Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 4

ഇതെന്തൊരു ഗ്രന്ഥം തമ്പുരാനേ!

ഇ.സി സൈമണ്‍ മാസ്റര്‍

ഏറ്റവും സത്യസന്ധമായും ആധികാരികമായും വസ്തുതകള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥമാണല്ലോ വിശുദ്ധ ഖുര്‍ആന്‍. എന്നാല്‍, അതിനേക്കാള്‍ ബൃഹത്തും വിസ്തൃതവും പ്രപഞ്ച സൃഷ്ടിയേക്കാള്‍ പഴക്കമുള്ളതും, മനുഷ്യബുദ്ധിക്കോ സങ്കല്‍പങ്ങള്‍ക്കോ ചെന്നെത്താനവാത്ത ഏതോ ഒരു കാലം മുതലുള്ള എല്ലാ കാര്യങ്ങളെയും സംബന്ധിച്ച സമ്പൂര്‍ണ വിജ്ഞാനം ഉള്‍ക്കൊള്ളുന്നതുമായ ഒരു പാവന ഗ്രന്ഥം സര്‍വജ്ഞനും സര്‍വശക്തനുമായ ദൈവം, അല്ലാഹു സൂക്ഷിച്ചിട്ടുള്ളതായി ഖുര്‍ആന്‍ പറയുന്നു.ആ അതിവിശിഷ്ട ഗ്രന്ഥമാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യ വിഷയം.
ഭൂമിയിലെ മുഴുവന്‍ മനുഷ്യര്‍ക്കുമായി ദൈവത്തില്‍നിന്ന് അവതരിച്ച പരിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍. എങ്കിലും അല്ലാഹുവിന്റെ വിജ്ഞാനവും അറിവും സമ്പൂര്‍ണമായി അതില്‍ അടങ്ങിയിട്ടില്ല. എല്ലാ കാലത്തേക്കും ബാധകമായ ദൈവത്തിന്റെ നിയമങ്ങളും നിശ്ചയങ്ങളും പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന മറ്റൊരു ഗ്രന്ഥത്തെപ്പറ്റി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. 'ഉമ്മുല്‍ കിതാബ്' എന്നാണ് ഖുര്‍ആനില്‍ അതിന്റെ നാമം- ങീവേലൃ ീള വേല ആീീസ (13:39). ഉമ്മുല്‍ കിതാബിന്റെ ഒരു ചെറിയ ഭാഗം മാത്രമേ നമുക്ക് പരിചിതമായ ഖുര്‍ആനില്‍ അടങ്ങിയിട്ടുള്ളൂ.
ഓരോ മനുഷ്യനും ചെയ്ത ചെറുതും വലുതുമായ എല്ലാ കൃത്യങ്ങളും ഉമ്മുല്‍ കിതാബില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അന്ത്യവിധി നാളില്‍ - പുനരുദ്ധാന ദിനം- എല്ലാ മനുഷ്യരും ആദ്യം സൃഷ്ടിക്കപ്പെട്ടത് ഏതുപോലെയോ അതുപോലെ നഗ്നരായി അല്ലാഹുവിന്റെ മുന്നില്‍ ഒന്നിച്ചു ചേര്‍ക്കപ്പെടും. ഖുര്‍ആനില്‍ ആ സംഭവം വിവരിക്കുന്നത് ഇങ്ങനെ:
"നിന്റെ നാഥന്റെ മുന്നില്‍ അവരൊക്കെയും അണിയണിയായി നിര്‍ത്തപ്പെടും. അപ്പോഴവന്‍ പറയും: നിങ്ങളെ നാം ആദ്യ തവണ സൃഷ്ടിച്ചപോലെ നിങ്ങളിതാ നമ്മുടെ അടുത്ത് വന്നിരിക്കുന്നു. ഇത്തരം ഒരു സന്ദര്‍ഭം നിങ്ങള്‍ക്ക് നാം ഉണ്ടാക്കുകയേ ഇല്ല എന്നാണല്ലോ നിങ്ങള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്.
