Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 4

കൊലപാതക രാഷ്ട്രീയം

മുജീബ്

അബൂ അന്‍വര്‍ മലപ്പുറം
ടി.പി വധം സി.പി.എമ്മിന്റെ അന്ത്യം കുറിക്കുമെന്ന ലേഖനം (വാള്യം 69 ലക്കം 4) വായിക്കാനിടയായി. കമ്യൂണിസ്റ് പാര്‍ട്ടി അതിന്റെ തുടക്കത്തില്‍ ഭരണകൂട ഭീകരതക്കിരയായ ഒരു പ്രസ്ഥാനമാണ്. പിന്നീട് നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളൊന്നും അതിനു പുത്തരിയല്ല. കൊണ്ടും കൊടുത്തും വളര്‍ന്ന പ്രസ്ഥാനമാണത്. സംസ്ഥാനത്ത് കമ്യൂണിസ്റ് പാര്‍ട്ടിയുടെ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ അതിന്റെ ശത്രുക്കളാല്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ തന്നെ ഭൂരിഭാഗം പേരും ആര്‍.എസ്.എസ്സുകാരാലാണ് കൊല ചെയ്യപ്പെട്ടത്. മാര്‍ക്സിസ്റ് പാര്‍ട്ടി ചില തിരിച്ചടികള്‍ നല്‍കിയിട്ടുണ്ടെന്ന കാര്യവും വിസ്മരിക്കുന്നില്ല.
ഇത് കമ്യൂണിസ്റ് പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്ന് പറയുന്നത് എങ്ങനെയാണ്? അങ്ങനെയെങ്കില്‍ ഗുജറാത്തില്‍ മൂവായിരം പേരെ കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ നരേന്ദ്രമോഡി വര്‍ധിത ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നതിന്റെ യുക്തിയെന്താണ്?
കമ്യൂണിസ്റ് പ്രസ്ഥാനവും പാര്‍ട്ടികളും ഭരണകൂട ഭീകരതക്ക് ശരവ്യമായിട്ടില്ലെന്നോ മറ്റു പാര്‍ട്ടിക്കാര്‍ കമ്യൂണിസ്റുകാരുടെ നേരെ ബലപ്രയോഗം നടത്തിയിട്ടില്ലെന്നോ കേരളത്തില്‍ തന്നെ സി.പി.എമ്മുകാര്‍ ഇതര പാര്‍ട്ടിക്കാരുമായി ഏറ്റുമുട്ടി കൊല ചെയ്യപ്പെട്ടിട്ടില്ലെന്നോ വാദമില്ല. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്യ്രാനന്തര ഇന്ത്യയിലും കമ്യൂണിസ്റ് പാര്‍ട്ടി അടിച്ചമര്‍ത്തല്‍ നടപടിക്ക് വിധേയമായ ചരിത്രവും വിസ്മരിക്കുന്നില്ല. കമ്യൂണിസ്റിതര പാര്‍ട്ടികളെല്ലാം സമാധാന പ്രിയരാണെന്ന അവകാശവാദവും ഇല്ല. പിന്നെയോ?
അടിസ്ഥാനപരമായി ജനാധിപത്യം സ്വീകരിച്ചതും ഹിംസാ മാര്‍ഗം കൈയൊഴിഞ്ഞതുമായ പ്രസ്ഥാനമല്ല കമ്യൂണിസ്റ് പാര്‍ട്ടി. കമ്യൂണിസ്റ് പ്രത്യയശാസ്ത്രം സ്വതേ രക്തരൂഷിത വിപ്ളവത്തിലാണ് വിശ്വസിക്കുന്നത്. ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തില്‍ പാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യത്തെ ലക്ഷ്യപ്രാപ്തിയുടെ മാര്‍ഗമായി അംഗീകരിക്കേണ്ടിവരികയായിരുന്നു. അപ്പോഴും വിപ്ളവം തോക്കിന്‍ കുഴലിലൂടെ തന്നെ വരണമെന്ന് തന്നെ ശാഠ്യമുള്ളവര്‍ വേര്‍പിരിഞ്ഞുപോയി. ജനാധിപത്യം അംഗീകരിച്ച പാര്‍ട്ടി ശത്രുക്കളുടെ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നതോ, ഒറ്റപ്പെട്ട സംഭവങ്ങളില്‍ പാര്‍ട്ടിക്കാര്‍ കൊലക്കേസുകളില്‍ പ്രതികളാവുന്നതോ അല്ല യഥാര്‍ഥ പ്രശ്നം. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടി വിടുന്നവരില്‍ ചിലരെ, അവരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് ദ്രോഹകരമാണെന്ന് കാണുമ്പോള്‍ ആസൂത്രിതമായി കൊല ചെയ്യുന്ന രീതി സി.