Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 4

റമദാന്‍ പ്രത്യാശയുടെ പൌര്‍ണമി

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍

ആകാശത്തിന്റെ പടിഞ്ഞാറെ ചെരിവില്‍ ബാലചന്ദ്രിക ചിരിച്ചു നിന്നു, റമദാന്‍ പിറക്ക് സാക്ഷിയായി. തലമുറകള്‍ കണ്ട ഗമയോടെ റമദാന്‍ 17-ന് അവള്‍ പൂര്‍ണശോഭയോടെ ജ്വലിച്ചുനിന്നു, കാലത്തിന് സാക്ഷിയായി. ആ ചന്ദ്രതാരം ആഹ്ളാദാരവങ്ങള്‍ മുഴക്കി. അന്ന് ആകാശം ഭൂമിയിലേക്ക് വന്നു. മണ്ണിനെ നോക്കി ചിരിച്ചു പറഞ്ഞു. 'വായിക്കൂ!' ഹിറാ ഗുഹയില്‍ അത് മുഴക്കം കൊണ്ടു. 'എനിക്ക് വായിക്കാനറിയില്ല.' ..........വീണ്ടും വെളിപാടു വന്നു. 'പ്രപഞ്ചത്തിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ മാംസ പിണ്ഡത്തില്‍ നിന്ന്, രക്തപിണ്ഡത്തില്‍നിന്ന് സൃഷ്ടിച്ചവന്‍!'
ഖദീജയുടെ മാതുലന്‍ വറഖത്തിന്റെ നാവിലൂടെ അവള്‍ മൊഴിഞ്ഞു: "യുഗാന്തരങ്ങളെ ഉണര്‍ത്തിയ, അബ്രഹാമിനും മോശെക്കും യേശുവിനും കിട്ടിയ അതേ വെളിപാടാണിത്......''
തലമുറകളുടെ ദുഃഖത്തില്‍ പങ്കാളിയായി വേദനയോടെ എല്ലാം കണ്ടുനിന്ന് ചന്ദ്രിക ഓര്‍ത്തു: ഫറോവയും നംറൂദും ആദും സമൂദും നേരിട്ട അതേ പരീക്ഷണം നിങ്ങളും നേരിടേണ്ടിവരും. ഒരുനാള്‍ നിങ്ങള്‍ മണ്ണടിയും. മണ്ണിന്റെയും വിണ്ണിന്റെയും രാജാവ് നിങ്ങളെ വിളിക്കുന്നു, അനന്തതയിലേക്ക്, മരണമില്ലാത്ത, വേദനകളില്ലാത്ത ഒരു ലോകത്തേക്ക്.
അവരാരും അതു വിശ്വസിച്ചില്ല. 'ഭ്രാന്ത്'...'മാരണം', 'വെളിവില്ലാത്ത ചെറുപ്പക്കാരന്റെ കളി'.... പ്രവാചകത്വത്തിന്റെ ഭാരവുമായി നബി മുഹമ്മദ് വീട്ടിലേക്ക് നടന്നു. ഖദീജ പറഞ്ഞു: അങ്ങയെ നാഥന്‍ കൈവിടില്ല. മനുഷ്യരോടായി പ്രവാചകന്‍ പറഞ്ഞു: ഒരു സമുദായം നിങ്ങള്‍; കറുത്തവരും വെളുത്തവരുമില്ല, അറബിയും അനറബിയുമില്ല; ഉയര്‍ന്നവനും താഴ്ന്നവനുമില്ല, നിങ്ങളെല്ലാം ഒരു നാഥന്റെ അടിയാറുകള്‍... സമന്മാര്‍... വലിയവന്‍ അവന്‍ മാത്രം, അവന്റെ വഴി പിന്തുടരുക. നിങ്ങള്‍ക്ക് കിട്ടാനുള്ളത് സ്വര്‍ഗം, അനന്തവും ശാശ്വതവുമായ ഒരു ലോകം. പേര്‍ഷ്യയും റോമും ഖുറൈശിക്കൂട്ടവും മുഖം ചുളിച്ചു... പല്ലിളിച്ചു... വെളിപാടായി പ്രവാചകന്‍ മൊഴിഞ്ഞു. ഭൂമിയില്‍ മര്‍ദിതരും പീഡിതരുമായ ജനതക്ക് മോചനമേകാനാണ് നാം ഉദ്ദേശിക്കുന്നത്. അവരെ നായകന്മാരും ഭൂമിയുടെ അനന്തരാവകാശികളുമാക്കുകയാണ് ലക്ഷ്യം.
