അധികാരമോഹമില്ല, ശക്തമായ പ്രതിപക്ഷം വേണം
ഈജിപ്ഷ്യന്‍ സര്‍ക്കാറിനെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢ നീക്കങ്ങള്‍ നടക്കുന്നതിനിടെ തനിക്കോ തന്റെ പാര്‍ട്ടിക്കോ അധികാരക്കൊതിയില്ലെന്നും ഒരു ജനാധിപത്യ ഭരണക്രമത്തില്‍ ശക്തമായ പ്രതിപക്ഷം ഭരണം മെച്ചപ്പെടുത്താന്‍ അനിവാര്യമാണെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി. പ്രതിപക്ഷത്തെ ഇല്ലാതാക്കുകയോ ക്ഷയിപ്പിക്കുകയോ തന്റെ സര്‍ക്കാറിന്റെ ലക്ഷ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തെ ഒരിക്കലും ഭയപ്പെടുന്നില്ല. ശക്തമായ പ്രതിപക്ഷ സാന്നിധ്യം ആവശ്യമാണെന്ന് കരുതുന്നയാളാണ് താന്‍. പ്രസിഡന്റ് മുര്‍സി കൈക്കൊണ്ട ചില തീരുമാനങ്ങള്‍ക്കെതിരെ കലാപം അഴിച്ചുവിട്ട് സര്‍ക്കാറിനെ താറടിച്ചു കാട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഭരണകക്ഷിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ ലേബലില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 'അഴിമതി രാജാക്കന്മാരാ'ണ് അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നിലെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് പ്രതികരിച്ചു.
പ്രസിഡന്റിന്റെ പുതിയ ഉത്തരവ് പ്രകാരം, ഭരണഘടന നിലവില്‍ വരുന്നതുവരെ ഭരണഘടനാ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന നിലവിലെ നിയമസഭയെ പിരിച്ചുവിടാന്‍ ജുഡീഷ്യറിക്ക് അധികാരമുണ്ടാവുകയില്ല. പ്രസിഡന്റിനെതിരെ അപ്പീല്‍ പോകാനും കഴിയില്ല. മുബാറക് വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്ന കാലത്ത് ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്ത സുരക്ഷാ ഉദ്യോഗസ്ഥരെ കോടതി കുറ്റവിമുക്തമാക്കിയ സാഹചര്യത്തിലാണ് പ്രസിഡന്റ് മുര്‍സി പ്രോസിക്യൂട്ടര്‍ ജനറലിനെ മാറ്റിയതും വിവാദ ഉത്തരവിറക്കിയതും. സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയറിയിച്ച് ദശലക്ഷക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി. സലഫി സംഘടനകളടക്കം നല്ലൊരു വിഭാഗം പ്രസിഡന്റിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുര്‍സിയുടെ തീരുമാനം അന്താരാഷ്ട്രതലത്തില്‍ ആശങ്കയുളവാക്കുന്നതാണെന്ന് അമേരിക്ക പ്രതികരിച്ചു. എന്നാല്‍, താന്‍ ഈജിപ്ഷ്യന്‍ ജനതയുടെ താല്‍പര്യങ്ങള്‍ മാനിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു മുര്‍സിയുടെ മറുപടി.
