അനാഥാലയങ്ങളിലെ വീര്‍പ്പുകള്‍
ലക്കം 4-ലെ 'അനാഥശാലകള്‍ ചില അശുഭചിന്തകള്‍' എന്ന പ്രതികരണം വായിച്ചു. ഇന്ന് അനാഥശാലകളിലെ ഭക്ഷണക്രമങ്ങളും മറ്റു ഭൌതിക സാഹചര്യങ്ങളും വളരെ സമ്പുഷ്ടമാണ്. ദിവസവും ബിരിയാണിയും നെയ്ച്ചോറും ചിക്കനും മട്ടനും ഒക്കെയായി അനാഥരുടെ കാര്യങ്ങളില്‍ ഊഴം കാത്തിരിക്കുന്ന ദാതാക്കളുടെ മനോഭാവം കണക്കിലെടുത്ത് അധികൃതരും ജാഗ്രത പുലര്‍ത്തുന്നു.
എന്നാല്‍, മാതാവോ പിതാവോ നഷ്ടപ്പെട്ട് ബന്ധുജനങ്ങളില്‍ നിന്നകന്ന് അപരിചിതമായ ഒരന്തരീക്ഷത്തിലെത്തിപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് മാതൃ വാത്സല്യങ്ങളും സ്നേഹമസൃണമായ പെരുമാറ്റങ്ങളും അന്യമാണ്. വേദനകളും സങ്കടങ്ങളും കടിച്ചമര്‍ത്തി മറ്റുള്ളവരുടെ കനിവില്‍ കഴിഞ്ഞുകൂടുന്ന ബാല്യങ്ങള്‍ക്ക് കണ്ണീരൊപ്പാന്‍, ഒരു ആശ്വാസവചനം പറയാന്‍ ആരുമില്ല!
കൌമാരക്കാര്‍ കുടുംബാംഗങ്ങളെക്കുറിച്ച വേവലാതികളും സ്വന്തം ഭാവിയെക്കുറിച്ച ആശങ്കകളും ഒക്കെ പേറി ഹൃദയം വേദനിച്ചുകൊണ്ടാണ് അനാഥശാലകളില്‍ കഴിയുന്നത്. ആ സന്ദര്‍ഭങ്ങളില്‍ സാന്ത്വനത്തിന്റെ വാക്കുകള്‍ അവരുടെ മനസ്സുകള്‍ക്ക് കുളിരാകും. വളരെ മുമ്പ് അത്തരം കുറെ മനസ്സുകളുമായി സംവദിക്കാനവസരം ലഭിച്ചപ്പോഴാണ് അനാഥാലയങ്ങളില്‍ വീര്‍പ്പുമുട്ടുന്ന മനസ്സുകളെ ആശ്വസിപ്പിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലായത്. അനാഥശാല നടത്തുന്നവര്‍ ഈ രംഗത്തുകൂടി ശ്രദ്ധ പതിപ്പിച്ചിരുന്നുവെങ്കില്‍
മമ്മൂട്ടി കവിയൂര്‍
ലക്കം 7 അക്ഷരാര്‍ഥത്തില്‍ തന്നെ ഒരു റമദാന്‍ സ്പെഷ്യല്‍ പതിപ്പായിട്ടാണ് അനുഭവപ്പെട്ടത്. അമ്പത് പേജില്‍ നാല്‍പതും നോമ്പിന്റെ വിരുന്ന് ദറജയോടെ ഒരുക്കുന്നതില്‍ കാണിച്ച ജാഗ്രത എടുത്ത് പറയേണ്ടതാണ്.
അമീറിന്റെ ആമുഖം മുതല്‍ ജമീല്‍ അഹ്മദിന്റെ കവിത വരെ വിശ്വാസികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു കിട്ടുന്നവയാണ്. അതില്‍ അഹമ്മദ് കുട്ടി ശിവപുരത്തിന്റെ വിശപ്പിന്റെ വിപ്ളവവും ഖാലിദ് മൂസയുടെ ചില പുനരാലോചനകളും ഷൌക്കത്തലിയുടെ ലേഖനവും വേറിട്ട രചനകളായി തോന്നി.