മര്‍ദിതരും പീഡിതരും, ചോരവാര്‍ന്നൊലിക്കുന്ന നെഞ്ചുമായി, ചങ്ങലകള്‍ സംഗീതം മുഴക്കി അവനു ചുറ്റുംകൂടി. പ്രവാചകന്‍ മൊഴിഞ്ഞു: "ഒരുനാള്‍ വരും... തെക്കു നിന്ന് വടക്കോട്ട് നിര്‍ഭയനായി ആര്‍ക്കും യാത്ര ചെയ്യാനാവും, ആരും ആരെയും ഭയപ്പെടാനില്ലാത്ത ഒരുനാള്‍....അന്ന് മരുഭൂമിയിലെ ചെന്നായ്ക്കളെ മാത്രമേ ആട്ടിന്‍കുട്ടിക്ക് ഭയപ്പെടേണ്ടതുള്ളൂ....''
റമദാന്‍പിറ വീണ്ടും കാലത്തോടൊപ്പം കടന്നുവന്നു.... പീഡിതര്‍ മോചിതരായി; ജേതാക്കളായി..... അധികാരികളും ഗോത്രകുല വാദക്കാരും മുതലാളിമാരും മണ്ണടിഞ്ഞു.... അതേ വഴി തുടര്‍ന്ന് അബൂബക്റും ഉമറും ഉസ്മാനും അലിയും കടന്നുവന്നു. വേദഗ്രന്ഥത്തിലെ വെളിപാടിന്റെ ചുവടുപിടിച്ച്, പുണ്യപ്രവാചകന്റെ പാത പിന്തുടര്‍ന്ന് അവര്‍ മൊഴിഞ്ഞു: തെറ്റു ചെയ്തവന്‍ നീതിക്ക് മുമ്പില്‍ വരും.... അതുവരെ വിശ്രമമില്ല....ഉടമയായി അടിമയെ തൊഴിച്ചവനോട് മൊഴിഞ്ഞു: നീ ആര്....ദൈവത്തിന്റെ അടിയാറുകളെ നിങ്ങള്‍ എന്നാണ് അടിമകളാക്കിയത്....?
റമദാനുകള്‍ വീണ്ടും പിറന്നു വീണു. ആയിരം പൂര്‍ണ ചന്ദ്രന്മാര്‍ കാലത്തിലൂടെ ജ്വലിച്ചും മിന്നിയും കടന്നുവന്നു. പ്രവാചകന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് കാലത്തെ വിളിച്ചുണര്‍ത്താന്‍ വന്ന നവോത്ഥാന നായകര്‍ അതേ വാക്കുകള്‍ മൊഴിഞ്ഞു. സാമ്രാജ്യശക്തികളും അവര്‍ക്കു ഒത്താശ ചെയ്ത പുരോഹിതന്മാരും ചെറുത്തുനിന്നു. 1400 സംവത്സരങ്ങള്‍ പിന്നിട്ട് പൂര്‍ണ ചന്ദ്രന്മാര്‍ ഉജ്ജ്വല ശോഭയോടെ ചിരിച്ചു നിന്നു, കാലത്തോടൊപ്പം സാക്ഷിയായി.