കര്‍മപുസ്തകം നിങ്ങളുടെ മുന്നില്‍ വെക്കും. അതിലുള്ളവയെപ്പറ്റി പേടിച്ചരണ്ടവരായി പാപികളെ നീ കാണും. അവര്‍ പറയും: അയ്യോ, ഞങ്ങള്‍ക്കു നാശം! ഇതെന്തൊരു കര്‍മരേഖ! ചെറുതും വലുതമായ ഒന്നും തന്നെ ഇത് വിട്ടുകളഞ്ഞിട്ടില്ലല്ലോ. അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും തങ്ങളുടെ മുന്നില്‍ വന്നെത്തിയതായി അവര്‍ കാണുന്നു. നിന്റെ നാഥന്‍ ആരോടും അനീതി കാണിക്കുകയില്ല'' (18:48,49).
ദൈവാനുഗ്രഹം സിദ്ധിക്കാനിരിക്കുന്നവര്‍ക്കും ദൈവശിക്ഷ അനുഭവിക്കാനിരിക്കുന്നവര്‍ക്കുമായി രണ്ടുതരം രജിസ്ററുകള്‍ ദൈവത്തിന്റെ സൂക്ഷിപ്പില്‍ ഉള്ളതായി ഖുര്‍ആന്‍ പറയുന്നു. ദൈവപ്രീതി നേടി ഭാഗ്യശാലികളുടെ കര്‍മരേഖകള്‍ 'ഇല്ലീയിനി'യിലായിരിക്കും സൂക്ഷിച്ചിട്ടുണ്ടാവുക. ദൈവസാമീപ്യം സിദ്ധച്ചവരാവും അതിനു സാക്ഷികള്‍.
"സംശയമില്ല. സുകര്‍മികളുടെ കര്‍മരേഖ ഇല്ലിയീനിലാണ്. ഇല്ലിയീനെ സംബന്ധിച്ച് നിനക്കെന്തറിയാം? അതൊരു ലിഖിത രേഖയാണ്. ദൈവസാമീപ്യം സിദ്ധിച്ചവര്‍ അതിനു സാക്ഷികളായിരിക്കും. സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളിലായിരിക്കും. ചാരുമഞ്ചങ്ങളിലിരുന്ന് അവരെല്ലാം നോക്കിക്കാണും. അവരുടെ മുഖങ്ങളില്‍ ദിവ്യാനുഗ്രഹങ്ങളുടെ ശോഭ നിനക്കു കണ്ടറിയാം'' (83:14-24).
കുറ്റവാളികളുടെ കര്‍മരേഖ 'സിജ്ജീനി'ല്‍ ആയിരിക്കും. കത്തിക്കാളുന്ന നരകത്തീയില്‍ കിടന്നെരിയാനുള്ളവരാണവര്‍. തങ്ങളുടെ നാഥനെ കാണുന്നതില്‍നിന്ന് അവര്‍ വിലക്കപ്പെടും.
"സംശയമില്ല; കുറ്റവാളികളുടെ കര്‍മരേഖ സിജ്ജീനില്‍ തന്നെ. സിജ്ജീന്‍ എന്നാല്‍ എന്തെന്ന് നിനക്കെന്തറിയാം? അതൊരു ലിഖിത രേഖയാണ്. അന്നാളില്‍ നാശം സത്യനിഷേധികള്‍ക്കാണ്. അവരോ, പ്രതിഫലനാളിനെ കള്ളമാക്കി തള്ളുന്നവര്‍. അതിക്രമിയും അപരാധിയുമല്ലാതെ ആരും അതിനെ തള്ളിപ്പറയുകയില്ല. നമ്മുടെ സന്ദേശം ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവര്‍ പറയും: ഇത് പൂര്‍വികരുടെ പൊട്ടക്കഥകളാണ്. അല്ല അവര്‍ ചെയ്തുകൂട്ടുന്ന കുറ്റങ്ങള്‍ അവരുടെ ഹൃദയങ്ങളിന്മേല്‍ കറയായി പറ്റിപ്പിടിച്ചിരിക്കുകയാണ്. നിസ്സംശയം; ആ ദിനത്തിലവര്‍ തങ്ങളുടെ നാഥനെ ദര്‍ശിക്കുന്നത് വിലക്കപ്പെടും. പിന്നെയവര്‍ കത്തിക്കാളുന്ന നരകത്തീയില്‍ കടന്നെരിയും'' (83:7-16).