പി.എമ്മിനുണ്ടോ എന്നതാണിപ്പോഴത്തെ ചര്‍ച്ചാ വിഷയം. ടി.പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് നടന്നേടത്തോളം അന്വേഷണം ആ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തുടക്കത്തില്‍ ടി.പി വധത്തില്‍ പാര്‍ട്ടിക്കൊരു പങ്കുമില്ലെന്ന് തീര്‍ത്തു പറഞ്ഞ നേതൃത്വം താമസിയാതെ, പാര്‍ട്ടിയുടെ ബന്ധം നിഷേധിച്ചതോടൊപ്പം തന്നെ പാര്‍ട്ടി പ്രവര്‍ത്തകരാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും എന്ന് തിരുത്തിപ്പറയേണ്ടിവന്നു. മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനാകട്ടെ ടി.പി വധം നേതൃത്വം അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ കേന്ദ്ര നേതൃത്വം അക്കാര്യം അന്വേഷിക്കാമെന്നും തീരുമാനിച്ചിരിക്കുന്നു. ടി.പി വധക്കേസ് അന്വേഷണം പുരോഗമിക്കേ പുറത്തുവന്ന പല വിവരങ്ങളും കൊലപാതക രാഷ്ട്രീയം സി.പി.എമ്മിന്റെ അജണ്ടയാണെന്ന് ധരിക്കാന്‍ ഇടവരുന്നതാണ്. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട എം.എം മണിയുടെ പ്രസംഗം അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു നിലപാട് പൂര്‍ണമായി ഉപേക്ഷിക്കാതെ സി.പി.എം മുന്നോട്ട് പോയാല്‍ അത് പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്നാണ് 'പ്രബോധന'ത്തിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. കാരണം വ്യക്തമാണ്. ടി.പി വധത്തോടെ പാര്‍ട്ടി തീര്‍ത്തും പ്രതിരോധത്തിലായി, വിഭാഗീയത അതിന്റെ പാരമ്യത്തിലെത്തി, പല പ്രമുഖരും പുറത്തേക്കുള്ള വഴി തേടുന്നു എന്നാണ് റിപ്പോര്‍ട്ട്. പൊതു സമൂഹത്തിന്റെ മുമ്പാകെ സി.പി.എം പ്രതിക്കൂട്ടിലാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വി അത് തെളിയിക്കുകയും ചെയ്തു.
സൈനികൃത സംഘടനയായ ആര്‍.എസ്.എസ് തീവ്ര ഹിന്ദുത്വത്തിന്റെ പുറത്ത് ഭൂരിപക്ഷ സമുദായത്തില്‍ വലിയൊരു വിഭാഗത്തിന്റെയും മീഡിയയുടെയും പിന്‍ബലത്തോടെ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ പിടിമുറുക്കിയത് സി.പി.എമ്മിനോ ഇടതുപാര്‍ട്ടികള്‍ക്കോ മാതൃകയാക്കാനാവില്ല. അവര്‍ക്ക് തന്നെയും താമസിയാതെ തിരിച്ചടികള്‍ നേരിടേണ്ടിവരും. വളരെ നേരിയ അളവില്‍ പോലും ബലപ്രയോഗത്തെ ജനം അംഗീകരിക്കാത്തത് കൊണ്ടാണല്ലോ സിംഗൂരിനും നന്ദിഗ്രാമിനും ശേഷം പശ്ചിമബംഗാളില്‍ ഇടതു ഭരണം കടപുഴകിയത്. നേപ്പാളില്‍ രാജഭരണത്തിനെതിരെ സായുധസമരം നടത്തി വിജയിച്ച പ്രചണ്ഡയുടെ മാവോയിസ്റ് പാര്‍ട്ടി പോലും പിന്നീട് പിളരുകയും വന്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയുമാണ്. തെറ്റ് പറ്റിയെന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ അത് തുറന്നു സമ്മതിച്ച് ജനാധിപത്യത്തിന്റെ അംഗീകൃത വഴിയിലേക്ക് തിരിച്ചുപോവുക മാത്രമാണ് ജനദൃഷ്ടിയില്‍ സി.പി.എമ്മിന് ഏക രക്ഷാമാര്‍ഗം.