മനുഷ്യന് നാഥനെ കണ്ടെത്താന്‍ വെളിച്ചവുമായി സാര്‍ഥവാഹകര്‍ കടന്നുവന്നു. കാലത്തിന്റെ ദിശനിര്‍ണയിച്ചു. നേരും പതിരും വേര്‍തിരിച്ച് അവര്‍ നടന്നു പോയി. ആ വഴി നോക്കി ഏഴകളും പതിതരും പ്രത്യാശകൊണ്ടു... അവര്‍ക്കു നേരെ വാളോങ്ങിയവര്‍ മന്ത്രവും മാരണവും കൂടോത്രവും പൊടിപൊടിച്ചു. അമ്പും വില്ലും ആയുധങ്ങളും മൂര്‍ച്ച കൂട്ടി.... ബദ്റും ഉഹുദും ഖന്ദഖും, ഖൈബറും ആവര്‍ത്തിച്ചു....എല്ലാറ്റിനും സാക്ഷിയായി നാഥന്‍... പിന്നെ ഖുര്‍ആനും റമദാനും സാക്ഷികളായി നിന്നു. മാലാഖമാരും നക്ഷത്രങ്ങളും സാക്ഷിയായി... സമര്‍ഖന്ദില്‍, ബുഖാറായില്‍, ബഗ്ദാദില്‍, സ്പെയിനില്‍ എല്ലായിടത്തും ജ്വലിച്ചുനിന്ന ആ വസന്തം ഇന്നലെയും പീഡിതരുടെ പടിവാതില്‍ക്കല്‍ മുട്ടി. ഉണരുവിന്‍; നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് ചങ്ങലകള്‍ മാത്രം.... ഇരുട്ടില്‍ വഴി കാണിച്ചവര്‍ പലപ്പോഴും ഇരുട്ടിലേക്ക് വഴുതി വീണു. സാമ്രാട്ടുകളും ദല്ലാളന്മാരും അവരെ പോറ്റി. ഇറാഖിലും സിറിയയിലും ഫലസ്ത്വീനിലും വീണ്ടും ചോരപൊടിഞ്ഞു...... മര്‍ദിതര്‍ തഹ്രീര്‍ സ്ക്വയറില്‍ ഒത്തുകൂടി അട്ടഹസിച്ചു. മാറിനില്‍ക്കൂ. ഇത് ദൈവത്തിന്റെ ഭൂമി... ഞങ്ങള്‍ അവകാശികള്‍... ജനം തെരുവില്‍ ആര്‍ത്തു വിളിച്ചു... ' ലാ ശീഇയ്യ ലാ സുന്നിയ്യ, ഇസ്ലാമിയ്യ, ഇസ്ലാമിയ്യ' സുന്നിയും ശീഈയുമില്ല, ഇസ്ലാമികര്‍ മാത്രം... ഞങ്ങള്‍ ഒന്ന്; ലാ സലഫിയ്യ, ലാ ഇഖ്വാനിയ്യ.. ഇസ്ലാമിയ്യ ഇസ്ലാമിയ്യ', സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും മുഖത്ത് നോക്കി അവര്‍ ഗര്‍ജിച്ചു: "ഖൈബര്‍ ഖൈബര്‍ യാ യഹൂദ്, ജെയ്ശുമുഹമ്മദ് സൌഫ യഊദ് (യഹൂദരേ! ഖൈബര്‍, ഖൈബര്‍! മുഹമ്മദിന്റെ സൈന്യം വീണ്ടും വരും.) യഹൂദരും കോപ്റ്റിക് ക്രിസ്ത്യാനികളും കൂടെ നിന്നു..... നീതിക്കായി അവര്‍ മുഷ്ടി ചുരുട്ടി.... ജനാധിപത്യം പറഞ്ഞവര്‍ രാജാധിപത്യത്തിനു കാവല്‍നിന്നു.... യൂറോപ്പിലെയും അമേരിക്കയിലെയും സ്പെയിനിലെയും ബുഖാറയിലെയും സമര്‍ഖന്ദിലെയും ബാള്‍ക്കനിലെയും ആദിവാസികളും ദലിതുകളും ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടു..... അതേസമയം, സിറിയയിലും ഫലസ്ത്വീനിലും ഇന്ത്യയിലും ഏഷ്യയിലും ഖുര്‍ആന്റെയും റമദാനിന്റെയും വെളിച്ചം വീശിയേടത്തൊക്കെ അവര്‍ ബാക്കിയായി.