ജീവിതകാലത്ത് നന്മ ചെയ്യാന്‍ ലഭിച്ച അവസരങ്ങളെല്ലാം പാഴാക്കി ദൈവത്തിന്റെ ശാപത്തിനും കോപത്തിനും പാത്രമായ നിര്‍ഭാഗ്യവാന്മാര്‍ക്കുള്ള ശിക്ഷാവിധി രേഖപ്പെടുത്തിയ രേഖ ഇടതുകൈയില്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന അവരുടെ അവസ്ഥയും ഖുര്‍ആനിലുണ്ട്. ഇങ്ങനെ: "എന്നാല്‍ ഇടതുകൈയില്‍ കര്‍മപുസ്തകം കിട്ടുന്നവനോ, അവന്‍ പറയും: കഷ്ടം! എനിക്കെന്റെ കര്‍മപുസ്തകം കിട്ടിയില്ലായിരുന്നെങ്കില്‍! എന്റെ കണക്ക് എന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍! മരണം എല്ലാറ്റിന്റെയും ഒടുക്കമായിരുന്നെങ്കില്‍! എന്റെ ധനം എനിക്കൊട്ടും ഉപകരിച്ചില്ല. എന്റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു. അപ്പോള്‍ കല്‍പനയുണ്ടാകുന്നു: നിങ്ങള്‍ അവനെ പിടിച്ച് കുരുക്കിലിടൂ. പിന്നെ നരകത്തീയിലെറിയൂ'' (69:25-31).
ദൈവസന്നിധിയില്‍ ഹാജരാക്കപ്പെടുന്ന അന്ന് നിങ്ങളില്‍നിന്ന് ഒരു രഹസ്യം പോലും മറഞ്ഞുകിടക്കുകയില്ല. അപ്പോള്‍ കര്‍മപുസ്തകം തന്റെ വലതു കൈയില്‍ കിട്ടിയവന്‍ പറയും: "ഇതാ എന്റെ കര്‍മപുസ്തകം; വായിച്ചു നോക്കൂ. 'എന്റെ വിചാരണയെ ഞാന്‍ നേരിടേണ്ടിവരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.' അങ്ങനെ അവര്‍ സംതൃപ്തമായ ജീവിതത്തിലെത്തുന്നു. ഉന്നതമായ സ്വര്‍ഗത്തില്‍. അതിലെ പഴങ്ങള്‍ വളരെ അടുത്തായി തൂങ്ങിക്കിടക്കുന്നുണ്ടായിരിക്കും. കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ചെയ്തിരുന്നതിന്റെ പ്രതിഫലമായി ഇതാ തൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യക'' (69:19-24).
പല പ്രത്യേകതകളും ഉള്ളതാണ് വലതു കൈയിലോ ഇടതുകൈയിലോ ആയി അവസാന ദിവസം അല്ലാഹു കൊടുക്കുന്ന രേഖകള്‍. പരസഹായമില്ലാതെ ആര്‍ക്കും അവ എളുപ്പം വായിച്ചറിയാന്‍ കഴിയും. വിശദീകരണത്തിനായി ആരെയും ആശ്രയിക്കേണ്ടതില്ലാത്തവിധം മനസ്സിലാകുന്ന തരത്തിലായിരിക്കും അതിന്റെ ഭാഷയും ഉള്ളടക്കവും. കണ്ണ് ചിമ്മുന്ന സമയം കൊണ്ട് എല്ലാം വിലയിരുത്തി ഏറ്റവും നീതിപൂര്‍വകമായി അല്ലാഹുവിന്റെ വിധി പ്രസ്താവന വന്നിരിക്കും.