'ഗംഗ'യും നിലവിളക്കും
സലീന സമദ് കല്ലടിക്കോട്
ഗംഗയെന്ന് പേരുള്ള വീട്ടില്‍ താമസിച്ചാല്‍ ഒലിച്ചുപോകുന്നതാണോ വിശ്വാസം? നിരുപദ്രവമായ നിലവിളക്കു കത്തിച്ചാല്‍ തകരുന്നതാണോ ഇസ്ലാം? (കെ.ടി ജലീല്‍).
എന്റെ പിതാവ് അവുക്കാദര്‍ കുട്ടിനഹയും സി.എച്ചിനെ പോലുള്ള എന്റെ മുന്‍ഗാമികളും നിലവിളക്ക് കത്തിച്ചിട്ടില്ല. ഞാന്‍ ചെയ്യാത്തപ്പോള്‍ മാത്രം അത് കുറ്റകരമാവുന്നത് എങ്ങനെയാണ്? വ്യക്തിപരമായി എന്നെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലുള്ളത് (പി.കെ അബ്ദുര്‍റബ്ബ്)
സാംസ്കാരിക, രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിലവിളക്ക് കത്തിക്കാനും റീത്ത് സമര്‍പ്പിക്കാനും പലപ്പോഴും നിര്‍ബന്ധിതരായേക്കാം. ഒരു ബഹുമത സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഇത്തരം വിഷയങ്ങളോട് മുസല്‍മാന്റെ സമീപനം എന്തായിരിക്കണം?
ഫൈസല്‍ ബാബു വളാഞ്ചേരി
"ഇസ്ലാമിന്റെ ഈറ്റില്ലമാണ് സുഊദി അറേബ്യ. അവിടെ നിന്ന് കേരളത്തില്‍ വരുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും നിലവിളക്ക് കൊളുത്തുന്നതില്‍ വിമുഖത കാണിക്കാറില്ല. ഏറ്റവുമൊടുവില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സി.ഇ.ഒ അബ്ദുല്ലത്വീഫ് അല്‍ മുല്ല നിലവിളക്ക് കൊളുത്തിയിരുന്നു.
കേരള ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത ഇറാനിയന്‍ സംവിധായകന്‍ മക്മല്‍ ബഫും ചലച്ചിത്ര ഉത്സവ ചടങ്ങില്‍ നിലവിളക്ക് കൊളുത്തിയിരുന്നു. സുഊദി അറേബ്യയിലെയും ഇറാനിലെയും മുസ്ലിം മതവിശ്വാസികള്‍ക്ക് നിഷിദ്ധമല്ലാത്ത ഒരു കാര്യം ഇസ്ലാമിന്റെ പേരില്‍ കേരളത്തിലെ മുസ്ലിം ലീഗ് മന്ത്രിമാര്‍ കുറ്റമായി കാണുന്നതിന് പിന്നില്‍ മറ്റെന്തോ ആണ്. അത് കണ്ടെത്തേണ്ടിയിരിക്കുന്നു'' (അഞ്ചാം മന്ത്രിയില്‍ നിന്നും അഞ്ചാം പത്തിയിലേക്ക്, മുരളി പാറപ്പുറം, 2012 ജൂണ്‍ 24, കേസരി). മുജീബിന്റെ പ്രതികരണം?
