ബ്രഹ്മപുത്ര പ്രക്ഷുബ്ധമാവുന്നത്...
ഇന്ത്യയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ ത്രികോണാകൃതിയില്‍ ഒരു സംസ്ഥാനമുണ്ട്. അവിടെ സൂര്യന്‍ ഉദിക്കുന്നത് രാവിലെ 4.30 നും അസ്തമിക്കുന്നത് വൈകിട്ട് 5.30 നുമാണ്. വയലും കൃഷിയുമൊക്കെയുള്ള അവിടുത്തെ ഫലഭൂയിഷ്ഠമായ മണ്ണില്‍ കൂടുതല്‍ കൃഷി ചെയ്യുന്നത് ചണവും കരിമ്പും നെല്ലുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേയില ഉല്‍പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. പട്ടുവസ്ത്ര നിര്‍മാണവും ഇവിടത്തുകാരുടെ പ്രധാന തൊഴിലുകളിലൊന്നാണ്. ബിഹു നൃത്തത്തിന്റെയും ഭൂപന്‍ ഹസാരികയുടെയും നാട്, ആസാം.
ആസാമില്‍ 35 ശതമാനം മുസ്‌ലിംകളാണ്. 17 ശതമാനം ബോഡോകളും. അവിടത്തെ പ്രധാന ഗോത്ര വിഭാഗങ്ങളിലൊന്നാണ് ബോഡോകള്‍. ശേഷിച്ച 48 ശതമാനത്തില്‍ ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണരും, സന്താള്‍ ആദിവാസികളും മറ്റു ഗോത്ര വിഭാഗക്കാരായ കര്‍ബികളും ലാരുകളും, ദിവാഡകളും ഉള്‍പ്പെടും.
ആസാമിലെ ജനങ്ങള്‍ അവിടത്തെ പ്രധാന നദിയായ ബ്രഹ്മപുത്രയെപ്പോലെയാണ്. ഝടുതിയില്‍ പ്രക്ഷുബ്ധമാകും. അതുകൊണ്ടായിരിക്കാം ആസാമിന് കലാപങ്ങളുടെ ഒരു ചരിത്രം തന്നെ പറയാനുണ്ടായത്. സ്വതന്ത്ര്യാനന്തര ഭാരതത്തില്‍ ഒറ്റ രാത്രി കൊണ്ട് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട കലാപം നടന്നത് ആസാമിലാണ്, 1983 ഫെബ്രുവരി 18-ന്. അന്ന് 2191 മുസ്‌ലിംകളാണ് ബോഡോകളാല്‍ കൊല്ലപ്പെട്ടത്. അതിന് മുമ്പും ശേഷവും ചെറുതും വലുതുമായ ആക്രമണങ്ങള്‍ ബോഡോകള്‍ അഴിച്ചുവിട്ടിട്ടുണ്ട്. മുസ്‌ലിംകള്‍ക്കു നേരെ മാത്രമല്ല സന്താള്‍ ആദിവാസി സമൂഹത്തിനും, മറ്റു ഗോത്ര സമുദായങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ഇന്ത്യന്‍ ഭരണഘടനയുടെ 6-ാം വകുപ്പനുസരിച്ച് പരിപൂര്‍ണമായും സ്വന്തം പരമാധികാരത്തില്‍ കൊണ്ടുവരാനുള്ള ബോഡോകളുടെ രാഷ്ട്രീയ നീക്കമാണ് ഈ കലാപങ്ങളുടെയെല്ലാം മുഖ്യ കാരണം. ഇപ്പോള്‍ കൊക്രാജര്‍, ചിരാഗ്, ബക്‌സ, ഉദല്‍ ഗുരി എന്നീ നാലു ജില്ലകള്‍ 'ബോഡോലാന്റ് ടെറിറ്റോറിയല്‍ ഓട്ടോണമസ് ഡിസ്ട്രിക്ട്‌സ് (ബി.ടി.എ.ഡി) ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ ഈ നാലു ജില്ലകളില്‍ നിന്നും പ്രദേശത്തെ ഭൂരിപക്ഷമായിരുന്ന മുസ്‌ലിംകളെ, 'ബംഗ്ലാദേശികള്‍' എന്ന് മുദ്ര കുത്തി ആട്ടിയോടിക്കുകയാണുണ്ടായത്.
