മുഹമ്മദ് ഫാത്തിഹിലേക്കുള്ള തുര്‍ക്കിയുടെ തിരിച്ചുനടത്തം
മുസ്ത്വഫാ കമാല്‍ അത്താ തുര്‍ക്കിന്റെ തീവ്ര മതേതര തുര്‍ക്കിയില്‍നിന്ന് അര്‍ബകാന്റെയും ഉര്‍ദുഗാന്റെയും തുര്‍ക്കിയിലേക്കുള്ള വളര്‍ച്ച അനുഭവിച്ചറിയാനുള്ള ആഗ്രഹം മനസ്സ് എന്നേ നെയ്തു വെച്ചതായിരുന്നു. മുഹമ്മദുല്‍ ഫാത്തിഹിന്റെ പടയോട്ടം മുതല്‍ ഉസ്മാനിയ ഖിലാഫത്തും മുസ്ത്വഫാ കമാല്‍ അത്താത്തുര്‍ക്കും ബദീഉസ്സമന്‍ സഈദ് നൂര്‍സിയും പിന്നെ അര്‍ബകാനും ഉര്‍ദുഗാനുമെല്ലാം കണ്ണിചേരുന്ന ആ ചരിത്രം ഇസ്ലാമിന്റെ ഉത്ഥാനപതനങ്ങളുടെ ഒരു നഖചിത്രമാണ്.
ദല്‍ഹിയില്‍നിന്ന് വിമാനം പറന്നുയരും മുമ്പേ എന്റെ ചിന്തകള്‍ തുര്‍ക്കിയിലെത്തിക്കഴിഞ്ഞിരുന്നു. പ്രവാചകന്റെ പ്രവചനം തന്നിലൂടെ പൂര്‍ത്തീകരിച്ച മുഹമ്മദ്, ആ നാട് ജയിച്ചടക്കി മുഹമ്മദുല്‍ ഫാത്തിഹ് ആയി മാറിയ സംഭവബഹുലമായ ചരിത്രം മനസ്സിലൂടെ കടന്നുപോയി. അതേ തുര്‍ക്കിയില്‍ തന്നെയാണല്ലോ നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഇസ്ലാമിക ഖിലാഫത്തിന് അന്ത്യം സംഭവിച്ചത് എന്നോര്‍ക്കുമ്പോള്‍ അകം അസ്വസ്ഥമായി. അതിനു നേതൃത്വം നല്‍കിയ മുസ്ത്വഫാ കമാല്‍ പാഷയോട് തെല്ലൊന്നുമല്ല അമര്‍ഷം തോന്നിയത്. ജമാഅത്തുന്നൂറിനും സഈദ് നൂര്‍സിക്കുമെതിരെ എന്തെല്ലാം കുതന്ത്രങ്ങളാണ് അദ്ദേഹം പയറ്റിയത്. നൂര്‍സിയെയും അനുയായികളെയും അറസ്റ് ചെയ്ത് തുറുങ്കിലടച്ചു. രിസാലത്തുന്നൂറിന്റെ പ്രസിദ്ധീകരണത്തിന് വിലക്കേര്‍പ്പെടുത്തി. പക്ഷേ, രാഷ്ട്രാതിരുകള്‍ ഭേദിച്ച് രിസാലത്തുന്നൂറും ജമാഅത്തുന്നൂറും പ്രചരിച്ചുകൊണ്ടേയിരുന്നു.
മാറ്റത്തെ തുര്‍ക്കി പെട്ടെന്ന് ഉള്‍ക്കൊള്ളും. എത്ര വേഗത്തിലാണ് എല്ലാം മാറിമറിഞ്ഞത്. തീവ്ര മതേതര തുര്‍ക്കിയില്‍ നിന്ന് ഉര്‍ദുഗാന്റെ തുര്‍ക്കിയിലേക്ക് എത്ര പെട്ടെന്നാണ് അവര്‍ നടന്നു നീങ്ങിയത്. ഇപ്പോഴിതാ പ്രസിഡന്‍ഷ്യല്‍ ജനാധിപത്യ ക്രമത്തിലേക്ക് മാറാന്‍ തുര്‍ക്കി ചുവടുകള്‍ വെച്ചുകൊണ്ടിരിക്കുന്നു.