അവരുടെ ഭാഷയും സംസ്കാരവും ലിപിയും പടിഞ്ഞാറ് കവര്‍ന്നെടുത്തു.... അവര്‍ പറഞ്ഞു: ഭൂമി ഞങ്ങളുടേത്. ഞങ്ങള്‍ ജന്മനാ പുണ്യം ചെയ്തവര്‍.....നിങ്ങള്‍ അസ്പൃശ്യര്‍ ... നിങ്ങള്‍ക്ക് മുക്തി, ഞങ്ങളുടെ പാദസേവയില്‍. മര്‍ദനവും പീഡനവും ചോരച്ചാലുകള്‍ കീറി.... റമദാന്‍ പിറ അതു കണ്ടു കണ്ണു മിഴിച്ചു. അന്ന് അറേബ്യന്‍ മരുഭൂവില്‍ വാര്‍ന്ന രക്തം ഇന്നും യൂറോപ്പിലും അമേരിക്കയിലും രക്ത രക്ഷസായി ഉയര്‍ന്നെഴുന്നേല്‍ക്കുന്നു... പേടിസ്വപ്നമായി കടന്നുവരുന്നു. അമേരിക്കയിലും യൂറോപ്പിലും ട്രോള്‍ പൊടിക്കാറ്റ്...കത്രീന...വാള്‍ സ്ട്രീറ്റ്.....സാമ്പത്തിക മാന്ദ്യം...സാമ്രാജ്യത്വം വിറച്ചുനിന്നു. അവര്‍, വേള്‍ഡ് ബാങ്കും ഐ.എം.എഫും വിധിയെഴുതി...എല്ലാറ്റിനും ഹേതു ഇസ്ലാം... അല്ല പൊളിറ്റിക്കല്‍ ഇസ്ലാം... ഞങ്ങള്‍ ഇസ്ലാമിനെതിരല്ല... ഞങ്ങള്‍ സഹിഷ്ണുതയുടെ ആളുകള്‍... നാഗരികതയുടെ, സംസ്കാരത്തിന്റെ പ്രകാശ ഗോപുരങ്ങള്‍ പടിഞ്ഞാറുനിന്ന്. ഭൂമിയുടെ അച്ചുതണ്ട് പടിഞ്ഞാറ്... കണ്ടു പിടിത്തങ്ങള്‍, ശാസ്ത്രം, പുരോഗതി എല്ലാം പടിഞ്ഞാറുനിന്ന്; നിങ്ങള്‍ ഇപ്പോഴും മരുഭൂമിയിലെ അപരിഷ്കൃതര്‍... അസ്പൃശ്യര്‍.... കാടന്മാര്‍... സംസ്കാര ശൂന്യര്‍... അറിവിന്റെ അപ്പോസ്തലര്‍ ഞങ്ങള്‍. വെളിച്ചത്തിന്റെ കൈത്തിരി പടിഞ്ഞാറുനിന്ന് കൊളുത്തുക.... ഇപ്പോഴത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം പൊളിറ്റിക്കല്‍ ഇസ്ലാം, നിങ്ങള്‍ക്ക് നല്ലത് സൂഫി ഇസ്ലാം. പള്ളികളില്‍ നിങ്ങള്‍ക്ക് പഞ്ച പൂജ.... അവിടെ നിങ്ങള്‍ അധികാരികള്‍....ഭരണം ഞങ്ങള്‍ക്ക് ....ഞങ്ങള്‍ മേലാളര്‍... ഇറാഖിന്റെ, ഇറാന്റെ, പാകിസ്താന്റെ ബോംബ് ഇസ്ലാമിക ബോംബ്. ഇസ്രയേലിന്റെ, അമേരിക്കയുടെ ബോംബ് രക്ഷകബോംബ്... കോര്‍പ്പറേറ്റുകളും വേള്‍ഡ് ബാങ്കും ഐ.എം.എഫും രംഗത്തു വന്നു. ഐക്യരാഷ്ട്രസഭ അനൈക്യത്തിന്റെ രാഷ്ട്രസഭയായി നോക്കുകുത്തിയായി നിന്നു. ഇറാഖിലും ഫലസ്ത്വീനിലും അഫ്ഗാനിലും ലിബിയയിലും അള്‍ജീരിയയിലും സിറിയയിലും ചോര ഒഴുകി.... ആ ഒഴുക്ക് മറ്റൊരു രൂപത്തില്‍ 'ഇസ്ലാമോഫോബിയയായി' ആഞ്ഞു വീശി.... പ്രചാരണ യന്ത്രങ്ങള്‍ കൊടുമ്പിരിക്കൊണ്ടു. മീഡിയ, പ്രിന്റ്, ഇലക്ട്രോണിക്, ഇന്റര്‍നെറ്റ്, മൊബൈല്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എല്ലാം നിങ്ങള്‍ക്ക് പുതിയ വെളിച്ചം തരും....