അവന്റെ കാരുണ്യത്തിനും അനുഗ്രഹത്തിനും അര്‍ഹത നേടിയവരെ അല്ലാഹു അറിയിക്കും: "സത്യസന്ധന്മാര്‍ക്ക് തങ്ങളുടെ സത്യം ഉപകരിക്കും ദിനമാണിത്. അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിര വാസികളായിരിക്കും. അവരെക്കുറിച്ച് അല്ലാഹു സംപ്രീതനായിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും സംതൃപ്തരാണ്. അതത്രെ അതിമഹത്തായ വിജയം. ആകാശഭൂമികളുടെയും അവയിലുള്ളവയുടെയും ആധിപത്യം അല്ലാഹുവിനു മാത്രമാണ്. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്'' (5:119,120).
ദൈവാനുഗ്രഹീതര്‍ക്കും ശാപഗ്രസ്തര്‍ക്കും ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിന്റെ താരതമ്യം കാണിക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം ഇങ്ങനെ: "ഭക്തജനത്തിന് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തിന്റെ സ്ഥിതിയോ; അതില്‍ കലര്‍പ്പില്ലാത്ത തെളിനീരരുവികളുണ്ട്. രുചിഭേദമൊട്ടുമില്ലാത്ത പാലൊഴുകും പുഴകളുണ്ട്. കുടിക്കുന്നവര്‍ക്ക് ആസ്വാദ്യകരമായവൈന്‍ നദികളുണ്ട്. ശുദ്ധമായ തേനരുവികളും. അവര്‍ക്കതില്‍ സകലയിനം പഴങ്ങളുമുണ്ട്. തങ്ങളുടെ നാഥനില്‍നിന്നുള്ള പാപമോചനവും. ഇതിന്നര്‍ഹരാകുന്നവര്‍ നരകത്തില്‍ നിത്യവാസിയായവനെപ്പോലെയാണോ? അവരവിടെ കുടിപ്പിക്കപ്പെടുക കുടലുകളെ കീറിപ്പൊളിക്കുന്ന കൊടും ചൂടുള്ള വെള്ളമായിരിക്കും'' (47:15).
ഖുര്‍ആന്‍ പോലെ ഇത്രയധികം സത്യസന്ധമായി വസ്തുതകള്‍ പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ഭൂമിയില്‍ ഉണ്ടോ? ആരുടെയും മുഖം നോക്കാതെയും ആരുടെയും പ്രീതി പ്രതീക്ഷിക്കാതെയും ആരെയും ഭയപ്പെടാതെയും വെട്ടിത്തുറന്ന് കാര്യങ്ങള്‍ പറയുക എന്നതാണ് ആ ഗ്രന്ഥത്തിന്റെ പ്രത്യേകത. കവികളോ സാഹിത്യകാരന്മാരോ ചരിത്രകാരന്മാരോ പ്രവാചകന്മാരായ മനുഷ്യര്‍ പോലുമോ അല്ല അതിന്റെ കര്‍ത്താവെന്നും പ്രപഞ്ചമാകെ സൃഷ്ടിച്ചു പരിപാലിക്കുന്ന സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹു എന്ന ദൈവം തന്നെയാണെന്നും ഏറ്റവും വ്യക്തമായും ആവര്‍ത്തിച്ചും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.
അതു കേള്‍ക്കുമ്പോള്‍ അവിശ്വാസികള്‍ക്ക് സംശയം: അതെങ്ങനെ? അദൃശ്യനായ ദൈവം ഗ്രന്ഥം എഴുതിത്തരുകയോ! അങ്ങനെ ഒരു പതിവ് കേട്ടുകേള്‍വിയില്ലാത്തതാണല്ലോ എങ്ങും. പിന്നെങ്ങനെ വിശ്വസിക്കും?