ലോകത്തെയാകമാനം, വിശേഷിച്ചും യൂറോപ്പിനെ സാമ്പത്തിക മാന്ദ്യം എന്ന പകര്‍ച്ചവ്യാധി ബാധിച്ചപ്പോള്‍ പതറാതെ അതിജീവിച്ചു തുര്‍ക്കി. ചരിത്രത്തിലെ രോഗി അതിനകം ഒരുപാട് വളര്‍ന്നു കഴിഞ്ഞിരുന്നു.
ഇസ്തംബൂള്‍ എയര്‍പോര്‍ട്ടില്‍ കാലുകുത്തുമ്പോള്‍ ചരിത്ര നിമിഷങ്ങള്‍ വീണ്ടും മനസ്സില്‍ മിന്നിമറിഞ്ഞു. ഇന്റര്‍നാഷ്നല്‍ യൂത്ത് ഫോറം ഓര്‍ഗനൈസേഷ(ഐ.വൈ.എഫ്.ഒ)ന്റെ ഏഴാമത് അന്താരാഷ്ട്ര സമ്മേളനത്തിനാണ് എസ്.ഐ.ഒവിന്റെ പ്രതിനിധിയായി ഞാന്‍ എത്തിയത്. ഐ.വൈ.എഫ്.ഒ യുടെയും സആദ പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ കാത്തുനില്‍പുണ്ടായിരുന്നു. വോവ് എയര്‍പോര്‍ട്ട് ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു കോണ്‍ഫറന്‍സ്. തുര്‍ക്കി വേള്‍ഡ് ട്രേഡ് സെന്ററിന്റെ അടുത്താണ് പ്രസ്തുത ഹോട്ടല്‍.
ഐ.വൈ.എഫ്.ഒ
കോണ്‍ഫറന്‍സ്
'മുസ്ലിം ഐക്യവും യുവ സമൂഹവും' എന്നതായിരുന്നു സമ്മേളന പ്രമേയം. 80 രാഷ്ട്രങ്ങളില്‍നിന്നായി വനിതകളടക്കം നൂറോളം പ്രതിനിധികള്‍ സംബന്ധിച്ചിരുന്നു.
ഐ.വൈ.എഫ്.ഒ പ്രസിഡന്റ് മൂസാ ബുദക്കിന്റെ ഉദ്ഘാടനത്തോടെയായിരുന്നു രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് വ്യത്യസ്ത ഇസ്ലാമിക സംഘടനകളുടെ പ്രതിനിധികളടങ്ങിയ പ്രോട്ടോകോള്‍ സെഷന്‍ ആരംഭിച്ചു. വിപ്ളവാനന്തര പശ്ചിമേഷ്യയിലെ പുത്തന്‍ പ്രതീക്ഷകളെക്കുറിച്ചും അനീതിക്കെതിരെ നീതി ആധിപത്യം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സെഷന്‍ വാചാലമായി.
കൂടുതല്‍ ഹൃദ്യമായ സെഷനായിരുന്നു അടുത്തത്. തുനീഷ്യ, സുഡാന്‍, താജ്കിസ്താന്‍, ഫലസ്ത്വീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത രാഷ്ട്രീയ സെഷന്‍. തുനീഷ്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ച അവതരണം അതില്‍ മികച്ചുനിന്നു.
വിദ്യാഭ്യാസത്തെ സംബന്ധിച്ച ഗൌരവപ്പെട്ട പ്രബന്ധങ്ങള്‍ അടങ്ങിയതായിരുന്നു അടുത്ത സെഷന്‍. 'അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും താത്ത്വിക വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം ക്രിയാത്മകവും ചലനാത്മകവുമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്'- സെഷന്‍ അഭിപ്രായപ്പെട്ടു.
ഇന്റര്‍നാഷ്നല്‍ യൂനിയന്‍ ഓഫ് മുസ്ലിം കമ്യൂണിറ്റീസിന്റെ 21-ാം കോണ്‍ഫറന്‍സിന്റെ സംയുക്ത സെഷനായിരുന്നു രണ്ടാം ദിവസം ആരംഭിച്ചത്. ഇസ്ലാമിക പ്രസ്ഥാന നേതാക്കള്‍ മാത്രമല്ല, മുസ്ലിം രാജ്യങ്ങളുടെ ഔദ്യോഗിക നേതൃത്വങ്ങളുടെയും സാന്നിധ്യം കൊണ്ടത് ശ്രദ്ധേയമായി.