പ്രസിഡന്റ് മുര്‍സി കൈക്കൊണ്ട ചില തീരുമാനങ്ങളില്‍ തൂങ്ങി സര്‍ക്കാറിന്റെയും അതിനെ നയിക്കുന്ന കരുത്തനായ അമരക്കാരനെയും കരിവാരിത്തേക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഈജിപ്തില്‍ നടക്കുന്ന ബഹളങ്ങള്‍. ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തില്‍ ഞെരിഞ്ഞമര്‍ന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് ആശ്വാസമായിമാറിയ ഈജിപ്തിന്റെ നിലപാട് ജൂത രാഷ്ട്രത്തെയും സാമ്രാജ്യത്വ ശക്തികളെയും അലോസരപ്പെടുത്തിയിട്ടുണ്ട്. അവസരം മുതലെടുത്ത് ഈജിപ്ത് വീണ്ടും ഏകാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന വന്‍ പ്രചാരണമാണ് വിവിധ ലോബികള്‍ അഴിച്ചുവിടുന്നത്. എന്നാല്‍, ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഭരണഘടനാ ഭേദഗതിയാണ് താന്‍ നിര്‍ദേശിച്ചതെന്നും എല്ലാ വിഭാഗങ്ങളുമായും ആശയവിനിമയത്തിന് തയാറാണെന്നും പ്രസിഡന്റ് മുര്‍സി വ്യക്തമാക്കിയിരുന്നു.
ഇസ്‌ലാംവിരുദ്ധ പുസ്തകത്തിനെതിരെ
ടൊറണ്ടോയിലെ ജൂത സ്‌കൂളില്‍ ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന പാഠങ്ങളടങ്ങിയ പുസ്തകം പഠിപ്പിക്കുന്നതിനെതിരെ മുസ്‌ലിം മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്. ഇസ്‌ലാമിക വിശ്വാസാനുഷ്ഠാനങ്ങള്‍ക്കെതിരെ വളരെ മോശമായ പ്രയോഗങ്ങളടങ്ങിയ പുസ്തകം സ്‌കൂള്‍ സിലബസില്‍നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കനേഡിയന്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (CAIR) ജൂത സംഘടനകളോടാവശ്യപ്പെട്ടു. ഇസ്‌ലാമിനെ ജൂതവിരുദ്ധ മതമായും പ്രവാചകനെ ജൂത വിരോധിയായും ചിത്രീകരിക്കുന്ന പാഠങ്ങളാണ് ചരിത്രത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. കനേഡിയന്‍ യുവാക്കളില്‍ ഇസ്‌ലാമിക വിരുദ്ധ വികാരം കുത്തിവെക്കുന്നതാണ് പുസ്തകമെന്നും CAIR ജൂത സംഘടനകള്‍ക്കയച്ച കത്തില്‍ പറഞ്ഞു.
'ഗസ്സ' വെടിനിര്‍ത്തല്‍, നെതന്യാഹുവിന്റെ ജനസമ്മതി കുറഞ്ഞു
മേഖലയിലെ രാഷ്ട്രീയ സമ്മര്‍ദവും ഹമാസിന്റെ ശക്തമായ തിരിച്ചടിയും മൂലം ഗതികെട്ട് വെടിനിര്‍ത്തലിനു തയാറായ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ജനസമ്മതി കുത്തനെ ഇടിഞ്ഞതായി തെല്‍അവീവില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍, രണ്ടുമാസം മാത്രം അകലെനില്‍ക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ വിജയ സാധ്യത നിലനില്‍ക്കുന്നതായും വിവിധ അഭിപ്രായ സര്‍വെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതുമൂലം ഹമാസ് ശക്തിപ്പെട്ടതായി 56 ശതമാനം ഇസ്രയേലികള്‍ കരുതുമ്പോള്‍ 45 ശതമാനം പേര്‍ ഇസ്രയേല്‍ കൂടുതല്‍ ക്ഷയിച്ചതായി വിലയിരുത്തി.
