ഭരണകൂടത്തെ വിറളിപിടിപ്പിച്ച വിഭവ ഐക്യദാര്‍ഢ്യം
കൂടങ്കുളം സമരം 467 ദിവസം പിന്നിട്ട നവംബര്‍ 24-നാണ് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് കേരളത്തില്‍ നിന്ന് സമാഹരിച്ച സഹായവുമായി ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലിയും പ്രശസ്ത എഴുത്തുകാരി ജെ. ദേവിക, കൂടങ്കുളം സമര ഐക്യദാര്‍ഢ്യ സമിതി കേരള ജനറല്‍ കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍, മത്സ്യ തൊഴിലാളി നേതാവ് മാഗ്‌ലി പീറ്റര്‍, സോളിഡാരിറ്റി സംസ്ഥാന നേതാക്കളായ പി.ഐ നൗഷാദ്, ടി. മുഹമ്മദ് വേളം തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം കൂടങ്കുളം സമരപന്തലില്‍ എത്തിയത്.
കണ്ണൂരിലെ പെരിങ്ങോത്തും എറണാകുളത്തെ ഭൂതത്താന്‍ കെട്ടിലും വരുമായിരുന്ന ആണവ പദ്ധതികളെ കേരളം സമരങ്ങളിലൂടെ കെട്ടുകെട്ടിച്ച ഓര്‍മകളാണ് സമരപ്പന്തലില്‍ കേരളത്തിലെ പ്രതിനിധികളെ സ്വാഗതം ചെയ്യുമ്പോഴെല്ലാം സമരനേതാവ് ഡോ. ഉദയകുമാര്‍ പങ്കുവെക്കാറ്. ജമാഅത്ത് അമീറിനെ സ്വാഗതം ചെയ്തുകൊണ്ട് ഡോ. ഉദയകുമാര്‍ അനുസ്മരിച്ചത് എസ്.ഐ.ഒവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് ടി. ആരിഫലിയുടെ നേതൃത്വത്തില്‍ പെരിങ്ങോത്ത് നടന്ന ആണവവിരുദ്ധ പോരാട്ടത്തിന്റെ തീക്ഷ്ണാനുഭവങ്ങളായിരുന്നു. കണ്ണൂരില്‍ നിന്ന് പെരിങ്ങോത്തേക്കു നടത്തിയ സമരജാഥയില്‍ ആരിഫലിയുടെ നേതൃത്വത്തില്‍ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ അണിനിരന്നതിനെ കുറിച്ചുള്ള ഓര്‍മകള്‍, ആ കാലയളവില്‍ തന്നെ ആണവവിരുദ്ധ പോരാട്ട രംഗത്തുള്ള എന്‍. സുബ്രഹ്മണ്യന്‍ പങ്കുവെച്ചു.
സമരപ്പന്തലില്‍ നടത്തിയ വിഭവ കൈമാറ്റ പരിപാടി ഏറെ ആവേശകരവും വൈകാരികവുമായിരുന്നു. സോളിഡാരിറ്റി സംസ്ഥാന നേതാക്കളായ കെ. സജീദ്, സി.എം ശരീഫ്, സാദിഖ് ഉളിയില്‍ എന്നിവര്‍ മൂന്ന് ദിവസം ഇടിന്തികരയില്‍ താമസിച്ച് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാണ് അര്‍ഹരെ കണ്ടെത്തിയതും വിഭവ വിതരണത്തിലുള്ള പ്ലാനുകള്‍ തയാറാക്കിയതും.
വിഭവങ്ങള്‍ കൈമാറികൊണ്ട് അമീര്‍ ടി. ആരിഫലി നടത്തിയ പ്രഭാഷണത്തില്‍ സ്വന്തം നാട്ടില്‍ നടത്തിയ ഗ്വാളിയര്‍ റയോണ്‍സ് വിരുദ്ധ സമരത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചു. ഒരു നാടിന്റെ രക്ഷക്കുവേണ്ടി നടത്തുന്ന പോരാട്ടത്തില്‍ അണിനിരക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തി തുറങ്കിലടക്കാനുള്ള കേന്ദ്ര സംസ്ഥാനങ്ങളുടെ ശ്രമത്തെ അദ്ദേഹം വിമര്‍ശിച്ചു. ഭാഷാപരമായി ജനങ്ങളെ ഭിന്നിപ്പിച്ച് ഇത്തരം കൂട്ടായ്മകളെ ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജെ. ദേവിക ചൂണ്ടിക്കാട്ടി. സമരസമിതിക്കുള്ള സഹായം പി.ഐ നൗഷാദും സമരത്തിനിടെ പോലീസ് വെടിവെപ്പില്‍ മരണപ്പെട്ട അന്തോണിയുടെ കുടുംബത്തിനുള്ള സഹായം ടി. മുഹമ്മദ് വേളവും കൈമാറി. ചടങ്ങില്‍ ബഹ്‌റൈന്‍ പ്രേരണ സംസ്‌കാരിക വേദി പ്രവാസികളില്‍ നിന്ന് സമാഹരിച്ച പ്രതിഷേധ ഒപ്പുകള്‍ രാജന്‍ പയ്യോളിയും പ്രദീപ് വടകരയും ചേര്‍ന്ന് ഉദയകുമാറിന് കൈമാറി. ജമാഅത്തെ ഇസ്‌ലാമി തമിഴ്‌നാട് ഘടകത്തെ പ്രതിനിധീകരിച്ച് മസ്താന്‍ അലി സംസാരിച്ചു.