ഈ കലാപത്തെ തുടര്‍ന്ന് ഔദ്യോഗിക കണക്കനുസരിച്ച് 90 പേര്‍ കൊല്ലപ്പെടുകയും 277 ക്യാമ്പുകളിലായി 4,46,108 പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബര്‍ 29-ന് ആസാമിലെ വിവിധ അഭയാര്‍ഥിക്യാമ്പുകളില്‍ കഴിയുന്ന മുസ്‌ലിംകള്‍ സംഘടിച്ചുകൊണ്ട് കൊക്രാജറില്‍ ഒരു ലക്ഷം പേര്‍ പങ്കെടുത്ത റാലി നടത്തുകയുണ്ടായി. പക്ഷേ, ഭരണകൂടം വന്‍ പട്ടാള സന്നാഹത്തോടെ അത് അടിച്ചമര്‍ത്തി. ഈ സംഭവം ദേശീയ-പ്രാദേശിക (മലയാളമുള്‍പ്പെടെ) മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.
ഒരു മാസത്തിനു ശേഷം അഭയാര്‍ഥികളായ മുസ്‌ലിംകള്‍ സ്വന്തം മണ്ണിലേക്ക് വന്നുകൊണ്ടിരിക്കുമ്പോഴാണ്, ഇക്കഴിഞ്ഞ നവംബര്‍ ആദ്യവാരത്തില്‍ വീണ്ടും ആക്രമണമുണ്ടായത്. ഇതില്‍ ആസാമിലെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. കൊക്രാജര്‍ ജില്ലയിലെ ഹാത്തി ദുരൈയില്‍ മാത്രം അധ്യാപകനായ അസറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ചുപേരെ ബോഡോകള്‍ വെടിവെച്ചു കൊന്നു. എന്നാല്‍, ഇത്തവണ മുസ്‌ലിംകള്‍ വളരെ പക്വമായിത്തന്നെ പ്രതികരിച്ചു. എന്റെ സുഹൃത്തും മുന്‍ ആസാം എസ്.ഐ.ഒ പ്രസിഡന്റു കൂടിയായ ഷഫീഖുര്‍റഹ്മാന്റെ നേതൃത്വത്തില്‍ അവര്‍ ബോഡോ കലാപകാരികളെ തടഞ്ഞുവെക്കുകയും അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ഇന്നും പത്ത് ബോഡോകള്‍ കസ്റ്റഡിയിലാണ്. ആസാം ഗവര്‍ണര്‍ ശ്രീ ജാനകി ഭല്ലവ് പട്‌നായിക്ക് ഇടപെട്ട് പട്ടാളത്തെ ഉപയോഗിച്ച് ബോഡോകള്‍ അനധികൃതമായി വെച്ചിരിക്കുന്ന 250 എ.കെ 47 തോക്കുകള്‍ പിടിച്ചെടുത്തു. എന്നാല്‍ ഇത് ആകെയുള്ള ആയുധശേഖരണത്തിന്റെ ഒരു ശതമാനം മാത്രമാണ്.
കലാപത്തിനു രണ്ടു മാസങ്ങള്‍ക്കു ശേഷം അഷ്‌കര്‍ കബീറിന്റെ നേതൃത്വത്തിലുള്ള ഒരു ഡോക്യുമെന്ററി ടീമിനൊപ്പം ആസാം സന്ദര്‍ശിക്കാന്‍ ഈ ലേഖകനും അവസരമുണ്ടായി. മൂന്ന് ദിവസം ഡോക്യുമെന്ററി ടീമിനൊപ്പം കലാപബാധിത പ്രദേശങ്ങള്‍, അഭയാര്‍ഥി ക്യാമ്പുകള്‍ എന്നിവ സന്ദര്‍ശിക്കുക; മറ്റു മൂന്നു ദിവസം മെഡിക്കല്‍ ക്യാമ്പുകളില്‍ സേവനമനുഷ്ഠിക്കുക ഇതായിരുന്നു ലക്ഷ്യം. കലാപത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന ഭീതിപ്പെടുത്തുന്ന വാര്‍ത്തകളും ഇന്റര്‍നെറ്റില്‍ പ്രചരിച്ചുകൊണ്ടിരുന്ന തുണിനാരിഴ പോലുമില്ലാതെ പരിപൂര്‍ണ നഗ്നരാക്കിയ സ്ത്രീകളെ കാലും കൈയും തലയും വെട്ടിമാറ്റിയതുള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന ചിത്രങ്ങളും കണ്ടറിഞ്ഞതിനു ശേഷമാണ് യാത്ര. ആസാമിലെ ഓരോ ദിവസത്തെയും കാഴ്ചകള്‍ മനസ്സില്‍ കനത്ത ആഘാതം സൃഷ്ടിക്കുകയുണ്ടായി.