എന്നാല്‍ മനുഷ്യരുമായി ആശയവിനിമയം നടത്താന്‍ സൃഷ്ടികര്‍ത്താവായ ദൈവം ആദ്യം മുതലേ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളതായി മതവിശ്വാസികള്‍ക്കറിയാം. ഉടുതുണിയില്ലാത്ത മൃഗതുല്യനായ പ്രാകൃത മനുഷ്യനില്‍നിന്ന് വളര്‍ന്നു വേണ്ടതും വേണ്ടാത്തതുമായ എല്ലാ അറിവുകളും നേടി ഇന്നത്തെ പരിഷ്കൃത സമൂഹമായി മനുഷ്യന്‍ ഉയര്‍ന്നത് പടിപടിയായി ദൈവം അവനു വെളിപ്പെടുത്തിക്കൊടുത്ത വിജ്ഞാനത്തില്‍ കൂടിയായിരുന്നു. നിസ്സാരമായ തീപ്പെട്ടിയില്‍നിന്ന് അഗ്നിയും ഊര്‍ജവും ഉണ്ടാക്കാന്‍ ദൈവം പഠിപ്പിച്ചു കൊടുത്ത വിദ്യ ഉപയോഗിച്ച് ആധുനിക മനുഷ്യന്‍ അവന്റെ വിജ്ഞാനം എവിടം വരെ ഉയര്‍ത്തിയെന്നുള്ളതാണ് നമ്മുടെ വികാസ ചരിത്രത്തിന്റെ വഴി.
ദൈവത്തില്‍നിന്നു ലഭിച്ചതോ ദൈവം പഠിപ്പിച്ചതോ അല്ലാത്ത ഒരു ജ്ഞാനവും മനുഷ്യനില്ല. എല്ലാ അറിവുകളും ഒന്നിച്ചോ ഒരേ സമയത്തോ അറിയിക്കുന്നതല്ല ദൈവത്തിന്റെ രീതി. പടിപടിയായും അല്‍പാല്‍പമായും ആയിരിക്കും അവന്‍ നിശ്ചയിക്കുന്ന സമയത്ത് അത് ലഭിക്കുക. അതുകൊണ്ടാണ് പുതിയ പുതിയ കണ്ടുപിടുത്തങ്ങളും അറിവുകളും ഇടക്കിടക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വളരെ എളുപ്പം സാധിക്കാവുന്നതെന്നു തോന്നാവുന്ന പല അറിവുകളും ഇന്നും മനുഷ്യനും ലഭ്യമായിട്ടില്ല. അതിലൊന്നാണ് കുടി വെള്ളത്തിന്റെ പ്രശ്നം. ഓക്സിജനും ഹൈഡ്രജനും ഒരു നിശ്ചിത അളവില്‍ കൂടിച്ചേര്‍ന്നാല്‍ വെള്ളമുണ്ടാകുമെന്ന ഫോര്‍മുല മനുഷ്യനറിയാം. എന്നാല്‍,കുടിവെള്ളത്തിനാവശ്യമായ ശുദ്ധ ജലം നിര്‍മിക്കുന്നതിനുള്ള ചെലവു കുറഞ്ഞതും എളുപ്പത്തിലുള്ളതുമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിന് ഇന്നും കഴിയാതെ എത്രയോ നാടുകളില്‍ കഷ്ടത്തിലാണ് മനുഷ്യര്‍. പച്ചവെള്ളമുണ്ടാക്കുന്ന ഫാക്ടറികള്‍ ഇതുവരെ നിലവില്‍ വന്നിട്ടില്ല ഭൂമിയില്‍ ഒരിടത്തും.
കാര്‍മേഘങ്ങളില്‍ നിന്ന് അനായാസം പെരുമഴ പെയ്യിക്കുന്ന കാര്യം ഖുര്‍ആനില്‍ കൂടി മനുഷ്യരെ ഓര്‍മപ്പെടുത്തുന്നുണ്ട് ദൈവം. ഇല്ലാത്ത അറിവ് നേടുന്നതിന് അന്വേഷിക്കേണ്ടത് അവിടെയാണെന്നാണ് അതിന്റെ സൂചന.
