ഇസ്രയേല്‍ ഇല്ലാത്ത ലോകം, ഒരു മറുവായന
ഇസ്രയേലിന് ഇനി ഏറെക്കാലമില്ലെന്നുള്ള ആശങ്ക ജൂതനേതാക്കള്‍ പ്രകടിപ്പിക്കുന്നത് ലോകത്തിന്റെ അനുകമ്പ പിടിച്ചുപറ്റാനും ആഗോളതലത്തിലെ മുസ്‌ലിംവിരുദ്ധവികാരം ശക്തിപ്പെടുത്താനുമുള്ള സയണിസ്റ്റ് തന്ത്രത്തിന്റെ ഭാഗം മാത്രമാണ്. 'ഇസ്രയേലാനന്തര മധ്യപൗരസ്ത്യത്തിനുള്ള തയാറെടുപ്പ്' എന്ന പേരില്‍ 16 അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തയാറാക്കിയ 82 പേജുള്ള അവലോകന റിപ്പോര്‍ട്ട് ലോകജനതയെ മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ തങ്ങള്‍ക്കനുകൂലമാക്കി ചിന്തിപ്പിക്കുന്നതിനും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരതകളെ വെള്ളപൂശുന്നതിനുമാണ്. ലക്ഷ്യം നേടിയെടുക്കുന്നതിനായി എന്തു നികൃഷ്ട മാര്‍ഗവും സ്വീകരിക്കാന്‍ മടിയില്ലാത്തവരുടെ മറ്റൊരടവുനയം. ഇസ്രയേലിന് ഇനി അധികകാലമില്ല എന്നു അഹ്മദീ നിജാദ് പറയുമ്പോള്‍ സയണിസ്റ്റ് ലോബി വീണത് വിദ്യയാക്കി. ഇറാന്‍ വിരുദ്ധവും തങ്ങള്‍ക്കനുകൂലവുമായ ആയുധമാക്കി അതിനെ തന്ത്രപൂര്‍വം പരിവര്‍ത്തിപ്പിച്ചു എന്നുവേണം കരുതാന്‍. പത്തുവര്‍ഷത്തിനകം ജൂതരാഷ്ട്രം ഇല്ലാതാകുമെന്ന് പ്രചരിപ്പിക്കുമ്പോള്‍ അതിനു കാരണക്കാരായി മറുപക്ഷത്ത് നില്‍ക്കുന്നതാര്? ആര്‍ ആരെ ആക്രമിക്കുന്നു? വാദി പ്രതിയായി മാറ്റപ്പെടുന്ന ദയനീയാവസ്ഥയുടെ പ്രചാരണത്തിന് ഇസ്‌ലാമിക ജിഹ്വകള്‍ ഉപകരണങ്ങളായി മാറിക്കൂടാ. 'ഇസ്രയേല്‍ ഇല്ലാത്ത ലോകമെന്നത്' കേള്‍ക്കാന്‍ സുഖമുള്ള തലക്കെട്ടുതന്നെ. പക്ഷേ അതിനുള്ളിലൊളിച്ചിരിക്കുന്ന ഗൂഢതന്ത്രങ്ങളുടെ അനന്തരഫലം ഒട്ടും സുഖകരമാകില്ല.
മീഡിയാ നിയന്ത്രണം കൈയേറിയും ലോകപോലീസിന്റെ തലപ്പത്തിരുന്നും സയണിസ്റ്റ് ലോബി പ്രചരിപ്പിക്കുന്ന വാര്‍ത്തകളാണ് ലോകം വെള്ളം തൊടാതെ വിഴുങ്ങിക്കൊണ്ടിരിക്കുന്നത്. പാശ്ചാത്യലോകത്ത് ഭൂരിഭാഗം ആളുകളും ഇസ്രയേല്‍ അനുകൂലികളാകാന്‍ കാരണവും ഇതുതന്നെയാണ്. ഇസ്രയേല്‍ നിര്‍മിത വാര്‍ത്തകളാണ് അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭീകരവാദികളും യുദ്ധക്കൊതിയന്മാരുമായ ഇസ്‌ലാമിക 'ടെററിസ്റ്റ് ഗ്രൂപ്പായ' ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ നിരപരാധികളായ ജനങ്ങളും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും പിടഞ്ഞുവീണു മരിക്കുന്ന ചിത്രമാണ് അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ ലോകത്തിനു സമര്‍പ്പിക്കുന്നത്. മിഡിലീസ്റ്റിലെ ജനങ്ങള്‍ സംഭവങ്ങളുടെ ദൃക്‌സാക്ഷികളാകയാല്‍, അവിടങ്ങളിലെ വാര്‍ത്തകളില്‍ യാഥാര്‍ഥ്യം പൂര്‍ണമായി മറച്ചുവെക്കാന്‍ സാധ്യമല്ലാത്തതിനാല്‍, അത് വിശ്വാസ്യതയെ ബാധിക്കുമെന്നതുകൊണ്ടും വാര്‍ത്തകളില്‍ ചില വസ്തുതകള്‍ കൂടി ഉള്‍ക്കൊള്ളിക്കേണ്ടിവരുന്നു. മധ്യപൗരസ്ത്യമേഖലയിലൊഴിച്ച് ലോകത്തിലെ ഭൂരിഭാഗം ജനങ്ങളെയും -ഇന്ത്യയടക്കം-സ്വാധീനിക്കാനും പിന്തുണ നേടിയെടുക്കാനും ഇസ്രയേലിനു കഴിഞ്ഞു. 'ഇസ്‌ലാമിക ടെററിസ്റ്റ്' ആക്രമണങ്ങള്‍ക്കു വിധേയരായിക്കൊണ്ടിരിക്കുന്ന, ഇറാനെപോലെയുള്ള മുസ്‌ലിം 'ഭീകര'രാഷ്ട്രങ്ങളുടെ ഭീഷണിയില്‍ കഴിയുന്ന, ചുറ്റും മുസ്‌ലിം രാജ്യങ്ങളാല്‍ വലയം ചെയ്യപ്പെട്ടുകഴിയുന്ന ഒരു കൊച്ചു ജൂതരാഷ്ട്രത്തിന് ലോകപിന്തുണ ലഭിക്കാന്‍ മറ്റെന്തുവേണം!