സമദൂരക്കാരുടെ ഹാലിളക്കം
റഹീം കരിപ്പാടി
ചില സമുദായ സംഘടനകള്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ സമദൂരം പറഞ്ഞ് വേലിയിലിരിക്കും. ജയിച്ച് വരുന്ന മുന്നണിയോട് ശരിദൂരം പ്രയോഗിച്ചു എന്ന് പറഞ്ഞ് ചങ്ങാത്തം കൂടും. ചുറ്റുപാടുകള്‍ക്കനുസരിച്ച് കരുക്കള്‍ നീക്കി താല്‍പര്യ സംരക്ഷണ പ്രക്രിയ തുടരും. ഇംഗ്ളീഷില്‍ മാക്കിയവെല്ലിയനെന്നും നാം ചാണക്യമെന്നും വിശേഷിപ്പിക്കുന്ന തനി മര്‍വാഡി നിലപാടാണിത്.
രാഷ്ട്രീയ പ്രബുദ്ധമെന്നും ഇടതുപക്ഷ ചിന്താചായ്വ് എന്നും വിശേഷിപ്പിക്കപ്പെടുന്ന കേരളത്തില്‍ ഈ ചാണക്യ മോഡല്‍ ജാങ്കിക്കച്ചവടം ദശകങ്ങളായി നടന്നുകൊണ്ടിരിക്കുന്നു. മറ്റുള്ളവര്‍ക്ക് വല്ല പരിഗണനയും സര്‍ക്കാറില്‍ നിന്ന് ലഭിക്കുമ്പോള്‍ അവര്‍ക്ക് ഹാലിളകുന്നു. തങ്ങള്‍ ദേശീയതയുടെ വക്താക്കളും അപരര്‍ ദേശവിരുദ്ധ വര്‍ഗീയ വാദികളുമാണെന്ന് അവര്‍ നാവിട്ടടിക്കുന്നു. അന്തര്‍ദേശീയ കാര്യങ്ങള്‍ ചൂണ്ടി അപരരെ തീവ്രവാദികളെന്നും വിധ്വംസക പ്രവര്‍ത്തകരെന്നും വരെ വിമര്‍ശിക്കുന്നു. അതിനു ചൂട്ടുപിടിക്കാന്‍ മുന്‍നിര മാധ്യമങ്ങളെയും സജ്ജീകരിച്ചിരിക്കുന്നു. മതനിരപേക്ഷ ബുദ്ധിജീവികള്‍ക്ക് ഈ ആഭാസം കണ്ടു മടുത്തിരിക്കണം. അവര്‍ ഇതിനോടൊന്നും പ്രതികരിക്കാത്തത് അതുകൊണ്ടായിരിക്കാം.
കാലികമിടിപ്പുകളറിഞ്ഞ് എഴുതിയ കൃതി
പി.എ ഉസ്മാന്‍ പാടല
ലക്കം 6-ല്‍ പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍ എഴുതിയ 'ദയാനിധിയായ ദൈവദൂതന്‍' എന്ന പുസ്തക നിരൂപണമാണ് ഈ കുറിപ്പിന് പ്രേരകം. ആ ഗ്രന്ഥത്തിന്റെ സുന്ദരമായ ഭാഷാശൈലി വായനക്കാരനെ ആകര്‍ഷിക്കാന്‍ ശേഷിയുള്ളതാണ്. ലേഖകന്‍ പരിചയപ്പെടുത്താന്‍ വിട്ടുപോയ ഒന്ന് വിവര്‍ത്തകന്‍ പ്രഫ. കെ.പി കമാലുദ്ദീന്റെ ഭാഷാനൈപുണ്യമാണ്.
ഈ പുസ്തകം ഉള്ളടക്കം കൊണ്ട് മാത്രമല്ല, ഒഴുക്കുള്ള ഭാഷ കൊണ്ടും വേറിട്ടു നില്‍ക്കുന്നു. പ്രവാചക ജീവിതാധ്യാപനങ്ങള്‍ സമകാലിക സ്പന്ദനങ്ങളോട് ഇഴചേര്‍ത്ത് അവതരിപ്പിക്കുന്ന കൃതി ഈടുറ്റ ഗ്രന്ഥമായി പരിഗണിക്കപ്പെടുമെന്ന് തന്നെയാണ് ഈ വിനീതന്റെ വായനാനുഭവം.