ഇ.എസ്.എ.എം പ്രസിഡന്റ് റജായി ഖത്വാന്‍, സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാത്തിഹിനെയും നജ്മുദ്ദീന്‍ അര്‍ബകാനെയും സ്മരിച്ചുകൊണ്ടാണ് തന്റെ അധ്യക്ഷ പ്രസംഗം ആരംഭിച്ചത്. 'മുസ്ലിംകള്‍ക്ക് ഒരു പുതിയ ലോക വ്യവസ്ഥ നിര്‍മിക്കാനുള്ള കഴിവുണ്ട്. മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യങ്ങളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തിലെ ക്രൂരതകള്‍ക്ക് ആരാണ് ഉത്തരവാദി? തീര്‍ച്ചയായും പടിഞ്ഞാറന്‍ നാഗരികത തന്നെയാണ്. അക്രമങ്ങളുടെയും നരഹത്യയുടെയും നാഗരികത ലോകത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. അവര്‍ ഇസ്ലാമിനെ ഭീഷണിയായി അവതരിപ്പിക്കുകയും ഇസ്ലാമോഫോബിയ വളര്‍ത്താന്‍ സകലവിധ കുതന്ത്രങ്ങളും പയറ്റുകയും ചെയ്തിരിക്കുന്നു. പടിഞ്ഞാറന്‍ സംവിധാനത്തിലൂടെ നീതിയിലധിഷ്ഠിതമായ ഒരു നവലോകക്രമം അസാധ്യമാണ്. ഇസ്ലാം തീവ്രവാദവും ഭീതിയുമല്ല, ശാന്തിയും സമാധാനവുമാണ് ആഗ്രഹിക്കുന്നത്. ശാന്തി, സമാധാനം, നീതി എന്നിവയിലധിഷ്ഠിതമായ ഒരു ലോകക്രമം സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് നാമാണ്. അതിനാല്‍ ഒന്നിക്കൂ. ഐക്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.' വികാര നിര്‍ഭരമായിരുന്നു ആ ഭാഷണം.
സുഡാന്‍ റിപ്പബ്ളിക്ക് പ്രസിഡന്റിന്റെ ഉപദേഷ്ടാവായ മുസ്ത്വഫ ഉസ്മാന്‍ ഇസ്മാഈലായിരുന്നു അടുത്ത പ്രഭാഷകന്‍. "അറബ് വിപ്ളവം ലോകത്തിന് ഒരു യുഗപ്പിറവി സമ്മാനിച്ചിരിക്കുന്നു. പടിഞ്ഞാറിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നു. നീതിയുടെയും ക്ഷേമത്തിന്റെയും ഒരു പുതിയ ലോകക്രമം ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ഇസ്ലാമിന് അതിനുള്ള കെല്‍പ്പുണ്ട്.''
എ.കെ പാര്‍ട്ടിയുടെ പ്രധാന ഉപദേഷ്ടാവും തുര്‍ക്കി വിദേശ കാര്യമന്ത്രിയുമായ പ്രഫ. അഹ്മദ് ദാവൂദ് ഒഗ്ലുവിന്റെ ഊഴമായിരുന്നു പിന്നീട്. തന്റെ സോമാലിയന്‍ യാത്രാനുഭവം വിവരിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. 'മാസങ്ങളോളം ഭക്ഷണമോ വെള്ളമോ ലഭിക്കാതെ മരണത്തിന് കീഴടങ്ങേണ്ടിവന്ന കുഞ്ഞുങ്ങളുടെ ചിത്രം ഇന്നും എന്റെ കണ്ണുകളില്‍നിന്ന് മാഞ്ഞിട്ടില്ല. മുസ്ലിം ലോകത്തിന്റെ ഒരു ഭാഗം ദാരിദ്യ്രത്തിലും പട്ടിണിയിലും കഴിച്ചുകൂട്ടുമ്പോള്‍ മറുഭാഗം ആഡംബരത്തില്‍ സ്വയം മറക്കുകയാണ്...''