ഫലസ്ത്വീനികളോടു കാണിക്കുന്ന ക്രൂരതകള്‍ ഇവിടെ തന്ത്രപൂര്‍വം മറയ്ക്കപ്പെടുന്നു. അവരുടെ രാജ്യാതിര്‍ത്തി ശോഷിച്ചു ഗസ്സ ചീന്തില്‍ എത്തിനില്‍ക്കുന്നത് വിസ്മരിക്കപ്പെടുന്നു. അവിടത്തെ ജനങ്ങള്‍ ദാരിദ്ര്യത്തിലും നിരക്ഷരതയിലും തൊഴില്‍ രാഹിത്യത്തിലും അരക്ഷിതത്വത്തിലും ദിവസങ്ങള്‍ തള്ളിനീക്കുന്നത് വാര്‍ത്തയല്ലാതാകുന്നു. വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നതും ലോകത്തുനിന്നും തുടച്ചുമാറ്റപ്പെടാന്‍ പോകുന്നതും അനുദിനം അതിര്‍ത്തി വലുതാക്കിക്കൊണ്ടിരിക്കുന്ന ഇസ്രയേല്‍!
ഇസ്രയേല്‍- ഫലസ്ത്വീന്‍ പ്രശ്‌നം ജൂത- മുസ്‌ലിം വര്‍ഗീയ പ്രശ്‌നമായോ, അറബ്- ജൂത ദേശീയ പ്രശ്‌നമായോ ഒതുക്കാവുന്നതല്ല. മറിച്ച് അതൊരു മനുഷ്യാവകാശ പ്രശ്‌നമാണ്. എല്ലാവിധ രാജ്യാന്തര നിയമങ്ങളും കാറ്റില്‍പറത്തിക്കൊണ്ട് പകല്‍വെളിച്ചത്തില്‍ നടത്തിയ അധിനിവേശവും ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത കുടിയിറക്കലുകളുമാണ് വന്‍ശക്തികളുടെ അറിവോടും പിന്തുണയോടും കൂടി നടന്നുകൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞതുകൊണ്ട് സ്വാമി അഗ്‌നിവേശിനെപ്പോലുള്ള വ്യക്തിത്വങ്ങള്‍ അധിനിവേശങ്ങളെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും എതിര്‍ത്തുകൊണ്ട് ഫലസ്ത്വീന്‍ ജനതക്കുവേണ്ടി സംസാരിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നുവെന്നത് ആശാവഹമാണ്. അറബ്- മുസ്‌ലിം വൃത്തത്തില്‍ പരിമിതപ്പെടുത്താതെ മനുഷ്യാവകാശപ്രശ്‌നമായി ഫലസ്ത്വീനെ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ കൂടുതലാളുകളുടെ പിന്തുണയുണ്ടാകും.
സാങ്കേതിക വളര്‍ച്ചകൊണ്ടും ബൗദ്ധിക മികവുകൊണ്ടുമാണ് എണ്ണത്തില്‍ ന്യൂനപക്ഷമായിരുന്നിട്ടും ലോകത്തിന്റെ നിയന്ത്രണം കൈപിടിയിലൊതുക്കാന്‍ ജൂതസമൂഹത്തിന് കഴിഞ്ഞത്. അതിനെ മറികടക്കുന്ന മികവുകൊണ്ടു മാത്രമേ അവരെ ചെറുക്കാന്‍ സാധിക്കുകയുള്ളൂ.
സത്യത്തെ ഏറെക്കാലം തുറങ്കിലടക്കാനും കശാപ്പു ചെയ്യാനും സാധ്യമല്ലയെന്നത് പ്രപഞ്ച നിയമമാണ്. ഫലസ്ത്വീനികള്‍ക്കുനേരെയുള്ള നരമേധങ്ങള്‍ എത്രയൊക്കെ ലോകത്തിന്റെ കണ്ണില്‍നിന്നും മറച്ചുപിടിച്ചാലും, എന്തൊക്കെ കള്ളങ്ങള്‍ പ്രചരിപ്പിച്ചാലും വൈകിയെങ്കിലും ജനം തിരിച്ചറിയുക തന്നെ ചെയ്യും. ഒരവിഹിത രാഷ്ട്രം അതിന്റെ സ്വാഭാവിക പരിണതിയില്‍ ഇല്ലാതായാല്‍ അത് തദ്ദേശവാസികള്‍ക്കും ലോകസമാധാനത്തിനും മുതല്‍ക്കൂട്ടാവുക തന്നെ ചെയ്യും. പക്ഷേ, നാളെ സംഭവിക്കുമെന്നു സങ്കല്‍പിക്കപ്പെടുന്ന 'ഇസ്രയേല്‍ ഇല്ലാത്ത ലോക'ത്തിന്റെ സുന്ദരസ്വപ്നങ്ങളില്‍ മുഴുകുമ്പോള്‍ ഇന്നിന്റെ ഗസ്സയുടെ ദുഃഖം വിസ്മരിക്കപ്പെടാതിരിക്കട്ടെ.
Comments