര്‍ത്തനങ്ങളിലും മോഹന മുദ്രാവാക്യങ്ങളിലും ആകൃഷ്ടരായി ആദിവാസികള്‍ അവര്‍ക്കു ചുറ്റും ഓടിക്കൂടുന്നുവെന്നത് സത്യമാണ്.
സിഖ്-ജൈന-ബുദ്ധ മതങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗങ്ങളാണെന്ന പ്രചാരണം നേരത്തെ ആരംഭിച്ചതാണ്. പ്രസ്തുത മതങ്ങള്‍ അംഗീകരിക്കാന്‍ തയാറായിട്ടില്ലെങ്കിലും അതിനു നിയമപരമായ ആധികാരികത നല്‍കാന്‍ ശ്രമം നടക്കുകയാണ്. കൃത്രിമമായുണ്ടാക്കുന്ന ഭൂരിപക്ഷം ഉയര്‍ത്തിക്കാണിച്ച് ന്യൂനപക്ഷങ്ങളെ- വിശേഷിച്ചും മുസ്‌ലിംകളെ, ഭയപ്പെടുത്തി നിഷ്‌ക്രിയരാക്കാമെന്ന് തല്‍പരകക്ഷികള്‍ കരുതുന്നു. ന്യൂനപക്ഷങ്ങള്‍ ഓരോന്നോരോന്നായി ഹിന്ദു സമുദായത്തില്‍ ലയിക്കുന്ന മുറക്ക് മുസ്‌ലിം ന്യൂനപക്ഷം കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്യും. ഹിന്ദുത്വം ആഹ്വാനം ചെയ്യുന്ന ഐക്യവും ലയനവും മൂല്യപരമായ സമരസത്തിന്റെയോ മൈത്രിയുടെയോ പേരിലുള്ളതല്ല; ന്യൂനപക്ഷ വിരോധമാണതിന്റെ പ്രചോദനം. വിശ്വാസ പ്രമാണങ്ങളുടെയും ജീവിത സംസ്‌കാരത്തിന്റെയും തലത്തില്‍ ഈ രാജ്യത്തെ ഏറ്റം വ്യവസ്ഥാപിതവും വിശാലവും സുഭദ്രവുമായ മതം ഏതാണെന്ന് ഒരു സര്‍വെ നടത്തി കണ്ടെത്താന്‍ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ ഏതെങ്കിലും സ്ഥാപനം മുന്നോട്ടുവന്നെങ്കില്‍!

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