ക്യാമ്പുകളിലൊന്നില്‍ ജന്നത്ത് ബീഗം എന്ന 14 വയസുകാരി പെണ്‍കുട്ടിയെ കണ്ടു. ജന്നത്തിന് പനി ബാധിച്ച് 12 ദിവസം പിന്നിട്ടിരുന്നു. ലക്ഷണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മലേറിയക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. ക്യാമ്പുകളില്‍ പകര്‍ച്ച വ്യാധികള്‍ സര്‍വസാധാരണമായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചു. ക്ഷയം, കുഷ്ഠം, മലേറിയ എന്നിവ ബാധിച്ചവര്‍ അവിടെ ഒരുമിച്ചാണ് തിങ്ങിപ്പാര്‍ത്തിരുന്നത്. 100 പേര്‍ക്ക് കഴിയാന്‍ തന്നെ പ്രയാസപ്പെടുന്നിടത്ത് 1000 പേര്‍ തിങ്ങി പാര്‍ക്കുന്നതിന്റെ ദുരിതമെത്രയാണെന്ന് ചിന്തിച്ചു നോക്കൂ.
മറ്റൊരു ക്യാമ്പില്‍ 11 വയസ്സുകാരന്‍ ഇസുദ്ദീന്‍ ഷെയ്ഖ്. അവന്റെ തുടയെല്ലുകള്‍ ബോഡോ കലാപകാരികള്‍ അടിച്ചു തകര്‍ത്തിരിക്കുന്നു. പൊടിഞ്ഞു പോയ എല്ലിന്‍ കഷണങ്ങള്‍ കമ്പിയിട്ട് കൂട്ടിച്ചേര്‍ത്ത് വച്ചിരിക്കുന്നു. അവന്‍ എഴുന്നേറ്റ് നടന്നിട്ട് മാസങ്ങളായി.
തുടയില്‍ വെട്ടേറ്റ 13 വയസ്സുകാരി ഫുല്ലൈസാര്‍ ബീഗത്തെയും ഞങ്ങള്‍ കണ്ടു. മുത്തഛനോടൊപ്പം മുറ്റത്തു കളിച്ചു നില്‍ക്കുമ്പോഴായിരുന്നു അവള്‍ ആക്രമിക്കപ്പെട്ടത്. കണ്‍മുന്നില്‍വെച്ച് അവര്‍ മുത്തഛനെ വെട്ടി കൊലപ്പെടുത്തി. രണ്ടു മാസങ്ങള്‍ക്കു ശേഷവും ഫുല്ലൈസാറിന്റെ തുടയിലെ ആ മുറിവ് ഉണങ്ങിയിട്ടില്ല. മുറിവ് ഉണങ്ങിയാലും ആ കുരുന്നിന്റെ മനസ്സിനേറ്റ മുറിവ് ഉണങ്ങുമെന്ന് തോന്നുന്നില്ല.
ഒരിടത്ത് മെഡിക്കല്‍ ക്യാമ്പ് നടക്കുമ്പോള്‍ മറുഭാഗത്ത് ഞങ്ങളുടെ ടീം ലീഡര്‍ കൂടിയായ മുഹമ്മദ് മാസ്റ്റര്‍ ആ ക്യാമ്പിലെ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. ക്ലാസിനെക്കുറിച്ച് അന്ന് വൈകുന്നേരം ഈ ലേഖകന്‍ അദ്ദേഹത്തോട് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: കുട്ടികള്‍ക്ക് സാരെ ജഹാം സെ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാര എന്ന് പാടി കൊടുത്തപ്പോള്‍, അതില്‍ 'ഹിന്ദുസ്ഥാന്‍ ഹമാര' എന്ന് പാടുമ്പോള്‍ അവരുടെ തൊണ്ടയിടറി. ''എന്താണ് അവരുടെ അവസ്ഥ? ഇനി അവരൊക്കെ എന്തു ചെയ്യും? എങ്ങോട്ട് പോകും?'' എന്നിങ്ങനെ കുറെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ആരോടെന്നില്ലാതെ ചോദിച്ച്, പകച്ചു നില്‍ക്കുന്ന എന്നെ കെട്ടിപ്പിടിച്ച് അദ്ദേഹം ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു. ഭാരതത്തിന്റെ മതേതരത്വം എന്ന വികാരത്തിനേറ്റ മുറിവിന്റെ നീറ്റലാണ് അദ്ദേഹത്തെ കരയിച്ചത്. ത്രിവര്‍ണ പതാകയിലെ നിറങ്ങള്‍ ധീരതയുടെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റേയുമൊക്കെ അര്‍ഥ സങ്കല്‍പങ്ങള്‍ക്കു പകരം, ഇന്ന് മതത്തിന്റെയും വംശീയ-വര്‍ഗീയ കൊലവെറികളുടെയും വിവേചനത്തിന്റേയുമൊക്കെ അടയാളങ്ങളായി മാറിയിരിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആസാം കലാപം.