പുതിയ അറിവ്... പുതിയ നാഗരികത... മര്‍ഡോക്കുമാരും ഇന്ത്യന്‍ കോര്‍പറേറ്റുകളും അതേറ്റുപാടി. അഭിമാനിക്കൂ.. നിങ്ങള്‍ ഇന്ത്യക്കാര്‍, പാകിസ്താനികള്‍, അഫ്ഗാനികള്‍... ഭൂമി അവര്‍ ഭാഗം വെച്ചു. എല്ലായിടത്തും കങ്കാണിമാരെയും കാര്യസ്ഥരെയും പ്രതിഷ്ഠിച്ചു. തങ്ങളുടെ താല്‍പര്യങ്ങളുടെ കാവല്‍ക്കാരായി....
ഞങ്ങള്‍ നിങ്ങളുടെ സംരക്ഷകര്‍. സൈനിക താവളങ്ങള്‍ എല്ലായിടത്തും തയാറായി... അബൂഗുറൈബ്, ഗ്വാണ്ടനാമോ...പാപികള്‍ക്ക് നരകം വിധിച്ചു.... എല്ലായിടത്തും വിശ്വസ്തരെ കാവല്‍ നിര്‍ത്തി..... അവര്‍ യഥാവിധം രാജസേവ തുടര്‍ന്നു..... ഇന്ത്യയിലും പാകിസ്താനിലും ഇറാനിലും ലോകമെമ്പാടും അതു തന്നെ ആവര്‍ത്തിച്ചു, ബഗ്ളാദേശ് അതിന്റെ ഒടുവിലത്തെ ഇര.
യേശുവിനെ കുരിശിലേറ്റുക; ബറാബാസിനെ വിട്ടയക്കുക. ജനം ആര്‍ത്തു വിളിച്ചു. പൊളിറ്റിക്കല്‍ ഇസ്ലാമിനെ വക വരുത്തുക... മനുഷ്യരാശിയെ രക്ഷിക്കുക. ഒടുവില്‍ ഒട്ടകത്തെ നയിച്ചവര്‍ പെട്രോഡോളറിന്റെ ശീതീകരണികളില്‍ മയങ്ങി..
സാമ്രാജ്യത്വത്തിനെതിരില്‍ വാളെടുക്കുന്നവര്‍ ദിശയറിയാതെ അമ്പരന്നു. കണ്ണിലെ വെളിച്ചം നഷ്ടപ്പെട്ടു. കരാറുകാരും കോര്‍പ്പറേറ്റുകളും ആയുധ കച്ചവടക്കാരും അങ്ങാടികളില്‍ അരങ്ങു തകര്‍ത്തു. ലാഭം വാരിക്കൂട്ടി.
റമദാന്‍ വീണ്ടും വന്നു... ഖുര്‍ആന്‍ വെളിച്ചമായി സാക്ഷിയായി കാലത്തോടൊപ്പം കടന്നുവന്നു.... ഇടിമുഴക്കം പോലെ അറബ് വസന്തവും. സാമ്രാജ്യത്വശക്തികള്‍ക്ക് പേടിസ്വപ്നമായി...