ബഹുമത സമൂഹത്തില്‍ ജീവിക്കുന്ന മുസ്ലിം ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ മത-സാംസ്കാരിക ചിഹ്നങ്ങളോടും ആചാരങ്ങളോടും എന്ത് നിലപാട് സ്വീകരിക്കണമെന്നതാണ് അടിസ്ഥാന പ്രശ്നം. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണെന്നിരിക്കെ, ഭൂരിപക്ഷത്തിന്റേതോ ന്യൂനപക്ഷത്തിന്റേതോ എന്ന വ്യത്യാസമില്ലാതെ ഒരു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിക്കാന്‍ ഇതര സമൂഹങ്ങള്‍ ബാധ്യസ്ഥരല്ല, അവരെ അതിന് നിര്‍ബന്ധിക്കാനും പാടില്ലെന്നതാണ് ഒന്നാമത്തെ കാര്യം. ദേശീയ ഗാനം ഒരു മതത്തിന്റേതുമല്ല. എന്നിട്ടും അത് ആലപിക്കാന്‍ വിശ്വാസപരമായി സന്നദ്ധരല്ലാത്ത യഹോവയുടെ സാക്ഷികളെ സുപ്രീംകോടതി വെറുതെ വിടുകയാണ് ചെയ്തത്. ആരെയും അവരുടെ വിശ്വാസത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കരുതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
അതേയവസരത്തില്‍ നിലവിളക്ക് കൊളുത്തല്‍ മതപരമാണോ എന്നത് മറ്റൊരു ചോദ്യമാണ്. ദീപാരാധന മതപരമാണെന്നിരിക്കെ അതിന്റെ ഭാഗമായ നിലവിളക്ക് കൊളുത്തലും മതപരമാണ് എന്നാണ് ഒരു മറുപടി. അത് ശരിയാണെങ്കില്‍ ഒരു മുസ്ലിമിന്റെ മനസ്സാക്ഷി അതംഗീകരിക്കാന്‍ തയാറില്ലാത്ത പക്ഷം അയാള്‍ മന്ത്രിയായാലും സാധാരണക്കാരനായാലും അതിന് നിര്‍ബന്ധിക്കപ്പെട്ടുകൂടാ. പ്രത്യുത വെളിച്ചത്തിന്റെ പ്രതീകമായ നിലവിളക്ക് കൊളുത്തുന്നതിന് മതപരമായ മാനങ്ങളില്ലെന്ന വീക്ഷണവും നിലവിലുണ്ട്. അങ്ങനെയെങ്കില്‍ നിലവിളക്കിനെ നിര്‍ദോഷമായ ഒരു ചടങ്ങ് മാത്രമായി മാത്രം കാണാം, നാട മുറിക്കല്‍ പോലെ. സുഊദികളോ ഇറാനികളോ യു.എ.ഇക്കാരോ നിലവിളക്ക് കൊളുത്താന്‍ മടിക്കാറില്ല എന്ന ന്യായം പ്രസക്തമല്ല. അവര്‍ക്കിതിന്റെ പിന്നിലെ വിശ്വാസപരമോ മതപരമോ ആയ മാനങ്ങള്‍ അറിയില്ല എന്നതാണ് വസ്തുത. പ്രശ്നത്തിന് ദേശസ്നേഹപരമായ മാനങ്ങള്‍ കല്‍പിക്കുന്നതും നിരര്‍ഥമാണ്. നിലവിളക്ക് കൊളുത്തുന്നവനും ബിസ്മി ചൊല്ലുന്നവനും തേങ്ങയുടക്കുന്നവനും മെഴുകുതിരി കത്തിക്കുന്നവനുമെല്ലാം രാജ്യസ്നേഹികളായി ജീവിക്കാന്‍ മാത്രം വിശാലമാണ് ഇന്ത്യ. ഒരു കൂട്ടരും തങ്ങളുടെ ആചാരമനുഷ്ഠിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കാതിരിക്കുന്നതിലാണ് യഥാര്‍ഥ രാജ്യതാല്‍പര്യം.
അനുവദിച്ച കാര്യം നിരുത്സാഹപ്പെടുത്തുന്നു 
റീജ ഹാറൂണ്‍ തങ്ങള്‍, കിളികൊല്ലൂര്‍
ബഹുഭാര്യാത്വത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ഒരു കാഴ്ചപ്പാടല്ല ഉള്ളത്. പലരുടെയും വിമര്‍ശനത്തിന്റെ കാരണങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഭൌതികവാദികളായ മുസ്ലിം നാമധാരികളുടെയും ബുദ്ധിജീവികളുടെയും വിമര്‍ശനം അമുസ്ലിം സമൂഹത്തിന്റെ ആദരവും പ്രശസ്തിയും ആഗ്രഹിച്ചുകൊണ്ടാണ്. ഇസ്ലാമിന്റെ ഇമേജ് ക്ളീനാക്കാന്‍ വേണ്ടി തത്ത്വത്തില്‍ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് സമുദായത്തെ ഉപദേശിക്കുകയും ക്ഷമാപണത്തോടെ ബഹുഭാര്യാത്വത്തെ ആളുകളുടെ മുന്നില്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നവരാണ് ഇനിയും ഒരു കൂട്ടര്‍. രാഷ്ട്രം തന്നെ ഇസ്ലാമീകരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരാണ് ഇവരെന്നതാണ് ഇതിലെ ഒരു വൈരുധ്യം. വീര്യമുള്ള വിഷം വിഷമെന്നു കരുതി കഴിച്ചാലും ഔഷധമെന്ന് ധരിച്ചാലും മരിക്കും എന്നതില്‍ സംശയമില്ലാത്തതുപോലെ, ഇസ്ലാമിനോടുള്ള ഗുണകാംക്ഷകൊണ്ടായാലും ശത്രുതകൊണ്ടായാലും ഫലത്തില്‍ ഒന്നുതന്നെയെന്ന് സാന്ദര്‍ഭികമായി ഓര്‍മിപ്പിക്കട്ടെ (സ്നേഹസംവാദം മാസിക, ജൂലൈ. 'ബഹുഭാര്യത്വം നന്മയോ തിന്മയോ?').