വെള്ളപ്പൊക്കം ബാധിച്ച ക്യാമ്പുകളും ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. വെള്ളവും ചെളിയും കെട്ടി നില്‍ക്കുന്ന പരിസരങ്ങള്‍. പല ക്യാമ്പുകളിലും കക്കൂസ്-കുളിമുറി സൗകര്യമുണ്ടായിരുന്നില്ല. കാറ്റടിച്ചാല്‍ പാറിപ്പറക്കുന്ന ഒരു മറ-അതായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ കുളിമുറി; വിസര്‍ജനം തുറസ്സായിത്തന്നെ. പോഷകാഹാരക്കുറവ് മിക്കവരിലുമുണ്ടായിരുന്നു. വ്യക്തി ശുചിത്വം തീരെയില്ല. വിദ്യാഭ്യാസത്തിന്റെ കുറവ് നന്നായി അറിയാന്‍ കഴിഞ്ഞു. അക്ഷരം അഭ്യസിച്ചു തുടങ്ങിയ കുട്ടികള്‍ക്കാണെങ്കില്‍ കലാപശേഷം സ്‌കൂളില്‍ പോകാന്‍ കഴിയാത്ത അവസ്ഥ.
മറുഭാഗത്ത് ബോഡോ ക്യാമ്പുകളാണെങ്കില്‍ നേരെതിരിച്ചാണ്. ക്യാമ്പുകള്‍ എന്ന് പറയുന്നത് സ്‌കൂള്‍ കെട്ടിടങ്ങളല്ല, മറിച്ച് സര്‍ക്കാര്‍ തന്നെ കെട്ടിക്കൊടുത്ത വീടുകളാണ്. അവിടെ വൈദ്യുതിയൊഴിച്ച് മറ്റെല്ലാ സൗകര്യവുമുണ്ട്. കുട്ടികള്‍ക്ക് ക്ലാസ് മുറി വരെയുണ്ട്. ഈ ക്യാമ്പുകള്‍ തന്നെ ഉണ്ടാക്കിയത് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ടി മാത്രമാണ്. അവരില്‍ ഭൂരിഭാഗവും സ്വയം വീടുവിട്ടിറങ്ങി വന്നവരാണ്.
ക്യാമ്പുകളിലേക്കുള്ള യാത്രാമധ്യേ കത്തിനശിച്ച വീടുകളും, തകര്‍ക്കപ്പെട്ട വീടുകളും കണ്ടു. ഓരോ വീടും പൂര്‍ണമായും നശിപ്പിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ തകര ആസ്ബസ്റ്റോസ് കൊണ്ടു നിര്‍മിച്ച അബ്ദുല്‍ സബൂറിന്റെ വീടുമുണ്ടായിരുന്നു. അയാളുടെ അപാരമായ ആത്മധൈര്യം ഒന്നുകൊണ്ടു മാത്രമാണ് ഇന്നും അയാളും അയാളുടെ കുടുംബവും അവിടെത്തന്നെ താമസിക്കുന്നത്. അദ്ദേഹത്തിന്റെ വീട് ബോഡോകള്‍ ഭാഗികമായി തകര്‍ത്തിരിക്കുന്നു. വീട്ടിലെ എല്ലാ രേഖകളും നശിപ്പിച്ചിരിക്കുന്നു. വധിക്കലല്ല, മറിച്ച് ഉപദ്രവിക്കുകയും രേഖകളൊക്കെ നശിപ്പിക്കുകയുമാണ് ബോഡോകളുടെ ഇത്തവണത്തെ ഉദ്ദേശ്യമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. രേഖകള്‍ നശിപ്പിച്ച് 'ബംഗ്ലാദേശികള്‍' ആക്കലാണ് ഗൂഢതന്ത്രം. അല്ലായിരുന്നുവെങ്കില്‍ അബ്ദുല്‍ സബൂര്‍ ഇന്ന് ബോഡോ ലാന്‍ഡില്‍ അദ്ദേഹത്തിന്റെ പാതി തകര്‍ക്കപ്പെട്ട വീട്ടില്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.