സമരപ്പന്തലില്‍നിന്ന് സംഘം തിരിച്ചു വരുമ്പോള്‍ ഇടിന്തികരയില്‍ നിന്നുപുറത്തു കടക്കുന്ന വഴിയില്‍ നൂറുകണക്കിന് പോലീസുകാരുടെ സാന്നിധ്യത്തില്‍ സോളിഡാരിറ്റി സംഘത്തെ പോലീസ് തടഞ്ഞു. കനത്ത പോലീസ് അകമ്പടിയില്‍ സംഘത്തെ പാലൂര്‍ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. വഴിമധ്യേ കന്യാകുമാരി ഹൈവേയിലേക്കു പ്രവേശിക്കുന്ന ജംഗ്ഷനില്‍ നൂറുകണക്കിനു പോലീസുകാര്‍ കാത്തുകിടക്കുന്നത് കാണാമായിരുന്നു. ദീര്‍ഘനേരം അമീറുമായും സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദുമായും പോലീസ് ഓഫീസര്‍മാര്‍ വിശദമായി സംസാരിച്ചു. പ്രധാനമായും ഒരൊറ്റ കാര്യമാണ് പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് പറയാനുണ്ടായിരുന്നത്. കൂടങ്കുളം സമരത്തിന് കേരളം പിന്തുണ നല്‍കരുത്. നാലു മണിക്കൂറോളം കസ്റ്റഡിയില്‍ നിര്‍ത്തിയ ശേഷം നിരവധി രേഖകള്‍ തയാറാക്കി ഒപ്പ് വാങ്ങി. ഇതിനിടയില്‍ പുറംലോകവുമായി ബന്ധപ്പെടാതിരിക്കാന്‍ എല്ലാവരുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ സ്റ്റേഷന്‍ അധികൃതര്‍ കൈവശപ്പെടുത്തിയിരുന്നു.
ഏറെനേരത്തെ അന്വേഷണങ്ങള്‍ക്കും സംസാരങ്ങള്‍ക്കും ശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് സംഘത്തെ വിട്ടയച്ചു. കേരള അമീര്‍ ടി. ആരിഫലിക്കൊപ്പം പ്രതിനിധി സംഘത്തില്‍ 26 പേരാണ് ഉണ്ടായിരുന്നത്. പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയ സംഘത്തെ സ്വീകരിക്കാന്‍ കൂടങ്കുളം സമരെത്ത പിന്തുണക്കുന്ന തമിഴ്‌നാട്ടിലെ മുസ്‌ലിം മുന്നേറ്റ കഴകത്തിന്റെ പ്രവര്‍ത്തകരും എത്തിയിരുന്നു. കേരളത്തിലും ചെന്നൈയിലുമുണ്ടായ ശക്തമായ പ്രതിഷേധങ്ങളുടെ സമ്മര്‍ദം മൂലമാണ് അറസ്റ്റ് രേഖപ്പെടുത്താതെ സംഘത്തെ വിട്ടയച്ചത്. കൂടങ്കുളത്തേക്ക് കേരളത്തില്‍ നിന്ന് ഇനിയാരും വരാതിരിക്കാനായിരുന്നു ഈ അറസ്റ്റ്. ഉറച്ച പിന്തുണയുമായി കേരളീയര്‍ ഇനിയും കൂടെയുണ്ടാകുമെന്നായിരുന്നു സ്റ്റേഷനില്‍ നിന്നിറങ്ങിയ എല്ലാവരുടെയും പ്രതികരണം.
Comments