ഒരേ അവസരത്തില്‍ നാല് വിവാഹം കഴിക്കാന്‍ ശരീഅത്ത് ദൃഷ്ട്യാ അനുവദനീയമാണ്. പ്രായപൂര്‍ത്തിയായതും അല്ലാത്തതുമായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് അയക്കാം. ഇതുപക്ഷേ അനുവദനീയം മാത്രമാണ്, നിര്‍ബന്ധമില്ല. ഒരാള്‍ അനുവദനീയമായ നാല് വിവാഹം കഴിക്കാത്തതിന്റെ പേരില്‍ മഹ്ശറയില്‍ അയാള്‍ വിചാരണ ചെയ്യപ്പെടുമോ? അനുവദനീയമായതത്രയും ചെയ്തുകൊള്ളണമെന്ന് ഇസ്ലാമില്‍ നിര്‍ബന്ധമുണ്ടോ?
ബഹുഭാര്യാത്വം ഇസ്ലാം പ്രോത്സാഹിപ്പിച്ചതോ, കേവലം അനുവദനീയമോ നിരുത്സാഹപ്പെടുത്തിയതോ എന്നതാണ് ഒന്നാമതായി തീരുമാനിക്കേണ്ട കാര്യം. രണ്ടാമതായി ഇന്ത്യയെ പോലുള്ള ഒരു ബഹുമത സമൂഹത്തില്‍ തീര്‍ത്തും യുക്തിരഹിതമായി നടപ്പിലാക്കാന്‍ ശാഠ്യം പിടിക്കേണ്ട കാര്യമാണോ ബഹുഭാര്യാത്വം എന്നുള്ളതും.
സൂറത്തുന്നിസാഇലെ 'നിങ്ങള്‍ അനാഥരോട് നീതി കാണിക്കാന്‍ കഴിയില്ലെന്ന് ഭയപ്പെട്ടാല്‍ സ്ത്രീകളില്‍നിന്ന് നിങ്ങള്‍ക്കിഷ്ടപ്പെട്ട രണ്ടോമൂന്നോ നാലോ വിവാഹം ചെയ്തോളൂ;(ഭാര്യമാര്‍ക്കിടയില്‍) നീതിപാലിക്കാനാവില്ല എന്ന ഭയപ്പാടുണ്ടെങ്കില്‍ ഒന്നു മാത്രം' എന്ന ആശയത്തിലുള്ള ഖുര്‍ആന്‍ സൂക്തമാണല്ലോ ഇസ്ലാമില്‍ ബഹുഭാര്യാത്വ അനുമതിക്കുള്ള തെളിവ്. ഈ സൂക്തത്തില്‍ പ്രത്യക്ഷത്തില്‍ തന്നെ, നീതി പാലിക്കുക എന്ന നിബന്ധനയോടെയാണ് ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യാന്‍ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. നീതി എന്നാല്‍ ജീവനാശം, സംരക്ഷണം, പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിലെല്ലാം പുലര്‍ത്തേണ്ട സമഭാവനയാണ്. വളരെ സൂക്ഷ്മതയും ജാഗ്രതയും ഉള്ളവര്‍ക്കേ അത് സാധ്യമാവൂ. 'ഒരാള്‍ ഒന്നിലധികം വിവാഹം ചെയ്തു, എന്നിട്ട് ഒരു ഭാര്യയിലേക്ക് മാത്രം ചായ്വ് പ്രകടമാക്കിയാല്‍ അന്ത്യനാളിലും അയാള്‍ ചരിഞ്ഞുതന്നെ വരും' എന്ന് നബി(സ) മുന്നറിയിപ്പ് നല്‍കിയതും ഇത് പരിഗണിച്ചാണ്. അപ്പോള്‍ ബഹുഭാര്യാത്വത്തെ ഇസ്ലാം പ്രോത്സാഹിപ്പിച്ചതോ നിരുത്സാഹപ്പെടുത്തിയതോ? പ്രോത്സാഹനം അത് നല്‍കിയിട്ടില്ലെന്ന് വ്യക്തം. ബഹുഭാര്യാത്വം കുടുംബഛിദ്രതക്ക് കാരണമാകുമെങ്കില്‍ കര്‍ശനമായി നിരുത്സാഹപ്പെടുത്തി എന്നും പറയേണ്ടതുണ്ട്. കാരണം, കുടുംബഭദ്രതയും സ്നേഹാന്തരീക്ഷവുമാണ് ഇസ്ലാം സര്‍വഥാ പ്രാധാന്യം നല്‍കിയ കാര്യം.