തുര്‍ക്കി സഹ പ്രധാനമന്ത്രി ബേക്കിര്‍ ബോസ്ദാഗിന്റെ പ്രഭാഷണമായിരുന്നു അടുത്തത്. 'പരസ്പര ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം. നാം പ്രായോഗികതക്ക് പകരം മുദ്രാവാക്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. പ്രായോഗികതക്ക് മുന്‍തൂക്കം നല്‍കുക. ഐക്യത്തിനു വേണ്ടി അഭിപ്രായ ഭിന്നതകള്‍ മാറ്റിവെക്കുക.'
'ഇസ്ലാമിക ലോകം: മാറ്റവും വികസനവും', 'നീതിയിലധിഷ്ഠിത രാഷ്ട്ര നിര്‍മാണം', 'മനുഷ്യാവകാശങ്ങളും മാധ്യമ പ്രവര്‍ത്തനവും', 'ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സാധ്യതകള്‍' തുടങ്ങി പത്തിലധികം വിഷയങ്ങള്‍ ഈ സെഷനില്‍ അവതരിപ്പിക്കപ്പെട്ടു.
സമ്മേളന ശേഷം പ്രതിനിധികള്‍ക്കായി സംഘാടകര്‍ ടൂര്‍ പ്ളാന്‍ ചെയ്തിരുന്നു. ബോസ്ഫറസ് ബ്രിഡ്ജിലേക്കായിരുന്നു പോയത്. ഏഷ്യയെയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന ഒരു കൂറ്റന്‍ പാലമാണ് ബോസ്ഫറസ്. ശേഷം ചരിത്ര പ്രസിദ്ധമായ ഫാതിഹ് സുല്‍ത്താന്‍ മുഹമ്മദ് പാലത്തിലേക്ക്. സമ്മേളനത്തിനു വന്ന പ്രമുഖ വ്യക്തികളെ പരിചയപ്പെടാനും ഇന്ത്യയിലെ ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തെ അവര്‍ക്ക് പരിചയപ്പെടുത്താനുമാണ് ഞാന്‍ അവസരം ഉപയോഗപ്പെടുത്തിയത്.
ഇസ്തംബൂള്‍ ജയിച്ചടക്കിയതിന്റെ വാര്‍ഷികം
സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാത്തിഹ് ഇസ്തംബൂള്‍ ജയിച്ചടക്കിയതിന്റെ 559-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടയിലാണ് ഞങ്ങള്‍ തുര്‍ക്കിയിലെത്തുന്നത്. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ സംഘടനകള്‍ ഞങ്ങള്‍ക്ക് അവസരം ഒരുക്കിയിരുന്നു. സആദ പാര്‍ട്ടിയുടെ യുവജന വിഭാഗമായ അനാക്കോലിയ യൂത്ത് ഓര്‍ഗനൈസേഷന്‍ ഫിയഫി ഇനോനു സ്റേഡിയത്തില്‍ പ്രത്യേക പരിപാടികള്‍ ഒരുക്കിയിരുന്നു.
യാത്ര ഒന്നര മണിക്കൂര്‍ നീണ്ടു. തീരപ്രദേശങ്ങളിലൂടെ ദീര്‍ഘനേരം സഞ്ചരിച്ചു.വിശാലമായ പാതകള്‍. അംബര ചുംബികളായ കെട്ടിടങ്ങള്‍, വിശാലവും സുന്ദരവുമായ റിസോര്‍ട്ടുകള്‍. എല്ലാം തുര്‍ക്കിയുടെ വികസനം വിളിച്ചോതുന്നവ. ബസ്സിലും ലോറിയിലും കാറിലുമായി ജനങ്ങള്‍ സ്റേഡിയത്തിലേക്ക് ഒഴുകുകയായിരുന്നു. നഗരം മുഴുവന്‍ സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാത്തിഹിന്റെ ചിത്രമടങ്ങിയ പോസ്ററുകളും ബാനറകളും തോരണങ്ങളും കൊണ്ട് അലംകൃതമായിരുന്നു. സ്റേഡിയത്തില്‍ സുല്‍ത്താന്റെയും അര്‍ബകാന്റെയും കൂറ്റന്‍ ബാനറുകള്‍ തൂക്കിയിരുന്നു.