സയണിസ്റുകളുടെ കാല്‍മുട്ടുകള്‍ വിറച്ചു; അവരെ താങ്ങിയവര്‍....പൊടിക്കാറ്റിലും കത്രീനയിലും മാന്ദ്യത്തിലും പെട്ടു. മദ്യത്തിലും മയക്കുമരുന്നിലും നര്‍ത്തനാലയങ്ങളിലും അഭയം തേടി.... നിയോ ലിബറലുകളും പുതിയ വനിതാ വിമോചകരും എല്ലാ കെട്ടുകളും പൊട്ടിച്ചു തിമര്‍ത്താടി.... അടിച്ചമര്‍ത്തപ്പെട്ടവര്‍ ഉണര്‍ന്നു....ചങ്ങലകള്‍ പൊട്ടിചിതറി. തഹ്രീര്‍ സ്ക്വയര്‍ കാറ്റായി, കൊടുങ്കാറ്റായി തുനീഷ്യയിലും ഈജിപ്തിലും ലിബിയയിലും മൊറോക്കോയിലും അലയടിച്ചുകൊണ്ടിരിക്കെ പാവപ്പെട്ടവന്റെ കൂടെ നില്‍ക്കേണ്ടവര്‍ വലത്തോട്ടു ചാഞ്ഞു, മാര്‍ക്കറ്റില്‍ കണ്ണുനട്ട് കോര്‍പ്പറേറ്റുകളുടെ ബിനാമികളായി.
ഗാന്ധിജിയുടെ, അഹിംസയുടെ പിന്മുറക്കാര്‍ ബാബരിയും, ഗുജറാത്തുകളും, 'സംയമന'ത്തോടെ നോക്കി നിന്നു. ഉണര്‍ന്നെണീറ്റ ദലിതുകളെയും ആദിവാസികളെയും നക്സല്‍ മുദ്രചാര്‍ത്തി മലംതീറ്റിച്ചും അടിച്ചുകൊന്നും അധികാരം നിലനിര്‍ത്തി. മൊസാദിനെയും സയണിസ്റുകളെയും കൂട്ടുപിടിച്ച് സുരക്ഷ ഉറപ്പ് വരുത്തി. ആഗോളമാന്ദ്യത്തിന്റെ മുമ്പില്‍ സ്വിസ് ബാങ്കിലെ പണം കുന്നുകൂടി. ചോദ്യവുമില്ല, ഉത്തരവുമില്ല. ഫാഷിസവും സാമ്രാജ്യത്വവും അധികാര ദല്ലാളന്മാരും കോര്‍പ്പറേറ്റുകളും അതിന് കാവല്‍ നിന്നു. പരസ്പരം മൂടുതാങ്ങി. ഇസ്ലാമോഫോബിയയുടെ കാറ്റ് അമേരിക്കയിലും യൂറോപ്പിലും ഫ്രാന്‍സിലും അടിച്ചു വീശി. പര്‍ദയും പള്ളിയും തൊപ്പിയും താടിയും ഭീകരതയുടെ ചിഹ്നങ്ങളായി. ജനാധിപത്യം രാജാധിപത്യങ്ങള്‍ക്കും, സൈനികജണ്ടക്കും കാവല്‍നിന്നു. ഏകാധിപതികള്‍ ഇസ്ലാമിന്റെ മണ്ണില്‍ വിമോചനത്തിന്റെ ശത്രുക്കള്‍ക്ക് താവളമൊരുക്കി.
ഖാലിദ്ബ്നു വലീദിന്റെയും ഉമറിന്റെയും പിന്മുറക്കാര്‍ നീതിയുടെ പക്ഷത്തുനിന്ന് മാറി നോക്കു കുത്തികളായിനിന്നു. ലോകമെമ്പാടും അധികാരികളുടെ കാവലാളായി അമേരിക്കയും സയണിസ്റുകളും സൈനിക താവളങ്ങള്‍ ഒരുക്കി. കശ്മീരില്‍ രക്തവും ജീവനും സുരക്ഷയുടെ പേരില്‍ കുരുതികൊടുക്കപ്പെട്ടു. ജഗ്മോഹന്മാരും മോഡി-അദ്വാനിമാരും കൈകോര്‍ത്തു.
