ഐക്യപ്പെടലിന്റെ പുതിയ വാതായനങ്ങള്‍ തേടിയ പി.ജി
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായിരുന്നപ്പോള്‍ തിരുവനന്തപുരത്തെ സുഭാഷ് നഗറിലെ വീട്ടിലെത്തിയായിരുന്നു ഞാന്‍ പി. ഗേവിന്ദപിള്ളയെ ആദ്യം കാണുന്നത്. വര്‍ത്തമാനകാല സംഭവങ്ങളെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തുന്ന ചിന്തകനാണ് പി.ജിയെന്ന് ആ കൂടിക്കാഴ്ചയിലൂടെ തിരിച്ചറിഞ്ഞു. ഈ അനുഭവമാണ് പ്രബോധനത്തിന്റെ അറുപതാം വാര്‍ഷികപ്പതിപ്പിന് ഒരഭിമുഖം ചോദിക്കാന്‍ പ്രേരണയായത്. ഏറെ സന്തോഷത്തോടെ അദ്ദേഹം അതിന് തയാറായി. ഒടുവില്‍ മീഡിയാ വണ്ണിന് വേണ്ടി കുറച്ചു വിഷ്വല്‍ ആവശ്യപ്പെട്ട് എ.കെ.ജി സെന്ററില്‍ ചെന്നപ്പോള്‍ ടെലിവിഷന് മുന്നില്‍ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് തമാശ പറഞ്ഞുകൊണ്ടായിരുന്നു ഞങ്ങളെ എതിരേറ്റത്. പുതിയ ടെലിവിഷന്‍ പ്രവണതകളെക്കുറിച്ചും മറ്റും പറഞ്ഞു അദ്ദേഹം. അപ്പോഴും കൈയില്‍ പിടിച്ച ലെന്‍സിലൂടെ മുന്നിലുള്ള പുസ്തകം വായിച്ച് തന്റെ സഹായി പരമേശ്വരനോട് എഴുതാനുള്ള മാറ്റര്‍ പറഞ്ഞുകൊടുക്കുന്നുണ്ടാകും.
താന്‍ പഠിച്ചു വളര്‍ന്ന വിജ്ഞാനങ്ങളെ അപ്പടി പകര്‍ത്തി പ്രവര്‍ത്തിക്കുന്ന ശീലമായിരുന്നില്ല പി.ജിയുടേത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന അച്ചടക്കത്തിന്റെ ചട്ട പൊട്ടിക്കാന്‍ പലപ്പോഴും ശ്രമിച്ചത് അതുകൊണ്ടായിരുന്നു. പി.ജി പങ്കുവെച്ച ആശയങ്ങള്‍ പലപ്പോഴും പരമ്പരാഗത മാര്‍ക്‌സിസ്റ്റ് ചിട്ടവട്ടങ്ങള്‍ക്കപ്പുറമായിരുന്നു. ആത്മീയതയെക്കുറിച്ചും ദൈവവിശ്വാസത്തെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു.
ആത്മവിമര്‍ശനം പോലെ മനുഷ്യന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ച, സന്മാര്‍ഗ ജീവിതം, പെരുമാറ്റങ്ങള്‍ ഇതൊക്കെ ആത്മീയതയുടെ പരിധിയില്‍ വരുമെന്നായിരുന്നു പി.ജിയുടെ പക്ഷം. മനുഷ്യജീവിതത്തെ നന്മയിലേക്കും സഹവര്‍ത്തിത്വത്തിലേക്കും കൊണ്ടുവരുന്നതിനാണ് ഇസ്‌ലാം ശ്രമിച്ചിട്ടുള്ളത്. ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കിയുള്ള ഇസ്‌ലാം മഹത്തരമായ നന്മകളെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇസ്‌ലാം ഒരു മതനിരപേക്ഷ പാരമ്പര്യം വിളിച്ചറിയിക്കുന്ന പ്രത്യയശാസ്ത്രമാണെന്ന് പി.ജി തറപ്പിച്ച് പറയുന്നത് തികഞ്ഞ പഠനത്തിലൂടെ തന്നെയായിരുന്നു. ഇസ്‌ലാമിന്റെ ഈ വൈവിധ്യത്തില്‍ ഊന്നണമെന്നും പി.ജി പറഞ്ഞുതന്നിരുന്നു.