ഇസ്തംബൂളില്‍ നൈറ്റ്ക്ലബ്ബുകളും മദ്യശാലകളും അപ്രത്യക്ഷമാകും
തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ജനജീവിതം ദുസ്സഹമാക്കുന്ന നൈറ്റ്ക്ലബ്ബുകളും മദ്യശാലകളും അടച്ചു പൂട്ടാന്‍ തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നടപടി തുടങ്ങി. രാജ്യത്തെ ഭരണകക്ഷിയായ എ.കെ.പി ഭരിക്കുന്ന ഇസ്തംബൂള്‍ മുനിസിപ്പാലിറ്റിയില്‍ ബാറുകളും നൈറ്റ്ക്ലബ്ബുകളും അടച്ചു പൂട്ടാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. വര്‍ഷംതോറും ഇസ്തംബൂളില്‍ എത്തുന്ന ലക്ഷക്കണക്കിന് ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാണ് പട്ടണത്തിലെ ബാറുകളും നൈറ്റ്ക്ലബ്ബുകളും. എന്നാല്‍, ശബ്ദമുഖരിതമായ ഇത്തരം കേന്ദ്രങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുന്നതായി ഇസ്തംബൂള്‍ മേയര്‍ അഹ്മദ് മിസ്ബാഹ് ദെമിര്‍കന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തുവന്ന തീവ്ര സെക്യുലരിസ്റ്റുകളുടെയും ചില മാധ്യമങ്ങളുടെയും പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ മേയര്‍ മദ്യം നിരോധിക്കുകയല്ല, മറിച്ച് ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം അനുവദിക്കുകയാണ് ഈ നടപടിയിലൂടെയെന്ന് വ്യക്തമാക്കി. തുര്‍ക്കി സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിക്കേണ്ടത് മദ്യശാലകളോ നിശാ ക്ലബ്ബുകളോ അല്ലെന്നും രാജ്യത്തിന്റെ തിളക്കമാര്‍ന്ന സാംസ്‌കാരിക പൈതൃകവും ശാന്തിയും സമാധാനവും കളിയാടുന്ന അന്തരീക്ഷവുമായിരിക്കണമെന്നുമാണ് ഭൂരിപക്ഷം ജനങ്ങളും കരുതുന്നത്.
മ്യാന്‍മര്‍ മുസ്‌ലിംകള്‍ അന്താരാഷ്ട്ര താല്‍പര്യങ്ങളുടെ ഇര?
മ്യാന്‍മറില്‍ നടക്കുന്ന റോഹിങ്ക്യ മുസ്‌ലിംവേട്ട ചില രാഷ്ട്രങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഭാഗമാണെന്ന ആരോപണം ഉയരുന്നു. അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ തണുപ്പന്‍ പ്രതികരണവും ലോക മീഡിയയുടെ ഏതാണ്ട് പൂര്‍ണ തമസ്‌കരണവും കൂടിയായപ്പോള്‍ കാര്യങ്ങള്‍ സാമ്രാജ്യത്വ ശക്തികള്‍ക്കനുകൂലമായതായും വിലയിരുത്തപ്പെടുന്നു. റക്കാനില്‍ മുസ്‌ലിംവേട്ടക്ക് സഹായകമാകുന്ന രീതിയല്‍ ഹസീനയുടെ സെക്യുലര്‍ ബംഗ്ലാദേശും നിലപാട് സ്വീകരിക്കുന്നതായി ആരോപണമുണ്ട്. മ്യാന്‍മറില്‍ നിരന്തരമായ മുസ്‌ലിം വേട്ട നടക്കുന്നുവെങ്കിലും അതിനോട് അന്താരാഷ്ട്ര സമൂഹം പുലര്‍ത്തുന്ന നിസ്സംഗതയുടെ കാരണം അന്വേഷിക്കുമ്പോഴാണ് ഈ പ്രദേശത്തെ എണ്ണ ശേഖരവും വന്‍തോതിലുള്ള പ്രകൃതി വാതകങ്ങളുമടങ്ങിയ വിഭവങ്ങളില്‍ റഷ്യയും ചൈനയുമടക്കമുള്ള വന്‍ശക്തികളുടെ താല്‍പര്യം വെളിപ്പെടുന്നത്. അതിനു പുറമെ സൈനികവും നയതന്ത്രപരവുമായ പ്രാധാന്യവും മ്യാന്‍മറിനുണ്ട്. അമേരിക്കയുടെ അര്‍ഥഗര്‍ഭമായ മൗനവും കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ ഇടയാക്കുന്നു.
Comments