ഒരു യുവ ഖാരിഇന്റെ പാരായണത്തോടെയായിരുന്നു പരിപാടി ആരംഭിച്ചത്. സൂറ ഫത്ഹും നസ്റും മൂന്നു തവണ ഈണത്തിലാണ് അദ്ദേഹം പാരായണം ചെയ്തത്. ഓരോ ആയത്ത് കഴിയുമ്പോഴും സദസ്സ് തക്ബീര്‍ മുഴക്കിക്കൊണ്ടിരുന്നു. തുടര്‍ന്നുള്ള ഓരോ പ്രഭാഷണവും അഞ്ചോ ആറോ മിനിറ്റു നീണ്ടു. ശേഷം യുവ കലാകാരന്മാര്‍ അവതരിപ്പിച്ച തുര്‍ക്കി പരമ്പരാഗത കലകള്‍. അര്‍ബക്കാന്റെ മകനെ കണ്ടുമുട്ടിയ സന്ദര്‍ഭമായിരുന്നു ഏറ്റവും സന്തോഷമുണ്ടാക്കിയ നിമിഷം.
'അവിഭക്ത ഭാരതം' വീണ്ടും
ഒന്നിച്ചപ്പോള്‍
സമ്മേളനത്തിനു ശേഷം ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്ന പ്രതിനിധികള്‍ ഒന്നിച്ച് മറ്റൊരു യാത്ര കൂടി നടത്തി. 2011 ആഗസ്റില്‍ ശ്രീലങ്കയില്‍ നടന്ന ഐ.ഐ.എഫ്.എസ്.ഒയുടെ സമ്മേളനത്തില്‍ വെച്ച് ഞങ്ങളെല്ലാവരും പരിചയപ്പെട്ടിരുന്നു.
'പനോരമ 1453'-ലേക്കായിരുന്നു ഞങ്ങള്‍ ആദ്യം പോയത്. സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാത്തിഹ് ഇസ്തംബൂള്‍ കീഴടക്കിയതിന്റെ ത്രീഡി ആവിഷ്കാരമായിരുന്നു അവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. തുടര്‍ന്ന് നജ്മുദ്ദീന്‍ അര്‍ബക്കാന്റെ ഖബ്ര്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിച്ചു. ബ്ളൂ മോസ്കും ഹഗാസോഫിയ (അയാസോഫിയ)യും കണ്ടു. തുടക്കത്തില്‍ ഓര്‍ത്തഡോക്സ് പാട്രിയാര്‍ക്കല്‍ ബസീലിക്ക ചര്‍ച്ചായി പരിവര്‍ത്തിപ്പിച്ചെങ്കിലും 1453-ല്‍ അത് പള്ളിയായി മാറ്റുകയായിരുന്നു. 1935-ല്‍ അതിനെ മ്യൂസിയമാക്കി മാറ്റുകയുണ്ടായി.
ഉര്‍ദുഗാനെ കണ്ടപ്പോള്‍
അവസാനത്തെ ദിവസം സന്ദര്‍ശന പരിപാടികള്‍ പ്ളാന്‍ ചെയ്യുമ്പോഴാണ് ഉര്‍ദുഗാന്‍ ഫാത്തിഹ് പള്ളിയില്‍ വരുന്നുവെന്ന വിവരം ലഭിച്ചത്. ടൂര്‍ കാന്‍സല്‍ ചെയ്ത് ഞങ്ങള്‍ പള്ളിയിലെത്തി. ഉര്‍ദുഗാനും കാണികള്‍ക്കിടയില്‍ അകലമുണ്ടായിരുന്നില്ല. ആ വ്യക്തിത്വ പ്രഭാവം വാക്കുകളില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ നടത്തത്തിലും പ്രകടമായിരുന്നു.
തിരികെ യാത്രക്കായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എയര്‍പോര്‍ട്ട് മസ്ജിദില്‍ ധാരാളം പോലീസുദ്യോഗസ്ഥര്‍ നമസ്കാരത്തില്‍ പങ്കുകൊള്ളുന്നത് കാണാനായി. സഹയാത്രികനോട് ചോദിച്ചപ്പോള്‍ മൂന്ന് വര്‍ഷം മുമ്പ് വരെ ഇങ്ങനെ പരസ്യമായി നമസ്കരിക്കുന്ന കാഴ്ച അപൂര്‍വമായിരുന്നുവെന്നാണവര്‍ പറഞ്ഞത്. അപ്പോള്‍ ശരിക്കും ബോധ്യപ്പെട്ടു, തുര്‍ക്കി മാറുക തന്നെയാണ്.
Comments