ഈ വസ്തുത മനസ്സിലാക്കാതെ ശത്രുക്കള്‍ ഇസ്ലാമിന്റെ തന്നെ ക്രൂരമായ സ്ത്രീപീഡനത്തിനു ഉദാഹരണായി ബഹുഭാര്യാത്വത്തെ അവതരിപ്പിക്കുന്ന ഇന്ത്യയിലേത് പോലുള്ള സമൂഹത്തില്‍ അവര്‍ക്ക് ശക്തിപകരുന്ന രീതിയില്‍ ഉദാരവത്കൃത ബഹുഭാര്യാത്വ പ്രചാരണവുമായി മുന്നോട്ട് നീങ്ങുന്നത് ആരുടെ താല്‍പര്യത്തിന് എന്ന് അതിന്റെ വക്താക്കള്‍ ആലോചിക്കണം. 'ഇസ്ലാം ബഹുഭാര്യാത്വം അനുവദിച്ചത് പ്രത്യേക കാലഘട്ടത്തിലായിരുന്നു, നിങ്ങള്‍ എത്ര ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ നീതിപാലിക്കാനാവില്ലെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിരിക്കെ ബഹുഭാര്യാത്വം ഫലത്തില്‍ നിരോധിച്ചിരിക്കുന്നു' എന്നിത്യാദി മോഡേണിസ്റ് വാദങ്ങള്‍ അസ്വീകാര്യമായിരിക്കെ തന്നെ, അതിന്റെ പ്രതികരണമായോ അക്ഷരപൂജയുടെ ഫലമായോ ബഹുഭാര്യാത്വം അനിയന്ത്രിതവും പുണ്യകര്‍മവുമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് ഇസ്ലാമിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല. പൊതു താല്‍പര്യം മുന്‍നിര്‍ത്തി അനുവദനീയ കാര്യങ്ങള്‍തന്നെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തതിന് ഇസ്ലാമിന്റെ ചരിത്രത്തില്‍ വേണ്ടത്ര ഉദാഹരണങ്ങള്‍ ഉണ്ടുതാനും. മുത്തലാഖ് അന്തിമമായ വിവാഹമോചനമായി ഉമര്‍(റ) പ്രഖ്യാപിച്ചത്, മുഅല്ലഫത്തുല്‍ ഖുലൂബിന് (ഇസ്ലാമിനോട് അനുഭാവമുള്ള അമുസ്ലിംകള്‍) ഖുര്‍ആന്‍ നിര്‍ദേശിച്ച സകാത്ത് വിഹിതം വേണ്ടെന്ന് വെച്ചത്, സ്വഹാബിമാര്‍ സ്ഥിര താമസത്തിന് മദീന വിട്ട് പോവുന്നത് നിരോധിച്ചത്, ജയിച്ചടക്കിയ ഭൂപ്രദേശങ്ങള്‍ ഭടന്മാര്‍ക്കിടയില്‍ ഓഹരി വെക്കുന്ന പതിവ് അവസാനിപ്പിച്ച് അത് തദ്ദേശവാസികള്‍ക്ക് വിട്ടുകൊടുത്തത് തുടങ്ങി ഒട്ടേറെ സംഭവങ്ങളില്‍ സാമൂഹിക നന്മയും മാറിയ പരിതസ്ഥിതിയുമാണ് ഖലീഫ വീക്ഷിച്ചതെന്ന് വ്യക്തമാണ്. സ്വന്തം താല്‍പര്യങ്ങള്‍ ഹിഡന്‍ അജണ്ടയാക്കി ഓരോരുത്തര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ശരീഅത്തിന്റെ സാധൂകരണം നല്‍കാനുള്ള വ്യഗ്രത ഇസ്ലാമിക പ്രവര്‍ത്തനമല്ലെന്ന് കൂടി തിരിച്ചറിയേണ്ടതുണ്ട്.

Comments