ചില വീടുകളുടെ പടിക്കല്‍ ഒരു ചുവന്ന തുണി കെട്ടിവെച്ചിരുന്നു. അന്വേഷിച്ചപ്പോള്‍ അത് ബോഡോകളുടെ വീടുകളാണെന്ന് മനസ്സിലായി. ബോഡോകളുടെ വീടുകള്‍ തിരിച്ചറിയാനാണ് ഈ അടയാളം. ഇതില്‍ നിന്നും ഈ കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ലെന്നും മുന്‍കൂട്ടി തയാറാക്കിയ ഒരു തിരക്കഥയുടെ ബാക്കിപത്രമാണെന്നും ഉറപ്പിക്കാം.
മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുന്ന ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ മരുന്നുകള്‍ കണക്കു നോക്കി ആവശ്യമായവക്ക് ഓര്‍ഡര്‍ കൊടുക്കുക പതിവാണ്. അതിനുശേഷം തിരിച്ചു വരുമ്പോഴേക്കും നേരം ഇരുട്ടിയിരിക്കും. രാത്രി 8 മണിക്കു ശേഷം ഞങ്ങളുടെ താമസ സ്ഥലത്തേക്ക് വാഹനസൗകര്യം ഇല്ല. അങ്ങനെയുള്ള ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി പെയ്ത കോരിച്ചൊരിയുന്ന മഴയില്‍ പാതി നനഞ്ഞ് ഒരു പീടികയുടെ ഇറയത്ത് കയറി നില്‍ക്കുകയായിരുന്നു. തൊട്ടടുത്തുള്ള എ.ടി.എമ്മില്‍ കയറിയ ഒരു പട്ടാളക്കാരനെ എന്റെ സുഹൃത്ത് ഡോ. ബാസില്‍ യൂസുഫ് പരിചയപ്പെട്ടു. അയാള്‍ മലയാളിയായിരുന്നു. അവരുടെ വാഹനത്തില്‍ ഞങ്ങളെ കയറ്റി താമസസ്ഥലത്ത് ഇറക്കിത്തന്നു. യാത്രാ മധ്യേ പട്ടാളക്കാരനുമായി ഒരുപാട് സംസാരിച്ചു. പട്ടാളത്തിനു പോലും ബോഡോകളെ ഭയമാണെന്ന് അപ്പോഴാണ് മനസ്സിലായത്. അവരുടെ ആയുധശേഷി അത്രമാത്രം ഭയാനകമായിരുന്നു. ബോഡോ ഭൂരിപക്ഷ പ്രദേശമെല്ലാം വനമേഖലകളാണ്. വനത്തിലെ വടവൃക്ഷങ്ങള്‍ വെട്ടിവിറ്റാണ് ആയുധശേഖരത്തിനുള്ള സാമ്പത്തിക ശേഷി അവര്‍ നേടിയെടുത്തതെന്ന് ആ മലയാളി പട്ടാളക്കാരന്‍ സൂചിപ്പിച്ചു. ടിബറ്റ്, ഭൂട്ടാന്‍, മ്യാന്മര്‍ എന്നീ അയല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്ന മേഖല കൂടിയായതിനാല്‍ ആയുധ വ്യാപാരവും, മയക്കുമരുന്ന് കള്ളക്കടത്തും സജീവമാണത്രെ.