പട്ടിണിയകറ്റാന്‍, പൊറുതിമുട്ടിയപ്പോള്‍ ഒരു ഗതിയുമില്ലാതെ ആയുധമെടുത്തവര്‍ തീവ്രവാദികളായി. ഇന്ന് ജനാധിപത്യ ഭാരതത്തിന്റെ ജയിലുകളില്‍, ഏറ്റുമുട്ടല്‍ മരണങ്ങളില്‍ ഭൂരിപക്ഷവും മുസ്ലിംകളും ആദിവാസികളുമാണെന്ന് ടാറ്റാ ഇന്‍സ്റിറ്റ്യൂട്ടും സച്ചാര്‍ കമ്മിറ്റിയും പറയുമ്പോള്‍ ആഭ്യന്തരം കാക്കുന്നവര്‍ കൊലയാളികള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. സുരക്ഷയുടെ പേരു പറഞ്ഞു കടലിലും കരയിലും ആകാശത്തും സൈന്യങ്ങളെ അയച്ച് വേട്ടയാടുകയാണ്; സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും രംഗനാഥ മിശ്ര റിപ്പോര്‍ട്ടും അതിന്റെ ബാക്കി പത്രം. നമ്മുടെ നാട് രാജവാഴ്ച വിട്ട് കുടുംബവാഴ്ചയിലേക്കും, വിമോചനത്തിന്റെ പേരില്‍ പാവപ്പെട്ടവന്റെ കൂടെ നില്‍ക്കേണ്ടവര്‍ കുലമഹിമയിലേക്കും കത്തിരാഷ്ട്രീയത്തിലേക്കും എടുത്തു ചാടുകയാണ്. ഈ കുളിമുറിയില്‍ എല്ലാവരും നഗ്നര്‍. ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് കത്തി വേണ്ടാത്തത്. ഏതു മത സംഘടനയാണ് മണിയും മസിലും മാഫിയയുമില്ലാതെയുള്ളത്. ഇടതും വലതും തമ്മിലെ അന്തരം നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുകയാണ്. സ്ത്രീകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പൊറുതിമുട്ടിയ യുവാക്കള്‍, മോചനത്തിനായി കേഴുമ്പോള്‍ വിമോചനത്തിന്റെ വെളിച്ചവുമായി, സാമ്രാജ്യത്വത്തിനെതിരില്‍ പോരാടിയ നവോത്ഥാന നായകര്‍, മക്തി തങ്ങളുടെയും മമ്പുറം തങ്ങളുടേയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മഖ്ദൂമുമാരുടെയും കുഞ്ഞാലിമരയ്ക്കാരുടെയും ടിപ്പുസുല്‍ത്താന്റെയും പൈതൃകം അവകാശപ്പെടുന്നവര്‍ വെളിച്ചത്തിനു പുറം തിരിഞ്ഞ് നില്‍ക്കുന്ന വിചിത്രമായ കാഴ്ചയാണ് നാം കാണുന്നത്. അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്നും, അവന് മാത്രമാണ് പ്രാര്‍ഥനയും നേര്‍ച്ചയുമെന്നും, സമസ്ത പ്രപഞ്ചത്തിന്റെയും അധീശാധികാരി അവനാണെന്നും പ്രഖ്യാപിച്ചു ശിര്‍ക്കിന്റെയും ജാറങ്ങളുടെയും ബിംബങ്ങളെ തച്ചുടച്ചവര്‍ ജിന്നിലേക്കും പിശാചിലേക്കും തിരിച്ചു നടക്കുന്ന കാഴ്ച