ബാങ്ക് കേള്‍ക്കെ അത്താഴം തുടരാമോ?
ഇല്‍യാസ് മൌലവി
പ്രബോധനം ലക്കം 8 ല്‍ അബുദര്‍റ് എടയൂരിന്റെ 'നോമ്പിന്റെ കര്‍മശാസ്ത്രം എന്ന ലേഖനത്തിലെ ബാങ്ക് കേട്ടാലും അത്താഴം കഴിക്കാം എന്ന വീക്ഷണത്തോട് വിയോജിക്കുന്നു. 'ഭക്ഷണത്തളിക കൈയിലുണ്ടായിരിക്കെ അത് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ബാങ്ക് കേട്ടാല്‍ അവര്‍ തങ്ങളുടെ ആവശ്യം പൂര്‍ത്തിയാക്കിക്കൊള്ളട്ടെ' എന്ന ഹദീസ് പ്രഭാതോദയത്തിന് ശേഷം തിന്നാനും കുടിക്കാനുമുള്ള അനുവാദമല്ല. തത്സംബന്ധമായി വന്ന ഹദീസുകള്‍ ചേര്‍ത്തു വായിച്ചാല്‍ ഇത് വ്യക്തമാവും. ഉദാഹരണത്തിന് തിരുമേനി പറയുകയുണ്ടായി: "ബിലാല്‍ രാത്രിയില്‍ ബാങ്ക് കൊടുക്കും. എന്നാല്‍ ഇബ്നു ഉമ്മിമക്തൂം ബാങ്ക് കൊടുക്കുന്നത് വരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക'' (ബുഖാരി, മുസ്ലിം). ഇതിന്റെയര്‍ഥം സുബ്ഹിക്ക് തിരുമേനിയുടെ കാലത്ത് രണ്ട് ബാങ്കുണ്ടായിരുന്നു എന്നാണ്. ആദ്യത്തേത് പ്രഭാതോദയത്തിന് കുറച്ച് സമയം മുമ്പ് ബിലാലും രണ്ടാമത്തേത് പ്രഭാതോദയ സമയത്ത് ഇബ്നുഉമ്മി മക്തൂമും ആണ് നിര്‍വഹിച്ചിരുന്നത്.
ആദ്യത്തെ ബാങ്ക് പ്രഭാതത്തിന് മുമ്പായതിനാല്‍ അടുത്ത ബാങ്ക് വരെ നിങ്ങള്‍ക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം എന്നര്‍ഥം. ഈ കാര്യം ഇമാം ബൈഹഖിയും മറ്റും വ്യക്തമാക്കിയിട്ടുണ്ട്. അബൂദാവൂദിന്റെ വിഖ്യാതമായ ഔനുല്‍ മഅ്ബൂദിലും ഈ കാര്യം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഈ ഹദീസ് വെച്ച് ബാങ്ക് കേട്ടാലും തീറ്റ തുടരാം എന്ന നിഗമനത്തിലെത്തുന്നത് അബദ്ധമാണ്. പ്രഭാതമാകും വരെ നിങ്ങള്‍ക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം എന്ന ഖുര്‍ആന്‍ വചനത്തിന്റെ ചൈതന്യത്തിന് എതിരുമാണ് പ്രസ്തുത നിഗമനം.