ഇതുപോലൊരു ദിവസം രാത്രിയില്‍ തിരിച്ചുവരാന്‍ നിര്‍വാഹമില്ലാതെ വന്നപ്പോള്‍ ഞാനും എന്റെ സുഹൃത്ത് ഡോ. ബാസില്‍ യൂസുഫും കൂടി ഒരു സൈക്കിള്‍ റിക്ഷയില്‍ കയറാന്‍ തീരുമാനിച്ചു. ആസാമില്‍ 35 ശതമാനം മുസ്‌ലിംകളാണ്. പക്ഷേ, അവര്‍ ഇന്നും അടിമകളെപ്പോലെയാണ്. ക്ഷയവും കുഷ്ഠവും ബാധിച്ചവര്‍, ഗഡ്ക്ക ചവച്ച് അര്‍ബുദം ബാധിച്ചവര്‍, വ്യക്തി ശുചിത്വമില്ലാത്തവര്‍, വിദ്യാഭ്യാസമില്ലാത്തവര്‍.... അവരിലെ പുരുഷന്മാര്‍ കൊക്കിക്കുരച്ച് റിക്ഷ വലിച്ചും, ശ്വാസം മുട്ടി സൈക്കിള്‍ റിക്ഷ ചവിട്ടിയുമാണ് അന്നന്നത്തെ അത്താഴത്തിനുള്ള വക കണ്ടെത്തുന്നത്. സാഹചര്യത്തിന്റെ സമ്മര്‍ദം കൊണ്ടാണെങ്കിലും റിക്ഷയില്‍ കയറിയ ഞങ്ങള്‍ക്കിരുവര്‍ക്കും ആ സാധു മനുഷ്യനെ അടിമയെപ്പോലെ പണിയെടുപ്പിക്കുന്നത് അരോചകമായിത്തോന്നി. എന്റെ സുഹൃത്തിന് ഒരാശയം തോന്നി. പാതിവഴിയില്‍ ഇറങ്ങി ആ മനുഷ്യന് മുഴുവന്‍ തുകയും നല്‍കുക. പിന്നീട് നടക്കുക. മനഃസമാധാനത്തിന് ഞങ്ങള്‍ അങ്ങനെ ചെയ്തു.
ആസാമിന്റെ മണ്ണില്‍ ഇന്ന് അഞ്ചോളം സന്നദ്ധ സംഘടനകള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ആശയപരമായി വ്യത്യസ്തരെങ്കിലും, ഇക്കാര്യത്തില്‍ ഒത്തൊരുമയാണ് വേണ്ടത്. ഒരു കൂട്ടായ്മ അത്യാവശ്യമാണ്. വ്യക്തമായ പദ്ധതികള്‍ ഈ കൂട്ടായ്മ ഏറ്റെടുത്ത് നടപ്പില്‍ വരുത്തണം. ഒറ്റക്കൊറ്റക്ക് എന്തെങ്കിലും ചെയ്ത് എവിടെയും എത്താതെ പോകുന്നതിനേക്കാള്‍ മെച്ചം അതാണ്. മെഡിക്കല്‍ ക്യാമ്പുകള്‍ സജീവമാക്കണം. ശുചിത്വത്തിന് പ്രധാന്യം നല്‍കണം. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടണം. ഓരോ ക്യാമ്പിലും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഒരു മാടിനെ അറുത്ത് മാംസം വിതരണം ചെയ്യണം. അതിലൂടെ പോഷകാഹാരക്കുറവ് ഒരു പരിധിവരെ നിയന്ത്രിക്കാം. മുട്ടയും പാലും വിതരണം ചെയ്യുന്നത് സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കും എന്നതിനാല്‍ അത് പ്രായോഗികമല്ല. നഷ്ടമായ തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍ കാര്‍ഡ്, വീടിന്റെയും സ്ഥലത്തിന്റെയും ആധാരം എന്നിവ വീണ്ടെടുക്കാന്‍ സഹായിക്കണം. ഏറ്റവും ഒടുവില്‍ മുസ്‌ലിംകള്‍ക്ക് സ്വന്തം സ്ഥലത്തേക്ക് സമാധാനപരമായി കടന്നു ചെല്ലാനുള്ള അവസരം ഒരുക്കണം. സമാധാന ശ്രമങ്ങളുടെ ഭാഗമായി ബോഡോ നേതാക്കളുമായി സന്ധിയിലേര്‍പ്പെടണം. യഥാര്‍ഥത്തില്‍ അവരിലെ സാധാരണക്കാര്‍ സമാധാന കാംക്ഷികളാണ്.
നാലു മാസങ്ങള്‍ക്കിപ്പുറം ബ്രഹ്മപുത്ര വീണ്ടും പ്രക്ഷുബ്ധമാവുകയാണ്. ഇന്ത്യയുടെ വടക്കു കിഴക്കിന്റെ കവാടത്തില്‍ സമാധാനത്തിന്റെ പൊന്‍കിരണങ്ങള്‍ എന്ന് പ്രഭ ചൊരിയും?
[email protected]
Comments