ലോകത്ത് നടക്കുന്ന സാമ്പത്തിക-രാഷ്ട്രീയ ചലനങ്ങളെ കൃത്യമായി നോക്കിക്കണ്ടിരുന്നു പി.ജി. ഇടതുപക്ഷങ്ങളുടെയും ഇസ്‌ലാമിന്റെയും സാധ്യതകളെ അദ്ദേഹം കണ്ടിരുന്നു. ക്രിസ്ത്യന്‍ രാഷ്ട്രങ്ങളുടെ പിന്‍ബലത്തില്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിക രാഷ്ട്ര സംവിധാനങ്ങളെയും ജൂതന്മാര്‍ നശിപ്പിക്കുകയാണെന്ന സ്വകാര്യ വായനയായിരുന്നു പി.ജിക്കുണ്ടായിരുന്നത്. അമേരിക്കയുടെ ഏകധ്രുവ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന ഇസ്‌ലാമിക കാഴ്ചപ്പാടുകളില്‍നിന്നും പുതിയ ലോകകൂട്ടായ്മ ഉണ്ടാകുമെന്ന് പി.ജി പ്രത്യാശിച്ചു. അതേക്കുറിച്ച് പ്രായോഗിക നിലപാടുകള്‍ രൂപപ്പെടുത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പുതിയ ഒരു ലോകക്രമത്തില്‍ മതദര്‍ശനങ്ങളുടെ പ്രസക്തി ദര്‍ശിച്ച അദ്ദേഹം കമ്യൂണിസത്തിനും സോഷ്യലിസത്തിനും അതില്‍ പങ്കുചേരാമെന്നും വാദിച്ചു. വിശ്വാസത്തെയും ആചാരങ്ങളെയും കമ്യൂണിസ്റ്റുകാരന്‍ എങ്ങനെ കാണണമെന്ന് പറഞ്ഞുകൊണ്ട് മാര്‍ക്‌സിസ്റ്റ് ചിന്തകളെ വിലയിരുത്താനും പി.ജി ശ്രമിച്ചിരുന്നു. ഇത്തരം ആലോചനകളുടെ പരിസരത്തുനിന്നുകൊണ്ടായിരുന്നു അദ്ദേഹം ലോക സംഭവങ്ങളുടെ പുതിയ വികാസങ്ങളെ നോക്കിക്കണ്ടത്. മതങ്ങളുടെ ഐക്യ ആഹ്വാനങ്ങളില്‍നിന്നാണ് സോഷ്യലിസത്തിന് സമാനമായ പല കാഴ്ചപ്പാടുകളും സമ്മാനിച്ചതെന്ന് പറയാനും പി.ജി മറന്നിരുന്നില്ല.
ഹിസ്ബുല്ലയും ഹമാസും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ധാര്‍മികമാണെന്നും അവയുടെ പ്രവര്‍ത്തകര്‍ വിശുദ്ധ ജീവിതത്തിന്റെ ഉടമകളാണെന്നും പി.ജി കണ്ടെത്തുന്നു. പി.എല്‍.ഒ സാധാരണ പാര്‍ട്ടിയായി നിലകൊണ്ടപ്പോള്‍ ഹമാസ് രാജ്യത്തിന് വേണ്ടി ആത്മാര്‍പ്പണം ചെയ്തു. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഹമാസിനെയും ഹിസ്ബുല്ലയെയും തീവ്രവാദ പ്രസ്ഥാനങ്ങളായി കാണാന്‍ കഴിയില്ലെന്നും പി.ജി പറയുമായിരുന്നു.
സ്ഥാപനവത്കരിക്കപ്പെടുന്ന കക്ഷി-രാഷ്ട്രീയത്തില്‍ പലപ്പോഴും പി.ജിയെ പോലുള്ളവരുടെ ചിന്തകള്‍ക്ക് ഇടം കിട്ടിയിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുമായി ഇടതുപക്ഷത്തിന് സഹകരിക്കാവുന്ന നിരവധി മേഖലകളുണ്ട്. ഇടതുപക്ഷക്കാരുടെ സമീപനങ്ങളിലും മനോഭാവങ്ങളിലും വ്യത്യാസം വരണമെന്നതുപോലെ ജമാഅത്തെ ഇസ്‌ലാമിയും കുറെക്കൂടി പ്രായോഗികമായി വിശാല വീക്ഷണം പുലര്‍ത്തണമെന്ന് പി.ജി നിരീക്ഷിച്ചു. ജനപക്ഷ രാഷ്ട്രീയത്തിനായി പുതിയ ഐക്യചേരികളെ കാലഘട്ടത്തിനനുസരിച്ച് വികസിപ്പിക്കാന്‍ കഴിയണം. അതിനായിരുന്നു പി.ജിയെ പോലുള്ളവര്‍ ശ്രമിച്ചത്. സാമ്രാജ്യത്വവിരുദ്ധ ബോധവത്കരണത്തില്‍ ഇടതുപക്ഷത്തിന് വിജയിക്കാനായില്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ടായിരുന്നു ഐക്യപ്പെടലിന്റെ പുതിയ സാധ്യതകളെ കുറിച്ച് പി.ജി വാചാലനായത്.
Comments