മത സംഘടനകളൊന്ന് മനസ് വെക്കണം
മുഹമ്മദ് പാറക്കടവ്
ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള ബൈത്തുസകാത്ത് നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത പദ്ധതികളുടെ വാര്‍ത്ത ആവേശകരവും പ്രതീക്ഷക്ക് വക നല്‍കുന്നതുമാണ്. എല്ലാ മതസംഘടനകളും ഇപ്രകാരം സകാത്ത് സംഘടിതമായി ശേഖരിച്ച് അര്‍ഹരായ ആവശ്യക്കാര്‍ക്കിടയില്‍ ശാസ്ത്രീയമായി വിതരണം ചെയ്താല്‍ സമൂഹത്തില്‍ അത്ഭുതകരമായ മാറ്റം വരുമെന്നുറപ്പാണ്. കര്‍മശാസ്ത്രപരമായ നൂലിഴയില്‍ കുരുങ്ങി ഈ സംരംഭത്തിന് തടസ്സം നില്‍ക്കുന്നവര്‍ ഇനിയെങ്കിലും മാറിചിന്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞവര്‍ഷമിറങ്ങിയ 'സത്യധാര'യുടെ സകാത്ത് പതിപ്പ് ഈ രംഗത്ത് ആശക്ക് വക നല്‍കുന്ന ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. അതിലൊന്ന് ഓരോ പ്രദേശത്തെയും സകാത്ത് ദായകര്‍ തങ്ങളുടെ സകാത്ത് വിഹിതം ഒരു വ്യക്തിയെ ഏല്‍പിക്കുക എന്നതാണ്. ഇങ്ങിനെ ഖാദിയെയോ, മഹല്ല് ഭാരവാഹിയെയോ സകാത്ത് സംഖ്യ ഏല്‍പിച്ച് അവര്‍ അവിടെയുള്ള ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്യണം. അനേകം മഹല്ലുകളുടെ ഖാദിസ്ഥാനം വഹിക്കുന്ന ഹൈദരലി ശിഹാബ് തങ്ങളെ പോലുള്ളവര്‍ ഓരോ മഹല്ലിലും സകാത്ത് പിരിക്കാന്‍ ഒരു പ്രതിനിധിയെ ഏല്‍പിച്ചാല്‍ അതനുസരിക്കാന്‍ അനേകം പേര്‍ തയാറാകും. ഇത്തരമൊരു നീക്കം ഈ റമദാന്‍ തൊട്ട് സുന്നീ സംഘടനകള്‍ ആരംഭിച്ചാല്‍ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും മരുന്നിനും വഴി കാണാതെ നട്ടം തിരിയുന്ന നിരവധി പേര്‍ക്ക് അതാശ്വാസമാകും.
ആലമുല്‍ അര്‍വാഹ്?
എ.ആര്‍. അഹ്മദ് ഹസന്‍, പെരിങ്ങാടി
ജൂലൈ 14 ന്റെ 'പ്രബോധന'ത്തിലെ വി.പി ശൌക്കത്തലിയുടെ ലേഖനത്തില്‍ "ആലമുല്‍ അര്‍വാഹിന്റെ ലോകത്തേക്കാണ് മടക്കയാത്ര നടത്തേണ്ടത്''എന്ന് എഴുതിയതായി കാണുന്നു.
മടക്കയാത്രയെന്ന് പറയുമ്പോള്‍ അവിടെന്നാണ് വന്നതെന്ന ധ്വനിയുണ്ട്. ഖുര്‍ആനിലോ സ്ഥിരപ്പെട്ട ഹദീസുകളിലോ നാം 'ആലമുല്‍ അര്‍വാഹി'ല്‍ നിന്ന് വന്നവരാണെന്ന് പരാമര്‍ശമുണ്ടോ? ഏതാണീ ആലമുല്‍ അര്‍വാഹ്? പരലോകത്തെ ആലമുല്‍ അര്‍വാഹ് എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ടോ? പരലോക(ആഖിറത്ത്)ത്തിന് മുമ്പായി "ബര്‍സഖ്'' എന്ന ഒരു ഘട്ടമുണ്ട്. അതാണോ ആലമുല്‍ അര്‍വാഹ്. 'ആലം' എന്നാല്‍ ലോകമെന്നാണര്‍ഥം "ആലമുല്‍ അര്‍വാഹിന്റെ ലോകം'' എന്നാലെന്താണര്‍ഥം? 'അര്‍വാഹ്' എന്ന ബഹുവചനവും 'ആലം' എന്ന ഏകവചനവും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടില്ലെന്നാണ് മനസിലാക്കാനായത്. അവ്യക്തതകള്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Comments