അത്ഭുതകരമാണ്. പ്രവാചകന്‍ അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്നുദ്ഘോഷിച്ച ഇസ്ലാമിന്റെ പിന്‍മുറക്കാര്‍ തിരുകേശം വില്‍പനച്ചരക്കാക്കി അതുകൊണ്ട് പള്ളിയും പള്ളിക്കൂടവും പണിത് 'നവോത്ഥാനം, നവോത്ഥാനം' എന്ന് വിളിച്ചു കൂവുന്നത് ലജ്ജാവഹമാണ്. അതെ, സാമ്രാജ്യത്വം ഫാഷിസവുമായും സയണിസവുമായും കൈകോര്‍ക്കുമ്പോള്‍, അമേരിക്കയും യൂറോപ്പും ഒന്നിച്ചു നിന്ന് ഇസ്ലാമിക സമൂഹങ്ങളെ ഒന്നൊന്നായി വിഴുങ്ങുമ്പോള്‍ സമുദായത്തിന്റെ പൈതൃകവും കുത്തകയും അവകാശപ്പെടുന്നവര്‍ ദിശയറിയാതെ ഇരുട്ടില്‍ തപ്പുകയാണ്. നങ്കൂരമില്ലാത്ത കപ്പല്‍പോലെ ശത്രുവെയും മിത്രത്തെയും തിരിച്ചറിയാതെ സാമ്രാജ്യത്വത്തോടും ഫാഷിസത്തോടും രാജിയാവുകയാണ്. അധികാരത്തിന്റെ അരമനകളില്‍ അഭിരമിക്കാന്‍ മത്സരിക്കുന്നവര്‍. തലമുറകള്‍ക്ക് വെളിച്ചമായി വിമോചനത്തിന്റെ കാഹളം മുഴക്കിയവര്‍ ഇരുട്ടില്‍ തപ്പുകയാണ്. ഖുത്തബ് മിനാറിന്റെയും താജ്മഹലിന്റെയും ചെങ്കോട്ടയുടെയും അവകാശികള്‍ നഷ്ടസ്വര്‍ഗത്തിന്റെ ഗരിമയില്‍ അഭിരമിച്ചു. ഭിന്നിപ്പിച്ചു ഭരിക്കാന്‍ വന്നവര്‍, മണ്ണും ചാരി നിന്നവര്‍ പെണ്ണും കൊണ്ടുപോയി.
റമദാനും ഖുര്‍ആനും 'നാം മനുഷ്യര്‍; നാം ഒന്ന്' എന്ന് പഠിപ്പിക്കുമ്പോള്‍, ചിലര്‍ ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും ശത്രുവായി കണ്ട് നിഴലിനോട് പൊരുതുകയാണ്. മറ്റുള്ളവര്‍ ജാതിയുടെയുടെ കത്തി മൂര്‍ച്ച കൂട്ടുമ്പോള്‍ തീണ്ടലും തൊടീലും ജാതിയും ഉപജാതിയുമായി കഴിയുന്ന മനുഷ്യമക്കള്‍ക്ക് മാനവികതയുടെ ഐക്യസന്ദേശം പകര്‍ന്നവര്‍ എവിടെ?
റമദാനിന്റെ സന്ദേശം വിമോചനത്തിന്റെ സന്ദേശമാണെന്ന് കാലത്തെ സാക്ഷിനിര്‍ത്തി ബദ്റും ഉഹുദും നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നു. ആര്‍ക്കും എതിരല്ല. ഒരു സമുദായത്തെയും വെറുക്കാനല്ല; തോല്‍പിക്കാനുമല്ല. മാനവരാശിയെ സ്നേഹിക്കാനും സേവിക്കാനുമുള്ള സന്ദേശം. ഇരുട്ടിന്റെയും ഛിദ്രതയുടെയും മതിലുകള്‍ തകര്‍ത്ത്, മനുഷ്യജന്മം സഫലമാക്കാനാണ് റമദാനും ഖുര്‍ആനും നമ്മെ പേര്‍ത്തും പേര്‍ത്തും ഓര്‍മിപ്പിക്കുന്നത്. അതിനു നാം ചെവി കൊടുക്കുമോ?

Comments