മനുഷ്യര്‍ക്ക് അറിയാത്തത് അറിയിക്കലും സത്യാസത്യങ്ങള്‍ വേര്‍തിരിക്കാന്‍ സഹായിക്കലുമാണ് ഖുര്‍ആന്റെ ഒരു മുഖ്യ കൃത്യനിര്‍വഹണം.
മറ്റെങ്ങു നിന്നും ലഭ്യമല്ലാത്ത പല അറിവുകളും മനുഷ്യര്‍ക്ക് നല്‍കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. എന്നാല്‍, ആ അറിവ് എവിടെ നിന്നാണെന്നും വെളിപ്പെടുത്തുന്നുണ്ട് ആ ഗ്രന്ഥം. എല്ലാ വിജ്ഞാനത്തിന്റെയും കേന്ദ്രവും കേദാരവുമായ അല്ലാഹുവിന്റെ പക്കല്‍ സൂക്ഷിച്ചിട്ടുള്ള ഉമ്മുല്‍ കിതാബ് എന്ന ഗ്രന്ഥമാണ് ആ വിജ്ഞാന സാഗരം. പ്രപഞ്ച സൃഷ്ടി മുതലോ അതിനു മുമ്പോ തുടങ്ങിയതും, ഭൂമിയിലോ ആകാശത്തിലോ അതിനിടയിലോ അതുവരെ നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതുമായ ചെറുതും വലുതുമായ എല്ലാ സംഭവങ്ങളുടെയും സമ്പൂര്‍ണ വിവരണം അടങ്ങിയിട്ടുള്ളതാണ് ഈ ഉമ്മുല്‍ കിതാബ് എന്ന പുസ്തകങ്ങളുടെ മാതാവ്.
ഓരോ മനുഷ്യന്റെയും ജനനം, മരണം, ആകൃതി, സ്വഭാവം തുടങ്ങി അറിയേണ്ട കാര്യങ്ങള്‍ എന്തെല്ലാമുണ്ടോ അവയെല്ലാം അതില്‍ കാണും. പിന്നീടെപ്പോഴെങ്കിലും അവനെ പുനര്‍ സൃഷ്ടിക്കേണ്ടിവന്നാല്‍ വിരല്‍ അറ്റവും അതിലെ രേഖകള്‍ പോലെ മാറ്റമില്ലാതെ കൃത്യമായി സൃഷ്ടിച്ചെടുക്കാന്‍ അവന്റെ സ്രഷ്ടാവിനു കഴിയും. ആരെ സംബന്ധിച്ചും കാണും കൃത്യവും കണിശവുമായ ജനന മരണ കണക്ക്. ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ബുദ്ധിയുടെയും ശക്തിയുടെയും അളവും നീളവും അതിലുണ്ടാകും കൃത്യമായി.
ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ജീവിതാരംഭം മുതല്‍ ജീവിതാന്ത്യം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അര്‍ഹമായ പ്രതിഫലം നല്‍കാന്‍ അല്ലാഹുവിന് എത്ര എളുപ്പം! ആരുടെയും ചെറുതും വലുതുമായ യാതൊരു പ്രവൃത്തിയും വിട്ടുപോകാതെ ആദ്യന്തം കണിശമായി രേഖപ്പെടുത്തിയിട്ടുള്ളതാണ് ദൈവസമക്ഷം സൂക്ഷിച്ചിട്ടുള്ള ഉമ്മുല്‍ കിതാബ്. അതിനെപ്പറ്റി അറിയുമ്പോള്‍ ആരും അത്ഭുതത്തോടെ പറഞ്ഞുപോകും: ഇതെന്തൊരു ഗ്രന്ഥം തമ്പുരാനേ!

Comments